നൂനുവും ഹാപ്പിയും നേര്‍ക്ക് നേര്‍
ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതുന്ന കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 10
നൂനു അപ്പയേയും അമ്മയേയും ചവിട്ടുന്നു എന്ന് പറഞ്ഞ് ഒരു ചെറിയ കട്ടില്‍ വാങ്ങി അതിലേക്ക് നൂനുവിന്റെ കിടപ്പ് മാറ്റിയിരുന്നു. എങ്കിലും ഓരോ ദിവസവും രാത്രി കിടക്കാന്‍ നേരത്ത് വാശി പിടിച്ച് നൂനു അപ്പയുടേയും അമ്മയുടേയും നടുക്ക് കിടക്കും. പക്ഷേ രാവിലെ എഴുന്നേല്‍ക്കുന്നത് ചെറിയ കട്ടിലിലായിരിക്കും. ഇതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും നൂനുവിന് പിടികിട്ടിയില്ല.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ നൂനു ആദ്യം ചെയ്തത് ഹാപ്പിയെ പോലെ നാലു കാലില്‍ നടക്കുകയായിരുന്നു; പണ്ട് പ്ലേ സ്‌കൂളില്‍ ചെയ്തത് പോലെ. ഇത് കണ്ട് അപ്പൂപ്പനും അമ്മൂമ്മയും ചിരിയോട് ചിരി. അവരുടെ ചിരി കണ്ടപ്പൊ നൂനുവിനും ആവേശമായി. നൂനു അടുക്കളയില്‍ പോയി ഒരു പരന്ന പാത്രത്തില്‍ വെള്ളം എടുത്ത് കൊണ്ട് വന്നു. അത് തറയില്‍ വെച്ച് കൈ കുത്തി കമഴ്ന്ന് കിടന്ന് ഹാപ്പി ചെയ്യുന്നത് പോലെ നക്കി കുടിക്കാന്‍ തുടങ്ങി. ഇത് കണ്ട് കൊണ്ട് വന്ന അമ്മ നൂനുവിനെ എടുത്ത് പൊക്കി ഊണുമേശയിലെ കസേരയില്‍ നിറുത്തി.
ഇപ്പൊ നൂനുവിനും അമ്മയ്ക്കും ഒരേ പൊക്കം.
അങ്ങനെ നിര്‍ത്തിയാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് നൂനുവിന് അറിയാം. അമ്മ ഇനി നൂനുവിന്റെ കണ്ണിലേക്ക് തറപ്പിച്ച് നോക്കും. എന്നിട്ട് പറയും,'നൂനു ബിഹേവ്. ചെറിയ വാവകളാണ് ഇതൊക്കെ ചെയ്യുക. നൂനു ഇപ്പൊ വലിയ കുട്ടിയായി.'
ഇപ്രാവശ്യം ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു അമ്മ. 'നൂനു ഹ്യൂമന്‍ ആണ്. മനുഷ്യന്‍. ഹാപ്പി ആനിമല്‍ ആണ്. മൃഗം. രണ്ടും ഡിഫറന്റാണ്. സേം സേം അല്ല. അതു കൊണ്ട് ഹാപ്പി ചെയ്യുന്നത് നോക്കി ഇമിറ്റേറ്റ് ചെയ്യരുത്. മനസ്സിലായോ?'
നൂനു ഒറ്റ കരച്ചില്‍. അതു വരെ ചുണ്ടൊക്കെ ചേര്‍ത്ത് പിടിച്ച് വിതുമ്പി നില്‍ക്കുകയായിരുന്നു.
'നൂനു എന്തിനാ കരയുന്നെ? സ്മിതേ നീ എന്തിനാ അവളെ കരയിക്കുന്നേ. അവള് കുഞ്ഞല്ലേ. തമാശ കാണിച്ചതല്ലേ', എന്ന് ചോദിച്ച് അമ്മൂമ്മ വന്ന് നൂനുവിനെ എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു. നൂനു കരച്ചില്‍ ഫുള്‍ വോള്യത്തിലാക്കി.
ഇപ്പൊ നൂനുവിനും അമ്മയ്ക്കും ഒരേ പൊക്കം.
Illustration: Sumi K Raj
'ഹാപ്പി വേണ്ട. ഹാപ്പിയെ ഇഷ്ടമല്ല നൂനുവിന്' എന്ന് കരച്ചിലിനിടയില്‍ നൂനു പറഞ്ഞു കൊണ്ടിരുന്നു. ഇതൊന്നും അറിയാതെ ഹാപ്പി നൂനുവിന്റെ അമ്മൂമ്മയുടേയും മുന്നില്‍ വന്ന് വാലാട്ടി കൊണ്ട് നിന്നു.
'ഹാപ്പി പോ, നൂനുവിന് ഹാപ്പിയെ കാണണ്ട', നൂനു കൈ ഉയര്‍ത്തി ഹാപ്പിയോട് പോ, ഇവിടുന്ന് പോ എന്ന് ആംഗ്യം കാണിച്ചു. ഹാപ്പി അതൊന്നും വക വെക്കാതെ അമ്മൂമ്മയുടെ കാലിന് ചുറ്റും വാലിളക്കി ഓടി നടന്നു. അപ്പോഴുണ്ടതാ ഒരു ബൈക്കിന്റെ ശബ്ദം. സപ്ലിയുടെ ഓറഞ്ച് ബൈക്ക് ഗേറ്റിന് മുന്നില്‍ വന്ന് നിന്നു. നൂനുവിന്റെ വാശിയും കരച്ചിലും സ്വിച്ചിട്ട പോലെ നിന്നു. അമ്മൂമ്മയുടെ ഒക്കത്ത് നിന്ന് ഊര്‍ന്നിറങ്ങി സപ്ലിയുടെ അടുത്തേക്ക് ഓടി. ഹാപ്പിയും കൂടെ ഇറങ്ങി ഓടി.
സപ്ലിയെ കണ്ടതും നൂനു പറഞ്ഞു: 'നൂനുവിന് ഹാപ്പിയെ വേണ്ട. തിരിച്ചു കൊണ്ടു പോയി കൊടുത്തോ.'
ഹാപ്പി അപ്പോഴേക്കും മാമന്റെ കാലില്‍ കയറി നിന്ന് കളി തുടങ്ങി കഴിഞ്ഞിരുന്നു; മാമന്‍ ശ്രദ്ധിക്കാന്‍ ബൗ ബൗ കുരയ്ക്കുകയും ചെയ്തു.
'അതിനും വേണ്ടി എന്താ ഉണ്ടായേ? ഹാപ്പി കടിച്ചോ?'
'അപ്പേടേം അമ്മേടേം നടുവില് കിടന്നാ ഹാപ്പി ഇന്നലെ ഉറങ്ങിയത്. നൂനു കണ്ടു. നൂനുവിന് അവിടെ കിടക്കണം. ഹാപ്പി കിടക്കണ്ട.'
ഹാപ്പി അപ്പയുടേയും അമ്മയുടേയും നടുക്ക് കിടക്കുന്നത് നൂനുവിന് സഹിക്കാന്‍ പറ്റുന്നില്ല.
നൂനു അപ്പയേയും അമ്മയേയും ചവിട്ടുന്നു എന്ന് പറഞ്ഞ് ഒരു ചെറിയ കട്ടില്‍ വാങ്ങി അതിലേക്ക് നൂനുവിന്റെ കിടപ്പ് മാറ്റിയിരുന്നു. എങ്കിലും ഓരോ ദിവസവും രാത്രി കിടക്കാന്‍ നേരത്ത് വാശി പിടിച്ച് നൂനു അപ്പയുടേയും അമ്മയുടേയും നടുക്ക് കിടക്കും. പക്ഷേ രാവിലെ എഴുന്നേല്‍ക്കുന്നത് ചെറിയ കട്ടിലിലായിരിക്കും. ഇതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും നൂനുവിന് പിടികിട്ടിയില്ല. ചിറകുള്ള ഒരു മാലാഖ വന്ന് നൂനുവിനെ എടുത്ത് ആകാശത്തേക്ക് കളിക്കാനായി കൊണ്ടു പോയി തിരിച്ച് കൊണ്ടു വരുമ്പൊ ചെറിയ കട്ടിലില്‍ കിടത്തി പോകുന്നതാണ് എന്ന് ചോദിച്ചപ്പൊ അപ്പ പറഞ്ഞു. സ്വപ്നത്തില്‍ മാലാഖ ഇടയ്ക്കിടെ വരുന്നത് കൊണ്ട് നൂനു അപ്പ പറഞ്ഞത് വിശ്വസിച്ചു. പക്ഷേ ഹാപ്പി അപ്പയുടേയും അമ്മയുടേയും നടുക്ക് കിടക്കുന്നത് നൂനുവിന് സഹിക്കാന്‍ പറ്റുന്നില്ല.
'അപ്പയോടും അമ്മയോടും ഹാപ്പിയോടും പോവാന്‍ പറ. ഇന്ന് മാമനും മോള്‍ക്കും ഒരുമിച്ച് കിടക്കാം. പോരെ?'
നൂനുവിന് സന്തോഷമായി. അപ്പൊ ഇന്ന് ടിവിയില്‍ ക്രിക്കറ്റ് ഉണ്ട്. സപ്ലിയും അപ്പയും ഒരുമിച്ചാണ് ടിവിയില്‍ ക്രിക്കറ്റ് കാണുക. ആ ദിവസങ്ങളില്‍ സപ്ലി ഇവിടെയാണ് കിടന്നുറങ്ങുക. അമ്മൂമ്മ ടിവിയുടെ മുന്നില്‍ നീളത്തില്‍ ഒരു കിടക്ക വിരിക്കും. അപ്പ കുറേ തലയിണ കൊണ്ടിടും. ആ കിടക്കയിലും തലയിണയിലും നൂനു കിടന്ന് ഉരുണ്ടു മറയും. ഓടും ചാടും. 'അടി സിക്‌സര്‍' എന്ന് ഉറക്കെ നിലവിളിക്കും. ഒടുക്കം തളര്‍ന്ന് സപ്ലിയെ കെട്ടി പിടിച്ച് കിടന്ന് ഉറങ്ങും. ഇന്ന് അങ്ങിനെ കളിക്കാം, ഉറങ്ങാം എന്നോര്‍ത്തപ്പോള്‍ നൂനുവിന് ആവേശമായി.
പെട്ടെന്ന് സപ്ലിയുടെ ഫോണ്‍ അടിച്ചു. സംസാരിച്ച് തീര്‍ന്നുടന്‍ 'മാമന്‍ ഇപ്പൊ വരാം' എന്നും പറഞ്ഞ് ഓറഞ്ച് ബൈക്കില്‍ കയറി ഒരു പോക്ക്. രാത്രി ക്രിക്കറ്റ് കാണാന്‍ അപ്പയും, നൂനുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സപ്ലിയെ നോക്കി ഇരുന്നിരുന്ന് നൂനു ഭക്ഷണം പോലും കഴിക്കാതെ ഉറങ്ങിപ്പോയി.
(അടുത്ത ഭാഗം നാളെ)
ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)