ജിമ്മി, അവനൊരു ജിമ്മന്‍!
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണിയുടെ കോളം ഏറെ നാള്‍ക്കു ശേഷം വീണ്ടും.
ഒരാഴ്ചക്ക് ശേഷം വീടിന്റെ മുന്നിലുള്ള ചതുരക്കുളത്തില്‍ നിന്ന് എന്റെ പേര് ആരോ ഉറക്കെ വിളിക്കുന്നത് കേട്ടാണ് ഓടിപ്പോയത്. 'എടീ ഇതിനെ വിളിച്ചോണ്ട് പോടീ.'- സുഭാഷ് കാറി.ഞാന്‍ നോക്കിയപ്പോള്‍ അവിടെ കുളത്തില്‍ ജനിച്ചപടിയില്‍ സുഭാഷും, മണ്ണില്‍ സുഭാഷിന്റെ നിക്കറിന്റെ അടുത്ത് ജിമ്മിയും!
ഞാന്‍ മൂന്ന്, നാല് ക്ലാസുകള്‍ പഠിച്ചത് ആലപ്പുഴയിലും ചേര്‍ത്തലയിലും ആയിരുന്നു. അപ്പച്ചന്റെ ജോലി സംബന്ധമായിട്ടായിരുന്നു അങ്ങോട്ട് മാറിയത്.
ചേര്‍ത്തലയിലെ മണപ്പുറം എന്ന സ്ഥലത്ത് വെള്ള മണല്‍ക്കുന്നുകളും ചതുരക്കുളങ്ങളും വട്ടക്കുളങ്ങളുമുള്ള ഒരു നല്ല
ഭംഗിയുള്ള സ്ഥലത്തായിരുന്നു താമസം.
മതിലുകളില്ലാത്ത ഓലമടലുകള്‍ കൊണ്ട് വലിയ വേലികള്‍ കെട്ടിയ വീടുകളായിരുന്നു ചുറ്റിനും, ഞങ്ങളുടെയും.
വീട് മാറി ആദ്യത്തെ ദിവസം അമ്മ സാധനങ്ങളെല്ലാം തിരക്കിട്ട് ഒതുക്കുന്നു. ഞാന്‍ ആ വീടിന്റെ അടുക്കളപ്പടിയിന്മേല്‍ ഇരുന്ന് പുറത്തേക്കും നോക്കിയിരിക്കുന്നു.
മുറ്റത്ത് ഒന്നോ രണ്ടോ പൂച്ചകള്‍ എത്തി നോക്കി നില്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവറ്റകള്‍ പേടിച്ചോടിപ്പോയി.
കാര്യമറിയാന്‍ ഞാന്‍ നോക്കിയപ്പോള്‍ ദേ വരണൂ, ഓലവേലിക്കടിയിലൂടെ തലയെടുപ്പുള്ള ഒരു ശുനകന്‍. വന്നിട്ടെന്നെയും നോക്കി 'നീയാരാ' എന്ന ഭാവത്തോടെ അവിടെയിരുപ്പായി.
കയ്യില്‍ ഉണ്ടായിരുന്ന റൊട്ടി പൊട്ടിച്ച് ഞാന്‍ ഇട്ടുകൊടുത്തു.
എന്നെ സംശയത്തോടെ നോക്കിയിട്ട് അവന്‍ അത് തിന്നാന്‍ തുടങ്ങി.തിന്നതിന് ശേഷം ഒരു നന്ദി പ്രകടനം പോലും നടത്താതെ വേലിക്കടിയിലൂടെ തിരിച്ച് പോയി.
സാധാരണ ഏത് നായ വര്‍ഗത്തില്‍പ്പെട്ടതിനെ കണ്ടാലും മെരുക്കിയെടുക്കാന്‍ എനിക്കിഷ്ടമായിരുന്നു, ഇണങ്ങാറുമുണ്ടായിരുന്നു.
പക്ഷെ, ഇവന്‍ - അഹങ്കാരി- എന്നെ ഒന്ന് നോക്കിയത് പോലുമില്ല.
പിറ്റേന്ന് പുതിയ സ്‌കൂള്‍, കൂട്ടുകാര്‍, മണലില്‍ കൂടെയുള്ള നടത്തം ഇതെല്ലാം ഒരുപാടിഷ്ടമായി.
വീട്ടിലെത്തി അടുക്കളയില്‍ ഇരുന്ന് കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ദേ വരുന്നു അവന്‍ വീണ്ടും, കൂടെ അവന്റെ കൊച്ചമ്മയും.
പരിചയപ്പെടാനുള്ള വരവാണെന്ന് മനസ്സിലായി.
തൊട്ടപ്പുറത്താണ് വീട്. ത്രേസ്സ്യാമ്മ ചേടത്തിയും ലോനച്ചനും മാത്രമാണ് ആ വീട്ടില്‍ താമസം. അവര്‍ വളര്‍ത്തുന്നതാണ് അവനെ. അവന്റെ പേരാണ് ജിമ്മി.
ജിമ്മി - ഇനം തനി നാടന്‍
നിറം- ബ്രൌണ്‍
നല്ല കട്ടശരീരം (ജിമ്മനാ)
ഒരിക്കലും ചിരിക്കാത്ത ക്രൂര മുഖം
അവന്റെ കൊച്ചമ്മയെ ഇനി ഞാനെങ്ങാനും പിടിച്ച് കടിച്ചാലോ എന്നോര്‍ത്ത് കൊച്ചമ്മയെ സുരക്ഷാ വലയത്തിലാക്കിയാണവന്റെ നില്‍പ്പ്.
തലേ ദിവസം പരിചയപ്പെട്ടതാണല്ലോ ഈ ജിമ്മനെ എന്നോര്‍ത്ത് ഞാന്‍ അവനെ 'ജിമ്മി' എന്നൊന്ന് വിളിച്ചു. അടുത്തേക്ക് ചെല്ലാന്‍ നോക്കിയതും അവന്റെ കൊച്ചമ്മ പറഞ്ഞു-
''അയ്യോ കൊച്ചെ, വേണ്ട . അവന്‍ ആരുമായും ഇണങ്ങത്തില്ല, കടിക്കും കേട്ടോ.''
വെച്ച കാല്‍ പതുക്കെ പിന്നോട്ട് വെച്ചു. അടുക്കളയില്‍ പോയി ഒരു റൊട്ടിക്കഷ്ണം എടുത്ത് അവന്റെ മുന്നിലക്കിട്ടു കൊടുത്തു. അവന്‍ അതും തിന്നു.
''വാടാ ജിമ്മി, പോവാം'' കൊച്ചമ്മ യാത്രയും പറഞ്ഞിറങ്ങി.
വേലിക്കടിയിലെ പൊത്തിലൂടെ പോകുമ്പോള്‍ ഇത്തവണ അവന്‍ എന്നെയൊന്നു നോക്കി. വാലാട്ടിയില്ല ഇപ്പോഴും.
പിന്നെ എല്ലാ ദിവസവും അവന്‍ എന്നെ കാണാന്‍ വരും, ഞാന്‍ കൊടുക്കുന്ന റൊട്ടിയും തിന്നും.
അവനൊരു മൊരടനായിരുന്നെങ്കിലും, പിന്നെ പിന്നെ എന്നെ കാണുമ്പോള്‍ ചിരിക്കാനും വാലാട്ടാനും തുടങ്ങി.
ആ ഭാഗത്തുള്ള എല്ലാ കുട്ടികള്‍ക്കും ജിമ്മിയെ പേടിയായിരുന്നു. പേടിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. കുട്ടികളെ കണ്ടാലവന്‍ ഓടിക്കും.
ജിമ്മിയെ ഇണക്കിയെടുത്തവള്‍ എന്ന നിലക്ക് കുട്ടികളുടെയിടയില്‍ ഞാനൊരു സംഭവമായി.
ഞാന്‍ എവിടെപോയാലും എന്റെ കൂടെ ജിമ്മി ഉണ്ടാവും. എന്റെ കളി കഴിഞ്ഞു വീട്ടില്‍ കയറുന്നത് വരെ എന്റെ കൂടെ നടക്കുകയും ഓടുകയും ചെയ്യും.
ജിമ്മി കൂടെയുണ്ടെങ്കില്‍ ഒരു കുട്ടിയും എന്നെ ഒന്നും ചെയ്യില്ല. എന്റെ അമ്മ പോലും ജിമ്മി കൂടെയുണ്ടെങ്കില്‍ എന്നോട് ദേഷ്യപ്പെടാറില്ല, ജിമ്മി മുരളും.
അമ്മയാണോ അപ്പനാണോ എന്നൊന്നും ചിന്തയില്ല. എന്നെ നോക്കുക എന്നത് മാത്രമാണ് അവന്റെ ജോലി.
അവിടെ എന്റെ കൂട്ടുകാര്‍ സുഭാഷ്, ശ്രിജു, അവരുടെ അനിയത്തി തക്കാളി ഇവരൊക്കെ ആയിരുന്നു. അക്കൂട്ടത്തിലെ തല്ലുകൊള്ളികള്‍ കൂടെ ആയിരുന്നു സുഭാഷും ശ്രിജുവും.
ഒരിക്കല്‍ കളിച്ചു കൊണ്ടിരിക്കെ സുഭാഷ് എന്നെയൊന്നടിച്ചു. ജിമ്മി മുരണ്ടു കൊണ്ടഴുന്നേറ്റതും സുഭാഷ് ഓടി വീട്ടില്‍ കയറി.
'വേണ്ട ജിമ്മി, വിട്ടേരേ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ജിമ്മി എന്റെ കൂടെ വീട്ടിലേക്ക് നടന്നു.
ഒരാഴ്ചക്ക് ശേഷം വീടിന്റെ മുന്നിലുള്ള ചതുരക്കുളത്തില്‍ നിന്ന് എന്റെ പേര് ആരോ ഉറക്കെ വിളിക്കുന്നത് കേട്ടാണ് ഓടിപ്പോയത്.
'എടീ ഇതിനെ വിളിച്ചോണ്ട് പോടീ.'- സുഭാഷ് കാറി.
ഞാന്‍ നോക്കിയപ്പോള്‍ അവിടെ കുളത്തില്‍ ജനിച്ചപടിയില്‍ സുഭാഷും, മണ്ണില്‍ സുഭാഷിന്റെ നിക്കറിന്റെ അടുത്ത് ജിമ്മിയും!
'നിനക്കത് തന്നെ വേണമെടാ. എന്നെ തല്ലിയാല്‍ എനിക്ക് ചോദിക്കാനും പറയാനും ആളുണ്ടെടാ.' - നല്ല ഗമയോടെ ഞാന്‍ പറഞ്ഞു.
'നീ കേറി വാടാ, ശെരിയാക്കി തരാടാ' എന്ന് പറയുന്നത് പോലെ ആയിരുന്നു ജിമ്മിയുടെ മുഖം.
ജിമ്മിയുടെ പ്രതികാരം!
കുറച്ചധികം നേരം സുഭാഷിനെ വെള്ളത്തില്‍ കിടത്തിയതിന് ശേഷം ഞാന്‍ ചെന്ന് ജിമ്മിയെ വിളിച്ചുകൊണ്ടുപോയി. എന്നിട്ടാണ് സുഭാഷ് നിക്കറുമെടുത്ത് അതിടാന്‍ പോലും മിനക്കിടാതെ ഓടിപ്പോയത്.
ആയിടക്ക് ആ പ്രദേശങ്ങളില്‍ പട്ടികളുടെ പ്രസവങ്ങളും പെരുകി വന്നു. ഒറ്റ പ്രസവത്തില്‍ നാലും അഞ്ചും കുട്ടികള്‍.
തന്ത ആരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു, എന്തിനുംപോന്നവന്‍ ജിമ്മി!
ആ കുട്ടികളില്‍ മുഴുവനും കറുപ്പ് നിറത്തിലൊരു പട്ടിക്കുഞ്ഞുമുണ്ടായിരുന്നു.
ഞാനെപ്പോഴും ജിമ്മിയുടെ സമ്മതത്തോടെ അതിനെ എടുത്തു കളിപ്പിക്കുമായിരുന്നു
ഒരു ദിവസം...
സ്‌കൂളില്‍ നിന്നും വരുന്ന വഴിക്കാണ് ഞാനവരെ കാണുന്നത്. പട്ടിപിടുത്തക്കാര്‍!
അവര്‍ ഓരോ പട്ടികളേയും കഴുത്തില്‍ കയറിട്ട് പിടിച്ചിരിക്കുന്നു.
അക്കൂട്ടത്തില്‍ എന്റെ ജിമ്മിയും!
'അമ്മേ, പട്ടിപിടുത്തക്കാര്‍. നമ്മുടെ ജിമ്മിയെ പിടിച്ചിട്ടിരിക്കുന്നത് കണ്ടില്ലേ. ഒന്ന് പറഞ്ഞേ, അഴിച്ചു വിടാന്‍.'
ഓടിക്കിതച്ചു അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ വിഷമത്തോടെ തുണിയും തിരുമ്മി നിന്നു.
ജിമ്മിയുടെ കൊച്ചമ്മക്കാണെങ്കില്‍ കേട്ട ഭാവവുമില്ല.
വെറുമൊരു നാലാം ക്ലാസ്‌കാരിക്ക് പട്ടിപിടുത്തക്കാരുടെ അടുത്ത് ചെന്ന് ജിമ്മിയെ വിട് എന്ന് പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.
ആള്‍ക്കൂട്ടത്തില്‍ കുട്ടികളുടെ കൂടെ ഞാനുംപോയി നിന്നു. ജിമ്മി ഒരു പേടിയുമില്ലാതെ ഒരു തെങ്ങിന്റെ ചുവട്ടില്‍ ഇരുന്നു.
അവന്റെ ഊഴമെത്തിയപ്പോള്‍ അവര്‍ അവനൊരു ഇഞ്ചക്ഷന്‍ കൊടുത്തു.
എന്താണത് എന്നൊന്നും എനിക്കറിയില്ലായിരുന്നു.
'ഇപ്പൊ ചാവും, ഇപ്പൊ ചാവും' - ശ്രിജുവും സുഭാഷുംഎന്നോട് പറഞ്ഞു.
ജിമ്മി നിലത്ത് കിടന്നു, ഉറങ്ങാന്‍ കിടക്കുന്നത് പോലെ.
പെട്ടെന്നവന്‍ തലയൊന്നു പൊക്കി എന്നെയൊന്നു നോക്കി.
'എന്നെ രക്ഷിക്കുന്നില്ലേ' എന്നായിരിക്കും ചോദിച്ചത്.
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ജിമ്മി കണ്ടോ ആവോ!
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അമ്മ തനിയെ ഇരുന്നു പറയുന്നത് കേട്ടു,
''പത്തിരുപത്തഞ്ച് രൂപ കൊടുത്തിരുന്നെങ്കില്‍ അവര്‍ ജിമ്മിയെ വെറുതെ വിട്ടേനെ. അല്ലെങ്കില്‍ കഴുത്തിലൊരു ബെല്‍റ്റെങ്കിലും ഇട്ടാല്‍ മതിയായിരുന്നു. ഇതൊന്നും നമ്മളറിഞ്ഞില്ല.''
എന്റെ കുറ്റബോധം കൂട്ടാനേ അതുപകരിച്ചുള്ളൂ. പിന്നെ പിന്നെ എല്ലാം പതിവ് പോലെ.
പക്ഷെ ഇന്നും പട്ടിപിടുത്തക്കാരെന്നു കേട്ടാല്‍ മനസ്സില്‍ ആദ്യം ജിമ്മിയുടെ ആ നോട്ടമാണ് ഓര്‍മ്മ വരുന്നത്.
തികഞ്ഞ ഒരു മൃഗസ്നേഹി എന്ന നിലയിലാണ് ഇതിവിടെ എഴുതുന്നത്. നമ്മള്‍ മനുഷ്യരുടെ പോലെ തന്നെ അവറ്റകളും എവിടെയെങ്കിലുമൊക്കെ ജീവിക്കട്ടേന്നേ..
ടുലുനാടന്‍ കഥകള്‍: ഇതുവരെ. പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം