നിരാഹാരം നിര്‍ത്തിയതോടെ ആര്‍ക്കും വേണ്ടാതായ ഇറോം ശര്‍മിള പറയുന്നു; മണിപ്പൂരിന് എന്നെ വേണ്ടെങ്കില്‍, ഞാന്‍ പോവും
ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ദീര്‍ഘകാലത്തെ ആശുപത്രി വാസം അവസാനിപ്പിച്ച്, സ്വന്തം ജനതയ്ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന ഇറോം ശര്‍മിളയെ ഇപ്പോള്‍ ആര്‍ക്കും വേണ്ട. അടുപ്പമുള്ള വീടുകളില്‍ അഭയം തേടി ചെന്ന അവര്‍ തിരിച്ചയക്കപ്പെട്ടു. ഇറോം തങ്ങളുടെ പോരാട്ടത്തെ ഒറ്റുകൊടുത്തെന്ന് ആരോപിച്ച് ചില സംഘടനകള്‍ നടത്തുന്ന പ്രചാരണം കനത്തതോടെ ഇത്രകാലം ഇറോം ശര്‍മിളയെ പിന്തുണയ്ക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത വലിയൊരു വിഭാഗം അവര്‍ക്കെതിരാണ്. മണിപ്പൂരി പോരാട്ടത്തിന്റെ ജീവിക്കുന്ന ഇതിഹാസമായി വിശേഷിപ്പിക്കപ്പെട്ട, ഉരുക്കു വനിതയായി ലോകമറിഞ്ഞ ഇറോം ശര്‍മിളയുടെ മുന്നില്‍ ആര്‍ക്കും വേണ്ടാതായ തന്റെ ജീവിതമാണിപ്പോള്‍.
അഭയംനല്‍കാന്‍ ആരും തയ്യാറാവാത്തതോടെ, സ്വന്തം വീട്ടുകാര്‍ പോലും കൈയൊഴിഞ്ഞതോടെ, സ്വന്തം നാട്ടുകാര്‍ക്കും വേണ്ടാതായതോടെ അവര്‍ വീണ്ടും പഴയ ആശുപത്രിയിലേക്ക് തന്നെ തിരിച്ചു പോന്നു. ജീവന് ഭീഷണിയാണെന്ന് കണ്ട് പൊലീസ് തന്നെയാണ് അവരെ തിരിച്ചു ആശുപത്രിയില്‍ എത്തിച്ചത്. 16 വര്‍ഷത്തിനു ശേഷം ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടിയപ്പോള്‍, പട്ടിണി കിടക്കേണ്ട അവസ്ഥയാണ് മുന്നില്‍ വന്നത്.
ഈ സാഹചര്യം വലിയ വാര്‍ത്തായായതോടെ റെഡ്‌ക്രോസ് ഇറോം ശര്‍മിളയ്ക്ക് പാര്‍പ്പിടം നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. പ്രശസ്ത നടി രേണുക ഷഹാനെയും അഭയം നല്‍കാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു. മണിപ്പൂരിനു പുറത്തു ഒരു പാട് സംഘടനകളും പ്രമുഖരും അവര്‍ക്ക് പിന്തുണയുമായുണ്ട്. എന്നാല്‍, ആര്‍ക്കു വേണ്ടിയാണോ, യൗവനം കത്തുന്ന 28ാം വയസ്സില്‍, സ്വജീവിതം ബലിനല്‍കിയത്, അതേ മണിപ്പൂരി ജനത അവരെ ശത്രുവായി കാണുകയാണിപ്പോള്‍.
ഈ സാഹചര്യത്തിലാണ് അവര്‍ മനസ്സു തുറക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറയുന്നത്, നാമാരും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.
വായിക്കാം, ആ അഭിമുഖം.
നിരാഹാര സമരം നിര്‍ത്തിയതില്‍ ആളുകള്‍ സന്തുഷ്ടരല്ലല്ലോ?
ആരും ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ അന്ന് ( 2000 നവംബര്‍) നിരാഹാരം തുടങ്ങിയത്. അതെന്റെ തീരുമാനമായിരുന്നു. ഇതും. പിന്നെന്താണ് ഇപ്പോള്‍ മാത്രം എനിക്ക് തീരുമാനം എടുത്തു കൂടാത്തത്. ജനങ്ങള്‍ക്കു വേണ്ടിയാണ് സ്വജീവിതം ഞാന്‍ ത്യജിച്ചത്. അതിനാലാണ് അവരുടെ പിന്തുണ തേടുന്നത്. ഞാന്‍ മോചിതയാവുകയും അവരുടെ പിന്തുണ തേടുകയും ചെയ്യുമ്പോള്‍ എന്നാല്‍, അവര്‍ നിശ്ശബ്ദരാണ്.
ജീവന് ഭീഷണിയുണ്ടോ?
എല്ലാവരും മരിക്കും, ഞാനും. മണിപ്പൂര്‍ മാറുമെന്ന കാര്യത്തില്‍ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. അതിനാവശ്യം എന്റെ രക്തസാക്ഷിത്വമാണ് എന്നവര്‍ കരുതുന്നുവെങ്കില്‍, അങ്ങനെയാവട്ടെ.
ആളുകള്‍ ഇപ്പോള്‍ പറയുന്നതുപോലെ, ആ നിരാഹാരം വെറുതെ ആയിരുന്നോ?
സായുധ സേനകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമത്തിന് എതിരായ പോരാട്ടത്തിലുള്ള വിശ്വാസമാണ്, ഭക്ഷണവും പാനീയവും വെടിയാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്റെ ജോലി തീര്‍ന്നിട്ടില്ല. ലക്ഷ്യം നേടാന്‍, എന്റെ സമരതന്ത്രം മാറേണ്ടതുണ്ടെന്ന് എന്നെ പിന്തുണക്കുന്നവര്‍ തിരിച്ചറിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ നിരാഹാരസമരം പൂര്‍ണ്ണമായും പാഴായില്ല. ചരിത്രപ്രസിദ്ധമായ കംഗ്‌ല കോട്ടയില്‍നിന്ന് ആസാം റൈഫിള്‍സ് പുറത്തുപോയില്ലേ.
പ്രണയത്തിനു വേണ്ടി നിങ്ങള്‍ വലിയൊരു ലക്ഷ്യത്തില്‍നിന്നും വ്യതിചലിച്ചു എന്നാണ് ആളുകള്‍ പറയുന്നത്...
ഇത് ഡെസ്മണ്ടിന്റെ കാര്യമല്ല. ( ബ്രിട്ടീഷ് ഇന്ത്യക്കാരനായ ഡെസ്മണ്ട് കുടിനോ. ഇറോം ശര്‍മിളയുടെ കാമുകന്‍). അദ്ദേഹം ഇപ്പോള്‍ അയര്‍ലണ്ടിലാണ്. പരസ്പരം മനസ്സിലാക്കുന്ന രണ്ട് മനുഷ്യര്‍ തമ്മിലുള്ള വൈകാരികമായ ബന്ധത്തിന്റെ കാര്യമാണത്.മണിപ്പൂരും അവിടത്തെ ജനതയുമാണ് എന്റെ ആദ്യ പ്രണയം. അതില്‍നിന്നും ഒരു വ്യതിയാനമില്ല.
അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അറിയാറുണ്ടോ?
കുറച്ചു കാലമായി ഞങ്ങള്‍ തമ്മില്‍ ആശയവിനിമയമില്ല.
എന്തായിരിക്കും ഭാവി?
പോരാട്ടം മുന്നോട്ടേക്ക് കൊണ്ടുപോവാന്‍ ഞാന്‍ ഒരുങ്ങുകയാണ്. ശിഷ്ട ജീവിതം പോരാട്ടത്തിനു തന്നെ നല്‍കും. പക്ഷേ, എന്റെ ജനത എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍, എന്നെ ഒഴിവാക്കുകയാണെങ്കില്‍, ഞാന്‍ പോവും, മണിപ്പൂര്‍ വിടും. അത് പ്രണയത്തിനു വേണ്ടിയാവാം.
16 വര്‍ഷമായി പുസ്തകങ്ങളാണ് ഒപ്പമുള്ളത്. എന്താണ് അവസാനം വായിച്ചത്?
ഇന്ത്യന്‍ ഭരണഘടന. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍, എനിക്ക് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചറിയണം. എല്ലാ ഹിംസയ്ക്കും അറുതി വരുത്തുന്നതിനായി ആ നിയമങ്ങള്‍ തിരുത്താനുള്ള കരുത്ത് എനിക്കുണ്ട്.
(Interview courtesy: Rahul Karmakar, Hindustan Times)