ആനവണ്ടിയുടെ ചരിത്രം, സമരത്തിന്‍റേയും !

രൂപീകരിക്കപ്പെട്ട ശേഷം ഒറ്റപ്പെട്ട പണിമുടക്കുകൾ നടന്നിട്ടുണ്ടാകാമെങ്കിലും ആദ്യമായി കാര്യമായ ഒരു സമരം കെഎസ്ആർടിസിയെ ബാധിക്കുന്നത്  എഴുപതുകളിലാണ്. അതിനു മുമ്പ് ഇഎംഎസ് മന്ത്രിസഭയിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന  ഇമ്പിച്ചിബാവ ജീവനക്കാർക്ക് 18  ശതമാനം ബോണസ് കൊടുക്കുകയുണ്ടായി. മുൻപിൻ നോക്കാതെ സർവീസുകൾ തുടങ്ങുകയും 'സിഗരറ്റ് കവർ' നിയമനമെന്ന്  എതിർപാർട്ടിക്കാർ കളിയാക്കിവിളിച്ചിരുന്ന നിയമനങ്ങൾ നടത്തുകയും ഒക്കെ നടന്നിട്ടുള്ള കാലമായിരുന്നു അതെന്ന്, ഇന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ഒരു ജീവനക്കാരൻ ഓർത്തെടുത്തു. 

ksrtc history

ഇന്ന് അർധരാത്രി മുതൽ കേരളത്തിലോടുന്ന ആനവണ്ടികളെല്ലാം അനിശ്ചിതകാലത്തേക്ക് സമരത്തിനിറങ്ങും എന്നാണ് യൂണിയനുകൾ പ്രഖ്യാപിച്ചിരുന്നത്. പണിമുടക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിൽ വിധിപറഞ്ഞ ഹൈക്കോടതിതൽക്കാലം ഇന്ന് രാത്രി സമരം തുടങ്ങുന്നതിൽ നിന്നും യൂണിയനുകളെ വിലക്കിയിരിക്കുകയാണ്. നാളെമുതൽ ഒരു ഒത്തുതീർപ്പു ചർച്ച നടത്താൻ തയ്യാറാവാനും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. കെഎസ്ആർടിസിയിലെ യൂണിയനുകളെല്ലാം ഒന്നിച്ചുചേർന്നാണ് ഈ സമരമെന്നതിനാൽ കോർപ്പറേഷന്റെ പ്രവർത്തനം പാടെ നിലയ്ക്കും എന്നത് ഉറപ്പായിരുന്നു. അതിനിടയിലാണ് കോടതിയുടെ ഈ ഇടപെടൽ.

എന്തിനാണ് കെഎസ്ആർടിസിയിലെ ഈ പണിമുടക്ക്...?  അല്ലെങ്കിൽത്തന്നെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഒക്കെ കൃത്യമായി കൊടുത്ത് ഈ സംവിധാനം  ലാഭത്തിൽ നിലനിർത്തിക്കൊണ്ടുപോവാൻ  കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന കോർപ്പറേഷന് ഈ ഒരു പണിമുടക്കുണ്ടാക്കുന്ന ആഘാതം കൂടി താങ്ങാൻ കഴിയുമോ..? 

1938 ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ്, തന്റെ പ്രജകളുടെ സുഗമമായ സഞ്ചാരസൗകര്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ, ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റ് (TSTD) എന്നപേരിൽ  ഒരു ബസ് സർവീസിന് തുടക്കമിടുന്നത്. അന്ന് തിരുവിതാംകൂറിൽ ബസ്സ് സർവീസുകൾ നടത്തിയിരുന്ന പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ചൂഷണങ്ങളിൽ നിന്നും പ്രജകളെ രക്ഷിക്കുക എന്ന സദുദ്ദേശമായിരുന്നു ഇതിനുപിന്നിൽ. തുടങ്ങുന്നതിന് ഒരു വർഷം മുമ്പേ തന്നെ വിഖ്യാതമായ  'ലണ്ടൻ പാസഞ്ചർ  ട്രാൻസ്‌പോർട്ട് ബോർഡി'ലെ വിദഗ്ധനായ സാൾട്ടർ സായിപ്പിനെ രാജാവ് കേരളത്തിലേക്ക് വിളിച്ചുവരുത്തി വിശദമായ ഒരു പഠനം തന്നെ നടത്തുകയുണ്ടായി. കോമർ PNF3 ഷാസിയിൽ പെർക്കിൻസ് എഞ്ചിനുകൾ പിടിപ്പിച്ച  അറുപതു ബസ്സുകളാണ് കോർപ്പറേഷനുവേണ്ടി ആദ്യമായി നിരത്തിലിറങ്ങിയത്. സാൾട്ടർ സായിപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിൽ തന്നെയായിരുന്നു ബോഡി നിർമ്മാണം. ദിവാൻ സിപി രാമസ്വാമി അയ്യരുടെ നിർബന്ധപ്രകാരം തടിയിലായിരുന്നു നിർമ്മാണം. ചാക്കയിലായിരുന്നു ആദ്യത്തെ  വർക്ക് ഷോപ്പ് സ്ഥാപിച്ചിരുന്നത്.  

ആദ്യം തന്നെ രാജാവ് നിലവിലുള്ള റൂട്ടുകൾ ദേശസാൽക്കരിച്ച്, പ്രൈവറ്റ് സർവീസുകൾ നിർത്തലാക്കി. അതോടെ ജോലി നഷ്ടമായ ഡ്രൈവർ/കണ്ടക്ടർമാരിൽ പലരെയും സാൾട്ടർ സായിപ്പ് പുതുതായി തുടങ്ങിയ സർവീസുകളിൽ കൃത്യമായ സെലക്ഷൻ ടെസ്റ്റുകൾ കഴിഞ്ഞ ശേഷം നിയമിച്ചു. അന്നത്തെ പല ബിരുദധാരികളും ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റിൽ ജോലിയിൽ പ്രവേശിച്ചു.   1938 ഫെബ്രുവരി 21ന് തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് ആദ്യ സർവീസ്. ലെതർ കവറിട്ട ഇരുപത്തിമൂന്ന് സീറ്റുകളായിരുന്നു ബസ്സിലുണ്ടായിരുന്നത്. ആദ്യട്രിപ്പിൽ വണ്ടി ഓടിച്ചത് സാൾട്ടർ സായിപ്പ് നേരിട്ടായിരുന്നു. 

അരച്ചക്രമായിരുന്നു ആദ്യത്തെ ബസ്സുകൂലി. ഫസ്റ്റ് ക്‌ളാസ് ടിക്കറ്റുകൾക്ക് ഒന്നരയിരട്ടി കൂലി കൊടുക്കേണ്ടി വന്നിരുന്നു. മൂന്നു മുതൽ പതിനാലു വയസ്സുവരെയുള്ള കുട്ടികൾക്ക് അരട്ടിക്കറ്റായിരുന്നു അന്നൊക്കെ. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മുന്നൂറു രൂപയ്ക്കെങ്കിലും മതിപ്പു കാണും എന്നതിനാൽ ആദ്യകാലത്ത് യാത്രാക്കൂലി വളരെ കൂടുതലായിരുന്നു എന്നുവേണം കണക്കാക്കാൻ. 

1939ലായിരുന്നു മോട്ടോർ വെഹിക്കിൾസ് ആക്ട് നിലവിൽ വരുന്നത്. 49ൽ കൊച്ചിയിലേക്കും 56ൽ കേരളം രൂപീകരിക്കപ്പെട്ട ശേഷം മലബാറിലേക്കും സർവീസ് വ്യാപിപ്പിക്കപ്പെട്ടു. 50ൽ 'റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആക്റ്റ്' നിലവിൽ വന്ന ശേഷം, പിന്നീട് 1965 ഏപ്രിൽ ഒന്നിനാണ്  ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റ്, ഇന്നത്തെ കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനായി മാറുന്നത്. അന്നൊക്കെയും  ബജറ്റിൽ കെഎസ്ആർടിസിയ്ക്കായി 2:1 എന്ന അനുപാതത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ വിഹിതം അനുവദിച്ചും പോന്നിരുന്നു. തുടക്കത്തിൽ വെറും അറുപതു ബസ്സുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് 6,241 ബസ്സുകൾ 6,389  ഷെഡ്യൂളുകളിൽ   മുപ്പത്തൊന്നു ലക്ഷത്തിലധികം യാത്രക്കാരെയും വഹിച്ചുകൊണ്ട് പതിനാലു ലക്ഷത്തിലധികം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഒരു ബൃഹദ് സ്ഥാപനമാണ് നമ്മുടെ നമ്മുടെ കെഎസ്ആർടിസി.

കെഎസ്ആർടിസിയിലെ സമരങ്ങളുടെ ചരിത്രം 

രൂപീകരിക്കപ്പെട്ട ശേഷം ഒറ്റപ്പെട്ട പണിമുടക്കുകൾ നടന്നിട്ടുണ്ടാകാമെങ്കിലും ആദ്യമായി കാര്യമായ ഒരു സമരം കെഎസ്ആർടിസിയെ ബാധിക്കുന്നത്  എഴുപതുകളിലാണ്. അതിനു മുമ്പ് ഇഎംഎസ് മന്ത്രിസഭയിലെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന  ഇമ്പിച്ചിബാവ ജീവനക്കാർക്ക് 18  ശതമാനം ബോണസ് കൊടുക്കുകയുണ്ടായി. മുൻപിൻ നോക്കാതെ സർവീസുകൾ തുടങ്ങുകയും 'സിഗരറ്റ് കവർ' നിയമനം എതിർപാർട്ടിക്കാർ കളിയാക്കിവിളിച്ചിരുന്ന നിയമനങ്ങൾ നടത്തുകയും ഒക്കെ നടന്നിട്ടുള്ള കാലമായിരുന്നു അതെന്ന്, ഇന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ഒരു ജീവനക്കാരൻ ഓർത്തെടുത്തു. ഭരണം മാറി സി അച്യുതമേനോൻ മുഖ്യമന്ത്രിയായ കാലത്താണ് കെഎസ്ആർടിസിയിൽ ആദ്യമായി  'ബോണസ് സമരം' എന്ന് പിൽക്കാലത്തറിയപ്പെട്ട  ഒരു അനിശ്ചിതകാല സമരം തുടങ്ങുന്നത്. ഭരണം മാറിയപ്പോഴേക്കും  ശമ്പള പരിഷ്കരണം നടപ്പിലാക്കപ്പെട്ടു കഴിഞ്ഞിരുന്നതിനാൽ,  തുടർന്നുവന്ന ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി എം എൻ ഗോവിന്ദൻ നായർക്ക് ജീവനക്കാർ ആവശ്യപ്പെട്ട 20  ശതമാനം ബോണസ് അനുവദിച്ചുകൊടുക്കാൻ നിർവാഹമുണ്ടായിരുന്നില്ല. അന്നുതുടങ്ങിയ സമരം പതിനേഴു ദിവസത്തോളം നീണ്ടു നിന്നെങ്കിലും ജീവനക്കാരുടെ ആവശ്യങ്ങളൊന്നും തന്നെ സർക്കാർ അംഗീകരിച്ചില്ല. ഒടുവിൽ സമരക്കാർ സ്വമേധയാ സമരത്തിൽ നിന്നും പിന്മാറുകയാണുണ്ടായത്. 

അതിനു ശേഷം 1993  വരെ താരതമ്യേന ശാന്തമായിരുന്നു കെഎസ്ആർടിസി. അന്ന് കരുണാകരൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പുമന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ള കെഎസ്ആർടിസിയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കും എന്ന ധാരണയിൽ സർക്കാർ സഹായം ഇനി ആവശ്യമില്ല എന്നൊരു നിലപാടെടുക്കുന്നത്. അതിനുള്ള പദ്ധതികളുടെ ഭാഗമായി അദ്ദേഹം അന്ന് കോർപ്പറേഷനിലെ മുതിർന്ന ജീവനക്കാരുടെ പ്രൊമോഷൻ ആനുകൂല്യങ്ങൾ പലതും മരവിപ്പിക്കുകയും സർക്കാർ നിയമനങ്ങൾ നിത്തലാക്കി 'എംപാനൽ' എന്ന പേരിൽ നേരിട്ടുള്ള നിയമനങ്ങൾ തുടങ്ങി. ഹെവി ലൈസൻസുള്ളവരെ ഡ്രൈവർമാരായും പത്താംക്ളാസുകഴിഞ്ഞവരെ കണ്ടക്ടർമാരായും  നാൽപതു രൂപ ദിവസക്കൂലിക്ക് നിയമിച്ചു തുടങ്ങി. അന്ന് ബാലകൃഷ്ണപിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയൻ ഒഴികെയുള്ള യൂണിയനുകളെല്ലാം ഒന്നിച്ചു ചേർന്ന് ഒക്ടോബറിൽ ഒരു അനിശ്ചിത കല സമരം തുടങ്ങി. ആദ്യഘട്ടം പത്തു ദിവസം നീണ്ടുനിന്നു. പത്താം ദിവസം മുഖ്യമന്ത്രി കരുണാകരൻ  നേരിട്ടിടപെടുകയും ജീവനക്കാരുമായി ഒത്തു തീർപ്പുണ്ടാക്കുകയും ചെയ്തു. എന്നാൽ  ഒരു വർഷം കഴിഞ്ഞിട്ടും ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കപ്പെടാതെ പോയപ്പോൾ1994ൽ ജീവനക്കാർ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങി. അന്ന്  കേരളത്തിന്റെ ചരിത്രത്തിലാദ്യമായി 'എസ്മ' ( Essential Services Maintenance Act) പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളം ട്രാൻസ്‌പോർട്ട് ജീവനക്കാർ അറസ്റ്റു ചെയ്യപ്പെട്ടു. പലരും നാലഞ്ച് ദിവസം ജയിലിൽ കിടക്കുക വരെയുണ്ടായി. ഒടുവിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി ഇടപെട്ട് സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കുകയാണുണ്ടായത്. 

അതിനു ശേഷം കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി കാര്യമായ അനിശ്ചിതകാല സമരങ്ങളൊന്നും തന്നെ കേരളത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ ജീവനാഡിയായ കെഎസ്ആർടിസിയിൽ നടന്നിട്ടില്ല. കഴിഞ്ഞ കുറേക്കാലമായി പ്രവർത്തന നഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസി ജീവനക്കാർക്ക് കാര്യമായ  ശമ്പള പരിഷ്കരണ- ക്ഷാമാശ്വാസ ആനുകൂല്യങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് സമരാനുകൂലികൾ പറയുന്നത്. ഒരു വശത്ത് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഈ സംവിധാനം ജനങ്ങളുടെ ക്ഷേമത്തിനാണ് എന്ന് പ്രഖ്യാപിച്ച പലവിധത്തിലുള്ള യാത്രാ ഇളവുകളും നൽകുകയും സർക്കാരിന്റെ ഇലക്ഷനടക്കമുള്ള പലവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയും ലാഭകരമല്ലാത്ത പല ഉൾറൂട്ടുകളിലും ഷെഡ്യൂൾ ചെയ്യപ്പെടുകയും ഏതൊരു സമരം വരുമ്പോഴും നശിപ്പിക്കപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട് കെഎസ്ആർടിസി. പക്ഷേ, സർക്കാർ ആശുപത്രികൾ പോലെയോ അല്ലെങ്കിൽ സ്‌കൂളുകൾ പോലെയോ ജനക്ഷേമം ലക്ഷ്യമിട്ടു നടത്തുന്ന പലസ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി സർക്കാർ സഹായം കിട്ടുന്നില്ലെന്ന് മാത്രമല്ല, ലാഭനഷ്ടക്കണക്കുകൾക്കും ഉത്തരം പറയാൻ കോർപ്പറേഷൻ ബാധ്യസ്ഥമാവുകയും ചെയ്യുന്നത് വിരോധാഭാസമല്ലേ എന്നും അവർ ചോദിക്കുന്നു. 

മാറിമാറി വരുന്ന എംഡിമാരിൽ പലരും കോർപ്പറേഷനെ ലാഭകരമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിൽ വരുത്തുന്ന പല ഘടനാപരമായ മാറ്റങ്ങളും പ്രവർത്തന ശൈലിയിൽ വരുത്തുന്ന പരിഷ്കാരങ്ങളും പലപ്പോഴും ജീവനക്കാർക്കിടയിൽ അസംതൃപ്തിയുണ്ടാക്കുന്നു. ജീവനക്കാരെകൊണ്ട് ലാഭകരമായി നടത്താൻ കഴിയാതെ പോവുന്ന പല പ്രവർത്തനങ്ങളും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കണം എന്ന വാദവും ഉയർന്നു വരുന്നുണ്ട്. ബസ്സുകളിൽ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തി, ബസ് സ്റ്റേഷനുകൾ  പരിഷ്കരിച്ച്, പെരുമാറ്റം കൂടുതൽ ജനസൗഹൃദപരമാക്കി മാറ്റി കോർപ്പറേഷനെ ലാഭത്തിലാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോഴുള്ള എം.ഡി.യും. അതിനിടയിലാണ് ഈ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

 എന്തായാലും  കോടതിയുടെ ഇടപെടൽ വന്നിരിക്കുകയാണ്.  കെഎസ്ആർടിസിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിലെ സാധാരണക്കാരെ കെടുതിയിലാക്കാത്ത എന്തെങ്കിലും ഒരു പരിഹാരം ഉരുത്തിരിഞ്ഞു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

Latest Videos
Follow Us:
Download App:
  • android
  • ios