ഈ ഐ.എ.എസുകാരന്റെ ജീവിതം  ഒരു വലിയ പാഠമാണ്!

district collector writes a colleagues inspirational story

ലക്ഷ്യബോധത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ആദ്യമായി മനസ്സില്‍വരിക എന്റെ ബാച്ചില്‍ ഐ.എ.എസ്. നേടിയ, ഇപ്പോള്‍ ജില്ലാ കളക്ടറായി ജോലിചെയ്യുന്ന ഒരു സുഹൃത്തിനെയാണ്. ലക്ഷ്യബോധത്തിന്റെ ശക്തി ഒരു വ്യക്തിയെ എങ്ങനെ വലിയ ഉയരങ്ങളിലെത്തിക്കും എന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് ് ഈ കൂട്ടുകാരന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ തന്റെ ആദ്യ അവസരത്തില്‍ത്തന്നെ ഉയര്‍ന്ന റാങ്കോടുകൂടി വിജയിച്ച ഇദ്ദേഹത്തിന്റെ വിജയത്തിനുപിന്നില്‍ വലിയ കഠിനാദ്ധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും എല്ലാറ്റിനുമുപരിയായി ഉന്നതമായ ലക്ഷ്യബോധത്തിന്റെയും കഥയുണ്ട്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി ഐ.എ.എസ്. നേടണമെന്ന ചിന്ത ഈ സുഹൃത്തില്‍ മുളപൊട്ടിയത്. ബിരുദം നേടിയശേഷംമാത്രമേ സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ സാധിക്കൂ. എന്നാല്‍ ബിരുദപഠനംവരെ പഠിക്കാനുള്ള ചെലവു വഹിക്കാനും തുടര്‍ന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി പരിശീലനത്തിന് ഒരു വലിയ സാമ്പത്തികസ്ഥിതി തന്റെ കുടുംബത്തിന് ഒരുപക്ഷേ, ഉണ്ടാകില്ല എന്ന തോന്നലും സ്വന്തം കാലില്‍ നിന്നുകൊണ്ട് ലക്ഷ്യത്തിലെത്തണമെന്ന നിശ്ചയവും മാര്‍ഗ്ഗമല്ല ലക്ഷ്യത്തിലെത്തുകയാണ് പ്രധാനമെന്ന തിരിച്ചറിവും ഒരുമിച്ചപ്പോള്‍ ഈ കൂട്ടുകാരന്‍ ഒരു സുപ്രധാന തീരുമാനമെടുത്തു.

എത്രയും പെട്ടെന്ന് ഏതെങ്കിലും ഒരു ജോലിയില്‍ കയറുക; എന്നിട്ട് തുടര്‍ന്നുപഠിച്ച് ഐ.എ.എസ്. നേടുക. 

പത്താംതരം കഴിഞ്ഞയുടനെ പെട്ടെന്ന് ജോലി ലഭിക്കാന്‍ വേണ്ടി അക്കൗണ്ടന്‍സിക്കും മറ്റു വിഷയങ്ങള്‍ക്കും പ്രാധാന്യമുള്ള ഒരു പ്ലസ് ടു കോഴ്‌സിന് ഇദ്ദേഹം ചേര്‍ന്നു. ഈ കോഴ്‌സില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയോ ഉന്നതവിജയം കൈവരിക്കുക ആയിരുന്നില്ല ഇദ്ദേഹത്തിന്റെ ലക്ഷ്യം; മറിച്ച്,രണ്ടു വര്‍ഷക്കാലംകൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും പ്ലസ് ടു പഠനം കഴിയുമ്പോഴേക്കും ജോലിയില്‍ കയറണമെന്നും സ്വന്തമായി വരുമാനം ഉണ്ടാക്കണം എന്നുമുള്ള തീരുമാനമാണ് അദ്ദേഹത്തെ നയിച്ചത്.

ഈ സുഹൃത്തിനെ സംബന്ധിച്ച് ഐ.എ.എസ് നേടാനുള്ള വഴിയിലെ ആദ്യത്തെ ചെറിയ ലക്ഷ്യമായിരുന്നു ജോലി നേടുക എന്നത്. പന്ത്രണ്ടാംതരം പഠനത്തോടൊപ്പം റെയില്‍വേയില്‍ ജോലി നേടാന്‍ വേണ്ടിയുള്ള മത്സരപരീക്ഷ കള്‍ക്കും ഇദ്ദേഹം തയ്യാറെടുത്തു. വിവിധ പരീക്ഷകളും എഴുതി. തന്റെ പതിനേഴാമത്തെ വയസ്സില്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്കായി ജോലിയും ലഭിച്ചു! അതേ, നിങ്ങള്‍ റെയില്‍വേസ്റ്റേഷനില്‍ പോകുമ്പോള്‍ കൗണ്ടറില്‍നിന്നും ടിക്കറ്റ് നല്കുന്ന ഉദ്യോഗസ്ഥന്‍.

ജോലിയില്‍ പ്രവേശിച്ച ഉടനെ 'ഐ.എ.എസ്.' നേടണമെന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശ്രമം ഇദ്ദേഹം തുടങ്ങി. സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതണമെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലുമൊരു അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും ബിരുദം നേടണം. ഇതിനുവേണ്ടി ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍യൂണിവേഴ്‌സിറ്റിയുടെ തപാല്‍മാര്‍ഗ്ഗമുള്ള കോഴ്‌സിന് ഈ കൂട്ടുകാരന്‍ ചേര്‍ന്നു. വിഷയം ഹിന്ദിസാഹിത്യം. ബിരുദപഠനത്തില്‍ ഒന്നാം റാങ്കു വാങ്ങുകയോ മികച്ച മാര്‍ക്കുകള്‍ നേടുകയോ ചെയ്യണം എന്നായിരുന്നില്ല ഇദ്ദേഹത്തിന്റെ മനസ്സിലുള്ളത്. മൂന്നു വര്‍ഷം തപാല്‍മാര്‍ഗ്ഗം പഠനം നടത്തിയാല്‍ ബിരുദം നേടാം. അതിനുശേഷം എഴുതേണ്ട സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒരു ഐച്ഛികവിഷയമായി ഹിന്ദി സാഹിത്യംതന്നെ തിരഞ്ഞെടുക്കാം.

സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി പരിശീലനത്തിന് ഒരു വലിയ സാമ്പത്തികസ്ഥിതി തന്റെ കുടുംബത്തിന് ഒരുപക്ഷേ, ഉണ്ടാകില്ല എന്ന തോന്നലും സ്വന്തം കാലില്‍ നിന്നുകൊണ്ട് ലക്ഷ്യത്തിലെത്തണമെന്ന നിശ്ചയവും മാര്‍ഗ്ഗമല്ല ലക്ഷ്യത്തിലെത്തുകയാണ് പ്രധാനമെന്ന തിരിച്ചറിവും ഒരുമിച്ചപ്പോള്‍ ഈ കൂട്ടുകാരന്‍ ഒരു സുപ്രധാന തീരുമാനമെടുത്തു.

ഇംഗ്ലിഷില്‍ നല്ല പ്രാവീണ്യമില്ലാത്തതിനാല്‍ ഹിന്ദിയിലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ ഇദ്ദേഹം തീരുമാനിച്ചത്. ഇതിനായി നല്ലൊരു അടിത്തറ ലഭിക്കാന്‍ ഹിന്ദി സാഹിത്യമെടുത്തു പഠിച്ചാല്‍ സാധിക്കും. ഈ വിശാലമായ കാഴ്ചപ്പാടോടെ തന്റെ ജോലിയുടെകൂടെ ബിരുദപഠനവും ഇദ്ദേഹം തുടര്‍ന്നു. 

മൂന്നു വര്‍ഷത്തിനുശേഷം ബിരുദം ലഭിച്ച ഉടനെതന്നെ ഇത്രയും കാലം നയിച്ചുകൊണ്ടിരുന്ന വലിയ ലക്ഷ്യമായ 'ഐ.എ.എസ്.' നേടാന്‍ വേണ്ട പരിശ്രമം ഈ കൂട്ടുകാരന്‍ തുടങ്ങി. ഒന്നരവര്‍ഷത്തോളം സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുവേണ്ടിമാത്രം പഠനം നടത്തി. പഠിക്കുവാന്‍ സമയം കണ്ടെത്തുന്നത് 8 മണി ക്കൂര്‍ ജോലി ചെയ്തതിനുശേഷം ബാക്കി ലഭിക്കുന്ന സമയത്തില്‍നിന്നാണെന്ന് പ്രത്യേകം ഓര്‍മ്മിക്കണം! 

ജോലിയില്‍ പ്രവേശിച്ച അഞ്ചാമത്തെ വര്‍ഷം സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ പൂര്‍ണ്ണമായും തയ്യാറായെന്ന് തീരുമാനമെടുത്ത ഇദ്ദേഹം 2007 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുകയും ആദ്യ അവസ
രത്തില്‍ത്തന്നെ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. 

വ്യക്തമായ ലക്ഷ്യബോധമാണ് സ്വന്തമായ വഴി സധൈര്യം തിരെഞ്ഞടുക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും; സ്ഥിരമായ പഠനം നടത്താന്‍ പ്രോത്സാഹനം നല്‍കിയതും; കഠിനാധ്വാനത്തിന് ഊര്‍ജ്ജം പകര്‍ന്നതും. കോളജിന്റെ പടി കണ്ടല്ലെങ്കിലും കളക്ടറാവാന്‍ ഈ സുഹൃത്തിനു സാധിച്ചത് ഈ ലക്ഷ്യബോധത്തിന്റെ ശക്തിതന്നെ.
 
(എസ്.ഹരികിഷോര്‍ ഐ എ എസ് എഴുതി ഡിസിബുക്‌സ് പ്രസിദ്ധീകരിച്ച ഉന്നത വിജയത്തിന് ഏഴുവഴികള്‍ എന്ന പുസ്തകത്തില്‍ നിന്ന്.)

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios