തീക്കാറ്റിന്റെ നാട്ടിലേക്കൊരു പെണ്‍യാത്ര!
ബാസ്‌ക് കണ്‍ട്രിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന 'എത്ത' എന്ന വിപ്ലവ സംഘത്തിനെ ഒരുകാലത്ത് നയിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു യോയെസ്. സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാഗ്രഹിച്ച അവരെ മൂന്നു വയസ്സുള്ള മകന്റെ മുന്നില്‍ വച്ചു വെടിവച്ചു കൊന്നുകളയുകയാണ് ഉണ്ടായത്. പൊടുന്നനെ എനിക്ക് ഐനോവയുടെ രോഷത്തിനു പിന്നിലുള്ള നോവ് മനസ്സിലായി.
കടും ചുവപ്പ് നിറമുള്ള വിളക്കുകള്‍ മരം കൊണ്ടുള്ള മച്ചില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ഒരു ബാറിലായിരുന്നു ഞാനും ആഗയും. തണുപ്പില്‍ നിന്നു രക്ഷപ്പെടാനുള്ള ഇരുമ്പ് കൊണ്ടുള്ള നെരിപ്പോട് മുറിയുടെ ഒത്ത നടുക്കായിരുന്നു പിടിപ്പിച്ചിരുന്നത്. അതിനു ചുറ്റും അടുക്കിവച്ചിരിക്കുന്ന പൈന്‍മരക്കഷണങ്ങളില്‍ നിന്നും അപ്പോള്‍ മുറിച്ചെടുത്തതെന്നപോലെ സുഗന്ധം വമിച്ചു കൊണ്ടിരുന്നു. മുറിയില്‍ തങ്ങി നില്ക്കുന്ന നേര്‍ത്ത പുകയും ചുവന്ന നിറമുള്ള ഇരുണ്ട വെളിച്ചവും ചുരുട്ടിന്റെയും സിഗരറ്റിന്റെയും മരവീപ്പകളില്‍ നിറച്ച വീഞ്ഞിന്റെയും ഗന്ധവും ഒക്കെക്കൂടി മന്ദഗതിയില്‍ ഇഴയുന്ന നിറപ്പകിട്ടുള്ള ഒരു സ്വപ്നം പോലെ എനിക്ക് തോന്നി.
ആഗയുമായി പകല്‍ മുഴുവന്‍ അലഞ്ഞു തിരിയുകയായിരുന്നു ഞാന്‍. ബാസ്‌ക് കണ്‍ട്രിയിലെ ഓര്‍ഡീസിയ എന്ന ചെറിയൊരു ടൗണിലായിരുന്നു ഞങ്ങള്‍.ഐനോവ എന്നൊരു കൂട്ടുകാരിയെ സന്ദര്‍ശിക്കാനായി ബാസ്‌ക് കണ്‍ട്രിയിലേയ്ക്ക് പോകുന്നു എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കൂടി വരുന്നു എന്ന് പറഞ്ഞു കൂടെ ഇറങ്ങിപ്പുറപ്പെട്ടതാണ്. തണുപ്പുകാലത്ത് സാധാരണയായി എനിക്കനുഭവപ്പെടുന്ന മടുപ്പും വിരസതയും ഒന്ന് മാറിക്കിട്ടും എന്നോര്‍ത്ത് ഇവാനും മറിച്ചൊന്നും പറഞ്ഞില്ല.
ഹരിത സാവിത്രിആദ്യമായിട്ടായിരുന്നു ഞങ്ങളൊരുമിച്ച് അത്രയും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു യാത്ര ചെയ്യുന്നത്. ഒരുക്കങ്ങള്‍ ഞാന്‍ രണ്ടു ദിവസം മുമ്പ് തന്നെ തുടങ്ങി. ബാസ്‌ക് കണ്‍ട്രിയിലെ എല്ലുകളിലേയ്ക്കരിച്ചു കയറുന്ന നനവുള്ള തണുപ്പ് കുപ്രസിദ്ധമാണ്. കൊടും തണുപ്പുള്ളപ്പോള്‍ മാത്രം പുറത്തെടുക്കാറുള്ള പക്ഷിത്തൂവല്‍ നിറച്ച മുട്ട് വരെ ഇറക്കമുള്ള വലിയ ജാക്കറ്റും കയ്യുറകളും തടിച്ച കമ്പിളി സോക്‌സുകളും രോമക്കുപ്പായങ്ങളും നിറച്ച രണ്ടു വലിയ ബാഗുകള്‍ യാത്രയ്ക്കായി തയ്യാറാക്കി. വീട്ടിലുണ്ടാക്കിയ അരിമുറുക്കും നല്ല എരിവുള്ള ഇഞ്ചിക്കറിയുടെയും കുനുകുനാ പച്ചമുളകും ഇഞ്ചിയും അരിഞ്ഞിട്ട ഉപ്പിലിട്ട ഒലിവു കായകളുടെയും കുപ്പികളും അടങ്ങുന്ന ഒരു ഒരു ഭക്ഷണ സഞ്ചി ബാഗിനുള്ളില്‍ ഞാന്‍ ഒളിപ്പിച്ചു വച്ചു. ഒരാഴ്ച മുഴുവന്‍ പുഴുങ്ങിയതും ആവികയറ്റിയതും ബേക്ക് ചെയ്തതുമായ എരിവും പുളിയും ഉപ്പുമില്ലാത്ത ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി ഓര്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു.കറുപ്പും വെളുപ്പും നിറങ്ങളുള്ള ഒതുങ്ങിയ മിനി കൂപ്പറിന് പകരം രാവിലെ വീടിനു മുന്നില്‍ ഇരച്ചു വന്നു നിന്നത് ആഗയുടെ അച്ഛന്റെ പഴയ ലാന്‍ഡ് റോവറാണ്. അത് കാണുമ്പോഴൊക്കെ എനിക്ക് നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളെയാണ് ഓര്‍മ്മ വരിക. എന്തിനാണോ ഇവളീ പാട്ടവണ്ടിയുമായി വന്നത് എന്നോര്‍ത്ത് അല്‍പ്പം പരിഭ്രമത്തോടെയാണ് ഞാന്‍ ബാഗുകളുമായി ഇറങ്ങി വന്നത്.
വണ്ടിയുടെ ബോണറ്റിനു മുകളില്‍ നിവര്‍ത്തിയിട്ടിരുന്ന മാപ്പ് നോക്കി വളരെ ഗൗരവത്തോടെ പോകേണ്ട വഴികള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഇവാന്റെയും ആഗയുടെയും തോളുകള്‍ക്ക് മുകളിലൂടെ ഞാന്‍ എത്തി നോക്കി. കണ്ടുമുട്ടിയാല്‍ പരസ്പരം കളിയാക്കാന്‍ ഒരവസരവും വിട്ടുകളയാത്ത അവര്‍ക്ക് രണ്ടുപേര്‍ക്കും പൊതുവായുള്ള ചില ദുസ്വഭാവങ്ങളിലൊന്നായിരുന്നു ജിപിഎസിനോടുള്ള വെറുപ്പ്. കനത്ത പുറംചട്ടയുള്ള പുസ്തകരൂപത്തിലെ പ്രാണികള്‍ കരണ്ട പഴയ മാപ്പുകളുടെ ശേഖരം ഇരുവരുടെയും കാറുകള്‍ക്കുള്ളില്‍ എപ്പോഴുമുണ്ടാകാറുണ്ട്.
ആഗപോകേണ്ട വഴികള്‍ അവളൊരു ചുവന്ന പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. അത്ഭുതത്തോടെ ഞാന്‍ ഒച്ചയിട്ടു. “ഇത് ചിന്‍ഡോക്കി പര്‍വതമല്ലേ?” അവള്‍ പച്ചക്കണ്ണുകള്‍ വിടര്‍ത്തി ചിരിച്ചു. “നമ്മള്‍ ഹൈവേ വഴിയല്ല പോകുന്നത്. ബാസ്‌ക് മലനിരകളിലൂടെ.. ഓറിയ നദിയുടെ കരയിലൂടെ..ഗ്രാമ പാതകളിലൂടെ മാത്രം..” ഗ്രാമങ്ങളെയും നഗരങ്ങളെയും സ്പര്‍ശിക്കാതെ തരിശു ഭൂമികളിലൂടെ കടന്നു പോകുന്ന ഹൈവേകളിലൂടെയുള്ള ഒരു മടുപ്പന്‍ യാത്രയായിരിക്കും എന്ന് കരുതിയിരുന്ന എനിക്ക് ആവേശമായി.
ബാഗുകള്‍ വയ്ക്കാനായി ബാക്ക് ഡോര്‍ തുറന്നപ്പോഴാണ് ഇവാന്റെ കരിമ്പച്ച നിറമുള്ള നരച്ച ടെന്റ് കണ്ടത്. അപ്പോഴീ നാട്ടിന്‍പുറത്ത് കൂടെയുള്ള യാത്ര രണ്ടുപേരും കൂടെ ആസൂത്രണം ചെയ്തതാണ്. പരാതി പറയാനായി തിരിഞ്ഞ ഞാന്‍ ഇവാന്റെ മുഖത്തെ ഗൗരവം കണ്ടു വായടച്ചു. കാട്ടുപാതകളില്‍ ഓടാന്‍ പോകുമ്പോള്‍ ബെല്‍റ്റില്‍ കൊളുത്തിയിടുന്ന തുകലുറയിട്ട തിളങ്ങുന്ന കത്തി എന്റെ കയ്യിലേല്‍പ്പിച്ചിട്ട് ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ മടിക്കണ്ട എന്ന് കൂടി പറഞ്ഞപ്പോള്‍ കടന്നു പോകേണ്ട വഴിയെപ്പറ്റി എനിക്കൊരൂഹം കിട്ടി. 'സുരക്ഷിതയായി തിരിച്ചു വാ' എന്ന് പറഞ്ഞ് എനിക്ക് നെറുകയിലൊരുമ്മയും ആഗയ്ക്ക് തലയിലൊരു തലോടലും തന്ന് ചിരിച്ച മുഖത്തോടെ യാത്രയാക്കിയെങ്കിലും ഉള്ളിലെ ആശങ്ക ഇവാന്‍റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.
പതിവുപോലെ ബഹളമയമായാണ് ആ യാത്രയും തുടങ്ങിയത്. കാറിനുള്ളില്‍ മുഴങ്ങിയ ചടുലമായ പോളിഷ് നൃത്തഗാനങ്ങളുടെ ഒച്ചയെ കവച്ചു വയ്ക്കുന്ന ശബ്ദത്തില്‍ ഞങ്ങള്‍ ചിലച്ചു കൊണ്ടേയിരുന്നു. നല്ലൊരു മെക്കാനിക്ക് കൂടിയായ ആഗയുടെ അച്ഛന്‍ ആ കാറിന്‍റെ മുകള്‍ ഭാഗം മുറിച്ചു മാറ്റി പകരം ഗ്ലാസ്സ് പിടിപ്പിച്ചിരുന്നു. സീറ്റ് ചായ്ച്ചു കിടന്നാല്‍ മുകളില്‍ ഒഴുകിപ്പോകുന്ന ഇളം നീല നിറത്തിലുള്ള ആകാശവും ആട്ടിന്‍ പറ്റങ്ങളെപ്പോലെയുള്ള മേഘങ്ങളെയും കാണാം. വര്‍ത്തമാനം പറഞ്ഞു തളര്‍ന്നപ്പോള്‍ ആകാശവും നോക്കിക്കിടന്നു ഞാന്‍ ഉറങ്ങിപ്പോയി.
എപ്പോഴോ ഒരു കുടുക്കത്തോടെ വണ്ടി നിന്നപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ആഗ വെളിയിലിറങ്ങി ഒരു സിഗരറ്റ് വലിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരേയിരുപ്പില്‍ മരവിച്ച കൈകാലുകള്‍ വലിച്ചു നീര്‍ത്തിയിട്ടു ഞാനും പുറത്തേയ്ക്കിറങ്ങി.
'ഓര്‍ഡീസിയയിലേയ്ക്ക് ഇനി നാനൂറു കിലോമീറ്ററുകളോളം ബാക്കിയുണ്ട്. നമുക്കിന്നു ഈ ഗ്രാമത്തില്‍ കൂടിയാലോ?'-അവള്‍ ചോദിച്ചു.
തണുപ്പുകാലത്തെ ഉരുളക്കിഴങ്ങ് കൃഷിക്കായി ഉഴുതു മറിച്ചിട്ടിരിക്കുന്ന ഒരു വയലിന് അടുത്താണ് അവള്‍ വണ്ടി നിര്‍ത്തിയിരുന്നത്. നനഞ്ഞ കളിമണ്ണിന്‍റെയും വൈക്കോലിന്‍റെയും ചാണകത്തിന്‍റെയും മണം കേട്ട് ക്ഷീണമാകെ എവിടെയോ പോയൊളിച്ചു. അകലെ കൃഷിക്കാരുടെ ഫാം ഹൗസുകളും തണുത്തു മരവിച്ചു പോയ ഉണക്കപ്പുല്ലുകള്‍ കടിച്ചു വലിക്കുന്ന പശുക്കളെയും കാണാമായിരുന്നു. ദൂരെയെവിടെ നിന്ന് പള്ളിമണികളുടെ നാദം കാറ്റിലൊഴുകി വന്നു. കേരളത്തിലെ എന്‍റെ കുഞ്ഞു ഗ്രാമത്തിലെത്തുമ്പോള്‍ അനുഭവപ്പെടാറുള്ള അതേ പ്രശാന്തതയും സമാധാനവും എന്നെ തഴുകി.
ഒരു വയസ്സന്‍ കൃഷിക്കാരന്റെ വീടിനടുത്ത് ടെന്റുറപ്പിക്കാനുള്ള അനുവാദം അധികം കഷ്ടപ്പെടാതെ കിട്ടി. രാത്രിയില്‍ അത്താഴത്തിനു കൂടെക്കൂടാനുള്ള വീട്ടുടമസ്ഥയുടെ ഉദാരമായ ക്ഷണം ഞാനും ആഗയും അത്യാഹ്ലാദത്തോടെ സ്വീകരിച്ചു. നിലവറയില്‍ നിന്നെടുത്ത ഒന്നാന്തരം ചുവന്ന വീഞ്ഞും പന്നിയുടെ കവിള്‍ വരട്ടിയതും ബേക്ക് ചെയ്‌തെടുത്ത വെണ്ണപോലെയുള്ള ഉരുളക്കിഴങ്ങും വീട്ടിലുണ്ടാക്കിയ ഇളം മഞ്ഞ നിറമുള്ള ചീസും ഒക്കെയായി രാജകീയമായ സല്‍ക്കാരം തന്നെയായിരുന്നു അത്. നിറഞ്ഞ വയറുമായി സ്ലീപ്പിംഗ് ബാഗിനുള്ളില്‍ കയറേണ്ട താമസം, പശുക്കളുടെ അമറലും പട്ടികളുടെ കുരയും ചാണകത്തിന്‍റെ ഗന്ധവും ഒന്നുമറിയാതെ ഞാന്‍ അഗാധമായ ഉറക്കത്തിലേക്ക് വീണു.
വീണ്ടും വരണമെന്ന ആ വൃദ്ധ ദമ്പതികളുടെ അഭ്യര്‍ത്ഥനയ്ക്ക് തീര്‍ച്ചയായും വരും എന്ന് മറുപടി പറഞ്ഞത് ആത്മാര്‍ത്ഥമായിത്തന്നെയാണ്. പിരിയാന്‍ നേരം ഒരു കുപ്പി പാലും ഇറച്ചി അകത്തു വച്ച തടിച്ച അടകളും ചുവന്ന് തുടുത്ത ആപ്പിളുകളും നിറഞ്ഞ ഒരു വലിയ ചൂരല്‍ കൂട അവര്‍ കാറിന്‍റെ പിന്‍ സീറ്റില്‍ വച്ചു തന്നു. അങ്ങ് ദൂരെ മഞ്ഞിന്‍ തൊപ്പിയുമണിഞ്ഞു നില്‍ക്കുന്ന ബാസ്‌ക് പര്‍വതനിരകള്‍ കാണാം. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ഇതിനു കുറുകെ കടക്കണം. പിന്നെ ഓറിയ നദിക്കരയിലൂടെ വീണ്ടുമൊരു അമ്പതു കിലോമീറ്റര്‍ വണ്ടിയോടിച്ചാലേ ഓര്‍ഡീസിയയിലെത്തു.
കടന്നു പോകാനുള്ള ദുര്‍ഘടമായ വഴിയെപ്പറ്റിയുള്ള ചിന്തയിലാവണം ആഗയുടെ മുഖമാകെ മുറുകിയിരുന്നു. ട്രാക്ടറുകള്‍ ഉഴുതു മറിച്ചിട്ടിരിക്കുന്ന കളിമണ്‍ പാതകളിലൂടെ ഞങ്ങളുടെ കാര്‍ വലിയൊരു മേഘം പോലെ പൊടിയുടെ ഒരു വാലും അവശേഷിപ്പിച്ചു കൊണ്ട് പതുക്കെ നീങ്ങി. കുടുക്കം കൊണ്ട് കുടല്‍ പുറത്തു വരും പോലെ എനിക്ക് മനം പുരട്ടി. വഴിയില്‍ അവിടവിടെയായി കൂട്ടം കൂടിനിന്ന പശുക്കള്‍ അമറിക്കൊണ്ട് വഴിമാറിത്തന്നു. ശൈത്യകാലത്തേയ്ക്കുള്ള വൈക്കോല്‍ കെട്ടുകളുമായി പോകുന്ന ചില കുതിര വണ്ടികളും കൊഴുത്തുരുണ്ട ആട്ടിന്‍ പറ്റങ്ങളും ഇടതൂര്‍ന്ന രോമങ്ങളുള്ള പട്ടികളുമായി നടക്കുന്ന കനത്ത കോട്ടുകള്‍ ധരിച്ച ഇടയന്മാരുമല്ലാതെ വഴിയിലധികമാരും ഉണ്ടായിരുന്നില്ല.
പൊടി നിറഞ്ഞ നാട്ടുപാതകള്‍ വിട്ടു ഞങ്ങള്‍ ഉറച്ച ടാര്‍റോഡില്‍എത്താന്‍ ഒരു മണിക്കൂറോളം എടുത്തു. അപകടങ്ങള്‍ക്ക് കുപ്രശസ്തമായ ബാസ്‌ക് മലനിരകള്‍ക്ക് കുറുകെയുള്ള റോഡിന്റെ ആരംഭമായിരുന്നു അത്. ഒരുപാട് വളവുകള്‍ ഉണ്ടായിരുന്നെങ്കിലും കുത്തനെയുള്ള ചുണ്ണാമ്പ് പാറകള്‍ നിറഞ്ഞ മലനിരകളിലൂടെയുള്ള റോഡുകള്‍ ഞങ്ങള്‍ പിന്നിട്ട ഗ്രാമ പാതകളെക്കാള്‍ വളരെ ഭേദമായിരുന്നു. ആകാശത്തെ പിളര്‍ക്കാനെന്ന പോലെ ചുറ്റും തലയുയര്‍ത്തി നിന്ന പര്‍വതശിഖരങ്ങളുടെ മഞ്ഞുതൊപ്പികളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളം ചെറിയ ചാലുകളായി റോഡിലൂടെ ഒഴുകിക്കൊണ്ടിരുന്നു. ബ്ലാക്ക് ഐസ് എന്ന് യാത്രികര്‍ വിളിക്കുന്ന അദൃശ്യമായ മഞ്ഞുപാളികളിലൂടെ ടയറുകള്‍ കയറുമ്പോഴുള്ള കിരുകിരാ ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും അടുത്ത മൂന്നു മണിക്കൂറുകളില്‍ കേട്ടതേയില്ല. ഇടയ്‌ക്കെപ്പോഴോ കടന്നു പോയ നാലഞ്ച് കാറുകളും അങ്ങ് മുകളില്‍ കൂറ്റന്‍ ചിറകുകള്‍ വീശി പറന്നു കൊണ്ടിരുന്ന ചില പക്ഷികളും മാത്രമായിരുന്നു അവിടെയുള്ള ജീവന്‍റെ അടയാളങ്ങള്‍.
ഭക്ഷണത്തിനും വിശ്രമത്തിനുമായി അരമണിക്കൂറോളം ഞങ്ങള്‍ ആ മലമ്പാതയുടെ ഓരത്തു വണ്ടി നിര്‍ത്തി. ആ കര്‍ഷക ദമ്പതികള്‍ സ്‌നേഹത്തോടെ തന്നയച്ച പാലും അടയും ആപ്പിളുകളുമൊക്കെ നല്ല വിശപ്പോടെ അകത്താക്കിയ ശേഷം ഒരു സിഗരറ്റിന്‍റെ പുക ആസ്വദിച്ചു വിഴുങ്ങിക്കൊണ്ട് ആഗ അല്‍പ്പം ദൂരെയായി കാണപ്പെട്ട ഒരു പര്‍വതത്തിലേയ്ക്ക് വിരല്‍ ചൂണ്ടി. നോക്ക്. അതാണ് നിന്റെ ചിന്‍ഡോക്കി. പിരമിഡ് രൂപത്തിലുള്ള ഒരു പര്‍വതം വൈകുന്നേരത്തെ സൂര്യന്റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ മഞ്ഞനിറം പൂണ്ടു നില്‍ക്കുന്നു. ഇതിനെ ചുറ്റിപ്പറ്റി ഒരുപാട് യക്ഷിക്കഥകള്‍ ബാസ്‌ക് കണ്‍ട്രിയില്‍ പ്രചാരത്തിലുണ്ട്. അപ്പോള്‍ ഇനിയധികം ദൂരമില്ല ഓര്‍ഡീസിയയിലേയ്ക്കു എന്നര്‍ത്ഥം.
തുടര്‍ന്നുള്ള മലമ്പാത ആഗയുടെ കാര്‍ ഒരു മണിക്കൂര്‍ കൊണ്ട് പിന്നിട്ടു. നദീതീരത്തു നീട്ടിവിരിച്ച നീണ്ട ഒരു റിബണ്‍ പോലെയുള്ള റോഡിലൂടെയായിരുന്നു ബാക്കിയുള്ള യാത്ര. വൈകുന്നേരത്തെ മഞ്ഞ നിറത്തിലുള്ള സൂര്യപ്രകാശം തട്ടി തിളങ്ങുന്ന നേര്‍ത്ത ഒരു സ്വര്‍ണ്ണനാട പോലെയുള്ള ഓറിയ നദിയും അതിലൊഴുകി നടന്നിരുന്ന വാത്ത് കൂട്ടങ്ങളും ആ യാത്രയിലെ ഏറ്റവും സുന്ദരമായ കാഴ്ചയായിരുന്നു. നദിയുടെ ഇരുവശങ്ങളിലുമിട്ടിരുന്ന ബഞ്ചുകളില്‍ പ്രണയസല്ലാപങ്ങളിലേര്‍പ്പെട്ടിരുന്ന കമിതാക്കളും കുട്ടികള്‍ കളിക്കുന്നത് നോക്കിയിരിക്കുന്ന അച്ഛനമ്മമാരും കൂട്ടം കൂടിയിരുന്നു കുശുകുശുക്കുന്ന മൂടിപ്പുതച്ച വൃദ്ധരും കുത്തിക്കയറുന്ന തണുപ്പിനെയും ചൂളം വിളിക്കുന്ന ഹിമക്കാറ്റിനെയും തെല്ലുപോലും വകവയ്ക്കുന്നുണ്ടായിരുന്നില്ല.
ഐനോവയുടെ വീട്ടിലെത്തിയതും ഇളം ചൂട് വെള്ളത്തില്‍ ഒരു കുളിയും പാസ്സാക്കി ഞാന്‍ മഞ്ഞുപോലെ വെളുത്ത പുതപ്പുകള്‍ക്കുകള്ളില്‍ നുഴഞ്ഞു കയറി. കൂട്ടുകാരികളുടെ അട്ടഹാസവും ശ്വാസം മുട്ടിക്കുന്ന സിഗരറ്റിന്റെ പുകയും കാരണം നിരവധി തവണ ഉണര്‍ന്നെങ്കിലും നേരം പുലര്‍ന്നപ്പോള്‍ എനിക്ക് ക്ഷീണമൊട്ടും ഉണ്ടായിരുന്നില്ല.
സ്വീകരണമുറിയിലെ കാഴ്ച കണ്ടു എനിക്ക് ചിരിയടക്കാനായില്ല. ഒഴിഞ്ഞ വോഡ്കയുടെയും ക്രെമാകതലാനയുടെയും കുപ്പികള്‍ക്കും ചിതറിക്കിടക്കുന്ന സിഗരറ്റ് കുറ്റികള്‍ക്കും നടുവില്‍ എന്‍റെ ഇഞ്ചിക്കറിയുടെ പകുതിയൊഴിഞ്ഞ കുപ്പി! ഈശ്വരാ, ഇവളിതെങ്ങനെ കണ്ടു പിടിച്ചു എന്നോര്‍ത്ത് അധികം നില്‍ക്കേണ്ടി വന്നില്ല.
'എടീ ഇന്ത്യന്‍ പിശാചേ, നീയെന്തിനാ ഇത്രയും മുളക് തിന്നുന്നത്?'- വയറും തിരുമ്മിക്കൊണ്ട് ചുവന്ന മുഖവുമായി ടോയ്‌ലെറ്റിന്റെ വാതിലില്‍ നില്‍ക്കുകയാണ് കഥാ നായിക. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ എന്റെ ഭക്ഷണ സഞ്ചി അവള്‍ കണ്ടുപിടിക്കുകയും പൊടി പോലും ബാക്കി വയ്ക്കാതെ രണ്ടുപേരും കൂടി അരിമുറുക്ക് രാത്രിയില്‍ തന്നെ തിന്നു തീര്‍ക്കുകയും ചെയ്തു. ഇഞ്ചിക്കറി അങ്ങനെ വെറുതെ കോരിത്തിന്നാനുള്ള സാധനമല്ല എന്ന എന്റെ വിശദീകരണമൊന്നും ശ്രദ്ധിക്കാതെ മുഖം ചുളിച്ചു ചില പോളിഷ് തെറികളും വിളിച്ചുപറഞ്ഞു കൊണ്ട് അവള്‍ ടോയ്‌ലറ്റിലേയ്ക്ക് വീണ്ടുമോടി.
ഐനോവ ഉണ്ടാക്കിയ ക്രീം സൂപ്പും മണിക്കൂറുകളോളം ഒവനിലിരുന്നു വെന്തു പാകമായ ടര്‍ക്കിയും മോസ്ത് എന്ന് വിളിക്കുന്ന ലഹരിയില്ലാത്ത മുന്തിരിച്ചാറുമൊക്കെ കഴിച്ച ശേഷം ഞാന്‍ വീണ്ടുമുറങ്ങി. അടുത്ത ദിവസം മുതല്‍ വീണ്ടും അലഞ്ഞു തിരിയാനുള്ളതാണ്. ഡ്രൈവ് ചെയ്യേണ്ടതില്ലാത്തത് കൊണ്ട് ആഗ ഐനോവയുമായി ചേര്‍ന്ന് വോഡ്കയുടെ കുപ്പികള്‍ ഒന്നിന് പുറകേ ഒന്നായി പൊട്ടിച്ചു കൊണ്ടേയിരുന്നു. വീട്ടുടമസ്ഥയുടെ ചാരനിറക്കാരി തടിച്ചി പൂച്ച അവളെപ്പോലെ മടിപിടിച്ചു ചുരുണ്ടി കൂടിക്കിടക്കുന്ന മറ്റൊരാളെ കണ്ട സന്തോഷത്തിലാവണം എന്റെ കൂടെ പുതപ്പുകള്‍ക്കുള്ളില്‍ തന്നെ കൂടി.
ഉറങ്ങി മടുത്തപ്പോള്‍ ജനാലയുടെ പടിയില്‍ തലയും വച്ചു വഴിപോക്കരെയും നോക്കിയിരിക്കാന്‍ തുടങ്ങി ഞാന്‍. കലപിലാ ചിലച്ചു കൊണ്ട് പോകുന്ന തണുപ്പേറ്റ് ചുവന്ന കവിളുകളുള്ള കുട്ടികളും ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി ധിറുതിയില്‍ നടന്നു പോകുന്നവരുമൊക്കെയായി തെരുവില്‍ എപ്പോഴും ആള്‍ത്തിരക്കുണ്ടായിരുന്നു. അവിടെയിരുന്നാല്‍ തെരുവിന്‍റെ അങ്ങേയറ്റമുള്ള സ്‌ക്വയര്‍ വരെ കാണാം. മിക്കവാറും എല്ലാ സ്‌ക്വയറുകളിലും കാണാറുള്ളത് പോലെ അവിടെയും ഒരു ശില്‍പ്പമുണ്ട്. സഞ്ചാരികള്‍ മാത്രം ശ്രദ്ധിക്കുന്ന സാധാരണ ശില്‍പ്പങ്ങള്‍ പോലെയൊന്നല്ല അതെന്ന് എനിക്ക് ആദ്യം മുതല്‍ തന്നെ തോന്നിയിരുന്നു. അതിനു ചുറ്റും കുട്ടികള്‍ ഓടിക്കളിക്കുന്നതും മുതിര്‍ന്നവര്‍ പ്രാര്‍ത്ഥനാ നിരതരായി നില്‍ക്കുന്നതും നിറങ്ങള്‍ വാരിയൊഴിച്ച വലിയ പൂച്ചെണ്ടുകളും സുഗന്ധം വമിക്കുന്ന പല വലിപ്പത്തിലുള്ള മെഴുകുതിരികളും വയ്ക്കുന്നതും ഇങ്ങു ദൂരെയുള്ള ജനാലയ്ക്കല്‍ നിന്നുതന്നെ കാണാമായിരുന്നു.
രാത്രിയില്‍ ഭക്ഷണ മേശയില്‍ പാത്രങ്ങള്‍ നിരത്തിക്കൊണ്ടിരുന്ന ഐനോവയോടു ഞാന്‍ ആ ശില്‍പ്പത്തെ കുറിച്ച് അന്വേഷിച്ചു. ഒരു ശിശുവിനെപ്പോലെ നിഷ്‌കളങ്കമായ, എപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ മുഖം ഒരു നിമിഷം കൊണ്ട് ഇരുമ്പു പോലെ ഉറച്ചു.
'അതൊരു ശില്‍പ്പമല്ല' -അവളുടെ ശബ്ദം കണ്ണുനീര്‍ വിഴുങ്ങുംപോലെന്ന പോലെ ചിലമ്പിച്ചിരുന്നു.
'അത് ഞങ്ങളുടെ, ബാസ്‌ക് കണ്‍ട്രിയുടെ സ്വാതന്ത്ര്യദാഹത്തിന്റെയും സ്പാനിഷ് ചതിയുടെയും അടയാളമാണ്'.
യോയെസ്നിറഞ്ഞു ചുവന്ന കണ്ണുകളുയര്‍ത്തി അവളെന്നെ തുറിച്ചു നോക്കി. 'നിനക്കതു മനസ്സിലാവും. സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്ത്യക്കാര്‍ ചൊരിഞ്ഞ രക്തത്തെക്കുറിച്ച്, അനുഭവിച്ച ത്യാഗങ്ങളെ കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. അതുപോലെ ഒരിക്കല്‍ ഞങ്ങളും സ്വാതന്ത്ര്യം നേടും'.
മേശയുടെ അങ്ങേത്തലയ്ക്കല്‍ ആഗ നിശ്ശബ്ദയായിരുന്നു. യുദ്ധങ്ങളുടെ മുറിവുകള്‍ ഒരുപാട് അവളുടെ കുടുംബത്തിനും ഏറ്റിട്ടുണ്ട്. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതെന്ന ഡയലോഗിനെപ്പറ്റി ഒരിക്കല്‍ തമാശയോടെ അവളോട് പറയാന്‍ ശ്രമിച്ചപ്പോള്‍ അമര്‍ഷം നിറഞ്ഞ മൂര്‍ച്ചയുള്ള വാക്കുകളിലാണ് കമ്മ്യൂണിസം എങ്ങനെയാണ് പോളണ്ട് എന്ന രാജ്യത്തെ തകര്‍ത്തതെന്ന് അവള്‍ വിശദീകരിച്ചത്.
ആഹാരം കഴിഞ്ഞ ശേഷം ഞങ്ങളൊന്നു നടക്കാനിറങ്ങി. ആട്ടിന്‍ രോമം നിറച്ച നീണ്ട കുപ്പായങ്ങള്‍ക്കിടയിലൂടെ തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു. പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങള്‍ നടന്നത് ആ ശില്‍പ്പം നിന്ന സ്‌ക്വയറിലേയ്ക്കാണ്. ഷിഫ്റ്റ് കഴിഞ്ഞു വീടുപിടിക്കാന്‍ തിടുക്കപ്പെട്ടു പോകുന്ന ഫാക്ടറി ജോലിക്കാരുടെ മൂടിപ്പുതച്ച ഇരുണ്ട രൂപങ്ങളല്ലാതെ വഴിയില്‍ ആരുമില്ലായിരുന്നു. സ്‌ക്വയറില്‍ ആളൊഴിഞ്ഞിരുന്നു. തടിച്ചിരുണ്ട ഇരുമ്പ് ഷീറ്റുകള്‍ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ മൂന്നിതളുകളുള്ള ഒരു കറുത്ത പൂവ് പോലെ ആ സ്മാരകം എനിക്ക് മുന്നില്‍ തണുത്തുറഞ്ഞു നിന്നു.
മഞ്ഞ നിറത്തിലുള്ള തെരുവ് വിളക്കുകളുടെ പ്രകാശത്തില്‍ തറയില്‍ മുട്ടുകുത്തിയിരുന്നു കൊണ്ട് തിളങ്ങുന്ന വെള്ളി നിറത്തിലെ ഫലകത്തിലെ പേരുകള്‍ തപ്പിത്തടഞ്ഞു വായിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒരു പരിചയവുമില്ലാത്ത മൂന്നു പേരുകള്‍!
എന്റെ അറിവില്ലായ്മ കണ്ട് സഹികെട്ട് ഐനോവഎന്റെ കോളറില്‍ പിടിച്ചു വലിച്ചു പൊക്കിയെടുത്തു.
'നീ കേട്ടിട്ടില്ലേ ഈ പേരുകള്‍?'- അവളുടെ ശബ്ദം തണുത്തിരുന്നു.
'ഇല്ല' എന്ന് പറയാന്‍ എനിക്കല്‍പ്പം മടി തോന്നി.
'യോയെസ് എന്ന പേര് നീ കേട്ടിട്ടുണ്ടോ?'- അവള്‍ ചോദിച്ചു.
യോയെസ്ആ പേര് വളരെ പ്രശസ്തമായിരുന്നു. ബാസ്‌ക് കണ്‍ട്രിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന 'എത്ത' എന്ന വിപ്ലവ സംഘത്തിനെ ഒരുകാലത്ത് നയിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു യോയെസ്. സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരാനാഗ്രഹിച്ച അവരെ മൂന്നു വയസ്സുള്ള മകന്റെ മുന്നില്‍ വച്ചു വെടിവച്ചു കൊന്നുകളയുകയാണ് ഉണ്ടായത്. പൊടുന്നനെ എനിക്ക് ഐനോവയുടെ രോഷത്തിനു പിന്നിലുള്ള നോവ് മനസ്സിലായി.
'യോയെസിനെ എനിക്കറിയാം'-ഞാന്‍ മന്ത്രിച്ചു.
യോയെസിന്റെ ശരിക്കുള്ള പേരാണ് ഡോളോറെസ് ഗോണ്‍സാലെസ് കാതറൈന്‍.
വെള്ളി കൊണ്ട് നിര്‍മ്മിച്ച ആ ഫലകത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കി.
ചന്ദ്രപ്രകാശത്തില്‍ രോഷം കലര്‍ന്ന നീല നിറത്തില്‍ തീവ്രതയോടെ അത് തിളങ്ങുന്നു. മൂര്‍ച്ചയുള്ള കത്തിയുടെ അലക് പോലെ തീക്ഷ്ണമായ തിളക്കം! ബാസ്‌ക് സ്വാതന്ത്യത്തിനു വേണ്ടി ജീവന്‍ കളഞ്ഞ മൂന്നുപേര്‍ക്ക് വേണ്ടി ജോര്‍ജി ഒട്ടെസ എന്ന ശില്‍പി നിര്‍മ്മിച്ച മൂന്നിതളുള്ള ഇരുമ്പു സ്മാരകത്തിന്റെ ഒരിതള്‍ ആയി അവസാനിച്ച യോയെസ്! ജനിച്ച മണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി യുദ്ധം ചെയ്ത്, ഒടുവില്‍ ഒരു സാധാരണ ജീവിതം കൊതിച്ച കുറ്റത്തിന് കൂട്ടുകാരുടെ കൈ കൊണ്ട് മൂന്നു വയസ്സുള്ള സ്വന്തം കുഞ്ഞിന്റെ മുന്നില്‍ പിടഞ്ഞു വീണു മരിക്കേണ്ടി വന്നവള്‍! ആ പേരിനു മുകളിലൂടെ കണ്ണുനീര് പോലെ മഞ്ഞുരുകിയൊലിച്ചു കൊണ്ടേയിരുന്നു.
നനഞ്ഞ കരിങ്കല്ല് പാകിയ തറയില്‍ ചിതറിക്കിടക്കുന്ന പൂക്കളിലും കത്തിത്തീര്‍ന്ന മെഴുകുതിരിക്കഷണങ്ങളിലും ചവിട്ടാതെ സൂക്ഷിച്ചു കൊണ്ട് ഞങ്ങള്‍ നിശ്ശബ്ദരായി തിരികെ നടന്നു.
ഇവാന്‍ പറഞ്ഞ ബാസ്‌ക് സ്വാതന്ത്ര്യ സമരകഥകളും 'യോയെസ്' എന്ന സിനിമയും ആ സ്ത്രീയുടെ മറക്കാനാവാത്ത ഒരു ചിത്രം എന്റെ മനസ്സില്‍ കോറിവച്ചിരുന്നു.
യോയെസിനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍. സിനിമയില്‍നിന്നുള്ള രംഗംഫ്രാങ്കോ എന്നെ സ്വേച്ഛാധിപതിയുടെ കീഴില്‍ അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ പ്രതിഷേധമായിരുന്നു 'എത്ത' എന്ന വിപ്ലവ സംഘം. സ്പാനിഷ് ഗവണ്‍മെന്റ് അതിനെ ഒരു തീവ്രവാദ സംഘടനയായി മുദ്ര കുത്തിയെങ്കിലും നിരവധി ചെറുപ്പക്കാര്‍ 'എത്ത'യിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതിലൊരാളായിരുന്നു യോയെസ് എന്ന യുവതി. കയ്യിലിരുന്ന ബോംബ് പൊട്ടി കാമുകന്‍ മരണപ്പെട്ടതോടെയാണ് യോയെസ് തന്റെ ജീവന്‍ നാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഉഴിഞ്ഞു വയ്ക്കാന്‍ തീരുമാനിച്ചത്. സംഘടനാപാടവവും അര്‍പ്പണ ബോധവും കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ യോയെസ് 'എത്ത'യുടെ നേതൃസ്ഥാനങ്ങളില്‍ ഒന്നിലേക്ക് ഉയര്‍ന്നു.
വളരെ നാളുകള്‍ രക്ത രൂക്ഷിതമായ പോരാട്ടങ്ങളുടെ ഭാഗമായിരുന്നു യോയെസ്. പക്ഷെ ക്രമേണ അക്രമങ്ങളുടെ പാതയിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെയും പ്രശ്‌നപരിഹാരം നേടാം എന്ന നിലപാടിലേയ്ക്ക് അവര്‍ മാറി. ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെ അവളും പ്രണയത്തില്‍ വീഴുകയും സമാധാനപരമായ ഒരു ജീവിതം ആഗ്രഹിക്കാന്‍ തുടങ്ങുകയും ചെയ്തു. യോയെസിന്റെ മാറ്റം 'എത്ത'യ്ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അവരെ സംബന്ധിച്ചു വിപ്ലവത്തിന്റെ സ്ത്രീപക്ഷ മുഖമായിരുന്നു യോയെസ്. ഒരുപാട് ചര്‍ച്ചകള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍ 'എത്ത' യോയെസിനെ രാജ്യം വിട്ടുകൊള്ളാം എന്ന വ്യവസ്ഥമേല്‍ പ്രസ്ഥാനം വിടാന്‍ അനുവദിച്ചു.
മെക്‌സിക്കോയിലെത്തിയ യോയെസ് ഉപരിപഠനം നടത്തുകയും യുനൈറ്റഡ് നേഷന്‍സില്‍ ജോലി നോക്കുകയും ചെയ്തു. ജീവിതം വീണ്ടും ശാന്തമായെങ്കിലും തന്‍റെ കുഞ്ഞിന്റെ അച്ഛന്റെ അടുത്തെത്താന്‍ യോയെസിന്‍റെ മനസ്സ് പിടഞ്ഞു കൊണ്ടേയിരുന്നു. സ്പാനിഷ് ഗവണ്‍മെന്റുമായുണ്ടാക്കിയ കരാര്‍ പ്രകാരം യോയെസിനെ കുറ്റവിമുക്തയാക്കിയിരുന്നെങ്കിലും ആ തിരിച്ചു വരവ് 'എത്ത'യ്ക്ക് ഒട്ടും ഇഷ്ടമായില്ല.
ബാസ്‌ക് കണ്‍ട്രിയില്‍ തിരിച്ചെത്തിയ യോയെസ് തന്‍റെ കുഞ്ഞു കുടുംബത്തോടൊപ്പം ജീവിതമാരംഭിച്ചെങ്കിലും ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. എത്തയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സ്പാനിഷ് ഭരണകൂടം യോയെസിന്‍റെ കഥ ന്യൂസ് പേപ്പറുകള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. വിപ്ലവം മടുത്ത് സംഘടന വിട്ട നായികയുടെ കഥ സ്പാനിഷ് പത്ര മാധ്യമങ്ങള്‍ കൊണ്ടാടി. അതോടെ 'എത്ത'യുടെ കണ്ണിലെ കരടായി മാറി യോയെസ്. അടുത്ത വര്‍ഷം ഓര്‍ഡീസിയയിലെ ഉത്സവം കൂടാനെത്തിയ യോയെസിനെ 'എത്ത'യിലെ ഒരു പഴയ സഹപ്രവര്‍ത്തകന്‍ സ്വന്തം നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിലിട്ട് വെടി വച്ചു കൊന്നു.
യോയെസ്അടുത്ത മുറിയിലെ മദ്യത്തില്‍ കുതിര്‍ന്ന സങ്കടക്കരച്ചിലുകളും കേട്ടുകൊണ്ട് ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഐനോവ മറ്റൊരു അവസ്ഥയിലാണ്. അവളുടെ സഹോദരന്‍ ജയിലിലാണ്. 'എത്ത'യുടെ ഏതോ ഓപ്പറേഷനില്‍ പങ്കെടുത്തു എന്ന കുറ്റത്തിന് പുറം ലോകം കാണാതെ കഴിഞ്ഞ ഏഴു വര്‍ഷമായി അയാള്‍ ഒരു സ്പാനിഷ് ജയിലില്‍ കഴിയുന്നു. ഒത്തു തീര്‍പ്പ് ചര്‍ച്ചകളും ആയുധം വച്ചു കീഴടങ്ങലുകളും നാടകങ്ങള്‍ പോലെ അരങ്ങേറുന്നുവെങ്കിലും അന്ദേര്‍ എന്ന ഇരുപത്തിയേഴുകാരന്റെ മോചനം ഇപ്പോഴും അകലെയാണ്.
അടുത്ത രണ്ടു ദിവസങ്ങളില്‍ അറിയാതെ പോലും ഐനോവയെ നോവിക്കുന്ന ഒന്നും സംഭാഷണങ്ങളില്‍ കടന്നു വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. എവിടെപ്പോകണം, എന്തൊക്കെ കാണണം, എന്ത് കഴിക്കണം എന്നൊക്കെ വിശദമായ കുറിപ്പുകളുടെ അകമ്പടിയോടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തന്നിരുന്നുവെങ്കിലും അവളൊരിക്കലും ഞങ്ങളുടെ കൂടെ വന്നില്ല. കൂടെ വരാന്‍ ഞാന്‍ നിര്‍ബന്ധിച്ചപ്പോഴൊക്കെ അവള്‍ ഒരു മങ്ങിയ ചിരിയോടെ ഒഴിഞ്ഞു മാറി. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്ന ആഗയും വ്യക്തമായൊന്നും പറഞ്ഞില്ല.
ഓര്‍ഡീസിയയിലെ അവസാന ദിവസം അലച്ചിലും കുളിയുമൊക്കെ കഴിഞ്ഞ് വൈകുന്നേരം അടുത്തുള്ള പഴയ മട്ടിലുള്ള ഒരു ബാറില്‍ പോയി കുറച്ചു നേരം പാട്ട് കേള്‍ക്കാം എന്ന് പറഞ്ഞത് ഞാനാണ്. പഴയ ഒരു സ്പാനിഷ് ഗിറ്റാറും മീട്ടി നാടന്‍ പാട്ടുകള്‍ പാടുന്ന ബാറിലെ പാട്ടുകാരന്‍ ജോര്‍ജെസിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. നിറപ്പകിട്ടുള്ള അയഞ്ഞു തൂങ്ങിയ വസ്ത്രങ്ങളും പിന്നിയിട്ടിരിക്കുന്ന നര കയറിയ നീളന്‍ താടിമീശയും മദ്യത്തിന്‍റെ മണവും ഒക്കെയായി ഒരു കാഴ്ച തന്നെയായിരുന്നു ജോര്‍ജെസ്.
ഒരുപാട് നിര്‍ബന്ധിച്ചിട്ടും ഐനോവ ഞങ്ങളുടെ കൂടെ വന്നില്ല. അവളെ വീട്ടിലൊറ്റയ്ക്കാക്കിയിട്ട് വരേണ്ടി വന്നതില്‍ എനിക്ക് നല്ല വിഷമം തോന്നി. ബാറിലെ നീളന്‍ സ്റ്റൂളില്‍ ഇരുന്നു ടെക്വിലയുടെ ചെറുഗ്ലാസ്സുകള്‍ ഒന്നിന് പുറകേ ഒന്നായി കാലിയാക്കുകയായിരുന്നു ആഗ. അവളെ അതൊന്നും സ്പര്‍ശിക്കുന്നതായി എനിക്ക് തോന്നിയില്ല. ഓരോ ഗ്ലാസിനു ശേഷവും കണ്ണില്‍ ചെറു ചിരിയുമായി സെസാര്‍ എന്ന ഒഴിച്ചു കൊടുപ്പുകാരന്‍ കയ്യില്‍ തേച്ചു കൊടുക്കുന്ന ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ന്ന മിശ്രിതം ഒരു സീല്‍ക്കാര ശബ്ദത്തോടെ അവള്‍ നക്കുന്നത് കാണുമ്പൊള്‍ എനിക്ക് കൊതി വരുന്നുണ്ടായിരുന്നു. എനിക്ക് വേണോ എന്ന സെസാറിന്റെ ചോദ്യത്തിനു വേണ്ടെന്നു ഞാന്‍ തലയാട്ടിക്കാണിച്ചെങ്കിലും അയാള്‍ ഒരു പിഞ്ഞാണം നിറയെ ഉപ്പിലിട്ട പിഞ്ചു വെള്ളരിക്കകള്‍ എന്റെ മുന്നില്‍ കൊണ്ട് വച്ചു.
ജോര്‍ജെസിന്റെ പാട്ടും ബാറിനുള്ളിലെ ചൂടും വിറകെരിയുന്ന സുഗന്ധവും ഒക്കെയായി എനിക്ക് നല്ല സുഖം തോന്നി.
ഐനോവയ്ക്ക് കൂടി വരാമായിരുന്നു'- ഞാന്‍ ആഗയോട് പറഞ്ഞു.
ഒറ്റ തള്ളിനു ടെക്വിലയുടെ ഗ്ലാസ് താഴെ വീണു ചിതറി. ശബ്ദം കേട്ടിട്ടാവണം, ജോര്‍ജെസിന്റെ പാട്ട് നിന്നു. ബാറിനകം നിശ്ശബ്ദമായി.
'എങ്ങനെ വരും?' ആഗയുടെ ശബ്ദം മാത്രം അവിടെ ഉയര്‍ന്നു.
'എങ്ങനെ വരും അവള്‍?'-അവളുടെ ചൂണ്ടു വിരല്‍ മൂലയ്ക്കിരുന്നു തുറിച്ചു നോക്കുന്ന രണ്ടു ചെറുപ്പക്കാരുടെ നേരെ നിന്ന് വിറച്ചു.
'കഴിഞ്ഞ അഞ്ചു ദിവസമായി ഇവന്മാര്‍ നമ്മുടെ പുറകെയുണ്ടായിരുന്നു. അവളെങ്ങനെ വരും?'
സ്പാനിഷ് രഹസ്യപ്പോലീസ്!
ഓര്ഡീസിയഒരു നിമിഷം കൊണ്ട് ഞാന്‍ അതുവരെ കുരുങ്ങിക്കിടന്ന കെട്ടുകള്‍ അഴിച്ചു. വിപ്ലവകാരിയുടെ വീട്ടില്‍ താമസിക്കാനെത്തിയ രണ്ടു വിദേശിപ്പെണ്ണുങ്ങള്‍! സംശയിക്കാന്‍ വേറെ കാര്യമൊന്നും വേണ്ടല്ലോ. വിറയലോടെ ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു. “നമുക്ക് പോവാം.” ബാറിനകത്തെ കനത്ത, കുറ്റപ്പെടുത്തുന്ന നിശ്ശബ്ദത താങ്ങാനാകാതെ ആ രണ്ടു മനുഷ്യര്‍ മുഖം കുനിച്ചിരുന്നു. ഗിറ്റാര്‍ മേശപ്പുറത്തു വച്ചിട്ട് ജോര്‍ജെസ് ഞങ്ങള്‍ക്കരികിലേക്ക് വന്നു.
'വരൂ, ഞാന്‍ നിങ്ങളെ വീട്ടിലാക്കാം'-കരുണയൂറുന്ന ആ കണ്ണുകളില്‍ നോക്കി മറുത്തു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. ഇടയ്ക്ക് വേച്ചു പോകുന്ന ആഗയുടെ കയ്യില്‍ മുറുക്കെ പിടിച്ചു കൊണ്ട് ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു നടന്നു.
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു.
'അന്ദേര്‍ പെട്ടെന്ന് തന്നെ തിരിച്ചു വരും'- ഞാന്‍ ഇറങ്ങും മുമ്പ് ഐനോവയോട് പറഞ്ഞു.
'നീ അങ്ങനെ വിശ്വസിക്കുന്നുവോ?' അവള്‍ പ്രതീക്ഷയോടെ എന്റെ കണ്ണുകളിലേക്കു നോക്കി. എനിക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല. ജനല്‍പ്പടിയില്‍ അന്ദേറിന്റെ ചാരനിറക്കാരി തടിച്ചിപ്പൂച്ച ഉറക്കം നിറഞ്ഞ കണ്ണുകളുമായി ഞങ്ങളെയും നോക്കിയിരിപ്പുണ്ടായിരുന്നു.
'രാത്രിയില്‍ നമുക്ക് ആ ഫാമില്‍ പോയാലോ'-ആഗ ബാസ്‌ക് റേഡിയോ സംഗീതത്തെ കവച്ചു വയ്ക്കുന്ന ഒച്ചയില്‍ ചോദിച്ചു.
'നിനക്ക് ആ അമ്മുമ്മയുടെ വൈന്‍ കുടിക്കാനല്ലേ'- എന്ന് ഞാന്‍.
മുന്നില്‍ മഞ്ഞു മൂടിയ ബാസ്‌ക് മലനിരകള്‍. ഇനിയെത്ര ദൂരം കഴിയണം നാട്ടിന്‍ പുറത്തെ ആ ഫാമിലെത്താന്‍. സീറ്റിലേക്ക് ചാഞ്ഞു ഞാന്‍ നീറുന്ന കണ്ണുകള്‍ അടച്ചു ഒന്നുറങ്ങാന്‍ ശ്രമിച്ചു.
പിന്‍കുറിപ്പ്:
1. അമ്മയുടെ ദാരുണമായ മരണം കണ്ടു നില്‍ക്കേണ്ടി വന്ന ആ മൂന്നു വയസ്സുകാരനാണ് അക്കയ്റ്റ്‌സ് ഡോറോന്‍സോ റോ ഗോണ്‍സാലെസ് എന്ന പ്രശസ്തനായ സയന്റിസ്റ്റ്.
2. 'എത്ത' (ETA) സായുധ വിപ്ലവത്തില്‍ നിന്ന് പിന്മാറിയെങ്കിലും ഇപ്പോഴും സജീവമാണ്. 'എത്ത'യെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമായി സ്പാനിഷ് രഹസ്യപ്പോലീസിന് ഒരു വിഭാഗം തന്നെയുണ്ട്.
3. ക്രെമാകതലാന. വോഡ്കയില്‍ പാലും മുട്ടയും വാനിലയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ഒരു ഡ്രിങ്ക്.
ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍