Humour : കുടിനിര്‍ത്താന്‍ പട്ടിമൂത്രം ചേര്‍ത്ത കാപ്പി, സംഗതി സക്‌സസ്, ഞാന്‍ ഗ്യാരണ്ടി!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Tony on de addiction

എനിക്കൊരു സഹായം ചെയ്യാമോ?'

'അതല്ലേ ചോദിച്ചേ? എന്താ വേണ്ടേ?'

'എനിക്ക് കുറച്ച് മൂത്രം തരുമോ?'

'ങ്‌ഹേ'

'തരുവോ ചേച്ചീ?'

'അതെന്തിനാ, നിനക്ക് മൂത്രം പോവണില്ലേല്‍ ഞാന്‍ മൂത്രം തന്നിട്ടെന്തിനാ? '

'അയ്യോ, അതല്ല ചേച്ചീ. എനിക്ക് പട്ടീടെ മൂത്രമാ വേണ്ടത്.'

 

Tulunadan kathakal a column by Tulu Rose Tony on de addiction

 

പണ്ട് പണ്ട് ഞങ്ങള്‍ കോഴിക്കോട് സന്തോഷത്തോടെയും ഒരുമയോടെയും ജീവിച്ചിരുന്ന കാലം.

അപ്പച്ചനും അമ്മയും കെവിനും പിന്നെ ഞങ്ങളുടെ പപ്പി പട്ടിയും (ഡാഷ് ഹണ്‍ട്) ആയിരുന്നു ആ വീട്ടില്‍ ഉണ്ടായിരുന്നത്. 

ഞാന്‍ ബാംഗ്ലൂരില്‍ നിന്നും വല്ലപ്പോഴും കോഴി റോസ്റ്റും ബീഫ് വറുത്തതും തിന്നാന്‍ മാത്രം വരുന്ന ഒരു അതിഥിയും.

ഞങ്ങളുടെ വീടിന്റെയടുത്ത് ഒരു പുഷ്പം ചേച്ചിയും ഒരു ദയാല് ചേട്ടനും താമസിച്ചിരുന്നു. റോഡ് സൈഡില്‍ ഒരു കുടിലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അമ്മയും പുഷ്പം ചേച്ചിയും തമ്മില്‍ നല്ല സ്‌നേഹമായിരുന്നു. 

വീട്ടിലെ പണിയൊക്കെ ഒതുങ്ങിയാല്‍ അമ്മയും പുഷ്പം ചേച്ചിയും ഒരു മതിലിനപ്പുറവും ഇപ്പുറവും നിന്ന് കൊച്ച് വര്‍ത്തമാനങ്ങള്‍ തുടങ്ങും.

ദയാല് ചേട്ടന്‍ രാവിലെ വളരെ ദയാലുവും ഇരുട്ടിയാല്‍ തീരെ ദയ ഇല്ലാത്തവനും ആയിരുന്നു. 
മൂവന്തി ആയാല്‍ കുടിയോട് കുടി. കുടിച്ച് വീട്ടില്‍ വന്നാല്‍ ഇടിയോടിടി. 

മരുന്നും മന്ത്രവും കൂടോത്രവും എല്ലാം നോക്കിയിട്ടും ദയാലിന് യാതൊരു ദയയും വരുന്നില്ല. ഇടി കൊണ്ട് പുഷ്പം ചേച്ചിയുടെ മുതുകിന്റെ കൂന് കൂടി കൂടി വന്നു.

ഒരു ദിവസം പുഷ്പം ചേച്ചി അമ്മയെ കാണാന്‍ മതിലിനിപ്പുറത്തേക്ക് വന്നു. 

'ചേച്ചീ, എനിക്കൊരു കാര്യം....'

'എന്താ പുഷ്പം? എന്ത് പറ്റി?'

'അത് പിന്നെ..'

'കാര്യം പറ. കാശ് വല്ലതും വേണോ?'

'ഏയ്. അതല്ല... എനിക്കൊരു സഹായം ചെയ്യാമോ?'

'അതല്ലേ ചോദിച്ചേ? എന്താ വേണ്ടേ?'

'അത്.... എനിക്ക്..'

'ശ്ശെടാ..നീ പറ പുഷ്പം.'

'എനിക്ക് കുറച്ച് മൂത്രം തരുമോ?'

'ങ്‌ഹേ'

'തരുവോ ചേച്ചീ?'

'അതെന്തിനാ, നിനക്ക് മൂത്രം പോവണില്ലേല്‍ ഞാന്‍ മൂത്രം തന്നിട്ടെന്തിനാ? '

'അയ്യോ, അതല്ല ചേച്ചീ. എനിക്ക് പട്ടീടെ മൂത്രമാ വേണ്ടത്.'

'എന്തോന്ന് ? പട്ടീടെ മൂത്രോ?'

'ഉം ചേച്ചീ. പപ്പീടെ മൂത്രം മതി.'

'എന്നാലും പുഷ്പം, എന്തിനാ പപ്പീടെ മൂത്രം?'

'കുടി മാറ്റാനാ ചേച്ചീ'

'എന്തോന്ന്?'

'ആരോടും പറയല്ലേ ചേച്ചീ. വൈദ്യനാ പറഞ്ഞത്, കറുത്ത പട്ടിയുടെ മൂത്രം രാവിലെ കട്ടന്‍ കാപ്പിയില്‍ കൊടുത്താ മതി. ചേട്ടന്റെ കുടി നിക്കും ന്ന്.'

'ഹേയ്. ഞാനൊന്നും തരില്ല മൂത്രം. അവസാനം പട്ടിമൂത്രം കുടിച്ച് ദയാലിനെന്തേലും പറ്റിയാലേയ്... എനിക്ക് പേടിയാ . ഞാന്‍ തരില്ല.'

'മൂത്രം കുടിച്ചിട്ട് ദയാല് ചത്ത് പോയാലും വേണ്ടില്ല, ചേച്ചിയാണ് മൂത്രം തന്നതെന്ന് ഞാനാരോടും പറയില്ലേച്ചീ... മക്കളാണേ സത്യം.'

അതിന് ശേഷം അമ്മ കൊച്ച് വര്‍ത്തമാനം എന്ന സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം തല്ക്കാലത്തേക്ക് നിര്‍ത്തി വെച്ചു. 

പുഷ്പത്തിനെ കാണാതെ ഒളിച്ചും പാത്തും മാത്രം മുറ്റത്തേക്കിറങ്ങി. 

പുഷ്പമണെങ്കില്‍ പപ്പി മൂത്രം കിട്ടുന്നത് വരെ വീടിന് മുന്നില്‍ സമരവും. 

അവസാനം പുഷ്പം കരഞ്ഞ് കാലില്‍ വീണപ്പോള്‍ അലിവ് തോന്നി അമ്മ സമ്മതിച്ചു. 

പകരം ഒറ്റ കണ്ടീഷന്‍- ഒരു പട്ടിയോ പൂച്ചയോ അറിയരുത് ഈ കാര്യം. 

'ങേ! പട്ടിയറിയാതെങ്ങെനെ മൂത്രം എടുക്കും? പപ്പി ഒരു പട്ടിയാണല്ലോ.'

'എടീ എടീ പുഷ്പമേ, എന്റെ വീട്ടിലുള്ളവര്‍ അറിയരുത് ന്ന്.'

'ഹെന്റേച്ചീ. അങ്ങേര് ചത്താലും വേറാരും അറിയില്ല.'

അങ്ങനെ അവര്‍ രണ്ട് പേരും ഒരു കരാറിലൊപ്പ് വെച്ചു. 

'പപ്പി-ദയാല്‍-യൂറിനറി ഇന്‍ഫെക്റ്റഡ് കരാര്‍.'

പക്ഷേ, ഈ കരാറില്‍ പ്രധാന കക്ഷിയായ പപ്പി പട്ടി ഒപ്പ് വെച്ചിരുന്നില്ല. എന്തിന്, പപ്പി അറിഞ്ഞിട്ട് പോലുമില്ലായിരുന്നു ഈ പടനീക്കം.

ഒരു മാസത്തേക്കായിരുന്നു കരാറിന്റെ കാലാവധി. അതായത് ഒരു മാസം മൂത്രക്കാപ്പി സേവിക്കണം എന്നായിരുന്നു വൈദ്യന്റെ ഉത്തരവ്.

അതിന്‍പ്രകാരം അമ്മ പുലര്‍ച്ചെ കുളിച്ച്, പൂജയൊക്കെ ചെയ്ത്, കിഴക്കോട്ട് നോക്കി സൂര്യനെ തൊഴുത്, കൈയിലൊരു പ്ലാസ്റ്റിക്ക് പാത്രവുമായി നിന്നു.

ഇതൊന്നുമറിയാതെ പപ്പി ഉറക്കത്തില്‍ നിന്നുമുണര്‍ന്ന്, നടുനിവര്‍ത്തി, കോട്ട് വായേമിട്ട് കുണുങ്ങി നടന്നു മുറ്റത്തേക്ക്. ഉറക്കപിച്ചില്‍ പാതി കണ്ണുകളടച്ച് പപ്പി മുള്ളാനിരുന്നതും അമ്മ പാത്രം പപ്പിയുടെ വയറിനടിയില്‍ വെച്ചു. 

അത് വരെ വെളിമ്പ്രദേശത്ത് കാര്യം സാധിച്ചവളെ പിടിച്ച് അമേരിക്കന്‍ ക്ലോസറ്റിലിരുത്തിയ പോലെ ആയി പപ്പിയുടെ അവസ്ഥ.

'ഈ പെണ്ണുമ്പിള്ളക്കിതെന്ത് പറ്റി? രാവിലെയെണീറ്റൊന്ന് മുള്ളാനും സമ്മതിക്കൂലേ? ഹ!' - പപ്പിയുടെ ആത്മഗതം.

'ടീ പപ്പീ, ഒന്ന് മുള്ളെടീ ഈ പാത്രത്തിലേക്ക്. കളയാതെ മുള്ളെടി പപ്പീ.'

'ആഹാ! ഇതെന്തൊര് പാട്! പാത്രത്തിനുള്ളിലേക്ക് തന്നെ കറക്ടായി എങ്ങനെ കാര്യം സാധിക്കും'

പപ്പി വീടിന് ചുറ്റും ഓടാന്‍ തുടങ്ങി, പുറകേ അമ്മയും. അവസാനം അമ്മയുടെ വിഷമം കണ്ട് പപ്പി സമ്മതിച്ചു. പാത്രം നിറയെ അഭിഷേകം നടത്തി. സംഗതി വിജയിച്ചു. പാത്രം അമ്മ പുഷ്പത്തിന് കൈമാറി. ഒരു നിധി കിട്ടിയത് പോലെ അവരത് കൊണ്ട് പോയി.

എല്ലാ ദിവസവും രാവിലെ പപ്പിയും അമ്മയും വീടിന് ചുറ്റും ഓടാന്‍ തുടങ്ങി. ഒരു മാസത്തേക്ക് ആ ഓട്ടം തുടര്‍ന്നു. അമ്മയെ കണ്ടാല്‍ പപ്പി പേടിച്ച് മൂത്രം പോലും ഒഴിക്കാതെയുമായി.

അന്ന് മുതല്‍ അമ്മ ദയാല് ചേട്ടന് വേണ്ടി ഒരു കൊന്ത കൂടുതല്‍ എത്തിക്കാന്‍ തുടങ്ങി. അങ്ങേര് കുടി നിര്‍ത്തിയില്ലേലും വേണ്ടില്ല, ഈയടുത്ത കാലത്തൊന്നും മരിക്കാനിട വരുത്തരുതേ എന്റീശോമിശിഹായേ... 

പോസ്റ്റ്മാര്‍ട്ടം. ഇന്‍ക്വസ്റ്റ്. എഫ്. ഐ. ആര്‍. ഇതൊക്കെ സിനിമേല് കണ്ടിട്ടേയൊള്ള്.

നെക്സ്റ്റ് ഡേ സീന്‍ ഫ്രം ദയാലൂസ് ഹൗസ്:

'ചേട്ടാ കാപ്പി.' - പുഷ്പം ചേച്ചി സ്‌നേഹത്തോടെ കാപ്പി കൊടുത്തു.

പരമ ദയാലു ആയ ദയാല് ചേട്ടന്‍ ആത്മവിശ്വാസത്തോടെ കാപ്പി വാങ്ങി കുടിച്ചു.

'ഇതെന്താടീ ഒരു സ്‌പെഷല്‍ ടേസ്റ്റ്?' - നുണഞ്ഞ് കൊണ്ട് ദയാല് ചേട്ടന്‍ കാപ്പി ഗ്ലാസ്സിലേക്ക് മുങ്ങി നോക്കി.

പുഷ്പം പരുങ്ങി.

മതിലിനിപ്പുറത്ത് അമ്മയും പരുങ്ങി. 

അമ്മയുടെ പരുങ്ങല്‍ അവസരമായി കണ്ട് പപ്പി പോയി സമാധാനത്തോടെ മൂത്രം ഒഴിച്ചു.

പക്ഷേ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ദയാല് ചേട്ടന്‍ ആ കാപ്പി മുഴുവനും കുടിച്ച് പറഞ്ഞു.

'കൊള്ളാലോ കാപ്പി. ഒന്നൂടെ കൊണ്ടാടീ.'

പ്ലാന്‍ സക്‌സസ്

എന്തായാലും, ഞങ്ങള്‍ കോഴിക്കോട് വിട്ട് തൃശ്ശൂരിലേക്ക് വരുന്നത് വരെ ദയാല് ചേട്ടന്‍ കുടിച്ചിട്ടില്ല എന്നാണ് പുഷ്പം ചേച്ചിയുടെ സാക്ഷ്യം. 

പട്ടിമൂത്രം പുണ്യാഹം.  

എനിക്ക് കട്ടന്‍കാപ്പി തരുമോ എന്ന പേടി എനിക്ക് ചെറുതായി ഇല്ലാതില്ല ഇപ്പോള്‍. 

പക്ഷേ, ഞാന്‍ കട്ടന്‍ കുടിക്കൂലല്ലോ... ഡിങ്ക ഡിങ്കാ  
 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!

Latest Videos
Follow Us:
Download App:
  • android
  • ios