നമ്മളിലെത്രപേര്‍ സ്വന്തം ജീവിതം ജീവിക്കുന്നുണ്ട്?
നാളെ, മരണം തൊട്ടടുത്തെത്തുമ്പോള്‍, അവസാനത്തെ ശ്വാസത്തിനൊപ്പം നാം നമ്മോട് തന്നെ 'നീ ശരിക്കും നിന്റെ ജീവിതം ഈ ഭൂമിയില്‍ ജീവിച്ചുവോ' എന്ന് ചോദിക്കുമ്പോള്‍ നാമെന്തുത്തരം നല്‍കും? ഉള്‍മരങ്ങള്‍- റിനി രവീന്ദ്രന്‍ എഴുതുന്നു
ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.
ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത 'ദ ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി-(1995)' എന്ന സിനിമ തുടങ്ങുന്നത് നായികയുടെ മരണത്തില്‍ നിന്നുമാണ്. മരണശേഷം മക്കള്‍ അവളുടെ വില്‍പത്രം വായിക്കുന്നു. അതില്‍ അതിവിചിത്രമെന്ന് അവര്‍ക്ക് തോന്നിയേക്കാവുന്ന ഒരാഗ്രഹം അമ്മ മക്കളോട് പങ്കുവയ്ക്കുകയാണ്. അവളുടെ ശരീരം ദഹിപ്പിക്കണം. പിന്നീട് ആ ചാരം റോസ്മാന്‍ പാലത്തില്‍ നിന്നും താഴേക്ക് വിതറണം. 'അമ്മയുടെ ഭ്രാന്ത്' എന്നാണ് മകനതിനെ കാണുന്നത്. അവരുടെ വിശ്വാസപ്രകാരം മൃതദേഹം അടക്കം ചെയ്യുകയാണ് ചെയ്യേണ്ടത്. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അമ്മയ്ക്കും അച്ഛനുമായി അടക്കാനുള്ള സ്ഥലം വരെ വില കൊടുത്ത് വാങ്ങിയിട്ടുണ്ട്. അച്ഛന്‍ മരിച്ചപ്പോള്‍ അവിടെയാണ് അടക്കിയത്. പിന്നെ ഈ അമ്മയെന്താണ് ഇങ്ങനെ? എന്നാല്‍, അവിടെ നിന്നും അവര്‍ നടത്തുന്ന യാത്രയാണ് പിന്നീടുള്ള സിനിമ. ആ യാത്ര അവരുടെ അമ്മയുടെ മക്കള്‍ക്കറിയാത്ത, അച്ഛനറിയാത്ത, ലോകത്തിനറിയാത്ത ജീവിതത്തിലേക്കുമാണ്. സിനിമയുടെ അവസാനമാണ്, അമ്മ ജീവിക്കാതെ പോയ ഒരു ജീവിതത്തിന്റെ രഹസ്യം അവര്‍ക്ക് മുന്നില്‍ വെളിപ്പെട്ടു വരുന്നത്. അവരൊരിക്കലും അറിയാത്ത അമ്മയുടെ ജീവിതം.
ജീവിതം നമ്മെ നടത്തുക അപരിചിതമായ വഴികളിലൂടെയാണ്. നമ്മെ നാമായി നിര്‍ത്തിയിരിക്കുന്ന ഒരു തിരിയുണ്ടാകും അപ്പോഴും ഓരോരുത്തരുടെയും ഉള്ളില്‍. എന്നാല്‍, ആ വഴികളിലെവിടെയെങ്കിലും വച്ച് ആ തിരി നാമറിയാതെ തന്നെ അണഞ്ഞുപോയിട്ടുണ്ടാകാം. പ്രത്യേകിച്ചും നാം ജീവിക്കുന്നത് നമ്മുടെ ചുറ്റിലുമുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാകുമ്പോള്‍. 'അതൊക്കെ തന്നെയാണ് ജീവിതം' എന്ന് ഒറ്റവാക്കില്‍ ഒരു ദീര്‍ഘനിശ്വാസമയച്ചു കൊണ്ട് നാം ആശ്വസിക്കാറുമുണ്ട്. പക്ഷേ, അത് ആരുടെ ജീവിതമാണ്?
'നിനക്കേറ്റവും ഇഷ്ടമെന്തായിരുന്നു?'
'നൃത്തമായിരുന്നു, സംഗീതമായിരുന്നു, അരങ്ങുകളായിരുന്നു. എല്ലാ സ്വപ്നങ്ങളിലും ഞാന്‍ ഏതോ ഒരു വീട്ടില്‍ മറ്റൊന്നും ഉള്ളില്‍ കേറിച്ചെല്ലാത്തവിധം ശബ്ദത്തില്‍ പാട്ടുവച്ച് പുലരും വരെ നൃത്തം ചെയ്യാറുണ്ട്.'
'നീ ചിലങ്കയണിഞ്ഞിട്ട് എത്ര കാലമായി?'
'എത്രയോ കാലമായി.'
'ഇനിയെന്നെങ്കിലും തിരികെ ചിലങ്കയണിയുമോ?'
'ചിലപ്പോള്‍, എല്ലാ തിരക്കുകളും ഒഴിയുമ്പോള്‍'
'നിനക്ക് വേദന തോന്നുന്നില്ലേ?'
'ഇല്ല.'
'നീ എന്നോട് മാത്രം കള്ളം പറയരുത്.'
നീണ്ട നിശബ്ദത മാത്രം ബാക്കിയാവുന്നു.
കേള്‍ക്കുമ്പോള്‍ എത്ര ചെറുതെന്ന് തോന്നുന്ന ആഗ്രഹമാണ്. അണിയാത്ത ചിലങ്കകള്‍, കേള്‍ക്കാത്ത പാട്ടുകള്‍, ജീവിച്ച് കൊതിതീരാത്ത അരങ്ങുകള്‍. പണിയാന്‍ പോകുന്ന വീടിന്റെ കണക്കുകളും വീട്ടിലേക്ക് വാങ്ങേണ്ടുന്ന സാധനങ്ങളുടെ പട്ടികയും, കാത്തിരിക്കുന്ന കുഞ്ഞിന്റെ കരച്ചിലും അവളുടെ ജീവിതത്തെ ആകെ വിഴുങ്ങിയിട്ടുണ്ട്. അവള്‍ ജീവിക്കുന്ന ജീവിതം കാല്‍ഭാഗം, അല്ലെങ്കില്‍ അതിലും എത്രയോ താഴെ മാത്രമേ അവളുടേതായുള്ളൂ. ബാക്കിയെല്ലാം വീതിച്ച് കൊടുത്തിരിക്കുകയാണ്. അവളുടെ അമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു, അവരുടെ അമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു, അവരുടെ അമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു, നാമറിയാത്ത അനേകം തലമുറകളുടെ ജീവിതവും അങ്ങനെ തന്നെയായിരുന്നു
.
ദ ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി
അവളൊരു കിളി പോയ പെണ്ണാണ്
കണ്ടതില്‍ വച്ച് ഏറ്റവും ധൈര്യമുള്ള പെണ്‍കുട്ടികളിലൊരാള്‍ അവളായിരുന്നു. മതില് ചാടുന്ന, തെങ്ങില്‍ കയറുന്ന, ആരെങ്കിലും ഒന്ന് പറഞ്ഞാല്‍ തിരിച്ച് രണ്ട് പറഞ്ഞ് വായടപ്പിക്കുന്ന പെണ്‍കുട്ടി. ഒരിക്കല്‍ ഞങ്ങളൊരുമിച്ച് ഒരു പാറ കയറി. കൊട്ടപ്പഴം പറിച്ച്, പാറയിലെ കല്ലെടുത്ത കുഴിയില്‍ കാലിട്ടിരുന്ന്, സൂര്യന്‍ പടിഞ്ഞാട്ട് താഴുന്നതും നോക്കി ഒരുദിവസം മൊത്തം. അവളൊരു കിളി പോയ പെണ്ണാണ്. അവളെ ഞാന്‍ ആകാശമേ എന്ന് വിളിച്ചിരുന്നു. അവളോളം പറക്കാനായെങ്കിലെന്ന് അവളോട് പറയാതെ തന്നെ കൊതിച്ചിരുന്നു. ഹാ, എന്റെ ജീവിതം കൂടി നീ ജീവിക്കുന്നു എന്ന് നന്ദിയുള്ളവളായിരുന്നു.
ഇപ്പോഴവള്‍ക്ക് ആകാശമേയില്ല. സ്ത്രീവിരുദ്ധനായ ഭര്‍ത്താവിന് വച്ചുവിളമ്പിയും അമ്മായിഅമ്മയോട് കലഹിച്ചും, കുഞ്ഞുങ്ങളോട് കണ്ണുരുട്ടിയും അവള്‍ ജീവിച്ച് തീര്‍ക്കുന്ന ജീവിതം എനിക്ക് അപരിചിതയായ ഒരുവളുടെയാണ്.
'ഡേയ്, നീ ഹാപ്പിയല്ലേ' എന്ന കള്ളച്ചോദ്യം ചോദിക്കുമ്പോള്‍ 'പിന്നല്ലേ' എന്ന് അവള്‍ കള്ളയുത്തരം തരുന്നു. ഓര്‍മ്മകളിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോകാമെന്ന് കരുതുമ്പോഴെല്ലാം അതിവിദഗ്ദ്ധമായി അവളതില്‍ നിന്നും ഒഴിഞ്ഞുമാറുന്നു.
അവള്‍ കള്ളിയാണ്, ആരുടെ മുന്നിലും കണ്ണ് നിറക്കാതെ എങ്ങനെ എവിടെ വച്ച് ഒഴിഞ്ഞുമാറണമെന്നും അപ്രത്യക്ഷയാകണമെന്നും അവള്‍ക്ക് നല്ല നിശ്ചയമാണ്. ജീവിതം തന്നെ കണ്ണുകെട്ടിക്കളിയാണ് എന്ന് അവളെ കാണുമ്പോള്‍ തോന്നും. അവളുടെയുള്ളിലെ കെട്ടുപോയ തിരി കത്തിക്കാന്‍ അതുകൊണ്ട് തന്നെ എനിക്കൊരിക്കലും സാധിച്ചില്ല.
ജീവിതത്തോട് ചൂടുള്ള പെണ്ണായിരുന്നു അവള്‍
പിന്നെയൊരുവള്‍, അവള്‍ക്ക് ജോലി എന്തിഷ്ടമായിരുന്നു. ഫീല്‍ഡിലെ ആണുങ്ങളോട് മുഴുവനും പൊരുതി അവള്‍ തികയ്ക്കുന്ന ടാര്‍ഗറ്റുകള്‍. ബെസ്റ്റ് എംപ്ലോയി അവാര്‍ഡുകള്‍, സിവില്‍ സര്‍വീസിനു വേണ്ടിയുള്ള പാതിരാവായനകള്‍. ഇന്ത്യന്‍ കോഫിഹൗസിലെ കട്‌ലറ്റിനും കാപ്പിക്കുമിടയില്‍ അവളെടുക്കുന്ന മോട്ടിവേഷന്‍ ക്ലാസുകളാണ് ഒരുകാലമെന്നെ താങ്ങി നിര്‍ത്തിയിരുന്നത്.
തോറ്റുപോകരുതെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന, ജീവിതത്തോട് ചൂടുള്ള പെണ്ണായിരുന്നു അവള്‍. അവളുടെ നിഴലായി നില്‍ക്കാനുള്ള ധൈര്യം പോലും എനിക്കുണ്ടായിരുന്നില്ല. ഇന്ന്, ഓരോ ദിവസത്തിന്റെയും മുക്കാല്‍ നേരവും അടുക്കളയും വീടുമായി അവള്‍ കഴിഞ്ഞുകൂടുന്നതെങ്ങനെയെന്ന് എനിക്ക് അത്ഭുതമുണ്ട്.
അത് നമ്മുടെ സ്വപ്നമാണ്
'ജീവിതത്തിന് ഓരോ ഘട്ടമുണ്ട്. ചെറുപ്രായത്തില്‍ നമുക്ക് തോന്നും സ്വപ്നങ്ങളൊക്കെയാണ് വലുത് എന്ന്. പക്ഷേ, പിന്നെ ഭര്‍ത്താവും കുട്ടികളും ഒക്കെയാകുമ്പോള്‍ അത് വേറൊരു ഘട്ടമാണ്. അതിനര്‍ത്ഥം അവിടെ സന്തോഷം ഇല്ലെന്നല്ല. അത് സ്വര്‍ഗമായി ജീവിക്കുന്ന സ്ത്രീകള്‍ എത്രയുണ്ട്?' ഒരാള്‍ ചോദിച്ചതാണ്.
എനിക്കാ സ്വര്‍ഗത്തെ കുറിച്ചറിയില്ല. പക്ഷേ, ഓരോ മനുഷ്യനും ഉള്ളില്‍ കത്തിച്ചുവച്ചൊരു തിരിയെ കുറിച്ച് പറഞ്ഞില്ലേ? അത് നമ്മുടെ സ്വപ്നമാണ്. നാം ജീവിക്കാനാഗ്രഹിക്കുന്ന ജീവിതമാണ്. അവിടെ നമുക്ക് ജോലി ചെയ്യാനാശയുണ്ടാവും, നൃത്തം ചെയ്യാനും, പാട്ടുപാടാനും, വരക്കാനും തുടങ്ങി ആയിരമായിരം കാര്യങ്ങളുണ്ടാകും, സ്‌നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും കൊതിയുണ്ടാവും, ഒന്നും ചെയ്യാതിരിക്കാനുള്ള തോന്നലുമുണ്ടാവും.
Throw your dreams into space like a kite, and you do not know what it will bring back, a new life, a new friend, a new love, a new country.
എന്നെഴുതിയത് ഫ്രഞ്ച് സാഹിത്യകാരിയായിരുന്ന അനെയ്‌സ് നിന്‍ ആയിരുന്നു. ഓരോ മനുഷ്യജീവിക്കും സ്വപ്നം കാണാനവകാശമുണ്ട്. ഒരു മനുഷ്യന്റെ മരണം അവന്റെ സ്വപ്നങ്ങളുടെ മരണമായിരിക്കാം. ചുറ്റുമുള്ളവര്‍ക്ക് വേണ്ടി നാം കാണാതെ പോയ സ്വപ്നങ്ങളുടെ, ജീവിക്കാതെ മറവിയിലേക്ക് മനപ്പൂര്‍വം എടുത്ത് മാറ്റിവച്ചിരിക്കുന്ന നമ്മുടെ തന്നെ ജീവിതത്തെ എന്ത് പറഞ്ഞാണ് നാം ആശ്വസിപ്പിക്കുക.
നമുക്ക് വേണ്ടി നമ്മുടെ മുന്‍തലമുറയും, വരുന്ന തലമുറയ്ക്ക് വേണ്ടി നാമും ജീവിക്കുമ്പോള്‍ ശരിക്കും നമ്മുടെ ജീവിതമെവിടെയാണ്? ഒരുപാട് സങ്കീര്‍ണമാക്കുന്നതിന് പകരം ജീവിതം ഒരു തൂവല്‍ പോലെ മൃദുവായി ജീവിക്കേണ്ടതാണ് എന്ന് തോന്നുന്നില്ലേ? അതിനെയാകെയും നിരാശ കൊണ്ട് പൊതിഞ്ഞുവച്ചിരിക്കുന്നത് ആര് കാരണമാണ്.
എന്നിട്ടും എന്ന വാക്ക്
'നിനക്ക് വേണ്ടിയാണ് ഞാനിത്രകാലം ജീവിച്ചത്, എന്നിട്ടും...' എന്ന പരാതി കേള്‍ക്കാത്ത ആരും ഈ ലോകത്തുണ്ടാവില്ല. അമ്മയുടെ, അച്ഛന്റെ, ഭാര്യയുടെ, ഭര്‍ത്താവിന്റെ, സഹോദരങ്ങളുടെ ഒക്കെ പരാതികള്‍. ആദ്യം നാം ജീവിക്കേണ്ടത് നമുക്ക് വേണ്ടിയാണ് എന്ന തിരിച്ചറിവാണ് ആ പരാതിയില്ലാതെയാക്കാനുള്ള ആയുധം. അപ്പോള്‍ നാം നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടിക്കൂടി ജീവിക്കണ്ടേ? വേണം, പക്ഷേ, അതിനേക്കാളെല്ലാം ഉപരിയായിരിക്കണം നമ്മുടെ ജീവിതം.
കുഞ്ഞുങ്ങളെ കുറിച്ചുള്ള ഒരു സ്ത്രീയുടെ ചോദ്യത്തിനുള്ള 'പ്രവാചകനി'ലെ ഉത്തരം ഇങ്ങനെയാണ്,
നിന്റെ കുഞ്ഞുങ്ങള്‍ നിന്റെ കുഞ്ഞുങ്ങളല്ല.
അവര്‍ ജീവിതത്തിന് വേണ്ടിയുള്ള
ജീവിതാഭിനിവേശത്തിന്റെ-
പുത്രന്മാരും പുത്രികളുമാണ്.
അവര്‍ നിന്നിലൂടെ വരുന്നു
എന്നാല്‍ നിന്നില്‍ നിന്നുമല്ല താനും.
അവര്‍ നിന്നോടൊപ്പമുണ്ടെങ്കിലും
നിന്റെ സ്വന്തമല്ല.
(പ്രവാചകന്‍- ഖലീല്‍ ജിബ്രാന്‍)
'നീ ശരിക്കും നിന്റെ ജീവിതം ഈ ഭൂമിയില്‍ ജീവിച്ചുവോ'
നമുക്ക് വേറിട്ടൊരു സ്വത്വമുണ്ട്. ഓരോ മനുഷ്യനും ഓരോരുത്തരാണ്. പരസ്പരം ചേര്‍ന്ന് നില്‍ക്കുമ്പോഴുള്ള ആനന്ദം പോലുമുണ്ടാകുന്നത് നമുക്ക് നമ്മെ നഷ്ടമാവാതിരിക്കുമ്പോള്‍ മാത്രമാണ്. നമ്മെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ട്, നമ്മുടെ ഇഷ്ടങ്ങളെ, നമ്മുടെ സ്വപ്നങ്ങളെ, നമ്മുടെ പ്രതീക്ഷകളെ, നമ്മുടെ ആനന്ദങ്ങളെ ഇല്ലാതാക്കിക്കൊണ്ട് നാമൊരിടത്ത് നില്‍ക്കുമ്പോള്‍ നാം വഞ്ചിക്കുന്നത് നമ്മെ തന്നെയല്ലേ?
സ്വര്‍ഗവും നരകവുമായിരിക്കുന്നത് ഈ ഭൂമി തന്നെയാണ്. നമുക്ക് ജീവിക്കാനും ജീവിച്ച് തീര്‍ക്കാനുമുള്ളത് ഈ ഭൂമി മാത്രമാണ്. ഒരൊറ്റ ജന്മം മാത്രമാണ് നാമിവിടെ പിറന്നു വീഴുന്നത്. നാളെ, മരണം തൊട്ടടുത്തെത്തുമ്പോള്‍, അവസാനത്തെ ശ്വാസത്തിനൊപ്പം നാം നമ്മോട് തന്നെ 'നീ ശരിക്കും നിന്റെ ജീവിതം ഈ ഭൂമിയില്‍ ജീവിച്ചുവോ' എന്ന് ചോദിക്കുമ്പോള്‍ നാമെന്തുത്തരം നല്‍കും? 'ഇതാ ഞാനെന്റെ ജീവിതമിവിടെ ജീവിച്ചിരുന്നു' എന്ന് അന്ന് ഉത്തരം പറയാനായി പ്രിവിലേജുകളില്ലാത്ത സ്ത്രീകളും മനുഷ്യരും ഇനിയുമെത്ര പൊള്ളണം?നമ്മുടെ വേദനകള്‍ പോലെ, നമ്മുടെ സന്തോഷങ്ങള്‍ പോലെ നമ്മുടെ ജീവിതവും നമ്മുടെ തന്നെ ജീവിതമായിരിക്കട്ടെ. അതിമൃദുവായ ഒരു പൂവായും അതികഠിനമായ കാറ്റായും രൂപം പ്രാപിക്കുമെങ്കിലും ഇതെന്റേതാണല്ലോ എന്ന് പറഞ്ഞ് അതിനെ ചേര്‍ത്തു നിര്‍ത്താനാവട്ടെ.