'പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്'

ഒറ്റയ്ക്ക് പോയ യാത്രകളെക്കുറിച്ച് അഭിമാനിക്കാനൊന്നുമില്ല. കാരണം, എല്ലാ യാത്രകളും ഒറ്റയ്ക്കായിരുന്നു. വെറും പത്തുവർഷങ്ങൾക്ക് മുമ്പാണ് ഒരു നല്ല വീടുണ്ടാക്കുന്നത്. അവിടെയൊരു ടിവി വാങ്ങാൻ ട്യൂഷനെടുത്ത് കിട്ടിയ 4500 രൂപ അമ്മയുടെ കയ്യിലേക്ക് വച്ചു കൊടുത്തപ്പോൽ‌ അഭിമാനിച്ചിരുന്നു. 

womens day article sumam thomas

മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

അനുഭവിച്ചതെല്ലാം പെണ്ണായത് കൊണ്ട് മാത്രമാണെന്നിരിക്കേ, എടുത്തുപറയാനൊരു പെണ്ണനുഭവമില്ല എനിക്ക്. എന്നെത്തേടിയെത്തിയ നല്ലതും ചീത്തയും ഭാഗ്യവും നിർഭാഗ്യവും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം എന്റെ പെണ്ണനുഭവങ്ങളാണ്. ഓരോ ദിവസവും ഓരോ മണിക്കൂറും അതിജീവനത്തിന്റേതാകുമ്പോൾ എനിക്ക് ഞാനെന്ന പെണ്ണിനോട് സ്നേഹം മാത്രമേ തോന്നിയിട്ടുള്ളൂ. അതെന്റെ മാത്രം അനുഭവമല്ല, ഓരോ പെണ്ണിന്‍റേയുമാണ് എന്നേ തോന്നിയിട്ടുള്ളൂ.

ഈ വാക്കുകളെ നെഞ്ചിലിട്ട് ഉരുക്കി കനലാക്കിയാണ് പഠിച്ചത്

പെണ്ണെന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം ഏതെന്ന് ചോദിച്ചാൽ, ആദ്യമായി മൺകലത്തിലെ ചോറ് അടുപ്പത്ത് നിന്ന് വാർത്തു വച്ചതാണെന്ന് ഞാൻ പറയും. കലം അടച്ചു വച്ച പാത്രത്തിന്റെ ഇടയിലൂടെ കഞ്ഞിവെള്ളം കൈത്തണ്ടയിലേക്ക് വീണ് പൊള്ളിയിട്ടും പാത്രത്തിൽ നിന്ന് പിടി വിട്ടില്ല. അതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, കൈവിട്ടാൽ‌ ചോറ് മുഴുവൻ താഴെ പോകും, രണ്ടാമത്തേത് മൺകലം താഴെ വീണ് പൊട്ടിയാലോ? ഒരു പന്ത്രണ്ട് വയസ്സുകാരിക്ക് പെണ്ണെന്ന നിലയിൽ അഭിമാനിക്കാൻ അത്രയും മതിയായിരുന്നു.

പിന്നീടിങ്ങോട്ട് പെണ്ണായിട്ടും ഒരിടത്തും തോറ്റു കൊടുത്തിട്ടില്ല എന്ന് വിശ്വസിച്ച് അഭിമാനിക്കാനാണിഷ്ടം. 'നീ പെണ്ണല്ലേ, നിനക്കിത്രയൊക്കെ മതി' എന്ന വാചകം വേതാളത്തെപ്പോലെ തോളിലിരുന്ന് വന്നിട്ടും അങ്ങനെ തന്നെയാണ് മുന്നോട്ട് പോയത്. ഈ വാക്കുകളെ നെഞ്ചിലിട്ട് ഉരുക്കി കനലാക്കിയാണ് പഠിച്ചത്, ജീവിതത്തോട് പൊരുതിയത്, ജോലി അന്വേഷിച്ചത്, ഇഷ്ടപ്പെട്ട ജോലി കണ്ടെത്തിയത്, ഇപ്പോൾ ഇങ്ങനെയൊക്കെ എഴുതുന്നത്... ദരിദ്രസാഹചര്യത്തിൽ വളർന്നു വരുന്ന പെൺകുട്ടികൾ പരമാവധി പഠിക്കേണ്ടത് പത്താം ക്ലാസ് വരെയാണെന്നും, പിന്നെ ആരുടെയെങ്കിലും വീട്ടിൽ അടുക്കള ജോലിക്ക് പോയാൽ മതിയെന്നും ചിന്തിച്ചിരുന്ന ഒരിടത്ത് നിന്നാണ് ഇവിടെ വരെയെത്തിയത്. ചുറ്റുമുള്ളവർ പറഞ്ഞ അതേ അടുക്കളപ്പണിയിലൂടെയും മുറ്റമടിക്കലിലൂടെയുമാണ് അവധിക്കാലങ്ങളിൽ പിറ്റേക്കൊല്ലത്തെ പുസ്തകങ്ങളും ഉടുപ്പുകളും വാങ്ങിയത്. അഭിമാനത്തോടെ തന്നെ അതു ഞാന്‍ പറയും. 

എനിക്കവരോട് പറഞ്ഞറിയിക്കാനാകാത്ത സ്നേഹം വരും

ഒറ്റയ്ക്ക് പോയ യാത്രകളെക്കുറിച്ച് അഭിമാനിക്കാനൊന്നുമില്ല. കാരണം, എല്ലാ യാത്രകളും ഒറ്റയ്ക്കായിരുന്നു. വെറും പത്തുവർഷങ്ങൾക്ക് മുമ്പാണ് ഒരു നല്ല വീടുണ്ടാക്കുന്നത്. അവിടെയൊരു ടിവി വാങ്ങാൻ ട്യൂഷനെടുത്ത് കിട്ടിയ 4500 രൂപ അമ്മയുടെ കയ്യിലേക്ക് വച്ചു കൊടുത്തപ്പോൽ‌ അഭിമാനിച്ചിരുന്നു. എന്റെ വീട്ടിലൊരു സാധനം വാങ്ങുമ്പോൾ അതിലൊരു പങ്ക് എന്റെയും കൂടെ അധ്വാനമാണെന്ന് ആത്മവിശ്വാസത്തോടെ ഓർക്കുമ്പോൾ, പെണ്ണായത് കൊണ്ട് മാത്രം തോറ്റുപോയേക്കാവുന്ന പലയിടങ്ങളിലും തലയുയർത്തിപ്പിടിച്ച് ജയിച്ചു കയറിയപ്പോൾ അഭിമാനം മാത്രമേ തോന്നിയിട്ടുള്ളൂ. എനിക്കെന്നെക്കുറിച്ച് തോന്നിയത് ഇത്രയുള്ളൂ, 'ആണായിരുന്നെങ്കിൽ ഞാനിപ്പോൾ പാതിവഴിയിൽ എവിടെയെങ്കിലും അവസാനിച്ചേനെ' എന്ന്. അത്രമാത്രം. 

ഇന്ന്, ഒരു മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ പല മേഖലകളിലുമുള്ള സ്ത്രീകളെ കാണുമ്പോഴും, എനിക്കവരോട് പറഞ്ഞറിയിക്കാനാകാത്ത സ്നേഹം വരും. കാരണം, എത്രയെത്ര പൊരുതിയിട്ടാണ് ഓരോ പെണ്ണും സ്വന്തമായ ഒരു ഇടം കണ്ടെത്തുന്നത് എന്ന് മറ്റാരേക്കാളും എനിക്കറിയാം.. നീയൊന്നും ഒന്നും ആകാന്‍ പോകുന്നില്ല എന്ന വാക്കായിരിക്കും അവര്‍ ഏറ്റവും കേട്ടിട്ടുണ്ടാവുക എന്നും. അതുകൊണ്ട്, പെണ്ണുങ്ങളേ പൊരുതിക്കൊണ്ടേ ഇരിക്കൂ.. ഈ ലോകം നമ്മുടേത് കൂടിയാണ്. 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 


 

Latest Videos
Follow Us:
Download App:
  • android
  • ios