അബുദാബിയിലെ പൂച്ചകളും തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍
തെരുവു പൂച്ചകളെ താലോലിച്ചും പരിക്ക് പറ്റിയവയെ ശുശ്രൂഷിച്ചും ഈ യുവാവ്. തന്റെ കുട്ടിയെപ്പോലെയാണ് ഓരോ പൂച്ചകളോടുമുള്ള സിദ്ധീഖിന്റെ പെരുമാറ്റം.
പറഞ്ഞു വരുന്നത് പൂച്ചകളെക്കുറിച്ചല്ല. പൂച്ചകളെ സ്‌നേഹിക്കുന്ന ഒരാളെക്കുറിച്ച്. അബുദാബിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി സിദ്ദീഖ് അലി.ഒഴിവ് സമയങ്ങള്‍ അധികവും ഈ യുവാവ് ചെലവഴിക്കുന്നത് പൂച്ചകളോടൊപ്പം. അതും തെരുവ് മാര്‍ജാരന്മാര്‍ക്കൊപ്പം.
സിദ്ദീഖിന് ഒരു കമ്പനിയിലെ സെയില്‍സ് വിഭാഗത്തിലാണ് ജോലി. എല്ലാ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കാറുമെടുത്ത് ഇറങ്ങും. മാര്‍ക്കറ്റിലേക്ക്. ആദ്യം മീന്‍ വാങ്ങും. മത്തി തന്നെ. പിന്നെ കോഴിയിറച്ചി. തെരുവു പൂച്ചകള്‍ക്കുള്ള തീറ്റയാണിതെല്ലാം.
കാറിന്റെ ഹോണടി കേള്‍ക്കുമ്പോഴേ മാര്‍ജാരന്മാര്‍ ഓടി വരാന്‍ തുടങ്ങും. പിന്നെ പൂച്ചകളെ ഊട്ടലാണ്.
ഓരോ പ്രദേശത്തേയും പൂച്ചകള്‍ക്കുള്ള ഭക്ഷണങ്ങള്‍ വെവ്വേറെ പാത്രങ്ങളില്‍ നിറയ്ക്കുന്നു.ഐസ്‌ക്രീം പാത്രങ്ങളും തൈര് പാത്രങ്ങളിലുമെല്ലാമാണ് ഇങ്ങനെ പൂച്ച ഭക്ഷണങ്ങള്‍ നിറയ്ക്കുന്നത്. കാറിന്റെ ഡിക്കിയിലും സീറ്റുകള്‍ക്ക് താഴെയുമെല്ലാം ക്യാറ്റ് ഫുഡും മത്തിയും കോഴി ഇറച്ചിയും നിറച്ച പാത്രങ്ങള്‍.ഇനി സിദ്ദീഖ് യാത്ര തുടങ്ങുകയായി. തെരുവ് പൂച്ചകള്‍ക്ക് അടുത്തേക്ക്.
ഇദ്ദേഹത്തിന്റെ കാറിന്റെ ഹോണടി കേള്‍ക്കുമ്പോഴേ മാര്‍ജാരന്മാര്‍ ഓടി വരാന്‍ തുടങ്ങും. പിന്നെ പൂച്ചകളെ ഊട്ടലാണ്. അവയോട് സംസാരിച്ച്,ശരീരത്തില്‍ തടവി,മറ്റ് ചിലപ്പോള്‍ ദേഷ്യപ്പെട്ട, കടിപിടി കൂടുമ്പോള്‍ അരുതെന്ന് വിലക്കി, അവയുടെ കളികള്‍ കണ്ട് ചിരിച്ച്, അങ്ങനെ. ഭക്ഷണം നല്‍കി, ചെറിയ പാത്രങ്ങളില്‍ കുടിവെള്ളവും നിറച്ച് വച്ചാണ് ഓരോ സ്ഥലത്ത് നിന്നും മടക്കം.
വണ്ടിയില്‍ എപ്പോഴും ഭക്ഷണമുണ്ടാകും. പോകുന്ന വഴിക്ക് പൂച്ചയെ കണ്ടാല്‍ നിര്‍ത്തി അവ നല്‍കും
ചെറുപ്പം മുതലേ പൂച്ചകളെ ഇഷ്ടമായിരുന്നു സിദ്ദീഖിന്. ഗള്‍ഫില്‍ വന്നപ്പോഴും ഈ ഇഷ്ടത്തിന് മാറ്റമൊന്നും സംഭവിച്ചില്ല. അബുദാബിയില്‍ ധാരാളം തെരുവ് പൂച്ചകളെ കണ്ടതോടെ ഇദ്ദേഹം അന്നദാതാവിന്റെ റോള്‍ ഏറ്റെടുക്കുകയായിരുന്നു. താമസിക്കുന്ന വില്ലയ്ക്ക് മുന്നില്‍ മാര്‍ജാരന്മാര്‍ക്ക് ക്ഷണം കൊടുത്തായിരുന്നു തുടക്കം. പിന്നെ പൂച്ചകള്‍ കൂടിക്കൂടി വരികയായിരുന്നു.
ഈ യുവാവിന്റെ വണ്ടിയില്‍ എപ്പോഴും ഭക്ഷണമുണ്ടാകും. പോകുന്ന വഴിക്ക് പൂച്ചയെ കണ്ടാല്‍ നിര്‍ത്തി അവ നല്‍കും. അങ്ങിനെ ഓരോ സ്ഥലത്തും ധാരാളം പൂച്ചകളായി. 450 ല്‍ അധികം പൂച്ചകള്‍ക്ക് ദിവസവും ഭക്ഷണം നല്‍കുന്നു.
പൂച്ചകള്‍ക്ക് തീറ്റ കൊടുക്കുന്നത് കാണുമ്പോള്‍ പലരും തെറി വിളിക്കാറുണ്ട്. ഉപദ്രവിച്ചവരുമുണ്ട്.
വൈകുന്നേരം അബുദാബി മുസഫയിലെ തെരുവില്‍ നിന്നാണ് ഭക്ഷണ വിതരണം തുടങ്ങുക. ഇവിടെ മാത്രം 150 അധികം പൂച്ചകള്‍ക്കാണ് ഊട്ടല്‍. പിന്നീട് മുഷ് രിഫിലും മിനാ സായിദിലുമെല്ലാമുള്ള തെരുവ് പൂച്ചകളുടെ അടുത്തേക്ക്. ഓരോ സ്ഥലത്തും ഭക്ഷണം നല്‍കുന്ന പൂച്ചകളുടെ എണ്ണം ഡയറിയില്‍ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. 458 പൂച്ചകള്‍ക്കാണ് ഭക്ഷണം നല്‍കുന്നതെന്ന് ഈ ഡയറി പറയുന്നു. ഓരോ സ്ഥലത്തേയും മാര്‍ജ്ജാരന്മാരുടെ ഫോട്ടോ എടുത്ത് സിദ്ധീഖ് മൊബൈലില്‍ സൂക്ഷിച്ചിട്ടുമുണ്ട്.
സിദ്ദീഖിന്റെ ഈ പ്രവൃത്തി എല്ലാവര്‍ക്കുമൊന്നും ഇഷ്ടമല്ല എന്നതാണ് നേര്. പൂച്ചകള്‍ക്ക് തീറ്റ കൊടുക്കുന്നത് കാണുമ്പോള്‍ പലരും തെറി വിളിക്കാറുണ്ട്. ഉപദ്രവിച്ചവരുമുണ്ട്. രണ്ട് തവണ അറബ് വംശജരില്‍ നിന്ന് അടികിട്ടി. മറ്റൊരിക്കല്‍ ഒരാള്‍ കാറിന്റെ താക്കോലും കൊണ്ട് പോയി. ചിലരാവട്ടെ ദേഷ്യം പിടിച്ച് സ്വയം പിറുപിറുക്കും. ആര് എന്തൊക്കെ പറഞ്ഞാലും പ്രവര്‍ത്തിച്ചാലും താന്‍ ഇത് നിര്‍ത്തില്ലെന്ന് സിദ്ധീഖ് ചിരിച്ച് കൊണ്ട് പറയുന്നു.
ഇദ്ദേഹത്തെ സഹായിക്കാനും ചിലര്‍ തയ്യാറുണ്ട്. ഹോട്ടല്‍ ജീവനക്കാരനും പുലാമന്തോള്‍ സ്വദേശിയുമായ വിജയന്‍ ഇത്തരക്കാരില്‍ ഒരാള്‍. ജോലി ചെയ്യുന്ന ഹോട്ടലിന് അടുത്തുള്ള മുപ്പതോളം പൂച്ചകള്‍ക്ക് വിജയനാണ് ദിവസവും ഭക്ഷണം നല്‍കുന്നത്. എല്ലാ ആഴ്ചയിലും ഒരു ചാക്ക് ക്യാറ്റ് ഫുഡ് സിദ്ദീഖ് വിജയന് അടുത്തെത്തിക്കും. ഇതില്‍ നിന്നാണ് വിജയന്‍ പൂച്ചകളെ തീറ്റിക്കുന്നത്. പിന്നെ ഹോട്ടലില്‍ ബാക്കിവന്ന ഭക്ഷണങ്ങളും പൂച്ചകള്‍ക്ക് നല്‍കുന്നു.
താന്‍ ഭക്ഷണം നല്‍കിയില്ലെങ്കില്‍ ഇവയ്ക്ക് ആര് നല്‍കുമെന്ന് സിദ്ദിഖ് ചോദിക്കുന്നു.
'പൂച്ചകള്‍ക്ക് ഭക്ഷണമെത്തിക്കുന്ന താങ്കള്‍ മനുഷ്യര്‍ക്ക് എന്തുകൊണ്ട് സഹായം നല്‍കുന്നില്ല?'
സിദ്ദീഖിനോട് ചോദിക്കാതിരിക്കാനായില്ല.
'എന്നെക്കൊണ്ട് ആകുന്ന സഹായങ്ങള്‍ മനുഷ്യര്‍ക്കും ചെയ്യാറുണ്ട്. പലപ്പോഴും അനാഥാലയങ്ങള്‍ക്ക് സഹായം എത്തിക്കാറാണ് പതിവ്'. സിദ്ദിഖ് നിലപാട് വ്യക്തമാക്കി.
വെള്ളിയാഴ്ചകളില്‍ അടക്കം ഒരു ദിവസം പോലും മുടക്കമില്ലാതെയാണ് ഇദ്ദേഹത്തിന്റെ പൂച്ചയൂട്ടല്‍. ദിനവും നാല് മണിക്കൂറില്‍ അധികമാണ് ഇതിനായി ചെലവിടുന്നത്. താന്‍ ഭക്ഷണം നല്‍കിയില്ലെങ്കില്‍ ഇവയ്ക്ക് ആര് നല്‍കുമെന്ന് സിദ്ദിഖ് ചോദിക്കുന്നു. ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഈ മിണ്ടാപ്രാണികള്‍ പട്ടിണി കിടന്ന് മരിക്കുകയേ ഉള്ളൂ. അത് ആലോചിക്കാന്‍ പോലുമാവില്ല പറയുമ്പോള്‍ മുഖത്ത് വ്യസനം.
പൂച്ചകളെ നോക്കാന്‍ സമയം കുറയുമെന്നതിനാല്‍ ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലേക്ക് അയക്കുക വരെ ചെയ്തു ഇദ്ദേഹം
സിദ്ദീഖ് നാട്ടില്‍ പോയിട്ട് കാലങ്ങളായി. ഈ പൂച്ചയൂട്ടല്‍ കൃത്യമായി നടത്താന്‍ ഒരാളെ ലഭിക്കാത്തത് തന്നെ കാരണം. ഒരു മാസത്തേക്കെങ്കിലും ഒരാളെ ലഭിച്ചാല്‍ അന്ന് നാട്ടില്‍ പോകുമെന്ന് ഇദ്ദേഹം. ഒരിക്കല്‍ ഇദ്ദേഹം നാട്ടില്‍ പോയി വന്നപ്പോള്‍ പൂച്ചകളില്‍ പകുതിയില്‍ അധികവും ചത്തുപോയിരുന്നു. വാഹനമിടിച്ചും ഭക്ഷണവും വെള്ളവും കിട്ടാതെയും. ഹൃദയഭേദകമായ ആ ദുരന്തം വീണ്ടും ആവര്‍ത്തിക്കരുതെന്ന് നിര്ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ കടമ കൃത്യമായി ഏറ്റെടുക്കാന്‍ ഇദ്ദേഹം ഒരാളെ തേടുന്നത്.
പൂച്ചകളോടുള്ള ഇദ്ദേഹത്തിന്റെ ഇഷ്ടം കണ്ടാല്‍ ആരും ഞെട്ടും. പൂച്ചകളെ നോക്കാന്‍ സമയം കുറയുമെന്നതിനാല്‍ ഗര്‍ഭിണിയായ ഭാര്യയെ നാട്ടിലേക്ക് അയക്കുക വരെ ചെയ്തു ഇദ്ദേഹം. തെരുവു പൂച്ചകളെ താലോലിച്ചും പരിക്ക് പറ്റിയവയെ ശുശ്രൂഷിച്ചും ഈ യുവാവ്. തന്റെ കുട്ടിയെപ്പോലെയാണ് ഓരോ പൂച്ചകളോടുമുള്ള സിദ്ധീഖിന്റെ പെരുമാറ്റം. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ തന്റെ ഏക മകനെ കാണാന്‍ പോലും ഇദ്ദേഹം നാട്ടിലേക്ക് പോയിട്ടില്ല.
പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്ത് കൊടുത്ത് സിദ്ധീഖിന്റെ കടം വര്‍ദ്ധിക്കുകയാണ്. എങ്കിലും ഈ ഊട്ടല്‍ നിര്‍ത്താന്‍ ഇദ്ദേഹം തയ്യാറല്ല.
ഇങ്ങനെ ദിനവും പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കൊണ്ടാണ് താന്‍ നാല് തവണ മരണ വക്ത്രത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് സിദ്ധീഖ് വിശ്വസിക്കുന്നു.ഒരു തവണ ഫുജൈറയില്‍ വച്ച് വാഹനാപകടത്തില്‍ പെട്ടു. അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു അന്നത്തേത്. മൂന്ന് തവണ കടുത്ത അസുഖ ബാധിതനായി കിടപ്പിലായി. അസുഖത്തിന്റെ് മൂര്‍ദ്ധന്യത്തില്‍ ഡോക്ടര്‍ പറഞ്ഞത് ഒരു വര്‍ഷത്തെ ആയുസ്സേ ഇനി ഉള്ളൂവെന്ന്. അതു കഴിഞ്ഞ് പത്തുവര്‍ഷമായി. 'പൂച്ചകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ വേണ്ടി അല്ലാഹു ആയുസ് നീട്ടിത്തന്നതാണെന്ന്' ഉറച്ച് വിശ്വസിക്കുന്നു ഇദ്ദേഹം.
ചിത്രീകരണം: വി.പി ഇസ്ഹാഖ്കല്യാണം കഴിഞ്ഞ് എത്രയോ വര്‍ഷങ്ങളോളം സിദ്ദീഖിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു കുഞ്ഞിനെ ലഭിച്ചതും ഇതേ പൂച്ചയൂട്ടല്‍ കൊണ്ടെന്ന് സിദ്ധീഖ്. പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാന്‍ നല്ലൊരു തുക ഇദ്ദേഹം ചെലവിടുന്നുണ്ട്. ദിവസവും 170 ദിര്‍ഹമാണ് ചെലവ്. മാസത്തില്‍ അയ്യായിരത്തില്‍ അധികം ദിര്‍ഹം. അതായത് ഏകദേശം 75,000 രൂപ. ഇങ്ങനെ തെരുവ് പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി ഈ യുവാവ് കടക്കെണിയിലായിരിക്കുന്നു. 20,000 ദിര്‍ഹത്തിന്റെ കടക്കാരനാണ് താനെന്ന് സിദ്ധീഖ്. മൂന്ന് ലക്ഷത്തില്‍ അധികം രൂപയുടെ കടം.
പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്ത് കൊടുത്ത് സിദ്ധീഖിന്റെ കടം വര്‍ദ്ധിക്കുകയാണ്. എങ്കിലും ഈ ഊട്ടല്‍ നിര്‍ത്താന്‍ ഇദ്ദേഹം തയ്യാറല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തനിക്ക് ഇതുകൊണ്ട് ഗുണങ്ങള്‍ ഉണ്ടായി എന്ന് വിശ്വസിക്കുവാനാണ് ഇദ്ദേഹത്തിന് ഇഷ്ടം.
വട്ടുണ്ടോ എന്ന് നിരവധി തവണ സിദ്ധീഖിനോട് പലരും ചോദിച്ചിട്ടുണ്ട്. ഒരു ചിരി, അല്ലെങ്കില്‍ അല്ലാഹു തനിക്ക് പ്രതിഫലം നല്‍കുമെന്ന മറുപടി. ഇതാണ് ഇദ്ദേഹം എപ്പോഴും കരുതി വയ്ക്കാറ്.
സിദ്ദീഖിനെ ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വന്നു നിറയുന്ന ഒരു കവിതയുണ്ട്.
എത്ര ചവിട്ടിക്കൂട്ടിയിട്ടും
ചുരുട്ടിയെറിഞ്ഞിട്ടും
പുറത്തുപോകാതെ
ഉള്ളിലൊരു പൂച്ചയുണ്ട്
വല്ലാതെ ശ്വാസം മുട്ടിച്ച്.....
വാല്‍കഷ്ണം: ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ട ശേഷം സിദ്ദീഖ് വിളിച്ചു. തന്റെ കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞെന്ന് സന്തോഷത്തോടെ അയാൾ അറിയിച്ചു. നല്ലൊരു ജോലി കിട്ടി. അന്നത്തെ മകന് ഇപ്പോ അഞ്ചു വയസ്സായി. അപ്പോ പൂച്ചകളോ, ഞാൻ ചോദിച്ചു. അതില്ലാതെ വേറെന്തുണ്ടാവാൻ. പൂച്ചകളും ഞാനും ഇപ്പോഴും അതേ പോലെ ജീവിക്കുന്നു, ജീവിപ്പിക്കുന്നു...സിദ്ധീഖ് പറഞ്ഞു
മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍:
ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?
അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം
ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ, ഒരു പെണ്ണ്!