ഹാപ്പി

ഹാപ്പി. ശ്രീബാല കെ മേനോന്‍ എഴുതിയ കുട്ടികള്‍ക്കുള്ള നോവല്‍ തുടരുന്നു. ഭാഗം 5
 

happy childrens novel by sreebala k menon part 5

ഹാപ്പി അമ്മൂമ്മ കൊണ്ട് വന്ന പാല് നക്കി കുടിച്ച് പിന്നെ കാലും നീട്ടി വച്ച് ഉറക്കം തുടങ്ങി. നൂനു അപ്പയുടെ ചുമലില്‍ നിന്നും താഴേക്കിറങ്ങി ഹാപ്പിയെ പതുക്കെ ഒന്നു തൊട്ടു. ഹാപ്പി കണ്ണു തുറന്ന് നൂനുവിനെ നോക്കി വീണ്ടും കണ്ണു ഇറുക്കി പൂട്ടി ഉറങ്ങാന്‍ തുടങ്ങി. സപ്ലി അപ്പയോട് പറഞ്ഞു: 'സഹോ, ഇത് കൂടിയ ഇനം പട്ടിയാണ്. മഡഗാസ്‌കര്‍ എന്ന രാജ്യത്തെ ദേശീയ പട്ടിയാണ്. കോതൂ ദേ ടൂറേ എന്നാണ് പേര്. മിനുമിനുത്ത പഞ്ഞിക്കെട്ട് എന്നാണ് അര്‍ത്ഥം'

happy childrens novel by sreebala k menon part 5

പിറ്റേന്ന് രാവിലെ അപ്പയാണ് നൂനുവിനെ വിളിച്ച് എഴുന്നേല്‍പ്പിച്ചത്. നൂനു അപ്പയോട് ചെയ്യാറുള്ളത് പോലെ ചെവിയില്‍ ഊതി, മൂക്കില്‍ കടിച്ച്, ഇക്കിളി കൂട്ടി... അപ്പ ഇത് പോലെ രാവിലെ എഴുന്നേറ്റ് ചിരിച്ച് നില്‍ക്കുന്നത് നൂനു ആദ്യമായിട്ടാണ് കാണുന്നത്. അപ്പ ഒറ്റക്കോരലിന് നൂനുവിനെ എടുത്ത് തോളത്ത് വച്ചു. എന്നിട്ട് വാതിലില്‍ നൂനുവിന്റെ തല മുട്ടാതിരിക്കാന്‍ കുനിഞ്ഞ് ഹാളിലെത്തി. അവിടെ സപ്ലി മാമന്‍ ഇരുന്ന് പുട്ടും കടലയും അടിച്ച് വിടുന്നു. ഒരു പ്ലേറ്റില്‍ കുറേ ഉപ്പിന് മേലെ അഞ്ചാറ് ടട്ട ഇരിക്കുന്നു. ഒരു ടട്ട എടുത്ത് 'ടിക്' എന്ന ശബ്ദമുണ്ടാക്കി മേശയില്‍ തട്ടി തൊലി പൊളിച്ച് ഉപ്പില്‍ മുക്കി 'ഗ്‌ളും' എന്നും പറഞ്ഞ് വായിലിട്ടപ്പൊ വെള്ളം ഇറക്കിയത് നൂനുവാണ്. ഇത് കഴിഞ്ഞ് സപ്ലി നൂനുവിനെ കണ്ണിറുക്കി കാണിച്ചു.

happy childrens novel by sreebala k menon part 5

Illustration: Sumi K Raj

അപ്പോഴേക്കും അപ്പ നടന്ന് വരാന്തയില്‍ എത്തി. അവിടെ വെളുവെളാ വെളുത്ത് ദേഹം നിറയെ രോമമുള്ള വെളുത്ത പഞ്ഞിക്കെട്ട് പോലെ ഒരു പട്ടിക്കുട്ടി ഇരിക്കുന്നു. നൂനു സന്തോഷം കൊണ്ട് കൈ കൊട്ടി ഉറക്കെ ചിരിച്ചു. അപ്പ നൂനുവിനെ ചുമലില്‍ നിന്നും ഇറക്കാതെ പട്ടിക്കുട്ടിയുടെ മുന്നില്‍ ഇരുന്നു. പട്ടിക്കുട്ടി കീ കീ എന്ന് ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു. അമ്മൂമ്മ ഒരു പാത്രത്തില്‍ പാല് കൊണ്ട് വന്ന് അതിന്റെ മുന്നില്‍ വച്ച് കൊടുത്തു. അത് നിമിഷ നേരം കൊണ്ട് പാല് നക്കി കുടിച്ച് അമ്മൂമ്മയെ നോക്കി വീണ്ടും കീ കീ എന്ന് ശബ്ദം ഉണ്ടാക്കി. അമ്മൂമ്മ വീണ്ടും പാലെടുക്കാനായി അകത്ത് പോയപ്പൊ അപ്പയെ നോക്കി അത് കീ കീ ശബ്ദം ഉണ്ടാക്കി. അപ്പ അതിന്റെ തലയില്‍ തലോടി. അത് അപ്പയുടെ കൈ നക്കി തോര്‍ത്തി. 

സപ്ലി പാലും കൊണ്ടു വന്ന അമ്മൂമ്മയുടെ പിന്നാലെ വന്നു

'ഇപ്പൊ കിട്ടും ചീത്ത', നൂനു വിചാരിച്ചു. അപ്പയെ നക്കിയാ അപ്പൊ വഴക്ക് കേള്‍ക്കും നൂനുവിന്. അപ്പക്ക് നക്കുന്നത് ഇഷ്ടമല്ല. അപ്പ പട്ടിക്കുട്ടിയെ ചീത്ത പറയുന്നതിന് പകരം ദേഹം മുഴുവന്‍ തലോടി കൊടുത്തു.

'നൂനുവിന് തലോടണോ?'

നൂനു വേണ്ട എന്ന അര്‍ത്ഥത്തില്‍ തല ഇടത്തോട്ടും വലത്തോട്ടും ആട്ടി. അപ്പ നൂനുവിനെ താഴെ ഇറക്കാന്‍ നോക്കിയപ്പോഴും ' വേണ്ട വേണ്ട' എന്ന് പറഞ്ഞ് നൂനു ബഹളം വെച്ചു. സപ്ലി പാലും കൊണ്ടു വന്ന അമ്മൂമ്മയുടെ പിന്നാലെ വന്നു.

'സഹോ, ഇതിന് ഒരു പേരിടണ്ടേ?'

നൂനു പറഞ്ഞു: 'നൂനു ഇടാം പേര്'

'എന്നാ നൂനു പറ'

'ഹാപ്പി'

'അടിപൊളി. നല്ല പേര്'.

നൂനുവിന് സപ്ലി ഒരു ഹൈഫൈ കൊടുത്തു. നൂനുവിന് ഏറ്റവും ഇഷ്ടമുള്ള കോമിക്ക് ബുക്കിലെ പട്ടിയുടെ പേരാണ് ഹാപ്പി. 

ഹാപ്പി അമ്മൂമ്മ കൊണ്ട് വന്ന പാല് നക്കി കുടിച്ച് പിന്നെ കാലും നീട്ടി വച്ച് ഉറക്കം തുടങ്ങി. നൂനു അപ്പയുടെ ചുമലില്‍ നിന്നും താഴേക്കിറങ്ങി ഹാപ്പിയെ പതുക്കെ ഒന്നു തൊട്ടു. ഹാപ്പി കണ്ണു തുറന്ന് നൂനുവിനെ നോക്കി വീണ്ടും കണ്ണു ഇറുക്കി പൂട്ടി ഉറങ്ങാന്‍ തുടങ്ങി.

സപ്ലി അപ്പയോട് പറഞ്ഞു: 'സഹോ, ഇത് കൂടിയ ഇനം പട്ടിയാണ്. മഡഗാസ്‌കര്‍ എന്ന രാജ്യത്തെ ദേശീയ പട്ടിയാണ്. കോതൂ ദേ ടൂറേ എന്നാണ് പേര്. മിനുമിനുത്ത പഞ്ഞിക്കെട്ട് എന്നാണ് അര്‍ത്ഥം'

2500 രൂപ. ചുളു വിലയ്ക്ക് കിട്ടിയതാണ്. 35000 രൂപയാണ് മാര്‍ക്കറ്റ് പ്രൈസ്

'നീ തളളല്ലേ സഹോ'

'അല്ല സഹോ. പുറത്ത് നിന്ന് കൊണ്ടു വന്ന ഇനമാണ്'

'നീ എത്ര കൊടുത്തു?'

'2500 രൂപ. ചുളു വിലയ്ക്ക് കിട്ടിയതാണ്. 35000 രൂപയാണ് മാര്‍ക്കറ്റ് പ്രൈസ്'

അപ്പ പോക്കറ്റില്‍ നിന്നും 2500 രൂപ എടുത്ത് കൊടുത്തിട്ട് പറഞ്ഞു' ഇമ്മാതിരി തള്ള് ഇറക്കാതെ സ്ഥലം വിട് സഹോ'.

'നൂനു', മാമന്‍ വിളിച്ചു.

ഉറങ്ങുന്ന ഹാപ്പിയെ നോക്കി ഇരുന്ന നൂനു ഞെട്ടി തലയുയര്‍ത്തി.

'മാമന്‍ പോട്ടാ?'
ശബ്ദം കേട്ട് കണ്ണു തുറന്ന ഹാപ്പിയാണ് മറുപടി പറഞ്ഞത്. 'ബൗ ബൗ'.  ആദ്യമായി ഹാപ്പിയുടെ കുര എല്ലാവരും കേട്ടു. നൂനു പേടിച്ച് അപ്പയുടെ പിന്നിലൊളിച്ചു.

ഹാപ്പി മുഴുവന്‍ ഭാഗങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

(ഹാപ്പിയെക്കുറിച്ചുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കൂ.)

Latest Videos
Follow Us:
Download App:
  • android
  • ios