ആകാശം കൊണ്ട് മുറിവേറ്റവന്‍!

 നീലക്കണ്ണുകളും സ്വര്‍ണ്ണമുടിയും പുഴുപ്പല്ലുകളുമുള്ള ആ പന്ത്രണ്ടു വയസ്സുകാരന്‍ വളര്‍ന്നു. പക്ഷെ അവന്റെ ഇഷ്ടങ്ങള്‍ക്ക്  മാത്രം ഒരു മാറ്റവും വന്നില്ല. ഇവാന്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സമയത്ത് ആല്‍ബ ര്‍ട്ട് പഠനത്തിനൊപ്പം ഒരു ഫോട്ടോഗ്രാഫര്‍  ആയി ജോലി ചെയ്യുകയാണ്. അവനിഷ്ടമുള്ള വിമാനങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍.

Haritha savithri column on Albert  Battle

ഓളങ്ങളില്ലാത്ത പച്ചനിറമുള്ള ശാന്തമായ കടലും സൂര്യപ്രകാശത്തില്‍ സ്വര്‍ണ്ണം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞ നിറത്തിലെ മണല്‍പ്പരപ്പും. ആള്‍ക്കൂട്ടങ്ങളും വില്‍പ്പനക്കാരും തിങ്ങിത്തിരക്കാത്ത തീരം കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുകയാണ്. നീലയും വെളുപ്പും കലര്‍ന്ന കുടകള്‍ മണലില്‍ സ്ഥാപിച്ച് അതിനടിയില്‍ ടവലുകള്‍ വിരിച്ചു ഭക്ഷണക്കൂടകളുമായി കൂടിയിരിക്കുന്ന കുടുംബങ്ങളെ അവിടവിടെയായി കാണാം. നിറപ്പകിട്ടുള്ള ചരടുകള്‍ കൈത്തണ്ട നിറയെ തൂക്കിയിട്ടു കൊണ്ട് ആഫ്രിക്കന്‍ മുടിപ്പിന്നലുകള്‍ പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവരെ തിരഞ്ഞ് ഒരു സ്ത്രീ ആളുകള്‍ക്കിടയിലൂടെ നടക്കുന്നു. 

കടുത്ത ശൈത്യത്തിനും പതിവിലും തണുത്ത വസന്തത്തിനും ശേഷം വന്ന വേനലായിരുന്നു അത്. 

വേനല്‍ക്കാലത്ത് കിട്ടുന്ന കുറെ അവധി ദിനങ്ങള്‍ ഇത്തവണ ബീച്ചിനടുത്ത് എവിടെയെങ്കിലും ചെലവഴിക്കാനായിരുന്നു തീരുമാനം. ഒരുപാട് ആലോചനകള്‍ക്ക്  ശേഷം, വൃത്തിയുള്ള, ആള്‍ത്തിരക്കില്ലാത്ത, ശാന്തമായ അംപോല എന്ന സ്ഥലത്തെ ബീച്ചിനോട് ചേര്‍ന്ന ഒരു ചെറിയ കോട്ടേജ് ഒരു മാസത്തേയ്ക്ക് ഞങ്ങള്‍ വാടകയ്‌ക്കെടുത്തു. 

കനത്തു കറുത്ത പൈന്‍ മരങ്ങളുടെ മഞ്ഞച്ച പൂമ്പൊടിയുമായി ചുറ്റിത്തിരിയുന്ന തണുത്ത കാറ്റും മങ്ങിയ സൂര്യപ്രകാശവും കാരണം എന്റെ തൊലിയാകെ വിളറി വെളുത്തിരുന്നു. അംപോലയിലെത്തിയതോടെ എനിക്ക് ശ്വാസം നേരെ വീണ മട്ടായി. കുറച്ചു മാസങ്ങളായി അരണ്ട വെളിച്ചവുമായി പരിചയിച്ചു പോയ കൃഷ്ണമണികള്‍ പൊടുന്നനെ എത്തിയ തീക്ഷ്ണമായ പ്രകാശവുമായി പരിചയപ്പെടാനാവാതെ വലഞ്ഞു. ഉപ്പു ചുവയ്ക്കുന്ന ചൂടുവായു ഞാന്‍ ആര്‍ത്തിയോടെ ശ്വാസകോശങ്ങള്‍ നിറയെ വലിച്ചെടുത്തു. ആഴമില്ലാത്ത ഇളം ചൂടുവെള്ളത്തില്‍ ഒരു തൊട്ടിലിലെന്ന പോലെ കടലിന്റെ ചലനവുമറിഞ്ഞു മണിക്കൂറുകളോളം മയക്കത്തിലെന്നപോലെ ഞാന്‍ കിടന്നു. അത് കഴിഞ്ഞു തലമുടിയിലും ശരീരത്തിലും കടന്നുകൂടിയ പഞ്ചാര മണല്‍ത്തരികള്‍ കഴുകിക്കളയാനെന്ന പോലെ കോട്ടേജിനടുത്തുള്ള ഇളം ചൂടുള്ള  ചെറിയ ജലധാരയ്ക്ക് കീഴെ വീണ്ടും. മനസ്സും ശരീരവും തണുത്തു കുളിര്‍ത്തു സ്വസ്ഥമാകുന്നത് വരെ ഒരു മല്‍സ്യത്തിനെപ്പോലെ മണിക്കൂറുകളോളം വെള്ളത്തില്‍ ചെലവഴിക്കാന്‍ എനിക്കൊരു മടിയും തോന്നിയില്ല.

വളരെ ശാന്തമായ ദിവസങ്ങളായിരുന്നു അവ. കോട്ടേജിനുള്ളില്‍ ഒരു ചെറിയ അടുക്കളയുണ്ടായിരുന്നെങ്കിലും മാര്‍ത്ത എന്ന വീട്ടുടമസ്ഥ കുറഞ്ഞ നിരക്കില്‍ ഉണ്ടാക്കി നല്‍കുമായിരുന്ന എരിവും പുളിയുമില്ലാത്ത മത്സ്യ വിഭവങ്ങളോടായിരുന്നു എനിക്ക് താല്‍പ്പര്യം. മഞ്ഞ നിറമുള്ള പല്ലുകള്‍ കാട്ടിയുള്ള ചിരിയുമായി, വലിയ തളിക നിറയെ  ആവി കയറ്റിയ പച്ചക്കറികളും വേവിക്കാത്ത ഇലകളും ഇളം ചുവപ്പ് നിറമുള്ള പുഴുങ്ങിയ സാല്‍മണും കൊഞ്ചും പല രുചികളുള്ള വിനീഗര്‍ ചേര്‍ത്തിളക്കി, ഉപ്പും കുരുമുളകും വിതറി അവര്‍ കൊണ്ട് വരും. 

ആലസ്യത്തോടെ, ഒന്നുമോര്‍ക്കാതെ, ഒരു പ്യുപ്പയിലെന്നപോലെ സുഖകരമായ ദിവസങ്ങള്‍. തിരക്ക് പിടിച്ച എന്റെ ജീവിതം കഴിഞ്ഞ ജന്മത്തിലോ മറ്റോ ആയിരുന്നതു പോലെ എനിക്ക് തോന്നി.

ജനലിലൂടെ വരുന്ന പ്രകാശത്തെ കൂട്ടാക്കാതെ പുതപ്പു വലിച്ചു തലയും മൂടി ചുരുണ്ടു കിടന്ന ഒരു രാവിലെ, കട്ടിലിനടുത്ത് ഇവാന്റെ കാല്‍പ്പെരുമാറ്റം കേട്ടു ഞാന്‍ പതുക്കെ കണ്ണു തുറന്നു നോക്കി. ഒരു പത്രവുമായി ചലനമറ്റ പോലെ മരവിച്ചു നില്‍ക്കുന്നു. എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലായി ഞാന്‍ ചാടിയെഴുന്നേറ്റു. 'നമുക്ക് തിരിച്ചു പോകണം'-ഇവാന്‍ മന്ത്രിച്ചു. 

എന്താണെന്ന് പരിഭ്രമത്തോടെ അന്വേഷിച്ച എന്റെ മടിയിലേയ്ക്ക് ആ പത്രം ഇട്ടിട്ടു ഒന്നും മിണ്ടാതെ മുറിയില്‍ നിന്നിറങ്ങിപ്പോയി. തിരിച്ചും മറിച്ചും നോക്കിയിട്ടും എനിക്ക് കാര്യം മനസ്സിലായില്ല. ഈ നശിച്ച ഭാഷ എനിക്ക് വായിച്ചാല്‍ മനസ്സിലാകില്ലെന്ന് ഈ മനുഷ്യനറിയില്ലേ എന്ന് മുറുമുറുത്തു കൊണ്ട് ഞാന്‍ പുതപ്പുകള്‍ക്കിടയില്‍ നിന്ന് ഒരു വിധം പുറത്തിറങ്ങി. തീരത്തിനടുത്തേക്ക് നടന്ന ഇവാന്റെ പുറകേ ചെരുപ്പ് പോലുമിടാതെ കയ്യിലൊരു പത്രവുമായി നീണ്ട രാത്രി വേഷം ഒരു കൈ കൊണ്ട് ചുരുട്ടിപ്പിടിച്ചു ഓടുന്ന എന്നെക്കണ്ട് മാര്‍ത്ത അതിശയത്തോടെ തിരിഞ്ഞു നോക്കി. 

എന്റെ പരിഭ്രമം കലര്‍ന്ന  അന്വേഷണങ്ങള്‍ക്ക്  മറുപടിയായി പത്രത്തിലെ ഒരു ചെറിയ വാര്‍ത്ത ഇവാന്‍ കാട്ടിത്തന്നു. വേനലില്‍ പതിവായ കാട്ടുതീ അണയ്ക്കാന്‍ പോയ ഒരു ഹെലികോപ്റ്റര്‍, അപകടത്തില്‍ പെട്ട് പൈലറ്റ് ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചിരിക്കുന്നു. ആല്‍ബര്‍ട്ട് ബാറ്റില്‍ എന്നാണ് പൈലറ്റിന്റെ പേര്. 

ഈ പേര് ഞാന്‍ കേട്ടിട്ട് പോലുമില്ലല്ലോ?

അകന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരുകള്‍ ഞാന്‍ മനസ്സിലിട്ടുരുട്ടി. എന്റെം ആശയക്കുഴപ്പം കണ്ടു ഇവാന്‍ വിശദീകരിച്ചു. 'ആല്‍ബര്‍ട്ടിനെ നിനക്കറിയില്ല. എന്റെ ഒരു പഴയ പരിചയക്കാരനാണ്'. നനഞ്ഞു ചുവന്ന കണ്ണുകളും ഇറുക്കിപ്പിടിച്ച ചുണ്ടുകളും കണ്ട് കൂടുതലൊന്നും ചോദിക്കാതെ രണ്ടു ദിവസത്തേയ്ക്കുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്യാനായി ഞാന്‍ തിരിഞ്ഞു നടന്നു. 

ഭക്ഷണം കഴിക്കുന്ന സമയത്ത് വായിക്കുന്നതിന്റെ പേരില്‍ എല്ലാ ദിവസവും പതിവുപോലെ കിട്ടുന്ന ശകാരം അന്ന് എനിക്ക് കിട്ടിയില്ല. മാര്‍ത്ത കൊണ്ട് വച്ച ഭക്ഷണം വെറുതെ ഇളക്കിക്കൊണ്ട് എന്തോ ആലോചിച്ച് കടലിലേയ്ക്ക് കണ്ണു നട്ടിരുന്നതേയുള്ളു അന്ന് ഇവാന്‍. കിട്ടാവുന്ന ന്യൂസ് പേപ്പറുകള്‍ എല്ലാം ശേഖരിച്ചു മേശപ്പുറത്തു ഞാന്‍ കൂട്ടിയിട്ടു. പല പത്രങ്ങളിലായി വന്ന വാര്‍ത്തകള്‍ ഒരു കൊച്ചു ഡിക്ഷണറിയുടെയും മാര്‍ത്തയുടെയും സഹായത്തോടെ വായിച്ചു മനസ്സിലാക്കാനായിരുന്നു ശ്രമം.

വേനല്‍ക്കാലത്ത് മലമുകളില്‍ ടെന്റുകള്‍ സ്ഥാപിച്ച് കൗമാര പ്രായക്കാര്‍ ദിവസങ്ങളോളം കഴിയുക ഇന്നാട്ടില്‍ ഒരു പതിവാണ്. കുട്ടികളെ സ്വയം പര്യാപ്തരാക്കാനും ജീവിത സൌകര്യങ്ങളുടെ വില കൂടുതല്‍ നന്നായി മനസ്സിലാക്കാനും ഈ ടെന്റ് ജീവിതം ഉതകുമെന്നതിനാല്‍ മാതാപിതാക്കള്‍ പൊതുവേ വിരോധമൊന്നും പറയാറില്ല. 

വലിയ ചാക്കുകളില്‍ ഉരുളക്കിഴങ്ങും മാവും അരിയും ഉള്ളിയും പിന്നെ ടിന്നിലടച്ച ഭക്ഷണ സാധനങ്ങളും നിറച്ച് കലങ്ങളും അത്യാവശ്യ സാധനങ്ങളുമൊക്കെയായി ഈ കുട്ടികള്‍ പോകുന്നത് ഒരു കാഴ്ച തന്നെയാണ്. പാറക്കല്ലുകള്‍ കൊണ്ട് അടുപ്പ് കൂട്ടി, കാട്ടുചോലകളിലെ മീനുകളെ കെണി വച്ചു പിടിച്ച്, കാട്ടുമുയലുകളെയും അണ്ണാനുകളെയും ഭക്ഷണമാക്കിയുള്ള ജീവിതം. ഒന്നും കിട്ടിയില്ലെങ്കില്‍ അരിയും ഉരുളക്കിഴങ്ങും ഉള്ളിയും കൂടി ഒരുമിച്ചു വലിയ കലങ്ങളിലിട്ടു പുഴുങ്ങിത്തിന്നും. അതിജീവനത്തിന്റെ, പാരസ്പര്യത്തിന്റെ ഒരുപാടു പാഠങ്ങള്‍ പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നുള്ള ഈ ജീവിതം കൊണ്ട് കുട്ടികള്‍ പഠിക്കും.

കാട്ടിനുള്ളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അപകടങ്ങളെ നേരിടേണ്ടതിനെക്കുറിച്ചുമുള്ള  പരിശീലനങ്ങള്‍ക്കു  ശേഷമാണ് ഓരോ ഗ്രൂപ്പുകളും കാട്ടിലേക്ക് പോവുക. പല തവണ ഇങ്ങനെ കാട് കയറി തഴക്കവും പഴക്കവുമുള്ള ഒരു കൊച്ചു മൂപ്പന്‍ എല്ലാ സംഘങ്ങളിലും ഉണ്ടാവും. എന്നാലും ചിലപ്പോള്‍ അപകടങ്ങള്‍ ഉണ്ടാവാറുണ്ട്. വെള്ളമൊഴിച്ചു അണയ്ക്കാന്‍ മറന്നു പോവുന്ന അടുപ്പില്‍ നിന്ന് പടരുന്ന കാട്ടുതീകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അപകടകരം.

അത്തരമൊരു തീയില്‍ നിന്ന് ഒരു സംഘത്തെ രക്ഷിക്കാന്‍ പോയതായിരുന്നു ആല്‍ബര്‍ട്ടും  കൂട്ടരും. പൈന്‍ മരക്കാടുകള്‍ക്ക് തീ പിടിച്ചാല്‍ എന്താണ് സംഭവിക്കുക എന്നറിയാത്തവനല്ല ആല്‍ബര്‍ട്ട്. പെട്രോളൊഴിച്ച് കത്തിച്ച പോലെ ഒരു കാട് മുഴുവന്‍ നിന്ന് കത്തും . പൈന്‍ കായകള്‍ക്ക് തീ പിടിച്ചാല്‍ ചെറിയ ബോംബുകള്‍ പോലെയാണ്. പൊട്ടിത്തെറിച്ചു തീ പടര്‍ത്താന്‍ ഇത്ര നല്ലൊരു സാധനം വേറെയില്ല. എന്തിനീ മനുഷ്യന്‍ ഇങ്ങനെയൊരു സാഹസം കാട്ടി എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടിക്കൊണ്ടെയിരുന്നു.

അറ്റമില്ലാത്തതെന്നപോലെ കടലിനു സമാന്തരമായി നീണ്ടു കിടക്കുന്ന പാതയിലൂടെ വണ്ടിയോടിച്ചു കൊണ്ട് ഇവാന്‍ ആല്‍ബര്‍ട്ടിന്റെ കഥ എനിക്ക് പറഞ്ഞു തന്നു.


ആല്‍ബര്‍ട്ട് ബാറ്റില്‍

അധ്യാപനത്തിലേക്കു പ്രവേശിക്കും മുമ്പ് നീണ്ട ഒമ്പതു വര്‍ഷക്കാലം ഇവാന്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. ഫോട്ടോഗ്രാഫി വിഭാഗത്തിലെ ട്രെയിനിങ്ങ് സമയത്ത് പത്രമോഫീസില്‍ വച്ചാണ് ആല്‍ബര്‍ട്ടിനെ അദ്ദേഹം പരിചയപ്പെട്ടത്.

കയ്യിലൊരു പത്രത്താളുമായി കൂസലില്ലാതെ കയറി വന്ന പയ്യനെ അല്‍പ്പാമൊരു അതിശയത്തോടെയാണ് ട്രെയിനി എതിരേറ്റത്. കഷ്ടിച്ച് പതിനൊന്നോ പന്ത്രണ്ടോ വയസ്സ് കാണും. ഒരു കയ്യില്‍ ചെറിയൊരു പ്ലാസ്റ്റിക് പെട്ടി ഒതുക്കിപ്പിടിച്ചിട്ടുണ്ട്. വന്നപാടെ കയ്യിലിരുന്ന പത്രത്താളിലെ ഒരു ചിത്രം ഇവാന് കാട്ടിക്കൊടുത്തു. ഏതോ വാര്‍ത്തയുടെ കൂടെ ചേര്‍ത്തിട്ടുള്ള ഒരു  വിമാനത്തിന്റെ ചിത്രം. പത്രത്തിലെ ആ ചിത്രത്തിന്റെ കൂടെയുള്ള, മറ്റു ഫോട്ടോകളുടെ നെഗറ്റീവുകള്‍ കാണണം. ഇതാണ് പയ്യന്‍സിന്റെ ആവശ്യം.  

അവന്റെ മട്ടും ഭാവവും അധികാര സ്വരവും ഒക്കെക്കൂടി കണ്ടപ്പോള്‍ ഇതാദ്യത്തെ വരവല്ല എന്ന് ഇവാന് മനസ്സിലായി. അകത്തെ ഇരുണ്ട മുറിയില്‍ ചുരുട്ടും പുകച്ചിരിക്കുന്ന ഗുരുവിനോട് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ക്ക്  ചിരി. 'അത് ആ ബാറ്റില്‍ ആവും. അവനു വേണ്ടതെന്താണെന്നു വച്ചാല്‍ കൊടുക്ക്. വല്ലപ്പോഴുമാണ് ആളുകള്‍ ചിത്രങ്ങള്‍ വാങ്ങാന്‍ വരുന്നത്'.

നെഗറ്റീവുകള്‍ സസൂക്ഷ്മം പരിശോധിച്ച് തനിക്കു വേണ്ട ഏതാനും ചിത്രങ്ങള്‍ ആല്‍ബര്‍ട്ട് തെരഞ്ഞെടുത്തു. കയ്യിലുള്ള വിമാനത്തിന്റെ ചിത്രമുള്ള പ്ലാസ്റ്റിക് പെട്ടി തുറന്ന് നാണയങ്ങള്‍ എണ്ണി മേശപ്പുറത്തു വച്ച ശേഷം ചിത്രങ്ങള്‍ക്കായി അടുത്ത ദിവസം വരാം എന്ന് പറഞ്ഞ് അവന്‍ ഇറങ്ങിപ്പോയി. അമ്പരന്നു വായും പൊളിച്ചു നോക്കി നിന്ന ട്രെയിനിയുടെ തോളില്‍ കയ്യിട്ടുകൊണ്ട് ഫോട്ടോഗ്രഫി വിഭാഗത്തിന്റെ തലവന്‍ ഗിയേം കാര്യം വിശദീകരിച്ചു കൊടുത്തു: 

പയ്യന്റെ ഹോബി വിമാനങ്ങളുടെ ചിത്രങ്ങള്‍ ശേഖരിക്കലാണ്. കിട്ടുന്ന പോക്കറ്റ് മണി ഇതിനായി സൂക്ഷിച്ചു വയ്ക്കും. എല്ലാ ന്യൂസ് പേപ്പറുകളിലെയും ഫോട്ടോഗ്രാഫര്‍മാര്‍ അവന്റെ സുഹൃത്തുക്കളാണ്. 

അച്ചടിമഷിയുടെ മണംപുരണ്ട ആ ഒമ്പതു വര്‍ഷക്കാലവും ഇവാന്‍ ആല്‍ബര്‍ട്ടിനെ കണ്ടു കൊണ്ടേയിരുന്നു. നീലക്കണ്ണുകളും സ്വര്‍ണ്ണമുടിയും പുഴുപ്പല്ലുകളുമുള്ള ആ പന്ത്രണ്ടു വയസ്സുകാരന്‍ വളര്‍ന്നു. പക്ഷെ അവന്റെ ഇഷ്ടങ്ങള്‍ക്ക്  മാത്രം ഒരു മാറ്റവും വന്നില്ല. ഇവാന്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സമയത്ത് ആല്‍ബ ര്‍ട്ട് പഠനത്തിനൊപ്പം ഒരു ഫോട്ടോഗ്രാഫര്‍  ആയി ജോലി ചെയ്യുകയാണ്. അവനിഷ്ടമുള്ള വിമാനങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍.

'അവസാനമായി കണ്ടപ്പോള്‍ താന്‍ പൈലറ്റ് ലൈസന്‍സിനായി പണം സമ്പാദിക്കുകയാണ് എന്നാണു ആല്‍ബര്‍ട്ട് പറഞ്ഞത്. അവന്‍ അതിനായി വിമാനത്തിന്റെ ചിത്രമുള്ള ആ കുഞ്ഞു പ്ലാസ്റ്റിക് പെട്ടിയില്‍ നാണയങ്ങള്‍ ശേഖരിച്ചിട്ടുണ്ടാകണം. മിടുക്കനായ ഒരു പൈലറ്റ് ആയിട്ടുണ്ടാവണം. അപകടത്തിലാകും എന്നുറപ്പുണ്ടായിരുന്നിട്ടും തീയില്‍ പെട്ടുപോയ കുറെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സ്വന്തം ജീവന്‍ പോലും ഉപേക്ഷിച്ചിട്ടുണ്ടാവണം. എന്ത് തന്നെയായാലും,  ആല്‍ബര്‍ട്ട് ബാറ്റില്‍ എന്ന പേര്, എനിക്കെന്നും പുഴുപ്പല്ലുകള്‍ കാട്ടിയുള്ള പ്രകാശം നിറഞ്ഞ ചിരിയും എന്റെ നേരെ നാണയങ്ങള്‍ നീട്ടുന്ന കുഞ്ഞു കയ്യുമാണ്- ഇവാന്‍ പറഞ്ഞു നിര്‍ത്തി.

കാറിനുള്ളില്‍ മൗനം നിറഞ്ഞു. ബാക്കിയുള്ള മുന്നൂറ് കിലോമീറ്ററുകളോളം സ്വതവേ വായാടിയായ ഞാന്‍ പോലും നിശ്ശബ്ദയായിരുന്നു. കാറിനുള്ളിലെ റേഡിയോ മാത്രം വിഷാദ സ്വരങ്ങളില്‍ പഴയ പാട്ടുകള്‍ ആലപിച്ചുകൊണ്ടേയിരുന്നു.  

പള്ളിയില്‍ ആല്‍ബര്‍ട്ടിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും തിരക്കില്‍ പെടാതെ ഒഴിഞ്ഞു മാറി നിന്ന ഞങ്ങളുടെ നേരെ ഒരു വയസ്സന്‍, ചുണ്ടിലൊരു ചുരുട്ടുമായി നടന്നു വന്നു. ഗിയേം. ഇവാന്റെയും ആല്‍ബര്‍ട്ടിന്റെയും പഴയ ഗുരു.

തവിട്ടു നിറക്കാരിയായ എന്നെക്കണ്ട് സ്‌കോട്ടിഷ് ചുവയുള്ള ഇംഗ്ലീഷില്‍ ആശാന്‍ ഇവാന്റെ ഇന്റര്‍നാഷണല്‍ അഭിരുചികളെപ്പറ്റി ചെറിയൊരു തമാശയൊക്കെ പൊട്ടിച്ചു രംഗത്തിന്റെ ഗൗരവം ലഘൂകരിക്കാന്‍ ശ്രമിച്ചു. സംഗതി എശുന്നില്ലെന്നു കണ്ടിട്ടാവണം ശിഷ്യന്റെ തോളില്‍ കയ്യിട്ടു കൊണ്ട് ഗേറ്റിനു വെളിയില്‍ കണ്ട ബാറിലേയ്ക്ക് ഗീയേം നടന്നു. എല്ലാ ദു:ഖങ്ങളും ഇറക്കിവയ്ക്കാന്‍ ചിലര്‍ ആശ്രയിക്കുന്ന ഒരിടം. 

പുറത്തേയ്ക്കിറങ്ങുന്ന വഴിയുടെ അരികില്‍ ഞാനൊരു സംഘത്തെ കണ്ടു. പതിനഞ്ചു വയസ്സുകാരുടെ ഒരു ചെറിയ കൂട്ടം. കരഞ്ഞു കലങ്ങിയ കണ്ണുകളും കരുവാളിച്ച മുഖങ്ങളും ശരീരത്തിലെ വച്ചു കെട്ടുകളും അവരാരാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍, അവരുടെ മുന്നിലാണ് ആല്‍ബര്‍ട്ടിന്റെ ഹെലിക്കോപ്ടര്‍ കത്തി വീണത്. അവരുടെ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടാണ് ധീരരായ മൂന്നു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു പോയത്. അപ്പോഴും വലിയൊരു കാട്ടുതീയുടെ നടുവിലാണ് എന്നപോലെ ആ കുട്ടികള്‍  പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട് ഒട്ടി നിന്നു. അവരെ നോക്കി ഒന്ന് ചിരിക്കാനുള്ള എന്റെ ശ്രമം ഒരു ഗോഷ്ടി പോലെ അവസാനിച്ചതേയുള്ളു.  

പ്രായാധിക്യം കൊണ്ട് ഒരല്‍പം വളഞ്ഞു പോയ ഗീയെമിനെ ചെറുതായൊന്നു താങ്ങിക്കൊണ്ടു നടന്നു പോകുന്ന ഇവാന് പുറകേ നടന്നു പോകുമ്പോള്‍ ഞാന്‍ ചിന്തിച്ചത് മുഴുവന്‍ ബാറ്റിലിനെ കുറിച്ചായിരുന്നു. സ്വന്തം പേര് അന്വര്‍ത്ഥമാക്കും വിധം തന്റെ സ്വപ്നങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്ത, ആ സ്വപ്നങ്ങള്‍ക്കായി ജീവന്‍ ത്യജിച്ച ഒരാള്‍. 

നാളെ എനിക്കും തിരിച്ചു പോകണം. കടല്‍ത്തീരത്തെ ആ കൊച്ചു കോട്ടേജ് ഒഴിഞ്ഞിട്ടില്ല. താമസിയാതെ വിരുന്നിനെത്തുന്ന കൊടും തണുപ്പിനെ നേരിടാനുള്ള എല്ലാ ഊര്‍ജ്ജവും ഈയൊരു മാസം കൊണ്ട് സംഭരിക്കണം. എവിടൊക്കെയോ മണല്‍ത്തരികള്‍ ഒളിച്ചിരിക്കുന്നു എന്ന തോന്നലിനെ കുടഞ്ഞു കളഞ്ഞിട്ട് ഞാന്‍ മുന്നോട്ടു നടന്നു. 

ഹരിത എഴുതിയ മറ്റു കുറിപ്പുകള്‍

മനോലോയുടെ ബിക്കിനി

Latest Videos
Follow Us:
Download App:
  • android
  • ios