മരിച്ചത് എന്റെ ശത്രുവായിരുന്നു; എന്നെ ദുബായ് ജയിലിലാക്കിയ സുഹൃത്ത്!
വസന്തന്‍ മുസ്തഫയെ ഇതുവരെ കണ്ടിട്ട് പോലുമില്ല. പിന്നെ എങ്ങനെ മുസ്തഫയ്ക്ക് വസന്തന്റെ പാസ്‌പോര്‍ട്ട് കിട്ടി? ഒരുപാട് സ്ഥലങ്ങളില്‍ ജോലിക്കായി സിവിയും പാസ്‌പോര്‍ട്ട് കോപ്പിയും വസന്തന്‍ കൊടുത്തിരുന്നു. ഇതില്‍ എവിടെ നിന്നെങ്കിലും പാസ്‌പോര്‍ട്ട് കോപ്പി സംഘടിപ്പിച്ച് വ്യാജപ്പേരില്‍ മുസ്തഫ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായിരിക്കണം. ചിലപ്പോള്‍ വസന്തന്റെ പേരില്‍ വ്യാജ പാസ്‌പോര്ട്ട് വരെ ഉണ്ടാക്കിയിട്ടുമുണ്ടാകാം.
ആദ്യമായി ഞാന്‍ ദുബായ് ജയിലില്‍ പോകുന്നത് യു.എ.ഇയില്‍ എത്തി മൂന്ന് മാസം തികയുന്നതിന് മുമ്പാണ്. തടവറയില്‍ അകപ്പെട്ട ചില മലയാളികളെ കാണാനായിരുന്നു ഈ പോക്ക്. സ്‌നേഹത്താഴ്‌വര എന്ന സംഘടനയുടെ പ്രവര്‍ത്തകരോടൊപ്പം. ഇരുമ്പ് വലകള്‍ക്കപ്പുറവും ഇപ്പുറവും നിന്ന് തടവുപുള്ളികളോട് സംസാരിച്ചു. തങ്ങളുടെ കഥ പറയുമ്പോള്‍ പലര്‍ക്കും നിര്‍വികാരത.
അന്ന് കണ്ട സുമുഖനായ ഒരു മലയാളി യുവാവിന്റെ പേര് മറന്നുപോയെങ്കിലും മുഖം ഇപ്പോഴും മനസിലുണ്ട്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടാണ് അവന്‍ ജയിലിലായത്. യു.എ.ഇയിലേക്ക് ആദ്യമായി വരുന്നവന്‍. ഷൂസിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദുബായ് വിമാനത്താവളത്തില്‍ വച്ച് പക്ഷേ പിടികൂടപ്പെട്ടു. വിചാരണ കഴിഞ്ഞ് ജയിലിലേക്ക്. വധശിക്ഷയാണ് ഈ യുവാവിനെ കാത്തിരിക്കുന്നത്.
നിങ്ങള്‍ അറിയാതെ അകപ്പെട്ടു പോയതാണോ?
'അല്ല. ഞാന്‍ അറിഞ്ഞുകൊണ്ട് തന്നെ കടത്തിയതാണ്'- യാതൊരു സങ്കോചവും ഇല്ലാതെ അവന്‍ പറഞ്ഞു.
'എന്തിന്?'
നിശ്ശബ്ദതയായിരുന്നു മറുപടി. കുറച്ച് സമയം അവന്‍ എന്തോ ആലോചിക്കുന്നത് പോലെ തോന്നി. അവന്റെ കണ്ണുകള്‍ ഈറനണിയുന്നു. പെട്ടെന്ന് വിഷയം മാറ്റാനെന്നവണ്ണം അവന്‍ കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ തുടങ്ങി. ജയിലില്‍ ലഭിക്കുന്ന ദിനപത്രങ്ങളില്‍ നിന്നാണ് ലോക വിവരങ്ങള്‍ അറിയുന്നതെന്നും സംസാരത്തിനിടെ അവന്‍ സൂചിപ്പിച്ചു. മലയാളം പത്രങ്ങളും ജയിലില്‍ ലഭിക്കുന്നുണ്ട്.
ജയിലില്‍ എത്തിപ്പെട്ട ആദ്യ നാളുകളില്‍ അവന്‍ ഭ്രാന്തമായ അവസ്ഥയിലായിരുന്നുവെന്ന് സ്‌നേഹത്താഴ്‌വരയുടെ മാത്യു പിന്നീട് പറഞ്ഞു. ആ യുവാവ് കരച്ചില്‍ തന്നെയായിരുന്നു ഈ ദിനങ്ങളില്‍. പിന്നെ പയ്യെപ്പയ്യെ അവന്‍ സ്ഥിതിഗതികളോട് പൊരുത്തപ്പെടുകയായിരുന്നുവത്രെ.
നല്ല വിദ്യാഭ്യാസമുള്ള യുവാവ്. കൊടും കുറ്റമാണെന്ന് അറിഞ്ഞിട്ടും മയക്കുമരുന്ന് കടത്തിയത് കാശുണ്ടാക്കാനാണ്. പക്ഷേ കാശ് എന്തിന് വേണ്ടിയായിരുന്നു?
കുടുംബത്തിലെ ആര്‍ക്കെങ്കിലും ചികിത്സയ്ക്ക് വേണ്ടി? അതല്ലെങ്കില്‍ കല്യാണ ആവശ്യങ്ങള്‍ക്ക് ? അതുമല്ലെങ്കില്‍ കടം വീട്ടാന്‍?
അറിയില്ല.
അവനോട് അത് ചോദിക്കാന്‍ പല തവണ തുനിഞ്ഞെങ്കിലും അവന്‍ സംസാര വിഷയം മാറ്റിക്കൊണ്ടേ ഇരുന്നു.
ജയില്‍ സന്ദര്‍ശനത്തിന്റെ ആഴ്ചകള്‍ക്കിപ്പുറം ഒരു നട്ടുച്ചക്ക് അവന്‍ ജയിലില്‍ നിന്ന് വിളിച്ചു. യു.എ.ഇ ജയിലില്‍ നിന്ന് എനിക്ക് ലഭിക്കുന്ന ആദ്യ ഫോണ്‍കോളായിരുന്നു അത്. ആഴ്ചയില്‍ നിശ്ചിത ഫോണ്‍കോളുകള്‍ ചെയ്യാന്‍ തടവു പുള്ളികള്‍ക്ക് അനുവാദമുണ്ട്. അത്തരത്തില്‍ ലഭിച്ച സൗജന്യത്തില്‍ വിളിക്കുകയായിരുന്നു.
കേസില്‍ എന്തെങ്കിലും വഴിത്തിരിവുണ്ടാകുമെന്ന് ഞാന്‍ കരുതി. എന്നാല്‍ വെറുതെ സംസാരിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ വിളി. ഇങ്ങനെ സംസാരിക്കുമ്പോള്‍ അവന് അല്‍പമെങ്കിലും സന്തോഷം തോന്നുന്നുണ്ടാവണം. ആശ്വാസവും.
'അല്ല. ഞാന്‍ അറിഞ്ഞുകൊണ്ട് തന്നെ കടത്തിയതാണ്'- യാതൊരു സങ്കോചവും ഇല്ലാതെ അവന്‍ പറഞ്ഞു.
ചുമരുകള്‍ക്കുള്ളില്‍ നിന്ന് ഇങ്ങനെ പോലീസുകാര്‍ അനുവദിക്കുമ്പോള്‍ മാത്രമുള്ള വിളികള്‍ പിന്നേയും ഒരുപാട് എത്തിയിട്ടുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ പങ്കുവയ്ക്കാന്‍ വിളിക്കുന്നവര്‍. വാര്‍ത്ത നല്‍കണമെന്ന് ആവശ്യം ഉന്നയിക്കുന്നവര്‍. വെറുതേ സംസാരിക്കാന്‍ മാത്രമായി വിളിക്കുന്നവര്‍... പട്ടിക ഇങ്ങനെ നീളുന്നു.
ചിലര്‍ തങ്ങളുടെ ജീവിത കഥ പറയും, ചിലര്‍ക്ക് പറയാനുള്ളത് തങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച്, മറ്റ് ചിലരാവട്ടെ നാട്ടിലെ മക്കളെക്കുറിച്ച് വാചാലരാവും.
കാസര്‍ക്കോട് സ്വദേശിയായ വസന്തന്‍ ജയിലില്‍ നിന്ന് വിളിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ഇദ്ദേഹം ജയിലില്‍ കിടക്കുന്നത്.
വസന്തന്‍ ഒരു തെറ്റ് ചെയ്തിട്ടുണ്ട് എന്നത് നേര്.സന്ദര്‍ശക വിസയില്‍ എത്തി തിരിച്ചു പോകാതെ യു.എ.ഇയില്‍ തങ്ങിയതാണ് ഇദ്ദേഹം ചെയ്ത തെറ്റ്. ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ പിടിയിലാകുന്നത് അങ്ങിനെ. ഈ കുറ്റത്തിന് മൂന്ന് മാസത്തെ തടവ് ശിക്ഷയും കിട്ടി.
ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് കയറ്റി വിടാന്‍ ഷാര്‍ജ പോലീസ് തയ്യാറെടുക്കുമ്പോഴാണ് ദുബായില്‍ വസെന്തനെതിരെ ഒരു കേസുണ്ടെന്ന് ദുബായ് പോലീസ് പറയുന്നത്. അങ്ങിനെ ദുബായ് പോലീസിന്റെ കസ്റ്റഡിയില്‍. വണ്ടിച്ചെക്ക് കേസായിരുന്നു. 70,000 ദിര്‍ഹത്തിന്‍േറത്. പിന്നെയതാ മറ്റൊരു വണ്ടിച്ചെക്ക് കേസുകൂടി. പിന്നെ കേസുകളുടെ പ്രളയം. ഒന്നിന് പുറകേ ഒന്നായി 17 വണ്ടിച്ചെക്ക് കേസുകളാണ് വസന്തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?
വിസിറ്റ് വിസയില്‍ യു.എ.ഇയില്‍ എത്തിയ ആളുടെ പേരിലെങ്ങനെ വണ്ടിച്ചെക്ക് കേസ്? യു.എ.ഇയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ റസിഡന്റ് വിസ വേണമെന്ന് നിര്‍ബന്ധമാണ്. ഇനി ഇയാള്‍ക്കെങ്ങാനും പണ്ട് യുഎ.ഇയില്‍ റസിഡന്റ് വിസ ഉണ്ടായിരുന്നോ? വണ്ടിച്ചെക്ക് നല്‍കി നാട്ടിലേക്ക് മുങ്ങിയ ആളാണോ? ഒരുപാട് ചോദ്യങ്ങള്‍ പോലീസും വസന്തനോട് ചോദിച്ചു. എല്ലാത്തിനും ഇദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നു. പക്ഷേ തെളിവുകള്‍ എതിരായിരുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? വസന്തന്റെ പാസ്‌പോര്‍ട്ട് കോപ്പി ഉപയോഗിച്ച് മുസ്തഫ എന്ന കാസര്‍ക്കോട് സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. മുസ്തഫ ദുബായില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും പലര്‍ക്കും വണ്ടിച്ചെക്കുകള്‍ നല്‍കുകയുമായിരുന്നു. പല കമ്പനികളേയും സമീപിച്ച് വന്‍ തുകകളുടെ സാധനങ്ങള്‍ വാങ്ങിയ മുസ്തഫ നല്‍കിയത് വസന്തന്റെ പേരിലുള്ള ചെക്കുകള്‍. ഇങ്ങനെ സ്വന്തമാക്കുന്ന സാധനങ്ങള്‍ മറിച്ച് വിറ്റ് മുസ്തഫ പണം സമ്പാദിച്ചുകൊണ്ടേ ഇരുന്നു. അക്കൗണ്ടിലെ പേരും മറ്റ് വിശദാംശങ്ങളും വസന്തന്‍േറത് ആയതുകൊണ്ട് തന്നെ ഇദ്ദേഹം പിടിയിലുമായി.
വിസ പോലും പതിക്കാത്ത തന്റെ പാസ്‌പോര്‍ട്ട് കാണിച്ച് നിരപരാധിത്വം തെളിയിക്കാന്‍ വസന്തന്‍ ശ്രമിച്ചെങ്കിലും ഒന്നിന് പുറകേ ഒന്നായി കേസുകള്‍ വന്നത് വിനയായി. ചെക്കുകളില്‍ ഒപ്പ് വസന്തന്‍േറത് ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഫോറന്‍സിക് പരിശോധനയില്‍ കേസ് തള്ളി. ഒരു കേസ് തീരുമ്പോഴേക്കും അടുത്ത കേസ് വരികയായി. അങ്ങിനെ കേസുകള്‍ പരിഗണിക്കുകയും ഫോറന്‍സിക് പരിശോധനയില്‍ തള്ളുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയുമുണ്ട്. കേസുകളില്‍ ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ വരാനും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനും. അതുകൊണ്ട് തന്നെ വസന്തന്‍ അഴിക്കുള്ളില്‍ ദിനങ്ങളെണ്ണി കാത്തിരിക്കുന്നു.
'എന്നെ ചതിച്ചവനും ഞാനും ചങ്ങാതിമാരായിരുന്നു'- അദ്ദേഹം ആദ്യം പറഞ്ഞത് ഇതാണ്.
വസന്തന്‍ മുസ്തഫയെ ഇതുവരെ കണ്ടിട്ട് പോലുമില്ല. പിന്നെ എങ്ങനെ മുസ്തഫയ്ക്ക് വസന്തന്റെ പാസ്‌പോര്‍ട്ട് കിട്ടി? ഒരുപാട് സ്ഥലങ്ങളില്‍ ജോലിക്കായി സിവിയും പാസ്‌പോര്‍ട്ട് കോപ്പിയും വസന്തന്‍ കൊടുത്തിരുന്നു. ഇതില്‍ എവിടെ നിന്നെങ്കിലും പാസ്‌പോര്‍ട്ട് കോപ്പി സംഘടിപ്പിച്ച് വ്യാജപ്പേരില്‍ മുസ്തഫ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായിരിക്കണം. ചിലപ്പോള്‍ വസന്തന്റെ പേരില്‍ വ്യാജ പാസ്‌പോര്ട്ട് വരെ ഉണ്ടാക്കിയിട്ടുമുണ്ടാകാം.
വസന്തന്‍ ജയിലില്‍ നിന്നു വിളിച്ചതിനെക്കുറിച്ചാണ് പറഞ്ഞ് വന്നത്.
'എന്നെ ചതിച്ചവനും ഞാനും ചങ്ങാതിമാരായിരുന്നു'- അദ്ദേഹം ആദ്യം പറഞ്ഞത് ഇതാണ്.
'എന്ത്?'
'അതേ, ഞാനും മുസ്തഫയും ചങ്ങാതിമാരായിരുന്നു.'
'നിങ്ങളെന്താണ് പറയുന്നത്?' - ഒന്നും മനസിലാകാതെ ഞാന്‍ ചോദിച്ചു.
ഒരു ചിരിയായിരുന്നു മറുപടി.
'ചെകിടടക്കി ഒന്ന് പൊട്ടിക്കാമായിരുന്നില്ലേ?'
'എന്നെ ചതിച്ച മുസ്തഫ ജയിലില്‍ ഉണ്ടായിരുന്നു. ചെക്ക് കേസില്‍ അകപ്പെട്ടാണ് അയാളും ജയിലില്‍ എത്തിയത്'.
'എന്നിട്ട് നിങ്ങളിതുവരെ അത് പറഞ്ഞില്ലല്ലോ?'
'എനിക്കും അറിയില്ലായിരുന്നു. അയാളാണ് എന്നെ ചതിച്ചതെന്ന്. ഞങ്ങള്‍ ജയിലില്‍ കാണാറും സംസാരിക്കാറും ഉണ്ടായിരുന്നു. എന്റെ കഥ മുഴുവന്‍ ഞാന്‍ അയാളോട് പറഞ്ഞിരുന്നു. ഞാന്‍ നിരപരാധിയാണെന്നും ഇങ്ങനെ മറ്റൊരാള്‍ ചതിച്ചതാണെന്നുമൊക്കെ. പക്ഷേ അപ്പോഴൊന്നും ആ മുസ്തഫ താനാണെന്ന് അയാള്‍ പറഞ്ഞിരുന്നില്ല'.
'പിന്നെ എങ്ങിനെ ഇപ്പോഴറിഞ്ഞു?'
'ജയിലിലുള്ള മറ്റൊരു മലയാളിയാണ് പറഞ്ഞത്. നിന്നെ ചതിച്ച മുസ്തഫയാണ് ഇതെന്ന്'.
'അതെങ്ങനെ ആ മലയാളിക്ക് മനസിലായി?'
'മുസ്തഫ തന്നെ പറഞ്ഞുവത്രെ, താന്‍ കാരണമാണ് വസന്തന്‍ ജയിലിലായത് എന്ന്. ഞാന്‍ എന്റെ കഥ മുസ്തഫയോട് പറഞ്ഞിരുന്നല്ലോ. അപ്പോള്‍ മാത്രമാണത്രേ അയാള്‍ മൂലം ജയിലില്‍ എത്തിയ ആളാണെന്ന് അറിയുന്നത്. എന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും മുസ്തഫ സൂചിപ്പിക്കുകയും ചെയ്തു'.
'ഓഹോ. ഈ വിവരം അറിഞ്ഞ ശേഷം നേരിട്ട് കണ്ടപ്പോള്‍ മുസ്തഫയോട് നിങ്ങള്‍ ചോദിച്ചില്ലേ?'
മറുതലക്കല്‍ നിശ്ശബ്ദത.
'എന്താണ് ഒന്നും മിണ്ടാത്തത്. നിങ്ങള്‍ ചോദിച്ചില്ലേ?'
നേരിയ ശബ്ദത്തില്‍ ഒരു ചിരിയായിരുന്നു ഉത്തരം.
'എന്താണ് ചിരിക്കുന്നത്?'
'ഇല്ല'
'ഇല്ലെന്നോ. ചെയ്യാത്ത കുറ്റത്തിന് ഇത്രയും കാലം ജയിലില്‍ കിടക്കുന്നതിന് ഇടയാക്കിയ അയാളോട് നിങ്ങള്‍ ചോദിച്ചില്ലെന്നോ?'
'ഉം'
'ചെകിടടക്കി ഒന്ന് പൊട്ടിക്കാമായിരുന്നില്ലേ?'
ഉത്തരം നിശ്ശബ്ദത.
'നിങ്ങള്‍ക്ക് അയാളോട് ദേഷ്യം തോന്നുന്നില്ലേ?'
'ഇനിയിപ്പോ ദേഷ്യം തോന്നിയിട്ട് എന്താ?'
'അതെന്താ?'
'ഇനി ദേഷ്യം തോന്നിയിട്ടും ഒരു കാര്യവും ഇല്ലല്ലോ'
'ങേ?'
'മുസ്തഫ ജയിലില്‍ വച്ച് ഇന്നലെ മരിച്ചു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു'
'ഇന്നാണ് ആ മലയാളി എന്നോട് പറയുന്നത്. നിന്നെ ചതിച്ച ആളാണ് ഈ മുസ്തഫ എന്ന്'.
ഇപ്പോള്‍ ഞാനാണ് നിശ്ശബ്ദനായിപ്പോയത്.
എന്ത് പറയണമെന്നറിയാതെ വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുടുങ്ങിക്കിടന്നു.
വല്ലാതെ ദാഹം തോന്നി.
മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍
ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?
അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം
ആണിന്റെ വാരിയെല്ലില്‍ നിന്നല്ലാതെ, ഒരു പെണ്ണ്!
അബുദാബിയിലെ പൂച്ചകളും തൃശൂര്‍ക്കാരന്‍ സിദ്ദീഖും തമ്മില്‍
മൈതാനം നിറയെ മുടിവെട്ടുകാര്‍; ജബല്‍ അലിയിലെ ബാര്‍ബര്‍ ചന്ത
ദാദ് മുറാദ്: 93 മക്കളുടെ പിതാവ്
അതൊരു പെണ്‍വാണിഭ കേന്ദ്രമായിരുന്നു!
ഇങ്ങനെയുമുണ്ട് ഒമാന്‍ വിവാഹങ്ങള്‍!
ദേരാ ദുബായിയിലെ ഈ കാസര്‍ക്കോട്ടുകാരന്‍ ഒരു സംഭവമാണ്!
യു.എ.ഇയിലെ ഈ ചങ്ങാതിമാര്‍ക്ക് 'വയസ്സാവുന്നില്ല'!