'ശ്രീനിഷ് പണ്ടേ പറഞ്ഞു പ്രേമിക്കുമെന്ന്;  ഇല്ലായിരുന്നെങ്കില്‍ പുള്ളി പുറത്തായേനെ'

അതിദി ജയിക്കാന്‍ വേണ്ടി എന്ത് കളിയും കളിക്കുന്ന ആളാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബോധ്യപ്പെട്ടു. ഒരു ടാസ്‌ക്കിനിടെ എന്നോട് പറഞ്ഞു അവളുടെ എവിടെയും പിടിക്കരുതെന്ന്, സാബുവിനോട് പറഞ്ഞത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്‍ എന്നും. സാബുവിനത് കിട്ടണം. കാരണം അതിദിയോട് അത്രയും സ്‌നേഹം അവന്‍ കാണിച്ചിട്ടുണ്ട്. 

Interview with Anoop Chandran on Bigg Boss malayalam by Sunitha Devadas

ബിഗ് ബോസിന്റെ ഫൈനല്‍ അടുത്ത ആഴ്ചയാണ്. ഫൈനല്‍ കളത്തിലിപ്പോള്‍ അരിസ്‌റ്റോ സുരേഷ്, അതിദി, ശ്രീനിഷ് എന്നിവര്‍. ശക്തരായ മത്സരാര്‍ത്ഥികളും ഗെയിമിന്റെ ശ്രദ്ധാ കേന്ദ്രങ്ങളുമായ പേളി, അര്‍ച്ചന, സാബു, ഷിയാസ് എന്നിവര്‍ എലിമിനേഷനിലാണ്. സുരേഷ് ക്യാപ്റ്റനായതു കൊണ്ടും ക്യാപ്റ്റന്റെ അധികാരം ഉപയോഗിച്ച് മറ്റു രണ്ടു പേരെ എലിമിനേഷനില്‍ നിന്നും രക്ഷിച്ചത് കൊണ്ടുമാണ് കളത്തില്‍, താരതമ്യേന ദുര്‍ബലരായ ആളുകള്‍ നേരിട്ട്‌വന്നത്. ഈ ആഴ്ച ഇനി രണ്ടു പേര് പുറത്താകും. ശക്തരായ മത്സരാര്‍ത്ഥികളില്‍ ആരു പുറത്താകും എന്ന ചൂടുള്ള ചര്‍ച്ച നടക്കുകയാണ്. ഈ സാഹചര്യത്തില്‍, എലിമിനേഷനിലൂടെ പത്താമത്തെ ആഴ്ച പുറത്തുപോയ അനൂപ് ചന്ദ്രന് എന്താണ് പറയാനുള്ളത്? ബിഗ് ബോസ് അനുഭവങ്ങളും കളിക്കാരെക്കുറിച്ചുള്ള പ്രതികരണങ്ങളും ഈ തുറന്നുപറച്ചിലില്‍ കടന്നുവരുന്നു. 

Interview with Anoop Chandran on Bigg Boss malayalam by Sunitha Devadas
അതിദി ജയിക്കാന്‍ വേണ്ടി എന്തും ചെയ്യും
ആദ്യ ആഴ്ച എലിമിനേഷനില്‍ വന്ന ആളാണ് അതിദി. അവിടെ നിന്നും അനാഥാലയത്തില്‍ വളര്‍ന്ന കഥയൊക്കെ പറഞ്ഞു എല്ലാവരുടെയും സഹതാപവും സ്‌നേഹവും പിടിച്ചു പറ്റിയാണ് അതിദി ഇവിടം വരെ എത്തി നില്‍ക്കുന്നത്. അത്തരം ഒരു ഇമോഷന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ മൂന്നു നാല് ആഴ്ച കഴിയുമ്പോ ഔട്ട് ആകേണ്ട മത്സരാര്‍ത്ഥിയാണ് അതിദി. സാബുവാണ് അവിടെ അതിദിയുമായി ആദ്യം അടുക്കുന്നത്. പിന്നെ ഞങ്ങളെല്ലാവരും അവളെ കരുണയോടെ തന്നെ സ്‌നേഹിച്ചു. എന്നിട്ടും അവള്‍ സാബുവിനോടും എന്നോടുമൊക്കെ പെരുമാറിയത് നോക്കു. 

അവിടെയുള്ള ആരും ആണെന്നോ പെണ്ണെന്നോ ഞങ്ങള്‍ക്കാര്‍ക്കും തോന്നാറില്ല. സഹജീവികള്‍. മനുഷ്യര്‍.മത്സരാര്‍ത്ഥികള്‍. എന്നാല്‍ അതിദി ജയിക്കാന്‍ വേണ്ടി എന്ത് കളിയും കളിക്കുന്ന ആളാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബോധ്യപ്പെട്ടു. ഒരു ടാസ്‌ക്കിനിടെ എന്നോട് പറഞ്ഞു അവളുടെ എവിടെയും പിടിക്കരുതെന്ന്, സാബുവിനോട് പറഞ്ഞത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്‍ എന്നും. 

സാബുവിനത് കിട്ടണം. കാരണം അതിദിയോട് അത്രയും സ്‌നേഹം അവന്‍ കാണിച്ചിട്ടുണ്ട്. അതിദിയെ ക്യാപ്റ്റനാക്കാന്‍ വേണ്ടി അവന്‍ ശ്രമിച്ചിട്ടാണ് ഞാനും അവനും തമ്മില്‍ അതിന്റെ പേരില്‍ ഉടക്കുണ്ടായത് പോലും. അതിദി ആളത്ര ശരിയല്ലെന്നും ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്നും അപ്പോഴേക്കും എനിക്ക് മനസ്സിലായിരുന്നു. സാബുവിന് അത് ഇപ്പോഴും മനസ്സിലായിട്ടുണ്ടാവില്ല. 

ഇത്തവണത്തെ എലിമിനേഷനില്‍ വിജയ സാധ്യതയുള്ള ശക്തരായ മത്സരാര്‍ത്ഥികളാണ് നില്‍ക്കുന്നത്. അതിന്റെ കാരണം അവിടെ നടക്കുന്ന വൃത്തികെട്ട ഗ്രൂപ്പിസവും ഒത്തുകളിയും ഇമോഷനുകളെ മുതലെടുക്കുന്നതും മനുഷ്യരുടെ സോഫ്റ്റ് കോര്‍ണര്‍ പിടിച്ചു പറ്റി കളിക്ക് ഉപയോഗിക്കുന്നതുമൊക്കെയാണ്. 

അതിദി ആളത്ര ശരിയല്ലെന്നും ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്നും അപ്പോഴേക്കും എനിക്ക് മനസ്സിലായിരുന്നു.

പുള്ളിയെ പലരും കളി ജയിക്കാന്‍ ഷീല്‍ഡായി ഉപയോഗിക്കുന്നു
സുരേഷേട്ടനെ അവിടെയുള്ള ഞാനടക്കമുള്ള  ആരും ഒരു മത്സരാര്‍ത്ഥിയായിട്ടേ കണ്ടിട്ടില്ല. പുള്ളി ഇങ്ങനെ അവിടെ ജീവിക്കുകയാണ്. കളിയെ കുറിച്ചൊന്നും ബോധവാനേ അല്ല. പുള്ളിയെ പലരും കളി ജയിക്കാന്‍ ഷീല്‍ഡായി ഉപയോഗിക്കുന്നു. പുള്ളി അതിനു വഴങ്ങുന്നു. അതുവഴി എതിര്‍പക്ഷത്തു നില്‍ക്കുന്ന കുറെ പേര്‍ക്ക് പണി കിട്ടുന്നു. ഇപ്പോ തന്നെ ഉള്ള മത്സരാര്‍ത്ഥികളില്‍ ഏറ്റവും വീക്ക് ആയ രണ്ടുപേരെയാണ് പുള്ളി നേരിട്ട് ഫൈനലില്‍ വിട്ടത്. വ്യക്തിതാല്പര്യങ്ങള്‍ മാത്രമാണ് സുരേഷേട്ടനെ മുന്നോട്ട് നയിക്കുന്നത്. എലിമിനേഷനില്‍ പോലും ആളുകളെ നോമിനേറ്റ് ചെയ്യുന്നത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ചാണ്. 

പേളിയൊക്കെ പുള്ളിയെ നന്നായി ഉപയോഗിച്ചു. പക്ഷെ സുരേഷേട്ടന്‍ ഒരു പാവം മനുഷ്യനായത് കൊണ്ട് പേളിയുടെ കളിയൊന്നും മനസ്സിലായില്ല. അതില്‍ വീണു പോയി. 

പേളിയെ സുരേഷേട്ടനെന്നല്ല ആര്‍ക്കും മനസ്സിലായിട്ടില്ല ഇനിയും. എനിക്കും ആകെയൊരു പുകമറയാണ്. ആദ്യമെനിക്ക് പേളിയെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ പേളി സുരേഷേട്ടനെ ഷീല്‍ഡ് ആയി ഉപയോഗിച്ച് പുള്ളിയെ ഒരു ദുര്‍ബലനായ മത്സരാര്‍ത്ഥിയാക്കി. അത് കഴിഞ്ഞപ്പോ തമിഴിലെ ബിഗ് ബോസ് മാതിരി ശ്രീനിയുമായി ലവ് ട്രാക്ക് കളിയ്ക്കാന്‍ തുടങ്ങി. ബഷീറുമായി വഴക്കിട്ടു. ഞാനുമായി വഴക്കിട്ടു. എല്ലാരുമായും വഴക്കിട്ടു. എങ്ങനെയൊക്കെ വ്യക്തിപരമായി വളരെയധികം ആക്ഷേപിച്ചു. 

എന്റെ ഹൃദയത്തിലേറ്റ ഒരു മുറിവാണ് പേളിയുടെ ചില ക്രൂരമായ പരാമര്‍ശങ്ങള്‍. എന്റെ അസുഖത്തെ പരിഹസിച്ചു. അവളെ എനിക്ക് അത്രയും ഇഷടമായത് കൊണ്ടും സ്വന്തം അനിയത്തികുട്ടിയായി കണ്ടത് കൊണ്ടും ഒരിക്കല്‍ ഷേക്ക് ഹാന്‍ഡ് കൊടുത്തപ്പോ ഞാന്‍ കയ്യില്‍ ചൊറിഞ്ഞിരുന്നു. എന്നാല്‍ അവളത് അപ്പോഴൊന്നും പരാതിയായി പറയാതെ അവസരം നോക്കി വച്ച് പറഞ്ഞു എന്നെ കുറ്റക്കാരനാക്കി. 

എന്റെ ഹൃദയത്തിലേറ്റ ഒരു മുറിവാണ് പേളിയുടെ ചില ക്രൂരമായ പരാമര്‍ശങ്ങള്‍.

വെറും പ്രേമം കൊണ്ട് മാത്രം അതിജീവിച്ചു
ശ്രീനിഷ് വളരെ ദുര്‍ബലനായ ഒരു മത്സരാര്‍ത്ഥിയാണ്. അവന്‍ ആദ്യമേ അവിടെ പറയുമായിരുന്നു ഓവിയ പ്രേമിച്ച പോലെ കളിക്കണം. അതിനായി പേളിയെ പ്രേമിക്കാന്‍ പോകുകയാണ് എന്നൊക്കെ. പേളിയുമായി അവന്‍ പ്രേമനാടകം നടത്തിയില്ലെങ്കില്‍ ആദ്യ ആഴ്ചകളില്‍ തന്നെ അവന്‍ പുറത്തായേനെ. ടാസ്‌ക്ക് പോലും മര്യാദക്ക് ചെയ്യില്ല. വെറും പ്രേമം കൊണ്ട് മാത്രം അതിജീവിച്ചു. 

ആദ്യം അഭിനയിച്ചെങ്കിലും ഇപ്പോ രണ്ടാളും തമ്മില്‍ പ്രേമമാണെന്ന് തോന്നുന്നു. എന്നാല്‍ വെറുമൊരു റിയാലിറ്റി ഷോ ജയിക്കാന്‍ വേണ്ടി ഇങ്ങനൊക്കെ ചെയ്യുന്നത് വളരെ തരാം താണ രീതിയാണ്. ഗെയിമില്‍ ജയിക്കുമ്പോള്‍ ജീവിതത്തില്‍ ചിലയിടത്ത് തോറ്റു പോകും. ജയവും തോല്‍വിയും വിലയിരുത്തുന്നതില്‍ ഓരോരുത്തര്‍ക്കുമുള്ള വ്യത്യാസമാവാം ചിലരെ കൊണ്ട് ഇങ്ങനൊക്കെ ചെയ്യിപ്പിക്കുന്നത്. ചില തോല്‍വികളും ചിലപ്പോള്‍ വലിയ വിജയമാണ്. ആത്മാഭിമാനം പണയം വച്ച് ഒരു ഗെയിം വിജയിച്ചിട്ട് എന്ത് കാര്യം? 

ശ്രീ നാരായണ ഗുരു പറഞ്ഞിട്ടുണ്ട് , അനീതിയുടെ പക്ഷം ചേര്‍ന്ന് സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ നല്ലത് നീതിയുടെ പക്ഷം ചേര്‍ന്ന് പോരാടി മരിക്കുന്നതാണ് നല്ലതെന്നു. അതാണ് എന്റെയും നിലപാട്. 

അത് കൊണ്ടാണ് എനിക്ക് ബഷീറിനെ ഇത്രയധികം ഇഷ്ടം. അവന്‍ വളരെ സത്യസന്ധനായ ഒരു വ്യക്തിയാണ്. അവന്‍ എത്ര കല്യാണം കഴിച്ചാലും അതെന്റെ വിഷയമല്ല. അവരാരും കടത്തിണ്ണയില്‍ തെണ്ടുന്നില്ല. അവന്റെ കൂടെ വീട്ടിലാണ് താമസിക്കുന്നത്. 

ബഷീര്‍,സാബു , സുരേഷേട്ടന്‍ എന്നിവര്‍ എനിക്ക് അവിടെ നിന്നും കിട്ടിയ നല്ല ബന്ധങ്ങളാണ്. ഇങ്ങനെയുള്ള ഗ്രൂപ്പിസവും ഒത്തുകളിയും ഒക്കെ കാരണം ശക്തയായ മത്സരാര്‍ത്ഥിയായ രഞ്ജിനിയൊക്കെ പുറത്തു പോയി. ഞാനൊക്കെ പുറത്തായത് കൃത്യ സമയത്താണ്. എനിക്ക് പേളിയുമായുള്ള അടി കഴിഞ്ഞപ്പോ മുതല്‍ പിന്നീടവിടെ ഒരു നിമിഷം നില്‍ക്കാന്‍ വയ്യായിരുന്നു. അത്രക്കും ഹൃദയത്തില്‍ മുറിവേറ്റു. 

ഞാനും സുരേഷേട്ടനുമൊക്കെ ഇത്തരമൊരു ഷോയുടെ എന്റര്‍ടൈനിംഗ് പാര്‍ട്ട് ആണെന്നാണ് എന്റെ തോന്നല്‍. കളി ഒന്ന് തട്ടില്‍ കയറിയാല്‍ ഞങ്ങളെയൊക്കെ ഒഴിവാക്കണം. അല്ലാതെ രഞ്ജിനിയെ പോലുള്ളവരെയൊക്കെ പുറത്താക്കുന്നത് ശരിയല്ല. 

പേളിക്ക് വോട്ട് ചെയ്യുന്നത് പ്രേക്ഷകരൊന്നുമല്ല. പി ആര്‍ ഏജന്‍സിയാണ്.

വോട്ടിങ് ഒക്കെ അനുസരിച്ചു തന്നെയാണോ കാര്യങ്ങള്‍
വോട്ടിങ് ഒക്കെ അനുസരിച്ചു തന്നെയാണോ കാര്യങ്ങള്‍ എന്നൊക്കെ എനിക്ക് പുറത്തിറങ്ങിയപ്പോള്‍ സംശയം തോന്നി. പലരും പറഞ്ഞു അവരൊക്കെ വോട്ട് ചെയ്തെന്ന്. ചിലര്‍ പറഞ്ഞു വോട്ട് ചെയ്യുമ്പോള്‍ എന്തോ എറര്‍ ഉണ്ട്. വോട്ട് ആവുന്നില്ല എന്ന്. അതിലുപരി ഞാന്‍ കണ്ട എല്ലാ മനുഷ്യരും പേളിയെ കുറ്റം പറയുകയാണ്. പേളിയെ ആദ്യം എല്ലാര്‍ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ ശ്രീനിഷുമായുള്ള പ്രണയവും സുരേഷേട്ടനെ അപമാനിച്ചതുമൊക്കെ കുടുംബ പ്രേക്ഷകരെ പേളിയില്‍ നിന്നും അകറ്റിയിട്ടുണ്ട്. എന്നാല്‍ വോട്ടിന്റെ കാര്യം വരുമ്പോള്‍ പേളിക്ക് വോട്ട് കിട്ടുന്നു. പലരും പറയുന്ന കാര്യം ശരിയാണ് എന്നെനിക്കും തോന്നുന്നു. പേളിക്ക് വോട്ട് ചെയ്യുന്നത് പ്രേക്ഷകരൊന്നുമല്ല. പി ആര്‍ ഏജന്‍സിയാണ്. രഞ്ജിനി ഔട്ട് ആയതൊക്കെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

അര്‍ച്ചനയെ എനിക്കങ്ങനെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പലപല അര്‍ച്ചനയെയാണ് അവിടെ കാണുന്നത്. ഏതാണ് ശരിക്കും അര്‍ച്ചന എന്നറിയില്ല. മുന്‍പ് ഞാനും അര്‍ച്ചനയും ഒരു സീരിയലില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അവളുടെ കഠിനാധ്വാനവും സമര്‍പ്പണ ബോധവും കണ്ടു ഞാന്‍ അതിശയിച്ചു പോയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ ഒന്‍പത് വരെ ഷൂട്ട്. അത് കഴിഞ്ഞു പന്ത്രണ്ടു വരെ ഡബ്ബിങ്. എന്നിട്ട് വീണ്ടും രാവിലെ എട്ടിന് തന്നെ വരും. എത്രയോ എപ്പിസോഡുകള്‍ ഒരു ദിവസം ഷൂട്ട് ചെയ്യും. എത്രയോ തവണ കോസ്റ്റിയൂം മാറും. ജോലിയോടുള്ള ആ ഡെഡിക്കേഷനില്‍ എനിക്ക് അവരോട് ബഹുമാനമാണ്. 

പേളിക്ക് പി ആര്‍ ഏജന്‍സി വോട്ട് ചെയ്യും. ഷിയാസ് വിജയിയുമാവും

വിജയിയാവാന്‍ യോഗ്യന്‍ സാബുവാണ്
യഥാര്‍ത്ഥത്തില്‍ ബിഗ് ബോസ് വിജയിയാവാന്‍ യോഗ്യന്‍ സാബുവാണ്. കാരണം സാബുവിന് അസാധ്യ വിവരമാണ് എല്ലാത്തിനെ കുറിച്ചും. എന്തിലും കൃത്യമായ നിലപാടുണ്ട്. തെറ്റായാലും ശരിയായാലും ഏത് വിഷയത്തിലും വ്യക്തതയുണ്ട്. മാനുഷിക മൂല്യം വിട്ടൊരു കളി സാബുവിനില്ല. ടാസ്‌ക്കുകളൊക്കെ ചെയ്യും. വിജയിയാവുന്ന വ്യക്തി സമൂഹത്തിനു മുന്നില്‍ ഇത്തരത്തില്‍ ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്ന വ്യക്തിയാവണമെന്നാണ് എന്റെ അഭിപ്രായം. സാബു ശക്തനായ മത്സരാര്‍ത്ഥിയുമാണ്.

എന്നാല്‍ സംഭവിക്കാന്‍ പോകുന്നത് ഷിയാസ് വിജയിക്കുന്നതാണെന്നു തോന്നുന്നു. അവന്റെ തമാശയും കളിയും പൊട്ടത്തരവും 'അയ്യോ പാവം' ഭാവവും  ദാരിദ്ര്യം നിറഞ്ഞ കഥകളുമൊക്കെ അവനെ പ്രേക്ഷകര്‍ക്കിടയില്‍ പോപ്പുലര്‍ ആക്കിയിട്ടുണ്ടെന്നു തോന്നുന്നു. ഇപ്പോഴത്തെ എലിമിനേഷന്‍ കണ്ടിട്ട് അങ്ങനെയൊരു കളിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് തോന്നുന്നു. ഇത്തവണ ചിലപ്പോള്‍ സാബുവും അര്‍ച്ചനയും പുറത്തു പോയേക്കാം. പേളിക്ക് പി ആര്‍ ഏജന്‍സി വോട്ട് ചെയ്യും. ഷിയാസ് വിജയിയുമാവും. 

ബിഗ് ബോസില്‍ നിന്നിറങ്ങിയപ്പോള്‍ ഉണ്ടായ ഒരു മാറ്റം  ഒരുപാട് കുടുംബ പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നതാണ്. എനിക്ക് ഒരു റഫ് ആന്‍ഡ് ടഫ് ഇമേജായിരുന്നു അതിനു മുന്‍പ്. ആരും അങ്ങനെ അടുക്കില്ലായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനേം കൊണ്ട് ആശുപത്രിയില്‍ പോയപ്പോ കുറെ സ്ത്രീകള്‍ സംസാരിക്കാന്‍ ഓടി വന്നു. അതിലൊരു സ്ത്രീ എന്നെ കെട്ടിപിടിച്ചു കവിളില്‍ ഒരുമ്മ തന്നു. ഞാനിങ്ങനെ എന്ത് പറയണെമെന്നറിയാതെ നില്‍ക്കുമ്പോ അച്ഛന്‍ പറഞ്ഞു. തൂത്തു കളയേണ്ട, അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് എന്ന്. 

സത്യത്തില്‍ സന്തോഷം തോന്നി.  ബിഗ് ബോസിലൂടെ ഞാന്‍ എന്ന വ്യക്തി എന്താണെന്നു എല്ലാര്‍ക്കും അറിയാന്‍ കഴിഞ്ഞു. അവരെന്നെ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ഇപ്പോ സ്‌നേഹിക്കുന്നു. 

വീട്ടില്‍ എല്ലാവര്‍ക്കും സുഖം. പശുക്കളൊക്കെ നന്നായിരിക്കുന്നു. എന്റെ കൃഷിയിടത്തില്‍ വെള്ളം കയറിയില്ലായിരുന്നു. ആകെ മൊത്തം സന്തോഷം. 

Latest Videos
Follow Us:
Download App:
  • android
  • ios