Humour : 'ഹളോ സായിപ്പേ, സിറ്റ് സിറ്റ്.. സോഫയില് സിറ്റ് ട്ടാ!'

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

Tulunadan kathakal a column by Tulu Rose Tony on an unexpected guest

'വാട്ട് കൈന്‍ഡ് ഓഫ് ബനാന ഈസ് ദിസ്? ഐ ഹാവ് നെവര്‍ സീന്‍ ബനാന ലൈക് ദിസ്.'

'മൈക്ക്, ദാറ്റ് ഈസ്....' ജോമോന്‍ മറുപടി പറഞ്ഞ് തുടങ്ങിയതും അവനെ തള്ളിത്താഴെയിട്ട് അമ്മ പറഞ്ഞു :

'സായിപ്പേ , അത്..ദിസ് ഈസ് ബീ................ഗ് ബനാന. സ്വീ......റ്റ് ബനാന. മറ്റേത് സ്‌മോള്‍ ബനാന. ഈ ബനാന ഈസ് കേരള സ്‌പെഷ്യല്‍ ബെനാന. വൈറ്റമിന്‍ ബനാന. മില്‍ക് ആന്റ് ബനാന വെരീ ഗുഡ്. യൂ ഈറ്റ്, യൂ ഈറ്റ്.'

 

Tulunadan kathakal a column by Tulu Rose Tony on an unexpected guest

 

കെവിനും ജിത്തുവും പെട്ട ജോമോനും കൂടെ ഊട്ടിയിലേക്ക് ടൂറ് പോയി. നാല് ദിവസം കഴിഞ്ഞ് വന്നപ്പോള്‍ കൂടെ വേറൊരു മൊട്ടത്തല. നല്ല വെളുത്ത് തുടുത്ത് ഒരു സായിപ്പ്. പേര് മൈക്ക്. ഞാനന്ന് ഒമ്പതാം  ക്ലാസില്‍ പഠിക്കുകയാണ്. 

കൂടെ വന്നത് ഒരു സായിപ്പായത് കൊണ്ട് മാത്രം അപ്പച്ചന്‍ കെവിനെ വഴക്കൊന്നും പറയാതെ വീട്ടില്‍ കേറ്റി. വേറെ വല്ല നാടന്‍ കൂട്ടുകാരുമായിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം. 

ഞാനാദ്യമായിട്ടായിരുന്നു ഒരു ഒറിജിനല്‍ സായിപ്പിനെ അത്ര അടുത്ത് കാണുന്നത്. ഒരു ചാരക്കളറിലുള്ള ടീ ഷര്‍ട്ടും ഡെനിം ജീന്‍സുമിട്ട് ഒരു സുന്ദര കുട്ടപ്പന്‍. ഞാന്‍ ചുമരില്‍ ചാരി നിന്ന് ഇളിച്ച് കൊണ്ട് നിന്നു. 

'മൈക്ക്, ദിസ് ഈസ് മൈ ഫാദര്‍ ആന്റ് മദര്‍.' 

'ഓക്കേയ്. നൈസ് ടു മീറ്റ് യൂ ആള്‍.'

'ദിസ് ഈസ് മൈ സിസ്റ്റര്‍ ടുലു.'

'ഓഹ് റ്റുലു ! വെരി റെയര്‍ നെയിം.'

ഹോ! കണ്ടാ, സായിപ്പിന് പോലും പിടിച്ചില്ല എന്റെ പേര്. ഈ അപ്പച്ചന്‍ കാരണം സായിപ്പ് വരെ കളിയാക്കുന്നത് ഞാന്‍ കാണണം. 

'ഹളോ സായിപ്പേ. സിറ്റ് സിറ്റ്.. സോഫയില് സിറ്റ് ട്ടാ.'

കര്‍ത്താവേ അമ്മ

'ഹലോ ഓണ്‍ടീ! പ്ലെഷര്‍ ടു മീറ്റ് യൂ.' 

'ങേ  ആഹ് ! ഓക്കെ ഓക്കെ. ഹാപ്പി ഹാപ്പി.' 

അവരെല്ലാവരും ഊണ് മേശക്ക് ചുറ്റും ഇരുന്നു. ഞാന്‍ പതുക്കെ ജിത്തുവിനെ കണ്ണും കൈയും കാണിച്ച് അടുക്കളയിലേക്ക് വിളിച്ചു. 

'അല്ലാ! ആരാ ആ സായിപ്പ്? നിങ്ങള്‍ക്കെങ്ങെനെ അറിയാം?'

'എടീ, അങ്ങേരെ ഊട്ടിയില്‍ വെച്ച് പരിചയപ്പെട്ടതാ. ഡീസന്റ് സായിപ്പാ. പൂരം കാണണം എന്നും പറഞ്ഞ് ഞങ്ങളുടെ കൂടെ വന്നതാ.'

'അതിന് പൂരത്തിന് ഇനിയും രണ്ടാഴ്ച ഇല്ലേ. അത് വരെ എന്ത് ചെയ്യും?'

'അയാളെന്തേലും ചെയ്‌തോളും. നീ മുന്നീക്കൂടെ ഇളിച്ച് നടക്കണ്ട.'

'നല്ല ഭംഗീണ്ടല്ലേ അങ്ങേരെ. വേണേല് രണ്ടാഴ്ച ഇവിടെ നിന്നോട്ടെ, കെവിന്റെ കൂടെ.'

'അയ്യടി ! ഇനി സായിപ്പിനേം ലൈനടിക്കാനാരിക്കും. അവള്‍ടൊരു പൂതി. ദേ, ഒരു മാതിരി സായിപ്പിനെ കാണുമ്പ കവാത്ത് മറക്കല്ലേടീ കഴുതേ.'

'അല്ലാ അത് പിന്നെ... കുറച്ച് ഇംഗ്ലീഷൊക്കെ പഠിക്കാലോ എന്ന് വെച്ചിട്ടാ. ഒരു ഗമയല്ലേ.'

'തല്‍ക്കാലം നീ അത്രക്കങ്ങട് ഗമിക്കണ്ട ട്ടാ. പോയി മുറീല് കേറി വാതിലടച്ചിരിക്കെടീ.'

ജിത്തു വീണ്ടും ഊണ് മുറിയിലേക്ക് പോയി, ഞാനും. 

അവിടെ മൈക്കിനെ കണ്ട് മുട്ടിയ കഥയൊക്കെ അപ്പച്ചനോട് വര്‍ണ്ണിക്കുകയാണ് പെട്ട ജോമോന്‍. സായിപ്പിനോട് കൂടുതല്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതും ജോമോനാണ്. ജോമോന്‍ കെവിന്റെ കൂട്ടുകാരനാണെങ്കിലും നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവനായിരുന്നു.  

കെവിന് വിവരം കമ്മിയും വിദ്യാഭ്യാസം ഒട്ടുമില്ലായിരുന്നു. പിന്നെ ജിത്തു! അവനാണെങ്കില് എന്നെ മാത്രം പ്രേമിക്കാനേ അറിയുമായിരുന്നുള്ളൂ.

'ഹേയ്! ഹൗസ് യുവര്‍ സ്റ്റഡീസ്? വിച്ച് ക്ലാസ് ആര്‍ യു ഇന്‍?' 

'യെസ്. നയണ്‍ നയണ്‍.' അവര്‍ ഉത്തരം പറയുന്നതിന് മുന്‍പ് ഞാന്‍ ചാടി കയറി പറഞ്ഞു. 

ജിത്തുവിന്റെ കടുപ്പിച്ചുള്ള നോട്ടം ഞാന്‍ അറിയാത്തത് പോലെ ഒഴിവാക്കി.

'സായിപ്പേ, ഈറ്റ് ഫുഡ്. ആന്റ് ഗോ ട്ടാ. വെരി ഗുഡ് ബീഫും കായേം. ഈറ്റണം.' 

കര്‍ത്താവേ, വീണ്ടും അമ്മ

സായിപ്പ് അന്തം വിട്ട് അമ്മയെ നോക്കി. പിന്നെ കെവിനെ നോക്കി. അമ്മ വീണ്ടും തകര്‍ക്കുന്നു :

'ദേ സായിപ്പേ, ഐയാം ദ കുക്ക് ഓഫ് ദ ബീഫിന്റെ കൂടെ കായ ഇട്ട് റോസ്റ്റ്. വെരി ഗുഡ് ബീഫ്. തൃശ്ശൂര്‍ സ്‌പെഷ്യല്‍ കുക്ക് അയാം.'

'അമ്മേ വേഗം പോയി ഭക്ഷണം എടുത്ത് വെക്ക്.' - കെവിന്‍ പേടിച്ച് പറഞ്ഞു.

'ടുലു, വാടീ. ഒന്ന് സഹായിച്ചേ.'

'അയ്യ! ഞാനൊന്നും വരില്ല. അപ്പച്ചനോട് പറ സഹായിക്കാന്‍.'

ഞാന്‍ വേഗം ബാത്ത്‌റൂമില്‍ പോയി പതിനഞ്ച് മിനിറ്റ് ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്തു. 

സായിപ്പിനോടെന്തെങ്കിലുമൊക്കെ ചോദിക്കണം. 

'സായിപ്പേ, സായിപ്പിന്റെ നാടെവ്ടാ? സായിപ്പിന്റെ വീടെവ്ടാ?' 

ചേയ് താളവട്ടം കയറി വന്നു. ഹോ ! 

മര്യാദക്ക് ഇംഗ്ലീഷ് ഗ്രാമറ് പഠിക്കാമായിരുന്നു. ബാസ്റ്റ്യന്‍ മാഷിന്റെ എത്ര അടി കൊണ്ടതാ! വല്ല ഗുണവുമുണ്ടോ! ഇയാളൊക്കെ എന്ത് ട്യൂഷന്‍ മാഷാ! പിള്ളേര് മര്യാദക്ക് പഠിക്കണില്ലെങ്കില്‍ അത് മാഷിന്റെ കുറ്റം തന്നെയാണ്. അല്ല പിന്നെ.

ക്ലോസറ്റില്‍ കാലും കയറ്റിയിരുന്ന് ആലോചിച്ചു. പാസ്റ്റും പ്രസന്റും ഫ്യൂച്ചറും എല്ലാം ഒപ്പിക്കാം. 

പക്ഷേ...

എന്തൂട്ട് തേങ്ങേടെ മൂടണ് ഈ പാര്‍ട്ടിസിപ്പ്‌ള്?

എവടൊക്കെണ് ഈ ബീനും ബീയിങ്ങും ചേര്‍ക്കണ്ടത്?

ഒലക്കേടെ മൂട്! തല്ക്കാലം ചിരിച്ച് കൊണ്ട് നിക്കാം. അത് മതി. ഉള്ള വില കളയണ്ട. 

വീണ്ടും ഊണ് മുറിയിലേക്ക് ചെന്നപ്പോള്‍ മേശമേല്‍ ചോറും ബീഫ് കായയിട്ട് 'ഒലത്തി'യത് റെഡി. സത്യം പറഞ്ഞാല് അമ്മ എല്ലാവരേയും പാട്ടിലാക്കിയിരുന്നത് ഈ ബീഫും കായയും കൊടുത്തിട്ടായിരുന്നു. ചില സമയത്ത്  കായക്ക് പകരം കൂര്‍ക്കയും കപ്പയും ഒക്കെ ആകും. ഒടുക്കത്തെ ടേസ്റ്റാ. എന്നാലമ്മ സാമ്പാറ് വെച്ചാലുണ്ടല്ലോ, ഔ എന്റമ്മോ ! 'ഒരുമാ....തിരി' ടേസ്റ്റുമാണ് അഹ്.

എല്ലാവരും കഴിക്കാനിരുന്നു. സായിപ്പിന് പ്രത്യേകം സ്പൂണും ഫോര്‍ക്കുമൊന്നും കിട്ടാത്തത് കൊണ്ട് കൈ കൊണ്ട് കൊയച്ച് കൊയച്ച് കഴിക്കാന്‍ തുടങ്ങി. 

ഒരുരുള, രണ്ടുരുള, ചറപറ ഉരുള!

സായ്പ്പ് കരയാന്‍ തുടങ്ങി. ചുണ്ടും മൂക്കും കവിളും നല്ല ചൊക ചൊകാന്നായി. 

'ശൂ..ശൂ..ശൂ ...ഇറ്റ്‌സ് റിയലീ ഹോട്ട് ആഹ്'

'ടാ കെവിനേ, ആ ഫാനിട്ടേടാ. സായ്പ്പിന് ചൂടെടുക്കണൂന്ന്.'

'അല്ലെന്റമ്മേ, അങ്ങേര്‍ക്കെരിഞ്ഞിട്ടാ.' - ഞാന്‍ മെല്ലെ പറഞ്ഞു.

'പിന്നെന്തൂട്ട്ണിനണ് ഹോട്ട് ഹോട്ട് ന്ന് പറയണേ? ഹോട്ട് ന്ന് പറഞ്ഞാല് ചൂട്ന്നല്ലെടീ?'

'ചില പ്രത്യേക സാഹചര്യങ്ങളില്‍ ഹോട്ട്ന്ന് വെച്ചാല് എരിവ്ന്നും പറയാറുണ്ട്.'

പാവം സായ്പ്പ്!
 
അണ്ഡകടാഹം പോലും എരിഞ്ഞ് പണ്ടാറടങ്ങി കാണും. വീട്ടിലെല്ലാവര്‍ക്കും എരിവ് ഇഷ്ടമാണ്, എനിക്കൊഴിച്ച്. 

എന്റെ ഇഷ്ടത്തിന് പിന്നെ യാതൊരു വിലയുമില്ലല്ലോ. എന്നെ വിറക് കൊടുത്ത് വാങ്ങിയതാണല്ലോ .

ഇടക്കിടക്ക് ഇടത് കൈ കൊണ്ട് മൂക്കൊന്ന് തുടച്ച് സായ്പ്പ് പറയും:

'ദാറ്റ്‌സ് ഓക്കേയ് ദാറ്റ്‌സ് ഓക്കേയ്.'

'സായ്‌പ്പേ, നില്‍. വെയ്റ്റ്.' - അമ്മ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി ഒരു പടല നേന്ത്രപ്പഴവുമായി തിരിച്ച് വന്നു. 

'ഈറ്റ് ബനാന. ഹോട്ട് പോയിട്ട് കോള്‍ഡ് കമിങ്ങ്.'

ചക്കക്കൂട്ടാന്‍ കണ്ട ഗ്രഹണിപ്പിള്ളേരുടെ പോലെ സായിപ്പൊരു പഴം എടുത്ത് വിഴുങ്ങി, വെള്ളവും കുടിച്ചു. ആശ്വാസം കിട്ടിയെന്ന് മുഖം കണ്ടാലറിയാം.

ആദ്യമായിട്ടാണ് സായിപ്പ് ഏത്തപ്പഴം കാണുന്നത്.

'വാട്ട് കൈന്‍ഡ് ഓഫ് ബനാന ഈസ് ദിസ്? ഐ ഹാവ് നെവര്‍ സീന്‍ ബനാന ലൈക് ദിസ്.'

'മൈക്ക്, ദാറ്റ് ഈസ്....' ജോമോന്‍ മറുപടി പറഞ്ഞ് തുടങ്ങിയതും അവനെ തള്ളിത്താഴെയിട്ട് അമ്മ പറഞ്ഞു :

'സായിപ്പേ , അത്..ദിസ് ഈസ് ബീ................ഗ് ബനാന. സ്വീ......റ്റ് ബനാന. മറ്റേത് സ്‌മോള്‍ ബനാന. ഈ ബനാന ഈസ് കേരള സ്‌പെഷ്യല്‍ ബെനാന. വൈറ്റമിന്‍ ബനാന. മില്‍ക് ആന്റ് ബനാന വെരീ ഗുഡ്. യൂ ഈറ്റ്, യൂ ഈറ്റ്.'

കൈ മുദ്രയൊക്കെ കാണിച്ചാണ് പ്രകടനം.

'എന്റെ പൊന്നമ്മച്ചീ'

'കെവിന്‍, യുവര്‍ മോം ഈസ് വെരീ ഫണ്ണി ആന്റ് സ്വീറ്റ്.' 

അത് കേട്ട് സുഖിച്ച് നില്‍ക്കുകയായിരുന്ന അമ്മയോട് ജോമോന്‍ ചോദിച്ചു :

'ആന്റീ, ആന്റിക്കെങ്ങെനെയാ ഇത്രക്കും ഇംഗ്ലീഷൊക്കെ അറിയണത്?'

'എടാ, അത് പിന്നെ ഇവളെ ദിവസോം ഞാനല്ലേ ട്യൂഷനെടുക്കണത്! പഠിക്കാതെ പറ്റ്വോ? എന്തോരം ഗ്രാമറാ പഠിപ്പിക്കണ്ടേന്നറിയ്വോ നിനക്ക്?'

അപ്പോഴാണെന്ന് തോന്നുന്നു, പാര്‍ട്ടിസിപ്പിളിനെ പറ്റി എനിക്ക് വ്യക്തമായി മനസ്സിലായത് . 

'ടുല്വോ, പത്താം ക്ലാസില് നീ ഇംഗ്ലീഷിന് സ്‌പെഷല് ട്യൂഷന് പൊക്കോളൂ ട്ടോ. പറഞ്ഞില്ലാന്ന് വേണ്ട.' - ജോമോന്റെ വക ഒരുന്ത്.

രണ്ടാഴ്ച കഴിഞ്ഞ് പൂരമായപ്പോള്‍ വീട്ടിലേക്ക് വരാതെ കെവിനോട് ടൗണിലേക്ക് വരാന്‍ മൈക്ക് പറഞ്ഞു. വീട്ടിലേക്ക് വരുമെന്ന് കരുതി ഞാന്‍ കാത്തിരുന്നത് വെറുതേ ആയിപ്പോയി.

അമ്മ ആ പാവം സായിപ്പിനെയങ്ങ് ബീഫില്‍ നേന്ത്രക്കൊലയിട്ട് ഒലത്തിക്കളഞ്ഞു.

Note: അതിഥി ദേവോ ഭവ:  എന്നാണല്ലോ ബനാന ടോക്ക്. (ദേ, അതിലും ബനാന!) 

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!

Latest Videos
Follow Us:
Download App:
  • android
  • ios