എഴുതാനും വായിക്കാനുമറിയില്ല, എന്നിട്ടും ജാനകി അമ്മ ജേണലിസ്റ്റായി !
- എഴുതാനോ വായിക്കാനോ അറിയില്ല
- എന്നിട്ടും ജാനകി അമ്മ മാധ്യമപ്രവര്‍ത്തകയായി
വയസ് അറുപത്, താമസം അധികമാരും കയറിച്ചെല്ലാത്ത നീലഗിരി കാടുകളില്‍. എഴുതാനോ വായിക്കാനോ അറിയില്ല. പക്ഷെ, വാര്‍ത്തകള്‍ക്കു വേണ്ടി ജാനകി അമ്മ കാടുകയറുന്നു, കാടിറങ്ങുന്നു. ജാനകി അമ്മ ഒരു ജോര്‍ണലിസ്റ്റാണ് !
നീലഗിരി കാടുകളിലെ ഏറ്റവും ധൈര്യമുള്ള ആദിവാസി വിഭാഗമാണ് കുറുന്പ. ആ ധൈര്യവും ചുറുചുറുക്കുമാണ് അറുപതുകാരി ജാനകിയമ്മയ്ക്കും. 'സീമൈ സുധി' മാഗസിന്‍റെ എട്ട് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍. 2007 -ല്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ മാഗസിന്‍റെ കൂടെ ജാനകി അമ്മയുമുണ്ട്.
ജാനകി അമ്മ സീമൈ സുധിയുടെ സീനിയര്‍ റിപ്പോര്‍ട്ടര്‍!
നീലഗിരിയിലെ ആദിവാസി സമൂഹത്തിന്‍റെ ക്ഷേമത്തിനു വേണ്ടി 'കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍' എന്ന എന്‍.ജി.ഒ ആണ് സീമൈ സുധി തുടങ്ങുന്നത്. മാസത്തിലൊരു തവണ എന്ന രീതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന സീമൈ സുധി പിന്നീട് മാസത്തില്‍ മൂന്നു തവണയായി. തുടങ്ങുന്പോള്‍ 22 വനിതാ മാധ്യമപ്രവര്‍ത്തകരും എട്ട് പുരുഷ മാധ്യമപ്രവര്‍ത്തകരും. ഇപ്പോഴുള്ളത് ആകെ എട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മാത്രം. ജാനകി അമ്മയും സീമൈ സുധിയുടെ സീനിയര്‍ റിപ്പോര്‍ട്ടര്‍!
ജാനകി അമ്മ കണ്ടതും കേട്ടതുമെല്ലാം മനസില്‍ കുറിച്ചു
വാര്‍ത്തകള്‍ക്കായി അടുത്തുള്ള ഓരോ കാട്ടിലേക്കും ജാനകി അമ്മ തനിയെ യാത്ര ചെയ്തു. ഇരുപതോളം ഇടങ്ങളിലാണ് വാര്‍ത്തകള്‍ക്കായി അവര്‍ ചെന്നെത്തുന്നത്. റെക്കോര്‍ഡിങ്ങിലും ജാനകി അമ്മയ്ക്ക് സ്വന്തം സ്റ്റൈലാണ്. മാധ്യമപ്രവര്‍ത്തകരെല്ലാം റെക്കോര്‍ഡിങ് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന കാലത്ത്, ജാനകി അമ്മ കണ്ടതും കേട്ടതുമെല്ലാം മനസില്‍ കുറിച്ചു. ഓരോരുത്തരുടെയും പരാതികളും, പരിഭവങ്ങളും, ഓരോ വാര്‍ത്തയും മറന്നുപോകാതെ, പരസ്പരം മാറിപ്പോകാതെ മനസില്‍ കുറിച്ചിട്ടു.
വൈകുന്നേരം, ചെന്നശേഷം മകള്‍ ശിവമ്മയോടോ, അല്ലെങ്കില്‍ നേരിട്ടുചെന്ന് ഓഫീസിലോ ആ വാര്‍ത്തകള്‍ പറയും. അവരത് എഴുതിവയ്ക്കും. ദൂരം കൂടുതലുള്ലതും ആനശല്ല്യം വല്ലാതെ കൂടുതലുള്ലതുമായ രണ്ട് കാടുകളിലേക്കൊഴികെ ബാക്കിയെല്ലായിടത്തും ജാനകി അമ്മയെത്തും. രാവിലെ കാട് കയറിയാല്‍ തിരികെയിറങ്ങുന്നത് ഇരുട്ട് വീഴുന്പോഴാണ്. അതും വന്യമൃഗങ്ങളേറെയുള്ള കാട്ടിലൂടെ തനിച്ച്.
ഏത് വെയിലിലും മഴയിലും അവര്‍ തന്‍റെ യാത്ര മുടക്കില്ല
എല്ലായിടത്തും നടന്നാണ് ചെല്ലുന്നത്. ആ കാടുകളില്‍ പലതിലും പുറത്തുള്ള മനുഷ്യര്‍ക്ക് എത്തിപ്പെടുക തന്നെ പ്രയാസം. വെയിലും മഴയുമൊന്നും ജാനകി അമ്മയ്ക്കൊരു പ്രശ്നമല്ല. ഏത് വെയിലിലും മഴയിലും അവര്‍ തന്‍റെ യാത്ര മുടക്കില്ല. എവിടെയും ചെന്നെത്തും, അവിടെയുള്ളവരോട് സംസാരിക്കും. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കും. വന്യമൃഗശല്ല്യം, തെരുവു വിളക്ക് പ്രശ്നം, വെള്ളത്തിന്‍റെ പ്രശ്നം എല്ലാം ജാനകി അമ്മയുടെ റിപ്പോര്‍ട്ടിലൂടെ അധികൃതരിലെത്തും.
മറ്റുള്ളവരെ ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ക്ക് പോലും ജാനകിയമ്മയ്ക്ക് ചിരിയാണ്. കാടിനെയും മൃഗങ്ങളെയും പേടിയില്ല. കാട്ടിലെ എല്ലാവരുടെയും മുത്തശ്ശി. മുറിവുണക്കാനും മറ്റുമുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങളും ഔഷധങ്ങളുമൊക്കെ അറിയാമെന്ന് പറയുന്പോഴും ചികിത്സ വേണ്ട രോഗങ്ങള്‍ക്ക് ആളുകളെ നിര്‍ബന്ധിച്ച് ആരോഗ്യകേന്ദ്രങ്ങളിലയക്കും. ആശുപത്രികളും ഗ്രാമവാസികളും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ കേന്ദ്രം കൂടിയാണിവര്‍.
നീലഗിരിയിലെ സാമൂഹികപ്രവര്‍ത്തക കൂടിയാണ് ജാനകി അമ്മ
കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ ജാനകി അമ്മയെ കണ്ടെത്തുന്നത് തന്നെ യാദൃശ്ചികമായാണ്. കീ സ്റ്റോണ്‍, നീലഗിരി മേഖലയിലെ ആദിവാസികളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ജാനകി അമ്മയുടെ സഹോദരന്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍റെ ഓഫീസില്‍ തേനുമായി പോകാറുണ്ട്. ആശുപത്രിയിലായ സമയത്ത് ജാനകി അമ്മയ്ക്ക് ആവശ്യമായ രക്തം നല്‍കുന്നത് കീ സ്റ്റോണിലെ അംഗമാണ്. അതിലൂടെ ജാനകി അമ്മയ്ക്ക് കീ സ്റ്റോണുമായുള്ള ബന്ധം വര്‍ധിച്ചു. രക്തം തന്നതിനു പകരമായി കീ സ്റ്റോണിനു വേണ്ടിയും ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടിയും ഇനിമുതല്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചതോടെ ജാനകി അമ്മയുടെ ജീവിതം മാറി. ഇന്ന് നീലഗിരിയിലെ സാമൂഹികപ്രവര്‍ത്തക കൂടിയാണ് ജാനകി അമ്മ.
(കടപ്പാട് ദ ന്യൂസ് മിനുറ്റിന് )