അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം
ഇവിടെ എത്തുമ്പോള്‍ ഗ്രാമം വിജനമായിരുന്നു. കടകള്‍ എല്ലാം അടഞ്ഞ് കിടക്കുന്നു. വീടുകളിലും പുറത്തും ആള്‍പ്പെരുമാറ്റമില്ല. കെടുതി മൂലം ജനങ്ങള്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോയ പ്രതീതി. വിജനമായ ഊടുവഴികള്‍. നട്ടുച്ചയ്ക്കും നിഗൂഢമായ ഏകാന്തത.
സുലൈമാന്‍ മുഹമ്മദ് അലി എന്ന ഒമാനിയാണ് ബോട്ട് നിയന്ത്രിക്കുന്നത്. അറബിപ്പാട്ടും മൂളി അതിവേഗത്തില്‍ ബോട്ട് പറത്തുകയാണ് അയാള്‍. ഒമാനിലെ കസബില്‍ നിന്ന് രണ്ട് മണിക്കൂര്‍ സ്പീഡ് ബോട്ട് യാത്രയുടെ അകലമുണ്ട് കുംസാറിലേക്ക്. കടല്‍ മാര്‍ഗമേ ഇവിടേക്ക് എത്താനാവൂ. കടലിന് നടുവിലെ ബാബ് മഹ്ബൂക്ക്, ബാബ് മുസന്തം എന്നീ വലിയ പാറകള്‍ പിന്നിട്ട് എത്തുന്നത് കുംസാര്‍ എന്ന മുക്കുവ ഗ്രാമത്തിലേക്ക്. കുംസാരി ഗോത്രത്തില്‍ പെട്ടവരാണ് ഇവിടെ താമസിക്കുന്നവര്‍.
ബോട്ടിറങ്ങി അല്‍പ്പം നടന്നപ്പോള്‍ ഒരാള്‍ കൈവണ്ടിയുമായി എതിരേ വരുന്നു. ആള് മലയാളിയാണ്. തിരൂര്‍ ചമ്രവട്ടം സ്വദേശി രത്‌നാകരന്‍. ലോകത്തിന്റെ ഏത് അറ്റത്ത് പോയാലും മലയാളിയുണ്ടാകുമെന്ന് പറയുന്നത് എത്ര നേര്. അല്ലെങ്കില്‍ ഒമാനിലെ ഒരു ഉള്‍ഗ്രാമത്തില്‍, അതും കടലിലൂടെ മാത്രം വഴിയുള്ള ഒരിടത്ത്, ഗോത്ര വര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഇയാളെങ്ങനെ?
രത്‌നാകരന്‍ കുംസാറില്‍ ഈയിടെ എത്തിയതൊന്നുമല്ല. കഴിഞ്ഞ 15 വര്‍ഷമായി ഈ ഗ്രാമത്തിലെ താമസക്കാരനാണ്. അങ്ങനെ രത്‌നാകരന്‍ ഞങ്ങളുടെ വഴികാട്ടിയായി.
ബോട്ടിറങ്ങി അല്‍പ്പം നടന്നപ്പോള്‍ ഒരാള്‍ കൈവണ്ടിയുമായി എതിരേ വരുന്നു. ആള് മലയാളിയാണ്. തിരൂര്‍ ചമ്രവട്ടം സ്വദേശി രത്‌നാകരന്‍.
മുറ്റമില്ലാത്ത വീടുകള്‍
ഇടുങ്ങിയ വഴികളാണ് കുംസാറില്‍ അധികവും. ചിലതാകട്ടെ ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാന്‍ കഴിയുന്ന അത്രയും ഇടുങ്ങിയത്. അടുത്തടുത്ത് വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്നു കുംസാരികള്‍. കടല്‍ത്തീരത്ത് ഒറ്റപ്പെട്ട ഗ്രാമമാണെങ്കിലും വൈദ്യുതിയും വെള്ളവുമെല്ലാം ഇവിടെ ഗവണ്‍മെന്റ് എത്തിച്ചിട്ടുണ്ട്.
നാനൂറോളം വീടുകളുണ്ടിവിടെ. ചെറുതും വലുതുമായവ. കൃത്യമായി സിമന്റ് തേച്ച് വൃത്തിയാക്കാത്ത പുറവുമായി നില്‍ക്കുന്നവയും അക്കൂട്ടത്തില്‍. കല്ലുകള്‍ അടുക്കി വച്ച് തല്‍ക്കാലത്തേക്ക് നിര്‍മ്മിച്ചവയാണോ എന്ന് തോന്നിപ്പിക്കുന്ന വീടുകളും കണ്ടു. മിക്കവീടുകളിലും എസിയുണ്ട്.
മുറ്റമില്ലാത്ത വീടുകള്‍. മുറ്റത്തിന് സ്ഥലമില്ല എന്നതാണ് നേര്. ചില വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. സിമന്റ് കട്ടകള്‍ ഉപയോഗിച്ചാണ് ചുമരുകളുടെ നിര്‍മ്മാ ണം. ഇടിഞ്ഞ് പൊളിഞ്ഞ് നിലം പൊത്തിയ വീടുകളും പഴമ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഈ ഗ്രാമത്തില്‍. ഇവയുടെ മേല്‍ക്കൂര ഈന്തപ്പനയോല കൊണ്ട് നിര്‍മ്മിച്ചത്.
കുംസാറിലെ വീടുകളെല്ലാം പുറത്ത് നിന്ന് നോക്കുമ്പോള്‍ നരച്ച് നില്‍ക്കുന്നവ. എന്നാല്‍ അകത്ത് കടന്നാല്‍ നിറങ്ങളുടെ ധാരാളിത്തം. വീടുകളുടെ അകംചുമരുകളിലധികവും കടും വര്‍ണങ്ങളാണ് പൂശിയിരിക്കുന്നത്. നീലയും പിങ്കും പച്ചയുമാണ് ഏറെ. കടുംനിറങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഈ ഗോത്രക്കാര്‍. അതുകൊണ്ട് തന്നെ സ്ത്രീകളുടെ വസ്ത്രങ്ങളും നിറങ്ങളില്‍ കുളിച്ച് നില്‍ക്കുന്നവയാണ്. കുട്ടികളുടേത് അതിലുമേറെ നിറം മുക്കിയവ.
മീന്‍ പിടിത്തം ഉപജീവനമാക്കിയവരാണ് ഗ്രാമവാസികള്‍. മൊത്തം അഞ്ച് ഏക്കറോളം മാത്രമേയുള്ളൂ കുംസാര്‍. സ്ത്രീകളും കുട്ടികളുമെല്ലാമടക്കം മൂവായിരത്തോളം പേരാണ് താമസക്കാര്‍.
കടകളും ആശുപത്രിയും സ്‌കൂളും പോലീസ് സ്റ്റേഷനുമുണ്ട് ഈ ഗ്രാമത്തില്‍. രണ്ട് പള്ളികളും. ഒമാനിലെ കടല്‍ ഗ്രാമമാണെങ്കിലും കുംസാറില്‍ മലയാളികളുടെ കടകള്‍ മാത്രമേ ഉള്ളൂ എന്നതാണ് പ്രത്യേകത. അഞ്ച് ഫുഡ് സ്റ്റഫ് കടകള്‍, രണ്ട് ഹോട്ടലുകള്‍, രണ്ട് ബാര്‍ബര്‍ ഷോപ്പുകള്‍, ഒരു ടൈലറിംഗ് ഷോപ്പ് കടകളുടെ എണ്ണം ഇത്രമാത്രം. തങ്ങള്‍ക്ക് സൗകര്യം ഒരുക്കാനെത്തിയ വിദേശികളെ കുംസാരികള്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ കച്ചവടക്കാരായത് ചരിത്രം.
ഇടുങ്ങിയ വഴികളാണ് കുംസാറില്‍ അധികവും. ചിലതാകട്ടെ ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാന്‍ കഴിയുന്ന അത്രയും ഇടുങ്ങിയത്.
ഈ മനുഷ്യരെല്ലാം എങ്ങോട്ടുപോയി?
ഇവിടെ എത്തുമ്പോള്‍ ഗ്രാമം വിജനമായിരുന്നു. കടകള്‍ എല്ലാം അടഞ്ഞ് കിടക്കുന്നു. വീടുകളിലും പുറത്തും ആള്‍പ്പെരുമാറ്റമില്ല. കെടുതി മൂലം ജനങ്ങള്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോയ പ്രതീതി. വിജനമായ ഊടുവഴികള്‍. നട്ടുച്ചയ്ക്കും നിഗൂഢമായ ഏകാന്തത.
ഈ വിജനത കാണാന്‍ വേണ്ടിയാണ് മണിക്കൂറുകള്‍ താണ്ടി എത്തിയത്. കുംസാറിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. ഒമാനിലെ വേനല്‍ക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഗ്രാമം മുഴുവന്‍ ഒഴിഞ്ഞ് പോകും. കസബിലേക്കാണ് ഇവരെല്ലാം താമസം മാറ്റുക. കുംസാരികളുടെ വിശ്രമ കാലമാണിത്. ചൂട് മാസങ്ങളില്‍ മീന്‍പിടുത്തത്തിനും അവധി കൊടുക്കുന്നു. ഒരു ഗ്രാമം മുഴുവന്‍ തല്‍ക്കാലത്തേക്ക് ദേശാടനം ചെയ്തിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗ്രാമം മുഴുവന്‍ അവധിയെടുക്കുന്നു. രണ്ട് മാസത്തെ അവധിക്കാലം കുംസാരികള്‍ ശരിക്കും ആഘോഷിക്കുന്നു. മീന്‍പിടുത്തത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് ഈ അവധിക്കാലത്ത് ഇവര്‍ ചെലവാക്കുന്നു. ഒരു പക്ഷേ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജം കുംസാരികള്‍ സംഭരിക്കുന്നത് ഈ അവധിക്കാലത്താവണം.
കൈനിറയെ കാശുമായി വരുന്ന കുംസാരികളെ കാത്തിരിക്കുന്ന നിരവധി കച്ചവടക്കാര്‍ കസബിലുണ്ട്.
ഒമാനിലെ കസബില്‍ നിന്ന് രണ്ട് മണിക്കൂര്‍ സ്പീഡ് ബോട്ട് യാത്രയുടെ അകലമുണ്ട് കുംസാറിലേക്ക്. കടല്‍ മാര്‍ഗമേ ഇവിടേക്ക് എത്താനാവൂ.
ബാക്കിയായവര്‍
ദേശാടന കാലത്ത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് കുംസാറില്‍ ഉണ്ടാവുക. ഗ്രാമത്തെ സംരക്ഷിക്കാനെന്നവണ്ണം കുറച്ച് സ്വദേശികള്‍. പിന്നെ ആശുപത്രിയിലേയും പോലിസ് സ്റ്റേഷനിലേയും ചുരുക്കം ചില ജീവനക്കാരും. കടകള്‍ ഒന്ന് പോലും തുറന്ന് പ്രവര്‍ത്തിക്കില്ല. സ്‌കൂളുകള്‍ക്കും അവധിക്കാലമാണ്. ഇക്കാലത്ത് ഇവിടെ തങ്ങുന്നവര്‍ക്ക് കസബില്‍ നിന്ന് വേണം ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും എത്താന്‍.
പൂട്ടിയിട്ട കടകളിലൊന്നിനു മുന്നില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നു. അന്ധനാണ്. മുഹമ്മദ് അമാനുള്ള അലി കുംസാരി. ശബ്ദം കൊണ്ട് ഗ്രാമത്തിലെ എല്ലാവരേയും തിരിച്ചറിയും ഇദ്ദേഹം. സ്വദേശികളെ മാത്രമല്ല മലയാളികള്‍ അടക്കമുള്ള വിദേശികളേയും ഇങ്ങനെ ശബ്ദവീചികളില്‍ കൃത്യമായി ഈ വൃദ്ധന്‍ കാണുന്നു. ഗ്രാമത്തിലെ കുട്ടികള്‍വരെ ശബ്ദകാഴ്ചയാണ് ഇദ്ദേഹത്തിന്. അതിഥികളെന്നറിഞ്ഞപ്പോള്‍ നിര്‍ത്താതെ അഭിവാദ്യം ചെയ്തു മുഹമ്മദ്. പിന്നെ വിളിച്ച് അടുത്തിരുത്തി. വിറയാര്‍ന്ന ശബ്ദത്തില്‍ പാട്ടുകള്‍ പാടി. ഇടയ്ക്ക് ചിരിച്ചും വര്‍ത്ത്മാനം പറഞ്ഞും പാട്ട് തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഒടുവില്‍ തളര്‍ന്നപ്പോള്‍ പിന്നെ വിശേഷങ്ങള്‍ പറച്ചിലായി. ഇന്ന് വൈകുന്നേരം താനും കസബിലേക്ക് പോകുമെന്ന് ഇദ്ദേഹം.
ആളുകള്‍ ഒഴിഞ്ഞ് പോയ കുംസാര്‍ ഗ്രാമത്തിലൂടെ ഞങ്ങള്‍ നടത്തം തുടര്‍ന്നു . കൊടും ചൂടുകാലമാണ്. സൂര്യന്‍ ചുട്ടുപൊള്ളി തലക്ക് മുകളില്‍. ചൂടിന് കാഠിന്യം ഏറുകയാണ്. വിയര്‍ത്തൊലിച്ച് വസ്ത്രമെല്ലാം ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നു.എങ്കിലും കുംസാറിനെ അടുത്തറിയാനുള്ള ആ നടത്തം നിര്‍ത്തിയില്ല.
പൂട്ടിയിട്ട കടകളിലൊന്നിനു മുന്നില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നു. അന്ധനാണ്. മുഹമ്മദ് അമാനുള്ള അലി കുംസാരി.
മള്‍ട്ടിപര്‍പ്പസ് മഴവെള്ളപ്പാത
മീന്‍ ചുടുന്ന പൊതു അടുപ്പ് പിന്നിട്ട് എത്തിയത് ഒരു വാദിയിലേക്ക് (താഴ്‌വരകളിലെ മഴവെള്ളപ്പാതയാണ് വാദി.താഴ്‌വരകള്‍ക്കും പൊതുവെ വാദി എന്ന് പറയാറുണ്ട്.)
വേനല്‍ക്കാലമായതിനാല്‍ ഇതില്‍ വെള്ളമില്ല. വരണ്ടുണങ്ങിക്കിടക്കുന്നു. മാസങ്ങളോളം ഗ്രാമീണരുടെ റോഡും മുറ്റവും കളിസ്ഥലവുമെല്ലാം ഈ വാദിയാണ്. വീടിന് മുറ്റമില്ലാത്തതിനാല്‍ മുറ്റത്തിന്റെ ഉപയോഗം നിറവേറ്റുന്നത് ഇതേ വാദി. പ്രത്യേക കളിസ്ഥലമില്ലാത്തത് കൊണ്ട് കളിസ്ഥലമാകുന്നതും വാദി തന്നെ. കൃത്യമായ റോഡില്ലാത്തത് കൊണ്ട് ഒരു പരിധിവരെ റോഡും ഇതേ വാദി. ഡിസംബറില്‍ അല്ലെങ്കില്‍ ജനുവരിയില്‍ മഴ എത്തുന്നത് വരെ വാദി ഇങ്ങനെ മള്‍ട്ടി പര്‍പ്പസാണ്. മഴയെത്തിയാല്‍ പിന്നെ വെള്ളപ്പാച്ചിലുണ്ടാവും. അപ്പോള്‍ കുളിസ്ഥലവും പുഴയും വാട്ടര്‍ സ്‌പോര്ട്‌സ് ഏരിയയുമെല്ലാം ഇതേ വാദി തന്നെ.ഏപ്രിലില്‍ മഴ അവസാനിക്കുന്നത് വരെ ഇതില്‍ ജലസാന്നിധ്യമുണ്ടാകും.
അഞ്ച് ഏക്കറോളം മാത്രമേ മൊത്തം ഗ്രാമമുള്ളൂവെങ്കിലും ഓരോയിടത്തിനും പ്രത്യേകം പേരുകളുണ്ട്. കുശ്പാനി, അല്‍ ഹാജര്‍, ജവല്‍ ഇങ്ങനെ പോകുന്നു അവ.
ചെറിയ കുന്ന് കയറി എത്തുമ്പോള്‍ പഴയ കിണര്‍. ഈ ഗ്രാമത്തിലെ ഏക കിണറാണിത്.ഒരുകാലത്ത് ഈ ഗ്രാമത്തെ മുഴുവന്‍ വെള്ളം കുടിപ്പിച്ചത് ഈ കിണറായിരുന്നു. ഇപ്പോള്‍ നഷ്ടപ്രതാപത്തോടെ മൂടിക്കിടക്കുന്നു ഇത്. കുടിവെള്ള കണക്ഷനുകള്‍ എത്തിയപ്പോള്‍ കിണറിന്റെ ആവശ്യം ഇല്ലാതാവുകയായിരുന്നു.
ചിത്രീകരണം: വി.പി ഇസ്ഹാഖ്.വേനല്‍ കഴിഞ്ഞാല്‍...
കുംസാറില്‍ ധാരാളം ഖബറിടങ്ങളുണ്ട്. ചെറിയ പ്രദേശത്ത് ഇത്രയധികം ഖബര്‍ സ്ഥാനുകള്‍ ഒരുപക്ഷേ അപൂര്‍വ്വമായിരിക്കും. ഏഴ് ഖബര്‍ സ്ഥാനുകളാണിവിടെ. പണ്ട് കപ്പല്‍ ചേതം വന്ന് മരിച്ചവരുടേതായിരിക്കാം. മാറാവ്യാധിയാല്‍ മരിച്ച ഗ്രാമീണരുടെ നീണ്ട നിരയുമാവാം. കുംസാരികളില്‍ ആരെങ്കിലും മരിച്ചാല്‍ പെട്ടെന്ന് തന്നെ ഖബറടക്കും. ബന്ധുക്കള്‍ വന്നാലും വന്നില്ലെങ്കിലും പരമാവധി മൂന്ന് നാല് മണിക്കൂറിനുള്ളില്‍ മരിച്ചയാള്‍ മണ്ണിനടിയിലായിരിക്കും. അതാണ് ഇവരുടെ ശീലവും ചര്യയും.
കുംസാരികള്‍ തങ്ങളുടെ ചരിത്രവും സംസ്‌കാരവും മുറുകെപ്പിടിക്കുന്നവരാണ്. ഉപദ്വീപ് മുഴുവന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ ഭരിച്ചിരുന്ന ശൈഖുമാരുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് ആത്മാഭിമാനം കൊള്ളുന്നു ഇവര്‍.
സെപ്റ്റംബറില്‍ ചൂട് കുറയുന്നതോടെ മാത്രേമ കുംസാരികള്‍ കസബില്‍ നിന്ന് തിരിച്ചെത്തൂ. ആ സമയത്ത് ഈ ഗ്രാമത്തിലെത്തിയാല്‍ കാഴ്ചകള്‍ ഇതൊന്നുമല്ലെന്ന് രത്‌നാകരന്‍. എങ്ങും ഒച്ചയും ആള്‍പ്പെരുമാറ്റവും. സജീവമായ ഒരു തെരുവിലെത്തിയ പ്രതീതി.
ഇപ്പോഴത്തെ നിശ്ശബ്ദതയില്‍ നിന്ന്, വന്യമായ വിജനതയില്‍ നിന്ന് ഗ്രാമം ശബ്ദഘോഷങ്ങളിലേക്ക്, ആള്‍ത്തിരക്കിലേക്ക് ചേക്കേറിയത് കാണാന്‍ തീര്‍ച്ചയായും വരണം.
കുംസാറില്‍ അടുത്ത തവണ ബോട്ടിറങ്ങുന്നത് ഈ ശബ്ദഘോഷങ്ങളിലേക്ക് ആയിരിക്കുമെന്ന് ഉറപ്പിച്ചു. ഈ ഒമാനി ഗ്രാമത്തില്‍ ഇപ്പോള്‍ എന്ത് സഹായത്തിനും രത്‌നാകരന്‍ ഉണ്ടല്ലോ.
ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍:
ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?