പെറ്റ വയറിനേ നോവറിയൂ എന്നാരു പറഞ്ഞു?

ദേശാന്തരം. രണ്ട് അമ്മമാര്‍, രണ്ട് കുഞ്ഞുങ്ങള്‍...അമേരിക്കയില്‍ നഴ്‌സായ തെരേസ ജോസഫ് എഴുതുന്നു 
 

deshantharam US nurses experiences  by Theresa Joseph

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

 

deshantharam US nurses experiences  by Theresa Joseph

 

മൂടിക്കെട്ടിയ ആകാശമുള്ള ഒരു വൈകുന്നേരമാണ് ആ പെണ്‍കുട്ടി ഞങ്ങളുടെ യൂണിറ്റിലേക്ക് വന്നത്. 20 വയസ്സ് പ്രായമുള്ള ഒരു മെക്‌സിക്കന്‍ പെണ്‍കുട്ടി. എട്ടു മാസം ഗര്‍ഭിണിയാണ്. മൂത്രത്തില്‍ അണുബാധയുണ്ട്. അതിന്റെ ചികിത്സക്കായി വന്നതാണ്. എമര്‍ജന്‍സി റൂമില്‍ നിന്ന് അഡ്മിറ്റ് ചെയ്തതാണ്. വൈകുന്നേരത്തെ മരുന്നൊക്കെ കൊടുത്ത് എല്ലാ രോഗികളെയും ഒന്ന് കൂടി നോക്കി, അടുത്ത ഷിഫ്റ്റിലെ ആളുകള്‍ വരുന്നത് നോക്കിയിരിക്കുമ്പോഴാണ് ഈ രോഗിയെ കൊണ്ട് വരുന്നത്. ഏഴര ആകുമ്പോള്‍ എത്തിയേക്കാമെന്ന് കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞിരുന്നതാണ്. ഇനി എന്തായാലും അത് നടക്കില്ല. അത്യാവശ്യം കാര്യങ്ങളെങ്കിലും ചെയ്ത് തീര്‍ത്താലേ പോകാന്‍ പറ്റൂ. എന്തായാലും വേഗത്തില്‍ പണികള്‍ തുടങ്ങി. 

സംസാരിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, മരിയക്ക് (നമുക്കെങ്ങനെ വിളിക്കാം) ഇംഗ്ലീഷ് ഒട്ടും അറിയില്ല. എന്റെ സ്പാനിഷും അവളുടെ ഇംഗ്ലീഷും സമാസമം. ഉടന്‍ തന്നെ ഒരു ഫോണ്‍  ട്രാന്‍സ്‌ലേറ്റര്‍ കണ്ടു പിടിച്ച്് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി. ഇത് നാലാമത്തെ പ്രസവം ആണ്. 20 വയസ്സിനിടയില്‍ നാലു കുഞ്ഞുങ്ങള്‍. ഇളയ കുഞ്ഞിന് രണ്ട് വയസ്സ് പ്രായം. അഡ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി അഡ്രസ് ചോദിച്ചപ്പോള്‍ അവള്‍ ഒന്ന് പരുങ്ങി. പിന്നെ ആരെയോ ഫോണ്‍ വിളിച്ച്് സ്പാനിഷില്‍ എന്തൊക്കെയോ സംസാരങ്ങള്‍. ഒടുവില്‍ അവളുടെ ഫോണില്‍ ഒരു വാട്ട്‌സാപ്പ് മെസേജ് കാണിച്ചു തന്നു-ഇതാണ് അഡ്രസ്. 

എനിക്ക് സംശയമായി, സ്വന്തം അഡ്രസ് പോലും ഇവള്‍ക്ക് കാണാതെ അറിയില്ലേ?

ട്രീറ്റ്‌മെന്റിന്റെ ഭാഗമല്ലെങ്കില്‍ കൂടി എന്റെ ജിജ്ഞാസ കൊണ്ട് ഞാനവളോട് ചോദിച്ചു, എവിടെയാണ് താമസമെന്നും ആരുടെ കൂടെയാണെന്നും. ഒരു നിമിഷം  മടിച്ചെങ്കിലും അവള്‍ സ്വന്തം കഥ പറഞ്ഞു. ഭര്‍ത്താവും മൂന്നു കുഞ്ഞുങ്ങളും മെക്‌സിക്കോയിലാണ്. ഒരു അകന്ന ബന്ധുവിന്റെ കൂടെയാണ് കഴിഞ്ഞ കുറെ മാസങ്ങളായി താമസിക്കുന്നത്. എന്തൊക്കെയോ കള്ള പേപ്പറുകളുമായിട്ടാണ് അതിര്‍ത്തി കടന്നു പോന്നത്. 'ഇവിടെ ഏജന്റ്‌സ് ഉണ്ട' അവള്‍ പറഞ്ഞു. ആവശ്യപ്പെടുന്ന പണം കൊടുത്താല്‍ വേണ്ട സഹായം അവര്‍ ചെയ്യും. പോലീസ് പിടിച്ചാല്‍ അവര്‍ക്ക് ഉത്തരവാദിത്തം; ഒന്നുമില്ല. 

രണ്ടു മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍ പോന്നതാണ്. ആരോ പറഞ്ഞു ഇവിടെ വന്നു പ്രസവിച്ചാല്‍ കുഞ്ഞിന് പൗരത്വം കിട്ടും. പിന്നെ അവള്‍ക്കും കുടുംബത്തിനും അമേരിക്കയിലേക്ക് വരാം. 'അതത്ര എളുപ്പമാണോ?'-ഞാനവളോട് ചോദിച്ചു. പോലീസ് പിടിച്ചാലോ? 

അവള്‍ വെറുതെ ചിരിച്ചു. മെക്‌സിക്കോയില്‍ അവളുടെ ഭര്‍ത്താവ് ഒരു ഗാങ്ങിന്റെ കൂടെയാണ്. അവളുടെ ആണ്‍കുട്ടികള്‍ പ്രായമാകുമ്പോള്‍ ഗാങ്ങിന്റെ ഭാഗമാകും. തോക്കു പിടിക്കാനും മയക്കുമരുന്ന് വിതരണം ചെയ്യാനും പഠിക്കും. മരിയയുടെ അമ്മയാണ് അവളെ നിര്‍ബന്ധിച്ചത്, എങ്ങനെയെങ്കിലും അവിടെ നിന്ന് പുറത്തു കടക്കാന്‍. 

സംസാരത്തിനിടയില്‍ മരിയയുടെ ഫോണിലേക്കു ഒരു വീഡിയോ കാള്‍ വന്നു. അവളുടെ ഭര്‍ത്താവാണ്. സ്പാനിഷില്‍ എന്തൊക്കെയോ കലപില. അതിനിടയില്‍ രണ്ടു വയസ്സുകാരന്‍ കുട്ടിക്കുറുമ്പന്‍ എനിക്കൊരു hi തന്നു. പിന്നെയും അവന്‍ എന്തൊക്കെയോ പറഞ്ഞു. ഒന്നും പിടി കിട്ടിയില്ല. കൂടെയുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് പറഞ്ഞു, 'മമ്മിയുടെ വയറ്റില്‍ ബേബി ഉണ്ടെന്നാണ് അവന്‍ പറയുന്നത്.'

മരിയയെ പോലെ ഒരുപാട് പേര് ഇങ്ങനെ വരുന്നുണ്ട്. കുറെ പേര് വിജയിക്കും, കുറെ പേര്‍ ജയിലിലാകും. എന്തായാലും അഡ്മിഷന്‍ ചെയ്ത് തീര്‍ത്തു റിപ്പോര്‍ട്ട് കൊടുത്ത്് ഞാന്‍ വീട്ടിലേക്ക് പോന്നു.

പിറ്റേ ദിവസം ചെന്നപ്പോള്‍ അറിഞ്ഞു, മരിയ ലേബര്‍ റൂമിലാണ്. രാത്രിയില്‍ അവള്‍ക്ക് വേദന തുടങ്ങി. എട്ടു മാസമേ ആയിട്ടുള്ളു, കുഞ്ഞിന് വളര്‍ച്ചയെത്താന്‍ ഇനിയും ആഴ്ചകളുണ്ട്. 

രാവിലത്തെ തിരക്കിനിടയില്‍ ആ കാര്യം മനസ്സില്‍ നിന്ന് പോയി. ഏകദേശം 11 മണിയോടെ തിരക്ക് ഒന്നൊതുങ്ങി. അപ്പോളാണ് ചാര്‍ജ് നേഴ്‌സ് പറയുന്നത്, മരിയയെ തിരിച്ചു റൂമിലേക്ക് കൊണ്ടുവരുന്നു. പേപ്പര്‍ വര്‍ക്ക് കഴിഞ്ഞിട്ടില്ല. 

'എന്ത് പേപ്പര്‍ വര്‍ക്ക്?'- ഞാന്‍ ചോദിച്ചു. 

'ഫ്യൂണറല്‍ ഹോം ഇതുവരെ തീരുമാനിച്ചില്ല . അതുകൊണ്ട് ബേബി അവളുടെ കൂടെയുണ്ട്.'- ചാര്‍ജ് നേഴ്‌സ് തുടര്‍ന്നു. 

എന്റെ മനസ്സില്‍ ഒരാളല്‍. മരിയയുടെ കുഞ്ഞു മരിച്ചു. ഇനി ആ കുഞ്ഞുടല്‍ നേരാംവണ്ണം പൊതിഞ്ഞു കെട്ടി മോര്‍ച്ചറിയില്‍ അയക്കണം. ഒരിക്കലും ചെയ്യാനിഷ്ടപ്പെടുന്ന കാര്യമല്ല, പക്ഷെ ചെയ്തല്ലേ പറ്റൂ. 

മരിയയെ റൂമിലേക്ക് കൊണ്ടുവന്നു. ഒരു തൊട്ടിലില്‍ പുതപ്പു കൊണ്ട് മൂടി കുഞ്ഞുമുണ്ട്. പതിയെ പുതപ്പു മാറ്റി നോക്കി, തണുത്തു മരവിച്ചു തുടങ്ങിയ പിഞ്ചു ദേഹം. 

അവളോട് എന്ത് പറയണമെങ്കിലും ട്രാന്‍സ്ലേറ്റര്‍ വേണം. ഫോണ്‍ ഓണാക്കി ഞാനവളോട് പറഞ്ഞു, നിനക്ക് എത്ര നേരം വേണമെങ്കിലും കുഞ്ഞിനെ റൂമില്‍ വയ്ക്കാം,  അതിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. ഒരിക്കല്‍ മാറ്റിയാല്‍ പിന്നെ തിരിച്ചു കൊണ്ടുവരില്ല. 

അവള്‍ ചോദിച്ചു, എനിക്ക് കുഞ്ഞിനെ ഒന്നെടുക്കാന്‍ പറ്റുമോ?

വളരെ സൂക്ഷിച്ച് ഞാനാ കുരുന്നുദേഹം അവളുടെ നെഞ്ചിലേക്ക് ചേര്‍ത്തുവെച്ചു. മരവിച്ചു തുടങ്ങിയിട്ടുണ്ട്, പക്ഷെ അമ്മ സമ്മതിക്കാതെ എനിക്കവനെ മോര്‍ച്ചറിയിലേക്ക് മാറ്റാനാവില്ല. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അവള്‍ ഭര്‍ത്താവിന് ഫോണ്‍ ചെയ്തു. അവര്‍ സ്പാനിഷില്‍ എന്തൊക്കെയോ പറയുകയും കരയുകയും ചെയ്യുന്നു. 

ഈ ഭാഷ മനസ്സിലാക്കാന്‍ എന്തിന് ട്രാന്‍സ്‌ലേറ്റര്‍? 

ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു. മരിയയുടെ ബെഡിന്റെ സൈഡില്‍ ഒരു ചെറിയ പെട്ടി വെച്ചിട്ടുണ്ട്. അവളുടെ കുഞ്ഞിനെ ഇടുവിച്ച തൊപ്പി, ഒരു കുഞ്ഞു പുതപ്പ്, കുഞ്ഞിക്കാലിന്റെ പ്രിന്റ് എടുത്ത ഒരു പേപ്പര്‍ ഇത്രയുമാണ് ആ പെട്ടിക്കുള്ളില്‍. പോലീസിന്റെ കണ്ണ് വെട്ടിച്ചു ഏതൊക്കെയോ കാട്ടുവഴികളില്‍ കൂടി നടക്കുമ്പോഴും, എങ്ങനെയൊക്കെയോ അതിര്‍ത്തി കടന്നു ഇവിടെത്തുമ്പോഴും അമ്മയുടെ വയറ്റില്‍ അവനു ജീവനുണ്ടായിരുന്നു. തിരിച്ചു പോകുമ്പോള്‍ ഈ 20 വയസ്സുകാരിയുടെ കൈയില്‍ ആകെയുള്ളത് അവന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ഒരു കൊച്ചു പെട്ടി മാത്രം. അമ്മയുടെ നെഞ്ചിന്റെ ചൂടേറ്റ് ആ കുരുന്നു ദേഹം ഉണര്‍ന്നിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാനാശിച്ചു പോയി.

അന്ന് മൂന്ന് മണിയോടെ കുഞ്ഞിനെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഫ്യൂണറല്‍ ഹോം ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് പിന്നീടാവാമെന്ന് സൂപ്പര്‍വൈസര്‍ പറഞ്ഞു. ഇനിയും ആ കുരുന്നുദേഹം അങ്ങനെ വയ്ക്കാനാവില്ല . എനിക്കുറപ്പാണ് , അവള്‍ വീട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നെ വിളിക്കാനൊന്നും പോകുന്നില്ല. ഫ്യൂണറല്‍ ഹോമില്‍ കൊടുക്കാനുള്ള പണം എവിടുന്ന്? വൃത്തിയായി പൊതിഞ്ഞ ആ കുരുന്നു ദേഹം മോര്‍ച്ചറിയുടെ ഷെല്‍ഫിലേക്കു വയ്ക്കുമ്പോള്‍ എന്റെ കൈ ഒന്ന് വിറച്ചു . 

വീട്ടിലെത്തി അന്നു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ 'അമ്മേ, നാളെ ജോലിയുണ്ടോ' എന്ന കോറസ് തേടിയെത്തി. 'ഇല്ല' എന്ന മറുപടി കേട്ട സന്തോഷത്തില്‍ മക്കള്‍ നാലു പേരും കൂടി കട്ടിലില്‍ കുത്തി മറിയാന്‍ തുടങ്ങി. സാധാരണ അരിശം വരുന്നതാണ്. ഇന്നെന്തോ ഒന്നും മിണ്ടാന്‍ തോന്നിയില്ല . ഞാനൊന്നും മിണ്ടാത്തത്  കൊണ്ടാവണം എന്തോ പന്തികേട് മണത്തു കുഞ്ഞുങ്ങള്‍ ശാന്തരായി. പിന്നെ ഓരോ സംശയങ്ങള്‍, കുഞ്ഞു കുഞ്ഞു വര്‍ത്തമാനങ്ങള്‍. 

ഇതിനിടയില്‍ എവിടെയോ മരണവും അവസാനവുമൊക്കെ കടന്നു വന്നു. ലോകാവസാനവും സൂര്യന്റെ ആയുസ്സുമൊക്കെ ചര്‍ച്ചയായി. ഇതിനിടയില്‍ എന്റെ മനസ്സ് എവിടെയൊക്കെയോ അലയാന്‍ പോയി. എവിടെയാണ് എന്റെ അവസാനം? ഞാന്‍ മരിച്ചാല്‍ മണ്ണില്‍ ലയിച്ചു ചേരുന്നു. എന്നോ ഒരു നാള്‍ ആ മണ്ണ് ചെടിക്ക് വളമാകുന്നു. ചെടി വളര്‍ന്ന് മരമാകുന്നു . മരത്തില്‍ പൂക്കളും കായ്കളുമുണ്ടാകും. കിളികള്‍ കൂട് കൂട്ടും . ഞാനും ആ മരത്തിന്റെ ഭാഗമായി അങ്ങനെയങ്ങനെ, മരത്തിനെ മഴത്തുള്ളികള്‍ തണുപ്പിക്കും, മഴയായും പിന്നെ പുഴയായും പ്രകൃതിയുടെ ഭാഗമായി നമ്മളൊക്കെ ഇവിടെത്തന്നെ കാണുമല്ലേ?  

കാണുമായിരിക്കും.

ഭ്രാന്തന്‍ ചിന്തകളുടെ ഇടയിലെങ്ങോ ഉറക്കത്തിലേക്കു വീണു. സ്വപ്നത്തില്‍ ഒരു കുഞ്ഞു പെട്ടിയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു കാണണം. 

കുറെ നാളുകള്‍ കഴിഞ്ഞു ആ സംഭവം നടന്നിട്ട്. ഇപ്പോള്‍ അവള്‍ വീണ്ടും മനസ്സിലേക്ക് കടന്നു വരാന്‍  കാരണം വേറൊരമ്മയാണ്. കുഞ്ഞിനെ ദത്തു കൊടുക്കാനുള്ള പേപ്പറുകള്‍ ഒപ്പിട്ട് വീട്ടില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഒരമ്മ. ഇനി ഈ കുഞ്ഞിന്റെ മേല്‍ യാതൊരാവകാശവുമില്ലെന്ന് അവള്‍ ഒപ്പിട്ട് കൊടുത്ത് കഴിഞ്ഞു. അവളുടെ ഒരേയൊരു ചോദ്യം ഇനി പോകാന്‍ എത്ര സമയം എടുക്കുമെന്ന് മാത്രമാണ്. 

പുറത്തിറങ്ങിയാല്‍ വലിക്കാന്‍ പറ്റുന്ന സിഗരറ്റ് നല്‍കുന്ന സന്തോഷം മാത്രമേ അവളുടെ ചിന്തകളില്‍ ഉള്ളൂ. വീല്‍ ചെയറില്‍ പുറത്തേക്കു പോകുമ്പോള്‍, കുഞ്ഞിനെ അവളൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന് വെറുതെ എന്റെ മനസ്സ് ആഗ്രഹിച്ചു. പിന്നെയോര്‍ത്തു, തിരിഞ്ഞു നോക്കാത്തതാണ് നല്ലത്. തിരിഞ്ഞു നോക്കിയാല്‍ അവളുടെ മനസ്സ് മാറിയാലോ? അത്രയ്ക്ക് ഓമനമുഖമുള്ള ഒരു കുഞ്ഞു മാലാഖയാണ് തൊട്ടിലില്‍. ഈ കുഞ്ഞെങ്കിലും നല്ല കുടുംബത്തില്‍ വളരട്ടെ. ദത്തെടുത്ത അപ്പന്‍ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റി പുതിയ ഉടുപ്പിടുവിക്കുകയാണ്. അമ്മ പാല്‍ക്കുപ്പി തയ്യാറാക്കുന്നു. പെറ്റ വയറിനേ നോവറിയൂ എന്നാരു പറഞ്ഞു?

Latest Videos
Follow Us:
Download App:
  • android
  • ios