Humour| പരിപ്പ് ഗ്യാസാണ്, പരിപ്പും മുട്ടയും ഗ്യാസോട് ഗ്യാസാണ്!
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
അനസ്‌തേഷ്യ തരുമ്പോള്‍ പാതിമയക്കത്തില്‍ മനസ്സിലുള്ള രഹസ്യങ്ങള്‍ എല്ലാം വിളിച്ച് കൂവുമെന്ന് മരുന്നിന് പോലും ബോധമില്ലാത്ത എന്റെ അമ്മയും മൂന്നാല് ബ്രോസും എന്നെ പേടിപ്പിച്ചു. അവരേക്കാള്‍ എന്തുകൊണ്ടും ഒരു തരി ബോധം കൂടുതല്‍ ഇല്ലാത്തത് കൊണ്ട് ഞാനത് വിശ്വസിച്ചില്ല. എങ്കിലും ഒരു ബലക്കുറവ് പോലെ.
കര്‍ത്താവേ, ബോധമില്ലാതെ ലൈനടിച്ചവരുടേയും ലൈനടിക്കാന്‍ പോകുന്നവരുടേയും പേരെങ്ങാനും പറഞ്ഞാല് എന്റെ മാനം പോകുമല്ലോ.
ഔ അയ്യോ.
അയ്, എന്താത്! വയറിലൊരു പിടുത്തം!
എഴുന്നേറ്റ് നിന്ന് ഒന്ന് തൊട്ട് നോക്കി.
ഞെക്കി നോക്കി.
ഒന്ന് ചാടി നോക്കി.
'ഹേയ് ഇല്ലല്ലോ'
കോളേജിലേക്ക് പോകാന്‍ റെഡിയായി അടുക്കളയില്‍ ചെന്ന് പാത്രമൊക്കെ വാരി വലിച്ചിട്ടെന്തോ കഴിച്ച് ഓടാന്‍ തുടങ്ങിയപ്പോള്‍ ദേ പിന്നേയും അതെ വേദന.
'ഹമ്മേ!' - കസേരയിലിരുന്ന് പോയി.
'എന്താടീ?' എന്ന് അമ്മ ചോദിച്ചപ്പോഴേക്കും വേദന പോയി, ഞാനിറങ്ങി ബസ്സ് കയറാന്‍ ഓടിയിരുന്നു.
ഇടക്കിടക്ക് ഈ വേദന വരുവാന്‍ തുടങ്ങിയപ്പോള്‍ അമ്മ എന്നേയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോയി.
നമ്മുടെ സ്വന്തം ടി.ജി രവിയുടെ ചേട്ടന്‍ ആയിരുന്നു ഡോക്ടര്‍.
'എന്താ അസുഖം?'
'വയറ് വേദന'
'എവിടെയാ വേദന വരുന്നത്?'
'അത് പിന്നെ... വയറില്‍. അല്ലേ?'
'അതല്ല കുട്ടീ, ഏത് വശത്താ വേദന വരണത് എന്ന്.'
'ഓ അത് വലത് വശത്താ. അല്ലാ, ഇനി ഇടത് വശത്താണോ? അല്ലല്ല, വലത് വശത്താ.'
'ശര്‍ദ്ധിക്കാന്‍ വരുമോ?'
'വരണോ? വേണ്ടേ?'
'എന്തായാലും സ്‌കാനിന് എഴുതാം. എന്നിട്ട് നോക്കാം.'
ഒരാഴ്ച കഴിഞ്ഞ് റിപ്പോര്‍ട്ടുമായി ചെന്നു.
'ഡോക്ടറേ, സ്‌കാന്‍ റിപ്പോര്‍ട്ട്' - അമ്മ ബഹുമാനപുരസരം ഡോക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തു.
'പേടിക്കാനൊന്നുമില്ല. ഇത് അപ്പന്റിസൈറ്റിസ് ആണ്.'
ഹാവൂ രക്ഷപ്പെട്ടു. നാളെ തന്നെ ഓപ്പറേഷന്‍ ചെയ്യുമായിരിക്കും. അപ്പന്റിസൈറ്റിസ് വന്നാല്‍ ഉടനടി ഓപ്പറേഷന്‍ എന്നായിരുന്നു എന്റെ ധാരണ.
ജീവിതത്തിലെ ആദ്യത്തെ ഓപ്പറേഷനാണ്. തകര്‍ക്കണം എന്നൊക്കെ മനസ്സിലോര്‍ത്തിരുന്നു. ഒരു ഓപ്പറേഷന് വേണ്ടി അത്രക്ക് ഞാന്‍ മോഹിച്ചിരുന്നു. ഓരോരോ ചാപല്യങ്ങള്‍!
എന്റെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് ഡോക്ടര്‍ പറഞ്ഞു:
'പെട്ടെന്ന് സര്‍ജറി ചെയ്യേണ്ട ആവശ്യം ഒന്നുമില്ല. ഞാന്‍ മരുന്ന് തരാം വേദനക്ക്.'
അതെന്നാ പണിയാ എന്റെ ഡോക്ടറേ. ഞാനെത്ര ആഗ്രഹിച്ചതാ. വെറുതേയൊന്ന് ചെയ്തൂടേ!
ഡോക്ടര്‍ തുടര്‍ന്നു:
'ഇപ്പോള്‍ ഡിഗ്രി ഫൈനല്‍ അല്ലേ. ഒരു മാസം കൂടെ കഴിഞ്ഞാല്‍ എക്‌സാം അല്ലേ. അതൊക്കെ കഴിഞ്ഞ് ചെയ്താ മതി സര്‍ജറി.'
ഓപ്പറേഷന്റെ പേരും പറഞ്ഞ് പരീക്ഷ തൊലക്കാനായിരുന്നു എന്റെ പ്ലാന്‍. എല്ലാം വെറുതെ ആയല്ലോ. ശ്ശെടാ!
എങ്ങനെയൊന്ന് വേദന കൂട്ടാം എന്നായിരുന്നു ചിന്ത. ഒരു ഐഡിയയും കിട്ടിയില്ല. പക്ഷേ, എങ്ങനെയോ ഒരാഴ്ച കഴിഞ്ഞപ്പോള്‍ നല്ല അടിപൊളി വേദന.
വേദന വരുന്നു, ശര്‍ദ്ധിക്കാന്‍ വരുന്നൂ അങ്ങനെ പതുക്കെ പതുക്കെ മനസ്സ് കൊണ്ടും ശരീരം ഞാനൊരു രോഗിയായി മാറി.
വീണ്ടും ഡോക്ടര്‍:
'ചെറുതായി പഴുപ്പുണ്ട്. പക്ഷേ ഈ സ്റ്റേജില്‍ സര്‍ജറി വേണ്ട. ഒരാഴ്ച ഇവിടെ കിടക്കട്ടെ. വേദന മാറിയിട്ട് പോകാം. എക്‌സാം കഴിഞ്ഞിട്ട് ഓപ്പറേഷന്‍ ചെയ്യാം.'
ദേ പിന്നേം! ഇയാള്‍ടെ ഭാവം കണ്ടാല് ഞാന്‍ പോയി പരീക്ഷ എഴുതി ജയിച്ച്, ജോലി കിട്ടി, നാല് കാശ് സമ്പാദിച്ചിങ്ങേരെ നോക്കണം എന്ന പോലാണല്ലോ.
അങ്ങനെ എന്റെ ഓര്‍മ്മയിലാദ്യമായി ഞാനൊരു ആശുപത്രിയില്‍ കിടക്കാന്‍ പോകുന്നു. ഒരു ടൂര്‍ പോകുന്നത് പോലെ ആഘോഷമായിരുന്നു എന്റെ മനസ്സ്.
എനിക്ക് വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചറിയിച്ചു.
'ദേ, എല്ലാവരും എന്നെ കാണാന്‍ വരണേ. എന്തേലുമൊക്കെ തിന്നാന്‍ കൊണ്ട് വരണേ.'
അഡ്മിറ്റായി. നല്ല മുറി, നല്ല കട്ടില്, റോഡിലേക്ക് തുറന്ന് കിടക്കുന്ന ജനാല.
നഴ്‌സ്മാര്‍ വരുന്നു, എന്തൊക്കെയോ ചോദിക്കുന്നു, കുറിച്ചെടുക്കുന്നു. അങ്ങനെ ഞാനുമൊരു പേഷ്യന്റായി.
അവസാനം ഡോക്ടര്‍ വന്നു.
'എങ്ങനെയുണ്ട് ടുലൂ, വേദന?'
'ഒരു കുറവുമില്ല. ഓപ്പറേഷന്‍ ചേയ്യേണ്ടി വരുമാരിക്കും. അല്ലേ ഡോക്ടറേ?'
'ഹേയ്. വേണ്ട വേണ്ട. വേദന മാറ്റാനുള്ള മരുന്നൊക്കെ ഞാന്‍ തരാം. പക്ഷേ, കഞ്ഞി മാത്രമേ കഴിക്കാവൂ. എങ്കിലേ പഴുപ്പ് മാറൂ. പരീക്ഷ എഴുതണ്ടേ കുട്ടിക്ക്'
ങ്‌ഹേ! കഞ്ഞിയോ, എനിക്കോ?
'ഈ കഞ്ഞിയും ചോറുമൊക്കെ ഒന്നല്ലേ ഡോക്ടറേ. ഞാന്‍ ചോറിലിത്തിരി വെള്ളമൊഴിച്ച് ഒരു സെമി കഞ്ഞി ആയി കഴിച്ചാ പോരേ? പേരിന് സ്വല്‍പം ബീഫോ ചിക്കനോ മതീലോ.'
അത് കേട്ട ഭാവം പോലുമില്ലാതെ ഡോക്ടറങ്ങ് പോയി.
വെറുതെയല്ല കഞ്ഞി കുടിക്കാന്‍ പറഞ്ഞത്. വെറും കഞ്ഞി ഫെല്ലോ!
ആദ്യ ദിവസമല്ലേ, കഞ്ഞിയിലങ്ങ് തൃപ്തിപെട്ടു. പിറ്റേ ദിവസം മുതല്‍ ചെറുതായി തലയിലൂടെ എന്തോ മൂളുന്നത് പോലെയൊക്കെ തോന്നി തുടങ്ങി.
വിശപ്പിന്റെ വിളി
ഇങ്ങനേമുണ്ടോ ഒരു ഹോസ്പിറ്റല്‍! ഇവിടുള്ളോരെങ്ങെനെ ജീവിക്കും!
ഭക്ഷണമോ കിട്ടുന്നില്ല. എന്നാല്‍ പിന്നെ സമാധാനമായി കിടക്കാമെന്ന് വെച്ചാല്‍ അതും സമ്മതിക്കില്ല.
പുലര്‍ച്ചെ നല്ല ഉറക്കം പിടിച്ച് കിടക്കുമ്പോള്‍ വരും ഒരു പാട്ടയും കൈയില് പിടിച്ച് ഒരു നഴ്‌സ് വരും. ബി.പി നോക്കാനാണത്രേ. വേറൊരു പണിയുമില്ല.
അത് കഴിഞ്ഞാല്‍ പത്ത് മിനിറ്റ് കഴിയുമ്പോ വേറെ നഴ്‌സ് വരും, എനിക്കെന്തൊക്കെയാ തോന്നുന്നെ എന്നറിയാന്‍.
വായേല് വന്ന തോന്നലൊക്കെ നഴ്‌സിന്റെ കേസ് ഫയലിലേക്ക് ശര്‍ദ്ദിച്ച് കഴിയുമ്പോള്‍, ദേ വരുന്നു അടുത്തത്. ബാത്ത് റൂം ക്ലീനിങ്ങാണ് പോലും.
ആകെ മൊത്തം ടോട്ടല്‍ തേക്കിന്‍കാട് മൈതാനത്ത് വെടിക്കെട്ട് കഴിഞ്ഞ് കിടന്നുറങ്ങുന്ന ഒരു ഫീല്‍
എന്തെങ്കിലും തിന്നാമെന്ന് വെച്ചാല്‍ കഞ്ഞികള്‍ കഞ്ഞിയേ തരൂ.
മൂന്നാം ദിവസം ഡോക്ടര്‍ വന്നപ്പോള്‍,
'ഡോക്ടറേ, വെറുതെ എന്നെയിങ്ങനെ വന്ന് നോക്കുന്ന നേരം എന്നെയങ്ങ് ഓപ്പറേഷിച്ചൂടേ? അല്ലേല് ഒരൊറ്റ നഴ്‌സ്മാരോടും ഇവിടേക്ക് വരണ്ടാന്ന് പറയണം. മനുഷ്യനൊന്നുറങ്ങീട്ടെത്ര ദിവസായീന്നറിയാമോ? രണ്ട് ദിവസം കര്‍ത്താവേ, രണ്ട് ദിവസം. അതും ഞാന്‍!'
പക്ഷേ..
നാലാം ദിവസം, വേദന കൂടുന്നു, സ്‌കാനിങ്ങ് നടത്തുന്നു, സീരിയസായി സംസാരിക്കുന്നൂ - ഫൈനലി, ഡിഗ്രീ ഫൈനല്‍ പരീക്ഷ എഴുതണ്ടാ എന്ന് ഡോക്ടര്‍ നിശ്ചയിച്ചു.
ഹാവൂ സമാധാനമായി.
ഒരു വര്‍ഷം പോയല്ലോ എന്ന കഠിനമായ ദു:ഖത്തോടെ ഞാന്‍ പറഞ്ഞു:
'ഡോക്ടര്‍, ഓപ്പറേഷന്‍ കഴിഞ്ഞാല്‍ റെസ്റ്റ് വേണ്ടി വരുമല്ലോ അല്ലേ ഇല്ലേ ഉവ്വല്ലോ ഇണ്ടല്ലോ ലേ ങേ?'
'എക്‌സാമെഴുതാനൊന്നും പോയേക്കരുത് കേട്ടോ. ഒരു മാസം വീട്ടില് അടങ്ങിയിരിക്കണം. അത് നിര്‍ബന്ധമാ. ടുലു വിഷമിക്കണ്ട. അടുത്ത സെപ്റ്റംബറില്‍ എഴുതാം ഇനി പരീക്ഷ.'
ഹായ്! രോഗി ഇച്ഛിച്ചതും....
ടി. ജി. രവിയുടെ ചേട്ടനായത് കൊണ്ട് ആ ഡോക്ടര്‍ രക്ഷപ്പെട്ടു. അല്ലേലങ്ങേരെ ഞാനൊന്ന് ഉമ്മ വെച്ച് ആനന്ദാശ്രുപ്പെടുത്തിയേനെ.
കാത്ത് കാത്ത് കിടന്ന് കിട്ടിയൊരോപ്പറേഷനാണെന്നോര്‍ക്കണം. അപ്പന്റിസൈറ്റിസ് അത്ര പ്രശ്‌നക്കാരനല്ലാത്തത് കൊണ്ട് എല്ലാവര്‍ക്കും അതൊരു സംഭവമേ ആയിരുന്നില്ല, എനിക്കൊഴികെ.
ഞാന്‍ ഭയങ്കര ത്രില്ലടിച്ചങ്ങനെ നടക്കുകയും കിടക്കുകയും ചെയ്തു.
തലേ ദിവസം എത്ര പേരാണ് എന്നെ കാണാന്‍ വന്നത്. എല്ലാവരും എന്തൊക്കെ സാധനങ്ങളാ എനിക്ക് തിന്നാന്‍ കൊണ്ട് വന്നത്.
പലഹാരങ്ങളില്‍ നോക്കി ഞാന്‍ വെള്ളമിറക്കി. വല്ലാത്തൊരു അവസ്ഥ!
ആ എന്റെ മുന്നിലിരുന്ന് തിന്നാന്‍ അവറ്റകള്‍ക്ക് യാതൊരുളുപ്പും ഉണ്ടായിരുന്നില്ല.
കഴിക്കുന്നതിനിടയില്‍ എല്ലാവരും എന്നെ ഉപദേശിച്ചു.
അനസ്‌തേഷ്യ തരുമ്പോള്‍ പാതിമയക്കത്തില്‍ മനസ്സിലുള്ള രഹസ്യങ്ങള്‍ എല്ലാം വിളിച്ച് കൂവുമെന്ന് മരുന്നിന് പോലും ബോധമില്ലാത്ത എന്റെ അമ്മയും മൂന്നാല് ബ്രോസും എന്നെ പേടിപ്പിച്ചു.
അവരേക്കാള്‍ എന്തുകൊണ്ടും ഒരു തരി ബോധം കൂടുതല്‍ ഇല്ലാത്തത് കൊണ്ട് ഞാനത് വിശ്വസിച്ചില്ല. എങ്കിലും ഒരു ബലക്കുറവ് പോലെ.
കര്‍ത്താവേ, ബോധമില്ലാതെ ലൈനടിച്ചവരുടേയും ലൈനടിക്കാന്‍ പോകുന്നവരുടേയും പേരെങ്ങാനും പറഞ്ഞാല് എന്റെ മാനം പോകുമല്ലോ.
അന്ന് വൈകുന്നേരം മുതല്‍ പട്ടിണി ആയിരുന്നു. പിറ്റേ ദിവസം 11 മണിക്കാണ് സംഭവം. ഓപ്പറേഷന് പോകുമ്പോള്‍ പച്ച വെള്ളം പോലും തരില്ലെന്ന് ഞാനറിഞ്ഞിരുന്നില്ല.
അറിഞ്ഞിരുന്നേല്, വയറ് വേദനയുടെ കാഠിന്യം ഞാനൊന്ന് ഫസ്റ്റ് ഗീയറില്‍ പിടിച്ചേനെ. വിശന്ന് ഗ്യാസും കയറി, പ്രാന്തിളകി കിടന്നത് കൊണ്ടാവും ബോധം പോയപ്പോഴും മസാല ദോശ ആയിരുന്നു മനസ്സില്‍.
അങ്ങനെ എന്റെ ആദ്യത്തെ ഓപ്പറേഷന് അടക്കവും ഒതുക്കത്തോടും കൂടെ ഞാന്‍ ആ ടേബിളില്‍ ബോധം കെട്ട് കിടന്നു.
അങ്ങനെ എന്റെ കാമുകന്മാരെല്ലാം ഭദ്രം ആയി എന്റെ ഉള്ളിലിരുന്നു.
പാവങ്ങളല്ലേ. അവര്‍ക്കും ആഗ്രഹങ്ങളില്ലേ...
അവര്‍ക്കും വേണ്ടേ ഒരു തല്ലിപ്പൊളി ജീവിതമൊക്കെ!
അങ്ങനെ ഓപ്പറേഷന്‍ സക്‌സസ്!
ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാര്‍ജ് ആകുമ്പോള്‍ ഡോക്ടര്‍ ഉപദേശിച്ചു.
'കുട്ടീ, വാരി വലിച്ചൊന്നും കഴിക്കരുത്. ലൈറ്റായിട്ടുള്ളതേ കഴിക്കാവൂ കേട്ടോ.'
എല്ലാം തലയാട്ടി കേട്ടു.
വീട്ടിലെത്തേണ്ട താമസം, ഒരു പ്ലേറ്റ് ചോറും പരിപ്പും മുട്ടയും എല്ലാം കൂടി കൊഴച്ച് കൊഴച്ച് കഴിച്ചു.
ഹോ! എന്തൊരു സുഖമാ.
ഈ ലോകത്ത് ഏറ്റവും രസമുള്ള കാര്യം ഇതാണ്. ഇങ്ങനെയങ്ങ് തിന്നുക, തിന്നോണ്ടേയിരിക്കുക.
നേരം പോകുന്നത് അറിയുകയേ ഇല്ല.
NB: പരിപ്പ് ഗ്യാസാണ്, പരിപ്പും മുട്ടയും ഗ്യാസോട് ഗ്യാസാണ്!
ടുലുനാടന്‍ കഥകള്‍: വായിച്ചു ചിരിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം