ഭാവനയും കൂട്ടുകാരും നൃത്തം ചെയ്യുമ്പോള്‍ കയ്പ്പ് തോന്നുന്നവര്‍ക്ക് അറിയാത്ത ചിലതുണ്ട്
ഉള്‍മരങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ നടി ഭാവന പങ്കുവച്ച വീഡിയോ ഉയര്‍ത്തിയ കോലാഹലങ്ങളുടെയും കൊതിക്കെറുവുകളുടെയും പശ്ചാത്തലത്തില്‍ സൗഹൃദങ്ങളുടെ ആനന്ദവേളകളെക്കുറിച്ച് റിനി രവീന്ദ്രന്‍ എഴുതുന്നു
ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.
ഓരോ മനുഷ്യനും ഓരോ അഭയകേന്ദ്രങ്ങളുണ്ടാവും. ചിലര്‍ക്കത് ചില മനുഷ്യരാവും. ചിലര്‍ക്ക് ചില ഇടങ്ങള്‍, ചില ഇഷ്ടങ്ങള്‍, ചില മുറികള്‍. മനുഷ്യനൊരു അഭയകേന്ദ്രമെന്തായാലും വേണം. ആരുമില്ലാതെയും കഴിഞ്ഞുപോവും എന്ന് തോന്നിയാലും, ചിലപ്പോള്‍ വീണുപോവുന്ന നേരം വരില്ലേ? അപ്പോള്‍ താങ്ങാനൊരിടം.
അതിനു വേണ്ടിയാവണം ലോകത്ത് സൗഹൃദങ്ങളവതരിച്ചത്. നമ്മെ നാമായി നിര്‍ത്തുന്ന ഇടങ്ങള്‍. തിരക്കും മടുപ്പുമേറിയ ജോലിക്ക് ശേഷം, വീട്ടിലെ അടങ്ങാത്ത ഉത്തരവാദിത്വങ്ങളുടെ ഇടവേളകളില്‍, എല്ലാ പുറംചട്ടയുമഴിച്ചുവച്ച്, അതുവരെ ധരിച്ചിരുന്ന മുഖംമൂടികളും ഗൗരവങ്ങളും ഊരിക്കളഞ്ഞ് നിലാവുപോലെ സ്വയം പരക്കാനൊരിടം. ചിരിക്കാനും, കരയാനും, പാട്ടുപാടാനും, നൃത്തം ചെയ്യാനും, മറ്റെവിടെയും നാം പറയാറില്ലാത്ത തമാശകള്‍ പങ്കുവയ്ക്കാനും നാം തെരഞ്ഞെടുക്കുന്ന ദേശം. മുന്‍വിധികളില്ലാതെ, പ്രതീക്ഷകളുടെ ഭാരമില്ലാതെ അവിടെ നാം കേള്‍ക്കപ്പെടുമെന്ന് നമുക്കുറപ്പുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ നടി ഭാവന പങ്കുവച്ച വീഡിയോ കാണുകയായിരുന്നു. സയനോര, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല ഒപ്പം ഭാവനയും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോ. ആ വീഡിയോയില്‍ അവരുടെ മുഖത്തെ ചിരികളെ അനുഭവിക്കുകയായിരുന്നു. ശരീരത്തെ സ്വതന്ത്രമാക്കി വിടുന്ന അവരുടെ ചലനങ്ങളെ, ഒത്തുചേരലിന്റെയും സ്‌നേഹിക്കപ്പെടുന്നുവെന്ന തിരിച്ചറിവിന്റെയും ആനന്ദങ്ങളെ കാണുകയായിരുന്നു. സൗഹൃദങ്ങളുടെ വെളിച്ചവും തെളിച്ചവും കാണുന്നത് എന്ത് രസമാണ്.
പെണ്‍കൂട്ടങ്ങളോട് പൊതുവെ സമൂഹത്തിനൊരു കയ്പ്പുണ്ട്. അവരൊരുമിച്ച് ചിരിക്കുന്ന, യാത്രകള്‍ ചെയ്യുന്ന, നൃത്തം ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും കാണുമ്പോള്‍ 'വീട് നോക്കാതെ കറങ്ങി നടപ്പാണ്' എന്നൊരഭിപ്രായം അവര്‍ പോലുമറിയാതെ പുറത്തേക്ക് വരാറുണ്ട്. എന്തിനാണ് പെണ്ണിത്ര ചിരിക്കുന്നത്, ആനന്ദിക്കുന്നത്, അവരുടേതായ ഇടങ്ങളുണ്ടാക്കുന്നത് എന്ന അസൂയയാണത്. 'രണ്ട് മല ചേര്‍ന്നാലും നാല് മുല ചേരില്ലെ'ന്ന് പണ്ടാരോ പറഞ്ഞത് തെറ്റാവരുതെന്ന വാശി.
.....................................................
ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിമാരെയും കലിപ്പന്മാരെയും കാത്തിരിക്കുന്ന കാന്താരികളുടെ ലോകം എത്ര ഭയാനകം!
.....................................................
പക്ഷേ, നിങ്ങള്‍ക്കറിയാത്ത ചിലതുണ്ട്. പലവട്ടം ചതിക്കപ്പെട്ടും, ഉപേക്ഷിക്കപ്പെട്ടും, വീണും എഴുന്നേറ്റും, വീണും എഴുന്നേറ്റും ഒടുവിലെത്തിച്ചേരുന്ന ശരിക്കും ചില സൗഹൃദങ്ങളുണ്ട്. ആ സൗഹൃദങ്ങളുടെ ലോകങ്ങളില്‍ അവര്‍ കണ്ടെത്തുന്ന പൊട്ടിച്ചിരികളും പ്രതീക്ഷകളും എത്ര വലുതാണ് എന്നോ.
കഴിഞ്ഞ ദിവസം അവള്‍ കൂട്ടുകാരിയെ വിളിച്ചു. 'ഒന്നിനും പറ്റുന്നില്ല. വീട്-ഓഫീസ്, ഓഫീസ്-വീട്. നിറയെ ജോലികളാണ്. എന്നിട്ടും വീട്ടിലാര്‍ക്കും തൃപ്തിയില്ല. ചിലപ്പോഴൊക്കെയും എനിക്കെന്തോ പോരായ്മയുണ്ട് എന്ന് എനിക്ക് തന്നെ തോന്നുന്നു. വായനയില്ല, സിനിമകള്‍ കാണാറില്ല, എനിക്ക് വേണ്ടി ഞാന്‍ ഒന്നും ചെയ്യാറില്ല. എനിക്കിപ്പോള്‍ അടുക്കളയുടെ നാറ്റമാണ്. എപ്പോഴും ക്ഷീണം തോന്നുന്നു. മടുത്തുപോകുന്നു. ഒന്ന് പുറത്തിറങ്ങണം.'
അവര്‍ 'പുറത്തേ'ക്കിറങ്ങി, അപരിചിതരായ ആള്‍ക്കൂട്ടത്തിനിടയിലൂടെ കൈകള്‍ കോര്‍ത്ത് പിടിച്ച്, തങ്ങളെ നോക്കി കമന്റ് പറയുന്ന പുരുഷന്മാരെ കളിയാക്കിച്ചിരിച്ച്, കടകളിലെ ചേട്ടന്മാരോടും ചേച്ചിമാരോടും സംസാരിച്ച്, നടന്നുതളരുമ്പോള്‍ ഉപ്പിട്ട സോഡാനാരങ്ങ കുടിച്ച്. അങ്ങനെയവര്‍ മരിച്ച് കിടക്കുന്ന തങ്ങള്‍ക്ക് തന്നെയും ജീവന്‍ നല്‍കുന്നു. ആര്‍ക്കും കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത, വളരെ ചെറുതെന്ന് തോന്നുന്ന വേദനകള്‍ പരസ്പരം പങ്കുവച്ചാശ്വസിപ്പിക്കുന്നു. ഒരുപക്ഷേ, വേറൊരാള്‍ക്ക് മുന്നിലും പറയാനൊരുമ്പെടാത്ത ചില തമാശകളില്‍ അവര്‍ ഉറക്കെച്ചിരിക്കുന്നു. ആ ചിരിയിലേക്ക് തുറന്നുവച്ച കണ്ണുകളെ കണ്ടില്ലെന്ന് നടിക്കുന്നു. അന്നുരാത്രി ഒരുവള്‍ മറ്റൊരുവള്‍ക്ക് മെസേജ് അയക്കുന്നു, 'കുറച്ചുനാള്‍ പിടിച്ചുനില്‍ക്കാനുള്ള ഊര്‍ജ്ജമായിട്ടുണ്ട്.'
.....................................................
Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന് നില്‍ക്കുന്ന കാലം!
.....................................................
എല്ലാ മനുഷ്യനുമുണ്ടാവുമെന്ന് തോന്നുന്നു ഒരു ആരുമില്ലാക്കാലം. അന്ന് കേള്‍ക്കാന്‍ കാതുകള്‍ക്കായി, ചാരാനൊരു ചുമലിനായി അവര്‍ ചുറ്റിനും നോക്കും. പക്ഷേ, ചിലനേരങ്ങളിലെല്ലാം ചുറ്റുമുള്ള ലോകം ശൂന്യമായിത്തുടരും. അവിടെ ചിലര്‍ ഒന്നും പറയാതെ വിഷാദികളാവും. ചിലര്‍ക്ക് ലോകത്തോട് വിരക്തിയാകും -അവര്‍ ഈ ലോകത്തില്‍ നിന്നും ബന്ധമറ്റ (detached) വരാവും. വേറെ ചിലര്‍ക്ക് ഏകാന്തതയില്‍ ബുദ്ധനെപ്പോലെ വെളിപാടുകിട്ടും.
പക്ഷേ, അപ്പോഴെല്ലാം മനുഷ്യര്‍ തിരയുന്നത് ആ അവസാനത്തെ അഭയകേന്ദ്രങ്ങളെയാണ്. ആ ഒരിടത്തുമാത്രമാവും ഒരുപക്ഷേ അവര്‍ ഒന്നിനെ കുറിച്ചും അലട്ടലുകളില്ലാത്ത മനുഷ്യരാവുന്നത്. മനസില്‍ ശാന്തതയും സമാധാനവും മാത്രം നിറയുന്നത്. അവിടെ അവര്‍ക്ക് ഭൂതകാലത്തെ ചൊല്ലിയോ, വര്‍ത്തമാനകാലത്തെ ഓര്‍ത്തോ, ഭാവിയെ പ്രതിയോ ആശങ്കകളില്ല. അവരുടെ ഹൃദയം അലകളടങ്ങിയ കടലുപോലെ വിശ്രമിക്കയാവും.
.....................................................
Read more: അതുകൊണ്ട്, എനിക്കൊരു മുറിവേണം
.....................................................
പ്രവാചകനില്‍ ഖലീല്‍ ജിബ്രാന്‍ സൗഹൃദത്തെ കുറിച്ച് ഇങ്ങനെ പറയുന്നു,
നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമാണ്
നിന്റെ സുഹൃത്ത്,
നീ സ്‌നേഹത്തോടെ വിതയ്ക്കുകയും
നന്ദിയോടെ കൊയ്യുകയും ചെയ്യുന്ന നിന്റെ വയലാണവന്‍,
നിന്റെ തീന്‍മേശയും തീകായുന്നിടവുമാണ് അവന്‍
എന്തെന്നാല്‍ നീ നിന്റെ വിശപ്പുമായി
അവനെത്തേടി വരുന്നു.
ശാന്തിക്ക് വേണ്ടി അവനെ അന്വേഷിക്കുന്നു.
ഒരു സ്ത്രീയുണ്ട്. അവരെപ്പോഴും തനിച്ച് സംസാരിക്കും. എന്നുമുതലാണ് അവര്‍ തനിച്ച് സംസാരിച്ച് തുടങ്ങിയത് എന്ന് അറിയില്ല. അവര്‍ പിറുപിറുക്കുന്നത് എല്ലാവര്‍ക്കും കേള്‍ക്കാം. പോകുന്ന വഴികളിലെല്ലാം അവരുടെ വര്‍ത്താനങ്ങള്‍ തെറിച്ചുവീഴും. പക്ഷെ, എന്താണ് അവര്‍ പറയുന്നതെന്ന് മാത്രം ആര്‍ക്കും തിരിച്ചറിയാനായില്ല. ഒറ്റയ്ക്കും പിന്നെ വഴികളോടും വഴികളിലെ ജീവനില്ലാത്ത ഓരോന്നിനോടും സംസാരിക്കുന്ന അവരെ ആളുകള്‍ 'പ്രാന്തി' എന്ന് വിളിച്ചു. പക്ഷേ, ആരും കേള്‍ക്കാനില്ലാത്ത ഒരുത്തിയുടെ തനിച്ചുള്ള പേച്ചുകള്‍ അവളുടെ ആത്മസംഘര്‍ഷങ്ങളുടെയും ഒറ്റപ്പെടലുകളുടെയും അതിജീവനമല്ലാതെ മറ്റെന്താവും?
.....................................................
Read more:
.....................................................
ആ സ്ത്രീ അലഞ്ഞുതീര്‍ക്കുന്ന ഏകാന്തവന്‍കരകളെ ഓര്‍ക്കുമ്പോള്‍ തന്നെ ഒറ്റപ്പെടലെന്ന ഭയത്തിന്റെ ശീതമെന്നെ കീഴടക്കും. അവര്‍ക്കൊരു കൂട്ടുകാരിയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍. ഞാനപ്പോള്‍ ഇടവേളകളില്‍ ഓടിപ്പോയി പാര്‍ക്കാറുള്ള വീടാകുന്ന ചില മനുഷ്യരെ ഓര്‍ക്കും. മനസിലവരോട് നന്ദി പറയും. ഒറ്റയാവലിന്റെ കണ്ണീരുറച്ചുപോയ തുരുത്തുകളില്‍ നിന്നും കൈപിടിച്ചുയര്‍ത്താനും ചിരിയുടെ കഷ്ണങ്ങള്‍ തന്ന് നമ്മെ ജീവിപ്പിക്കാനും വേണ്ടിയാണത്രെ സൗഹൃദങ്ങള്‍.
ഒരിക്കലൊരു ബസ് യാത്രയില്‍ അപരിചിതയായൊരു സ്ത്രീ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അവരുടെ തീരാവേദനകള്‍ പറയുകയുണ്ടായി. ഇഷ്ടമുള്ള കോഴ്‌സ് ചെയ്തിട്ടും ജോലിക്ക് പോകാനനുവദിക്കാത്ത, കൂട്ടുകാരുടെ കല്ല്യാണത്തിന് പോലും പോകാന്‍ അനുവദിക്കാത്ത ഭര്‍ത്താവിനെ കുറിച്ച്. രണ്ട് മക്കളെയോര്‍ത്ത് ആ ബന്ധം പൊട്ടിച്ചെറിയാനുള്ള ധൈര്യമില്ലാതെ പോയതിനെ കുറിച്ച്. അവര്‍ക്ക് നഷ്ടപ്പെട്ടുപോയ കൂട്ടുകാരികളെയും അവരുടെ കൂടിച്ചേരലുകളെയും കുറിച്ച്.
.....................................................
Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!
.....................................................
അവര്‍ക്ക് ജീവിതത്തില്‍ നിഷേധിക്കപ്പെട്ടിരിക്കുന്ന സൗഹൃദങ്ങളെ ഓര്‍ക്കുമ്പോള്‍ വേദന തോന്നി. അവരുടെ മുഴുവന്‍ ചിരിയും കവര്‍ന്നെടുത്തിരിക്കുന്നയാളോട് പക തോന്നി. പഠിക്കുന്ന കാലത്ത് ആ സ്ത്രീക്ക് എന്തുമാത്രം സൗഹൃദങ്ങളുണ്ടായിരുന്നിരിക്കും. എന്നിട്ടും അവരെത്തിച്ചേര്‍ന്നത് നാല്‍പത് മിനിറ്റ് നേരത്തെ ബസ് യാത്രയില്‍ പരിചയപ്പെട്ടൊരു പെണ്‍കുട്ടിയോട് മനസ് തുറക്കുന്നിടത്താണല്ലോ എന്ന സത്യം ദിവസങ്ങളോളം പൊള്ളിച്ചു.
മനുഷ്യനൊരു വീട് മാത്രം പോരാ, ആ ചുമരിനുള്ളിലെ അമ്മയെന്നും അച്ഛനെന്നും മകനെന്നും മകളെന്നും സഹോദരനെന്നും സഹോദരിയെന്നും ഭാര്യയെന്നുമൊക്കെയുള്ള ലേബല്‍ ചെയ്യപ്പെട്ട ബന്ധങ്ങളില്‍ കണ്ടെത്തുന്ന ആശ്വാസം മാത്രം പോര. പ്രതീക്ഷകളുടെയും സ്ഥാനമാനങ്ങളുടെയും ഭാരമില്ലാതെ, ശ്വാസംമുട്ടലുകളില്ലാതെ പാറിപ്പറക്കാന്‍ കാത്തുവയ്ക്കപ്പെടുന്ന ചില ആകാശങ്ങള്‍ വേണം.
ലീവും വീട്ടിലെ 'കടമ'കളില്‍ നിന്നൊരിടവേളയും ഒത്തുവരുമ്പോള്‍ അവര്‍ കണ്ടുമുട്ടിയിരുന്നു. അങ്ങനെയുള്ള കണ്ടുമുട്ടലുകളിലൊരു രാത്രിയിലാണ് അവര്‍ ഒരു ശവപ്പറമ്പ് കാണാന്‍ പോയത്. അതിലൊരാള്‍ക്ക് പേടി കൂടുതലായിരുന്നു. ചെറുപ്പത്തില്‍ കേട്ട കഥകള്‍ അവിശ്വാസിയായിട്ടും ഉപബോധമനസില്‍ നിന്നും നിശാചരിയായിറങ്ങി വന്നു. 'ഇന്ന് ആരെങ്കിലും മരിച്ച് മൂന്നാം നാളാണെങ്കില്‍ ആത്മാവ് വന്നേക്കും. നമ്മുടെ വീടിനടുത്തൊക്കെ ആരെങ്കിലും മരിച്ചാല്‍ മൂന്നാം നാള്‍ രാത്രി പുറത്തെ പാത്രങ്ങളില്‍ വെള്ളമുണ്ടെങ്കില്‍ ഒഴിച്ചുകളഞ്ഞ് കമിഴ്ത്തി വയ്ക്കും' അവളുടെ പേടി മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ചു, 'പിന്നേ, മരിച്ചവരൊക്കെ നിങ്ങളുടെ വീട്ടില്‍ വന്ന് വെള്ളം കുടിക്കാനിരിക്കുവല്ലേ' എന്ന് അവരവളെ കളിയാക്കി.
................................
Read more: ഈ ശാലീനതയ്ക്ക് എന്തൊരു ഭാരമാണ്!
................................
നിലാവുണ്ടായിരുന്നു, തണുപ്പും. ശവപ്പറമ്പിലേക്ക് കയറിയപ്പോള്‍ അവര്‍ പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചു. തിരിച്ചിറങ്ങുമ്പോള്‍ കോര്‍ത്തുപിടിച്ച കൈകളില്‍ സ്‌നേഹത്തിന്റെ കരുത്ത് കുറച്ചുകൂടി അധികമായിരുന്നു.
ഇത്രയും സൗമ്യതയും ശാന്തതയും കരുതിവച്ചിട്ടുള്ള മറ്റൊരിടമില്ല ഭൂമിയില്‍. മഹാരഥന്മാരുടെ പള്ളിയുറക്കങ്ങള്‍ കാക്കുന്നതിന്റെ യാതൊരു അഹങ്കാരവുമില്ല സെമിത്തേരിക്ക്. പെരുമരങ്ങളൊന്നും തടസമില്ലാത്ത വിശാലമായ തുറസാണ് ശവക്കോട്ടയുടെ പ്രധാന ആകര്‍ഷണം. ചീവീടുകളുടെ സംഗീതം കേട്ടും ശവംനാറിപ്പൂക്കളുടെ മണം ഗന്ധിച്ചും മനസ്സടുപ്പമുള്ള രണ്ടുപേര്‍ക്ക് സമയം ചെലവിടാന്‍ പറ്റിയ ഇടം -എന്ന് 'ആന്റി ക്ലോക്ക്' എന്ന നോവലില്‍ വിജെ ജെയിംസ് എഴുതുന്നു.
ശവപ്പറമ്പുകളില്‍ പോകുമ്പോഴാണ് നമുക്ക് ജീവിതത്തോട് ആര്‍ത്തിയുണ്ടാവുന്നത്. അപ്പോള്‍ നമുക്ക് സൗഹൃദങ്ങളോടുള്ളില്‍ ഉറവ വറ്റാതെ സ്‌നേഹം കിനിയും.
അതേ, സൗഹൃദങ്ങള്‍ കൊണ്ടുമാത്രം കൈവരുന്ന ചില ധൈര്യങ്ങളുമുണ്ട്. അങ്ങനെയൊന്നിലാണ് അവര്‍ക്ക് ശവപ്പറമ്പ് സന്ദര്‍ശിക്കാന്‍ തോന്നുന്നത്. തിരികെയിറങ്ങുമ്പോള്‍ പൂര്‍വാധികം ശക്തിയോടെ ജീവിതത്തെ സ്‌നേഹിക്കാനും ലോകത്തെ തലകുനിക്കാതെ നോക്കാനാകുന്നതും അതേ സൗഹൃദം പകരുന്ന ധൈര്യത്താലാണ്. മരണം വരെ നടക്കുന്ന മനുഷ്യനും ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ കൂട്ടുകാരന്റെ/കൂട്ടുകാരിയുടെ ഒറ്റവിളി മതിയാവും.
അതിനാല്‍, സൗഹൃദങ്ങളുടെ ആനന്ദങ്ങള്‍ കണ്ട് അസൂയാലുക്കളാവരുത്, മറിച്ച് മറ്റൊരു മനുഷ്യന് തണലുകായാനിടമാവുക. രക്തബന്ധം കൊണ്ട് ആരുമല്ലാത്ത, പറയാന്‍ ബന്ധമൊന്നുമില്ലാത്ത മനുഷ്യര്‍ പരസ്പരം വെള്ളവും വളവുമാകുന്ന, വേരാഴ്ത്തി ഭൂമിയോളവും ചില്ലകള്‍ പടര്‍ത്തി ആകാശത്തോളവും വളരുന്ന ജൈവികതയല്ലാതെ മറ്റെന്താണത്.