ഒന്നു സോറി പറഞ്ഞാല്‍ തീരാവുന്ന വിഷയങ്ങള്‍ വഷളാക്കുന്നത് നമ്മുടെ ഈഗോ മാത്രമല്ലേ?
ഒരുപാട് വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടും, പിന്നെയും അത് തെറ്റാണെന്ന് മനസ്സിലാക്കാതെ വീണ്ടും വീണ്ടും കുത്തി നോവിപ്പിക്കുന്ന ചില മനുഷ്യര്‍ ഉണ്ട്.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
സോറി. അതൊരു ചെറിയ വാക്കല്ല. അതൊരു സാധാരണ വാക്കുമല്ല. മനുഷ്യര്‍ക്കിടയില്‍ സമാധാനത്തിന്റെ പാലം പണിയാന്‍ അതിനാവും. മനുഷ്യര്‍ക്കിടയിലുള്ള വെറുപ്പിന്റെ വാതില്‍ എന്നേക്കുമായി അടച്ചുകളയാനും. ക്ഷമ എന്ന മഹത്തായ പ്രക്രിയയുടെ താക്കോലാണ്, സോറി എന്ന വാക്ക്.
ഒരാളുടെ മനസ്സില്‍ അടിഞ്ഞുകൂടിയ ദേഷ്യത്തിന്റെ മാലിന്യക്കൂമ്പാരത്തെ ഒരു നിമിഷം കൊണ്ട് അലിയിച്ചുകളയാന്‍ ചിലപ്പോള്‍ ആ ഒരു കൊച്ചു വാക്കിന് സാധിക്കും. നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങള്‍, ബന്ധങ്ങള്‍, എല്ലാം വീണ്ടെടുക്കാന്‍, കണ്ണില്‍ നോക്കി ആത്മാര്‍ത്ഥതയോടെ പറയുന്ന ഒരു സോറിക്ക് കഴിയും.
പക്ഷേ മനുഷ്യന്റെ ഉള്ളിലെ ഈഗോ അതാണ് തടസ്സമായി നില്‍ക്കുക. സോറി പറയിക്കാതിരിക്കാന്‍ ഈഗോ ശ്രമിക്കും. ക്ഷമയെ അതു തടയും. അങ്ങനെയാണ് ചില നിസാര കാരണങ്ങള്‍ക്ക് പല ബന്ധങ്ങളും പിരിഞ്ഞു പോകുന്നത്. ഒരു സോറി പറഞ്ഞ് ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്താല്‍ പിടിച്ചു നിര്‍ത്താവുന്ന ബന്ധങ്ങളെ ചിരവേദനയിലേക്ക് തള്ളിവിടുന്നത് ഈഗോയാണ്. നാട്ടുകാരും വീട്ടുകാരുമെല്ലാം ഈ ഈഗോയെ ഏറ്റുപിടിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാറാണ് പതിവ്.
'അറിഞ്ഞോ അറിയാതെയോ ഞാന്‍ ചെയ്ത് പോയ എല്ലാ തെറ്റിനും ഞാന്‍ മാപ്പ് ചോദിക്കുന്നു' എന്നൊരു വാചകം പണ്ട് ചിലര്‍ എഴുത്തുകളുടെ താഴെ എഴുതുമായിരുന്നു. പിണക്കങ്ങള്‍ ഉള്ളവര്‍ക്ക് എഴുതുന്ന കത്തുകളില്‍. അല്ലെങ്കില്‍ ലോകത്തോടു മുഴുവനായി സ്വന്തം ജീവാഹുതി വിളംബരം ചെയ്യുന്ന ആത്മഹത്യാ കുറിപ്പില്‍.
അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരുപാട് പേരെ വേദനിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്. എല്ലാവര്‍ക്കും തിരക്കല്ലേ. ആ തിരക്കില്‍, നമുക്ക് സംഭവിച്ച തെറ്റുകള്‍ നാം മറന്നുപോകുന്നു. ഉറക്കം വരാതെ കിടക്കുന്ന ചില രാത്രികളില്‍ മാത്രം ഓര്‍ക്കും അങ്ങനെ ചിലത്. ഞാന്‍ അങ്ങനെ പറഞ്ഞത് മമ്മിക്ക് വിഷമമായി കാണുമോ. ഡാഡിയെ അന്ന് വേദനിപ്പിച്ചോ ഭര്‍ത്താവിനോട് അത്രയും ദേഷ്യം വേണ്ടായിരുന്നു. കുട്ടികളെ വഴക്ക് പറഞ്ഞത് കൂടി പോയോ. അവരോട് പോയി സോറി പറയാന്‍ എനിക്ക് മടിയാണ്. മനസ്സില്‍ മാപ്പ് പറയും ഞാന്‍. പിറ്റേദിവസം കുറച്ച് കൂടുതല്‍ സ്‌നേഹം കാണിക്കും. വീണ്ടും ഇത് ആവര്‍ത്തിക്കും.
പക്ഷേ ഒരുപാട് വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടും, പിന്നെയും അത് തെറ്റാണെന്ന് മനസ്സിലാക്കാതെ വീണ്ടും വീണ്ടും കുത്തി നോവിപ്പിക്കുന്ന ചില മനുഷ്യര്‍ ഉണ്ട്. അങ്ങനെ ഒരു ദിവസം ഒരാളെയെങ്കിലും കരയിപ്പിക്കാന്‍ കഴിഞ്ഞാല്‍ ധന്യമായി ആ ദിവസം എന്ന് കരുതുന്നവര്‍. മറ്റൊരാളെ ഫോണ്‍ ചെയ്ത് അവരോട് ആ വീരകഥ അഭിമാനത്തോടെ പറയുന്നതും കേട്ടിട്ടുണ്ട്. ഞാന്‍ നന്നായി അങ്ങ് പറഞ്ഞു കൊടുത്തു. ഒരു വിരല്‍ മറ്റൊരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ നമ്മെ ചൂണ്ടി നില്‍ക്കുന്ന മറ്റ് വിരലുകള്‍ അവര്‍ കാണുന്നില്ല. അവരുടെ തെറ്റുകള്‍ മനസ്സിലാക്കുന്നുമില്ല.
അവര്‍ ഒരുപക്ഷേ ഭക്തര്‍ ആയിരിക്കും. വിശ്വാസികള്‍ ആയിരിക്കും. അവര്‍ ഉറക്കെ ഭക്തി ഗാനങ്ങള്‍ ആലപിക്കും. മനസ്സിലെ ചെളി മാറ്റാതെ മനസിലെങ്കിലും വേദനിപ്പിച്ചവരോട് മാപ്പ് പറയാതെ ആ ഭക്തി ദൈവം കാണുമോ.
അച്ഛനും അമ്മയും തമ്മിലും മക്കള്‍ തമ്മിലും ഒന്നും സോറിയുടെ ആവശ്യമില്ല എന്നാണ് പൊതുവെയുള്ള നമ്മുടെ ധാരണ. എന്റെ ഒരു ആന്റി വയ്യാതെ കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. അപ്പോള്‍ അവര്‍ ഞങ്ങളുടെ ചെറുപ്പത്തിലെ ചില കാര്യങ്ങള്‍ ഓര്‍ത്തു. അവര്‍ കെ എസ് ഇ ബി യില്‍ എഞ്ചിനീയര്‍ ആയിരുന്നു. പല ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടി വരുമ്പോഴും ഉച്ചഭക്ഷണം കളക്ടറേറ്റിന് അടുത്ത് താമസിക്കുന്ന ഞങ്ങളുടെ വീട്ടില്‍ ആയിരിക്കും. അന്നത്തെ ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞു. ഞങ്ങള്‍ മൂന്ന് മക്കളും തമ്മില്‍ വഴക്കുണ്ടായാല്‍ ഡാഡി പരസ്പരം സോറി പറയിപ്പിക്കുമായിരുന്നു. വൈകിട്ട് ആവുമ്പോഴേക്കും പിണക്കം പരിഹരിക്കണം എന്നത് ഡാഡിക്ക് നിര്‍ബന്ധമായിരുന്നു. അപ്പോള്‍ എനിക്ക് ഓര്‍മ വന്നു. അത് ശരിയാണ്. ഡാഡി അങ്ങനെ ഓര്‍ത്തു ചെയ്യിപ്പിച്ചിരുന്നു.ഇപ്പോള്‍ എന്റെ കുട്ടികളോട് ഞാന്‍ പറഞ്ഞാല്‍ അവര്‍ കേള്‍ക്കുകയുമില്ല എന്നത് വേറെ കാര്യം.
ഒരു സോറിക്ക് പലതും ചെയ്യാന്‍ പറ്റും എന്ന് പല അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. പല ബന്ധങ്ങളും നിലനിര്‍ത്താന്‍ ആ ഒരു സോറിക്ക് കഴിയും. തെറ്റുകള്‍ ആര്‍ക്കും പറ്റും. പക്ഷേ അത് മനസ്സിലാക്കി ആവര്‍ത്തിക്കാതിരിക്കാനും തെറ്റ് ചെയ്തവരോട് മാപ്പ് പറയാനും നാം തയ്യാറാവുക എന്നത് പ്രധാനമാണ്.