തട്ടം ഊരിക്കളഞ്ഞ, പര്‍ദ്ദയെ വിമര്‍ശിക്കുന്ന മുസ്ലിംകള്‍ മാത്രമാണോ പുരോഗമിച്ചിട്ടുള്ളത്?

അവള്‍ക്കു പക്ഷേ പര്‍ദ്ദയിഷ്ടമാണ്. ചുരിദാറും കുര്‍ത്തിയും ലോങ്ങ് ടോപ്പുമെല്ലാം ഇഷ്ടമാണ്. ഏതിനൊപ്പമായാലും ചേരുന്ന കളറൊക്കെ ഒപ്പിച്ചു തട്ടവുമിടും; കൂടെയുള്ള ഞാനോ മറ്റാരെങ്കിലുമോ നിര്‍ബന്ധിച്ചിട്ടൊന്നുമല്ല, അയാളുടെ ചോയിസാണ്, ഇഷ്ടമാണ്.

hijab and freedom naseel voici writing

അവരൊക്കെ നിര്‍ബന്ധങ്ങള്‍ കൊണ്ടു മാത്രം തട്ടമിട്ടവരാണെന്നു തോന്നിയിട്ടില്ല. തനിക്ക് സൗകര്യമുള്ള വസ്ത്ര രീതി എന്നതിലപ്പുറം അതവരുടെ സ്വാതന്ത്ര്യത്തിനു തടസ്സം നില്‍ക്കുന്ന ചങ്ങലകളാണ് എന്നനുഭവപ്പെട്ടിട്ടുമില്ല; പകരം ചിലപ്പോഴൊക്കെ അവരില്‍ കൂടുതല്‍ പേര്‍ക്കും ആ തെരഞ്ഞെടുപ്പ് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായി തോന്നിയിട്ടുണ്ട്. പുറത്തു നിന്നുള്ള വീര്‍പ്പുമുട്ടല്‍ കാഴ്ചപ്പാടുകള്‍ക്കപ്പുറം അവരെ ഒരു തരത്തിലും ബാധിക്കാത്തതു കൊണ്ടായിരിക്കുമല്ലോ വേണ്ടെന്നുവയ്ക്കാവുന്ന സാഹചര്യങ്ങളിലും അവരതിനെ ചേര്‍ത്തു പിടിക്കുന്നത്.

hijab and freedom naseel voici writing

പര്‍ദ്ദയും ഹിജാബുമൊക്കെ സ്വാതന്ത്ര്യത്തിന്‍റെ തടസ്സചിഹ്നമായി, 'സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ആയുധം' മാത്രമായി വിലയിരുത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്ന 'പുരോഗമന വാദികളുടെ' കുറിപ്പുകള്‍ കാണുമ്പോഴൊക്കെ മനസ്സില്‍ തെളിയുന്ന ചില പെണ്‍ജീവിതങ്ങളുണ്ട്. എത്ര സാരി സമ്മാനമായി കിട്ടിയാലും പര്‍ദ്ദയിടാനിഷ്ടപ്പെടുന്ന ഉമ്മ, കുര്‍ത്തിയും പര്‍ദ്ദയും ജീന്‍സുമിട്ട് കൂടെ ഷാളും ചുറ്റി കോളജിലും കോയിക്കോട്ടങ്ങാടിയിലുമൊക്കെ മുദ്രാവാക്യം വിളിച്ച, ജെഎന്‍യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലുമൊക്കെ കോണ്‍ഫറന്‍സുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കുന്ന പെണ്‍സുഹൃത്തുകള്‍, തട്ടമിട്ടു തന്നെ രാഷ്ട്രീയത്തക്കുറിച്ചും  തുല്യതയെക്കുറിച്ചും കൃത്യമായി നിലപാട് പറയുന്നവര്‍, തൊഴിലെടുക്കുന്നവര്‍, രാജ്യത്തും പുറത്തും യാത്ര ചെയ്യുന്നവര്‍... അങ്ങനെ അടുത്തും ദൂരെയുമായി അറിയുന്ന, കാണുന്ന കുറേ ചിത്രങ്ങള്‍. 

''അവളും പര്‍ദ്ദയാണോ? പുരോഗമന ആശയക്കാരിയൊന്നുമല്ലല്ലേ!'', ''നീ അവളെ തട്ടമിടീപ്പിച്ച് കൂട്ടിലാക്കുമോ?''  എന്നൊക്കെയായിരുന്നു വിവാഹസമയത്ത് ചില സുഹൃദ് വലയങ്ങളിലയുര്‍ന്ന  ചോദ്യങ്ങള്‍. തട്ടമിടുന്ന, പര്‍ദ്ദയണിയുന്ന പുരോഗമനത്തില്‍ നിന്നും 'ഈ കാലത്തില്‍' നിന്നുമൊക്കെ ഏറെ ദൂരെയുള്ള ഒരു  പെണ്‍കുട്ടിയാണോ, അവളുടെ സ്വാതന്ത്ര്യം നീ തട്ടമിടീപ്പിച്ച് ഇല്ലാതാക്കുമോ എന്നൊക്കെയുള്ള  പരിഹാസം കലര്‍ന്ന ആശങ്കകള്‍ വേറെ. അവരെ സംബന്ധിച്ച് തട്ടം ഊരിക്കളഞ്ഞ, പര്‍ദ്ദയെ വിമര്‍ശിക്കുന്ന മുസ്ലിംകള്‍ മാത്രമാണ് പുരോഗമിച്ചിട്ടുള്ളത്!

അവള്‍ക്കു പക്ഷേ പര്‍ദ്ദയിഷ്ടമാണ്. ചുരിദാറും കുര്‍ത്തിയും ലോങ്ങ് ടോപ്പുമെല്ലാം ഇഷ്ടമാണ്. ഏതിനൊപ്പമായാലും ചേരുന്ന കളറൊക്കെ ഒപ്പിച്ചു തട്ടവുമിടും; കൂടെയുള്ള ഞാനോ മറ്റാരെങ്കിലുമോ നിര്‍ബന്ധിച്ചിട്ടൊന്നുമല്ല, അയാളുടെ ചോയിസാണ്, ഇഷ്ടമാണ്. പാന്‍റും ഷര്‍ട്ടുമിടുന്ന പോലെ, കുര്‍ത്തയിടുന്ന പോലെ, ടീഷര്‍ട്ട് ഇടുന്ന പോലെ ഒരു തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിലൂടെ മാത്രം ഒരാള്‍ പുരോഗമന ആശയങ്ങളില്ലാത്ത, സ്വാതന്ത്ര്യമില്ലാത്ത 'കൂട്ടിലകപ്പെട്ട പാവം മുസ്ലിം സ്ത്രീ' ആയിപ്പോവുമെന്നൊക്കെ പുറത്തു നിന്നൊരാള്‍ക്ക് എങ്ങനെയാണ് വിധിയെഴുതാനാവുക? ഹിജാബ് വെച്ച്, പര്‍ദ്ദ അളവുകോലാക്കി 'ഒരു മുസ്ലിം പെണ്ണിന്‍റെ സ്വാതന്ത്ര്യം' എങ്ങനെയാണ് അളക്കാനാവുക?

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഈയടുത്ത് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം സ്ത്രീകളിലൊരാള്‍ ഹിജാബ് ധരിക്കുന്നയാളാണ്

ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത്, ലോകത്തിന്‍റെ പല ഭാഗത്തു നിന്നുള്ള ഒരു വലിയ സംഘത്തെ നയിക്കുന്നത് പര്‍ദ്ദയിട്ട സ്ത്രീയാണ്. അവരുടെ വസ്ത്രത്തിന്‍റെ തെരഞ്ഞെടുപ്പ് അവര്‍ക്കൊരു പരിമിതിയാവുന്നേയില്ല. തട്ടമിട്ടവരും ഇടാത്തവരുമായുള്ളവരൊക്കെ തങ്ങളുടെ ജോലി ചെയ്യുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ തലപ്പത്തിരിക്കുന്നവരില്‍ ഒരാളായ നൈജീരിയക്കാരി ആമിന മുഹമ്മദ് അവരുടെതായ രീതിയില്‍ തല മറക്കുന്നുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഈയടുത്ത് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം സ്ത്രീകളിലൊരാള്‍ ഹിജാബ് ധരിക്കുന്നയാളാണ്. തട്ടമിട്ടും പര്‍ദ്ദയിട്ടുമൊക്കെ തന്നെ എന്‍ട്രന്‍സില്‍ ഉന്നത റാങ്കുകളും വിദേശ രാജ്യങ്ങളിലടക്കം റിസര്‍ച് അവസരങ്ങളും കരസ്ഥമാക്കിയ കഥകളൊക്കെ വേറെ. രാജ്യത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന, സ്വന്തമായി ബിസിനസ് ചെയ്യുന്ന, സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന, എന്‍ജിഒകള്‍ക്ക് നേതൃത്വം നല്‍കുന്ന... അങ്ങനെ ഒരുപാട് പേരെ തൊട്ടടുത്ത് തന്നെ കാണാനുമുണ്ട്.

അവരൊക്കെ നിര്‍ബന്ധങ്ങള്‍ കൊണ്ടു മാത്രം തട്ടമിട്ടവരാണെന്നു തോന്നിയിട്ടില്ല. തനിക്ക് സൗകര്യമുള്ള വസ്ത്ര രീതി എന്നതിലപ്പുറം അതവരുടെ സ്വാതന്ത്ര്യത്തിനു തടസ്സം നില്‍ക്കുന്ന ചങ്ങലകളാണ് എന്നനുഭവപ്പെട്ടിട്ടുമില്ല; പകരം ചിലപ്പോഴൊക്കെ അവരില്‍ കൂടുതല്‍ പേര്‍ക്കും ആ തെരഞ്ഞെടുപ്പ് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായി തോന്നിയിട്ടുണ്ട്. പുറത്തു നിന്നുള്ള വീര്‍പ്പുമുട്ടല്‍ കാഴ്ചപ്പാടുകള്‍ക്കപ്പുറം അവരെ ഒരു തരത്തിലും ബാധിക്കാത്തതു കൊണ്ടായിരിക്കുമല്ലോ വേണ്ടെന്നുവയ്ക്കാവുന്ന സാഹചര്യങ്ങളിലും അവരതിനെ ചേര്‍ത്തു പിടിക്കുന്നത്.

ഇതു മനസ്സിലാവാന്‍. അല്ലെങ്കില്‍ മലബാറിലെ കോളജുകളില്‍ പോയി നോക്കിയാലും മതി

ഹിജാബ് വസ്ത്രധാരണത്തിന്‍റെ ഭാഗം മാത്രമാണെന്നും അതിനെ വേര്‍തിരിച്ച് കാണേണ്ടതില്ലെന്നുമുള്ള ധാരണയില്‍, നൂറ്റാണ്ടിലേറെ നീണ്ട ഹിജാബ് നിരോധനം അമേരിക്കന്‍ കോണ്‍ഗ്രസ് എടുത്തു കളയാന്‍ പോവുകയാണെന്ന പുതിയ വാര്‍ത്തകളുണ്ട്.  അപ്പോഴും, പക്ഷേ നമ്മുടെ നാട്ടില്‍ ചില 'സെകുലര്‍-ബാലന്‍സിങ്ങ്-യുക്തിവാദി സംഘങ്ങള്‍ക്ക്' ഹിജാബും പര്‍ദ്ദയും ഹിജാബിട്ട മുസ്ലിം സ്ത്രീയുമൊക്കെ 'തടവറയിലെ പാവം പെണ്ണും' സ്വാതന്ത്ര്യമില്ലാത്ത കൂട്ടിലകപ്പെട്ട കിളികളും മാത്രമാണ്. കരിയറില്‍ എത്ര വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടും കാര്യമില്ല, തട്ടമിട്ടിട്ടുണ്ടെങ്കില്‍, പര്‍ദ്ദയിട്ടിട്ടുണ്ടെങ്കില്‍ 'ഏതോ ഒരു പരമ്പരാഗതവാദിയുടെ ചങ്ങലക്കണ്ണികളില്‍ കുരുങ്ങിക്കടക്കുന്നവളാണ്'. മറ്റേതോ രാജ്യത്ത് പര്‍ദ്ദയിടാന്‍ വിസമ്മതിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത്, 'ഇവിടെത്തെ പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍ എന്നാണ് ഇനി പുരോഗമിക്കുക?' എന്ന് അമര്‍ഷം കൊള്ളുകയാണ്.

മറ്റൊരു രസകരമായ സംഗതിയെന്താണെന്നു വച്ചാല്‍ ഇന്ന് ലോക ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മേഖല പര്‍ദ്ദയുടേതാണെന്നതാണ്. ഫാഷന്‍ ഡിസൈനിങ്ങിന്‍റെ പല പരീക്ഷണങ്ങളും ഗവേഷണങ്ങളും പര്‍ദ്ദയിലാണ്, മില്യണ്‍ ഡോളര്‍ ബിസിനസ്. കോഴിക്കോട് നഗരത്തിലെ മാത്രം പര്‍ദ്ദ വ്യാപാരത്തിന്‍റെ കണക്കെടുത്താല്‍ മതിയാവും, ഇതു മനസ്സിലാവാന്‍. അല്ലെങ്കില്‍ മലബാറിലെ കോളജുകളില്‍ പോയി നോക്കിയാലും മതി, പര്‍ദ്ധയുടെയും ഹിജാബിന്‍റെയും ഫാഷന്‍ വൈവിധ്യങ്ങള്‍ കാണാന്‍. കുറച്ചു മുന്‍പ്, ഖാദി ബോര്‍ഡ് പര്‍ദ്ദയിറക്കിയ സമയത്ത്, ഇങ്ങനെ പാടില്ല 'സ്ത്രീകളെ അടിച്ചമര്‍ത്തുന്നതാണ് പര്‍ദ്ദ' എന്നു പറഞ്ഞ് കത്തെഴുതിയവരും വിമര്‍ശിച്ചവരുമൊന്നും ഈ മാറ്റങ്ങള്‍ അറിയാഞ്ഞിട്ടാണോ അതോ അംഗീകരിക്കാഞ്ഞിട്ടാണോ എന്ന് അദ്ഭുതം തോന്നിയിരുന്നു.

പര്‍ദ്ദയോ തട്ടമോ എന്നല്ല, ഒരു കാര്യവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നതിനോട് യോജിച്ചു കൊണ്ടല്ല ഈ പറച്ചിലുകളൊന്നും. സ്വതന്ത്രമായി തെരഞ്ഞെടുക്കാന്‍ കെല്‍പ്പുള്ള ഒരാള്‍ക്ക് അതിന് അവസരം ലഭിക്കാത്തത് മൗലികാവകാശ ലംഘനം തന്നെയാണ്. 'നിനക്ക് തട്ടമിട്ടൂടെ പെണ്ണേ' എന്ന സൈബര്‍ ആങ്ങള ചമയലുകളും 'പൊതിഞ്ഞതും പൊതിയാത്തതുമായ മുട്ടായി' തിയറികളും ഒരു തരിമ്പ് പോലും യോജിക്കാനാവാത്തത് തന്നെയാണ്. ചുരിദാറണിഞ്ഞാലും ജീന്‍സിട്ടാലും പര്‍ദ്ദയിട്ടാലുമൊക്കെ ഒരു സ്ത്രീ, വ്യക്തിയെന്ന നിലയില്‍ ഒരുപാട് പരിമിതികളും ചോദ്യങ്ങളും നോട്ടങ്ങളും നിയന്ത്രണങ്ങളും നേരിടേണ്ടി വരുന്നുണ്ട്. കടക്കേണ്ട കടമ്പകള്‍ പലതാണ്. ആ സാമൂഹികാവസ്ഥയെ, പര്‍ദ്ദയുടെയും തട്ടത്തിന്‍റെയും മുസ്ലിം സ്ത്രീയുടെയും പശ്ചാത്തലത്തില്‍ പെരുപ്പിച്ച് കാണിക്കുന്നതിനെയാണ് വിമര്‍ശിക്കുന്നത്. തന്‍റെ വിശ്വാസത്തിന്‍റെയോ സൗകര്യത്തിന്‍റെയോ ഭാഗമായി ഒരു മുസ്ലിം സ്ത്രീ ഹിജാബോ പര്‍ദ്ദ പോലെ ദേഹം മുഴുവന്‍ മറക്കുന്ന വസ്ത്രമോ ധരിക്കുമ്പോള്‍, തെരഞ്ഞെടുക്കുമ്പോള്‍ അതിനെ മാത്രം പ്രശ്നവത്കരിക്കുന്നതിനെക്കുറിച്ചാണ്.   

ഹിജാബണിയുന്നത് ഒരു ചോയിസായി അംഗീകരിക്കപ്പെടാത്തത് എന്തുകൊണ്ടാവും? 

പര്‍ദ്ദയെ ഇരുട്ടറയായി അവതരിപ്പിക്കുന്ന, തട്ടം 'തല പുകയ്ക്കുന്ന സ്വാതന്ത്ര്യത്തിനു തടസ്സമായ തുണി' മാത്രമായി ഉറപ്പിച്ചെടുക്കുന്ന കുറിപ്പുകാരോട്, സ്വതന്ത്രവാദികളോട്, പലപ്പോഴും ചോദിക്കണമെന്ന് തോന്നിയതാണ്- നമ്മളൊക്കെ അണിയുന്നത് നമുക്ക് സൗകര്യമുള്ള വസ്ത്രങ്ങളാണല്ലോ. അങ്ങനെ പര്‍ദ്ദയും തട്ടവുമൊക്കെ അണിയുന്നവരെ 'പ്രാകൃത ചിന്താഗതിക്കാരാക്കുന്നത്' എങ്ങനെയാണ് നീതീകരിക്കാനാവുക? പാന്‍റും ഷര്‍ട്ടും ടീഷര്‍ട്ടും ട്രൗസറും ജീന്‍സും സാരിയും സ്ലീവ് ലെസുമെല്ലാം തെരഞ്ഞെടുക്കുന്നത് പോലെ പര്‍ദ്ദ ഒരു തെരഞ്ഞെടുപ്പായി, ഹിജാബണിയുന്നത് ഒരു ചോയിസായി അംഗീകരിക്കപ്പെടാത്തത് എന്തുകൊണ്ടാവും? 

പ്രത്യേക ശ്രദ്ധയ്ക്ക് - മുഖം മറക്കുന്ന 'നിഖാബിനെ' കുറിച്ചല്ല, 'ഹിജാബി'നെയും പര്‍ദ്ദയെയും കുറിച്ചാണ്. മുഖം മറക്കുന്ന നിഖാബും  തല മറക്കുന്ന ഹിജാബും തമ്മില്‍ തെറ്റിദ്ധരിക്കരുത്.

Latest Videos
Follow Us:
Download App:
  • android
  • ios