രാജി എന്നെ പഠിപ്പിച്ചു, ദാരിദ്യം എന്താണെന്ന്, അത് ജീവിതത്തെ മാറ്റുന്നതെങ്ങനെയാണെന്ന്...
ഒരു ഓണാവധി കഴിഞ്ഞു ചെന്നപ്പോൾ രാജി ക്ലാസ്സിൽ ഇല്ല. പിന്നെ, അവളെ കാണുന്നത് കോളപ്ര സ്കൂളിൽ വച്ചാണ്. തലേൽ ഹെഡ് ലൈറ്റ് ഇല്ല. മുടി ഒരു നരച്ച റിബൺ കൊണ്ടു കെട്ടിയിട്ടുണ്ട്. കണ്ണിൽ ആ പഴയ തിളക്കമില്ല. കയ്യിലും കാലിലും മോരിഞ്ചും ഉന്തിയ എല്ലും അലുമിനിയം പെട്ടീം എല്ലാം കൂടെ അവൾ ആകെ മാറിപ്പോയി.
"ആരാമ്മേ ഫെമിനിച്ചി? " അപ്പുവിന്റെ ആണ് ചോദ്യം. എന്ത് ഉത്തരം പറയും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫെമിനിസം പഠിക്കുകയും പഠിപ്പിക്കുകയും ചെയുന്ന ഒരാളെന്ന നിലക്ക് ഉത്തരം കൃത്യം ആയിരിക്കണം. പക്ഷെ ആറു വയസുകാരന് മനസിലാകുന്ന ഏത് ഭാഷയിൽ പറഞ്ഞു കൊടുക്കും? ടിവിയിൽ "പൊരിച്ച മീൻ കിട്ടാത്തത് കൊണ്ട് ഫെമിനിച്ചി ആയവൾ" എന്ന് റിമയെ വിശേഷിപ്പിക്കുന്ന ആരെയോ ചൂണ്ടി വീണ്ടും ചോദ്യം വന്നു. പറ അമ്മേ ഫെമിനിച്ചി ആരാ, അവർക്കെന്താ മീൻ കൊടുക്കാഞ്ഞേ, നമ്മൾ കൊഴുവ വറക്കുമ്പോൾ ഇച്ചിരി കൊടുത്താലോ? ". മിടുക്കൻ. ഇവന് സോഷ്യലിസം വരണം എന്നൊക്കെ ആഗ്രഹം ഉണ്ട്.
മുടിയിൽ മുറുക്കി വച്ചിട്ട് കൃത്യം ഒത്ത നടുക്ക് മുട്ടൻ ഒരു റോസാപ്പൂ കുത്തി കൊണ്ടു വരും
മോൻ പ്രതീക്ഷയോടെ എന്നെ നോക്കി നിൽപ്പാണ്. തിളങ്ങുന്ന കണ്ണുകൾ കണ്ടപ്പോൾ എനിക്ക് രാജിയെ ഓർമ വന്നു. അക്കരെ സ്കൂളിലും കോളപ്ര സ്കൂളിലും എന്‍റെ കൂടെ പഠിച്ച കൊഴുവ കൊതിച്ചി ആയ രാജി.
അക്കരെ സ്കൂൾ ഞങ്ങൾ കുടയത്തൂരുകാരുടെ എല്‍.പി സ്കൂൾ ആണ്. പാലത്തിന്‍റെ അക്കരെ വടക്കാനാറിന്‍റെ തീരത്തു ഉള്ള ഒരു കുഞ്ഞി സ്കൂൾ. ഞാൻ സ്കൂളിൽ ചെല്ലുമ്പോളേ ബാഗ് എറിഞ്ഞിട്ട് കളിക്കാൻ ഓടും. വീട്ടിൽ ആരുമില്ല കളിക്കാൻ. കുഞ്ഞേച്ചി അന്നേ സമാധാനപ്രിയ ആണ്. കഞ്ഞീം കറി, അക്കു, പൂജ്യം വെട്ട് തുടങ്ങിയ ഡൂക്കിലി കളികളാണ് അവൾക്കു പഥ്യം. കൺട്രി ഫെല്ലോ! എനിക്കാണെങ്കിൽ ഇടിച്ചിട്ട് ഓട്ടം, ചെളി വെള്ളം തെറുപ്പിക്കൽ, മരം കയറ്റം, ആറ്റിലോട്ടു കല്ല് പെറുക്കി ഏറു ഒക്കെയാണ് ഇഷ്ടം. സ്കൂളിൽ ഇതിനൊക്കെ പറ്റിയ ഇഷ്ടം പോലെ കൂട്ടുകാർ ഉണ്ട്.
രഞ്ജിത്ത്, അവന്റെ അനിയൻ രാഹുൽ, പൊന്നപ്പൻ, ആശ, അബിമോൾ, അനീഷ് ഒക്കെ ഉണ്ട്. രാഹുൽ നോക്കി കൊണ്ട് നില്‍ക്കാലെ ചുമ്മാ ഉരുണ്ടു വീഴും. കളിക്കിടക്ക് രഞ്ജിത്തിനെ കണ്ടില്ലേൽ ഊഹിച്ചോണം അവൻ രാഹുലിന്‍റെ മേത്ത് പറ്റിയ ചെളി കഴുകിക്കാൻ കിണറ്റുകരേൽ പോയി കാണും. രഞ്ജിത്ത് ഇല്ലേൽ പൊന്നപ്പനു നറുക്ക് വീഴും. അവര് കസിൻസാണ്. അവനു അങ്ങനെ തന്നെ വേണം. രാവിലേം ഉച്ചക്കും വൈകിട്ടും എല്ലാം കളി തന്നെ കളി.
അങ്ങനെ കളിച്ചു കളിച്ചു ഞാൻ രണ്ടാം ക്ലാസ്സിൽ ആയപ്പോളാണ് രാജി അവിടെ ചേർന്നത്. എണ്ണ പുരട്ടി ചീവിയ മുടിയും പല കളർ മുത്തു മാലയും മിന്നാരം ഉടുപ്പും ഉള്ള രാജി. ഹയർ ബാന്‍റ് -ഞങ്ങൾ റാ എന്ന് പറയും - മുടിയിൽ മുറുക്കി വച്ചിട്ട് കൃത്യം ഒത്ത നടുക്ക് മുട്ടൻ ഒരു റോസാപ്പൂ കുത്തി കൊണ്ടു വരും. കണ്ടാൽ തലേൽ ഹെഡ് ലൈറ്റ് ഫിറ്റ് ചെയ്തതാന്നെ പറയൂ. ക്ലാസ്സ് തുടങ്ങുന്നതിനു ഒരു പത്തു മിനിറ്റ് മുമ്പേ രാജി വരൂ. സൂര്യകാന്തിപ്പൂവിന്‍റെ പടമുള്ള ബാഗും പുറകിൽ കെട്ടുള്ള "പൂട്ടീസു" ചെരുപ്പും പെൻസിൽ ബോക്സും ഉള്ള അവളെ ഞങ്ങൾ ബൂർഷ്വാസിയായി മാറ്റി നിർത്തി. മനുഷ്യന് ഇവിടെ ചളുങ്ങിയ അലുമിനിയം പെട്ടീം പാരഗൺ ചെരുപ്പുമേ ഉള്ളൂ. അപ്പോളാ അവള്ടെ പൂട്ടീസു ചെരുപ്പ്. ഉച്ചക്ക് ഞങ്ങൾ കഞ്ഞിപ്പുരേടെ മുന്നിൽ കഞ്ഞിക്കു വേണ്ടി ഇടി കൂടുമ്പോൾ രാജി ചോറ്റുപാത്രം തുറന്നു വെട്ടി വിഴുങ്ങും. നമ്മളെങ്ങാനും നോക്കിയാൽ കൈ കൊണ്ട് കറി പൊത്തിപ്പിടിക്കും.
എനിക്ക് മൂട് ചളുങ്ങിയ സ്റ്റീൽ ഗ്ലാസ്സിലാണ് അമ്മ ചായ തരുന്നത്
അങ്ങനെ ഒരുച്ചക്ക് ഞാനും ശശിയും ബലപരീക്ഷണം ( നാടൻ ഭാഷയിൽ പറഞ്ഞാൽ തിന്നിട്ട് എല്ലിന്‍റെ എടേൽ കേറുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ഇടിക്കും ) നടത്തുമ്പോൾ രാജി സ്കൂളിന് ചുറ്റും വിമ്മിഷ്ടപ്പെട്ടു നടക്കുന്നു. കരയാറായിട്ട് ആണ് നടപ്പ്. കരയട്ടെ കൊതിച്ചിപ്പാറു. എനിക്കെന്താ. ഞാൻ വീണ്ടും ശശീടെ എല്ലൊടിക്കാനുള്ള വഴികൾ പ്ലാൻ ചെയ്തു. ഇടക്ക് ചുമ്മാ തിരിഞ്ഞു നോക്കീപ്പോ രാജി പാവാട പൊക്കി കണ്ണീരു തൂക്കുന്നു. പെട്ടന്ന് ഉണ്ടായ തോന്നലിന് ഞാൻ പോയി കാര്യം അന്വേഷിച്ചു. മറുപടി കേട്ടു ചിരി വന്നു. ഉച്ചക്ക് കഴിച്ചത് വയറ്റിൽ പിടിച്ചില്ല, ഇപ്പൊ തന്നെ കക്കൂസിൽ പോണം. സ്കൂളിൽ മൂത്രപ്പുര മാത്രമേ ഉള്ളൂ. കക്കൂസ് ഇല്ല. എന്ത് ചെയ്യും.
"ഞങ്ങളൊക്കെ ഇങ്ങനെ വല്ലോം തോന്നിയാൽ സ്കൂളിന്‍റെ താഴെ ഉള്ള കണ്ടത്തിന്‍റെ അറ്റത്തു പോയിരുന്നിട്ടു വടക്കനാറ്റിൽ കഴുകും. കൊച്ചിന് വേണേൽ ഞാൻ കൂട്ട് വരാം" ഞാൻ ഉദാരമതിയായി. അപ്പോഴാണ് അടുത്ത പ്രശ്നം. പരിഷ്കാരി ആയ, വീട്ടിൽ "പെരക്കകത്തു കക്കൂസുള്ള", രാജി പറമ്പിൽ ഇരിക്കില്ല. കണ്ട പറമ്പിലും പാറേലും ചുമ്മാ മറച്ചു കെട്ടിയ കക്കൂസിലും പോണ കൺട്രി ആയ ഞങ്ങളെ പോലെ അല്ലല്ലോ അവൾ. പക്ഷെ, വേറെ വഴി ഇല്ല. ഒടുക്കം ഞാനും അവള്ടെ വീർത്തുന്തിയ വയറും ജയിച്ചു. അവള്ടെ അഭിമാനം തോറ്റു. സാറിനോട് പറഞ്ഞിട്ട് ഞാനും രാജിയും ആറിന്‍റെ കരക്ക് എത്തി. അവൾ ഒരു തകരക്കൂട്ടത്തിന്‍റെ പുറകിൽ ഇരുന്നു. ഏങ്ങലടി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ തലേൽ റോസാപ്പൂ ഹെഡ് ലൈറ്റ് വച്ചു കരഞ്ഞോണ്ടിരുന്നു രാജി കാര്യം നടത്തുന്നു. എനിക്ക് ചിരി പൊട്ടി.
എന്തായാലും അതോടെ അവൾ എന്റെ കൂട്ടുകാരി ആയി. കറി മാറാനും കളിക്കാനും ആരും പറയാതെ അവൾ മുൻപോട്ടു വന്നു. എനിക്ക് അറിഞ്ഞൂടാത്ത അനേകം കാര്യങ്ങൾ പറഞ്ഞു തന്നു. ടിവിയിൽ വന്നിരുന്ന സിനിമകൾ, പാട്ടുകൾ ഒക്കെ ആംഗ്യ വിക്ഷേപങ്ങളോടെ അവതരിപ്പിച്ചു. കെട്ടിപ്പിടിച്ചാൽ കൊച്ചുങ്ങൾ ഉണ്ടാകും എന്ന പ്രധാനപ്പെട്ട വിവരം അങ്ങനെ ആണല്ലോ എനിക്ക് മനസിലായത്. വയറ്റിൽ കൊച്ചുണ്ടോന്നു അറിയാൻ ആശൂത്രീൽ ഒന്നും പോവണ്ട, ചില്ല് ഗ്ലാസിൽ ചായ കൊണ്ടോകുമ്പോളോ കിണറ്റിൽന്നു വെള്ളം വലിച്ചു കോരുമ്പോളോ നായിക വീണാൽ മതിയെന്നും, പിന്നെ ഭയങ്കര ഛർദ്ദി ആയിരിക്കുമെന്നും അവസാനം വല്യ ഒരു ഛർദ്ദീടെ കൂടെ കൊച്ചു ചാടി പോരുമെന്നും പറഞ്ഞ രാജിയെ ഞാൻ ഭീതിയോടെ നോക്കി. എനിക്ക് കൊച്ചുങ്ങൾ വേണ്ടാന്ന് അപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. ഒന്നാമത് കെട്ടിപ്പിടിക്കാൻ ഞാനിപ്പോ എവിടുന്നു ആളെ കൊണ്ടുവരാനാ. പിന്നെ ചില്ല് ഗ്ലാസ്സിന്‍റെ ദൗർലഭ്യം. വിരുന്നുകാര് വരുമ്പോൾ കൊടുക്കാൻ വച്ചേക്കുന്ന സാധനം ആണത്. എനിക്ക് മൂട് ചളുങ്ങിയ സ്റ്റീൽ ഗ്ലാസ്സിലാണ് അമ്മ ചായ തരുന്നത്. എല്ലാത്തിനും മീതെ കൊച്ച് എങ്ങാനും തൊണ്ടയിൽ കുരുങ്ങി ഞാൻ ചത്താൽ ആര് സമാധാനം പറയും.
ഒരു ഓണാവധി കഴിഞ്ഞു ചെന്നപ്പോൾ രാജി ക്ലാസ്സിൽ ഇല്ല. പിന്നെ, അവളെ കാണുന്നത് കോളപ്ര സ്കൂളിൽ വച്ചാണ്. തലേൽ ഹെഡ് ലൈറ്റ് ഇല്ല. മുടി ഒരു നരച്ച റിബൺ കൊണ്ടു കെട്ടിയിട്ടുണ്ട്. കണ്ണിൽ ആ പഴയ തിളക്കമില്ല. കയ്യിലും കാലിലും മോരിഞ്ചും ഉന്തിയ എല്ലും അലുമിനിയം പെട്ടീം എല്ലാം കൂടെ അവൾ ആകെ മാറിപ്പോയി. അച്ഛൻ മരിച്ചെന്നും അമ്മേടേം അനിയന്‍റെ കൂടെ മാമന്‍റെ വീട്ടിൽ ആണെന്നും കരഞ്ഞോണ്ട് പറഞ്ഞൊപ്പിച്ചു. പെൺകുട്ടി ആയോണ്ട് പത്തു കഴിഞ്ഞാൽ ഇനി അവളെ പഠിപ്പിക്കുന്നില്ല, അതോണ്ടാ ചെരുപ്പും ബാഗും ഒന്നും മേടിക്കാത്തത്.
ചോറ്റുപാത്രം തുറക്കുമ്പോൾ രാജി കൊതിയോടെ നോക്കും. ചിലപ്പോൾ കയ്യിട്ടു എടുക്കും. മീൻ വറുത്തത് കാണുമ്പോൾ കുഴിഞ്ഞ കണ്ണുകൾ തിളങ്ങും. മാമന്‍റെ ഭാര്യ മീൻ കറിയും വറുത്തതും ഉണ്ടെങ്കിലും കറി മാത്രമേ കൊടുക്കൂ. വറുത്തത് ആണുങ്ങൾക്ക് ആണത്രേ. പാലൊഴിച്ച ചായ, ഇറച്ചി അങ്ങനെ വേറെയും ചിലത് അനിയന് കൊടുത്താലും അവൾക്കു കിട്ടാറില്ല. പള്ളിപ്പെരുന്നാള് കഴിഞ്ഞു ചെല്ലുമ്പോൾ രാജി എന്‍റെ ഉടുപ്പും ഗിൽറ്റ് ഉള്ള സ്പ്രിങ് വളയും കൊതിയോടെ തൊട്ടു നോക്കും. സ്പ്രിങ് വള പകുതി പൊട്ടിച്ചു കൊടുക്കുമ്പോൾ നിധി കിട്ടിയത് പോലെ അവൾ ചിരിക്കും. പള്ളിപ്പെരുന്നാളിന് പെണ്ണുങ്ങൾ രാത്രി പരിപാടിക്കൊന്നും പോകണ്ട, നാടകം ഒക്കെ വീട്ടിൽ ഇരുന്നു കേട്ടാൽ മതിയത്രെ. അങ്ങനെ നൂറു നൂറു പരാതികൾ ഉണ്ടായിരുന്നവൾ പിന്നെ പിന്നെ ഒന്നും പറയാതെ ആയി. എല്ലാത്തിനോടും പൊരുത്തപ്പെട്ടത് പോലെ.
അപ്പുക്കുട്ടാ, പൊരിച്ച മീൻ കിട്ടിയില്ലേൽ ആരേലും ഫെമിനിസ്റ്റ് ആവുമോന്ന് എനിക്കറിയില്ല മോനെ
പത്തിലെ ക്ലാസ്സ് ഫോട്ടോയിൽ രാജി ഇല്ലായിരുന്നു. സോഷ്യലിനും കണ്ടില്ല. ദാരിദ്ര്യം ആളുകളെ അക്കരെ ഇക്കരെ നിർത്തുന്ന ഒരു വല്യ കിടങ്ങാണെന്നു അന്നാണ് എനിക്ക് തോന്നിയത്. SSLC പരീക്ഷ കഴിഞ്ഞു. പിന്നെ, ഞാൻ രാജിയെ അധികം കണ്ടിട്ടില്ല. കല്യാണം കഴിഞ്ഞെന്നും കുട്ടികൾ ആയെന്നും എരിതീയിൽ നിന്ന് വറചട്ടിയിലേക്കാണ് വീണതെന്നും ഒക്കെ കേട്ടു . ഒരിക്കൽ ഒരു ചാക്കിൽ എന്തൊക്കെയോ സാധനങ്ങൾ എടുത്തു ഓട്ടോയിലേക്കു കയറ്റുന്ന എല്ലുന്തിയ അവളുടെ രൂപം കണ്ടപ്പോൾ പെരുക്കപ്പട്ടിക തെറ്റാതെ ചൊല്ലുന്ന, ഭംഗിയായി നോട്ട് എഴുതുന്ന രാജിയെ എനിക്കോർമ്മ വന്നു.
അപ്പുക്കുട്ടാ, പൊരിച്ച മീൻ കിട്ടിയില്ലേൽ ആരേലും ഫെമിനിസ്റ്റ് ആവുമോന്ന് എനിക്കറിയില്ല മോനെ. പക്ഷെ, പെൺകുട്ടി ആയതു കൊണ്ട് പലതും നിഷേധിക്കപ്പെട്ട, ദാരിദ്ര്യം പങ്കു വെക്കുമ്പോൾ ചുരുക്കം ചില ഇടങ്ങളിൽ എങ്കിലും വേർതിരിവുകൾ ഉണ്ടെന്ന് ജീവിതം കൊണ്ട് തെളിയിച്ച ആളെ എനിക്കറിയാം. ഇപ്പൊ PG ക്ലാസ്സുകളിൽ ഫെമിനിസം ഘോര ഘോരം പ്രസംഗിച്ചു പഠിപ്പിക്കുന്ന ഞാൻ അന്ന് അവളോട് പൊരുതാനല്ല, പൊരുത്തപ്പെടാനാണ് പറഞ്ഞു കൊടുത്തത്. എന്തൊരു വൈരുധ്യം !