മഹാശ്വേതയുടെ വിയോഗം: നൊമ്പരം നെഞ്ചിലൊതുക്കി ലീലസര്‍ക്കാര്‍
മുംബൈ: ഇന്ത്യയൊട്ടാകെ ബഹുമാനിക്കുന്ന മഹാശ്വേതാദേവി ഓർമ്മയായപ്പോൾ ലീല സർക്കാരെന്ന മുംബൈ മലയാളിക്ക് അത് സ്വകാര്യ ദുഃഖം കൂടിയാണ്. മഹാശ്വേതാദേവിയെ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തിയത് ഈ തൃശൂരുകാരിയാണ്. മഹാശ്വേതയുടെ പത്തോളം പുസ്തകങ്ങളാണ് ലീല സര്‍ക്കാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
മഹാശ്വേത ദേവി ഓർമ്മയായപ്പോൾ മുംബൈ നെരൂളിലെ വീട്ടിൽ തനിച്ചാണ് ലീല സർക്കാർ. ജീവിതപങ്കാളി പത്തുമാസം മുമ്പാണ് മരിച്ചത്. ബംഗാളിയായ ഭർത്താവിനറെ അമ്മയോട് കൂട്ടുകൂടാനായിരുന്നു ബംഗാളി ഭാഷ പഠിച്ചതെന്ന് ലീല ഓര്‍ക്കുന്നു. പിന്നെ ബംഗാളി ലിപികളോട് പ്രണയമായി.
മഹാശ്വേതാ ദേവിയുടെ കൃതികളില്‍ ആദ്യം വായിച്ചത് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആരണ്യത്തിൻ അധികാരം എന്ന പുസ്തകം. കഥാപാത്രങ്ങളെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
ഈ കൃതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലീല സർക്കാരിനെ തേടിയെത്തി. പിന്നെ പത്തോളം പുസ്തകങ്ങൾ മൊഴിമാറ്റി. ഹസാർ ചുരാഷി മാ എന്ന പുസ്തകം വായിച്ചത് ഉള്ളുലച്ച അനുഭവമായിരുന്നെന്ന് ലീല സർക്കാർ ഓർക്കുന്നു.
ആദ്യമായി മുംബൈയിൽ വെച്ചാണ് മഹാശ്വേതാ ദേവിയെ നേരിൽ കാണുന്നത്. ഹസാർ ചുരാഷി മായെന്ന പുസ്തകത്തിന്റെ മറാത്തി പരിഭാഷയുടെ പ്രകാശന ചടങ്ങിനായിരുന്നു അവർ മുംബൈയിൽ വന്നത്.
സമൂഹം ഓരങ്ങളിലേക്ക് തള്ളിയിട്ടവരെക്കുറിച്ചാണ് എന്നും മഹാശ്വേതാ ദേവി എഴുതിയതെന്ന് ലീല സർക്കാർ ഓർമ്മിക്കുന്നു.
മൊഴിമാറ്റം ചെയ്യുമ്പോൾ ചെയ്യുമ്പോൾ എഴുത്തുകാരനോടായിരിക്കണം സത്യസന്ധത കാണിക്കേണ്ടതെന്നും ഇവർ പറയുന്നു.
നോബൽസമ്മാനം നേടിയ കനേഡയൻ ചെറുകഥാകാരി ആലിസ് മുൺറോയുടെ പുസ്തകങ്ങൾ പരിഭാഷപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ലീല സര്‍ക്കാര്‍.