പേര് ഗുലാം മുസ്തഫ, വയസ്സ് 24, ജോലി മരുഭൂമിയിലെ തണല്‍മരത്തിന്‍റെ കാവല്‍
ജോലിത്തിരക്കിനിടയില്‍ സമാശ്വാസം തേടിയെത്തിയ ആളാണെന്നാണ് ഗുലാംമുസ്തഫയെ കണ്ടപ്പോള്‍ ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍, അവനോട് സംസാരിക്കാന്‍ തുടങ്ങിയതോടെ ഗുലാം മുസ്തഫ മനസ്സുതുറന്നു. അതിദ്രുതം അവന്‍ വാചലനായപ്പോള്‍ കൂട്ടിലടച്ച കിളിയെ തുറന്നുവിട്ടത് പോലെ തോന്നി. തന്റെ കുടുംബാംഗങ്ങളെ കുറിച്ചും സഹോദരിമാരുടെ കല്യാണക്കാര്യവും തുടങ്ങി ബഹ്‌റൈനില്‍ എത്താനിടയായ സഹാചര്യങ്ങള്‍ വരെ അവന്‍ ക്ഷണനേരം കൊണ്ട് പറഞ്ഞുതുടങ്ങി.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
എന്തെങ്കിലും നേടണമെന്ന് നിങ്ങള്‍ സ്വപ്നം കണ്ടാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി ലോകം മുഴുവന്‍ ഗൂഢാലോചന നടത്തുമെന്ന് പൗലോ കൊയ്‌ലോ 'ആല്‍ക്കെമിസ്റ്റ്' എന്ന നോവലില്‍ പറയുന്നുണ്ട്. ഇത് അക്ഷരംപ്രതി ശരിയാണ് ഗുലാംമുസ്തഫയെന്ന യുവാവിന്റെ ജീവിതത്തില്‍. ഗുലാംമുസ്തഫയുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിന് മുമ്പ് അതിലേക്ക് എത്താനിടയായ സാഹചര്യം ആദ്യം വിശദമാക്കാം.
ഖത്തറില്‍ നിന്നും വിസാമാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു ആ ബഹ്‌റൈന്‍ യാത്ര. മൂന്ന് മാസത്തെ അതുവരെയുള്ള ഖത്തര്‍ ജീവിതം മരുഭൂമിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ എന്താണെന്ന് എന്നെ സത്യത്തില്‍ ബോധ്യപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. എന്നാല്‍ ബഹ്‌റൈനിലുണ്ടായിരുന്ന കേവലം നാല് ദിനങ്ങള്‍, അത് എന്നെ ശരിക്കും മരുഭൂ ജീവിതത്തിന്റെ ഒരു പാതി ബോധ്യപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. മണലാരണ്യത്തില്‍ വിയര്‍പ്പ് വറ്റി ചോരനീരാക്കി പണിയെടുത്ത് കുടുംബം പോറ്റുന്നവരുടെ കഥകളും വിവരണങ്ങളും പലപ്പോഴായി കേട്ടറിഞ്ഞും വായിച്ചറിഞ്ഞുമുള്ള പരിചയം മാത്രമാണ് എനിക്കുണ്ടായിരുന്നത്. ബഹ്‌റൈനിലുണ്ടായിരുന്ന ആ ദിനങ്ങള്‍ ജീവിതത്തില്‍ അതുവരെയുണ്ടായ ഓര്‍മകളില്‍ ശരിക്കും അവിസ്മരണീയമായിരുന്നു.
മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ പ്രതീകമായാണ് ലൈഫ് ഓഫ് ട്രീ എനിക്ക് അനുഭവപ്പെട്ടത്
രണ്ട് കടലുകള്‍ക്കിടയില്‍ നീണ്ടുകിടക്കുന്ന ആ കൊച്ചു രാജ്യം ഒരുപാട് അത്ഭുതങ്ങളും ആശ്ചര്യങ്ങളും ഉള്ളിലൊതുക്കിയ പോലെ. ഭരണൂടത്തിനെതിരായ ഷിയാ മുസ്‌ലിംകളുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോള്‍. എന്നാല്‍, അത് വെള്ളിയാഴ്ചകളില്‍ മനാമയുടെ തുരുത്തുകളില്‍ മാത്രമുള്ള ഒരു ഏര്‍പ്പാടാണെന്ന് ബഹ്‌റൈനിലെത്തിയതോടെ ബോധ്യപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കാണുന്ന പ്രാധാന്യം ഈ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല താനും.
ബഹ്‌റൈനിലെത്തിയാല്‍ തീര്‍ച്ചയായും കാണണമെന്ന് മനസ്സിലുറപ്പിച്ചത് രാജ്യത്തെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയായിരുന്നു. ഇക്കാര്യം സുഹൃത്ത് സലീംകയോട് ഞാന്‍ ആദ്യമേ സൂചിപ്പിച്ചിരുന്നു. അദ്ദേഹം സമ്മതിച്ചു. ഇതിന് പുറമെ മരുഭൂമിയെ സംബന്ധിച്ച് അപരിചിതമായ ഒരു സ്ഥലം കൂടി നമുക്ക് സന്ദര്‍ശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കിങ് ഫഹദ് കോസ് വേയും ഗള്‍ഫ് ഉപദ്വീപിലെ ആദ്യ എണ്ണക്കിണറുമെല്ലാം എന്നെ ആശ്ചര്യപ്പെടുത്തി. അതിരാവിലെ തന്നെ മുഹര്‍റഖിലെ ഞങ്ങളുടെ താമസ സ്ഥലത്ത് നിന്നും യാത്ര പുറപ്പെട്ടു. ഷിയാ പ്രതിഷേധ കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും ദൈവാനുഗ്രഹത്താല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പല പ്രധാന സ്ഥലങ്ങളും കാണാന്‍ കഴിഞ്ഞു.
സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ മനസ്സിനെ ഉലച്ചത് അഞ്ചടിയോളം മാത്രം പൊക്കമുള്ള പൊള്ളുന്ന വെയിലില്‍ മുഖം കരുവാളിച്ച് കറുത്തിരുണ്ട 24 വയസ്സുകരന്‍ ബംഗ്ലാദേശി യുവാവിനെ കണ്ടുമുട്ടിയതായിരുന്നു. അവന്റെ പേരാണ് തുടക്കത്തില്‍ സൂചിപ്പിച്ച ഗുലാം മുസ്തഫ. ബഹ്‌റൈനിലെ ഏറ്റവും പഴക്കമേറിയ അടയാളങ്ങളിലൊന്നായ 'ലൈഫ് ഓഫ് ട്രീ' അഥവാ ജീവിതത്തിന്റെ മരം എന്ന പടുവൃക്ഷത്തിന്റെ കാവലാളായി ജോലി നോക്കുകയാണ് അവന്‍. വടക്കുപടിഞ്ഞാറന്‍ ബഹ്‌റൈനിലെ വിജനമായ മരുഭൂമിയില്‍ ആശ്വാസത്തിന്റെ തെളിനീരുറവ പോലെ തണല്‍ അവശേഷിപ്പിച്ച് സ്ഥിതി ചെയ്യുന്ന ആ കൂറ്റന്‍ മരത്തിന്, അതിന്റെ ചുറ്റുമുള്ള ഭയാനകമായ ഏകാന്തതയിലും ഗുലാം മുസ്തഫ കാവല്‍ ഇരിക്കുകയാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ പ്രതീകമായാണ് ലൈഫ് ഓഫ് ട്രീ എനിക്ക് അനുഭവപ്പെട്ടത്. 400 ലധികം വര്‍ഷത്തിന്റെ ചരിത്രമുള്ളതാണത്രേ ഈ കൂറ്റന്‍ മരം. അതിനെ സംരക്ഷിക്കാനോ സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ അവിടെ ഒന്നും ചെയ്തിരുന്നില്ല. വാഹനങ്ങള്‍ മരത്തിനടുത്തേക്ക് എത്താതിരിക്കാനായി ഒരു കമ്പിവേലിയും പിന്നെ ഷീറ്റ് കൊണ്ട് നിര്‍മിച്ച ഒരു ഷെഡും മാത്രമാണ് അവിടെയുണ്ടായിരുന്നത്. ലൈഫ് ഓഫ് ട്രീയുടെ ടൂറിസം സാധ്യത ഭരണകൂടം വൈകി തിരിച്ചറിഞ്ഞത് കൊണ്ടോ എന്തോ ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.
ഈ ലക്ഷ്യവുമായാണ് അയാള്‍ നാട്ടില്‍ ഓരോ ദിനവും തള്ളിനീക്കിയിരുന്നത്
ഫോട്ടോ: ഗുലാം മുസ്തഫ(വലത്)യും സുഹൃത്തും
ജോലിത്തിരക്കിനിടയില്‍ സമാശ്വാസം തേടിയെത്തിയ ആളാണെന്നാണ് ഗുലാംമുസ്തഫയെ കണ്ടപ്പോള്‍ ഞങ്ങള്‍ ആദ്യം കരുതിയത്. എന്നാല്‍, അവനോട് സംസാരിക്കാന്‍ തുടങ്ങിയതോടെ ഗുലാം മുസ്തഫ മനസ്സുതുറന്നു. അതിദ്രുതം അവന്‍ വാചലനായപ്പോള്‍ കൂട്ടിലടച്ച കിളിയെ തുറന്നുവിട്ടത് പോലെ തോന്നി. തന്റെ കുടുംബാംഗങ്ങളെ കുറിച്ചും സഹോദരിമാരുടെ കല്യാണക്കാര്യവും തുടങ്ങി ബഹ്‌റൈനില്‍ എത്താനിടയായ സഹാചര്യങ്ങള്‍ വരെ അവന്‍ ക്ഷണനേരം കൊണ്ട് പറഞ്ഞുതുടങ്ങി. ഓഫീസ് അസിസ്റ്റന്റ് ജോലിക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നുവത്രേ അവനെ ബഹ്‌റൈനിലെത്തിച്ചത്. ഒടുവില്‍ ഉറക്കെ കരഞ്ഞാല്‍ മണല്‍ത്തരികളല്ലാതെ ആരും കേള്‍ക്കാനില്ലാത്ത മരുഭൂമിയുടെ ഏകാന്തതയില്‍ ഈ പടുവൃക്ഷത്തിന്റെ കാവലാളായി ജോലി ചെയ്യാനായിരുന്നു നിയോഗം. ഇതുപോലുള്ള ഒട്ടനവധി കഥകള്‍ പലരില്‍ നിന്നായി കേട്ടറിവുള്ളതിനാല്‍ പുതുമ തോന്നിയില്ല. എങ്കിലും കേട്ടപ്പോള്‍ സഹതാപം തോന്നി. പക്ഷേ അത്ഭുതം ഇതൊന്നുമല്ലായിരുന്നു. പുഞ്ചിരിച്ചുകൊണ്ടാണ് അവന്‍ ഓരോ ദുരിതകഥകളും പറയുന്നത്. സാധാരണ നിലയില്‍ ഇത്തരമൊരു സാഹചര്യത്തില്‍ എത്തിപ്പെടുന്നവര്‍ക്ക് അവിടെ നിന്ന് എങ്ങനെയങ്കിലും രക്ഷപ്പെടണമെന്നായിരിക്കും തോന്നുക. അത്തരമൊരു ചിന്തയൊന്നും അയാളില്‍ കണ്ടില്ല.
ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി. ''രണ്ട് സഹോദരിമാരെ ഞാന്‍ കെട്ടിച്ചയച്ചു. പിതാവിന് നാട്ടില്‍ ഒരു ചെറിയ പീടിക ഉണ്ടാക്കി നല്‍കി. അനിയനെ നല്ല സ്‌കൂളില്‍ ചേര്‍ത്തു. നാലാംക്ലാസ് വരെ മാത്രം പഠിക്കാന്‍ കഴിഞ്ഞ എനിക്ക് ഇതിനെല്ലാം കഴിഞ്ഞത് ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ എത്തിയ ശേഷമാണ്''. പിന്നെന്തിന് ഞാന്‍ സങ്കടപ്പെടണമെന്ന ചോദ്യവും പിന്നാലെയെത്തി. നാട്ടില്‍ കൂലിപ്പണിക്ക് പോകുമ്പോള്‍ അയാളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു രണ്ട് സഹോദരിമാരെ നല്ലനിലയില്‍ വിവാഹം കഴിച്ചയക്കുകയും പൊളിഞ്ഞുവീഴാറായ വീട് നന്നാക്കുകയെന്നതും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അത് സാധിച്ചു. ഈ ലക്ഷ്യവുമായാണ് അയാള്‍ നാട്ടില്‍ ഓരോ ദിനവും തള്ളിനീക്കിയിരുന്നത്. ''ദാരിദ്ര്യമായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്റെ മുഖമുദ്രയെങ്കില്‍ എന്റെ കുടുംബത്തിന്റേത് അതിദയനീയമായിരുന്നു''. പ്രായത്തിന്റെ അവശതയേറെ ഉണ്ടായിരുന്നതിനാല്‍ അയാളുടെ പിതാവിന് കൃഷിപ്പണിക്ക് പോകാനോ, ശാരീരിക അധ്വാനം ആവശ്യമുള്ള ജോലി ചെയ്യാനോ കഴിഞ്ഞിരുന്നില്ല. വീട്ടിലെ പശുവിന്റെ പാലില്‍ നിന്നുള്ള വരുമാനവും അവന്‍ കൂലിപ്പണിക്ക് പോയികിട്ടുന്ന കൂലിയുമായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള വരുമാനം. അതുകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നന്നേ പ്രയാസം.
അങ്ങനെയിരിക്കെയാണ് സുഹൃത്ത് വഴി ഒരു വിസ തരപ്പെട്ടത്. പരുത്തികൃഷിയില്‍ മാത്രം മുഴുകിയിരുന്ന ആ ഗ്രാമത്തിലുള്ളവര്‍ക്ക് ഗള്‍ഫില്‍ പോകല്‍ ശരിക്കും അത്ഭുതമായിരുന്നു. അതുകൊണ്ട് തന്നെ ആ യുവാവിനെ ഗള്‍ഫിലേക്കയക്കാന്‍ വേണ്ടി അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈമെയ് മറന്ന് സഹായിച്ചു. വിസക്കും ടിക്കറ്റിനും വേണ്ടി വന്ന കാശ് സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സമാഹരിച്ചു നല്‍കി. '' ഒരു അഞ്ചുവര്‍ഷം കൂടി ഇവിടെ തുടരണം. അതിന് ശേഷം പരുത്തികൃഷിയുമായി നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹം''- ഗുലാം മുസ്തഫ ഇതുകൂടി പറഞ്ഞു.
അബ്ദുറഹ്മാന്‍ സുഹൃത്തിനായി കയ്യില്‍ ഭക്ഷണ വസ്തുക്കളും കരുതിയിട്ടുണ്ട്
സംസാരം തുടരുന്നതിനിടെ ഗുലാമിന്റെ സുഹൃത്ത് അബ്ദുറഹ്മാന്‍ മനാമയില്‍ നിന്നെത്തി.ഒരേ നാട്ടുകാരാണ് അവര്‍ രണ്ടുപേരും. അവധി ദിനമായിരുന്നതിനാല്‍ സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് അബ്ദുറഹ്മാന്‍ ടാക്‌സി പിടിച്ച് അവിടെ എത്തിയിരിക്കുന്നത്. അബ്ദുറഹ്മാന്‍ സുഹൃത്തിനായി കയ്യില്‍ ഭക്ഷണ വസ്തുക്കളും കരുതിയിട്ടുണ്ട്. ഭക്ഷണത്തിനും മറ്റും വേണ്ടിവരുന്ന സാധനങ്ങളും വെള്ളവും ആഴ്ചയില്‍ ഒരിക്കല്‍ ഗുലാമിനെ ഇവിടേക്ക് നിയോഗിച്ച ഏജന്‍സിയുടെ ആളുകള്‍ എത്തിക്കുകയാണത്രേ ചെയ്യാറ്. സമീപത്തുള്ള ഷെഡ്ഡില്‍ ഇത് പാകം ചെയ്യും. അവിടെ തന്നെയാണ് അന്തിയുറക്കവും.
സംസാരം അവസാനിപ്പിച്ച് മടങ്ങാന്‍ നേരം അവന്റെ പോക്കറ്റില്‍ ഒരു ബഹ്‌റൈന്‍ ദീനാറിന്റെ നോട്ട് തിരുകിവെച്ചപ്പോള്‍ സ്‌നേഹപൂര്‍വം അയാളത് നിരസിച്ചെങ്കിലും ഞങ്ങള്‍ ധൃതിയില്‍ യാത്രപറഞ്ഞ് വാഹനത്തില്‍ കയറി. കണ്ണില്‍ നിന്ന് മറയുവോളം അവന്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എങ്ങനെയാണ് ഇത്രയും വാചാലമായി സംസാരിക്കുന്ന ഒരാള്‍ക്ക് ഈ മരുഭൂമിയില്‍ ഒരു മരത്തിന് കാവല്‍ നില്‍ക്കാനാവുക എന്നായിരുന്നു മടക്കയാത്രയിലെ എന്റെ ചിന്ത. എല്ലാ പ്രവാസികളെയും പോലെ അഭിമാനകരമായ ജീവിതം കുടുംബത്തിന് ഉറപ്പാക്കണമെന്ന തീക്ഷ്ണമായ ആഗ്രഹമായിരിക്കും ഗുലാംമുസ്തഫയെയും ഇത്രയും പ്രയാസകരമായ ചുറ്റുപാടിലും തുടരാന്‍ പ്രേരിപ്പിക്കുന്നത്.