മനോലോയുടെ ബിക്കിനി

പൂളിനടുത്തു വെയില് കായുന്ന ബിക്കിനി ധരിച്ച സ്ത്രീകള്‍ വേനല്‍ കാലത്തു അവിടെ പതിവ് കാഴ്ചയായിരുന്നു. ഭിത്തിയില്‍ പിടിപ്പിച്ചിരിക്കുന്ന ടിവിയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടു ആര്‍ത്തു വിളിക്കുന്ന ചെറുപ്പക്കാരും മരക്കസേരകളിലിരുന്നു വൈനും മോന്തി വര്‍ത്തമാനം പറയുന്ന വയസ്സന്മാരും പന്തുമുരുട്ടി മൂക്കും വലിച്ചു നടക്കുന്ന കുട്ടിക്കൂട്ടങ്ങളും ഒക്കെക്കൂടി എപ്പോഴും ആ ബാറിനു  ചുറ്റും ഒരു ഉത്സവപ്രതീതി സൃഷ്ടിച്ചു

Haritha Savithri column Sangria

ചിത്രം വരക്കാനുള്ള കാന്‍വാസുകളും വലിയ നിലക്കണ്ണാടികളും പുസ്തകങ്ങളും തുണികളും സൂക്ഷിക്കാനുള്ള അലമാരകളും കൊണ്ട് നിറച്ചിട്ടും തറയില്‍ നീണ്ടു നിവര്‍ന്നു കിടക്കാനുള്ള സ്ഥലം ആ മുറിയിലുണ്ടായിരുന്നു. മത്തു പിടിപ്പിക്കുന്ന മരപ്പശയുടെ  സുഗന്ധം അവിടെയെങ്ങും തങ്ങിനിന്നു. ഒരു മൂളലോടെ കറങ്ങുന്ന ഫാനിന്റെ കാറ്റുമേറ്റ് പുസ്തകങ്ങളും വായിച്ചു അലസമായി ഞാന്‍ അവിടെ ഒരുപാടു സമയം ചെലവഴിച്ചു

Haritha Savithri column Sangria

ജനലിലൂടെ കാണുന്ന സൂചിത്തലപ്പന്‍ ക്രിസ്മസ് മരങ്ങളെ നോക്കിക്കൊണ്ട് മരപ്പലകകള്‍ പാകിയ തറയില്‍ കിടക്കുകയായിരുന്നു ആ വേനലിലെ ഒഴിവുസമയങ്ങളില്‍ എന്റെ പ്രധാന പണി. ഇടുങ്ങിയ മുറികളില്‍ ശ്വാസം മുട്ടുന്നു എന്ന പരാതി കൊണ്ട് പൊറുതിമുട്ടി എന്റെ ഭര്‍ത്താവ് വീടിനോട് ചേര്‍ന്ന്  വിലകുറഞ്ഞ പൈന്‍ തടികള്‍ കൊണ്ട് പണിയിച്ചതായിരുന്നു ആ മുറി. തണുപ്പുകാലത്ത് ആഴ്ചകളോളം സൂര്യന്‍ മറഞ്ഞിരിക്കുന്ന നാടായത് കൊണ്ട്, കഴിയുന്നത്ര പ്രകാശം കടന്നു വരാന്‍ വേണ്ടി ഒരുപാട് ജനാലകള്‍ അദ്ദേഹം മരപ്പണിക്കാരനോട് പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചു.

ചിത്രം വരക്കാനുള്ള കാന്‍വാസുകളും വലിയ നിലക്കണ്ണാടികളും പുസ്തകങ്ങളും തുണികളും സൂക്ഷിക്കാനുള്ള അലമാരകളും കൊണ്ട് നിറച്ചിട്ടും തറയില്‍ നീണ്ടു നിവര്‍ന്നു കിടക്കാനുള്ള സ്ഥലം ആ മുറിയിലുണ്ടായിരുന്നു. മത്തു പിടിപ്പിക്കുന്ന മരപ്പശയുടെ  സുഗന്ധം അവിടെയെങ്ങും തങ്ങിനിന്നു. ഒരു മൂളലോടെ കറങ്ങുന്ന ഫാനിന്റെ കാറ്റുമേറ്റ് പുസ്തകങ്ങളും വായിച്ചു അലസമായി ഞാന്‍ അവിടെ ഒരുപാടു സമയം ചെലവഴിച്ചു.മടിപിടിച്ചിരിക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു സ്ഥലം ഭൂമിയിലെങ്ങുമില്ലെന്നു തോന്നും വിധം സൗകര്യപ്രദമായ ഒരിടം.

പുറം ലോകവും അവിടെയുള്ള മനുഷ്യരെയും കണ്ടിട്ട് നാളുകളായി എന്ന് പെട്ടെന്നോര്‍മ്മ വരുന്ന ദിവസങ്ങളില്‍ ഞാന്‍ തിടുക്കപ്പെട്ടു നടക്കാനിറങ്ങും അങ്ങനെയൊരു ദിവസമാണ് ഞാന്‍ അഗ്‌നിഷ്‌കയെയും മനോലോയെയും പരിചയപ്പെട്ടത്. മുന്നൂറു  പേരിനടുത്തുമാത്രം ആളുകള്‍  താമസമുള്ള ഞങ്ങളുടെ ഗ്രാമത്തിലെ ഒരേയൊരു സ്ഥാപനമായിരുന്നു സ്വിമ്മിംഗ് പൂളിന് സമീപമുള്ള ആ ബാറ്.

പൂളിനടുത്തു വെയില് കായുന്ന ബിക്കിനി ധരിച്ച സ്ത്രീകള്‍ വേനല്‍ കാലത്തു അവിടെ പതിവ് കാഴ്ചയായിരുന്നു. ഭിത്തിയില്‍ പിടിപ്പിച്ചിരിക്കുന്ന ടിവിയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കണ്ടു ആര്‍ത്തു വിളിക്കുന്ന ചെറുപ്പക്കാരും മരക്കസേരകളിലിരുന്നു വൈനും മോന്തി വര്‍ത്തമാനം പറയുന്ന വയസ്സന്മാരും പന്തുമുരുട്ടി മൂക്കും വലിച്ചു നടക്കുന്ന കുട്ടിക്കൂട്ടങ്ങളും ഒക്കെക്കൂടി എപ്പോഴും ആ ബാറിനു  ചുറ്റും ഒരു ഉത്സവപ്രതീതി സൃഷ്ടിച്ചു. 

Haritha Savithri column Sangria

മനോലോ  പെയിന്റിംഗ്: ഹരിത സാവിത്രി

നുരയുന്ന ബിയര്‍ മഗ്ഗുകളുമായി പുറത്തിട്ടിരിക്കുന്ന കസേരകളിലിരുന്ന് ബഹളം വയ്ക്കുന്ന ആളുകളെ കണ്ടില്ലെന്നു നടിച്ചു പതിവ് പോലെ നടന്നു നീങ്ങിയപ്പോഴാണ് പുറകില്‍ നിന്നൊരു വിളി. എന്നെ അതിശയിപ്പിച്ചു കൊണ്ട് ഒരു പെണ്‍കുട്ടി ഓടി വന്നു എന്റെ കയ്യില്‍ പിടിച്ചു നിറുത്തിയിട്ട് ചറപറാ വര്‍ത്തമാനം തുടങ്ങി. നീ എന്താ എന്റെ ബാറില്‍ വരാത്തത് എന്നാണ് ചോദിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു. ഇംഗ്ലീഷ് അല്ലാതെ മറ്റൊന്നും എനിക്കറിയില്ല എന്ന് പറഞ്ഞു രക്ഷപെടാന്‍ നോക്കിയിട്ടും അവളെന്നെ വിട്ടില്ല. മുറ്റത്തിരുന്നു തുറിച്ചു നോക്കുന്ന ബിയര്‍ കുടിയന്മാരോട് എന്തൊക്കെയോ ശാസനാസ്വരത്തില്‍ ഉറക്കെ പറഞ്ഞു കൊണ്ട് അവളെന്നെ വലിച്ചു അകത്തു കയറ്റി. 

ആദ്യമായി ഒരു ബാറിനകത്ത് കയറുകയാണ്. ഒന്ന് പകച്ചെങ്കിലും എനിക്ക് ആ സ്ഥലം ഇഷ്ടമായി. നീലച്ചായമടിച്ച മേശകളും ബഞ്ചുകളും നാട്ടുമ്പുറത്തെ ഏതോ ചായക്കടയെ ഓര്‍മ്മിപ്പിച്ചു. പൊരിച്ച ചെമ്മീന്റെയും മൊരിയുന്ന ബ്രെഡിന്റെയും സുഖകരമായ ഗന്ധം അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു . ഒരു മൂലക്കിരുന്നു എന്തോ അകത്താക്കുന്ന ഒരു വയസ്സന്റെ അടുത്ത്  എന്നെ ഇരുത്തിയിട്ട് തിടുക്കത്തില്‍ ആ പെണ്‍കുട്ടി അകത്തേക്ക് പോയി. നരച്ച  ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച ഒരു ചെറിയ മനുഷ്യന്‍. കഷണ്ടിത്തലയില്‍ ബാക്കിയുള്ള രോമങ്ങളൊക്കെ നരച്ചിരിക്കുന്നു. അടുത്തൊരു മുണ്ടന്‍ വടി ചാരി വച്ചിട്ടുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണെന്നു വ്യക്തം. ഒരു ചിരിയുടെ അംശം പോലുമില്ലാതെ എന്നെ  ഒന്ന് സൂക്ഷിച്ചു  നോക്കിയിട്ട് അയാള്‍ സ്വന്തം പ്ലേറ്റിലിരിക്കുന്ന ബ്രെഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു . ഇവിടുന്നു എങ്ങനെ പുറത്തു ചാടുമെന്നറിയാതെ ഞാന്‍ കുഴങ്ങി . 

അല്‍പ്പം കഴിഞ്ഞു ഒരു ഗ്ലാസില്‍ നാരങ്ങാനീര് പോലെ എന്തോ പാനീയവും ഒരു ചെറിയ പ്ലേറ്റില്‍ ഉപ്പിലിട്ട ഒലിവു കായകളുമായി അവളെന്റെ അടുത്ത് വന്നിരുന്നു. അപ്പോഴാണ് ഞാനവളെ ശരിക്കും ശ്രദ്ധിച്ചത്. അസാധാരണമാം വിധം പ്രകാശിക്കുന്ന പച്ചക്കണ്ണുകളായിരുന്നു അവള്‍ക്ക്. ആ കണ്ണുകളും സ്വര്‍ണ്ണ നിറത്തിലുള്ള മുടിയും അവള്‍ അന്നാട്ടുകാരിയല്ലെന്നു വിളിച്ചു പറഞ്ഞു. മുറിയന്‍ ഇംഗ്ലീഷില്‍ അവള്‍ എനിക്ക് അവിടിരുന്ന വയസ്സനെ പരിചയപ്പെടുത്തി. 'എന്റെ കാമുകന്‍ മനോലോ'. അവളുടെ കളിയാക്കല്‍ മനസ്സിലാക്കിയിട്ടാവും അയാള്‍ സിഗരറ്റ ്കറ പിടിച്ച പല്ല് കാട്ടി ചിരിച്ചു. 

അവള്‍ സ്വയം പരിചയപ്പെടുത്തി. പേര് അഗ്‌നിഷ്‌ക. പോളിഷ് പൗരത്വമുള്ള ഒരു ഖനിത്തൊഴിലാളിയുടെ മകള്‍. നല്ല രുചിയാണെന്നു പറഞ്ഞു കൊണ്ട് ഗ്ലാസ് അവളെന്റെ മുന്നിലേക്ക് നീക്കി വച്ചു. പോളണ്ട്കാരുടെ കള്ളുകുടിയെപ്പറ്റി പല കഥകളും കേട്ടിട്ടുള്ളത് കൊണ്ട് ഗ്ലാസ്സിലുള്ളത് എന്താണെന്നു പറയാമോ എന്ന് അവള്‍ക്ക് ഒട്ടും വിഷമം തോന്നാത്ത വിധം ഞാന്‍ ചോദിച്ചു മനസ്സിലാക്കി. ഡ്രിങ്കിന്റെ പേര് ക്ലാര. ഞാനുദ്ദേശിച്ചത് പോലെ നാരങ്ങാ നീര് തന്നെ . പക്ഷെ ബിയര്‍ കലര്‍ത്തിയിട്ടുണ്ടെന്ന് മാത്രം. ചവര്‍പ്പും പുളിപ്പും മധുരവും ഒക്കെ കലര്‍ന്ന ഒരു രുചി. എന്റെ മുഖത്ത് അറിയാതെ വന്നു പോയ കഷായം കുടിച്ച ഭാവം കണ്ടിട്ടാവും ഇതെല്ലാം കണ്ടു കൊണ്ടിരുന്ന മനോലോ അവളോട് എന്തൊക്കെയോ പറഞ്ഞു. 

നിനക്ക് ഒരു ബിക്കിനി തരാനാണ് മനോലോ പറയുന്നത് എന്ന് പറഞ്ഞിട്ട് അഗ്‌നിഷ്‌ക അകത്തേക്ക് തിടുക്കത്തില്‍ പോയി. ഞാന്‍ അമ്പരന്നു പോയി. എനിക്കെന്തിനാ ബിക്കിനി എന്നായി എന്റെ സംശയം.ഇനി എന്നെക്കൊണ്ട് ബിക്കിനിയെങ്ങാനും ഇടീക്കുമോ എന്നൊരു  ഭയം മനസ്സില്‍ കൂടെ കടന്നുപോയപ്പോള്‍ ഞാനറിയാതെ എഴുന്നേറ്റു. സ്ഥലം വിടാനാണ് ഭാവമെന്ന് കണ്ടപ്പോള്‍ മനോലോ ഒച്ചയുയര്‍ത്തി അഗ്‌നിഷ്‌ക്കയെ വിളിച്ചു. അവള്‍ പരിഭ്രമത്തോടെ ഓടി വന്നു. 'നിനക്കുള്ള ബിക്കിനി ശരിയാക്കുകയാണ്, പോകല്ലേ' എന്നായി അവള്‍.  

എനിക്ക് ബിക്കിനി ഇടുന്നത് ഇഷ്ടമല്ല എന്ന് രണ്ടും കല്‍പ്പിച്ചു ഞാനങ്ങു തട്ടി. ഒരു നിമിഷം എന്നെ തുറിച്ചു നോക്കി നിന്നിട്ട് അവള്‍ പൊട്ടിച്ചിരിച്ചു. ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും സംഭവിക്കുന്നതെന്തെന്നറിയാതെ മനോലോയും പരസ്പരം നോക്കി. ചിരിച്ചു ചുവന്ന മുഖവും കണ്ണില്‍ നിറഞ്ഞ വെള്ളവുമായി അവള്‍ മനോലോയുടെ പ്ലേറ്റിലിരുന്ന ബ്രെഡ് എടുത്തു കാട്ടി. 'കഴുതേ, ഇതാണ് ബിക്കിനി!'

ബ്രെഡിനുള്ളില്‍ ബേക്കണും ചീസും വച്ച സാന്‍ഡ് വിച്ച്. സംഗതി മനസ്സിലായ മനോലോയും അലറിച്ചിരിക്കാന്‍ തുടങ്ങി. ചമ്മിയ മുഖത്തോടെ ഒരു പുളിച്ച ചിരിയുമായി നിന്ന എന്നെ അവള്‍ കെട്ടിപ്പിടിച്ചു. ഭക്ഷണത്തിന്റെ മണവും അടുപ്പിലെ തീയുടെ ചൂടുമുള്ള ആലിംഗനം. പിന്നിലിട്ടിട്ടു വന്ന നാടിനെയു വീടിനെയും കുറിച്ചുള്ള ഓര്‍മ്മകള്‍ പെട്ടെന്ന് തള്ളിക്കയറി വന്നത് കാരണമാണോ അതോ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ കലര്‍പ്പില്ലാത്ത സ്‌നേഹം മൂലമാണോ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു.

ബാര്‍ എന്ന വാക്കിനോടുണ്ടായിരുന്ന അകല്‍ച്ച പതുക്കെ ഇല്ലാതായി. വല്ലപ്പോഴും മാത്രം പുറത്തിറങ്ങിയിരുന്ന ഞാന്‍ രാവിലെ തന്നെ പണിയൊക്കെ തീര്‍ത്തു അഗ്‌നിഷ്‌കയെ കാണാന്‍ പോകാന്‍ തുടങ്ങി. എരിവുള്ള പോളിഷ് ഭക്ഷണം മിസ്സ് ചെയ്യുന്നു എന്ന് സങ്കടപ്പെടുന്ന അവള്‍ക്കു വേണ്ടി, ഞാന്‍ ഒരുപാടു കുരുമുളക് ചേര്‍ത്ത് പോത്തിറച്ചി തേങ്ങാക്കൊത്തിട്ടു വരട്ടിയതും പലതരം കട്‌ലറ്റുകളും ഉണ്ടാക്കി. നീട്ടി വളര്‍ത്തിയ മുടി മുറിച്ചു ചെറുതാക്കേണ്ടതിന്റെയും പുരികങ്ങള്‍ വില്ലുപോലെ ഷേപ്പ് ചെയ്യേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ആംഗ്യങ്ങള്‍ കലര്‍ത്തി അഗ്‌നിഷ്‌ക എന്നോട് ദീര്‍ഘമായി സംസാരിച്ചു. മിക്കവാറും, ഒന്നും മിണ്ടാതെ അവള്‍ സംസാരിക്കുന്നത് നോക്കിയിരിക്കാറാണ് പതിവ്. ഈ ലോകത്തിന്റെ അങ്ങേയറ്റത്ത് എന്നപോലെ ഒറ്റപ്പെട്ടു പോയ എനിക്ക് അവളെക്കാണുമ്പോള്‍ ജീവിതത്തിന്റെ ഒരു കഷണം കളഞ്ഞു കിട്ടിയത് പോലെ തോന്നി.

Haritha Savithri column Sangria

മനോലോയും ആഗയും

പലപ്പോഴും മനോലോയും ഞങ്ങളുടെ സംഭാഷണങ്ങളില്‍ പങ്കു ചേര്‍ന്നു.ഞാന്‍ ചെറിയ പാത്രങ്ങളില്‍ ആഗയ്ക്കായി കൊണ്ട് വരുന്ന ഭക്ഷണം രുചി നോക്കിയിട്ട് എരിവു സഹിക്കാന്‍ വയ്യാതെ ശാപ വാക്കുകളുടെ അകമ്പടിയോടെ തണുത്ത ബിയര്‍ കാനുകള്‍ ഒന്നൊന്നായി കാലിയാക്കുകയായിരുന്നു അങ്ങേരുടെ പ്രധാന ജോലി. ഇടയ്ക്കിടക്ക് ഉണക്കിയ ഇറച്ചിയും ചീസും ഉള്ളിലാക്കിയ ബിക്കിനികള്‍ വാങ്ങിത്തന്ന് മനോലോ എന്നെ സല്‍ക്കരിച്ചു. ഭാഷ ഒരു വലിയ പ്രശ്‌നം തന്നെയായിരുന്നു. ഒരു വാക്ക് പോലും ഞങ്ങള്‍ക്ക് പരസ്പരം കൈമാറാന്‍ കഴിഞ്ഞില്ല. പക്ഷെ ആഗ എന്ന് ഞാന്‍ വിളിച്ചു തുടങ്ങിയ അഗ്‌നിഷ്‌ക ദ്വിഭാഷിയുടെ പണി നന്നായി ചെയ്തു. ചെത്തിയുഴിഞ്ഞെടുത്ത ഒരു മരക്കൊമ്പിന്റെ സഹായത്തോടെ വിറച്ചു വിറച്ചു നടക്കുന്ന ആ വയസ്സനു വെറും അറുപതു വയസ്സേ ഉള്ളു എന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. രണ്ടു വര്‍ഷം മുന്‍പ് വരെ ഒരു ടയര്‍ ഫാക്ടറിയില്‍ പൂര്‍ണ്ണാരോഗ്യവാനായി ജോലി ചെയ്തിരുന്ന മനേല്‍ എന്ന മനോലോ പെട്ടെന്നൊരു പക്ഷാഘാതമുണ്ടായതോടെ ഈ അവസ്ഥയിലെത്തുകയായിരുന്നു. ഭാര്യയും മക്കളും എവിടെയോ ഉണ്ട് എന്നറിയാം. അവരുടെ അടുത്തേക്ക് പോയ്ക്കൂടെ എന്ന ചോദ്യത്തിന് നൈരാശ്യം കലര്‍ന്ന ഒരു ചിരി മാത്രമായിരുന്നു മറുപടി!

ഞങ്ങളുടെ മൂന്നു പേരുടെയും സൗഹൃദം ഗ്രാമത്തിലെ കുടിയന്മാര്‍ക്ക് ഒരു തമാശയായിരുന്നു. ഞാന്‍ ബാറിലേക്ക് നടന്നു ചെല്ലുന്നത് കാണുമ്പോള്‍ മുറി ഇംഗ്ലീഷില്‍ അവര്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങും. ഗ്രാമത്തിലെ ആസ്ഥാന കഞ്ചാവ് വില്‍പ്പനക്കാരനായ ജോര്‍ദിയോടും മറ്റും  ഞാന്‍ ചിരിച്ചു തമാശകള്‍ പൊട്ടിക്കുന്നത് കണ്ടു എന്റെ ഭര്‍ത്താവ് അമ്പരന്നു. കിലുക്കാംപെട്ടിയെപ്പോലെ ബഹളം വയ്ക്കുന്ന അഗ്‌നിഷ്‌കയുടെ സാമീപ്യം തന്നെയായിരുന്നു എന്റെ മാറ്റത്തിന് കാരണം. വിചിത്രമായ ഒരു കൂട്ടുകെട്ട് തന്നെയായിരുന്നു അത്. തവിട്ടു നിറവും നീണ്ട തലമുടിയുമുള്ള ആരോടും മിണ്ടാത്ത ഒരു ഇന്ത്യക്കാരി, മഞ്ഞു പോലെ വെളുത്ത, കുരുവിയെപ്പോലെ ചിലക്കുന്ന ഒരു പോളിഷ് സുന്ദരി, പിറുപിറുക്കുന്നത് പോലെ സംസാരിക്കുന്ന, എഴുന്നേറ്റു നടക്കാന്‍ വയ്യാത്ത ഒരു കിളവന്‍. ലോകത്തിന്റെ മൂന്നറ്റത്തു നിന്ന് വന്നവര്‍. പൊതുവായ ഒരു ഭാഷ പോലും  ഞങ്ങള്‍ക്കിടയിലില്ലായിരുന്നു. പക്ഷെ ഉള്ളിലെവിടെയോ തണുത്ത മഞ്ഞുകട്ട പോലെ ഉറഞ്ഞു കിടന്ന ഏകാന്തത ഞങ്ങളെ ഒരുമിച്ചു നിറുത്തി.

ആയിടക്കാണ് അഗ്‌നിഷ്‌ക എന്നോടാ വാര്‍ത്ത പറഞ്ഞത്.  കരാറിനെടുത്തിരിക്കുന്ന മുതലാളിക്ക് വലിയ ലാഭമൊന്നും കിട്ടാത്തത് മൂലം ബാര്‍ അടച്ചേക്കും.  മൊട്ടത്തലയും ദുര മൂത്ത കണ്ണുകളുമുള്ള ആ മനുഷ്യനെ എനിക്കറിയാമായിരുന്നു. അയാളത്  ചെയ്യുമെന്ന് പേടിയോടെ ഞാന്‍ മനസ്സിലുറപ്പിച്ചു. അത് പോലെ തന്നെ സംഭവിച്ചു. മഞ്ഞു വീണു മരത്തലപ്പുകള്‍ മൂടും മുമ്പ് ബാര്‍ പൂട്ടി. ഗ്രാമം ഉറങ്ങിപ്പോയി. അഗ്‌നിഷ്‌ക ഒരു ഫാക്ടറിയില്‍ ചെറിയൊരു ജോലി സംഘടിപ്പിച്ചു. ഞാന്‍ പഴയത് പോലെ എന്റെ മുറിയിലേക്കൊതുങ്ങി. ചിത്രം വരയും പാചകവും ഒക്കെയായി ദിവസങ്ങള്‍ വീണ്ടും പഴയത് പോലെയായി. 

അപ്രതീക്ഷിതമായി ഒരു ദിവസം എനിക്ക് അഗ്‌നിഷ്‌കയുടെ ഫോണ്‍ വന്നു. 

'നീയറിഞ്ഞോ, മനോലോ മരിച്ചു, നാളെ നമ്മുടെ ഗ്രാമത്തിലെ പള്ളിയിലാണ് ശവസംസ്‌കാരം!'. 

അവള്‍ കരയുകയായിരുന്നു. മരണത്തിന്റെ തണുത്ത, മൂര്‍ച്ചയുള്ള വേദന ഒരുപാടു നാള്‍ കൂടി ഞാന്‍ വീണ്ടുമറിഞ്ഞു.  മരപ്പലകകളില്‍ തല ചേര്‍ത്ത് വച്ചു കിടന്നു കൊണ്ട് ഇരുണ്ടു മൂടിയ ആകാശത്തിലേക്ക് നോക്കി ഞാന്‍ ആരോടെന്നില്ലാതെ,നിശ്ശബ്ദമായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. 

മനോലോ മരിച്ചിട്ട് ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ കഴിഞ്ഞു . അഗ്‌നിഷ്‌ക തന്റെ ഫാക്ടറിപ്പണി തന്നെ തുടരുന്നു. പലതരം ബിക്കിനികള്‍ ഉണ്ടാക്കാനായി ഞാന്‍ ഒരു സാന്‍ഡ് വിച്ച് മെഷീന്‍ വാങ്ങി. ചില വാക്കുകള്‍ക്ക് ചിലപ്പോള്‍ മറ്റാരുമറിയാത്ത ചില അര്‍ത്ഥങ്ങളുണ്ടാകും. ഉദാഹരണത്തിന് , ബിക്കിനി എന്ന വാക്കിന് സ്‌നേഹം എന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് എനിക്കല്ലാതെ ഈ ലോകത്ത് വേറെ ആര്‍ക്കറിയാം?
 

Latest Videos
Follow Us:
Download App:
  • android
  • ios