അന്നേരം മോള്‍ മൊബൈല്‍ ചേര്‍ത്ത് പറഞ്ഞു, സിറി, ഒരു ഹെലികോപ്റ്റര്‍ തരൂ...!

ഈ വാവേടെ കാര്യം: ഷഹാന എംവി എഴുതുന്നു

Kuttikkatha a special series for parents by Shahana MV

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Kuttikkatha a special series for parents by Shahana MV

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത പോലെത്തന്നെ അതിരില്ലാത്തതാണ് അവരുടെ ഭാവനയും. നമ്മളോട് ചോദിക്കുന്ന സംശയങ്ങളില്‍ മുതല്‍ നമ്മള്‍ക്ക് പറഞ്ഞ് തരുന്ന ഉപായങ്ങളില്‍ പോലും കാണും രസകരമായ ഭാവനകള്‍. അതുപോലൊരു ആറു വയസ്സുകാരിയുടെ ഉപായക്കഥയാണിത്.  

വിസ എടുക്കുന്നതിന് പേപ്പര്‍ ശരിയാക്കുന്നതിന്റെ ഭാഗമായി ബഹറിനിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള നടത്തവും കെട്ട്യോന്റെ കൂടെ ഒരു പണീം ഇല്ലാണ്ട് അങ്ങേരുടെ ഓഫീസില്‍ പോയുള്ള ഇരുത്തവും ആകെ മടുത്തപ്പോ  എങ്ങോട്ടെങ്കിലും  പോയാലോന്ന് തോന്നി. ഭംഗിയുള്ള സ്ഥലങ്ങള്‍ ഒരുപാടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഓരോ തിരക്കും പൊള്ളുന്ന ടാക്‌സി ചാര്‍ജും കാരണം പ്ലാനുകള്‍ പലതും മാറിമറിഞ്ഞു കൊണ്ടേയിരുന്നു. അവസാനം എവിടെ പോകുമെന്നതിനെ ചൊല്ലി ഞങ്ങള്‍ കൂലങ്കഷമായ ചര്‍ച്ച നടത്തുന്നതിനിടക്ക് എന്നും പോകുന്ന  തൊട്ടടുത്തെ ബീച്ച് തന്നെ സജെസ്റ്റി പുത്രി മാതൃകയായി. രാവിലെ പോയതല്ലേള്ളൂ ഇനി ഞാനില്ലെന്ന് ഞാനുറപ്പിച്ചു പറഞ്ഞു. 

അവസാനം കുറച്ചപ്പുറത്തുള്ള ദാന മാള്‍ തീര്‍പ്പാക്കി. 'മിനിയാന്ന് പോയില്ലേ' എന്ന എന്റെ ചോദ്യം അത് ഒരു സൈഡല്ലേ അപ്പുറത്ത് തീയേറ്റര്‍, ഇപ്പുറത്ത് ഗെയിം സെന്റര്‍, ഫുഡ് കോര്‍ട്ട് ഒക്കെ ഉണ്ടെന്ന് പറഞ്ഞ് കെട്ട്യോന്‍ അടിച്ചമര്‍ത്തി. കുറെ കറങ്ങിയിട്ടും ഹൈപ്പര്‍ മാര്‍ക്കറ്റ് അല്ലാത്ത ഒരു സ്ഥലത്തേക്കും കടക്കാന്‍ ഒരു വഴീം കാണാഞ്ഞ് ഒരു മലയാളിയോട് തിരക്കി.  റിനൊവേഷന് വേണ്ടി അത് അടച്ചു എന്ന് കേട്ട് സംതൃപ്തിയടഞ്ഞ് പുറത്തേക്കിറങ്ങി. 

റോഡിനു നേരെ എതിര്‍വശത്ത് വലിയൊരു മാള്‍ കണ്ടു. എന്നാ അങ്ങോട്ട് പോവാല്ലേ എന്നും പറഞ്ഞ് മാപ്പില്‍ വഴി നോക്കി. ഹൈവേ  ആയത് കൊണ്ട് നേരെ മുറിച്ചുകടക്കാന്‍ പറ്റില്ല. 

Kuttikkatha a special series for parents by Shahana MV

ഗൂഗിള്‍ മാപ് ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു, കാര്‍ പിടിച്ചു പോയാ 10 മിനിറ്റ്, നടന്നാ 28 മിനിറ്റ്. പകച്ചു പോയി. നേരെ മുന്നില്‍ കാണുന്ന ബില്‍ഡിങ്ങിലേക്ക് ചെല്ലാന്‍ 250 ഇന്ത്യന്‍ രൂപ കൊടുക്കണമത്രെ!  ബ്ലഡി ഫൂള്‍സ്. ഞങ്ങളീ കളിക്കില്ല. 

ഇന്ത്യയിലൊക്കെ എന്തോരം ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നു, ചാടിക്കടക്കരുതോ ഇതും എന്നോര്‍ത്തു മുന്നോട്ട് നടന്നതും ഒരു 100-120 സ്പീഡില്‍ വണ്ടികള്‍ നിരനിരയായി ചീറിപ്പാഞ്ഞു. പിന്നെ ക്രോസിങ് പ്ലാന്‍ ഒക്കെ വേണ്ടെന്ന് വെച്ചു. 

പിന്നെന്ത് ചെയ്യുമെന്ന് ചുമ്മാ ആലോചിച്ചോണ്ട് നിന്ന ഉപ്പാനോട് മോള്‍: എന്താ പ്പാ പ്രശ്‌നം?

ഉപ്പ: അതില്ലേ മോളൂ, അങ്ങോട്ട് പോവാന്‍ ടാക്‌സി വിളിക്കണംത്രെ 

മോള്‍: അതെന്താ നടന്ന് പോയാല്?

ഉപ്പ: ഈ റോഡില് നടക്കാന്‍ പാടില്ലാത്രെ

മോള്‍: എന്താ പോലീസ് പിടിക്കുവോ (വിത്ത് പുഛം)

ഉപ്പ : ഉം പിടിക്കും 

മോള്‍: ന്നാ പിന്നെ ടാസ്‌കി വിളി 

ഉപ്പ: ടാസ്‌കിയൊക്കെ ബിസിയാണത്രെ, വിളിച്ചിട്ട് വരണില്ല.

മോള്‍: (വീണ്ടും പുച്ഛം) ന്നാ ഫോണ്‍ ഇങ്ങു താ 

(ഫോണ്‍ പിടിച്ചു വാങ്ങി വോയിസ് അസിസ്റ്റന്റ് ഓണ്‍ ആക്കുന്നു)

'Siri, Call a helicopter  we want to go to that mall. Call a helicopter 
Siri: 'Sorry ___ I cant do that
മോള്‍: ഓ ഈ 'ഷിറി' പറഞ്ഞാലും കേക്കൂല്ല 

(വീണ്ടാമതും)  Call helicopter I say, I want to cross the road
'
Siri വീണ്ടും കൈ മലര്‍ത്തുന്നു. 

മോള്‍ ചവിട്ടിത്തുള്ളി, 'ഫ്‌ളാറ്റിലേക്ക് പോവാന്‍ ആരെങ്കിലും വണ്ടി വിളി എനിക്ക് വിശക്കുന്നു',  എന്നൊക്കെ പറഞ്ഞ് ചമ്മല്‍ അഡ്ജസ്റ്റ് ചെയ്ത് സ്‌കൂട്ടായി.

പിറ്റേന്ന് പതിവ് ബീച്ച് നടത്തിനിടെ പട്ടാളത്തിന്റെ നിരീക്ഷണ ഹെലികോപ്റ്റര്‍ പോണത് കണ്ടതും അവള്‍ക്ക് ദേഷ്യം സഹിച്ചില്ല. 'എന്താണെടോ? ഇന്നലെ വിളിച്ചിട്ട് ഇപ്പഴാണോ വരുന്നേ'  എന്ന് ദേഷ്യത്തോടെ ആകാശത്തേക്ക് ചൂണ്ടി അലറിയ അവളെയും എടുത്ത് ഞങ്ങള്‍ ജീവനും കൊണ്ട് ഒരൊറ്റയോട്ടമായിരുന്നു. 

'അറബിപ്പട്ടാളക്കാരെ ഇഷ്ടല്ലാഞ്ഞിട്ടാ ... പേടിച്ചിട്ടല്ല! '

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios