പ്രിയപ്പെട്ട ദമ്പതികളെ, ബോഡി ഷെയിമിങ്ങിന്‍റെ ആദ്യത്തെ ഇര അല്ല നിങ്ങൾ... പക്ഷെ, അവസാനത്തേത് ആകട്ടെ

ജൂബിയുടെ പ്രായം, രൂപം, അവൾക്കു കൊടുത്ത സ്വർണം, വരന്‍റെ സൗന്ദര്യം ഇതൊക്കെ ഏതു രീതിയിലാണ്, വാർത്ത ചമച്ചവന്‍റെയും അത് ഷെയർ ചെയ്തവന്‍റെയും ജീവിതത്തെ ബാധിക്കുന്നത്? പ്രത്യക്ഷമായോ പരോക്ഷമായോ സമൂഹത്തിന് ഒരു തരത്തിലുള്ള പോറലുമേല്‍പിക്കാതെ മനോഹരമായി കുടുംബ ജീവിതം തുടങ്ങേണ്ട രണ്ടു പേരെ ദുഷ്ടലാക്കോടെ വേട്ടയാടി മാനസികമായി തളർത്തിയിട്ട് ആർക്ക് എന്താണ് ലാഭം? 

enikkum chilath parayanund isha karuvalli

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

enikkum chilath parayanund isha karuvalli

എനിക്ക് നേരിട്ടറിയാവുന്ന, വയനാട് പഴശ്ശിരാജാ കോളേജിൽ പിജി -ക്കു പഠിക്കുമ്പോൾ എന്‍റെ ജൂനിയർ ആയി പഠിച്ച, കോളേജിലെ ഒട്ടുമിക്ക പരിപാടികളിലും ആങ്കറിങ് ചെയ്യുന്ന, ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി കോളേജിൽ നിന്നും പുറത്തിറങ്ങിയ, ഞങ്ങളുടെ ഹോസ്റ്റൽ ലീഡർ ആയിരുന്ന, ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്ന ഒരാളാണ് ജൂബി.

വിഷമം അല്ല ദേഷ്യമാണ് തോന്നിയത്

ഒരു കൂട്ടുകാരി യുട്യൂബിൽ വന്ന ലിങ്ക് ആദ്യം അയച്ചു തരുമ്പോൾ അതേതോ മനോരോഗിയുടെ ഭാവന മാത്രമാണെന്ന് തോന്നി അവഗണിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഒട്ടുമിക്ക ഓൺലൈൻ ചാനലുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇതിന്റെ പലവിധ ഭാവനാ സമ്പന്നമായ കഥകൾ കണ്ടു മടുത്തപ്പോൾ, വിഷമം അല്ല ദേഷ്യമാണ് തോന്നിയത്.

ഈ നാലാം തിയതി ആയിരുന്നു ജൂബിയുടെ കല്യാണം. ഏതൊരു പെണ്ണിനേയും പോലെ ഒരുപാട് സന്തോഷത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ വിവാഹിതയായ ഒരു സാധാരണ പെൺകുട്ടി. വിവാഹം കഴിഞ്ഞു പുതിയ ജീവിതം തുടങ്ങുന്നതിനും മുമ്പേ ഒരു പറ്റം സൈബർ ക്രിമിനലുകളുടെ ആക്രമത്തിനിരയായി ആശുപത്രിയിലായ നവവധു. മിടുമിടുക്കിയായ, സ്നേഹത്തോടെ മാത്രം ഇടപെടുന്ന, പ്രിൻസിപ്പാളടക്കം അധ്യാപകരുടെ മുഴുവൻ സ്നേഹഭാജനമായ സമർത്ഥയായ ഒരു പെൺകുട്ടി.
വിശ്വസിച്ചാലും ഇല്ലെങ്കിലും പരമാവധി 27 വയസ്സേ ആ കുട്ടിക്കുള്ളൂ. പഠിക്കുന്ന അന്നും അവൾ ഈ ഫോട്ടോയിൽ കാണുന്ന പോലെ തന്നെ ആണ്. ഞങ്ങൾക്കാർക്കും ഒരിക്കൽ പോലും അതിലൊരു കുറവ് തോന്നീട്ടില്ലെന്നു മാത്രമല്ല ജൂനിയർ കുട്ടികളൊക്കെ ചേച്ചീന്നും പറഞ്ഞ് കോളേജിലും ഹോസ്റ്റലിലും അവളുടെ പുറകെ നടക്കുന്നത് കാണുമ്പോൾ കുശുമ്പ് തോന്നിയിട്ടുണ്ടെന്നതാണ് സത്യം.

ജൂബിയുടെ പ്രായം, രൂപം, അവൾക്കു കൊടുത്ത സ്വർണം, വരന്‍റെ സൗന്ദര്യം ഇതൊക്കെ ഏതു രീതിയിലാണ്, വാർത്ത ചമച്ചവന്‍റെയും അത് ഷെയർ ചെയ്തവന്‍റെയും ജീവിതത്തെ ബാധിക്കുന്നത്? പ്രത്യക്ഷമായോ പരോക്ഷമായോ സമൂഹത്തിന് ഒരു തരത്തിലുള്ള പോറലുമേല്‍പിക്കാതെ മനോഹരമായി കുടുംബ ജീവിതം തുടങ്ങേണ്ട രണ്ടു പേരെ ദുഷ്ടലാക്കോടെ വേട്ടയാടി മാനസികമായി തളർത്തിയിട്ട് ആർക്ക് എന്താണ് ലാഭം? ആശംസകൾക്കും പ്രാർത്ഥനകൾക്കും പകരം ക്രൂരമായ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തുകയായിരുന്നു സമൂഹമൊന്നടങ്കം.

നേരിട്ടറിയാവുന്ന കുട്ടി ആണെന്ന് വീറോടെ വാദിച്ചിട്ടും, അല്ലെന്നും വാട്സാപ്പിൽ ഉള്ളതാണ് സത്യമെന്നും തിരിച്ചു വാദിച്ച ഒരാൾക്ക് മുമ്പിൽ ഒരു പുച്ഛ ചിരി പകർന്ന് വന്നിരിക്കുകയാണ് ഞാൻ ഇപ്പോൾ.

നിങ്ങൾ അതിമനോഹരമായി ജീവിക്കുമെന്ന് തന്നെ സംശയമേതുമില്ലാതെ ഉറച്ചു വിശ്വസിക്കുന്നു

പ്രിയപ്പെട്ട ദമ്പതികളെ, ബോഡി ഷെയിമിങ്ങിന്‍റെ ആദ്യത്തെ ഇര അല്ല നിങ്ങൾ... അവസാനത്തേത് ആകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ഇതിനെ എല്ലാം ഒരു പുഞ്ചിരി കൊണ്ട്, വെല്ലുവിളിച്ച് നിങ്ങൾ അതിമനോഹരമായി ജീവിക്കുമെന്ന് തന്നെ സംശയമേതുമില്ലാതെ ഉറച്ചു വിശ്വസിക്കുന്നു.

ഷെയർ ചെയ്തും കമന്‍റിട്ടും പുളകിതരായിരിക്കുന്ന പ്രിയപ്പെട്ട സൈബർ കുറ്റവാളികളെ, അവർ കൊടുത്ത കേസിൽ നിങ്ങളും ശിക്ഷിക്കപ്പെടട്ടെ എന്ന് തന്നെ ആത്മാർഥമായി ആഗ്രഹിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios