അമേരിക്കയില്‍ ഇത്തവണ ആര് നേടും?

അളകനന്ദ എഴുതുന്നു: പ്പോഴും കാര്യങ്ങള്‍ പ്രവചനാതീതമാണ്. അങ്ങനെ പറയാന്‍ കാരണം 2016 ലെ തെരഞ്ഞെടുപ്പ് ഫലമാണ്. അന്ന് ട്രംപ് ജയിക്കില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ പറഞ്ഞിരുന്നത്. ഫലസൂചനകളും മറിച്ചായിരുന്നു. പക്ഷേ എല്ലാം അട്ടിമറിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് എന്ന രാഷ്ട്രീയ പുതുമുഖം വിജയിച്ചു.


 

US election analysis by Alakananda

കാര്യം ഇങ്ങനെ എങ്കില്‍,  2020 -ല്‍ എന്ത് സംഭവിക്കും? ഇപ്പോള്‍ ട്രംപ് പിന്നിലാണ്. ബൈഡന്‍ മുന്നിലും. അവസാനനിമിഷ തിരിമറികളില്‍ ഈ പറഞ്ഞ വര്‍ക്കിംഗ് ക്ലാസ് ട്രംപിനൊപ്പം നില്‍ക്കുമോ? വിസ്‌കോണ്‍സിനിലെ പൊലീസ് നടപടിയും സര്‍ക്കാരിന്റെ പ്രതികരണവും കറുത്ത വര്‍ഗക്കാരെ അകറ്റിയിട്ടുണ്ടോ? നേരത്തെ വോട്ടുചെയ്യാനെത്തിയവരുടെ കൂട്ടത്തില്‍ കറുത്ത വര്‍ഗക്കാര്‍ വളരെ കൂടുതലാണ്. ഇത് ബൈഡനെ സഹായിക്കുമോ? പറയാറായിട്ടില്ല. കണക്കുകൂട്ടലുകള്‍ തെറ്റാമെന്ന് തെളിയിച്ചിരുന്നു 2016ലെ ഫലം. മധ്യ പശ്ചിമ അമേരിക്ക, വടക്കു കിഴക്കന്‍ അമേരിക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന റസ്റ്റ് ബെല്‍റ്റാണ് ട്രംപിനെ താങ്ങിനിര്‍ത്തിയത്. 

 

US election analysis by Alakananda


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. 2016ലേതിനേക്കാള്‍ കടുത്ത പോരാട്ടമാണ് ഇത്തവണ. പ്രസിഡന്റ് ട്രംപിന് ഇത്തവണ കാറ്റ് അനുകൂലമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എതിരാളി ജോ ബൈഡനാണ് അഭിപ്രായ സര്‍വേകളിലെല്ലാം മുന്നില്‍. നിര്‍ണായകമെന്ന് വിലയിരുത്തപ്പെടുന്ന സ്വിംഗ് സ്റ്റേറ്റ്‌സിലുള്‍പ്പടെ സംസ്ഥാനങ്ങളില്‍ ബൈഡനാണ് അനുകൂലമാണ് കാര്യങ്ങള്‍. 

പക്ഷേ  ഇപ്പോഴും കാര്യങ്ങള്‍ പ്രവചനാതീതമാണ്. അങ്ങനെ പറയാന്‍ കാരണം 2016 ലെ തെരഞ്ഞെടുപ്പ് ഫലമാണ്. അന്ന് ട്രംപ് ജയിക്കില്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ പറഞ്ഞിരുന്നത്. ഫലസൂചനകളും മറിച്ചായിരുന്നു. പക്ഷേ എല്ലാം അട്ടിമറിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് എന്ന രാഷ്ട്രീയ പുതുമുഖം വിജയിച്ചു. ആദ്യമായി, ഫലം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റിനെതിരെ പ്രതിഷേധവും നടന്നു. 

എന്തൊക്കെയാണ് അന്ന് ഡോണള്‍ഡ് ട്രംപിനെ തുണച്ചത് ? കുറച്ചുകാലമായി ഉരുത്തിരിഞ്ഞുണ്ടായ കുറേ കാര്യങ്ങള്‍ കൂടിച്ചേര്‍ന്നതായിരുന്നു ആ ഫലം. അതെല്ലാം വെളിപ്പെട്ടത് തെരഞ്ഞെടുപ്പിലാണ്. അതുപോലെയൊന്ന് അതിനുമുമ്പും ഉണ്ടായി, ബ്രെക്‌സിറ്റ്. ആരും വിചാരിച്ചതല്ല, യൂറോപ്യന്‍ യൂനിയന്‍ വിടാന്‍ ബ്രിട്ടന്‍ തീരുമാനിക്കുമെന്ന്. പക്ഷേ വിട്ടു. 

അതോടെ  അമേരിക്കന്‍ തെരഞ്ഞെടുപ്പിലും ചില മാറ്റങ്ങള്‍ ഉണ്ടാവാമെന്ന് ചിന്തിച്ചുതുടങ്ങിയിരുന്നു, ചിലരൊക്കെ. യൂറോപ്പിലാകെ നടന്ന വലതുപക്ഷ മുന്നേറ്റം ഈ ചിന്തകള്‍ക്ക് ആഴവും പരപ്പും കൂട്ടി. അങ്ങനെ അമേരിക്കയിലും പതിവ് കണക്കുകൂട്ടലുകള്‍ തെറ്റി. അതിനുമപ്പുറത്ത് ചിലത് സംഭവിച്ചു. ഡോണള്‍ഡ് ട്രംപ് എന്ന റിയാലിറ്റിഷോ താരം അമേരിക്കന്‍ പ്രസിഡന്റായി. ഒരുപക്ഷേ ട്രംപോ അദ്ദേഹത്തിന്റെ പ്രചാരണസംഘമോ പോലും പ്രതീക്ഷിക്കാത്ത വിജയം. പോപ്പുലര്‍ വോട്ടുകള്‍ ഹിലരിക്കായിട്ടുപോലും ട്രംപ് ജയിച്ചു. അത് അമേരിക്കന്‍ തെരഞ്ഞെടുപ്പ് രീതിയുടൈ പ്രത്യേകതയാണ്. എങ്കിലും ഈ വിജയം ലോകരാജ്യങ്ങള്‍, പ്രത്യേകിച്ച് യൂറോപ്പ് കണ്ടത് ഞെട്ടലോടെയാണ്.

 

US election analysis by Alakananda

 

അപ്രതീക്ഷിതം എന്നുപറയാന്‍ ഒരുപിടി കാരണങ്ങളുണ്ട്. നയതന്ത്രം, തന്ത്രപരമായ നീക്കങ്ങള്‍ ഇതൊക്കെ തന്റെ കൈയിലൊതുങ്ങാത്ത കാര്യങ്ങളാണെന്ന് പ്രചാരണകാലത്ത് തന്നെ ട്രംപ് തെളിയിച്ചിരുന്നു.

ഇഷ്ടമില്ലാത്തവരെയും തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും എന്തും പറയുക എന്നത് അന്നേയുള്ള നയമാണ്. ആരെയും അപമാനിക്കാന്‍ മിടുക്കന്‍, വംശിയ വിദ്വേഷമാണ് മുഖമുദ്രയെന്ന് അന്നേ തെളിയിച്ചു. കറുത്ത വര്‍ഗക്കാരെ, ഹിസ്പാനിക്‌സിനെ, സ്ത്രീകളെ, സ്വന്തം പാര്‍ട്ടിയിലെ തന്നെ നേതാക്കളെ അപമാനിച്ചു-മക്കെയിന്‍ ഉദാഹരണം, സ്ത്രീകളെക്കുറിച്ച് അങ്ങേയറ്റം മോശമായി സംസാരിച്ചു, നികുതി കണക്ക് പുറത്തുവിട്ടില്ല. എതിരാളിയെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കൂടിയായപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ എഴുതിത്തള്ളി. പാര്‍ട്ടിയുടെ പരാജയം ഉറപ്പിച്ചു.

പക്ഷേ അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ട്രംപ് ജയിച്ചുകയറിയത്. അതും ഫ്‌ലോറിഡയും ഒഹായോയും പോലുള്ള സ്വിംഗ് സ്റ്റേറ്റുകള്‍ അടക്കം കൈയില്‍ വെച്ചുകൊണ്ട്.

റസ്റ്റ് ബെല്‍റ്റ് എന്ന മേഖലയാണ് ട്രംപിനെ താങ്ങിനിര്‍ത്തിയത്.  1992 മുതല്‍ 2012 വരെ ഡമോക്രാറ്റുകള്‍ക്കൊപ്പം നിന്ന ബ്ലൂ വാളില്‍നിന്ന് മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ എന്ന മൂന്ന് സംസ്ഥാനങ്ങള്‍ അടര്‍ത്തിയെടുത്ത് ചുവപ്പിച്ചു ട്രംപ്. പിന്നെ അയോവയും ഒഹായോയും. മിനസോട്ടയില്‍ ഹിലരി ക്ലിന്റന്‍ ജയിച്ചെങ്കിലും ഭൂരിപക്ഷം വളരെ കുറവായിരുന്നു.

ട്രംപിന് അനുകൂലമായത് പല ഘടകങ്ങളാണ്.  തൊഴിലാളി വര്‍ഗത്തില്‍ പെട്ട വെളുത്ത വര്‍ഗക്കാരുടെ തിരിച്ചുള്ള ഒഴുക്കാണ് ഒന്ന്. കാലാകാലമായി ഡമോക്രാറ്റിക് പാര്‍ട്ടിക്കൊപ്പമായിരുന്നു ഈ വിഭാഗം. തങ്ങളുടെ ആവശ്യങ്ങളറിയാത്ത, സാമ്പത്തികമായോ സാംസ്‌കാരികമായോ തങ്ങളില്‍ നിന്ന് വളരെ അകലെ നില്‍ക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുമായി ഇവര്‍ അകന്നുതുടങ്ങിയിട്ട് കുറച്ചുനാളായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാര്യങ്ങള്‍ വഷളാക്കി, അതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തേജനപാക്കേജുകളും സമ്പന്നര്‍ക്കുമാത്രമായിരുന്നു ഗുണം ചെയ്തത്. അതോടെ ഇവര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് കൂടുതലകന്നു. വ്യവസ്ഥിതിയെ എതിര്‍ത്തുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ ട്രംപിന്റെ അവര്‍ വിശ്വസിച്ചു, അങ്ങനെ പെന്‍സില്‍വേനിയ ഒഹായോ, അയോവ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍ തുടങ്ങി ഒബാമയ്ക്ക് വോട്ടുചെയ്ത എല്ലാ സംസ്ഥാനങ്ങളും ട്രംപെന്ന പ്രതിഭാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

 

US election analysis by Alakananda

 

മറ്റൊരു ഘടകം  വിദ്യാഭ്യാസ നിലവാരമാണ്,അത് കൂടിയവര്‍ ഹിലരിക്കും കുറഞ്ഞവര്‍ ട്രംപിനു വോട്ട് ചെയ്തു, കുറേയറെ സംസ്ഥാനങ്ങള്‍ അങ്ങനെ ആ വഴിക്ക് പോയി. കറുത്ത വര്‍ഗക്കാരാണ് ഹിലരിയുടെ പരാജയത്തിന് വഴിതെളിച്ച മറ്റൊരു ഘടകം. 2016-ല്‍ പോളിംഗ്ബൂത്തിലെത്തിയ കറുത്ത വര്‍ഗക്കാര്‍ കുറവായിരുന്നു. ഒബാമയോടുള്ള താല്‍പര്യം അവര്‍ക്ക് ഹിലരിയോട് ഉണ്ടായിരുന്നില്ല.

ഇനിയുമൊന്ന്,  രണ്ട് സ്ഥാനാര്‍ത്ഥികളോടും ഒരു വിഭാഗം വോട്ടര്‍മാര്‍ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല എന്നതാണ്. പോളിംഗ്ബൂത്തിലെത്തിയവരില്‍ ഭൂരിപക്ഷവും ഹിലരിയേക്കാള്‍ ഭേദം ട്രംപാണെന്ന് തീരുമാനിച്ചു. വ്യവസ്ഥിതിയുടെ ഭാഗമായ ഹിലരിയേക്കാള്‍, ചതുപ്പ് വൃത്തിയാക്കുമെന്ന ട്രംപിന്റെ വാക്കുകളും കുറേപ്പേരെ സ്വാധീനിച്ചു. അതുകൊണ്ടാണ് ഇടത് അനുഭാവിയായ  ബേര്‍ണി സാന്‍ഡേഴ്‌സ് ആയിരുന്നു ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയിച്ചേനെ എന്ന് പിന്നീട് അഭിപ്രായമുയര്‍ന്നത്.


ട്രംപിന് കിട്ടിയത് 306 ഇലക്ടറല്‍ വോട്ട്. ഹിലരിക്ക് 232. മിഷിഗണിലും, പെന്‍സില്‍വേനിയയിലും, വിസ്‌കോണ്‍സിനിലും പിന്നെ ഫ്‌ലോറിഡയിലും ട്രംപ് ജയിച്ചത് 1.2 ശതമാനം വോട്ടുകള്‍ക്കാണ്. ഈ നാല് സംസ്ഥാനങ്ങളിലും ജയം ഹിലരി ക്ലിന്റണായിരുന്നെങ്കില്‍ അവര്‍ പ്രസിഡന്റായേനെ. 

ജനങ്ങളുടെ വോട്ട് കിട്ടിയത് ഹിലരിക്കാണ്. ട്രംപിനേക്കാള്‍ 20,86,000  വോട്ട് കൂടുതല്‍. വോട്ടിംഗ് ശതമാനം 48.1. ട്രംപിന് 46. ഒബാമയുടെ ജയം 3.9 ശതമാനത്തിനായിരുന്നു.

അഞ്ചാമത്തെ തവണയാണ് പോപ്പുലര്‍ വോട്ട് കിട്ടിയ ആള്‍ തോല്‍ക്കുന്നത്. 1824, 1876,1888, പിന്നെ 2000 എന്നീ വര്‍ഷങ്ങളിലായിരുന്നു ഈ പ്രതിഭാസം ഉണ്ടായത്. 

കാര്യം ഇങ്ങനെ എങ്കില്‍,  2020 -ല്‍ എന്ത് സംഭവിക്കും? ഇപ്പോള്‍ ട്രംപ് പിന്നിലാണ്. ബൈഡന്‍ മുന്നിലും. അവസാനനിമിഷ തിരിമറികളില്‍ ഈ പറഞ്ഞ വര്‍ക്കിംഗ് ക്ലാസ് ട്രംപിനൊപ്പം നില്‍ക്കുമോ? വിസ്‌കോണ്‍സിനിലെ പൊലീസ് നടപടിയും സര്‍ക്കാരിന്റെ പ്രതികരണവും കറുത്ത വര്‍ഗക്കാരെ അകറ്റിയിട്ടുണ്ടോ? നേരത്തെ വോട്ടുചെയ്യാനെത്തിയവരുടെ കൂട്ടത്തില്‍ കറുത്ത വര്‍ഗക്കാര്‍ വളരെ കൂടുതലാണ്. ഇത് ബൈഡനെ സഹായിക്കുമോ? പറയാറായിട്ടില്ല. കണക്കുകൂട്ടലുകള്‍ തെറ്റാമെന്ന് തെളിയിച്ചിരുന്നു 2016ലെ ഫലം. മധ്യ പശ്ചിമ അമേരിക്ക, വടക്കു കിഴക്കന്‍ അമേരിക്ക പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന റസ്റ്റ് ബെല്‍റ്റാണ് ട്രംപിനെ താങ്ങിനിര്‍ത്തിയത്. 

തുരുമ്പ പിടിച്ചത് എന്നര്‍ത്ഥം വരുന്ന റസ്റ്റ് ബെല്‍റ്റ് എന്ന പേര് കിട്ടിയത് സാമ്പത്തിക മാന്ദ്യം കാരണം ഇവിടത്തെ ഇരുമ്പ് ഉരുക്ക് വ്യവസായങ്ങള്‍ തുരുമ്പെടുത്തതോടെയാണ്.സമ്പദ് വ്യവസ്ഥക്കും പിടിച്ചു തുരുമ്പ്. മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍, ഒഹായോ, ഇല്ലിനോയി, ഇന്‍ഡ്യാന ഇതൊക്കെ റസ്റ്റ് ബെല്‍റ്റില്‍ പെടും. ഇതില്‍ ചിലത് സ്വിംഗ് സ്റ്റേറ്റ്‌സുമാണ്. അതുകൊണ്ടുതന്നെ നിര്‍ണായകവും.ഇത്തവണയും റസ്റ്റ് ബെല്‍റ്റും സണ്‍ ബെല്‍റ്റും നിര്‍ണായകമാവും.  തെക്കന്‍ പ്രദേശമാണ് സണ്‍ ബെല്‍റ്റ്. ലോകമഹായുദ്ധത്തിനുശേഷം ജനം ഇങ്ങോട്ടാണ് ഒഴുകിയത്. കാലാവസ്ഥ സുഖകരം, സൂര്യപ്രകാശം ധാരാളം. എന്തായാലും ജനസംഖ്യയിലും സമ്പദ് വ്യവസ്ഥയിലും സണ്‍ ബെല്‍റ്റ് ഊഷ്മളമാണ്. ചില ബെല്‍റ്റുകളുണ്ട് , ബ്ലാക് ബെല്‍റ്റ്, കോട്ടണ്‍ ബെല്‍റ്റ്, രണ്ടും അടിമത്ത വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. പിന്നെ, ഗോതമ്പ് കൃഷിയുള്ള മേഖല വീറ്റ് ബെല്‍റ്റ്, ചോളം വിളയുന്ന പ്രദേശം കോണ്‍ ബെല്‍റ്റ്. പക്ഷേ തെരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണത്തിനാണ് പ്രാധാന്യം, റസ്റ്റ്, സണ്‍ ബെല്‍റ്റുകള്‍. അത് തിരിച്ചറിഞ്ഞാണ് ട്രംപും ബൈഡനും പോരാടുന്നത്.

2008, 2012 വര്‍ഷങ്ങളില്‍ ഒബാമയുടെ വിജയം ഉറപ്പിച്ചത് റസ്റ്റ് ബെല്‍റ്റ് കൂടി ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളാണ്. പക്ഷേ 2016ല്‍ മിനസോട്ട ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ട്രംപിനെ പിന്തുണച്ചു. 496 കൗണ്ടികളില്‍ 442 -ഉം ട്രംപ് നേടി. നേരത്തെ പറഞ്ഞ വിദ്യാഭ്യാസ നിലവാരമാണ് ഇവിടെ നിര്‍ണായകമായത്.
കോളജ് വിദ്യാഭ്യാസം ഇല്ലാത്ത വോട്ടര്‍മാര്‍ ഇവിടെ കൂടുതലാണ്. അയോവയില്‍  60 ശതമാനം, വിസ്‌കോണ്‍സിനില്‍ 55 ശതമാനം. മിഷിഗണില്‍ 51.
അതേസമയം ഫ്‌ലോറിഡ, നോര്‍ത്ത് കരോലൈന, നെവാദ, അരിസോണ എന്നിവിടങ്ങളില്‍- അതായത് സണ്‍ ബെല്‍റ്റില്‍- ഈ വിഭാഗം, അഞ്ചില്‍ രണ്ടും, മൂന്നിലൊന്നും മാത്രമാണ്.

പക്ഷേ ഇപ്പോള്‍ റസ്റ്റ് ബെല്‍റ്റിലെ ജനസംഖ്യാനുപാതം മാറുന്നു എന്നാണ് പഠനം പറയുന്നത്. കോളജ് വിദ്യാഭ്യാസമില്ലാത്ത വെളുത്ത വര്‍ഗക്കാരായ വോട്ടര്‍മാര്‍ കുറയുന്നു.  അതേസമയം , വെളുത്ത വര്‍ഗക്കാരല്ലാത്ത വോട്ടര്‍മാര്‍ കൂടിയിരിക്കുന്നു. അവര്‍ക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയോടാണ് ചായ്‌വ്. കോളജ് വിദ്യാഭ്യാസമുള്ള വെളുത്ത വര്‍ഗക്കാര്‍ പണ്ടേ ഡമോക്രാറ്റുകളാണ്.  ഇതൊക്കെയാണ് ബൈഡനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബൈഡന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അഭിപ്രായസര്‍വേകളില്‍ അവ ബൈഡനൊപ്പവുമാണ്.  സ്വിംഗ് സ്റ്റേറ്റ്‌സായ ഒഹായോ,അയോവ എന്നിവിടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്.  ഇവിടെയെല്ലാം കോളജ് വിദ്യാഭ്യാസമുള്ളതും ഇല്ലാത്തതുമായ വെളുത്ത വര്‍ഗക്കാരും, ആഫ്രോ അമേരിക്കക്കാരും ബൈഡനെയാണ് പിന്തുണക്കുന്നത്.

എങ്കിലും ട്രംപിന്റെ ശക്തിദുര്‍ഗം നഗരപ്രാന്തങ്ങളിലെയും ചെറുപട്ടണങ്ങളിലെയും  വോട്ടര്‍മാരാണ്. റസ്റ്റ്‌ബെല്‍റ്റ് , സണ്‍ബെല്‍റ്റ് സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ ശക്തിദുര്‍ഗം ഇപ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്നത്  നിര്‍ണായകമാണ്.  നേരത്തെ തുടങ്ങിയ വോട്ടിംഗില്‍ ഈ പറഞ്ഞ കോളജ് വിദ്യാഭ്യാസമില്ലാത്ത , മുതിര്‍ന്ന വോട്ടര്‍മാരായിരുന്നു എണ്ണത്തില്‍ കൂടുതല്‍. അതിലാണ് ഡമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് ആശങ്ക.

Latest Videos
Follow Us:
Download App:
  • android
  • ios