സര്‍ക്കാരിനെതിരായി വന്ന ഈ ആരോപണങ്ങളില്‍ എന്താണ് മുഖ്യമന്ത്രിയുടെ നിലപാട്?
പരാതി മൂടിവച്ച സംസ്ഥാന ഘടകത്തിന്‍റെ നടപടിയിൽ മനംനൊന്ത യുവതി കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടതിന്‍റെ ഫലമായി ഇവിടെ അന്വേഷണ കമ്മീഷൻ വരുന്നു. അതിലും നടപടി വൈകുന്നു. വീണ്ടും കേന്ദ്രത്തിന് പരാതി. ഒടുവിൽ നേതാവിനെ ആറുമാസം സസ്പെൻഡ് ചെയ്യുന്നു. ഇതിൽ സിപിഎമ്മിന്‍റെ മാഹാത്മ്യം എങ്ങനെ പറയണം സഖാക്കളേ?
ശബരിമലയിൽ യുവതികളെ കൈപിടിച്ചുകൊണ്ടുപോയി കയറ്റുന്നത് സർക്കാരിന്‍റെ ലക്ഷ്യമല്ല എന്നുപറയുകയും അവിടെയെത്തുന്ന യുവതികളെ ഉപദേശിച്ച് പിന്തിരിപ്പിച്ച് അയക്കുകയും ചെയ്യുന്ന പിണറായി വിജയന്‍റെ സർക്കാർ മറുഭാഗത്ത് നവോത്ഥാന സദസുകൾ മാത്രമല്ല, നവോത്ഥാനം നടപ്പാക്കാനുള്ള യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. എന്താണ് ഇതിന്‍റെയൊക്കെ യഥാർത്ഥ ഉദ്ദേശ്യം എന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ.
പി.കെ.ശശി എംഎൽഎക്ക് ആറുമാസം സസ്പെൻഷൻ. അതാണ് സിപിഎം വിധിച്ചിരിക്കുന്ന ശിക്ഷ. ആറുമാസം കഴിഞ്ഞാൽ ഏത് ഘടകത്തിലേക്ക് ശശിയെ ഉൾക്കൊള്ളണമെന്ന് പാർട്ടിയുടെ മേൽഘടകം തീരുമാനിക്കും. ഇതുവരെയുള്ള സൂചനകളനുസരിച്ച് പി.കെ.ശശിക്ക് അനുകൂലമായ നിലപാടാണ് എ.കെ.ബാലനടക്കം പാലക്കാട്ടെ പാർട്ടിയുടെ നേതൃത്വം എടുത്തിട്ടുള്ളത്. യുവതിക്കുതന്നെ നീതികിട്ടി എന്ന അഭിപ്രായവുമില്ല. ഇനിയും എന്തൊക്കെയോ കള്ളക്കളികൾ നടക്കാനുണ്ടെന്ന് ആ യുവതി സംശയിക്കുകയും ചെയ്യുന്നു. ഇതിൽ സിപിഎമ്മിനെ പുകഴ്ത്താൻ എന്താണിത്ര കാര്യം?
സിപിഎം ആയതുകൊണ്ടല്ലേ ഈ നടപടികൾ? മറ്റേതെങ്കിലും പാർട്ടിയായിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമോ? ഞാനാണെങ്കിലും പാർട്ടിക്കാരിൽ നിന്ന് പീഡനമേറ്റാൽ ആദ്യം പാർട്ടിയെ സമീപിക്കും എന്നെല്ലാം വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പോലും പറയുന്ന ദയനീയ അവസ്ഥ ഉണ്ടാകുമ്പോൾ, എന്തിനാണ് ഈ നാട്ടിലെ നിയമങ്ങൾ, എന്തിനാണ് വനിതാ കമ്മീഷൻ എന്നെല്ലാം ആരും ചോദിച്ചുപോകും. അതു മാത്രമല്ല, പി.കെ.ശശിക്കെതിരായ നടപടി യഥാർത്ഥത്തിൽ പി.കെ.ശശിക്കിട്ടല്ല കിട്ടിയത്. കിട്ടിയത് എ.കെ.ബാലനാണ്.
ആ നേതാവ് യുവതിയെ സംഘടനാ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു
യുവനേതാവായ ഒരു പെൺകുട്ടി, സംഘടനാ രംഗത്ത് സജീവമായ അവർ പൊതുരംഗത്തുതന്നെ പ്രവർത്തിക്കാനും സംഘടനയിൽ വളരുവാനും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ആ യുവതിയോട് ജില്ലയിൽ വളരെ സ്വാധീനമുള്ള മുതിർന്ന നേതാവ് ചില സംഭാഷണങ്ങൾ നടത്തുന്നു. അഹിതകരമായ സംഭാഷണം ഇഷ്ടപ്പെട്ടില്ലെങ്കിലും മിണ്ടാതിരിക്കാം എന്ന് യുവതി തീരുമാനിക്കുന്നു. പക്ഷേ, മഹാനായ ആ നേതാവ് യുവതിയെ സംഘടനാ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. അഹിതകരമായ സംഭാഷണങ്ങളും തുടർന്ന് ഉണ്ടായേക്കാവുന്ന അഹിതകരമായേക്കാവുന്ന പെരുമാറ്റങ്ങളോടും സഹകരിക്കാത്തതുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നത് എന്ന് മനസിലാക്കിയ ആ യുവതി പാർട്ടിയോട് പരാതിപ്പെടുന്നു.
പരാതി മൂടിവച്ച സംസ്ഥാന ഘടകത്തിന്‍റെ നടപടിയിൽ മനംനൊന്ത യുവതി കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടതിന്‍റെ ഫലമായി ഇവിടെ അന്വേഷണ കമ്മീഷൻ വരുന്നു. അതിലും നടപടി വൈകുന്നു. വീണ്ടും കേന്ദ്രത്തിന് പരാതി. ഒടുവിൽ നേതാവിനെ ആറുമാസം സസ്പെൻഡ് ചെയ്യുന്നു. ഇതിൽ സിപിഎമ്മിന്‍റെ മാഹാത്മ്യം എങ്ങനെ പറയണം സഖാക്കളേ?
സംസ്ഥാനത്തിന്‍റെ നിയമ മന്ത്രിയും പി.കെ. ശശിയുടെ ഉറ്റവനുമായ എ.കെ.ബാലൻ ഇക്കാര്യത്തെപ്പറ്റി ഇതുവരെ പറഞ്ഞതെല്ലാം ഒന്നുകൂടി ഒന്നു കേട്ടുനോക്കണം.
2018 സെപ്റ്റംബർ നാലാം തീയതി പി.കെ.ശശിക്കെതിരായ പരാതി പുറത്തുവന്നപ്പോൾ മന്ത്രി എ.കെ.ബാലന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. "ഇപ്പോ സീതാറാം യെച്ചൂരി പറഞ്ഞു എന്നാണ് നിങ്ങള് പറയുന്നേ... ശരിയായിരിക്കാം. എനിക്കു കിട്ടിയിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. എന്‍റെ അറിവിൽ പെട്ടിട്ടുമില്ല."
2018 സെപ്റ്റംബർ 24
"ഇതിന്‍റകത്ത് അഗ്രീവ്ഡ് ആയിട്ടുള്ള ആൾക്കാർക്ക് നീതി ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികളുമായി... എന്തൊക്കെയാണോ കമ്മീഷന്‍റെ കൈയ്യിൽ കിട്ടുന്നത്, അത് പരിപൂർണ്ണമായും ഉപയോഗിക്കും."
2018 ഒക്ടോബർ 26
"ഇവിടെ വരാതെ പോയാൽ അതൊരു വിവാദമാകും. വിവാദം നിങ്ങളുദ്ദേശിച്ചതല്ല, രാജൻ മാഷ് സിപിഎമ്മില് വരുമ്പോ, ആ പരിപാടി എ.കെ.ബാലൻ ബഹിഷ്കരിച്ചു എന്നുവരുമ്പോഴുള്ള ഒരു ബുദ്ധിമുട്ട് ആലോചിച്ചിട്ടാ. മറ്റേ പ്രശ്നമൊന്നും ഞങ്ങളെ സംബന്ധിച്ച് ഒരു പ്രശ്നവുമല്ല."
2018 നവംബർ 8 (പരാതിക്കാരി കേന്ദ്രനേതൃത്വത്തിന് കത്തയച്ചതിന് ശേഷം)
"എ.കെ.ബാലൻ: പരാതി നിങ്ങളുടെ അടുക്കലുണ്ടെങ്കിൽ ഞാൻ പ്രതികരിക്കാം. (പരാതിയുടെ പകർപ്പുണ്ട് എന്ന് വാർത്താലേഖകരുടെ മറുപടി) പരാതി കാണിക്ക്... (പരാതിയുടെ പകർപ്പ് മൊബൈൽ ഫോണിൽ കാട്ടിക്കൊടുത്തതിന് ശേഷം)
എ.കെ.ബാലൻ: ഇതിൽ അവരുടെ പേരെവിടെ? (പേര് വെളിപ്പെടുത്താൻ പാടില്ലല്ലോ എന്ന് വാർത്താലേഖകർ)
എ.കെ.ബാലൻ: "അപ്പോ നിങ്ങൾ എന്തെങ്കിലും കൊണ്ടുവന്നാൽ പ്രതികരിക്കണമെന്നാ? "(അപ്പോൾ ഇത് പരാതിയല്ല എന്നാണോ അങ്ങ് പറയുന്നത് എന്ന് വാർത്താലേഖകർ)
എ.കെ.ബാലൻ: "അങ്ങനെയെങ്കിൽ ആരെ അഡ്രസ് ചെയ്തു, ആര് അയച്ചു എന്നതിനെ സംബന്ധിച്ച്, നാഥനില്ലാത്തതിന് മറുപടിയില്ല കേട്ടോ"
2018 നവംബർ 26 (പി.കെ.ശശിക്കെതിരായ നടപടി തീരുമാനിച്ച ദിവസം)
"അല്ല, അന്വേഷണക്കമ്മീഷന്‍റെ ഭാഗമായിട്ടുള്ള റിപ്പോർട്ട് പാർട്ടിക്ക് കൊടുത്തു കഴിഞ്ഞു. അതിന്‍റെ പേരിൽ സംഘടനാപരമായ തീരുമാനവും എടുത്തു. അത് കമ്യൂണിക്ക ആയിട്ട് പ്രസിദ്ധീകരിക്കും, അത്രേയുള്ളൂ."
പി.കെ. ശശിയുടെ സസ്പെൻഷൻ എ.കെ. ബാലനുള്ള അടിയാവുന്നത് എങ്ങനെയെന്ന് ഇപ്പോൾ മനസിലായല്ലോ. നാട്ടിലെ നിയമകാര്യ ചുമതലയുള്ള മന്ത്രിയാണ് ഇപ്പണി കാണിച്ചത് എന്നു മറക്കരുത്. വിവരവും വിദ്യാഭ്യാസവുമുള്ള, ഭാവിയിൽ സിപിഎമ്മിനു തന്നെ മുതൽക്കൂട്ടാകാവുന്ന ഒരു യുവനേതാവിനെ ഗൂഢോദ്ദേശ്യത്തിന് വഴങ്ങാത്തിന്‍റെ പേരിൽ ഒതുക്കാൻ നോക്കിയത് പിടിക്കപ്പെട്ടപ്പോൾ തണലേകാൻ നോക്കിയ ആളാണ് എ.കെ. ബാലൻ. ഉളുപ്പുവേണം, ലേശമെങ്കിലും ഉളുപ്പ്. അതുകൊണ്ടാണ് പറയുന്നത് പി.കെ.ശശിയുടെ സസ്പെൻഷൻ എ.കെ.ബാലന്‍റെ കരണത്തുകിട്ടിയ അടിയാണ്, കരണത്തുകിട്ടിയ അടി മാത്രമാണ് എന്ന്.
ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട കെ.ടി.ജലീൽ മന്ത്രിയായിത്തന്നെ തുടരുന്നുണ്ട്
ശബരിമലയിൽ യുവതികളെ കൈപിടിച്ചുകൊണ്ടുപോയി കയറ്റുന്നത് സർക്കാരിന്‍റെ ലക്ഷ്യമല്ല എന്നുപറയുകയും അവിടെയെത്തുന്ന യുവതികളെ ഉപദേശിച്ച് പിന്തിരിപ്പിച്ച് അയക്കുകയും ചെയ്യുന്ന പിണറായി വിജയന്‍റെ സർക്കാർ മറുഭാഗത്ത് നവോത്ഥാന സദസുകൾ മാത്രമല്ല, നവോത്ഥാനം നടപ്പാക്കാനുള്ള യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. എന്താണ് ഇതിന്‍റെയൊക്കെ യഥാർത്ഥ ഉദ്ദേശ്യം എന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ. നാല് വോട്ടിനുവേണ്ടി നയങ്ങൾ നടപ്പാക്കാതിരിക്കില്ല എന്ന് പ്രഖ്യാപനം മാത്രം നടത്തുകയും പ്രവൃത്തിയിൽ കാണിക്കാതിരിക്കുകയും ചെയ്യുന്ന പിണറായി വിജയൻ ഇനിയെന്ത് നവോത്ഥാനമാണ് നടത്താൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം.
സ്വന്തം സർക്കാരിനെതിരായി വന്ന ഒരുപാട് ആരോപണങ്ങളിൽ അദ്ദേഹം ഇപ്പോഴും നിലപാട് പറഞ്ഞിട്ടില്ല. ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട കെ.ടി.ജലീൽ മന്ത്രിയായിത്തന്നെ തുടരുന്നുണ്ട്. എ.എൻ.ഷംസീർ എംഎൽഎ സ്വന്തം ഭാര്യയുടെ നിയമനം കോടതി റദ്ദാക്കിയതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ, ഇതൊന്നും നടന്നില്ലെങ്കിലും മാധ്യമങ്ങൾ എപ്പോൾ, എവിടെ, എങ്ങനെ, ആരോട് സംസാരിക്കണം എന്ന് തീരുമാനിക്കാനുള്ള തിട്ടൂരം കൃത്യമായി ഇറക്കാൻ പിണറായി വിജയൻ സർക്കാരിന് ആയിട്ടുണ്ട്. അതിനെതിരെ കാര്യമായ പ്രതിഷേധങ്ങൾ സാംസ്കാരിക, നവോത്ഥാന, മാധ്യമ ലോകങ്ങളിൽ നിന്ന് ഇല്ല എന്നതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യവുമാണ്.