ഇതൊക്കെ കൊണ്ടാണ് ഡിവൈഎഫ്ഐ, പ്രത്യേകിച്ച് അനക്കമൊന്നുമില്ലാത്ത സംഘടനയായിപ്പോയത്
ആരും അറിയില്ല എന്ന് കരുതിയാകുമോ രണ്ടാം പേരുകാരിയായ ഷഹലയ്ക്ക് കണ്ണൂർ സർവകലാശാല ഒന്നാം പേരുകാരിയെ മറികടന്ന് നിയമനം നൽകിയത്? അതോ സർവകലാശാലാ ഭരണം സ്വന്തം കയ്യിലായതിനാൽ പ്രതിഷേധശബ്ദം അടിച്ചമർത്താമെന്ന് സിപിഎം നേതാക്കളാരെങ്കിലും ഉറപ്പ് നൽകിയിരുന്നോ?
കെ.ടി.ജലീൽ കൊച്ചാപ്പ നിയമനത്തിനുള്ള മാനദണ്ഡം നേരത്തേ മൂത്താപ്പയുടെ കൊച്ചുമകന് പാകത്തിൽ തയ്യാറാക്കി. പിന്നീട് നിയമനം കൊടുത്തു. അതാണ് വ്യത്യാസം. രണ്ടും അഴിമതിയാണ്. അധാർമികപ്രവൃത്തിയാണ്. സ്വന്തം സർക്കാരിലെ സ്വന്തം മന്ത്രിയും സ്വന്തം സംഘടനയിലെ പ്രസിഡന്‍റുമൊക്കെ ഇപ്പണി കാണിക്കുമ്പോൾ ഡിവൈഎഫ്ഐയിലെ യുവരക്തം തിളയ്ക്കില്ല. ഉമ്മൻചാണ്ടിയോ, ചാണ്ടി ഉമ്മനോ ആയിരുന്നെങ്കിൽ കുറച്ചു നേരം തിളപ്പിയ്ക്കാമായിരുന്നു!
സിപിഎമ്മിലെ യുവസഖാക്കൾക്ക് നല്ല മാതൃകയാണ് എ.എൻ. ഷംസീർ എംഎൽഎ. ഷംസീറിനെ കണ്ട് പഠിയ്ക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ അദ്ഭുതപ്പെടരുത്. ഇപ്പോഴത്തെ ഷംസീറിനെ അതേ പടി കണ്ടുപഠിയ്ക്കുക എന്നല്ല അതിനർഥം. ഷംസീർ സംഘടനയിൽ വന്ന വഴികൾ, വളർന്ന വഴികൾ, ഷംസീറിന്‍റെ ബന്ധങ്ങൾ, അടുപ്പങ്ങൾ, ബലം – ഇതെല്ലാം കണ്ട് പഠിയ്ക്കണം ഒരു സഖാവിന് സംഘടനയിൽ വളരാൻ എന്നു കൂടിയാണ് അതിനർഥം.
ഇപ്പോൾ, ഷംസീറിന് സ്വന്തം കാലിൽ നിൽക്കാറായി. സ്വന്തം സ്വാധീനം ചെലുത്താറായി. അതുകൊണ്ടാണ് രണ്ടാം പേരുകാരിയായി ഷംസീറിന്‍റെ ഭാര്യ ഒരു നിയമനപ്പട്ടികയിൽ വന്നപ്പോൾ ആ രണ്ടാം പേര് ഒന്നാം പേരായി മാറിയത്. ഒരു ചട്ടവും ബാധകമല്ലാതെ! ഒടുവിൽ കേരളാ ഹൈക്കോടതി വേണ്ടി വന്നു ആ തെറ്റ് തിരുത്തിക്കാൻ.
ആരും അറിയില്ല എന്ന് കരുതിയാകുമോ രണ്ടാം പേരുകാരിയായ ഷഹലയ്ക്ക് കണ്ണൂർ സർവകലാശാല ഒന്നാം പേരുകാരിയെ മറികടന്ന് നിയമനം നൽകിയത്? അതോ സർവകലാശാലാ ഭരണം സ്വന്തം കയ്യിലായതിനാൽ പ്രതിഷേധശബ്ദം അടിച്ചമർത്താമെന്ന് സിപിഎം നേതാക്കളാരെങ്കിലും ഉറപ്പ് നൽകിയിരുന്നോ?
തിരിച്ചടി കണ്ണൂർ സർവകലാശാലയ്ക്കല്ല, സിപിഎമ്മിനാണ്, ഷംസീറിനാണ്
ഷഹല എന്ന വ്യക്തി എ.എന്‍. ഷംസീറിന്‍റെ ഭാര്യ ആയിരുന്നില്ലെങ്കിൽ സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് ഈ നിയമനം നടത്തുമായിരുന്നോ? ഇല്ല, എന്ന് ഉറപ്പിച്ചു പറയാം. അതുകൊണ്ടാണ് എ.എന്‍. ഷംസീർ അധികാരദുർവിനിയോഗവും അതുവഴി അഴിമതിയും നടത്തിയെന്ന് ആരോപിക്കേണ്ടി വരുന്നത്.
ഷഹലയുടെ നിയമനം റദ്ദാക്കിയത് കേരളാ ഹൈക്കോടതിയാണ്. ഒന്നാം റാങ്കുകാരിയ്ക്ക് നിയമനവും നൽകി. തിരിച്ചടി കണ്ണൂർ സർവകലാശാലയ്ക്കല്ല, സിപിഎമ്മിനാണ്, ഷംസീറിനാണ്.
റിസർവേഷൻ പാലിച്ചാലും ഒന്നാം റാങ്കുകാരിയായ ബിന്ദുവിന് തന്നെയാണ് നിയമനം നൽകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. എംഎൽഎയുടെ ഭാര്യയായ കാരണം കൊണ്ട് മാത്രമാണ് രണ്ടാം റാങ്കുകാരിയ്ക്ക് നിയമനം നൽകിയതെന്ന വാദം ഹൈക്കോടതി ശരി വയ്ക്കുകയാണ് ചെയ്തതെന്ന് ഡോ. എം.പി.ബിന്ദുവിന്‍റെ അഭിഭാഷക പറയുന്നു.
“എന്‍റെ ഈ പോരാട്ടം ഇവിടെ, വളരെ സന്തോഷത്തോടെ അവസാനിച്ചിരിക്കുകയാണ്. അതിന് ഒരുപാട് പേരോട് നന്ദിയുണ്ട്. ഇത്, ഇനി എന്നെപ്പോലുള്ള നിരവധി പേർക്കുള്ള മോട്ടിവേഷനാണ്. എത്ര വലിയ രാഷ്ട്രീയധാർഷ്ട്യമാണെങ്കിലും നമുക്ക് നിയമത്തിന്‍റെ പിൻബലത്തിലൂടെ ജയിക്കാൻ പറ്റും.” എന്നാണ് എം.പി.ബിന്ദു പറഞ്ഞത്.
എന്നിട്ടും ഇപ്പണിയ്ക്ക് പോകണമെങ്കിൽ വിഎസ്സിന്‍റെ ഭാഷയിൽ അപാരചർമ്മശക്തി വേണം
ഇ.പി.ജയരാജനും പി.കെ.ശ്രീമതിയുമൊക്കെ കണ്ണൂരുകാരാണ്. ബന്ധുനിയമനവിവാദവും ഇ.പിയുടെ രാജിയുമൊക്കെ ഷംസീറും അറിഞ്ഞുകാണും. പോരാത്തതിന് എംഎൽഎയുമാണല്ലോ. എന്നിട്ടും ഇപ്പണിയ്ക്ക് പോകണമെങ്കിൽ വിഎസ്സിന്‍റെ ഭാഷയിൽ അപാരചർമ്മശക്തി വേണം. സിപിഎമ്മിന്‍റെ യുവവിഭാഗം ഡിവൈഎഫ്ഐയുടെ പ്രസിഡന്‍റ് കൂടിയാണ് ഷംസീർ. ഇതോണ്ടൊക്കെയാവും സ്വരാജിന്‍റെയും ഷംസീറിന്‍റെയും കീഴിൽ ഡിവൈഎഫ്ഐ പ്രത്യേകിച്ച് അനക്കമൊന്നുമില്ലാത്ത സംഘടനയായിപ്പോയത്.
മകനെ സ്വകാര്യസ്കൂളിൽ ചേർത്ത് നാട്ടുകാർ കുട്ടികളെ സർക്കാർ സ്കൂളിൽ ചേർക്കണമെന്ന് പ്രചാരണം നടത്തിയയാളാണ് എ.എന്‍.ഷംസീർ. അതിലെ ഇരട്ടത്താപ്പ് പുറത്തു വന്നതോടെ കുട്ടിയെ സർക്കാർ സ്കൂളിലാക്കി. അക്കഥ ആളുകൾ മറന്നുതുടങ്ങിയപ്പോൾ കുട്ടി പിന്നെയും സ്വകാര്യ സ്കൂളിലെത്തി എന്നാണ് കഥ.
സ്വന്തം കുട്ടി ഏത് സ്കൂളിൽ പഠിയ്ക്കണമെന്ന് തീരുമാനിക്കാൻ രക്ഷിതാവിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ നാട്ടുകാരെ ഉപദേശിക്കാനിറങ്ങുമ്പോൾ ഇതൊക്കെ മനസ്സിൽ വയ്ക്കണമെന്ന് മാത്രം.
ഷംസീർ ഡിവൈഎഫ്ഐയിലെ അധികാരം ഒഴിയുകയാണ്. ഇനി രാജി വയ്ക്കാൻ മന്ത്രിക്കസേരയൊന്നുമില്ല. എംഎൽഎ സ്ഥാനമേയുള്ളൂ. ഒരു കാരണവശാലും അത് കളയരുത്. ഇതിലും വലുത് ചെയ്ത കെ.ടി.ജലീൽ, കൊച്ചാപ്പ സ്ഥാനത്ത് തിരിച്ചടിയേറ്റു വാങ്ങി, മൂത്താപ്പയുടെ കൊച്ചുമകനെ രാജിവയ്പിച്ചതേയുള്ളൂ. മന്ത്രിസ്ഥാനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. സിപിഎമ്മിനും പ്രശ്നമില്ല. അതുകൊണ്ട് ഷംസീറും എംഎൽഎ പദവി കളയണ്ട.
ഷംസീറിന്‍റെ ഭാര്യയ്ക്ക് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനം കിട്ടിയ ശേഷം ആ നിയമനത്തിൽ സംവരണമേർപ്പെടുത്തി വിജ്ഞാപനമിറക്കി ഷഹലയെ നിയമിക്കുകയായിരുന്നു സർവകലാശാല. അങ്ങനെ രണ്ടാം പേരുകാരിയെ ഒന്നാമതെത്തിച്ചു. അത്രയേ ചെയ്തിട്ടുള്ളൂ!
സംഘടനയിലും എ.എൻ.ഷംസീറിന് തിരിച്ചടി കിട്ടിയെന്നൊരു കഥയുണ്ട്
കെ.ടി.ജലീൽ കൊച്ചാപ്പ നിയമനത്തിനുള്ള മാനദണ്ഡം നേരത്തേ മൂത്താപ്പയുടെ കൊച്ചുമകന് പാകത്തിൽ തയ്യാറാക്കി. പിന്നീട് നിയമനം കൊടുത്തു. അതാണ് വ്യത്യാസം. രണ്ടും അഴിമതിയാണ്. അധാർമികപ്രവൃത്തിയാണ്. സ്വന്തം സർക്കാരിലെ സ്വന്തം മന്ത്രിയും സ്വന്തം സംഘടനയിലെ പ്രസിഡന്‍റുമൊക്കെ ഇപ്പണി കാണിക്കുമ്പോൾ ഡിവൈഎഫ്ഐയിലെ യുവരക്തം തിളയ്ക്കില്ല. ഉമ്മൻചാണ്ടിയോ, ചാണ്ടി ഉമ്മനോ ആയിരുന്നെങ്കിൽ കുറച്ചു നേരം തിളപ്പിയ്ക്കാമായിരുന്നു!
കോടതിയിൽ നിന്ന് മാത്രമല്ല, സംഘടനയിലും എ.എൻ.ഷംസീറിന് തിരിച്ചടി കിട്ടിയെന്നൊരു കഥയുണ്ട്. ഡിവൈഎഫ്ഐ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രായപരിധി 37 എന്ന് നിജപ്പെടുത്തി ചിലരെ വെട്ടാൻ നീക്കം നടത്തി എന്നാണ് സഖാക്കൾക്കിടയിൽ പ്രചരിക്കുന്ന കഥ.
പാർട്ടിയിൽ ഇ.പി. ജയരാജന്‍റെയും പി. രാജീവിന്‍റെയും ഇടപെടലോടെയാണ് ചില കളികൾ ഇല്ലാതായി, ഇപ്പോഴത്തെ പേരുകാർ ഭാരവാഹികളായത് എന്ന് ആ കഥ തുടരുന്നു.
“നിങ്ങൾ മാധ്യമപ്രവർത്തകരായതുകൊണ്ട് ലോകത്തു മുഴുവനുമുള്ള എല്ലാവരെയും എന്തും ചെയ്യാമെന്ന ധാരണ നിങ്ങൾ മാറ്റണം. ഞങ്ങളുടെ കയ്യിലൊരു കമ്പുണ്ട്, അതു വച്ച് ഞങ്ങളിത് വച്ച് നിങ്ങളെയങ്ങ് പൂശിക്കളയും എന്നൊന്നും പെരുമാറരുത്. നിങ്ങൾക്ക് ചോദ്യം ചോദിയ്ക്കാം. അതല്ലാതെ ഈ അഹങ്കാരം... അല്ലാ, സഭ്യമല്ലാത്ത ഭാഷ നിങ്ങളാണ് പ്രയോഗിച്ചത്. ഭീഷണിപ്പെടുത്തല്ലാ, ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട. നിങ്ങടെ ചോദ്യം... നിങ്ങളുടെ ഭീഷണിക്കൊന്നും വഴങ്ങുന്നവരല്ല ഞങ്ങള്. അതൊന്നും പിൻവലിക്കാൻ പോകുന്നില്ല.” ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളനത്തിനിടെയുള്ള വാർത്താ സമ്മേളനത്തിൽ ഷംസീർ പറഞ്ഞതാണ്.
കെ.ടി.ജലീലിനെ ഇതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിട്ടില്ല
ഈ സ്റ്റൈലിൽ പിണറായി വിജയൻ പറഞ്ഞപ്പോൾ പോലും മാധ്യമപ്രവർത്തകർ കോല് പിടിത്തം നിർത്തിയിട്ടില്ല ഷംസീറേ! സ്വന്തം പ്രവൃത്തിയിൽ ധാർമികതയൊക്കെ പുലർത്തിയിട്ട് പോരേ മറ്റുള്ളവരെ പാഠം പഠിപ്പിയ്ക്കുന്നത്?
ബന്ധുവിന് വേണ്ടി മാനദണ്ഡങ്ങൾ തയ്യാറാക്കിയും ചട്ടം മറികടന്നും നിയമനം നടത്തിയ കെ.ടി.ജലീലിനെ ഇതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിട്ടില്ല. അതൊരു തെറ്റായിപ്പോലും കണ്ടിട്ടില്ല. എ.എൻ.ഷംസീറിനെതിരെയും കാര്യമായ നടപടിയുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കണ്ട. പി.കെ.ശശിയ്ക്കെതിരെ അന്വേഷണം പൂർത്തിയായോ എന്നറിയില്ല. ഇതുവരെ പാർട്ടി നടപടിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇതെല്ലാം ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് മറുഭാഗത്ത് നവോത്ഥാനത്തെപ്പറ്റി പിണറായി വിജയൻ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്.
അപ്പോഴും ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീർഥാടനം ഇനിയും ഒരുപാട് നാളുകളുണ്ട്. ഈ കാലമത്രയും സംഘർഷഭരിതമായിരിക്കും. രാഷ്ട്രീയമുതലെടുപ്പിന് തത്പരകക്ഷികളുണ്ട്. സുപ്രീംകോടതിയുടെ അന്തിമതീർപ്പ് വരാനിരിക്കുന്നതേയുള്ളൂ. എല്ലാംകൊണ്ടും പിണറായി വിജയനിപ്പോൾ കഷ്ടകാലമാണ്!