കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലകളില്‍ നിന്നും നീക്കി
എസ്.ഹരീഷിന്‍റെ 'മീശ' നോവല്‍ പ്രസിദ്ധീകരിച്ച സമയത്തടക്കം നിരവധി സമ്മര്‍ദ്ദങ്ങളാണ് ആഴ്ചപ്പതിപ്പിന് നേരിടേണ്ടി വന്നത്. ഒടുവില്‍ 'മീശ' നോവല്‍ എസ്. ഹരീഷ് ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ചുമതലയില്‍ നിന്ന് അസിസ്റ്റന്‍റ് എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റി. പകരം ചുമതല എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്. ആഴ്ചപ്പതിപ്പിന്‍റെ ഉള്ളടക്കത്തില്‍ വളരെ സ്വതന്ത്രമായ തീരുമാനം നടപ്പിലാക്കിയിരുന്ന ആളായിരുന്നു കമല്‍റാം സജീവ്.
സാമൂഹികവിഷയങ്ങളില്‍ ആഴ്ചപ്പതിപ്പ് സ്വീകരിച്ചിരുന്ന രീതിയും അങ്ങേയറ്റം പുരോഗമനപരമായിരുന്നു. മാത്രമല്ല, വര്‍ഗീയതക്കും, ഫാസിസത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ആളായിരുന്നു കമല്‍റാം സജീവ്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി അദ്ദേഹമായിരുന്നു ആഴ്ചപ്പതിപ്പിന്‍റെ ചുമതല വഹിച്ചിരുന്നത്.
എസ്.ഹരീഷിന്‍റെ 'മീശ' നോവല്‍ പ്രസിദ്ധീകരിച്ച സമയത്തടക്കം നിരവധി സമ്മര്‍ദ്ദങ്ങളാണ് ആഴ്ചപ്പതിപ്പിന് നേരിടേണ്ടി വന്നത്. ഒടുവില്‍ 'മീശ' നോവല്‍ എസ്. ഹരീഷ് ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. 'കേരള ചരിത്രത്തിലെ കറുത്ത ദിനം' എന്നും, 'സാഹിത്യം ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെ'ന്നും കമല്‍റാം സജീവ് ഇതിനെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലടക്കം കമല്‍റാം സജീവിനെ, ആഴ്ചപ്പതിപ്പ് ചുമതലകളില്‍ നിന്ന് മാറ്റിയതിനെതിരെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.