ബിഗ് ബോസില്‍നിന്ന് പുറത്തായ ബഷീര്‍ ബഷി സംസാരിക്കുന്നു; ഞാനൊരു വിവാഹവീരനല്ല. പ്രണയ രോഗിയുമല്ല

ഞാന്‍ രണ്ടു സ്ത്രീകളെ ഹലാലായ രീതിയില്‍ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യയെയും ഞാന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചു പോയി. ഞങ്ങള്‍ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എനിക്ക് അവളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. എനിക്ക് വേണമെങ്കില്‍ അവളെ മറ്റാരുമറിയാതെ പ്രണയിക്കാമായിരുന്നു. പലരും ചെയ്യുന്ന പോലെ രഹസ്യമായി ബന്ധം വെക്കാമായിരുന്നു. ഉപേക്ഷിക്കാമായിരുന്നു. എനിക്ക് അതിനൊന്നും മനസ്സ് വന്നില്ല. എനിക്ക് അവളെ വഞ്ചിക്കേണ്ടായിരുന്നു. വേദനിപ്പിക്കേണ്ടായിരുന്നു. 
 

Interview with Bazheer Bashi on Malayalam Bigg Boss experiences by Sunitha Devadas

ബിഗ് ബോസിലെ ഫ്രീക്കന്‍ ബഷീര്‍ ബഷി ഗെയിമില്‍ നിന്നും ഇറങ്ങി. പ്രേക്ഷകര്‍ ബഷീറിനോട് ചോദിക്കാനാഗ്രഹിച്ച നിരവധി ചോദ്യങ്ങളുണ്ട്. ബീഗ് ബോസില്‍ നടന്ന കാര്യങ്ങളില്‍ ബഷീറിന്റെ ചില ഇടപെടലുകളുടെ അര്‍ത്ഥം? ഒരു വിവാഹം പോലും കഴിക്കാന്‍ മടിച്ചു നില്‍ക്കുന്ന പേളി, രഞ്ജിനി, ഹിമ, അനൂപ്, സുരേഷ് എന്നിവര്‍ക്കിടയില്‍ രണ്ടു കല്യാണം കഴിച്ച ബഷീര്‍ എങ്ങനെ കഴിഞ്ഞു?  ശക്തരെന്ന് ആദ്യഘട്ടത്തില്‍ കരുതിയ പ്രമുഖരൊക്കെ ഔട്ട് ആയിട്ടും ബഷീര്‍ എങ്ങനെ ഗെയിമിന്റെ അവസാന ഘട്ടം വരെയെത്തി?  പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് ബഷീര്‍ ഇവിടെ. 

Interview with Bazheer Bashi on Malayalam Bigg Boss experiences by Sunitha Devadas

85 ദിവസം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ എന്ത് തോന്നുന്നു? എന്തൊക്കെയാണ് ചെയ്യാന്‍ തോന്നുന്നത്?

സത്യത്തില്‍ വളരെ സന്തോഷം തോന്നുന്നു. ഇത്രയും ദിവസം ഷോയില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോ പുറത്താകുന്നതില്‍ വിഷമമൊന്നുമില്ല. ഇത്രയൊക്കെയേ ആഗ്രഹിച്ചിട്ടുള്ളു.  ഉടന്‍ വീട്ടില്‍ പോകാനാണ് തോന്നുന്നത്. ഭാര്യമാരെയും മക്കളെയും കാണണം. അവരുടെ കൂടെ സമയം ചെലവഴിക്കണം. എനിക്ക് അവരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.  എന്റെ ഉപ്പയും ഉമ്മയും മരിച്ചു. എന്റെ ജീവിതം എന്നാല്‍ ഇവരും എന്റെ ബിസിനസുമാണ്. 

ഒരിടക്ക് പറഞ്ഞിരുന്നു ശ്വേതയെയും രഞ്ജിനിയെയും ഔട്ട് ആക്കിയിട്ടേ ഞാന്‍ പുറത്തു പോകു എന്ന്. അതൊക്കെ എന്ത് അടിസ്ഥാനത്തില്‍ ഉള്ള വെല്ലുവിളിയാണ്? അങ്ങനെ സംഭവിക്കുകയും ചെയ്തല്ലോ? 

അങ്ങനെ പറഞ്ഞതിന്റെ കാരണം ശ്വേതയും രഞ്ജിനിയും തമ്മിലുള്ള ബന്ധം നല്ല കാര്യങ്ങള്‍ക്കല്ല അവര്‍ വിനിയോഗിക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ്. അവര്‍ ഒത്തു കളിക്കുകയും ടാര്‍ഗറ്റ് ചെയ്തു ആളെ പുറത്താക്കുന്ന പോലെയും എനിക്ക് തോന്നിയിരുന്നു. അത് തോന്നിയ ഒരു സാഹചര്യത്തില്‍ പറഞ്ഞതാണ് അങ്ങനെ. അതൊരു വെല്ലുവിളി ഒന്നുമായിരുന്നില്ല. ആ സാഹചര്യത്തില്‍ പറഞ്ഞ ഒരു ഫീലിങ്ങാണ്. 

എന്നാല്‍ ഇപ്പോ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച രണ്ടു പേരില്‍ ഒരാള്‍ രഞ്ജിനി ഹരിദാസാണ്. അവര്‍ നമ്മള്‍ പുറത്തു നിന്ന് കാണുന്ന പോലെ ഒന്നുമല്ല. നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അവര്‍. രണ്ടാമത്തെ ആള്‍ അനൂപേട്ടനാണ്. അനൂപേട്ടനായിരുന്നു അവിടെ എന്റെ കംഫര്‍ട്ട് സോണ്‍. 

പേളിയുമായി ഉണ്ടാക്കിയ വഴക്കില്‍ ബഷീര്‍ പറഞ്ഞിരുന്നു പേളി ക്ലബില്‍ പോകുമെന്നോ ഡാന്‍സ് കളിക്കുമെന്നോ ഒക്കെ. അതൊന്നും ബഷീറിന്റെ വിഷയമല്ലല്ലോ? ആ പെരുമാറ്റവും സംസാരവും ശരിയായിരുന്നോ? ബഷീര്‍ പുറമെ ഒരു പുരോഗമന വാദിയും ഉള്ളില്‍ ഒരു സദാചാരവാദിയുമാണോ? പേളിയെ ജഡ്ജ് ചെയ്യാന്‍ എന്തവകാശം? 

ഞാന്‍ ഒരു സദാചാരവാദി അല്ല. എന്നാല്‍ പറഞ്ഞു കേള്‍ക്കുന്ന തരം ഒരു ഫ്രീക്കനും അല്ല ഞാന്‍. എന്നെ ഞാന്‍ വിലയിരുത്തുന്നത് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്നാണ്. എനിക്ക് പത്താം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളു. വളരെ ചെറുപ്പത്തിലേ സ്വന്തമായി അധ്വാനിച്ചു ജീവിക്കേണ്ടി വന്ന ആളാണ്. ഞാനൊരു സാധാരണക്കാരനാണ്. അതിനാല്‍ എന്റെ ഭാഷയിലൊക്കെ ചിലപ്പോ പിഴവ് വരാം. പൊളിറ്റിക്കല്‍ കറക്ട്‌നസ് ഒക്കെ ചിലപ്പോ വരില്ലായിരിക്കും. അറിഞ്ഞു കൊണ്ടല്ല. അങ്ങനെ വല്യ സംഭവമൊന്നുമല്ല. സാധാരണക്കാരനാണ്. 

പേളിയുമായി ഉണ്ടായ വഴക്കില്‍ ഞാന്‍ അങ്ങനെയൊന്നും പ്രതികരിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ പേളി എന്നോട് നിന്റെ വീട്ടില്‍ എത്ര തുമ്പികളുണ്ട് എന്ന് ചോദിച്ചപ്പോള്‍ എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. രണ്ടു വിവാഹം കഴിച്ച വ്യക്തി എന്ന നിലയില്‍ ആളുകളുടെ ഇത്തരം കുത്തുവാക്കുകള്‍ നിരന്തരം ഏറ്റു വാങ്ങുന്ന ആളാണ് ഞാന്‍. അതിനാലാവും പേളിയുടെ അത്തരം പരാമര്‍ശങ്ങള്‍ എനിക്ക് പ്രകോപനമുണ്ടാക്കി. അപ്പോള്‍ വന്ന ദേഷ്യത്തില്‍ നിയന്ത്രണമില്ലാതെ ഏതൊക്കെയോ പറഞ്ഞു. 

ഞാന്‍ രണ്ടു സ്ത്രീകളെ ഹലാലായ രീതിയില്‍ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യയെയും ഞാന്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചു പോയി. ഞങ്ങള്‍ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എനിക്ക് അവളെ ഉപേക്ഷിക്കാന്‍ മനസ്സ് വന്നില്ല. എനിക്ക് വേണമെങ്കില്‍ അവളെ മറ്റാരുമറിയാതെ പ്രണയിക്കാമായിരുന്നു. പലരും ചെയ്യുന്ന പോലെ രഹസ്യമായി ബന്ധം വെക്കാമായിരുന്നു. ഉപേക്ഷിക്കാമായിരുന്നു. എനിക്ക് അതിനൊന്നും മനസ്സ് വന്നില്ല. എനിക്ക് അവളെ വഞ്ചിക്കേണ്ടായിരുന്നു. വേദനിപ്പിക്കേണ്ടായിരുന്നു. 

ഞാന്‍ എന്റെ ആദ്യ ഭാര്യയുമായി സംസാരിച്ചു. അവളുടെ സമ്മതത്തോടു കൂടി വീണ്ടും വിവാഹം കഴിച്ചു. എന്ന് വച്ച് ഞാനൊരു അരാജകവാദിയല്ല. പ്രണയമൊക്കെ എല്ലാര്‍ക്കും ആകാം. എന്നാല്‍ സെക്‌സ് പവിത്രമെന്ന് കരുതുന്ന ആളാണ് ഞാന്‍. വിവാഹം കഴിച്ചതിനു ശേഷം മാത്രമേ സെക്‌സ് പാടുള്ളൂ എന്നാണ് എന്റെ അഭിപ്രായം. ബന്ധങ്ങള്‍ക്ക് ഞാന്‍ വില കല്‍പിക്കുന്നുണ്ട്. ജീവിതത്തിനു മൂല്യവും. 

ബഷീര്‍ കിസ് ഓഫ് ലവിന് എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടല്ലോ? 

കിസ് ഓഫ് ലവ് മുന്നോട്ട് വച്ച ആശയത്തോട് എനിക്ക് യോജിപ്പാണ്. എന്നാല്‍ അവര്‍ സ്വീകരിച്ച സമരമുറയോട് എനിക്ക് യോജിപ്പില്ല. കൊച്ചിയിലെ ഫ്രീക്കന്മാരാണ് കിസ് ഓഫ് ലവ് നടത്തുന്നത് എന്ന് വ്യാപകമായ പ്രചാരം ഉണ്ടായിരുന്നു. കൊച്ചിയില്‍ ഫ്രീക്കന്‍ എന്നറിയപ്പെടുന്നവരില്‍ ഞാനൊക്കെ ഉള്‍പ്പെടും. കൊച്ചിയിലെ മുഴുവന്‍ ഫ്രീക്കന്മാരും 'കിസ് ഓഫ് ലവ്' പിന്തുണക്കുന്നില്ല എന്ന് കാണിക്കാനാണ് ഞങ്ങള്‍ അവിടെ എത്തിയത്. കിസ് ഓഫ് ലവിന് എതിരെ പ്രതിഷേധിക്കാന്‍. 

വിവാഹമേ വേണ്ടെന്നു ആളുകള്‍ പറഞ്ഞു തുടങ്ങുന്ന ഈ കാലത്ത് കൊച്ചിയിലെ ഒരു ഫ്രീക്കന്‍ രണ്ടു കല്യാണം കഴിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തുന്നില്ലേ? എങ്ങനെയാണു അതിനു തയ്യാറായത്? 

രണ്ടു വിവാഹം കഴിക്കാന്‍ വേണ്ടി വിവാഹം കഴിച്ച ആളല്ല ഞാന്‍. സംഭവിച്ചു പോയി. എനിക്ക് വേണമെങ്കില്‍ ആദ്യ ഭാര്യയോട് പറയാതെ ഈ ബന്ധം തുടരാമായിരുന്നു. നാട്ടുകാരെ അറിയിക്കാതിരിക്കാമായിരുന്നു. എന്നാല്‍ എനിക്കത് തോന്നിയില്ല.  എന്നെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കലാണ് പ്രണയം. 

എന്റെ ഭാര്യമാര്‍ തമ്മില്‍ നല്ല ഒരു അണ്ടര്‍സ്റ്റാന്റിംഗ് ഉണ്ട്. അതിനാലാണ് എനിക്ക് ഒരു പ്രയാസവും അനുഭവിക്കേണ്ടി വരാത്തത്. അവര്‍ രണ്ടു പേരും പരസ്പരം നല്ല കമ്മ്യൂണിക്കേഷന്‍ ഉള്ളത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ല. 

ബഷീറിന്റെ ജീവിതത്തില്‍ ഇനിയും പ്രണയവും വിവാഹവും സംഭവിക്കുമോ? 
ഞാന്‍ രണ്ടു വിവാഹം സാഹചര്യം കൊണ്ട് കഴിച്ചു എന്നത് ശരിയാണെങ്കിലും ഞാനൊരു വിവാഹവീരനല്ല. പ്രണയ രോഗിയുമല്ല. ഇനിയെന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാവില്ല. പ്രണയവും. 

ബഷീര്‍ കണക്കു കൂട്ടുന്നതില്‍ ഇത്ര മിടുക്കനായത് എങ്ങനെയാണു? ലക്ഷ്വറി ബജറ്റ് പര്‍ച്ചേസില്‍ ബഷീര്‍ മനക്കണക്ക് കൂട്ടുന്നത് വളരെ വേഗത്തില്‍ ആണല്ലോ ?

ഞാന്‍ ബിസിനസുകാരനാണല്ലോ. എനിക്ക് വളരെ എളുപ്പത്തില്‍ മനക്കണക്ക് കൂട്ടാന്‍ കഴിയും.

ബിഗ് ബോസ് വിജയി ആരാവും എന്നാണ് ബഷീര്‍ കണക്കു കൂട്ടുന്നത്?
ഷിയാസാവാന്‍ സാധ്യതയുണ്ട്. കാരണം ഷിയാസിന്റെ തമാശകളും മണ്ടത്തരങ്ങളും ഒക്കെ ആളുകള്‍ക്ക് ഇഷ്ടമായിരിക്കും. നല്ല എന്റര്‍റ്റൈനര്‍ ആണ് ഷിയാസ്. കൂടാതെ പുള്ളി അത്യാവശ്യം നന്നായി പ്ലാന്‍ ചെയ്തതൊക്കെ കളിക്കുന്നുമുണ്ട്. 

ഇതൊരു ഗെയിം ആണല്ലോ. നന്നായി ഗെയിം കളിക്കുന്ന വ്യക്തി വിജയിക്കും. അല്ലാതെ മറ്റൊന്നും ഇതില്‍ ഘടകമല്ലല്ലോ. 
സാബു ചേട്ടനാണ് ബിഗ് ബോസിലെ ഗൂഗിള്‍. അത്ര അറിവാണ് എല്ലാ വിഷയത്തിലും. ഞങ്ങളൊക്കെ എല്ലാം ചോദിക്കുന്നത് സാബുക്കയോടാണ്. നല്ല മത്സരാര്‍ഥിയുമാണ്. 

പേളിയും ശ്രീനിഷും യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണോ അല്ലയോ എന്നൊന്നും ഞങ്ങള്‍ക്കും അറിയില്ല. ശ്രീനിഷുമായുണ്ടായിരുന്ന എനിക്ക് ആദ്യമുണ്ടായിരുന്ന സംസാരം  പിന്നീട് ഇവര്‍ തമ്മില്‍ ഒരു ബന്ധമുണ്ടായതോടെ കുറഞ്ഞു. എങ്കിലും പഴയ സ്‌നേഹം ഉണ്ട്. അര്‍ച്ചന വളരെ നല്ല പ്ലെയറാണ്. ജയിക്കാന്‍ അര്‍ഹതയുള്ള ആളാണ്. അങ്ങനെ നോക്കുമ്പോ സാബു, ഷിയാസ്, അര്‍ച്ചന ഇവരില്‍ ഒരാളായിരിക്കും വിജയി.

എല്ലാവര്‍ക്കും വിജയാശംസകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios