ദൈവമേ, അവളുടെ മൂക്ക് പഴുക്കണേ..., അതായിരുന്നു അന്നെന്റെ ഏക പ്രാര്‍ത്ഥന!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Tony on nose ring

അവിടുന്ന് തല താഴ്ത്തി, കണ്ണ് നിറഞ്ഞ് ഇറങ്ങുമ്പോള്‍ മനസ്സിലൊറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. 'ദൈവമേ, അവളുടെ മൂക്ക് പഴുക്കണേ...' അങ്ങനെയാണ് ഒരു പ്രപഞ്ച സത്യം ഞാന്‍ മനസ്സിലാക്കിയത്; ദൈവത്തിനൊന്നും എന്നെ വേണ്ട എന്ന ചെറിയ വലിയ സത്യം!

 

Tulunadan kathakal a column by Tulu Rose Tony on nose ring

 

'നീ മൂക്ക് കുത്തണം.'

അമ്മ ഇതെന്നോട് പറയുമ്പോള്‍ എനിക്ക് പ്രായം ഒരു പന്ത്രണ്ടേ - പന്ത്രണ്ടേ കാല്. അമ്മ തുടര്‍ന്നു:

'എന്റൊരു വല്യ ആഗ്രഹമാരുന്നു മൂക്ക് കുത്തണമെന്ന്. അത് നടന്നില്ല. നീയെങ്കിലും ഒന്ന് കുത്ത്.'

'അതെന്താ നടക്കാഞ്ഞെ, കുത്താരുന്നില്ലേ?' 

'ഉം, അതും പറഞ്ഞങ്ങോട്ട് ചെന്നാലും മതി. നിന്റപ്പാപ്പന്‍ എന്നെ ഒലക്കക്കടിക്കും. ആഹ് പിന്നെ എന്റെ മൂക്കിന് നീളമില്ലല്ലോ,  കുത്തിയാലും ഭംഗി കാണില്ല എന്ന് സ്വയം ഞാനങ്ങ് ആശ്വസിച്ചു.'

ഞാന്‍ എഴുന്നേറ്റ് ചെന്ന് കണ്ണാടിയില്‍ നോക്കി. നേരേയും ചെരിഞ്ഞും കൊഞ്ഞനം കുത്തിയും മൂക്ക് നോക്കി. 

ഹാവൂ! എന്റെ കുഞ്ഞി മൂക്കല്ല. പാകത്തിന് നീളം ഉണ്ട്. അപ്പോള്‍ കുത്തിയേക്കാം.

അങ്ങനെ അടുത്ത അവധിക്ക് തൃശ്ശൂര് വീട്ടില്‍ പോകുമ്പോള്‍ സംഗതി നടപ്പിലാക്കാം എന്ന് ഞങ്ങള്‍ തീരുമാനവും എടുത്തു. 

തൃശ്ശൂര് വീട് - അമ്മ വീട് - അവിടേക്കെത്താനായിരുന്നു ഞാനും കെവിനും ഓരോ ദിവസവും എണ്ണിയെണ്ണി സ്‌കൂളില്‍ പോയിരുന്നത്. 

ഒല്ലൂര് തറവാട് ഞങ്ങള്‍ക്കൊരു കാരാഗ്രഹമായിരുന്നെങ്കില്‍ തൃശ്ശൂര് വീട് കുട്ടികളുടെ മാത്രം സ്വര്‍ഗ്ഗമായിരുന്നു. 

അവിടെയെത്തിയ ആദ്യ ദിവസം തന്നെ ഞാന്‍ പ്രഖ്യാപിച്ചു :

'എന്റെ മൂക്ക് കുത്താന്‍ പോവ്വാ.'

ഉടനേ വന്നു അശരീരി :

'കുത്തീട്ടൊരു കയറൂടങ്ങട് ഇട്ടോടീ.'

ചേയ് ഹൂ വാസ് ദാറ്റ്?

വെരീ സില്ലീ പൂവര്‍ കണ്‍ട്രി ഇഡിയറ്റ് ഗ്രാന്‍പാ! മൈ നമ്പര്‍ വണ്‍ എനിമി ഫോറെവെര്‍!

'അപ്പാപ്പാ, ഇങ്ങട് നോക്ക്യേ. കയറിടാനാണോ മൂക്ക് കുത്തണത്! പശൂനും കാളകള്‍ക്കുമല്ലേ മൂക്കില് കയറിടണത്? അത് പോലും അറിയാതെയാണോ ഇങ്ങനെ തലമുടീം നരപ്പിച്ച് കാര്‍ന്നോര് കളിക്കണേ?'

'ആഹ്! കാളോള്‍ക്കന്ന്യണ് കയറിടാ, മൂക്ക് കയറ് അടക്കി നിര്‍ത്താന്‍..! അതോണ്ടാ നിനക്കുമിട്ടോളാന്‍ പറഞ്ഞേ.'

ഓ.....ഹോ അപ്പ തന്തപ്പിടി എനിക്കിട്ട് വെച്ചതാണ് . ഇങ്ങേരെ ഇന്ന് അമ്മാമേനെ കൊണ്ട് നാല് ഇടി കൊടുപ്പിച്ചിട്ടന്നെ കാര്യം.

ഇതിനിടയില്‍ മൂക്ക് കുത്താന്‍ ഒരാള്‍ കൂടെ റെഡി ആയി. ആ ആള്‍ എന്റെ ചേച്ചിയായിട്ട് വരും.
പേര് മില്ലി.

ഇവളെന്നും എനിക്കൊരു പാരയായിരുന്നു. 

'മില്ലീനെ കണ്ട് പഠിക്ക്, മില്ലീനെ കണ്ട് പഠിക്ക്!'

ആ വീട്ടില്‍ ദിവസവും ഞാന്‍ കേട്ടിരുന്ന കൂട്ട അനൗണ്‍സ്‌മെന്റായിരുന്നു അത്. 

അവള്‍ ജനിച്ച് വീണപ്പോഴേ അടക്കവും ഒതുക്കവും ഓരോ കലം വീതം കോരി തിന്ന് കൊണ്ടാണ് ജനിച്ചത്. 

രാവിലെ എഴുന്നേറ്റാല്‍ അടുക്കളയില്‍ കയറുക, തേങ്ങ ചിരകി കൊടുക്കുക, പാത്രങ്ങള്‍ കഴുകി കൊടുക്കുക, മുറിയൊക്കെ അടിച്ച് വാരുക ഇത്യാദി വൃത്തികെട്ട ശീലങ്ങള്‍ അവള്‍ക്കുണ്ടായിരുന്നു. 

കൂടാതെ...എപ്പോഴുമെപ്പോഴും അണിഞ്ഞൊരുങ്ങി, മുടിയൊക്കെ നല്ല ഭംഗിയായി ചീകി ഒതുക്കി കെട്ടി വെച്ച്, എന്റെ അമ്മയുടേയും ആന്റിമാരുടേയും അമ്മാമ്മയുടേയും ഇടയില്‍ തനി ഒരു പെണ്‍കുട്ടിയായി ഇരിക്കുകയും ചെയ്ത് മുടങ്ങാതെ കൈയ്യടി നേടിക്കൊണ്ടേയിരുന്നു.

അവള്‍ വാങ്ങിച്ച് കൊണ്ടിരുന്ന ഓരോ കൈയ്യടിക്കും തിരിച്ചടി കിട്ടി കൊണ്ടിരുന്നത് എനിക്കും.

ആ അവള്‍ക്കും കുത്തണമത്രേ മൂക്ക്!

'അയ്യേ, നിനക്ക് ചേരില്ലെടീ മൂക്കുത്തി. നിന്റെ മൂക്ക് ഷേയ്പ്പില്ല. മൂക്കുത്തിയിട്ടാ തമിഴത്തി പോലാവും.'

'നിനക്കാ ചേരാത്തത്. വെളുത്ത മോന്തേം ചെമ്പന്‍ മുടീം പൊട്ട മൂക്കും അതിന്റൂടൊരു മൂക്കുത്തീം.
വെളുത്ത തമിഴത്തീ..'

മില്ലിയൊരു 'മില്ലി' പോലും വക വെച്ചില്ല എന്റെ എതിര്‍പ്പ്. 

അങ്ങനെ ഒരു ദിവസം, ഞാനും അമ്മയും മില്ലിയും കൂടെ മൂക്ക് കുത്താനിറങ്ങി പുറപ്പെട്ടു. ആദ്യം ഒരു സ്വര്‍ണ്ണക്കടയില്‍ നിന്നും രണ്ട് മൂക്കുത്തി വാങ്ങി, എനിക്ക് വെള്ളക്കല്ലുള്ളതും അവള്‍ക്ക് കല്ലില്ലാത്തതും. 

അവിടുന്ന് നേരേ മൂക്കും കാതുമൊക്കെ വേദനയില്ലാതെ കുത്തുന്ന ഒരു ഡോക്ടറുടെ ക്ലിനിക്കിലേക്ക് വെച്ച് പിടിച്ചു. 

ആരത്?

ഡോക്ടര്‍ കോരത്.

നാട്ടുകാര്‍ സ്‌നേഹ പൂര്‍വ്വം 'കോരതോക്ട്രേ കോരതോക്ട്രേ' എന്ന് വിളിച്ച് പോന്നിരുന്ന ഡോക്ടര്‍ കോരത്.

യാതൊരു തിരക്കുമില്ലാത്ത ഡോക്ടര്‍ ഞങ്ങളെ അകത്തേക്ക് വിളിച്ചിരുത്തി. മൂക്ക് കുത്താനാണ് വന്നതെന്ന ആവശ്യം കേട്ട് 'ഉം' എന്ന് മൂളി. 

'കോരതോക്ട്രര്‍' കാണാന്‍ പൊക്കം കുറഞ്ഞ് തടിച്ച് നല്ലപോലെ കറുത്തിട്ടായിരുന്നു. എനിക്കെന്തോ അങ്ങേരുടെ ഇരുപ്പും ഭാവവും ഒന്നും ഇഷ്ടപ്പെട്ടില്ല. ഇയാള്‍ കുത്തിയാല്‍ വേദനിക്കും എന്നെനിക്ക് തോന്നാന്‍ തുടങ്ങി.

ആ ഡോക്ടറെ കാണുന്നത് വരെ മൂക്ക് കുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന വേദനയെ പറ്റി ഞാന്‍ ഓര്‍ത്തിരുന്നേയില്ല. 

'ഡോക്ടറേ, മൂക്കുത്തിയിടാനുള്ള കൊതി കൊണ്ട് ചോദിക്ക്വാ എന്നെ വേദനിപ്പിക്കാതെ കുത്താന്‍ പറ്റുവോ?'

ഡോക്ടര്‍ എന്നെയൊന്ന് തിരിഞ്ഞ് നോക്കി, ഒന്നും പറയാതെ കുത്താനുള്ള സാമഗ്രികള്‍ തയ്യാറാക്കാന്‍ തുടങ്ങി.

സൂചി വെച്ച് എന്റെ മൂക്കില്‍ കുത്തുന്നതോര്‍ത്ത് എന്റെ മൂക്ക് വിയര്‍ക്കാനും വിറക്കാനും തുടങ്ങി. 
ഞാന്‍ എന്റെ മൂക്കില്‍ നഖം വെച്ച് മുറുക്കെ പിച്ചി നോക്കി. ആ വേദന പോലും സഹിക്കുന്നില്ല. 
പിന്നെ ഇത് എങ്ങനെ സഹിക്കും!

'എന്താ നിന്റെ പേര്?' - കോരതോക്ട്രര്‍ ചോദിച്ചു.

'വേദനയെടുക്ക്വോ ഡോക്ടറേ?'

'വേദനയെടുപ്പിക്കണ്ടേല് പേര് പറ.'

'ടുലു'

'എന്ത്  കുലുവോ? ആഹ് കുലു എത്രേലാ പഠിക്കണേ?'

'ഏഴില്.'

'അത്രക്കും അനുസരണക്കേടാണോ നിനക്ക്?'

'എന്തൂട്ട്?'

'അല്ലാ, ഇത്ര നേരത്തേ മൂക്ക് കയറിടാന്‍ തീരുമാനിച്ചല്ലോ. അതോണ്ട് ചോദിച്ചതാ.'

'കരയിപ്പിക്കണ കോമഡി പറയാതെ കാര്യം പറ ഡോക്ടറേ. വേദനിപ്പിക്കാതെ കുത്താന്‍ പറ്റ്വോ ഇല്ലേ?'

'ഇച്ചിരി വേദനയൊക്കെ എടുക്കും. അതൊക്കെ സഹിക്കണം.'

'ഹേയ് മേല് വേദനിപ്പിക്കാനൊന്നും പറ്റില്ല. വേണേല് ഡോക്ടറ് എന്റമ്മക്ക് മൂക്ക് കുത്തിക്കോ. അല്ലേല് ദേ മറ്റവള്‍ടെ മൂക്ക് ചെത്തി ഉപ്പിലിട്ടോ.'

'ങാഹാ  എന്നാ പിന്നെ നിന്റെ മൂക്ക് കുത്തീട്ടന്നെ ബാക്കി കാര്യം.. ഇത്രക്ക് സാമര്‍ഥ്യം പാടില്ലല്ലോ പെണ്‍കുട്ട്യോള്‍ക്ക്.'

ഹോ പെട്ടു പോയി!

അമ്മേടെ ഒടുക്കത്തൊരാഗ്രഹം.

ഇനിയിപ്പോ എന്ത് ചെയ്യും?

വേണേലിരുന്ന് കരയാം. ശ്വാസം മുട്ടി കരയാം. അത് കാണുമ്പോള്‍ അമ്മയുടെ മനസ്സ് അലിയാതിരിക്കില്ല. 

ഞാന്‍ ദയനീയതയോടെ അമ്മയെ നോക്കി. കരയാനൊരു ഗ്യാപ്പ് പോലും തരാതെ അമ്മ ഡോക്ടറോട് സംസാരിച്ച് കൊണ്ടിരുന്നു. 

'ആരാ ആദ്യം? ആരാണെന്ന് വെച്ചാല്‍ ഇവിടെ വന്നിരിക്ക്.'

കോരതോക്ട്രറുടെ ശബ്ദം കേട്ട് ഞാന്‍ മില്ലിയെ നോക്കി. അവളാണെങ്കില്‍ യാതൊരു കൂസലുമില്ലാതെ നിക്കുന്നു. 

ഔ! സമ്മതിച്ചെടീ സമ്മതിച്ചു. ഈ സാധനത്തിനൊരു പേടിയില്ലല്ലോ . എന്നാലും പേടിത്തൂറിയായിരുന്ന ഇവള്‍ക്കെങ്ങെനെ ഇത്ര ധൈര്യം കിട്ടി!

'മില്ലീടെ ആദ്യം കുത്തിക്കോ.' - അമ്മ പറഞ്ഞു.

ഹാവൂ  അതേതായാലും നന്നായി. 

ഞാനവളുടെ മുഖഭാവങ്ങള്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. 

കുത്തുമ്പോള്‍ വേദനയുണ്ടെങ്കില്‍ ഉറപ്പായും അവള്‍ കരയും. അവള്‍ കരയുകയാണെങ്കില്‍ അവിടുന്നിറങ്ങിയോടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 

പക്ഷേ... 

രണ്ട് പേരും മൂക്ക് കുത്താന്‍ ചെന്നിട്ട് പേടിച്ചിട്ട് ഞാന്‍ കുത്താതിരുന്നാല്‍ അതെന്റെ വൃത്തികെട്ട ഇമേജിനെ ബാധിക്കും. 

കഷ്ടപ്പെട്ട് ഉരുട്ടിയുരുട്ടി ഉണ്ടാക്കിയെടുത്ത ഒരു 'തലതെറിച്ചവള്‍' ഇമേജാണ്. അതില്ലാതാകും. 

കൂടാതെ ജന്മനാ ധൈര്യമില്ലാത്ത മില്ലിയുടെ ധൈര്യം വാഴ്ത്തപ്പെടുകയും ചെയ്യും. പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?

രണ്ടും കല്‍പ്പിച്ച് അവിടിരിക്കാന്‍ തന്നെ തീരുമാനിച്ചു. ഒരു കുത്തൊക്കെ ഏറ്റ് വാങ്ങാനുള്ള നെഞ്ചുറപ്പ് എനിക്കുണ്ട് . 

ഇനി ഇല്ലേ?

ഒണ്ട് ഒണ്ട്, വേണ്ടി വന്നാ രണ്ട് മൂക്കും ഞാനങ്ങ് കുത്തും.

കോരതോക്ട്രര്‍ മില്ലിയുടെ മൂക്കില്‍ ഒരു പേന കൊണ്ട് അടയാളപ്പെടുത്തി. എന്നിട്ട് ഒരു സിറിഞ്ചുമെടുത്ത് വന്നു.

ങേ ഇതോണ്ടാണോ മൂക്ക് കുത്തണേ?

ഞാനാകെ കണ്‍ഫ്യൂഷനായി.

മില്ലിയേയും മറച്ച് കൊണ്ട് ഡോക്ടര്‍ തിരിഞ്ഞ് നിന്നു. ഞാന്‍ കസേരയിലിരുന്നും നിന്നും എത്തി നോക്കി. 

എനിക്കവളുടെ വേദന കാണണമായിരുന്നു. പക്ഷേ, അവളൊന്ന് കരയുക പോലും ചെയ്യാതെ കുത്താനിരുന്ന് കൊടുത്തു. 

ഞാനെഴുന്നേറ്റ് ചെന്ന് നോക്കി. അവള് ദേ ചിരിച്ച് കൊണ്ടിരിക്കുന്നു. കോരതോക്ട്രര്‍ പാട്ടൊക്കെ പാടിക്കൊണ്ട് അവളുടെ മൂക്കിലിട്ടൊരു കുത്ത്. 

'ഹ.....യ്യോ !' ഞാനെന്റെ മൂക്ക് പൊത്തിപ്പിടിച്ച് കാറി. 

'ങാഹാ കുലൂനപ്പോ ഇത്രക്കൊക്കെയുള്ളൂലേ ധൈര്യം. നാണമില്ലല്ലോ.'

കോരതോക്ട്രറുടെ തമാശ കേട്ട് രണ്ട് മന്ദബുദ്ധികള്‍ ഇരുന്നിളിച്ചു.

(മൈ മോം & ദാറ്റ് മില്ലി)

തൊളയിട്ട മൂക്കില്‍ അവള്‍ക്ക് വാങ്ങിയ മൂക്കുത്തി കുത്തിക്കയറ്റാന്‍ കോരതോക്ട്രര്‍ തയ്യാറെടുത്തു. 

ബട്ട്.

ഓര്‍ക്കാപ്പുറത്തൊരു ട്വിസ്റ്റ്!

ഓപ്പറേഷന്‍ ഫെയില്‍ഡ്!

എന്റെ ശാപം ഫലിച്ചു...!

എനിക്കവിടെ നിന്ന് തുള്ളിച്ചാടാന്‍ തോന്നി.

അവളുടെ മൂക്കുത്തി കയറുന്നില്ല. മൂക്കുത്തിക്കാലിന് തുമ്പിക്കൈവണ്ണം

അങ്ങനെ വേണം, അങ്ങനെ തന്നെ വേണം. മൂക്കിലോട്ട മാത്രായി നീ നാണം കെടുമെടീ. നാണം കെടുത്തും ഞാന്‍. ഹും!

പെട്ടെന്നാണ് അതുണ്ടായത്.

എന്റമ്മ..എന്റെ പെറ്റമ്മ...!

എന്നെ വയറ്റിലിട്ട് ഒമ്പത് മാസം കഷ്ടപ്പെടുത്തിയ എന്റെ ഡിയര്‍  മോം ചെയ്ത കാര്യം കണ്ട് എന്റെ തല കറങ്ങി.

എന്റെ അമ്മ, എനിക്ക് വേണ്ടി വാങ്ങിയ വെള്ളക്കല്ല് പതിച്ച മൂക്കുത്തി ഒരുളുപ്പുമില്ലാതെ കോരതോക്ട്രര്‍ക്ക് കൊടുക്കുമ്പോള്‍, കുശുമ്പും കുന്നായ്മയും നിറഞ്ഞ് വീര്‍ത്ത് പൊട്ടാറായി നില്‍ക്കുന്ന ഈ മകളെ ഒന്നോര്‍ത്തത് പോലുമില്ല.

'എന്റെ മൂക്കുത്തി. എന്റെ മൂക്കുത്തി! അത് ഞാനിവള്‍ക്ക് കൊടുക്കില്ല. ചത്താലും കൊടുക്കില്ല.'

ചന്തിയിലൊരു കുത്ത് കിട്ടിയപ്പോഴാണ് സൂചി വെച്ച് മൂക്കില്‍ കുത്തുന്നതിനേക്കാള്‍ വേദന നഖം തൊലിയിലേക്കിറങ്ങുമ്പോള്‍ ഉണ്ടെന്ന് മനസ്സിലായത്. 

'ഹയ്യോ ! എന്തൊരു നീറ്റാണെന്റമ്മേ.'

'കുലുക്കുട്ടീ, പുതിയ മൂക്കുത്തി രണ്ടെണ്ണം വാങ്ങി നാളെ വാ. രണ്ട് മൂക്കും കുത്തി തരാം ഞാന്‍ കേട്ടോ.'

കോരതോക്ടര്‍ടെ വഹ.

അവിടുന്ന് തല താഴ്ത്തി, കണ്ണ് നിറഞ്ഞ് ഇറങ്ങുമ്പോള്‍ മനസ്സിലൊറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.

'ദൈവമേ, അവളുടെ മൂക്ക് പഴുക്കണേ...'

അങ്ങനെയാണ് ഒരു പ്രപഞ്ച സത്യം ഞാന്‍ മനസ്സിലാക്കിയത്; ദൈവത്തിനൊന്നും എന്നെ വേണ്ട എന്ന ചെറിയ വലിയ സത്യം!

NB : ജീവിതം മൊത്തം ട്വിസ്റ്റാണ്, ഒറ്റ തെണ്ടികളേയും വിശ്വസിക്കരുത്.

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!

                                                 

Latest Videos
Follow Us:
Download App:
  • android
  • ios