ബംഗാളി ഉരുളക്കിഴങ്ങ് കറിയില്‍ എന്റെ മീന്‍വേട്ടകള്‍

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

tulunadan kathakal humour column by tulu rose tony on cookery

കട്ടിലില്‍ കിടന്നാല്‍ സ്വപ്നം കണ്ട് നിലത്ത് വീണ് നടുവൊടിഞ്ഞാലോ എന്ന പേടി കൊണ്ട് മുറിയുടെ രണ്ട് വശത്തുമായി നിലത്ത് ഓരോ കിടക്കയുമിട്ട് അതില്‍ മലര്‍ന്ന് കിടന്ന് ഞാന്‍ ഷംപയോട് ചോദിച്ചു : 'എടീ ഷംപേ, നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?'

 

tulunadan kathakal humour column by tulu rose tony on cookery

 

പണ്ട് മുതലേ കുക്കിങ്ങ് അതായത് പാചകം എനിക്കൊരു ഹരമായിരുന്നു.  എന്റെ ശത്രുക്കള്‍ അതൊരിക്കലും സമ്മതിച്ച് തരില്ലെങ്കിലും. 

അവരുടെയൊക്കെ വീട്ടുകാര്‍ 'ടുലൂനെ നോക്കി പഠിക്ക്, ടുലൂനെ കണ്ട് പഠിക്ക്' എന്ന് സ്ഥിരമായി പറയുമായിരുന്നത്രേ. അത് കേട്ട് കേട്ട് മടുത്ത് പാചകം പഠിക്കാനിറങ്ങിയവരായിരുന്നു എന്റെ സുഹൃത്തുക്കളില്‍ പലരും. അവരൊക്കെ ഇപ്പോ വലിയ 'കുക്കറു'കളായി മാറി.

ബാംഗ്ലൂരിലെ ഹോസ്റ്റല്‍ ഫുഡ് മടുത്തിട്ടാണ് ഞാനും എന്റെ കല്‍ക്കത്തക്കാരിയുമായ റൂം മേറ്റ് ഷംപയും കൂടി ഒരു ഫ്‌ളാറ്റെടുത്ത് മാറാന്‍ തീരുമാനിച്ചത്. ഷംപ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയും ഞാന്‍ ജോലി ചെയ്യുന്ന കുട്ടിയും. 

തീരുമാനം എടുത്തപ്പോള്‍ എടുപിടീന്ന് ഫ്‌ളാറ്റ് കിട്ടി. വലിയ ഡെക്കറേഷനൊന്നുമില്ല. ഒരൊറ്റ മുറി, ഒരു കുഞ്ഞി അടുക്കള, ഒരു കുഞ്ഞി ബാത്ത്‌റൂം. വലിയ ജക്കൂസി  ബാത്ത്‌റൂമൊക്കെയുള്ള ഒരു ഫ്‌ലാറ്റാണ് ഞങ്ങള്‍ അന്വേഷിച്ചിരുന്നതെങ്കിലും തല്‍ക്കാലം കിട്ടിയത് വെച്ച് അഡ്ജസ്റ്റ് ചെയ്തു. 

ഇക്കണോമിക്‌സ് പണ്ടേ എനിക്ക് തലയില്‍ കയറില്ലായിരുന്നു. അത്‌കൊണ്ടാവണം, കൈയില്‍ സാമ്പത്തിക ഭദ്രതയും കമ്മി ആയിരുന്നു.

അങ്ങനെ പെട്ടീം പ്രമാണങ്ങളുമായി ഞങ്ങള്‍ ഹോസ്റ്റലിനോട് വിട പറഞ്ഞു. 

വലിയ ഫ്‌ളാറ്റായത് കൊണ്ട് സാധനങ്ങള്‍ അടുക്കിപ്പെറുക്കി വെക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എത്തിയ പാടേ, നിലത്തേക്കൊരേറായിരുന്നു. കഴിഞ്ഞു ഒതുക്കല്‍!

കട്ടിലില്‍ കിടന്നാല്‍ സ്വപ്നം കണ്ട് നിലത്ത് വീണ് നടുവൊടിഞ്ഞാലോ എന്ന പേടി കൊണ്ട് മുറിയുടെ രണ്ട് വശത്തുമായി നിലത്ത് ഓരോ കിടക്കയുമിട്ട് അതില്‍ മലര്‍ന്ന് കിടന്ന് ഞാന്‍ ഷംപയോട് ചോദിച്ചു :

'എടീ ഷംപേ, നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?'

'ക്യാ, ക്യാ ബോലാ തൂ?'

'ഔ! ഒന്നൂല്ല്യന്റെ പൊന്ന് ബേട്ട്യേ'

പിറ്റേ ദിവസം മുതല്‍ ഞങ്ങള്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു. ഷംപ വിദ്യാര്‍ത്ഥിയും ഞാനൊരു ഉദ്യോഗസ്ഥയുമായത് കൊണ്ട് ടൈം ടേബിള്‍ വെച്ച് കുക്കിങ്ങും ക്ലീനിങ്ങും ചെയ്യാന്‍ തീരുമാനിച്ചു. 

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പാചകം അവള്‍ ചെയ്യും, ഞാന്‍ ക്ലീന്‍ ചെയ്യും. 

ശനി, ഞായര്‍ ദിവസങ്ങളില്‍ അവള്‍ പാചകം ചെയ്യും. പകരം, ഞാന്‍ കയറണം അടുക്കളയില്‍. 

കാരണം, ഷംപ ക്ലാസ്സ് കഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടിലെത്തും. ഞാനാണെങ്കില്‍ ഏഴ് കഴിയും. അതുകൊണ്ടാണവള്‍ ദിവസ പാചകം ഏറ്റെടുത്തത്. 

ഞാന്‍ വന്നിട്ട് ഭക്ഷണം ഉണ്ടാക്കി തരുന്നതും കാത്തിരുന്നാല്‍ പട്ടിണി ആവും എന്നവള്‍ക്കറിയാമായിരുന്നു. 

ബ്രേവ് ഗേള്‍! 

അങ്ങനെയാണ് ആഴ്ചയില്‍ വെറും രണ്ട് ദിവസത്തേക്ക് എന്റെ തലയില്‍ വെച്ച് തന്ന ജോലി ഞാനേറ്റെടുക്കുന്നത്. 

അങ്ങനെ അടുത്ത ദിവസം രാവിലെ വെറും വയറോടെ ഞാന്‍ ജോലിക്കും അവള്‍ കോളേജിലേക്കും പോയി. 

അവളെന്താവും ഉണ്ടാക്കാ? ബംഗാളി ഫുഡ് കഴിക്കാന്‍ എങ്ങനെ ഉണ്ടാകുവോ ആവോ? ആഹ്, എന്തേലുമാവട്ടെ. എനിക്കുണ്ടാക്കാതെ ഒത്തല്ലോ. അത് മതി. വിശപ്പ് മാറിയാ പോരേ.

അന്ന് മുഴുവനും ഇതൊക്കെ ആയിരുന്നു ചിന്ത. കൃത്യം ഏഴരക്ക് ഞാന്‍ വീട്ടില്‍ ചെന്നു. ഷംപ കിടക്കയിലിരുന്ന് എന്തോ എഴുതുന്നു. എന്നെ കണ്ടപ്പോള്‍ അവള്‍ ഒരു ഹായ് പറഞ്ഞിട്ട് വീണ്ടും എഴുത്ത് തുടങ്ങി. 

ഞാന്‍ നേരെ അടുക്കളയില്‍ ചെന്ന് നോക്കിയപ്പോള്‍ കുക്കറില്‍ ചോറ്, ഒരു പാത്രത്തില്‍ ചപ്പാത്തി, പിന്നെ ഒരു കറിയും. അതെന്താണെന്ന് മനസ്സിലായില്ല. 

ഒന്ന് ഫ്രെഷായി ഷംപയുമായി കൊച്ച് വര്‍ത്തമാനത്തിനിരുന്നു. 

'ഷംപാ, വാട്ട് കറി ഡിഡ് യൂ മേയ്ക്ക് റ്റുഡേ?'

'ആജ് മേ ദാല്‍ ബനാദിയാ, ദാല്‍ വിത്ത് പൊട്ടെറ്റോ! തുജേ ദാല്‍ പസന്ത് ഹേനാ?'

'വാട്ടെവെര്‍ യൂ മേയ്ക്ക്, ഐ വില്‍ ഹാവ്. ഡോണ്‍ഡ് വറി.'

അവളെ ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ തട്ടി വിട്ടു. പൊക്കി വിട്ടാല് ചിലപ്പോ ഏഴ് ദിവസവും അവള്‍ അനുഗ്രഹിച്ചാലോ!

ഈ ചോറിനും പരിപ്പ് കറിക്കുമൊക്കെ ഇത്രയും ടേസ്റ്റുണ്ടെന്ന് അത് കഴിക്കുമ്പോള്‍ എനിക്ക് തോന്നി. കുറ്റം പറയരുതല്ലോ നല്ല അസ്സലായി കുട്ടി ഇണ്ടാക്കീര്‍ക്കണൂ! 

ആയ്, ന്താ ഒരു പതുപതുപ്പ് ഉരുളക്കിഴങ്ങൊക്കെ'


'ഷംപാ, യുവര്‍ കറി ഈസ് ടൂ ഗുഡ്. ലവ്ഡ് ഇറ്റ്.'

അവള്‍ അഹങ്കാരം ഒട്ടുമില്ലാത്ത ഒരു ചിരിയും ചിരിച്ച് പാത്രമെടുത്ത് പോയി.

ഔ! എന്റെ പാത്രം കൂടി എടുത്തോണ്ട് പോയിരുന്നേല്‍, ഇങ്ങനെയേ അങ്ങ് കിടന്നുറങ്ങാരുന്നു.

പിറ്റേ ദിവസം അവളെനിക്ക് വെച്ച് തന്നു, ഉരുളക്കിഴങ്ങ് വിത്ത് തക്കാളി സബ്ജി! 

ഉള്ളത് പറയണമല്ലോ, അത് ചപ്പാത്തിയുടെ കൂടെ അടിപൊളി ആയിരുന്നു.

മൂന്നാം ദിവസം.

വെണ്ടക്കയില്‍ ഉരുളക്കിഴങ്ങിട്ട് വഴറ്റിയ ലേഡീസ് ഫിംഗര്‍ സബ്ജി

അടുക്കളയില്‍ ചെന്ന് പാത്രം കൈയില്‍ പിടിച്ച് കൊണ്ട് ഞാനൊന്നാലോചിച്ചു :

ഇവള്‍ക്കിതാരേലും ഉരുളക്കിഴങ്ങില് കൈവിഷം കൊടുത്തിട്ടുണ്ടാ?

'ഹൗസ് ദാറ്റ് റോസ്? ലൈക്ക്ഡ്?'

'ങേ ...ങാ. യാ യാ.. ഗുഡ് ഷംപാ, ഗുഡ്.'

'ഹാ റോസ്, കല്‍ മേം ഫിഷ് കറി ബനാദൂംഗാ. യൂ വില്‍ ഈറ്റ് നാ?'

'ഇയ്യോ! തിന്നുവോന്നോ? തിന്നും തിന്നും. നീ വിഷമിക്കണ്ട മോളേ. മുഴുവനും ഞാന്‍ തിന്നോളാം.'

'ക്യാ, ക്യാ റോസ്?'

'കുച്ച് നഹീ, കുച്ച് നഹീ..... ന്ന്. യൂ മേയ്ക്ക് ഗുഡ് ഫിഷ് കറി. ഐ വില്‍ ഹെല്‍പ് യൂ ടു ഫിനിഷ് ഇറ്റ്. യൂ ആര്‍ എ ഗുഡ് കുക്ക് ഷംപാ.'

നാളത്തെ അവളുടെ മീന്‍കറിയോര്‍ത്ത് വെണ്ടക്കാ-പൊട്ടെറ്റോ സബ്ജിയിലെ വെണ്ടക്ക മാത്രം വിഴുങ്ങി ഞാനെണീറ്റു. 

സത്യം പറഞ്ഞാല്‍, മൂന്ന് ദിവസം കൊണ്ട് ഉരുളക്കിഴങ്ങിനെ ഞാന്‍ വെറുത്ത് തുടങ്ങിയിരുന്നു. 

രാത്രി ഉണ്ടാക്കിയതിന്റെ ബാക്കി ചൂടാക്കി കഴിച്ചാണ് പിറ്റേ ദിവസം രാവിലെ ജോലിക്ക് പോകുന്നത്. 

രാവിലേയും ഉരുളക്കിഴങ്ങ് കഴിച്ച് ഓഫീസിലെത്തി ജോലി തുടങ്ങുമ്പോഴേക്കും വയറിനുള്ളില്‍ നിന്നും അപശബ്ദങ്ങളുയരും, വയറ് വീര്‍ക്കുന്നത് പോലെയും തോന്നും. 

ഇവളീ പണി തുടരുകയാണെങ്കില്‍ ഒരു വാശിക്ക് ഞാന്‍ കുക്കിങ്ങേറ്റെടുത്തോളാം എന്നൊക്കെ പറയണം എന്നുണ്ട്. പക്ഷേ...

ഷംപ പിന്നീട് വാടക ഷെയര്‍ ചെയ്തില്ലെങ്കിലോ?

വയറ് നിറച്ച് ചോറ് മീന്‍കറിയും കൂട്ടി ഇന്ന് കഴിക്കണം. അന്ന് മുഴുവന്‍ ഞാന്‍ പാടി നടന്നു.

അയില വറുത്തതുണ്ട്, 
കരിമീന്‍ പൊരിച്ചതുണ്ട്.
കുടമ്പുളി ഇട്ട് വെച്ച....

കുടമ്പുളിയുടെ ഹിന്ദി എന്താണാവോ..!

ആഹ്! എന്ത് കുന്തേലും ആവട്ടെ.

ഒരു പാത്രം നിറയെ ചോറുമെടുത്ത് ഞാനിരുന്നു, മീന്‍ കറി വരുന്നതും കാത്ത്. 

ഫൈനലി, 

മീന്‍ കറി ചട്ടിയുമായി ഷംപ ആ ഗയി. നിലത്ത് വെച്ചതും സ്പൂണെടുത്ത് ഒന്നിളക്കി. കൊള്ളാം, കളര്‍ കണ്ടിട്ടൊരു ഭംഗിയൊക്കെയുണ്ട്. ഇളക്കിയ കയിലില്‍ കഷ്ണം തടഞ്ഞപ്പോള്‍ കോരിയങ്ങെടുത്തിട്ടു.

 

tulunadan kathakal humour column by tulu rose tony on cookery

നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളക്കിഴങ്ങ്!

ദൈവമേ! ഇവളിന്നും? 

ടേയ്, ഇത് ഒനക്കേ കൊഞ്ചം ഓവറാ തെരിയില്ലയേ!

'ഷംപാ, ഫിര്‍ ബി പൊട്ടെറ്റോ?'

'നഹീ നഹീ റോസ്. ഇസ്‌മേ ഫിഷ് ബീ ഹേ. ചെക്ക് കര്‍.'

ചൂണ്ടയിട്ട് പിടിക്കാനാണോ ഇവളിനി ഉദ്ദേശിക്കുന്നത് ? അതോ ഇവളിനി മറന്ന് പോയോ മീന്‍ കറിയില്‍ മീനിടാന്‍?

ഇത് എന്തൊരിടപാടാണ്! 

മീന്‍ കറിയില്‍ ഉരുളക്കിഴങ്ങിടുന്ന സമ്പ്രദായം എവിടേയും കേട്ടിട്ടില്ല. ചോദിച്ച് നോക്കാം. അഥവാ ഇനി മീനിടാന്‍ മറന്നതാണെങ്കില്‍ പാവം മീനുകളെ മേയാന്‍ വിടുകയെങ്കിലും ചെയ്യാലോ! 

അവറ്റകള്‍ എവിടേലും പോയി ജീവിക്കട്ടെ.

'ഷംപാ, വൈ ഡൂ യു പുട്ട് പൊട്ടെറ്റോ ഇന്‍ ഫിഷ് കറി ടൂ?' - ദേഷ്യം പുറത്തേക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു.

'ഓ റോസ്, വീ കൊല്‍ക്കത്താ പീപ്പിള്‍ ലവ് പൊട്ടെറ്റോ. ആന്‍ഡ് വീ പുട്ട് ദാറ്റ് ഇന്‍ ആള്‍ കറീസ്. ടുഡേ ഐ ഗോട്ട് ബേബി പൊട്ടെറ്റോ ടു പുട്ട് ഔര്‍ ഫിഷ് കറി.'

'എന്നിട്ട് മീനെവെട്‌റീ കെഴങ്ങത്തീ?'

'ക്യാ റോസ്, കെയങ്ങ് മീന്‍സ് പൊട്ടെറ്റോ നാ? ഓ! യൂ ടൂ ലവ് ടു ഈറ്റ് പൊട്ടെറ്റോ?'

ഒരു സെക്കന്റ് കൊണ്ടെന്റെ പാത്രത്തില്‍ ബേബി പൊട്ടെറ്റോസ് ഓടി നടക്കാന്‍ തുടങ്ങി. കൂടെ എന്തോ ഒരു മീനിന്റെ തലയും. വാല് ബംഗാളിക്ക്. 

ഒരു മീന് കൊണ്ട് ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കിയ മഹാ കേമി!

തലയെങ്കില്‍ തല, തിന്നേക്കാം. 

മുള്ള് പോലും ബാക്കി വെക്കാതെ തിന്ന് കൊണ്ടിരിക്കുമ്പോള്‍ ഷംപ മൊഴിഞ്ഞു :

'കല്‍ തുമാരാ ടേണ്‍ ഹേ നാ റോസ്.'

അതില്‍ എന്റെ മൂഡ് പോയി.

പിറ്റേന്ന് ശനി. 

എന്റെ ദിവസം  

രക്ഷപ്പെടാന്‍ വല്ല മാര്‍ഗ്ഗവും? ഇല്ല. ഉണ്ടാക്കിയേ പറ്റൂ. പക്ഷേ, എന്തെടുത്ത് വെച്ചൊണ്ടാക്കും?

'ഷംപാ, വില്‍ ഹാവ് ഡിന്നര്‍ ഫ്രം ഔട്ട്‌സൈഡ് ടുമാറോ? മൈ ട്രീറ്റ്. ഓക്കേയ്?'

പാവം കുട്ടി. സ്വന്തം ഭക്ഷണം കഴിച്ച് കഴിച്ച് മടുപ്പായിന്ന് തോന്നുന്നു. വേഗം സമ്മതിച്ചു. 

സമാധാനം! ഇത്തവണ ഞാന്‍ രക്ഷപ്പെട്ടു. പിറ്റേ ദിവസം പോയി ചിക്കന്‍ ബിരിയാണിയും കഴിച്ച് പാഴ്‌സലും വാങ്ങിയാണ് ഞാന്‍ രക്ഷപ്പെട്ടത്. 

ഇനി അടുത്താഴ്ച  

ട്വിസ്റ്റ് : ഞാന്‍ പണ്ട് നല്ല ഒരു കുക്കായിരുന്നു. ജോലിക്ക് കയറിയപ്പോള്‍ അതൊക്കെ മറന്നു പോയതാ.

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!              

  

Latest Videos
Follow Us:
Download App:
  • android
  • ios