വേണു നാഗവള്ളി: ആ കാലത്തിന്റെ ആണുടല്‍
എഴുപതുകളിലെ മധ്യവര്‍ഗ മലയാളി ഭാവുകത്വം ഉടല്‍ പൂണ്ടത് വേണു നാഗവള്ളിയിലാണ്. പരമ്പരാഗത പുരുഷ ലാവണ്യ ലക്ഷണങ്ങളൊന്നുമില്ലാതെ വിഷാദ ഭരിതമായ കണ്ണുകളും സദാ കുനിഞ്ഞ ശിരസ്സും ശബ്ദത്തിലെ അനുനാസികവും ഇരുള്‍ നിറവും മെലിഞ്ഞ ശരീരവും കേശഭാരവുമായി വേണു നാഗവള്ളി വെള്ളിത്തിരയില്‍ പ്രവേശിച്ചു.
എഴുപതുകള്‍ മുന്നോട്ടുവച്ച രാഷ്ട്രീയ ഉരുള്‍പൊട്ടലുകളുടെ പീഡിത ചരിത്രം ആലേഖനം ചെയ്ത മാധ്യമമായി ശരീരങ്ങള്‍ മാറി. അത് എണ്‍പതുകളിലേക്കും സംക്രമിച്ചു. വിമോചനത്തിനായുള്ള സ്വപ്നങ്ങളിലെ ഉപകരണമോ മാര്‍ഗ്ഗമോ മാത്രമായിരുന്നു ശരീരം. വിപ്ലവോന്‍മുഖമായ സ്വപ്നങ്ങള്‍ക്കും ഭാവനക്കും പീഡനങ്ങള്‍ക്കും സാഹസങ്ങള്‍ക്കുമിടയില്‍ ശരീരത്തിന്റെ സൗഖ്യവും ആനന്ദവും സ്വാഭാവികമായും അപ്രസക്തമായി. വരാനിരിക്കുന്ന വസന്തകാലത്തെക്കുറിച്ചുള്ള സ്വപ്നവും ഭാവനയും തിങ്ങിനിറഞ്ഞതായിരുന്നു അതിന്റെ ശിരസ്സ്. അതിനെ താങ്ങി നിര്‍ത്തുന്ന ശരീരമാകട്ടെ മെലിഞ്ഞുനീണ്ടതും, ഭരണവര്‍ഗ പീഡനത്താലും ആത്മപീഡയാലും ശുഷ്‌കിച്ചതുമായിരുന്നു.
ജനപ്രിയ സിനിമകളിലെ ആണ്‍ ശരീര പ്രദര്‍ശനങ്ങള്‍ക്ക് സമാന്തരമായി എഴുപതുകളിലെയും എണ്‍പതുകളികളിലെയും 'സമാന്തര-കലാസിനിമ'കളില്‍ ആണുടലുകള്‍ അഴിഞ്ഞു തൂകിയ നിലയിലായിരുന്നു. എല്ലാ ഉറപ്പുകളും പ്രതീക്ഷകളും ശിഥിലമായ കാലത്തെ അവര്‍ ശരീരത്തില്‍ വഹിച്ചു. മലയാള ചലച്ചിത്രത്തിന് അന്നോളം അപരിചിതമായിരുന്ന വ്യക്തിപരവും സാമൂഹികവും ദാര്‍ശനികവുമായ മേഖലകളിലേക്ക് സിനിമ കടന്നുചെന്നു. പ്രണയവും അതിന്റെ ധര്‍മ്മസങ്കടങ്ങളും തീവ്രമായി ആവിഷ്‌ക്കരിക്കുന്ന 'സ്വയംവരം', മാറിമറിയുന്ന ജീവിതാവസ്ഥകളില്‍ ഒറ്റപ്പെട്ടുപോകുന്ന നാട്ടിന്‍ പുറത്തിന്റെ ദുരന്തം കാഴ്ചപ്പെടുത്തുന്ന 'നിര്‍മ്മാല്യം', പുരുഷന്റെ അലസതയും സ്ത്രീയുടെ നിസ്സഹായതയും പ്രമേയമാവുന്ന 'അതിഥി', പഴയ തലമുറയുടെ പരാജയവും പുതിയ തലമുറയുടെ കുറ്റപ്പെടുത്തലുകളും അനാസക്തിയും ആവിഷ്‌കരിക്കുന്ന 'ഉത്തരായനം', ഫ്യൂഡല്‍ കുടുംബ വ്യവസ്ഥക്കുള്ളില്‍ ഒറ്റപ്പെടുന്ന വ്യക്തിയുടെ ദാര്‍ശനിക വ്യഥകള്‍ ആവിഷ്‌കരിക്കുന്ന 'അശ്വത്ഥാമാവ്', മധ്യവര്‍ഗ നാഗരിക യുവത്വത്തിന്റെ പരാജയവും ആത്മസംഘര്‍ഷങ്ങളും കൊണ്ടുവരുന്ന 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍', രാഷ്ട്രീയ സന്ദിഗ്ധതയും ശത്രുവിന് കൂട്ടുനില്‍ക്കേണ്ടിവരുന്ന അവസ്ഥയും ഒരുമിച്ച് നേരിടുന്ന കര്‍ഷകന്റെ ജീവിത സംഘര്‍ഷം പ്രമേയമാക്കിയ 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍', സഹജീവികള്‍ക്കായി ജീവിച്ച് മരിക്കുന്നവരുടെ രാഷ്ട്രീയം അടയാളപ്പെടുത്തുന്ന 'കബനി നദി ചുവന്നപ്പോള്‍' തുടങ്ങി വൈവിധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെ ആണുടലുകള്‍ അഴകളവുകളുടെ ലാവണ്യസൂത്രങ്ങള്‍ തെറ്റിച്ചു.
എഴുപതുകള്‍ മുന്നോട്ടുവച്ച രാഷ്ട്രീയ ഉരുള്‍പൊട്ടലുകളുടെ പീഡിത ചരിത്രം ആലേഖനം ചെയ്ത മാധ്യമമായി ശരീരങ്ങള്‍ മാറി. അത് എണ്‍പതുകളിലേക്കും സംക്രമിച്ചു. വിമോചനത്തിനായുള്ള സ്വപ്നങ്ങളിലെ ഉപകരണമോ മാര്‍ഗ്ഗമോ മാത്രമായിരുന്നു ശരീരം. വിപ്ലവോന്‍മുഖമായ സ്വപ്നങ്ങള്‍ക്കും ഭാവനക്കും പീഡനങ്ങള്‍ക്കും സാഹസങ്ങള്‍ക്കുമിടയില്‍ ശരീരത്തിന്റെ സൗഖ്യവും ആനന്ദവും സ്വാഭാവികമായും അപ്രസക്തമായി. വരാനിരിക്കുന്ന വസന്തകാലത്തെക്കുറിച്ചുള്ള സ്വപ്നവും ഭാവനയും തിങ്ങിനിറഞ്ഞതായിരുന്നു അതിന്റെ ശിരസ്സ്. അതിനെ താങ്ങി നിര്‍ത്തുന്ന ശരീരമാകട്ടെ മെലിഞ്ഞുനീണ്ടതും, ഭരണവര്‍ഗ പീഡനത്താലും ആത്മപീഡയാലും ശുഷ്‌കിച്ചതുമായിരുന്നു. അതീവ കാല്പനികമായ ശരീരങ്ങള്‍ വശീകരണവും വാചീകരണവും മറന്നു നിലകൊണ്ടു. വേണു നാഗവള്ളിയിലൂടെ, നെടുമുടി വേണുവിലൂടെ ഭരത് ഗോപിയിലൂടെ പുരുഷ സൗന്ദര്യത്തിന്റെ സുകുമാര ലക്ഷണങ്ങള്‍ അഴിഞ്ഞ് തൂകി.
നിരാശാഭരിതനായ സുഹൃത്ത്
എഴുപതുകളിലെ മധ്യവര്‍ഗ മലയാളി ഭാവുകത്വം ഉടല്‍ പൂണ്ടത് വേണു നാഗവള്ളിയിലാണ്. പരമ്പരാഗത പുരുഷ ലാവണ്യ ലക്ഷണങ്ങളൊന്നുമില്ലാതെ വിഷാദ ഭരിതമായ കണ്ണുകളും സദാ കുനിഞ്ഞ ശിരസ്സും ശബ്ദത്തിലെ അനുനാസികവും ഇരുള്‍ നിറവും മെലിഞ്ഞ ശരീരവും കേശഭാരവുമായി വേണു നാഗവള്ളി വെള്ളിത്തിരയില്‍ പ്രവേശിച്ചു. സ്‌നേഹത്തെ പ്രതി പൊട്ടിക്കരയുന്ന (സുഹൃത്തായ ഡേവിസിന്റെ മൃതദേഹത്തില്‍ വീണു കരയുന്ന രാഹുലന്‍ - ഉള്‍ക്കടല്‍) വിധിയോട് തോറ്റ് ആത്മഹത്യ ചെയ്യുന്ന (സഹോദരിയുടെ രോഗവും വേര്‍പാടും താങ്ങാനാവാതെ അത്മഹത്യ ചെയ്യുന്ന പ്രഭ - ശാലിനി എന്റെ കൂട്ടുകാരി) സ്‌നേഹവും സഹതാപവും അനുകമ്പയും കാരുണ്യവും കരുതലും നിസ്സഹായതയും കൊത്തിയ ആണുടല്‍. സഹജ മനുഷ്യവാസനകളെ മേയാന്‍ വിട്ട ആ താര ശരീരം പ്രേക്ഷകരുടെ വിശ്വസ്ത സ്‌നേഹിതനും കാമുകനും ഭര്‍ത്താവുമായി.
കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലില്‍ സാഹിത്യ വിദ്യാര്‍ത്ഥിയും അധ്യാപകനും കവിയും കാമുകനുമായ രാഹുലന്‍ അഭ്യസ്തവിദ്യരായ മധ്യ വര്‍ഗ്ഗ മോഹങ്ങള്‍ ഉരുക്കിപ്പണിത പൂര്‍ണ്ണകായ പുരുഷനായിരുന്നു. അത് ചങ്ങമ്പുഴയ്ക്കും അല്‍ബേര്‍ കാമ്യുവിനുമിടയില്‍ ആന്ദോളനം ചെയ്തു. എന്നാല്‍, രമണനിലേയ്ക്ക് വീണു പോയതുമില്ല. തന്റെ വിഷാദ ഛായയിലേയ്ക്ക് വന്നണയുന്ന പ്രണയിനികളെ രാഹുലന്‍ (ഉള്‍ക്കടല്‍) തടഞ്ഞില്ല. കൗമാരത്തിന്റെ നാട്ടു ചോലയില്‍ അവര്‍ ഒന്നിച്ച് നീരാടി (രാഹുലനും തുളസിയും). അവളുടെ വിയോഗമോര്‍ത്ത് അവന്‍ വിഷാദിച്ചു. ആ വിഷാദം കവിതയായി. ആ കവിതയിലൂടെ കടന്നുവന്ന റീനയുടെ നെറ്റിമേല്‍ വീണ മുടിയിഴകള്‍ കാറ്റിനേക്കാള്‍ മൃദുവായി രാഹുലന്‍ തലോടി. എന്നാല്‍, മീരയുടെ പ്രണയം അയാള്‍ നിരസിക്കുന്നില്ല. ചിത്രത്തിന്റെ അവസാനം വീടുവിട്ട് വരുന്ന റീന (ശോഭ) മടങ്ങിപ്പോകാനൊരുങ്ങുമ്പോള്‍ രാഹുലന്‍ തിരികെ വിളിക്കുന്നു. പണവും മതവും ബന്ധുത്വവും പദവിയു സല്‍പേരും നല്‍കുന്ന സദാചാര സുരക്ഷയെയാണ് ഉള്‍ക്കടല്‍ ഉല്‍ക്കടമായ പ്രണയാഭിമുഖ്യത്താല്‍ മറികടന്നത്. ഏകനായി കുന്നിന്‍ ചരിവിലിരുന്ന് കാമുകിയെ നിനച്ചു പാടാന്‍ മാത്രമാഗ്രഹിക്കുന്ന രമണഭാരം തീണ്ടാത്ത കാമുക ഭാവമായിരുന്നു രാഹുലന്‍. പിന്നീടൊരിക്കലും വിഷാദഭരിതമായ ആ കാമുക ശരീരം വേണു നാഗവള്ളിയെ വിട്ടു പോയില്ല.
അത്രമേല്‍ യുഗ്മമായ് ഇല്ലൊരു ഗാനവും
''ശരദിന്ദു മലര്‍ദീപ നാളം നീട്ടി
സുരഭിലയാമങ്ങള്‍ തിരിനീട്ടി''
മലയാള സിനിമയില്‍ രണ്ടാത്മാവുകള്‍ സ്വയം മറന്നുപാടി. നായകന്‍ രാഹുലനും നായിക റീനയുമായിരുന്നു. ഒ. എന്‍ വിയുടെ വരികള്‍ക്ക് എം ബി ശ്രീനിവാസന്‍ ഈണമിട്ടു. ജയചന്ദ്രനും സല്‍മാ ജോര്‍ജും ചേര്‍ന്ന് പാടി. ആ വരികളില്‍ നിന്ന് അതിന്റെ ഈണത്തെ അഴിച്ചെടുക്കാനാവാത്തതുപോലെ, ശബ്ദവും സംഗീതവും പോലെ ആ പാട്ടില്‍നിന്ന് ആ താരശരീരങ്ങളെയും വേര്‍പെടുത്താന്‍ ആകുമായിരുന്നില്ല. അത്രമേല്‍ യുഗ്മമായ് ഇല്ലൊരു ഗാനവും! ആ പ്രണയ ശരീരങ്ങള്‍ ലീനയും രാഹുലനും അല്ലാതാവുകയും ശോഭയും വേണുനാഗവള്ളിയുമായിത്തീരുകയും ചെയ്തു. അക്കാലത്തെ എല്ലാ പ്രണയാത്മാക്കളും മോചനമില്ലാതെ ആ താര ശരീരങ്ങളില്‍ കുടിപാര്‍ത്തു.
സക്കറിയ സിനിമാക്കമ്പം എന്ന കഥയിലൂടെ ഈ പ്രണയഗാനത്തെ ഒരു കാലഘട്ടത്തിന്റെ ചരിത്ര രേഖയായി പുനരാനയിക്കുന്നു. ''ഈ ഗാനരംഗത്തില്‍ ഞാന്‍ സന്നിഹിതനാകുന്ന നിമിഷം വന്നെത്തുകയാണ്'' എന്ന ഓര്‍മ്മയുടെ ഉദ്വേഗത്താല്‍ കഥ പ്രണയത്തെയും ചരിത്രത്തെയും അതിന്റെ എല്ലാ വൈരുധ്യങ്ങളോടെയും ചേര്‍ത്തു കെട്ടുന്നു.
''കുരവയും പാട്ടുമായ് കൂടെയെത്തും''-ഇപ്പോള്‍ നിങ്ങള്‍ വീഡിയോയില്‍ അല്പമൊന്ന് ശ്രദ്ധിച്ചു നോക്കിയാല്‍, പശ്ചാത്തലത്തിലെ പാതയിലൂടെ ഒരു ഫാസ്റ്റ് പാസഞ്ചര്‍ കടന്നുപോകുന്നത് കാണാം. ഇനി ഞാനത് പറയട്ടെ ആ ബസ്സില്‍ ഞാനുണ്ട്.''
ആ ഞാന്‍ ആരാണ്? എന്നതിനേക്കാള്‍ ആരല്ല, ഞാന്‍ എന്നൊരു താദാത്മ്യമുണ്ടതില്‍. ''ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ?'' എന്ന തുറസില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രണയ ചരിത്രം രേഖപ്പെട്ടു കിടക്കുന്നു.
''ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയുമീ നമ്മള്‍ നടന്നു പോകും
വഴിയില്‍ വസന്ത മലര്‍ കിളികള്‍''
യുഗ്മ ഗാനത്തിന്റെ അവസാന വരികള്‍ പാടിപ്പോകവേ വേണുവിനും ശോഭയ്ക്കും പിന്നിലൂടെ ആരാലും ശ്രദ്ധിക്കാതെ ഓടിമറഞ്ഞ കെ എസ് ആര്‍ ടി സി ബസും അതിലെ യാത്രികനെയും കാലങ്ങള്‍ക്ക് ശേഷം സക്കറിയ കഥയില്‍ വീണ്ടെടുക്കുകയാണ് . പ്രണയത്തിന്റെ ചരിത്രത്തില്‍ ആ മനുഷ്യ ഭാഗധേയം വൈരുധ്യങ്ങളോടെ എഴുതിച്ചേര്‍ക്കുകയാണ്. എന്തായിരുന്നു ആ വൈരുധ്യങ്ങള്‍? അതീവ യുഗ്മമായ ആ പ്രണയ സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ എവിടെ നിന്നോ വന്ന് എവിടേയ്‌ക്കോ പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ പ്രണയം തകരാതിരിക്കാനുള്ള സന്ധി സംഭാഷണത്തിനായി വിങ്ങി വിയര്‍ത്ത് യാത്ര ചെയ്യുകയായിരുന്നു അയാള്‍ (ഞാനും).
ആള്‍ക്കൂട്ടം കണ്ട് സിനിമാമ്പക്കക്കാരനായ അയാള്‍ (ഞാനും) അസ്ഥാനത്ത് (അതോ സ്ഥാനത്തോ?) വണ്ടിയിറങ്ങുന്നു. ഷൂട്ടിംഗ് സ്ഥലത്തേക്ക് മതില്‍ ചാടിയെത്തുമ്പോഴേക്കും പാട്ട് തീരുകയും പ്രണയഭരിതരായ ശോഭയും വേണവും തെല്ല് നേരം കൂടി അവശേഷിക്കുകയും ചെയ്തു. ആ സമയമത്രയും കാത്തിരുന്ന കാമുകിയുമായുള്ള സന്ധി നടക്കാതെ പോവുകയും പ്രണയം തകര്‍ന്നു പോവുകയും അയാള്‍ (ഞാനോ?) നാടുവിട്ടു പോവുകയും ചെയ്യുന്നു. പിന്നീട് പ്രണയത്തിന് ഒട്ടുമേ സാധ്യതയില്ലാത്ത പട്ടാള പണിയ്ക്കിടെ 1984 ല്‍ ബ്ലൂസ്റ്റാര്‍ ഓപറേഷന് ശേഷം രക്തവും മാംസവും ചിതറിച്ചീഞ്ഞ തറയില്‍ നിന്ന് (അതോ ചരിത്രത്തില്‍ നിന്നോ?) ഭിന്ദ്രന്‍ വാലയുടെ തണുത്തുവീര്‍ത്ത ശവശരീരം കണ്ടെടുത്ത രാത്രിയിലാണ് അയാളും അയാളിലെ ഞാനും ആദ്യമായി റേഡിയോയില്‍ 'ശരദിന്ദു മലര്‍ദീപ നാളം നീട്ടി... ' കേള്‍ക്കുന്നത്.
പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വിശ്രമിക്കവെ യൂ ടൂബില്‍ ആ ഗാനരംഗം അവര്‍ത്തിച്ച് കാണുന്നു. കേള്‍വിയില്‍ നിന്ന് കാഴ്ച്ചയിലേക്കുള്ള ദൂരം അയാളില്‍ നിന്ന് / എന്നില്‍ നിന്നും വാര്‍ന്നു പോയ പ്രായത്തിന്റെ വാര്‍ഷിക വലയങ്ങള്‍ അഴിച്ചെടുക്കുന്നു. അയാള്‍ / ഞാന്‍ യുവാവും കാമുകനും യോദ്ധാവും വിദുരനുമായി യൗവ്വന യുക്തനാകുന്നു.
ആ കാലത്തിന്റെ ആണ്‍ കാമനകള്‍ അത്രമേല്‍ താദാത്മ്യപ്പെട്ട താര ശരീരമായിരുന്നു വേണു നാഗവള്ളി. ആ താരശരീരം യൗവ്വനം വിട്ട് പറന്നില്ല. തബലിസ്റ്റ് അയ്യപ്പന്റെ മൃതദേഹം ഒളിപ്പിക്കുക വഴി കുറ്റവാളിയാകേണ്ടതായിരുന്നു ജോസഫ് കൊല്ലപ്പള്ളി ( വേണു നാഗവള്ളി.യവനിക - 1982). എന്നാല്‍ രോഹിണിയോടുള്ള പ്രണയാനുതാപമാണ് കൊലപാതകം മറച്ചു പിടിക്കുന്നതിനും മൃതദേഹം മറവുചെയ്യുന്നതിനും കാരണമായത്. തബലിസ്റ്റ് അയ്യപ്പന്‍ ക്രൂരനായ പിതാവും നീചനായ കാമുകനും ജാരനുമാകയാലും ജോസഫ് കൊല്ലപ്പള്ളി വേണു നാഗവള്ളി ആകയാലും പ്രതിനായകത്വത്തിന്റെ മുനമ്പില്‍ നിസ്സഹായനായ കാമുകനായി സാഹസികമായി നിലകൊണ്ടു. ആദാമിന്റെ വാരിയെല്ലിലെ ഗോപി അലസനും അരസികനുമായ ഗൃഹനാഥനായിരുന്നു. എന്നാല്‍ ആ കഥാപാത്ര ശരീരത്തില്‍ പറ്റിക്കിടന്ന ക്ഷുഭിത യൗവ്വനാവശിഷ്ടങ്ങളും അസ്ഥിത്വവ്യഥയും അയാളെ ആണ്‍ കാമനകള്‍ക്ക് സ്വീകാര്യനാക്കി. അങ്ങനെയങ്ങനെ...പ്രണയഭാരത്താല്‍ കൂമ്പിയ കണ്ണുകളും കുനിഞ്ഞ ശിരസുമായി ഉള്‍ക്കടലിന്റെ തീരങ്ങളില്‍ താരശരീരത്തിന്റെ ആത്മാവ് അലഞ്ഞു; അവസാനം വരെ.