അല്ല, അപ്പച്ചനെന്തിനാ അന്ന് തോറ്റുതന്നത്?
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
'നിങ്ങളോരോ പണി കാണിച്ചിട്ട് അവള് ഈ നേരം വരെ കരച്ചില് നിര്‍ത്തീട്ടില്ല്യ. ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല്യ.' - വീട്ടിലേക്ക് കയറി വന്ന അപ്പച്ചനോട് അമ്മ പറഞ്ഞു. 'ഓ , അത് സാരമില്ല. അവള് കരയട്ടെ. വെശക്കുമ്പോ എടുത്ത് തന്നെ തിന്നോളും.' ഹൗ! എന്തൊരു ക്രൂരത! വല്ല തവിട് കൊടുത്ത് വാങ്ങിയതാണാവോ എന്നെ! കുഞ്ഞിയേ പോലെ എന്നേം കൊണ്ട് കളയാരുന്നില്ലേ ഇതിലും ഭേദം. ഞാന്‍ തേങ്ങി...അപ്പച്ചന്റെ മുഴക്കമുള്ള സ്വരം കേട്ടപ്പോള്‍ ഞാന്‍ എപ്പോഴത്തേയും പോലെ ബഹുമാനപുരസ്‌കരം കട്ടിലില്‍ ഒതുങ്ങി. പേടിച്ചിട്ടാണോ, ഹേയ് അല്ല!
എല്ലാരും ഇവിടെ നോക്കൂ... ഞാനൊരു ഗുണപാഠകഥ പറഞ്ഞ് തരാം.
പണ്ട് എനിക്കൊരു പൂച്ച ഉണ്ടായിരുന്നു. വെളുപ്പില്‍ കറുത്ത പാണ്ടുള്ള ഒരു നാടന്‍ പൂച്ച. പുറത്ത് പറയാന്‍ പാടില്ലാത്ത പേരാണ് പെണ്ണിന്. അതുകൊണ്ടവളെ കുഞ്ഞി എന്ന് വിളിക്കാം.
ഒരു ക്രൂരനായ പൂച്ച വിരോധി ആയിരുന്ന എന്റെ അപ്പച്ചന്‍ പോലും പിന്നീട് എന്റെ മൃഗസ്‌നേഹം കണ്ട് പൂച്ചകളെ സ്‌നേഹിക്കാന്‍ തുടങ്ങി. അത് വരേക്കും പൂച്ചകളെ തല്ലി കൊന്നിരുന്ന മഹാനായിരുന്നു. അതുകൊണ്ടാണ് അപ്പച്ചന്റെ കൈ വിറക്കുന്നത് എന്നാണ് പരക്കേയുണ്ടായിരുന്ന ഖ്യാതി. അല്ലാതെ രാവിലെ എഴുന്നേറ്റ് രണ്ടെണ്ണം വീശാത്തത് കൊണ്ടല്ല.
അരി കുത്തി കൊണ്ടിരിക്കുന്ന പൂച്ചകള്‍ക്ക് പെട്ടെന്ന് പ്രസവ വേദന വരുമ്പോള്‍ ഓടി പോയി പ്രസവിക്കാനുള്ള ഇടമായിരുന്നു ഞങ്ങളുടെ തറവാടിന്റെ മച്ച്. അങ്ങനെ വഴിയേ പോയ ഏതോ ഒരു നാടന്‍ പൂച്ചയുടെ കുഞ്ഞാണ് ഞങ്ങളുടെ കുഞ്ഞി.
കുഞ്ഞി വളരെ എളുപ്പത്തില്‍ എല്ലാവരുടേയും സ്‌നേഹം പിടിച്ച് പറ്റി. കുട്ടികളും വലിയവരും ഒരു പോലെ പേടിച്ചിരുന്ന അപ്പച്ചനെ പോലും അവള്‍ മയക്കി. ഉറക്കം വരുമ്പോള്‍ വാലും പൊക്കിപ്പിടിച്ച് 'ങ്യാ.....വൂ..ഹൂ' എന്ന് കരഞ്ഞ് കൊണ്ട് അപ്പച്ചനെ വലയിലാക്കി.
മേശപ്പുറത്ത് ചാള വറുത്ത് വെച്ചാലും കുഞ്ഞി കട്ടെടുക്കില്ല. അമ്മ കൊടുത്താലേ എടുത്ത് കഴിക്കൂ.
പ്രായപൂര്‍ത്തി ആയപ്പോള്‍ അവളെ കാണാന്‍ വായനോക്കികളായ കണ്ടന്‍ പൂച്ചകള്‍ വീടിനു ചുറ്റും റോന്ത് ചുറ്റാന്‍ തുടങ്ങി. അവരെയെല്ലാം വശീകരിച്ച് കൊണ്ട് കുഞ്ഞി പിന്നേയും സുന്ദരി ആയിക്കൊണ്ടേയിരുന്നു.
ഒരു ദിവസം ഞാന്‍ കോളേജിലായിരുന്ന സമയത്ത് അപ്പച്ചന്‍ ഉച്ചക്ക് വീട്ടില്‍ വന്നപ്പോള്‍ കൈയിലൊരു കുഞ്ഞ് ശീമ പൂച്ച. ദേഹം മുഴുവനും ഒരുപാട് രോമവും നീണ്ട വാലും നീലക്കണ്ണുകളും ഉള്ള ഒരു സുന്ദരി പൂച്ച.
'ഇവളെ ഇവിടെ വളര്‍ത്താം.' - അപ്പച്ചന്‍.
'കുഞ്ഞി ഇണങ്ങുമോ ആവോ!' - അമ്മ.
'ഇണങ്ങിയില്ലെങ്കില്‍ കുഞ്ഞീനെ കളയാം' - യാതൊരു ഭാവമാറ്റവുമില്ലാതെ അപ്പച്ചന്‍.
'നിങ്ങളെന്താ ഈ പറയണത്? ടുലു പിന്നെ സൈ്വര്യം തരില്ല്യ കുഞ്ഞീനെ കളഞ്ഞാല്.'
'ങാ, അതൊന്നും സാരല്ല്യ. ഒരു നാടന്‍ പൂച്ച്യല്ലേ പോട്ടങ്ങട്. ഈ ശീമപൂച്ച മതി ഇവിടെ.' - യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെയുള്ള അപ്പച്ചന്റെ വാക്കുകള്‍ അമ്മയുടെ വായ അടച്ചു.
അപ്പച്ചന്റെ നിലപാടുകള്‍ പലപ്പോഴും ഇങ്ങനെ ന്യായമല്ലാത്തതായിരുന്നു.
ജയിക്കില്ല എന്നറിഞ്ഞിട്ടും അമ്മ എനിക്ക് വേണ്ടി വാദിച്ചു, പതിവ് പോലെ തോറ്റ് തൊപ്പിയുമിട്ടു.
കുഞ്ഞിയും ശീമപ്പൂച്ചയും തമ്മില്‍ ഒരു വലിയ യുദ്ധം തന്നെ നടന്നു.
ശീമപ്പൂച്ചയുടെ മേലെ കയറി നിന്ന് കൈ ഉയര്‍ത്തി കുഞ്ഞി കൂവി.
'ഫയല്‍വാന്‍ ജയിച്ചേ'
ദേഷ്യം വന്ന അപ്പച്ചന്‍ കുഞ്ഞിയെ എടുത്ത് ഒരു ചാക്കിലിട്ട് ഇറങ്ങി പോയി.
ഇതൊന്നുമറിയാതെ ഞാന്‍ കോളേജില്‍ നിന്നും വന്ന് ചോറുമുണ്ട് ടീ വിയും നോക്കി ഹോളില്‍ സോഫയില്‍ ഇരുന്നു.
ഞാനങ്ങനെ ഇരുന്നാലുടന്‍ കുഞ്ഞി വന്ന് മടിയില്‍ കിടക്കുമായിരുന്നു.
'കുഞ്ഞി എവിടെ? കണ്ടില്ലല്ലോ.'
അപ്പോഴാണ് ചുരുണ്ട് കൂടിയുറങ്ങുന്ന ശീമപ്പൂച്ചയെ ഞാന്‍ കണ്ടത്.
'അയ്, ഇതേതാ ഈ ശീമ പൂച്ച? നല്ല ഭംഗീണ്ടല്ലോ.' - ഞാനതിനെ ഉഴിഞ്ഞു.
'അത് അപ്പച്ചനാരോ കൊടുത്തതാ. ഇവിടെ വളര്‍ത്താന്‍.' - അമ്മ തൊട്ടും തൊടാതെയും ഒരു മറുപടി.
'എന്നിട്ട് , കുഞ്ഞി കണ്ടോ ഇതിനെ? ഇണങ്ങിയോ അവള്?'
'അതേയ്, കുഞ്ഞീനെ അപ്പച്ചനെങ്ങടോ കൊണ്ട് പോയി. ഈ പൂച്ച ആയി ഇണങ്ങാത്തോണ്ട്.'- അമ്മ എന്നെ നോക്കാതെ പറഞ്ഞു.
'എന്തൂട്ട്! എങ്ങട് കൊണ്ടോയീന്ന്?'- എന്റെ നെഞ്ചിടിച്ചു.
'എനിക്കറിയില്ല എന്റെ പൊന്നേ. നിന്റപ്പച്ചനോടെനിക്ക് വല്ലോം പറയാന്‍ പറ്റ്വോ? അതിനെ എടുത്ത് കൊണ്ട് പോണത് കണ്ടു.'
കേട്ടതും ഒരൊറ്റ കരച്ചിലങ്ങ് വെച്ച് കൊടുത്തു. അപ്പച്ചന്‍ വീട്ടില് വരേണ്ട താമസം മുട്ട് കാല് തല്ലിയൊടിക്കാന്‍ തീരുമാനവും ഇട്ടു.
കുറേ കരഞ്ഞ് കരഞ്ഞൊരു സമാധാനം കിട്ടിയപ്പോള്‍ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ വെറുതെ മൂടി വെച്ചിരുന്ന ഒരു പാത്രമെടുത്ത് ഒരേറ് കൊടുത്തു.
'ദേ മര്യാദക്കെന്റെ കുഞ്ഞീനെ ഇവിടേക്ക് കൊണ്ട് വന്നില്ലെങ്കില് ഈ വീട്ടീന്ന് പച്ച വെള്ളം ഞാന്‍ കുടിക്കില്ല നോക്കിക്കോ.'- എന്ന് പറഞ്ഞ് ഫ്രിഡ്ജ് തുറന്നൊരു കുപ്പി വായിലേക്ക് കമഴ്ത്തി.
'നോക്കണ്ടാ. ഇതിന് ശേഷം കുടിക്കില്ല്യാന്നാ പറഞ്ഞത്.' - കുപ്പി വലിച്ചെറിഞ്ഞ് നടന്നു.
'ഈ വര്‍ത്തമാനൊക്കെ അപ്പച്ചന്‍ വരുമ്പോ നീ നേരിട്ട് പറഞ്ഞോ.'- പുച്ഛത്തോട് പുച്ഛം അമ്മക്ക്.
അമ്മക്കറിയാം അപ്പച്ചനോട് മിണ്ടുവാന്‍ പോയിട്ട്, നേരെയൊന്ന് നോക്കിയാല്‍ പോലും ഞാന്‍ പേടിച്ച് മുള്ളുമെന്ന്.
മുറിയില്‍ കയറി ഞാന്‍ കുഞ്ഞിയെ ഓര്‍ത്ത് കരയാന്‍ തുടങ്ങി. അപ്പോഴാണ് അപ്പച്ചന്റെ ശീമ പൂച്ച എന്റെ മുന്നില്‍ വന്ന് കിടന്നത്.
'നീ ഞെളിഞ്ഞ് കെടക്കെടീ.നിന്നെ ഞാന്‍ കൊല്ലും. പട്ടി പൂച്ചേ തെണ്ടി പൂച്ചേ.'
അതൊന്ന് കണ്ണ് തുറന്ന് നോക്കിയിട്ട് ചുരുണ്ട് കൂടി, ഒരു പഞ്ഞിക്കെട്ട്!
ഹായ് എന്തൊരു ഭംഗി! വെറുതെയല്ല അപ്പച്ചനിതിനെ കൊണ്ട് വന്നത്. ഞാനതിനെ പിന്നേയും ഒന്നുഴിഞ്ഞു.
'നിങ്ങളോരോ പണി കാണിച്ചിട്ട് അവള് ഈ നേരം വരെ കരച്ചില് നിര്‍ത്തീട്ടില്ല്യ. ഒരു ഗ്ലാസ് വെള്ളം പോലും കുടിച്ചിട്ടില്ല്യ.' - വീട്ടിലേക്ക് കയറി വന്ന അപ്പച്ചനോട് അമ്മ പറഞ്ഞു.
'ഓ , അത് സാരമില്ല. അവള് കരയട്ടെ. വെശക്കുമ്പോ എടുത്ത് തന്നെ തിന്നോളും.'
ഹൗ! എന്തൊരു ക്രൂരത! വല്ല തവിട് കൊടുത്ത് വാങ്ങിയതാണാവോ എന്നെ! കുഞ്ഞിയേ പോലെ എന്നേം കൊണ്ട് കളയാരുന്നില്ലേ ഇതിലും ഭേദം.
ഞാന്‍ തേങ്ങി...
അപ്പച്ചന്റെ മുഴക്കമുള്ള സ്വരം കേട്ടപ്പോള്‍ ഞാന്‍ എപ്പോഴത്തേയും പോലെ ബഹുമാനപുരസ്‌കരം കട്ടിലില്‍ ഒതുങ്ങി.
പേടിച്ചിട്ടാണോ, ഹേയ് അല്ല!
ഒരു ദിവസം കഴിഞ്ഞു. ആ ഒറ്റക്കുപ്പി വെള്ളത്തിന് ശേഷം ഒരു തരി അരിമണിയും നാല് കഷ്ണം ബീഫും ഞാന്‍ കഴിച്ചിട്ടില്ല.
വിശന്നിട്ടും വയ്യ. വലിയ പ്രതിജ്ഞ എടുത്തും പോയി പണ്ടാരം! അപ്പച്ചന്‍ കുഞ്ഞിയെ കൊണ്ട് വരുന്ന ലക്ഷണമൊട്ട് ഇല്ലതാനും.
ഇനിയെന്ത്?
ഇതികര്‍ത്തവ്യാമൂഢയായി പോയി ഞാന്‍.
പെട്ടെന്നാണ് ആ പൂച്ച നാദം ഒഴുകി വന്നത്.
മ്....യ്യ്യാ....വൂ...ഹൂ....
എന്റെ കുഞ്ഞിയുടെ കരച്ചില്‍. കട്ടിലില്‍ നിന്നും ചാടി ഞാന്‍ ഓടി. ഒരു ദിവസം മുഴുവനും കറങ്ങി തിരിഞ്ഞ് കുഞ്ഞി തനിയേ വീട് കണ്ട് പിടിച്ച് തിരിച്ച് വന്നിരിക്കുന്നു.
കുഞ്ഞിയോടാ കളി!
ക്ഷീണമൊന്നും വക വെക്കാതെ വാലുയര്‍ത്തി വിറപ്പിച്ച് കൊണ്ട് അവള്‍ നേരെ അപ്പച്ചന്റെ കാല്‍വണ്ണയില്‍ പോയി സ്‌നേഹത്തോടെ ഉരുമ്മി.
ഈശോയെ, ഇപ്പൊ കിട്ടും ചവിട്ട്. ഇവളിത്രക്ക് പൊട്ടിയായല്ലോ.
ഞാന്‍ കുഞ്ഞിയെ എടുത്ത് എന്റെ മുറിയിലേക്ക് പോന്നു.
ഒറ്റക്കണ്ണടച്ച് പാളി നോക്കിയപ്പോള്‍ അപ്പച്ചന്‍ ഒരുപാട് രോമമുള്ള ആ ശീമപ്പൂച്ചയെ എടുത്ത് പറഞ്ഞു :
'ഇതിനെ തിരിച്ച് കൊടുത്തിട്ട് വരാം.''
അത് വരെ വിശന്ന് പൊരിഞ്ഞിരുന്ന ഞാന്‍ ആര്‍ത്തി പിടിച്ച് ചോറ് വായേല് ഉരുട്ടി വെച്ച് പറഞ്ഞു.
'ഇപ്പെന്തായീ ഇപ്പെന്തായീ? ഒരു ശീമപൂച്ചേം അപ്പച്ചനും. അല്ല പിന്നെ. നാണം കെട്ടില്ലേ.'
'ങാ ഇതും അപ്പച്ചനാ വരുമ്പോ നേരിട്ട് പറഞ്ഞോട്ടോ.'- എഗെയ്ന്‍ സെയിം ഓള്‍ഡ് ഡയലോഗ് ഫ്രം പൊന്നമ്മച്ചി.
ആക്കിയതാണെന്ന് മനസ്സിലാവാഞ്ഞിട്ടല്ല, വിശന്ന് ചാവാറായത് കൊണ്ട് ഞാന്‍ വെറുതേ വിട്ടു.
ഒരു ഏമ്പക്കം വിട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കുഞ്ഞിയോട് പറഞ്ഞു :
'പാവം ആ പൂച്ച. അതിനേം കൂടെ നിര്‍ത്താമാരുന്നു. നീ കാരണമാ കുശുമ്പി കുഞ്ഞീ.'
കുഞ്ഞിയും ഒരേമ്പക്കം വിട്ട് കേള്‍ക്കാത്ത പോലെ ചുരുണ്ട് കൂടി.
ഇനി ഗുണപാഠം :
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കരുത്. അതായത്, പുതിയ ആളെ കിട്ടുമ്പോള്‍ പഴയ ആളെ മറക്കരുത്. അത് മൃഗമായാലും ശരി മനുഷ്യനായാലും ശരി!
രണ്ട് പേരേയും നിര്‍ത്തണം. അതല്ലേ ഹീറോയിസം!
ടുലുനാടന്‍ കഥകള്‍: വായിച്ചു ചിരിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം