ഉറക്കം ഒരു രോഗമാണോ ഡോക്ടര്‍

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Tony on clinomania

ഇത്രയും വലിയ രോഗമായിരുന്നു എന്ന് മുന്നേ അറിഞ്ഞിരുന്നേല് ഞാനിപ്പോള്‍ ആരായേനേ.  വെറുതെ സ്‌കൂളിലും കോളേജിലുമൊക്കെ പോയി എത്ര വര്‍ഷത്തെ ഉറക്കമാണിനി ഉറങ്ങി തീര്‍ക്കേണ്ടത് സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മുതലേയുണ്ടായിരുന്നു എനിക്കീ 'പൊറിഞ്ചു' എന്ന് വേണം കരുതാന്‍. എന്റെ ഈ മാരക രോഗമറിയാതെയാണല്ലോ അമ്മയൊക്കെ ദിവസവും എന്നെ പിച്ചിയും തല്ലിയും എഴുന്നേല്‍പ്പിച്ചിരുന്നത്. 

 

Tulunadan kathakal a column by Tulu Rose Tony on clinomania

 

ഞാനൊരു രോഗിയാണ്. ഇന്നലെ വരേക്കും രോഗമെന്തെന്നറിയാതെ രോഗമനുഭവിച്ച് കൊണ്ട് നടന്നിരുന്ന ഒരു മഹാ(മനോ)രോഗി. അവസാനം ഞാന്‍ മനസ്സിലാക്കി, എന്റെ അസുഖത്തിന്റെ പേര്. 

CLINOMANIA - An excessive desire to stay in bed. അതായത്, കിടന്നുറങ്ങാനുള്ള കലശലായ ആഗ്രഹം. 

'ക്ലിനോമാനിയ'-ഈ കിളി പോയി എന്നൊക്കെ പറയുന്നത് പോലത്തെ പേര്. ആഹാ! കലക്കി. ഒരു വെയ്‌റ്റൊക്കെയുണ്ട് പറയുമ്പോള്‍. 

തല്ക്കാലം ഞാനിതിനെ 'പൊറിഞ്ചു' എന്ന് വിളിക്കാം. അതാകുമ്പോള്‍ എളുപ്പമാണ് പറയാന്‍. 

'പൊറിഞ്ചു' അത്ര നിസ്സാരക്കാരനല്ല. 

രാവിലെ എഴുന്നേറ്റാലും പിന്നേയും കിടക്കാന്‍ തോന്നും. ഉറക്കം വന്നില്ലെങ്കിലും ഉറങ്ങാന്‍ തോന്നും. ആരോടെങ്കിലും സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അറിയാതെ ഉറക്കം വരും. ചുരുക്കി പറഞ്ഞാല് എപ്പഴുമെപ്പോഴും 'പൊറിഞ്ചു'വിനെ കെട്ടിപ്പിടിച്ച് ബെഡില്‍ കിടക്കാന്‍ തോന്നും. സംഗതി സൂപ്പര്‍. 

ഇനി ആരും മടിച്ചീ, എണീറ്റ് പോടീ എന്നൊന്നും പറയില്ലല്ലോ. ഇനി അങ്ങനെ ചോദിക്കുന്നവരോട് 'എനിക്ക് പൊറിഞ്ചുവാണ്' എന്ന് പറയാമല്ലോ.

ഇത്രയും വലിയ രോഗമായിരുന്നു എന്ന് മുന്നേ അറിഞ്ഞിരുന്നേല് ഞാനിപ്പോള്‍ ആരായേനേ.  വെറുതെ സ്‌കൂളിലും കോളേജിലുമൊക്കെ പോയി എത്ര വര്‍ഷത്തെ ഉറക്കമാണിനി ഉറങ്ങി തീര്‍ക്കേണ്ടത് 

സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മുതലേയുണ്ടായിരുന്നു എനിക്കീ 'പൊറിഞ്ചു' എന്ന് വേണം കരുതാന്‍. എന്റെ ഈ മാരക രോഗമറിയാതെയാണല്ലോ അമ്മയൊക്കെ ദിവസവും എന്നെ പിച്ചിയും തല്ലിയും എഴുന്നേല്‍പ്പിച്ചിരുന്നത്. 

കല്ല്യാണം കഴിഞ്ഞ് പോകുമ്പോള്‍ എനിക്കാകെ കൂടെ കിട്ടിയ ഉപദേശം നേരത്തേ എഴുന്നേല്‍ക്കണം , നട്ടുച്ച വരെ ഉറങ്ങരുത്, വളര്‍ത്ത് ദോഷമാണെന്ന് പറയിപ്പിക്കരുത് എന്നൊക്കെയാണ്. 

വിരുന്നിന് വന്നതിന്റെ പിറ്റേ ദിവസം അപ്പന്‍ ടോണി വല്ലായ്മയോടെ ഭര്‍ത്താവ് ടോണിയോട്:

'ടുലു എണീറ്റില്ലേ?'

'റോസ് ഉറങ്ങുവാ. ഉറങ്ങിക്കോട്ടെ. സാരമില്ല.'- അദ്ദേഹം. 

'അത് പിന്നെ, അവള്‍ക്കേ ഉറക്കംന്ന് വെച്ചാല് പ്രാന്താ. മൂട്ടില് വെയിലടിച്ചാലും അവളനങ്ങില്ല.' - പശ്ചാത്താപ വിവശനായ അപ്പച്ചന്‍.

'ഓ സാരമില്ലെന്നേ. ഞാനും ഉറങ്ങാന്‍ പോവാ. ആദ്യത്തെ ദിവസായത് കൊണ്ട് നേരത്തേ എണീറ്റതാ.'- അദ്ദേഹം ഞെട്ടിച്ച് കളഞ്ഞു.

'ആഹാ പറ്റിയ മാപ്ല. കെട്ടിയത് കൊണ്ടവള്‍ നന്നാവും എന്ന പ്രതീക്ഷ വേണ്ട ഇനി.' - അപ്പച്ചന്‍ അമ്മയോട് പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ ഒരു സമ്പൂര്‍ണ്ണ 'പൊറിഞ്ചു' കുടുംബം ആയി മാറി.

ഇനി ഒരു ഫ്‌ളാഷ് ബാക്ക്: 

ഒമ്പതാം ക്ലാസ് വാര്‍ഷിക പരീക്ഷാ സമയം. അതൊരു ശനിയാഴ്ച ആയിരുന്നു. ഉറങ്ങിയെഴുന്നേറ്റാലുടനെ പഠിക്കണം. പഠിച്ച് കൊണ്ടേയിരിക്കണം. യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത പഠിപ്പ്. ഇതെന്തൊരു ജീവിതമാണ് ഹേ  അതും വെറുതേ പുസ്തകത്തിലേക്ക് നോക്കിയിരുന്നാല്‍ പോര, ഉറക്കെയുറക്കെ വായിക്കണം. എന്റെ തലയില്‍ കേറുന്നുണ്ടോ എന്നതിലുപരി ഞാനുറങ്ങുന്നില്ല എന്നുറപ്പ് വരുത്തുക ആയിരുന്നു അമ്മയുടെ ഉദ്ദേശം.

അമ്മയാണ് പോലും അമ്മ!

നൊന്ത് പെറ്റ മകളെ ഇച്ചിരോളം വിശ്വസിക്ക്യ! ങേ ഹേ!
 
എന്റെ ആ സമയത്തെ വിഷമം മനസ്സിലാക്കാന്‍ അവിടെ ഒരു പട്ടി പോലും ഉണ്ടായിരുന്നില്ല. അല്ലല്ല, ഒന്നുണ്ടായിരുന്നു. അവളാണ് കിച്ചു.

അന്ന്,  ആ ശനിയാഴ്ച മോമിനും ഡാഡിനും പുറത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. മനസ്സില്ലാ മനസ്സോടെ മോം : 

'ടീ ടുല്വോ, മര്യാദക്കിര്ന്ന് പഠിച്ചില്ലെങ്കില്ണ്ടല്ലോ. കാണിച്ച് തരാം ഞാന്‍. വന്നിട്ട് ചോദ്യങ്ങള് ചോദിക്കും. പഠിച്ചില്ലേലാ നീ. ങാ. കെടന്നൊറങ്ങരുത്.'

'നിങ്ങള് പൊയ്‌ക്കോന്നേ. ഞാനേയ് ഉറങ്ങാതെ പഠിച്ചോളാം സത്യം.' 

കുറച്ച് നേരം ഇരുന്ന് പഠിച്ചു. പിന്നെ നടന്ന് പഠിച്ചു. അപ്പോഴാണ് കിച്ചു കിടന്നുറങ്ങുന്നത് കണ്ടത്. പരീക്ഷ എന്താണെന്നറിയാത്ത 'നായിന്റെ മോള്‍' 

ഒന്നും നോക്കിയില്ല, സോഫയില്‍ കയറി കിടന്ന് പഠിച്ചു. കിടന്നപാടേ 'പൊറിഞ്ചു' തല പൊക്കി. ഞാനൊരു രോഗിയാണെന്ന് അന്നെനിക്കറിയില്ലല്ലോ. സുഖമായിട്ടങ്ങുറങ്ങി. 

വാതില് തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റപ്പോള്‍  സമയം എന്തായി എന്നോ , ഉറങ്ങിയത് എന്തിനാണെന്നോ ഒന്നുമൊരു ബോധവുമില്ലാതെ കൈയില് കിട്ടിയ ഒരു പുസ്തകവുമെടുത്ത് വാതില്‍ തുറന്നു. 

പുറത്ത് അപ്പച്ചനും അമ്മയും പിന്നെ അവരുടെ കൂടെ എന്റെ ബ്രോയുടെ ക്ലോസ് ബഡ്ഡിയും. 

പെട്ടെന്നൊരു അലര്‍ച്ച:

'നിന്നോടല്ലെടീ ഒറങ്ങരുത് എന്ന് പറഞ്ഞത്. വല്ല നാണോമുണ്ടാടീ നിനക്ക്, ഇങ്ങനെ ബോധം കെട്ടുറങ്ങാന്‍.' 

'ദേ നോക്കമ്മേ..ഞാന്‍ പഠിക്ക്യാരുന്നു. കണ്ടോ പുസ്തകം.' - കൈയിലെ പുസ്തകം നീട്ടി തെളിവ് സമര്‍പ്പിച്ചു.

'അത് ശരി. ഇതീന്നാണോ നിനക്ക് ചോദ്യങ്ങള് വരണത്, മഹിളാരത്‌നത്തീന്ന്?' - അമ്മ ഈസ് റോക്കിങ്ങ്.

ഞാനാണെങ്കില്‍ തകര്‍ന്നും പോയി. ചേട്ടന്റെ കൂട്ടുകാരന്റെ മുന്നില്‍ വെച്ചാണ് ഈ നാണക്കേട്.

ആരുമറിയാതെ ഞങ്ങള്‍ ലൈന്‍ വലിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. 

പോയി, എല്ലാം പോയി!

അമ്മയാണെങ്കിലെന്താ, ഇതൊക്കെ നോക്കിയും കണ്ടും വേണ്ടേ നാണം കെടുത്താന്‍! മകള്‍ പ്രായമായി വരുന്നു എന്ന ബോധം വേണ്ടേ  മകളുടെ പ്രേമത്തിന് പുല്ല് വില കൊടുക്കണ്ട എന്നാണോ  ഇവരൊക്കെ ഈ പ്രായം കഴിഞ്ഞ് തന്നല്ലെ വന്നിരിക്കണത് 

ഫ്‌ളാഷ് ബാക്ക് കഴിഞ്ഞു

കുറച്ച് ദിവസങ്ങളായി 'പൊറിഞ്ചു' വിന്റെ ആക്രമണം വളരെയേറെ കൂടി കൊണ്ടിരിക്കുകയാണ്. ഡോക്ടറെ കാണാന്‍ എല്ലാവരും നിര്‍ബന്ധിക്കുന്നു. പക്ഷേ, രോഗിക്ക് രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കാത്തിടത്തോളം വെറുതെ എന്തിനാ രോഗത്തെ ഇല്ലാതാക്കുന്നത്  

കിടക്കുമ്പോള്‍ എണീറ്റിട്ട് പിന്നേയും കിടക്കാന്‍ തോന്നും. 

ഇരിക്കുമ്പോള്‍ കിടക്കാന്‍ തോന്നും. എപ്പഴുമെപ്പോഴും കിടപ്പ് തന്നെ കിടപ്പ്.

മൊത്തത്തില്‍ നല്ല സുഖമാണ്.

പിന്നെ, ഭക്ഷണം ! അത് കൃത്യമായി കഴിക്കാന്‍ തോന്നുന്നുണ്ട്. ഭാഗ്യം

ഇതൊക്കെയൊരു രോഗമാണോ? ഇതിനൊരു മരുന്ന് കണ്ട് പിടിച്ചിട്ടില്ലത്രേ. അത് വേറൊരു ഭാഗ്യം

എനിക്കുറങ്ങണം. ഉറങ്ങിയുറങ്ങിയങ്ങ് മരിക്കണം...

ക്ലീനോമാനിയ എന്നും ക്ലീനായി എന്റെ കൂടെ ഉറങ്ങട്ടെ. 

Latest Videos
Follow Us:
Download App:
  • android
  • ios