യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന്‍റെ പിന്മാറ്റവും കമലയുടെ പടയൊരുക്കവും

കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിക്കാൻ മതിയായ കാരണങ്ങളുണ്ടായിരുന്നു. ഒന്ന് വൈസ് പ്രസിഡന്‍റെന്ന നിലയിൽ ഭരണഘടനാപരമായ സാധ്യത. ആഫ്രോ - അമേരിക്കൻ - ഇന്ത്യൻ വംശജയെ പുറന്തള്ളുന്നത് നല്ലതാവില്ലെന്നത് മറ്റൊന്ന്. 

US presidential election Joe Bidens withdrawal and Kamalas campaign


അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പിന്മാറ്റം പെട്ടെന്നായിരുന്നു. വളരെ കുറച്ചുപേർ മാത്രം നേരത്തെയറിഞ്ഞ നീക്കം. കമലാ ഹാരിസ് അടക്കം അറിഞ്ഞത് പ്രഖ്യാപനത്തോടെയാണ്. 'തന്‍റെ പിന്മാറ്റം എന്തിന്' എന്ന് വിശദീകരിച്ചു കൊണ്ട് ബൈഡൻ നടത്തിയ പ്രസംഗം അമേരിക്കയുടെ ചരിത്രവും നേതാക്കളെയും പരാമർശിച്ചുകൊണ്ടായിരുന്നു. ഈ നേതാക്കളെല്ലാം പഠിപ്പിച്ച മൂല്യങ്ങൾക്ക് കടക വിരുദ്ധമായ ആശയത്തിന്‍റെ പേരിലാണ് ട്രംപ് വോട്ട് തേടുന്നതെന്ന് ബൈഡൻ പറയാതെ പറഞ്ഞു. പകരം ചോദിക്കലാണ് ട്രംപിന്‍റെ ആപ്തവാക്യം. അത് തള്ളിക്കളയണം. അങ്ങനെയൊരാൾ ഇനി ഓവൽ ഓഫീസിൽ എത്താൻ പാടില്ലെന്ന് ഓർമ്മിപ്പിച്ച പ്രസംഗം. ഓവൽ ഓഫീസിലെ പ്രസിദ്ധമായ റെസലൂട്ട് ഡെസ്കിന് (Resolute Desk) പിന്നിലിരുന്നുള്ള പ്രസംഗം,  പ്രായം ചെന്ന പ്രസിഡന്‍റിന്‍റെ വിടവാങ്ങലായിരുന്നില്ല. മറിച്ച്, ലോകത്തെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യത്തിന്‍റെ ശക്തി കൈവിട്ട് കളയരുതെന്ന ആഹ്വാനമായിരുന്നു. ബൈഡന്‍റെ പിന്മാറ്റം വൈറ്റ് ഹൗസിലെ പ്രചാരണ സംഘാംഗങ്ങളിൽ പലരും അറിഞ്ഞത് എക്സിലൂടെയാണ്. ആദ്യത്തെ പിന്മാറ്റക്കുറിപ്പിൽ കമലാ ഹാരിസന്‍റെ പേര് ജോ ബൈഡൻ പറഞ്ഞിരുന്നില്ല. അരമണിക്കൂറിന് ശേഷമാണ് കമലയെ നിർദ്ദേശിച്ചുകൊണ്ട് എക്സിൽ വീണ്ടും കുറിച്ചത്.

ബൈഡന്‍റെ പിന്മാറ്റം

ഡോണൾഡ് ട്രംപുമായുള്ള ആദ്യത്തെ സംവാദമാണ് ബൈഡന്‍റെ സ്ഥാനാർത്ഥിത്വത്തിന് മരണ മണിയായതെന്ന് വേണമെങ്കിൽ പറയാം. പക്ഷേ, അതിനുമുമ്പ് തന്നെ പ്രസിഡന്‍റിന്‍റെ ഓർമ്മക്കുറവും കാര്യങ്ങൾ കുഴമറിയുന്നതും, പേരുകൾ മാറിപ്പോകുന്നതുമടക്കം ചർച്ചയായിരുന്നു. ചർച്ച മാത്രമല്ല, ട്രോളുകളും. പ്രായം കൂടിപ്പോയി, അതിന്‍റെ അവശതകളെന്ന രീതിയിലായിരുന്നു ചർച്ചകൾ. സംവാദത്തിലെ മോശം പ്രകടനം കൂടിയായപ്പോൾ തീവ്രത കൂടി. പിന്നെ കൊവിഡ്. ഇന്നുവരെയില്ലാത്ത വണ്ണം അമേരിക്കൻ പ്രസിഡന്‍റിന്‍റെ അനാരോഗ്യവും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കഴിവും ചർച്ചയായി. അപമാനകരം എന്ന് വിലയിരുത്തപ്പെട്ട ചർച്ചകൾ. തെരഞ്ഞെടുപ്പിനോട് ഇത്രയടുത്ത്, വെറും 107 ദിവസം മുമ്പ്, ഒരു സ്ഥാനാർത്ഥി പിന്മാറ്റം ഇതുവരെയുണ്ടായിട്ടില്ല. സംവാദത്തിന് ശേഷമുള്ള മൂന്നാഴ്ച ബൈഡൻ പിടിച്ചു നിന്നു, വാശിയോടെ. കുടുംബവും പിന്തുണച്ചു, പക്ഷേ, ഡമേക്രാറ്റിക് പാർട്ടിയിൽ അസ്വസ്ഥതയും ആശങ്കയും പടർന്നു പിടിച്ചിരുന്നു.

US presidential election Joe Bidens withdrawal and Kamalas campaign

ജനപ്രീതിയിൽ ട്രംപിന് ഒപ്പം തന്നെ; കമല ഹാരിസിനെ തേടിയെത്തിയ അപ്രതീക്ഷിത നിയോഗം

'വാതിൽ തുറന്നു കിടക്കുന്നു' എന്ന തരത്തില്‍ പ്രതികരണങ്ങൾ വന്നു തുടങ്ങി. നാൻസി പെലോസി അടക്കം പരസ്യമായി അത് സൂചിപ്പിച്ചു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്‍റെ നിലപാട് പിന്നെയും ബൈഡൻ വ്യക്തമാക്കി. പക്ഷേ, വിർജീനിയയിൽ അതിനിടെ ഒരു വിമത സംഘം യോഗം ചേരാനൊരുങ്ങി. വിവരം ചോർന്നതോടെ അത് നടന്നില്ല. അതും കഴിഞ്ഞാണ് ജോർജ് ക്ലൂണിയുടെ ന്യൂയോർക്ക് ടൈംസ് ലേഖനം വന്നത്. നാറ്റോ ഉച്ചകോടിയിൽ കമലാ ഹാരിസിനെ ട്രംപെന്നും സെലൻസ്കിയെ പുടിനെന്നും ബൈഡൻ തെറ്റി പറഞ്ഞു. ബൈഡനെ തള്ളിപ്പറഞ്ഞു കൊണ്ട് കൂടുതൽ  ഡമോക്രാറ്റുകൾ ഇതിനിടെ രംഗത്തുവന്നു. ചക് ഷൂമറടക്കം. ഒടുവിൽ ഡോണർമാരും. പെലോസി, ഒബാമ ഉൾപ്പടെയുള്ളവരും എതിരായതോടെ ബൈഡൻ തീരുമാനിച്ചു. ജനപ്രീതിയിൽ ട്രംപുമായി കൂടിവന്ന വ്യത്യാസവും ബൈഡനെ സമ്മർദ്ദത്തിലാക്കിയെന്ന് വ്യക്തമാണ്. തന്‍റെ പരാജയം ഉറപ്പെന്ന് പ്രസിഡന്‍റ് തിരിച്ചറിഞ്ഞത് അവസാനം നടന്ന കൂടിയാലോചനകളിലാണ്. താനൊരു ബാധ്യതയാവുമെന്നും. അങ്ങനെയാണ് തീരുമാനം വന്നത്. ബൈഡൻ, എപ്പോഴുമുള്ള പോലെ കുടുംബാംഗങ്ങളെ അറിയിച്ചു.

കമലാ ഹാരിസ്

കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിക്കാൻ മതിയായ കാരണങ്ങളുണ്ടായിരുന്നു. ഒന്ന് വൈസ് പ്രസിഡന്‍റെന്ന നിലയിൽ ഭരണഘടനാപരമായ സാധ്യത. ആഫ്രോ - അമേരിക്കൻ - ഇന്ത്യൻ വംശജയെ പുറന്തള്ളുന്നത് നല്ലതാവില്ലെന്നത് മറ്റൊന്ന്. എന്നാൽ അപകടങ്ങളുമുണ്ടായിരുന്നു. വൈസ് പ്രസിഡന്‍റായ കമലാ ഹാരിസിന്‍റെ ജനപ്രീതി ബൈ‍ഡന് സമമായിരുന്നു. മുമ്പത്തെ മത്സരത്തിൽ നിന്ന് പിൻമാറേണ്ടി വന്നതും പ്രതിഛായയെ ബാധിച്ചു. പക്ഷേ, അതെല്ലാം വളരെ വേഗം അലിഞ്ഞില്ലാതെയായി.

പിൻമാറിയ ശേഷമുള്ള ആദ്യത്തെ ഓവൽ ഓഫീസ് പ്രസംഗത്തിൽ ജനാധിപത്യത്തെ രക്ഷിക്കാനാണ് താൻ പിന്മാറിയതെന്ന് ബൈഡൻ വ്യക്തമാക്കി. തന്‍റെ ശാരീരീക മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളൊന്നും ബൈഡൻ പരാമർശിച്ചില്ല. പ്രസിഡന്‍റ് സ്ഥാനത്തെ താൻ ബഹുമാനിക്കുന്നു. പക്ഷേ, അതിലും കൂടുതൽ രാജ്യത്തെ സ്നേഹിക്കുന്നു എന്നാണ് 11 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ബൈഡൻ പറഞ്ഞത്. ജിൽ ബൈഡനും മകൻ ഹണ്ടറും മകൾ ആഷ്ലിയും ഓവൽ ഓഫീസിൽ ബൈഡന് ചുറ്റുമുണ്ടായിരുന്നു.

US presidential election Joe Bidens withdrawal and Kamalas campaign

ചെവി തുളച്ച വെടിയുണ്ട; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ച അപ്രതീക്ഷിത മുന്‍തൂക്കം

കമലാ ഹാരിസിനെ പരിചയ സമ്പത്തും കഴിവുമുള്ള ശക്തയായ സ്ഥാനാർത്ഥിയെന്ന് ബൈഡന്‍ വിശേഷിപ്പിച്ചു. അമേരിക്ക നിങ്ങളുടെ കൈയിലാണെന്നും ഓർമ്മിപ്പിച്ചു. കമലാ ഹാരിസ് എക്കാലവും നൽകിയ പിന്തുണക്ക് ബൈഡൻ നന്ദിപറഞ്ഞു. എല്ലാം അടിമുടി മാറിമറിഞ്ഞെങ്കിലും വളരെപ്പെട്ടെന്ന് കമല നിയന്ത്രണം ഏറ്റെടുത്തു. ദിവസങ്ങൾക്കകം തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനാവശ്യമായ പ്രതിനിധികളുടെ എണ്ണവും ഉറപ്പിച്ചു. ഡോണർമാർ കമലാ ഹാരിസിന് പിന്നിൽ അണിനിരന്നു. ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ലെന്നാണ് പൊതുവിലയിരുത്തൽ. അതേസമയം ഏറ്റെടുത്തിരിക്കുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പിന് ഇത്രയുമടുത്ത് നിന്ന് ഏറ്റെടുത്ത സ്ഥാനാർത്ഥിത്വം, ലോകത്തെ വൻശക്തിയുടെ നേതൃത്വമേറ്റെടുക്കാൻ തയ്യാറെന്ന സന്ദേശം എത്തിക്കാനുള്ള സമയം പോലുമില്ല. ഡോണൾഡ് ട്രംപെന്ന എതിരാളി മുന്നിലും. ബൈഡനേക്കാൾ എളുപ്പമാണ് കമലാ ഹാരിസിനെ തോൽപ്പിക്കാൻ എന്ന ട്രംപിന്‍റെ പ്രതികരണത്തിൽ പലതും വായിച്ചെടുക്കാം. ബൈഡന്‍റെ പ്രതിഛായ പോലുമില്ല എന്നത് ഒന്നാമത്. സ്ത്രീയായത് കൊണ്ട് ജനം വോട്ട് ചെയ്യില്ലെന്നത് രണ്ടാമത്.

ഹിലരി ക്ലിന്‍റൺ എന്ന മുൻ പ്രഥമ വനിതയെ തോൽപ്പിച്ച ചരിത്രമാണ് ട്രംപിന്. അതും ഔദ്യോഗിക സംവിധാനം മുഴുവൻ ഒപ്പമുണ്ടായിരുന്ന ഹിലരിയും പുതുമുഖമായ ട്രംപും തമ്മിൽ. ട്രംപിന്‍റെ അധിക്ഷേപ പെരുമഴയെ നേരിടുന്നത് നിസ്സാരകാര്യമല്ല. കമല ഹാരിസ് പക്ഷേ, കൃത്യമായ തയ്യാറെടുപ്പോടെയാണ് ഗോദയിലിറങ്ങുന്നതെന്ന് ചില കാര്യങ്ങൾ തെളിയിക്കുന്നു. പ്രോസിക്യൂട്ടർ എന്ന നിലയിലെ തന്‍റെ റെക്കോർഡ്, തട്ടിപ്പുകാരൻ എന്ന ട്രംപിന്‍റെ റെക്കോർഡുമായി താരതമ്യം ചെയ്ത് തുടക്കം. മയക്കുമരുന്ന് കുറ്റവാളികൾക്കായി പുനരധിവാസം, വായ്പയെടുക്കലിൽ വൻകിട കമ്പനികളുമായി ഒത്തുതീർപ്പിന് തയ്യാറാവാത്തത്... അങ്ങനെ ഒരുപിടി തൂവലുകളുണ്ട് കമലാ ഹാരിസിന്‍റെ കിരീടത്തിൽ.

രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച കമല എന്ന പ്രോസിക്യൂട്ടർ, ബുദ്ധിമതിയെന്ന് തെളിയിച്ച വനിത, സ്വന്തം താൽപര്യങ്ങൾ മാത്രം നോക്കിയ ട്രംപ് എന്ന പ്രസിഡന്‍റ്, ക്രിമിനൽ കേസിലെ കുറ്റവാളി, തട്ടിച്ച് തൂക്കി നോക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുക. അതാണ് കമലാ ഹാരിസിന്‍റെ തന്ത്രം. ഗർഭഛിദ്ര നിരോധനത്തിലെ റോ വേഴ്സസ് വേയ്ഡ് (roe vs wade) കേസും പിന്നെയുണ്ടായ നിയന്ത്രണങ്ങളും ഹാരിസിന് ചൂണ്ടിക്കാണിക്കാം. ബൈഡന്‍റെ പ്രസംഗത്തെയും ആക്ഷേപിച്ചു ട്രംപ്. പക്ഷേ, ഇത്രയും നാൾ ലക്ഷ്യമിട്ടിരുന്ന ആളുമാറിയത് റിപബ്ലിക്കൻ നിരയ്ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. പ്രചാരണവാക്യങ്ങൾ, പോസ്റ്ററുകൾ, വീഡിയോകൾ എല്ലാം മാറ്റണം. ബൈഡന്‍റെ ബലഹീനതകൾ ചൂണ്ടിക്കാണിച്ച് തയ്യാറാക്കിയ തന്ത്രങ്ങളെല്ലാം മാറ്റണം. പ്രസിഡന്‍റിന്‍റെ പ്രായക്കൂടുതലും അനാരോഗ്യം എടുത്തു കാണിക്കാൻ ഇനി പറ്റില്ല. ട്രംപിനേക്കാൾ പ്രായം കുറഞ്ഞ ആരോഗ്യവതിയായ കമലയ്ക്ക് നേരെ തൊടുക്കാനുള്ള അമ്പുകൾ  ഇനി ട്രംപ് സംഘം കണ്ടുപിടിക്കണം. 

US presidential election Joe Bidens withdrawal and Kamalas campaign

ചെവി തുളച്ച വെടിയുണ്ട; സുരക്ഷാ വീഴ്ചയും യുഎസ് പ്രസിഡന്‍റുമാരെ വേട്ടയാടുന്ന വെടിയുണ്ടകളും

കമലയുടെ പടയൊരുക്കം

അധിക്ഷേപങ്ങൾ തുടങ്ങിക്കഴിഞ്ഞു ഡോണൾഡ് ട്രംപ്. കമലാ ഹാരിസിനെ ട്രംപ് വിശേഷിപ്പിച്ചത് 'തീവ്ര ഇടതുപക്ഷ ഭ്രാന്തി' എന്നാണ്. ബൈഡന്‍റെ ഓരോ ദുരന്തങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച ശക്തി കമല, നമ്മുടെ രാജ്യം നശിപ്പിക്കും. എന്നിങ്ങനെ പോകുന്നു ട്രംപിന്‍റെ അധിക്ഷേപം. ബൈഡൻ കമലാ ഹാരിസിന്‍റെ പേര് നിർദ്ദേശിക്കുമ്പോൾ അതിന്‍റെ അപകടം ജനപ്രീതി കണക്കുകളായിരുന്നു. 2022 -ൽ വൈസ് പ്രസിഡന്‍റുമാരുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ ജനപ്രീതി. ഇറാഖ് യുദ്ധത്തിന് കാരണക്കാരനായ ഡിക്ചെനിയേക്കാൾ താഴെ. 'വാട്സ് റോങ് വിത്ത് കമലാ ഹാരിസ്?' എന്ന ചോദ്യം അന്ന് ട്രെൻഡിംഗായി. തമാശയും പരിഹാസവുമായി. ആ ആൾ ഇന്ന് ഡമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാണ്. കമലാ ഹാരിസിന്‍റെ മുന്നിലുളളത് പൂവിരിച്ച പാതയല്ല എന്നുറപ്പായിരുന്നു. പക്ഷേ, കാര്യങ്ങൾ മാറിമറിയുകയാണ്. പ്രതിസന്ധികൾ മറികടക്കാൻ കമല പണ്ടേ മിടുക്കിയായിരുന്നു എന്ന് ഇന്ന് പലരും വാഴ്ത്തിപ്പാടുന്നു. കമലാ ഹാരിസ് പ്രചാരണത്തിരക്കിലായിക്കഴിഞ്ഞു. ഇന്ത്യാനപൊളീസിലെ ആഫ്രോ - അമേരിക്കൻ വനിതാ സംഘടനയായ സീറ്റാ ഫൈ ബീറ്റ സോറോറിറ്റിയെ (zeta phi beta sorority) അഭിസംബോധന ചെയ്ത ഹാരിസ് പറഞ്ഞത്, 'കളി ചിരിക്ക് സമയമില്ല, തെരഞ്ഞെടുക്കപ്പെടാൻ സഹായിക്കൂ' എന്നാണ്. രണ്ടുവഴികളുണ്ട് മുന്നിൽ, ഒന്ന് ഭാവിയെ ലക്ഷ്യമിട്ട്, രണ്ട് ഭൂതകാലത്തെ ലക്ഷ്യമിട്ട്. ഭാവിക്ക് വേണ്ടിയാണ് താൻ പോരാടുന്നത് എന്ന് പറയുന്നു കമല.

ആദ്യത്തെ ആഫ്രോ - അമേരിക്കൻ - ഇന്ത്യൻ വനിതാ പ്രസിഡന്‍റാകണമെങ്കിൽ ഹാരിസിന് ആഫ്രോ അമേരിക്കക്കാരുടെ പിന്തുണ കൂടിയേ തീരൂ. പക്ഷേ, 'ബ്ലാക്ക് ലൈവ്സ് മാറ്റർ'  (Black Lives Matter) എന്ന സംഘടന ഹാരിസിനെതിരാണ്. തങ്ങളുടെ വോട്ട് നേടാനുള്ള ഡമോക്രാറ്റുകളുടെ തന്ത്രം എന്നാണ് കുറ്റപ്പെടുത്തൽ. അതൊക്കെ എത്രത്തോളം വോട്ടുകളെ സ്വാധീനിക്കുമെന്ന് പറയാറായിട്ടില്ല. ഇന്ത്യക്കാരിയായ അമ്മ, ജമൈക്കൻ വംശജയായ അച്ഛന്‍. ഇന്ത്യയിലേക്കുള്ള സന്ദർശനങ്ങൾ, ഓക്ലന്‍റിലെ കറുത്ത വർഗക്കാരുമായുള്ള സംസർഗം. കമലയും അനുജത്തി മായയും വളർന്നത് കറുത്ത വർഗക്കാരായി തന്നെയാണ്. അതൊക്കെ പരിചിതമായ കമലയ്ക്ക് അവരോട് സംസാരിക്കാൻ അകലമില്ല. അവർക്ക് തിരിച്ചും. 'അമേരിക്കൻ' എന്നാണ് കമല സ്വയം വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ അങ്ങനെ കംപാർട്ട്മെന്‍റുകളിൽ ഒതുങ്ങാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. 'ഞാനാരെന്ന് എനിക്കറിയാം. എനിക്കതിൽ പ്രശ്നങ്ങളില്ല. മറ്റുള്ളവർക്കുണ്ടെങ്കിൽ അവരത് പരിഹരിക്കട്ടെ' എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് അവർ പറഞ്ഞത്. ഹോവാർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തും സംവാദങ്ങൾക്ക് മിടുക്കിയായിരുന്നു കമലാ ഹാരിസ്. തടസ്സങ്ങൾ മറികടക്കാനുള്ള കഴിവ് അന്നേ പ്രകടമായിരുന്നു. ഭയമേയില്ല ഒന്നിലും. ബുദ്ധിയും നർമ്മവും അതിന് കൂട്ട്.

കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായി തുടങ്ങി, സാൻഫ്രാൻസിസ്കോ അറ്റോർണിയായി, കാലിഫോർണിയ അറ്റോർണി ജനറലായി, 2017 -ൽ സെനറ്ററുമായി കമല. പക്ഷേ, 2020 =ലെ പ്രസിഡന്‍റ് സ്ഥാനാർത്ഥി മോഹം ഒരു വർഷത്തിനകം അടച്ചുപൂട്ടേണ്ടി വന്നു. സംവാദങ്ങൾ മോശമായിരുന്നു. ബൈഡന്‍റെ വൈസ് പ്രസിഡന്‍റായ ശേഷമാണ് കമല പിന്നെയും ദേശീയ ശ്രദ്ധയിൽ വരുന്നത്. പുരോഗമനവാദിയല്ല എന്നായിരുന്നു ഡമോക്രാറ്റുകളുടെ തന്നെ ആരോപണം. സ്വവർഗ വിവാഹത്തിലും വധശിക്ഷയിലും ഇടത് നിലപാട് സ്വീകരിച്ചിട്ടും കമല അത്ര പ്രിയങ്കരിയായില്ല. പക്ഷേ, ഇപ്പോൾ ഡമോക്രാറ്റിക് പാർട്ടി പ്രമുഖരെല്ലാം കമലയ്ക്കൊപ്പമാണ്. ഡോണർമാരും. 

US presidential election Joe Bidens withdrawal and Kamalas campaign

ഗാസയില്‍ ഹമാസിന് പിന്തുണ നഷ്ടമാകുന്നുവോ?

വിവാഹം കഴിച്ചത് അഭിഭാഷകനായ ഡഗ് എന്‍ഹോഫിനെ (Doug Emhoff). രണ്ട് കുട്ടികളുടെ രണ്ടാനമ്മയായി. സ്റ്റെപ്മോം (Stepmom) എന്ന വാക്ക് വേണ്ടെന്ന് അമ്മയും മക്കളും ചേർന്ന് തീരുമാനിച്ചു. അങ്ങനെ 'മോം കമല'യായി (Mom Kamala). ആധുനിക അമേരിക്കൻ കുടുംബത്തിന്‍റെ മാതൃകയെന്ന് ചിലർ വിശേഷിപ്പിക്കുമ്പോൾ, അതുമാത്രമല്ല, ബ്ലാക് വുമെൻ ആക്ടിവിസ്റ്റുകളുടെ (Black Women Activis) പല തലമുറകളുടെ അവകാശി എന്ന് വിശേഷിപ്പിക്കുന്നു മറ്റ് ചിലർ. 

ഹാരിസ് ഇപ്പോഴേ നേരിട്ട് തുടങ്ങിയിരിക്കുന്ന പ്രശ്നം, ഇസ്രയേലും നെതന്യാഹുവുമാണ്. അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത നെതന്യാഹു കമല ഹാരിസിനെക്കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. കമല ഹാരിസ് സഭയിലുണ്ടായിരുന്നില്ല താനും. പക്ഷേ വൈസ് പ്രസിഡന്‍റെന്ന നിലയിൽ നെതന്യാഹുവിനെ പിന്നീട് സ്വീകരിക്കേണ്ടി വന്നു. ഹാരിസിന്‍റെ ഭർത്താവ് ഡഗ് എന്‍ഹോഫ് ജൂത വംശജനാണ്. ഒരു സൂം കോളിൽ കമല ഇസ്രയേലിനൊപ്പം എന്ന് എംഹോഫ് പ്രഖ്യാപിച്ചു. പക്ഷേ, അതങ്ങനെ തന്നെയാവുമോയെന്ന് സംശയമുണ്ട് പലർക്കും. സ്വയം സയണസിറ്റ് എന്ന് പ്രഖ്യാപിക്കുന്ന ബൈഡന്‍റെ കാലടിപ്പാടുകൾ കമല പിന്തുടരില്ലെന്നാണ് ചില അഭിപ്രായങ്ങൾ. കാരണമായി ചൂണ്ടിക്കാണിക്കുന്നത് തന്‍റെ സുരക്ഷാ ഉപദേഷ്ടാവായി കമല തെരഞ്ഞെടുത്ത ആളെയാണ്. ഫിൽ ഗോർഡൻ, കൗൺസിൽ ഓഫ് റിലേഷൻസിന് വേണ്ടി 2016 -ലെഴുതിയ പുസ്തകം തുടങ്ങുന്നത് അമേരിക്കയും ഇസ്രയേലും തമ്മിലെ ബന്ധം കുഴപ്പത്തിലാണെന്നാണ്. ഒക്ടോബർ 7 -ന്‍റെ ആക്രമണത്തിന് ശേഷം ഗോർഡൻ, ഇസ്രേയേൽ - പലസ്തീൻ പ്രദേശങ്ങൾ പലതവണ സന്ദർശിച്ചിരുന്നു. ബൈഡനും കമലുയം തമ്മിലെ വ്യത്യാസം ഈ വിഷയത്തിൽ നല്ലൊരു പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നാണ് ചിലരുടെയെങ്കിലും പ്രതീക്ഷ. താൻ മാറില്ലെന്നാണ് അപ്പോഴും എംഹോഫിന്‍റെ മുന്നറിയിപ്പ്. അങ്ങനെ തന്നെ ജീവിക്കുമെന്നും.
 

Latest Videos
Follow Us:
Download App:
  • android
  • ios