പുത്തൂര്‍ ആമിന: കേരളത്തിലെ ആദ്യ ഇസ്ലാമിക ഫെമിനിസ്റ്റ്!
ഇരുപതാം നൂറ്റാണ്ട് ആദ്യ ദശകങ്ങളില്‍ കേരളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരിയായിരുന്നു പുത്തൂര്‍ ആമിന. അറബിമലയാള സാഹിത്യത്തിലെ കല്യാണപ്പാട്ട്, കത്ത് പാട്ടു മേഖലകളില്‍ ശക്തമായ സംഭാവനകള്‍ നല്‍കുക മാത്രമല്ല, വളരെ കാണപ്പെട്ട രീതിയില്‍ സാമൂഹ്യ വിമര്‍ശനങ്ങളും നടത്തിയ എഴുത്തുകാരിയായിരുന്നു ഇവര്‍. ഇരുപതാം നൂറ്റാണ്ടിലെ മാപ്പിള സ്ത്രീകളുടെ സാമൂഹ്യാവസ്ഥകളിലേക്ക് പുത്തൂര്‍ ആമിനയുടെ അറബി മലയാളത്തിലുള്ള പാട്ടുകള്‍ വ്യക്തമായ വെളിച്ചം വീശുന്നത് കാണാം.
1921ലെ മലബാര്‍ വിപ്ലവവും തുടര്‍ന്നുണ്ടായ സാമൂഹ്യാവസ്ഥയും ആമിനയുടെ കൃതികളെ സ്വാധീനിക്കുന്നത് കാണാം. കലാപത്തെ തുടര്‍ന്ന് ബ്രിട്ടിഷുകാര്‍ തടവിലിട്ട പുത്തൂര്‍ കുഞ്ഞഹമ്മദ് ആയിരുന്നു അവരുടെ പിതാവ്. ആമിനയുടെ ലഭ്യമായിട്ടുള്ള ചില കൃതികളില്‍ പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥയെ കുറിച്ചുള്ള രൂക്ഷമായ പ്രതികരണങ്ങള്‍ കാണാം.
ആദ്യകാല മുസ്‌ലിം ജീവിതം. ആര്‍ക്കൈവ് ചിത്രങ്ങള്ഈ പാട്ടു കേരളത്തിന്റെ പെണ്ണെഴുത്തിന്റെ ചരിത്രത്തില്‍ ചിലപ്പോള്‍ ആദ്യത്തേതായിരിക്കും.
പുരുഷകേന്ദ്രീകൃത അച്ചടക്ക അതിര്‍ത്തികള്‍
ലൈംഗികാക്രമണങ്ങളും, സദാചാരഹത്യകളും, പുരുഷകേന്ദ്രീകൃത അച്ചടക്ക അതിര്‍ത്തികളും തുടരെ ചര്‍ച്ചകളാവുന്ന കേരളത്തിലെ ഇന്നത്തെ അവസ്ഥയില്‍, തന്നെ നിരന്തരമായി ശല്യം ചെയ്യുകയും കൂലിയെഴുത്തുകാരെ വച്ച് ഭീഷണി എഴുത്തുകള്‍ അയക്കുകയും ചെയ്ത പുതിയ പറമ്പത്ത് അഹ്മദ് എന്ന കുപ്രസിദ്ധനായ കുറ്റവാളിക്ക് ആമിന അയച്ച 'കത്തുകുറിപ്പാട്ടു' ഈ കാലഘട്ടത്തിലും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
മാപ്പിള വിപ്ലവകാരികളെ മാത്രമല്ല, മറ്റു കുറ്റവാളികളെയും തടവിലിട്ട ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ ജയിലുകളിലൊന്നായിരുന്നു ബെല്ലാരി. ഇവിടെ ആമിനയുടെ പിതാവിനെ പരിചയപ്പെടുകയും, പിന്നീട് കൂലികൊടുത്തു ഒരു പ്രാദേശിക കവിയെക്കൊണ്ട് ആമിനക്കു നിരന്തരം കത്തെഴുതി ശല്യപ്പെടുത്തുകയും ചെയ്യുന്ന അഹ്മദിനെ ശക്തമായ ഒരു എഴുത്തിലൂടെ തുറന്നു കാട്ടുകയാണ് ആമിന ചെയ്യുന്നത്.
'ഖല്ലാഖവനെ സ്തുതിത്ത് കഥകള്‍ കുറിയില്‍ കുറിത്ത്
കങ്കുലര്‍ മഹബുരാം പുതിയെ പറമ്പത് അഹ്മദ്
കാക്കയെന്നവര്‍ക്കയക്കുന്നാമിന കത്ത്
ബല്ലാരി ജെല തിന്നുവരുമ്പോള്‍ കൊണ്ടുവന്നേ
വമ്പത്തിപ്പള്‍ നടക്കുമോ വെറുതെന്തിനാ പിന്നെഉമൈകളെ
ഭാര്യയാക്കിടാനൊരിക്കലും കിട്ടുമോ എന്നെ ?
നല്ലെ മാരര്‍ പിറപ്പ് നാരികളും പരപ്പ്
നാട്ടിലുണ്ട് തരംതരം ഉനൈ കയ്യിലിരിപ്പ്അതുമതി'
നിലപാടുകള്‍ സങ്കോചമില്ലാതെ പറയാന്‍ കരുത്താര്‍ജ്ജിക്കുന്ന പുതിയ ഒരു മാപ്പിള സ്ത്രീയുടെ ആദ്യശബ്ദങ്ങളിലൊന്നായി ആമിനയുടെ ഈ എഴുത്തുകളെ വായിക്കാം.
'കേടി
ബെല്ലാരിയില്‍ നിന്ന് കൊണ്ടുവന്ന വമ്പുകളും ഭീഷണികളും കയ്യില്‍ തന്നെ വച്ചാല്‍ മതിയെന്നും, ആമിനയെ തന്റെ ഭാര്യയാകാന്‍ കിട്ടില്ലെന്നുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. മാത്രമല്ല, 'കല്യാണം കഴിക്കും' എന്ന വാഗ്ദാനത്തില്‍ സ്ത്രീകളെ കുടുക്കുന്ന തന്നെപ്പോലുള്ള ക്രിമിനലുകളുടെ 'കീറ മാറാപ്പു' ചുമക്കാന്‍ കഴിയില്ല എന്നും ആമിന വ്യക്തമാക്കുന്നു. ഈ എഴുത്തിലെ സുപ്രധാനമായ ഒരു പദമാണ് ആമിന ഉപയോഗിക്കുന്ന 'കേടി' (Known Delinquent/ Known Dacoit) എന്നത്. ബ്രിട്ടീഷ് പോലീസ് സ്ഥിരം കുറ്റവാളികളെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച ഈ പദം പിന്നീട് മലയാളത്തില്‍ സ്ഥിരമായി ഉപയോഗിക്കപ്പെടുന്നതായി കാണാം. നിരന്തരമായി ഭീഷണിപ്പെടുത്തിയ ഒരു കുറ്റവാളിയെ യാതൊരു ഭയവുമില്ലാതെ, പുരുഷന്‍ വിളിക്കുന്ന പേരുതന്നെ ഇട്ടു വിമര്‍ശിക്കുന്ന ഈ പാട്ടു കേരളത്തിന്റെ പെണ്ണെഴുത്തിന്റെ ചരിത്രത്തില്‍ ചിലപ്പോള്‍ ആദ്യത്തേതായിരിക്കും. പിതാവ് ജയിലിലായിരിക്കുമ്പോഴും, നിലപാടുകള്‍ സങ്കോചമില്ലാതെ പറയാന്‍ കരുത്താര്‍ജ്ജിക്കുന്ന പുതിയ ഒരു മാപ്പിള സ്ത്രീയുടെ ആദ്യശബ്ദങ്ങളിലൊന്നായി ആമിനയുടെ ഈ എഴുത്തുകളെ വായിക്കാം.
'ഞാന്‍ വലിച്ചിടുന്നില്ല നിങ്ങളെ കീറ മാറാപ്പു
കെട്ടും പറഞ്ഞെന്നെ വന്നു കെണിക്കാന്‍ നോക്കണ്ട എന്ന്
ഗീത്‌നൊത്ത മറുപടി തന്നില്ലെ ഞാനന്ന് ഇതുവരെ
കേടികള്‍ക്കു സഹായം ചെയ്തവളല്ല ഇപ്പെണ്ണ്
കൂടികെണിഞ്ഞ കുണ്ടാം ഘോരം എന്നോര്‍ത്തിടേണ്ട.'
ആദ്യകാല മുസ്‌ലിം ജീവിതം. ആര്‍ക്കൈവ് ചിത്രങ്ങള്കത്തുകുറിപ്പാട്ടിന്റെ അവസാനമെത്തുമ്പോഴേക്കും പുരുഷന്‍' എന്ന വര്‍ഗ്ഗത്തെതന്നെ ആമിന പ്രശ്‌നവല്‍ക്കരിക്കുന്നതു കാണാം.
'കുലുക്കിപ്പനി'
ആമിനയാകുന്ന 'കട്ടില്‍കണ്ടാല്‍' പലര്‍ക്കും 'കുലുക്കിപ്പനി' വരുമെന്നും, എന്നാല്‍ ആ കട്ടിലില്‍ കൊത്തിവെച്ചു തന്നെ കുടുക്കാന്‍ പെണ്‍കെട്ടുമാലോചിച്ചു വരേണ്ട എന്ന് അവര്‍ തുടര്‍ന്ന് എഴുതുന്നു. ഭര്‍ത്താവ്, പുരുഷന്‍, പ്രണയം, സംരക്ഷണം തുടങ്ങിയവയെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്ലിം സ്ത്രീ എങ്ങിനെയാണ് നോക്കിക്കണ്ടതെന്നും ആമിനയുടെ എഴുത്തുകള്‍ നമുക്ക് കാണിച്ചുതരുന്നു. ഇത് എഴുതുന്ന ഒരു മുസ്ലിം സ്ത്രീയെ കേരളത്തിലെ ഫെമിനിസ്റ്റ്/പെണ്ണെഴുത്ത് പഠനങ്ങള്‍ ഇനിയും വീണ്ടെടുക്കേണ്ടതുണ്ട് എന്ന് തന്നെയാണ് കരുതേണ്ടത്.
'കുലുക്കിപ്പനിച്ചിടും ഈ കട്ടില് കണ്ടാല്‍ ഏവരിലും
കൊത്തിവെച്ചു കോളുത്തിന്നാണാഗ്രഹിക്കേണ്ട
നാടൊക്കെ കേളികേട്ടു നാശം വന്നേ ശിപെട്ടു
നാല് ഭാഗവും വന്നിതാ പറയുന്നു പെങ്കെട്ടുമതിലും
നല്ല മാരരെ കിട്ടുവാന്‍ എനിക്കില്ലാരുമുട്ടു'
ഈ കത്തുകുറിപ്പാട്ടിന്റെ അവസാനമെത്തുമ്പോഴേക്കും 'കേടി' അഹ്മദിനെ വിട്ടു 'പുരുഷന്‍' എന്ന വര്‍ഗ്ഗത്തെതന്നെ ആമിന പ്രശ്‌നവല്‍ക്കരിക്കുന്നതു കാണാം. മാതൃത്വം, 'അമ്മ, കുട്ടികള്‍, തുടങ്ങിയ വൈകാരിക വഴികളിലൂടെ സ്ത്രീകളെ അടുക്കളയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്ത വിധം നിസ്സഹായപ്പെടുത്തുന്ന പുരുഷ വഴികളെ ശക്തമായി വിമര്‍ശിക്കുന്നതാണ് ഈ വരികള്‍.
'മട്ടില്‍ കിട്ടുംവരേയ്ക്കും മാനെ തേനേ വിളിക്കും
മറ്റു ലോഗിയം ഉറ്റിടും
പലേ ചക്കര വാക്കും ഒരുപടി.'
മക്കളങ്ങു കണക്കിലായാല്‍ അടുക്കളേലാക്കും'
ആദ്യകാല മുസ്‌ലിം ജീവിതം. ആര്‍ക്കൈവ് ചിത്രങ്ങള്ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന പുരുഷനെ പുതിയ തോപ്പ് തേടിപ്പോകുന്നവന്‍ എന്നാണ് ആമിന വിശദീകരിക്കുന്നത്.
'ഭാര്യഎന്ന തോപ്പ്
ഖുര്‍ ആനിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും, കേരളത്തിലെ പ്രാദേശിക പ്രമാണികളും/സ്വയം പ്രഖ്യാപിത പണ്ഡിതരും നിരന്തരം ദുരുപയോഗം ചെയ്യുകയും ചെയ്തതാണ് സൂറത്തുല്‍ ബഖറയിലെ 223 ആയത്തിലെ 'ഭാര്യഎന്ന തോപ്പ്/ കൃഷിയിടം' എന്ന ഭാഗം. കുട്ടികളും, പ്രായവും തളര്‍ത്തുന്ന ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന പുരുഷനെ പുതിയ തോപ്പ് തേടിപ്പോകുന്നവന്‍ എന്നാണ് ആമിന വിശദീകരിക്കുന്നത്. പുതിയ 'തോപ്പ്' തേടിപ്പോകുന്ന പുരുഷനെ അടയാളപ്പെടുന്നതിലൂടെ മുസ്ലിം സമൂഹത്തിലെ ബഹുഭാര്യത്വത്തെ പൂണ്ടു വിമര്‍ശിക്കുക മാത്രമല്ല ആണ്‍ മേല്‍കോയ്മ സ്ഥിരപ്പെടുത്താന്‍ പലരും ഖുര്‍ആനിനെ മറയാക്കി ഇപ്പോഴും ഉപയോഗിക്കുന്ന 'ഭാര്യ എന്ന 'തോപ്പ' എന്ന സാമാന്യ അര്‍ത്ഥത്തിനോട് കലഹിക്കുന്നതായും കാണാം.
'പൊട്ടിപ്പൊളിന്തനാളാം പൊരിവെയിലത്താകും ഓളം
പോയ് മറ്റൊരു തോപ്പ് കണ്ടു പിടിക്കും അയ്യാളാ പുരുഷരെ
പൂതി പത്‌നിമാര്‍ക്കു തീരും ഇതൊന്തൊരു കോളാ'
ആദ്യകാല മുസ്‌ലിം ജീവിതം. ആര്‍ക്കൈവ് ചിത്രങ്ങള്ആമിനയുടെ കൃതികള്‍ ആ കാലഘട്ടത്തില്‍ ആര്‍ക്കൊക്കെയാണ് 'കുലുക്കിപ്പനി' ഉണ്ടാക്കിയത്
ഇസ്ലാമിക ഫെമിനിസ്റ്റ്
അവസാന വരിയിലെത്തുമ്പോള്‍ സ്ത്രീയെഴുത്തിന്റെ ഒരു ബോംബ് തന്നെയാണ് ആമിന പൊട്ടിക്കുന്നത്. 'തോപ്പു'തേടിപ്പോകുന്നത് പുരുഷന്റെ മാത്രം അവകാശമാണെന്നും, ലൈംഗിക സ്വാതന്ത്ര്യം പുരുഷന് മാത്രം അവകാശപ്പെട്ടതാണെന്നുമുള്ള പൊതുബോധത്തെ ആമിന പൊട്ടിക്കുന്നു. പുരുഷന് മാത്രമല്ല, ഭര്‍ത്താവിനോടുള്ള പൂതി (ആഗ്രഹം) ഭാര്യമാര്‍ക്കും ഇല്ലാതാകും എന്ന് ഒരു കാര്‍ഷിക വ്യവസ്ഥയിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തില്‍നിന്ന് അവര്‍ വിളിച്ചു പറയുന്നു. ആണ്‍ കേന്ദ്രീകൃതമായ പലതും പൊളിച്ചടുക്കി മുന്നേറുന്ന പുത്തൂര്‍ ആമിനയെ, വിശാലമായ അര്‍ത്ഥത്തില്‍ കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക ഫെമിനിസ്റ്റ് ആയി വിശേഷിപ്പിക്കാം എന്നു കരുതുന്നു.
ചുരുക്കത്തില്‍, മുസ്ലിം സ്ത്രീയുടെ കര്‍തൃത്വം, തിരഞ്ഞെടുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിര്‍ബന്ധമായും കടന്നുവരേണ്ട എഴുത്തുകളാണ് പുത്തൂര്‍ ആമിനയുടേത്. ആമിനയുടെ കൃതികള്‍ ആ കാലഘട്ടത്തില്‍ ആര്‍ക്കൊക്കെയാണ് 'കുലുക്കിപ്പനി' ഉണ്ടാക്കിയത് എന്നുള്ളതും അന്വേഷണ വിഷയം ആകേണ്ടത് തന്നെയാണ്.
(കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഡോ. എല്‍.എം സിംഘ്‌വി വിസിറ്റിംഗ് ഫെലോ ആണ് ലേഖകന്‍)