സ്ത്രീകൾ ശബരിമലയിൽ കയറരുത്, കയറിയാല്‍ പ്രത്യാഘാതമുണ്ടാകും: ദളിത് പൂജാരി യദു കൃഷ്ണന്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ദളിത് വിഭാഗത്തിൽപ്പെട്ട ആദ്യ പൂജാരിയാണ് തൃശൂര്‍ സ്വദേശി യദു കൃഷ്ണൻ. ഇപ്പോൾ പറവൂരിൽ കുറിങ്ങഴിപ്പ് ഭഗവതിക്ഷേത്രത്തിൽ പൂജാരിയാണ് യദു. ശബരിമല വിവാദത്തിൽ നിലപാടുകൾ തുറന്നു പറയുകയാണ് സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദധാരിയായ യദുകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ തിരുവല്ല റിപ്പോര്‍ട്ടര്‍ മുഹമ്മദ് കൗസര്‍, യദുകൃഷ്ണനുമായി  നടത്തിയ അഭിമുഖം.

Dalit groups to come together against Supreme Court Dalit Priest Yadu Krishnan

Dalit groups to come together against Supreme Court Dalit Priest Yadu Krishnan

പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിനോട് യോജിക്കുന്നുണ്ടോ ?

 നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളില്‍ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ പുണ്യസങ്കേതമായ ശബരിമലയെ സുപ്രീംകോടതി വിധി കളങ്കപ്പെടുത്തും. വ്രതശുദ്ധിയോടെയാണ് ഭക്തര്‍ ശബരിമലയിൽ എത്തുന്നത്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്, പാശ്ചാത്യ സംസ്കാരം എന്ന് ഭാരതത്തിലെത്തിയോ അന്ന് തുടങ്ങിയതാണ് മൂല്യച്യുതി. ആ മാറ്റത്തിന്‍റെ പ്രതിഫലനമാണ് സുപ്രീംകോടതി വിധി. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോഴത്തേത്. അനുദിനം കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഇത് പ്രകടമാണ്. വിശ്വാസ കാര്യങ്ങൾ സുപ്രീംകോടതിയ്ക്ക് തീരുമാനിക്കാനാവുന്ന ഒന്നല്ല. ക്ഷേത്രം ആര്‍ക്കും കയറി നിരങ്ങാവുന്ന സ്ഥലമല്ല.

ശബരിമലയിൽ അവസാനവാക്ക് തന്ത്രിയുടേത് ?

ശബരിമലയിൽ പ്രതിഷ്ടയ്ക്ക് ശേഷം പ്രധാന്യം തന്ത്രിമാര്‍ക്കാണ്. ആചാരങ്ങളും അനുഷ്ടാനങ്ങളിലും അന്തിമ വാക്ക് തന്ത്രിമാരുടേതാണ്. തന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷം മാത്രം വിശ്വാസകാര്യങ്ങളിൽ സര്‍ക്കാര്‍ തീരുമാനമെടുക്കണമായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ശബരിമലയിൽ എത്തിയാൽ നട അടച്ച് സ്ത്രീകളെ കയറ്റാതിരിക്കാനും തടയാനുമുള്ള അവകാശം തന്ത്രിമാര്‍ക്കുണ്ട്.  

വിധിയെ പിന്തുണയ്ക്കുന്നവര്‍ വിശ്വാസികളല്ല ?

സുപ്രീംകോടതി വിധിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. സതിയുമായും ക്ഷേത്രപ്രവേശന വിളംബരമായും വിധിയെ താരതമ്യം ചെയ്യാനാകില്ല.  അതൊക്കെ കാലഘട്ടത്തിന്‍റെ അനിവാര്യതയായിരുന്നു. സ്ത്രീ പ്രവേശനം അനിവാര്യതയല്ല. ശബരിമലയെ നശിപ്പിക്കാനാണ് ഒരു കൂട്ടരുടെ ശ്രമം. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ പ്രത്യാഘാതമുണ്ടാകും. ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരും.

നാമജപ യാത്രകൾ ചരിത്രസംഭവം ?

വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കാൻ ഭക്തര്‍ തെരുവിലിറങ്ങുന്നത് ചരിത്രമാണ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് പ്രതിഷേധം. 

സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം ?

അച്ഛൻ തെറ്റ് ചെയ്താലും വിമര്‍ശിക്കുന്നയാളാണ് ഞാൻ. വിശ്വാസികളുമായും ആചാര്യൻമാരുമായും കൂടിയാലോചിക്കാതെ സുപ്രീംകോടതിയിൽ  സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയത് ശരിയായില്ല. സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നൽകുകയും ഓര്‍ഡിനൻസ് പുറത്തിറക്കുകയും ചെയ്യണം. ദളിത് സംഘടനകൾ ഒറ്റക്കെട്ടായി സുപ്രീംകോടതി വിധിക്കെതിരെ രംഗത്ത് വരണം. ദളിത് എന്ന ലേബലിൽ എന്തിന് മാറ്റിനിര്‍ത്തപ്പെടണം. ദളിതര്‍ ഹിന്ദുവാണ്. ദളിതര്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സംരക്ഷണം നൽകിയത് ആര്‍എസ്എസ് ?

പൂജയിൽ കൃത്യ വിലോപം നടത്തിയതിന് തന്നെ പുറത്താക്കാൻ ബ്രാഹ്മണസഭ ശ്രമം നടത്തിയെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. എന്നും എനിക്ക് പിന്തുണ നൽകിയവരാണ് യോഗക്ഷേമ സഭ. തിരുവല്ലയിലെ ക്ഷേത്രത്തിൽ നിന്ന് പറവൂരിലെ കുറിങ്ങഴിപ്പ് ക്ഷേത്രത്തിലേക്ക് സ്ഥലം മാറി വന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. രോഗിയായ അച്ഛനെ പരിചരിക്കാൻ വേണ്ടിയാണ് സ്ഥലം മാറ്റം ചോദിച്ച് വാങ്ങിയത്. ഞാൻ രോഗിയായിരുന്നപ്പോൾ ഭക്ഷണം നൽകിയത് ആര്‍എസ്എസ്സാണ്. താമസ സൗകര്യവും ആര്‍എസ്എസ് ഒരുക്കിത്തന്നു. എനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന സോഷ്യൽ മീഡിയ പ്രചാരണം അടിസ്ഥാനരഹിതമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios