റാസല്‍ ഖൈമയിലെ ഈ ഗ്രാമത്തില്‍ രാത്രികളില്‍ ആരും പോവാറില്ല!

നമ്മുടെ നാട്ടില്‍ 'കാണപ്പെടുന്ന'  പ്രേതവും ഇവിടുത്തെ പ്രേതവും തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളായിരിക്കും എന്നാലോചിച്ചു. കാല് നിലത്ത് മുട്ടാതെ സഞ്ചരിക്കുന്നവരായിരിക്കുമോ അവരും? ഏത് ഭാഷയായിരിക്കും അവര്‍ സംസാരിക്കുക? അറബിപ്പാട്ട് പാടുമോ? ചുണ്ണാമ്പ് ചോദിക്കുമോ? പണ്ട് ഗ്രാമവാസികള്‍ മുത്തുകളും പവിഴങ്ങളും വില്‍ക്കാന്‍ ഇന്ത്യയില്‍ പോയിരുന്നതാണ്. ഇനി അവര്‍ക്കൊപ്പം, ഇന്ത്യന്‍ പ്രേതങ്ങള്‍ ഇവിടേക്ക് വന്നിട്ടുണ്ടാകുമോ? 

ghost village in ras al khaimah

ghost village in ras al khaimah

റാസല്‍ ഖൈമയിലെ ജസീറ അല്‍ ഹംറ കാണണം. കുറേക്കാലമായുള്ള ആഗ്രഹമാണ്. യു.എ.ഇയിലെ ഒരു മല്‍സ്യത്തൊഴിലാളി ഗ്രാമമാണിത്. അര നൂറ്റാണ്ട് മുമ്പേ ആളുകള്‍ ഒഴിഞ്ഞുപോയി. 

പല തവണ നീട്ടിവച്ച ആഗ്രഹങ്ങള്‍ക്കൊടുവില്‍ അതിനു വഴിയൊരുങ്ങി.  സുഹൃത്ത് രാജീവ് റാസല്‍ഖൈമ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസിലുണ്ട്. വിളിച്ച് ഈ പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വേണമെന്ന് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അവന്‍ അല്‍പസമയത്തിനകം വിവരങ്ങള്‍ ഇ മെയില്‍ ചെയ്തു തന്നു. ബാക്കി നേരിട്ട് കാണുമ്പോള്‍ പറയാമെന്നും. 

അങ്ങനെ, റാസല്‍ഖൈമയില്‍ എത്തി. ഔദ്യോഗിക തിരക്കുകള്‍ കാരണം രാജീവിന് ഞങ്ങളോടൊപ്പം ചേരാനായില്ല. പകരം, ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സുഹൃത്ത് പ്രസാദ് കൂട്ടുവന്നു. ഈ പ്രദേശത്തെ മുക്കും മൂലയും അറിയുന്നയാള്‍. 30 വര്‍ഷത്തിലധികമായി റാസല്‍ഖൈമയില്‍ താമസിക്കുന്നു. 

നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ഗ്രാമം. കടല്‍ത്തീരത്തിനോട് ചേര്‍ന്ന പ്രദേശം.  പഴയ വീടുകളും പള്ളികളും. ഒറ്റ മനുഷ്യരില്ല. 50 വര്‍ഷത്തോളമായി ആളുകള്‍ ഒഴിഞ്ഞ് പോയിട്ട്. എങ്കിലും എല്ലാ ഏകാന്തതകളോടെയും സ്വാഭാവികതയോടെ ഈ ഗ്രാമം ഗ്രാമം നിലനില്‍ക്കുന്നു. 

കാര്‍ പുരാതനമായ ആ ഗ്രാമം ലക്ഷ്യമാക്കി നീങ്ങുകയാണ്. പ്രധാന റോഡില്‍ നിന്ന് മാറി മണ്ണും മണലും ചേര്‍ന്ന  റോഡിലൂടെയാണ് യാത്ര. ഇടുങ്ങിയ വഴികളിലൂടെ അവസാനം ഗ്രാമത്തിന്റെ പ്രധാന ഭാഗത്തെത്തി. 

ghost village in ras al khaimah

കെട്ടിടങ്ങള്‍ പലതും ഭാഗികമായി തകര്‍ന്നിരിക്കുന്നു. ചിലവ ഏറെക്കുറെ പൂര്‍ണ്ണമായിത്തന്നെ തകര്‍ന്നു

'അല്‍ ജസീറ അല്‍ ഹംറ' എന്നാല്‍ ചുവന്ന ദ്വീപ് എന്നാണര്‍ത്ഥം. യു.എ.ഇയിലെ തന്നെ ഏറ്റവും പഴയ കെട്ടിടങ്ങളാണ് ഇവിടെ. 14ാം നൂറ്റാണ്ടില്‍ നിര്‍മ്മി ച്ച കെട്ടിടങ്ങള്‍ വരെ ഈ ഗ്രാമത്തില്‍ ഉണ്ടെന്ന് ചരിത്രം സൂചിപ്പിക്കുന്നു. മുക്കുവ ഗ്രാമം ആയതിനാല്‍, കടലില്‍ നിന്നും കടല്‍ത്തീരത്ത് നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കടല്‍പ്പുറ്റുകളും മറ്റും കൊണ്ടാണ് ചുമരുകള്‍. നിരത്തിവച്ച മരത്തണ്ടുകള്‍ക്ക്  മുകളില്‍ പരമ്പ് വിരിച്ച് അതിന് മുകളില്‍ ഈന്തപ്പനയോല പാകിയതാണ് മേല്‍ക്കൂര. ഇതിന് മുകളില്‍ കളിമണ്ണും ചുണ്ണാമ്പും ചേര്ന്നു മിശ്രിതം കൊണ്ട് വാര്‍ത്തിട്ടുമുണ്ട്. 

വീടുകളില്‍ ചിലത് ഇരുനിലയാണ്. ചില വീടുകള്‍ക്കു മുന്നില്‍, കമാനങ്ങള്‍. അഹമ്മദ് അല്‍ ഉംറാന്‍ എന്നയാളുടേതായിരുന്നുവത്രെ ഗ്രാമത്തില്‍ ഏറ്റവും മനോഹരമായി അലങ്കരിച്ച വീട്. പവിഴ വ്യാപാരിയായിരുന്നു അദ്ദേഹം. ആ വീടിനെ കുറിച്ച് കേട്ടത് പല കഥകള്‍. നടുമുറ്റമുള്ള വീട്. നടുവില്‍ ഒരു മയിലാഞ്ചിച്ചെടി. ചുമരുകളില്‍ നിറങ്ങളുടെ ധാരാളിത്തം. വര്‍ണക്കല്ലുകള്‍ പാകി മനോഹരമാക്കിയ മജ്‌ലിസ്. അഹമ്മദിന്റെ വീടിനെക്കുറിച്ച് കേട്ട വിവരങ്ങള്‍ ഇങ്ങനെ. ഞങ്ങള്‍ ആ വീടന്വേഷിച്ച് ഗ്രാമത്തില്‍ കുറേ നടന്നെങ്കിലും കണ്ടെത്താനായില്ല. ചിലപ്പോള്‍ ഇടിഞ്ഞ് പൊളിഞ്ഞ് പോയിട്ടുണ്ടാകും. 

വീടുകള്‍ക്ക് പുറമേ പള്ളികള്‍, പള്ളിക്കൂടം, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. നേരത്തെ മുന്നൂറോളം വീടുകള്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നുവത്രെ. അനേകം പള്ളികളും. 

കെട്ടിടങ്ങള്‍ പലതും ഭാഗികമായി തകര്‍ന്നിരിക്കുന്നു. ചിലവ ഏറെക്കുറെ പൂര്‍ണ്ണമായിത്തന്നെ തകര്‍ന്നു. സാബ് ഗോത്രക്കാരാണ് ഗ്രാമത്തില്‍ താമസിച്ചിരുന്നത്. മുത്തുവാരല്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്നു. മറ്റേതോ ഒരു ലോകത്ത് എത്തിയ പ്രതീതി. നൂറു വര്‍ഷം പിറകോട്ടാണ് ഈ കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം. 

കുനിഞ്ഞ് നോക്കിയപ്പോള്‍ ഞെട്ടി! ഒന്നര ആളില്‍ അധികം ആഴമുണ്ട്!

'ഞാനൊരു സ്ഥലം കാണിച്ചു തരാം'-പെട്ടെന്ന് എന്തോ ഓര്‍ത്തതുപോലെ പ്രസാദ് പറഞ്ഞു. 

പാതി പൊളിഞ്ഞ ഒരു വീടിനകത്തേക്കാണ് അദ്ദേഹം കൂട്ടിക്കൊണ്ട് പോയത്. തറയിലെ കുഴി  അദ്ദേഹം ചൂണ്ടിക്കാണിച്ചു. അധികം വ്യാസമില്ലാത്ത കുഴി. കുനിഞ്ഞ് നോക്കിയപ്പോള്‍ ഞെട്ടി! ഒന്നര ആളില്‍ അധികം ആഴമുണ്ട്!
 
ഇതൊരു താല്‍ക്കാലിക ലോക്കപ്പ് സംവിധാനമായിരുന്നു. ഗ്രാമത്തില്‍ എത്തുന്ന കള്ളന്‍മാരേയും മറ്റും പിടികൂടിക്കഴിഞ്ഞാല്‍ പോലീസില്‍ ഏല്‍പ്പിക്കുന്നത് വരെ പൂട്ടിയിടാനുള്ള സംവിധാനം. പിടികൂടപ്പെട്ട ആളിനെ ഈ കുഴിയിലേക്ക് ഇറക്കി നിര്‍ത്തുകയാണ് ചെയ്യുക. കുറഞ്ഞ വീതിയും നല്ല ആഴവുമുള്ള ഈ കുഴിയില്‍ നിന്ന് മറ്റൊരാളുടെ സഹായമില്ലാതെ പുറത്തിറങ്ങാനാവില്ല. എത്ര ലളിതം, ഗ്രാമീണരുടെ ഈ ലോക്കപ്പ് രീതി!

യു.എ.ഇയില്‍ പട്ടണങ്ങള്‍ ഉണ്ടാകുന്നതിനും മുമ്പേ, എണ്ണ സമൃദ്ധി ഉണ്ടാകുന്നതിനും മുമ്പേയുള്ള ഗ്രാമമാണ് ഇത്. മരുപ്പച്ച തേടി അലഞ്ഞവരായിരുന്നു പണ്ടുകാലങ്ങളില്‍ അറബികള്‍. അവര്‍ ഒരിടത്ത് സ്ഥിരമായി താമസിച്ചില്ല. അറേബ്യയില്‍ തന്നെ നൂറ്റാണ്ടുകളായി തുടര്‍ച്ചയായി ജനവാസമുണ്ടായിരുന്ന അപൂര്‍വ്വ പ്രദേശങ്ങളില്‍ ഒന്നായിരുന്നു ജസീറ അല്‍ ഹംറ.  കടലില്‍ പോയി മുത്ത് വാരി, ഇന്ത്യയിലും മറ്റും കൊണ്ട് പോയി വ്യാപാരം ചെയ്ത് നില നിന്നിരുന്ന ഇടം. 

1930 ഓടെ ആഗോള സാമ്പത്തിക മാന്ദ്യം വരികയും ജപ്പാനില്‍ നിന്നുള്ള കൃതിമ മുത്തുകള്‍ സജീവമാവുകയും ചെയ്തതോടെ ഇവരുടെ ജീവിതമാര്‍ഗം  ഇല്ലാതാവുകയായിരുന്നു. അങ്ങിനെ ഗ്രാമവാസികള്‍ മറ്റ് തൊഴില്‍ തേടിപ്പോയി. 1960 ഓടെ ഈ ഗ്രാമം മുഴുവനായും നഗരങ്ങളിലേക്ക് കുടിയേറി. അതേ സമയം ഗോത്ര സംബന്ധമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന്  കുടിയൊഴിഞ്ഞു പോയതാണ് ഇവര്‍ എന്ന മറ്റൊരു ഭാഷ്യവുമുണ്ട്. 

കുടിയൊഴിഞ്ഞപ്പോള്‍ ഗ്രാമം എങ്ങിനെയാണോ നിലനിന്നത് അതിന്റെ എല്ലാ സ്വാഭാവികതയോടും കൂടി ഇന്നും നിലനിര്‍ത്തിയിരിക്കുകയാണ്. ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ സമയം നിശ്ചലം!

കടലില്‍ മുങ്ങി മുത്തുവാരുന്നതില്‍ ഗ്രാമത്തിലെ അഗ്രഗണ്യനായിരുന്നുവത്രെ അലി അല്‍ സാബി. കടലിനടിയിലേക്ക് ആഴത്തില്‍ ഊളിയിടാനും മുത്തുള്ള ചിപ്പി കണ്ടെത്താനും ഇദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സാധാരണ മുത്തുള്ള ചിപ്പികള്‍ക്കായി ഏഴ് മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലാണ് മുങ്ങാറ്. എന്നാല്‍ അലിക്ക് ആഴമൊന്നും ഒരു പ്രശ്‌നമല്ലായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു. നിറംപിടിപ്പിച്ച കഥയുമാവാം.

ghost village in ras al khaimah

പേടിപ്പിക്കുന്ന ഒരു വിജനതയാണ് ഈ ഗ്രാമത്തിന്റെ സ്ഥായീഭാവം.

ചില സിനിമകള്‍ക്കും  നിരവധി അറബിക് സീരിയലുകള്‍ക്കും ഈ പ്രദേശം ലൊക്കേഷനായിട്ടുണ്ട്. യു.എ.ഇയില്‍ മറ്റെവിടെയും ഇത്തരത്തില്‍ ഒരു പഴയ ഗ്രാമം അതിന്റെ എല്ലാ സ്വാഭാവികതയോടും കൂടി നിലനില്‍ക്കുന്നത് കാണാനാവില്ല. നരച്ച നിറവുമായി നില്‍ക്കുന്ന 'ജസീറ അല്‍ ഹംറ' ഒരു ജനതയുടെ ജീവിത രീതിയാണ് കാട്ടിത്തരുന്നത്. 

പേടിപ്പിക്കുന്ന ഒരു വിജനതയാണ് ഈ ഗ്രാമത്തിന്റെ സ്ഥായീഭാവം. ആളും അനക്കവുമില്ലാത്ത നിശ്ശബ്ദത. ഇതിനാലാവണം, വളരെ അപൂര്‍വ്വമായി മാത്രമേ ഇവിടെ ആളുകളെ കാണാറുള്ളൂ. രാത്രികാലങ്ങളില്‍ ആരും ഇങ്ങോട്ട് കടക്കില്ലത്രെ. സംസാരിക്കുമ്പോള്‍ ആളുകള്‍ക്ക് എന്തോ ഒരു ഭയ. ജിന്നുബാധയുണ്ടെന്നാണ് ഒരു പ്രചാരണം. ഈ അഭ്യൂഹത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രേതങ്ങള്‍ ഉള്ളത് കൊണ്ടാണ് ആളുകള്‍ ഇവിടെ നിന്ന് കുടിയൊഴിഞ്ഞ് പോയത് എന്ന് വരെ പ്രചരിക്കുന്നു കഥകള്‍. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക്  അപകടങ്ങള്‍ ഉണ്ടാകുമെന്ന് മറ്റൊരു പ്രചാരണം. ചില മയ്യത്തുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു എന്നത് വേറൊരു കഥ. 

ghost village in ras al khaimah ചിത്രീകരണം: വി.പി ഇസ്ഹാഖ്

ചിലരൊക്കെ ജിന്നുകളെ നേരില്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടത്രെ. എന്നാല്‍, എത്ര തിരഞ്ഞിട്ടും, പ്രേതങ്ങളെ കണ്ടവരായി ആരും ഞങ്ങളുടെ മുന്നില്‍ എത്തിയില്ല. 

നമ്മുടെ നാട്ടില്‍ 'കാണപ്പെടുന്ന'  പ്രേതവും ഇവിടുത്തെ പ്രേതവും തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളായിരിക്കും എന്നാലോചിച്ചു. കാല് നിലത്ത് മുട്ടാതെ സഞ്ചരിക്കുന്നവരായിരിക്കുമോ അവരും? ഏത് ഭാഷയായിരിക്കും അവര്‍ സംസാരിക്കുക? അറബിപ്പാട്ട് പാടുമോ? ചുണ്ണാമ്പ് ചോദിക്കുമോ? പണ്ട് ഗ്രാമവാസികള്‍ മുത്തുകളും പവിഴങ്ങളും വില്‍ക്കാന്‍ ഇന്ത്യയില്‍ പോയിരുന്നതാണ്. ഇനി അവര്‍ക്കൊപ്പം, ഇന്ത്യന്‍ പ്രേതങ്ങള്‍ ഇവിടേക്ക് വന്നിട്ടുണ്ടാകുമോ? 

ജിന്നുകളെ കണ്ടവരോട് ചോദിക്കാന്‍ ഒരുപാടുണ്ടായിരുന്നു. 

നേരം മൂവന്തിയായി. വെളിച്ചം കുറയുന്നു. ഇനി മടങ്ങാമെന്ന് പ്രസാദ്. ശരി എന്ന് പറഞ്ഞെങ്കിലും ഒരു ചോദ്യം ഉള്ളില്‍ ഉയര്‍ന്നു വന്നു. നമുക്ക് ജിന്നുകളെ കണ്ടശേഷം മടങ്ങിയാലോ? 

മനസിലെ ആ ചോദ്യം ഇത്തിരി ഉറക്കെയായിപ്പോയി. 

കേട്ടതും, എല്ലാവരുടേയും മുഖത്ത് ചിരി!

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍


ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

അയാള്‍ ഞാനല്ല!

ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ,  ഒരു പെണ്ണ്!

അബുദാബിയിലെ പൂച്ചകളും  തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍

മൈതാനം നിറയെ മുടിവെട്ടുകാര്‍;  ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത

ദാദ് മുറാദ്: 93 മക്കളുടെ പിതാവ്

അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!

ഇങ്ങനെയുമുണ്ട്  ഒമാന്‍ വിവാഹങ്ങള്‍!

ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!

യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!

അറബിയെ പോറ്റിയ മലയാളി!

മരിച്ചത് എന്റെ ശത്രുവായിരുന്നു; എന്നെ ദുബായ് ജയിലിലാക്കിയ സുഹൃത്ത്!

Latest Videos
Follow Us:
Download App:
  • android
  • ios