പതിനഞ്ച് വയസ്സ്, രണ്ടാമതും ഗര്‍ഭിണി!
ഈ പെണ്‍കുട്ടി ഒരിക്കലെങ്കിലും ഒരു കുഞ്ഞായിരുന്നിട്ടുണ്ടാവുമോ? ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ . ട്രീസ ജോസഫ് എഴുതുന്നു
ആദ്യത്തെത് സിസേറിയന്‍ ആയിരുന്നു, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കൃത്യം ഒരു വര്‍ഷം മുന്‍പ്. അവധിക്കാലത്ത് സന്ദര്‍ശിക്കാനെത്തിയ ഒരു ബന്ധു ആയിരുന്നു ആ കുട്ടിയുടെ പിതാവ്. ഇത്തവണ ആരാണെന്ന് അവള്‍ക്ക് അറിയില്ല. ആ കുഞ്ഞിനെ ഇവളുടെ സഹോദരനായി അമ്മ വളര്‍ത്തുന്നു. ഞാന്‍ അവളുടെ വയറില്‍ നോക്കി, സിസേറിയന്റെ പാട് കാണാം.
തണുത്തുറഞ്ഞ ഒരു ജനുവരിയിലെ രാത്രിയിലാണ് ഞാനവളെ ആദ്യം കാണുന്നത്. യൂണിറ്റിലേക്ക് പതിനഞ്ചുവയസ്സുള്ള ഒരു പെണ്‍കുട്ടി വരുന്നുവെന്ന് ഒരു ഫോണ്‍ കാള്‍. ഞാന്‍ ചെല്ലുമ്പോള്‍ എമര്‍ജന്‍സി റൂമിന്റെ ഒരുമൂലയില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. വിളര്‍ത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. പേര് വിളിച്ച് ഉറപ്പു വരുത്തി.
അവളുടെ കാലിന് ഒടിവുണ്ട്. അത് ഫിക്‌സ് ചെയ്യണം. പിറ്റേന്ന് രാവിലെയാണ് സര്‍ജറി. അവളുടെ കൈയില്‍ പാതി കഴിച്ചു തീര്‍ത്ത ഒരാപ്പിള്‍ ഉണ്ടായിരുന്നു. മുഷിഞ്ഞ ഒരു പുതപ്പ് കൊണ്ട് അലക്ഷ്യമായി പുതച്ചിരിക്കുന്നു. കൂടെ വേറാരുമില്ല. അമ്മ വീട്ടില്‍ പോയിരിക്കുന്നു, ഇപ്പോള്‍ വരും എന്ന് അവളെ അത്രയും നേരം നോക്കിയിരുന്ന നേഴ്‌സ് പറഞ്ഞു.
ഞാന്‍ അവളെ ഒരു വീല്‍ചെയറില്‍ ഇരുത്തി യൂണിറ്റിലേക്ക് കൊണ്ട് വന്നു. കട്ടിലില്‍ കിടത്തിയിട്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം എന്ന് പറഞ്ഞ് ഞാന്‍ പുറത്തേക്കിറങ്ങി. ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങള്‍ നിരനിരയായി കിടക്കുന്നു. ഡോക്ടറെ വിളിക്കുന്നത് മുതല്‍ അവള്‍ക്ക് കൊടുക്കാനുള്ള മരുന്നുകള്‍, പിറ്റേന്നത്തെ ഓപ്പറേഷനുള്ള തയ്യാറെടുപ്പുകള്‍...
കംപ്യൂട്ടറില്‍ അവളുടെ റിപ്പോര്‍ട്ടുകള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് പ്രെഗ്‌നന്‍സി ടെസ്റ്റില്‍ കണ്ണുടക്കിയത്, പോസിറ്റീവ്. ഒന്നു കൂടി നോക്കി ശരിയായ പേഷ്യന്റ് തന്നെ എന്ന് ഉറപ്പു വരുത്തി.
മനസ്സിന് എന്തോ ഒരു വല്ലായ്ക. തീരെ അസാധാരണമായ കാര്യമൊന്നുമല്ല. എങ്കിലും ഒരു വിഷമം. മനസ്സ്സമ്മതിക്കുന്നില്ല. പതിനഞ്ചു വയസ്സ്, മൂത്ത മകളുടെ പ്രായമേയുള്ളു. അവള്‍ക്ക് ഇത് അറിയാമായിരിക്കുമോ. അമ്മ വരുമ്പോള്‍ ഇത് എങ്ങനെ പറയും! ചിലപ്പോള്‍ അവര്‍ ആ വാര്‍ത്ത വളരെ സാധാരണം എന്ന പോലെ സ്വീകരിച്ചേക്കാം.
എവിടെയാണ് തുടങ്ങേണ്ടതെന്ന് എന്നോ എന്ത് ചോദിച്ചു തുടങ്ങണം എന്നോ വ്യക്തതയില്ലാതെ ഞാന്‍ അങ്ങുമിങ്ങും കറങ്ങിത്തിരിഞ്ഞു നടന്നു. പിന്നെ ഒരു കംപ്യൂട്ടറുമായി തിരികെ അവളുടെ റൂമിലേക്ക് ചെന്നു. കട്ടിലില്‍ ഒരു വശം ചെരിഞ്ഞ് ഒരു കുഞ്ഞിനെപ്പോലെ മയങ്ങുന്നു ആ പെണ്‍കുട്ടി.
പതിയെ അവളെ ഉണര്‍ത്തി ഞാന്‍ അവളോട് ചോദിച്ചു, 'എന്ത് പറ്റിയതാണ് ഹോസ്പിറ്റലില്‍ വരാന്‍?'
'ഓടിയപ്പോള്‍ കാലൊടിഞ്ഞതാണ്' ഒരു വാടിയ ചിരിയോടെ അവള്‍ പറഞ്ഞു. അത് പറയുമ്പോഴും അവളുടെ മുഖത്ത് ഒരു നിഷ്‌കളങ്ക ഭാവമായിരുന്നു. പതിയെ ഞാന്‍ അവളുടെ ഓരോ കാര്യങ്ങളും ചോദിച്ചു കൊണ്ടിരുന്നു. അവള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. പക്ഷേ സ്ഥിരമായൊന്നുമില്ല. പണത്തിന് ആവശ്യം വരുമ്പോള്‍ മുതിര്‍ന്ന കുട്ടികളുടെ കൂടെ കൂടും. മയക്കു മരുന്ന് വിതരണം ചെയ്യാന്‍ സഹായിക്കും. പോലീസ് വരുന്നെന്ന് കേട്ടപ്പോള്‍ പേടിച്ച് ഓടിയതാണ് കാലിലെ ഈ ഒടിവ്.
അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെയാണ് അവളുടെ താമസം. ഒരു മൊബൈല്‍ ഹോം. തീരെ പരിമിതമായ സൗകര്യങ്ങളില്‍ അവരുടെ നാട്ടില്‍ നിന്നുള്ളവരും ബന്ധുക്കളും ഇടയ്ക്ക് വന്ന് താമസിക്കാറുണ്ട്. രണ്ടു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന അമ്മ മിക്കവാറും സമയങ്ങളില്‍ അവളുടെ കൂടെ കാണാറില്ല.
അവളോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മ വന്നു. അവരെയും കൂടെ കൂട്ടി ഞാന്‍ ബാക്കി ഓരോന്നും ചോദിക്കാന്‍ തുടങ്ങി. പിന്നെ അവളുടെ BP നോക്കി. അത് സാധാരണയിലും കൂടുതല്‍ ഉയര്‍ന്നിരിക്കുന്നു. 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ BP ഇത്രയും കൂടാന്‍ കാരണമൊന്നും ഇല്ല.
കഴിക്കുന്ന മരുന്നുകളെപ്പറ്റിയും വേറേ എന്തെങ്കിലും അസുഖം ഉണ്ടോയെന്നുമുള്ള എന്റെ ചോദ്യത്തിന് വളരെ സാധാരണം എന്ന പോലെ അവള്‍ പറഞ്ഞു , കഴിഞ്ഞ തവണ ബേബി ഉണ്ടായപ്പോള്‍ BP കൂടുതലായിരുന്നു. എന്റെ ചെവികള്‍ ഒരു നിമിഷത്തേക്ക് കൊട്ടിയടച്ച പോലെ, കേട്ടത് ശരിയാണോ എന്ന് ഒന്ന്കൂടി ഉറപ്പു വരുത്താന്‍ ഞാന്‍ ചോദിച്ചു. 'ഉവ്വ്, ശരിയാണ്.' അമ്മയും അത് ശരി വച്ചിരിക്കുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ രണ്ടാമതും ഈ പെണ്‍കുട്ടി ഗര്‍ഭിണിയാണ്. ഒരുപക്ഷേ അതില്‍ അസ്വാഭാവികത കാണുന്ന എനിക്കാണോ കുഴപ്പം!
ആദ്യത്തെത് സിസേറിയന്‍ ആയിരുന്നു, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കൃത്യം ഒരു വര്‍ഷം മുന്‍പ്. അവധിക്കാലത്ത് സന്ദര്‍ശിക്കാനെത്തിയ ഒരു ബന്ധു ആയിരുന്നു ആ കുട്ടിയുടെ പിതാവ്. ഇത്തവണ ആരാണെന്ന് അവള്‍ക്ക് അറിയില്ല. ആ കുഞ്ഞിനെ ഇവളുടെ സഹോദരനായി അമ്മ വളര്‍ത്തുന്നു. ഞാന്‍ അവളുടെ വയറില്‍ നോക്കി, സിസേറിയന്റെ പാട് കാണാം.
'ഇപ്പോള്‍ നീ ഗര്‍ഭിണിയാണെന്ന് അറിയാമോ' എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അവള്‍ അമ്മയെ ഒന്ന് നോക്കി. പിന്നെ വെറുതെ ചിരിച്ചു. അമ്മയുടെ മുഖത്തും ഒരുതരം നിര്‍വികാരത. അവര്‍ ആകെ തളര്‍ന്നിരുന്നു.
അപ്പോഴേക്കും സ്‌കാന്‍ ചെയ്യാന്‍ ടെക്‌നീഷ്യന്‍ വന്നിരുന്നു. കുഞ്ഞിന്റെ ഹൃദയ മിടിപ്പുകളോ ചലനങ്ങളോ ഒന്നും അവള്‍ ശ്രദ്ധിച്ചില്ല. ആകെ അവള്‍ക്ക് അറിയേണ്ടിയിരുന്നത് വയറ്റിലെ കുട്ടി ആണോ പെണ്ണോ എന്ന് മാത്രമായിരുന്നു. അത് അറിയാനുള്ള സമയമായില്ല എന്ന് പറഞ്ഞപ്പോള്‍ അവള്‍ ചെരിഞ്ഞു കിടന്ന് വീണ്ടും ഉറക്കമായി. കയ്യില്‍ അപ്പോഴും പാതി കഴിച്ച ആപ്പിള്‍ ഉണ്ടായിരുന്നു. മാധവിക്കുട്ടിയുടെ കഥയിലെ 'രുഗ്മിണിയും പാവക്കുട്ടിയും' എന്റെയുള്ളില്‍ കരഞ്ഞു.
എനിക്കായിരുന്നു അസ്വസ്ഥത മുഴുവന്‍. അവളുടെ വയര്‍ ചെറുതായി പുറത്തേക്കുന്തിയിരിക്കുന്നു.
'ദൈവമേ ഇത് ഒരു ചെറിയ കുട്ടിയല്ലേ'
ഈ കുഞ്ഞിന്റെ ശരീരത്തിന് ഇത് താങ്ങാന്‍ കഴിയുമോ?
എന്റെ മനസ്സ് കരഞ്ഞു. ഞാന്‍ അവളുടെ അമ്മയോട് സംസാരിച്ചു. അത്ര സ്ഫുടതയില്ലാത്ത ഇംഗ്ലീഷില്‍ അവര്‍ പറഞ്ഞു തുടങ്ങി. മെക്‌സിക്കോയില്‍ അവര്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകളും ഏത് വിധേനയും അതിര്‍ത്തി കടന്ന് യു എസില്‍ എത്താന്‍ ഉള്ള പരിശ്രമങ്ങളും. അവരുടെ ഒരു മകന്‍ ആ ശ്രമത്തിനിടയില്‍ മരിച്ചു പോയി. കൂട്ടുകാരുമൊരുമിച്ച് ഒരു ട്രെയിനിന്റെ മുകളില്‍ കിടന്നാണ് അവന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. തളര്‍ന്ന ഉറക്കത്തിനിടയില്‍ പാളത്തിലേക്ക് ഉരുണ്ടുവീണ് അവന്‍ മരിച്ചു.
ആ അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. ഭക്ഷണത്തിന്റെയും വിശപ്പിന്റെയും മുന്‍പില്‍ ആത്മാഭിമാനവും സ്ത്രീ എന്ന തോന്നലുമൊക്കെ മറഞ്ഞു പോകുന്നതിനെക്കുറിച്ച്. ജീവന്‍ കൈയില്‍ പിടിച്ചോടുമ്പോള്‍ ശരീരം വില്‍ക്കാന്‍ മാത്രമായുള്ള ഒരു വസ്തുവായി മാറുന്നതിനെക്കുറിച്ച്....മക്കളുടെ സുരക്ഷിതത്വം എന്നത് ചിലപ്പോഴെങ്കിലും വെറും സ്വപ്നമായി മാറുന്നതിനെക്കുറിച്ച്. ഉറഞ്ഞ കണ്ണുകളുമായി, തളര്‍ന്ന നോട്ടവുമായി അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
പരാതിപ്പെടാന്‍ അവര്‍ക്ക് പേടിയുണ്ട്. നിയമപരമല്ലാതെ ഇവിടെ താമസിക്കുകയും ഓരോ ജോലികള്‍ ചെയ്ത് ദിവസങ്ങള്‍ കഴിയുകയും ചെയ്യുന്ന അവര്‍ ചിലപ്പോള്‍ തിരിച്ചു പോകേണ്ടി വന്നേക്കാം. ഇടയ്ക്കിടെ ശവങ്ങള്‍ വീഴുകയും, തോക്കുകളുടെ ശബ്ദം എപ്പോഴും മുഴങ്ങുകയും ചെയ്യുന്ന മെക്‌സിക്കന്‍ തെരുവുകളിലേക്ക് തിരിച്ചുപോവാന്‍ അവര്‍ക്ക് സാധിക്കില്ല.
ജീവനും വാരിപ്പിടിച്ചു കൊണ്ട് ഓടുന്നവരുടെ മുന്‍പില്‍ മതിലുകള്‍ ഉയരുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ, മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള കരുതല്‍. ഇതിനിടയില്‍ ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു കൂട്ടം ആളുകള്‍. ബാല്യവും കൗമാരവും അഭയാര്‍ത്ഥി ക്യാമ്പുകളില്‍. കരുതലോടെ ചേര്‍ത്ത് പിടിക്കാന്‍ ആരുമില്ല. പ്രണയവര്‍ണ്ണങ്ങള്‍ ഊര്‍ന്നിറങ്ങുന്നത് പലപ്പോഴും മനുഷ്യക്കടത്തിന്റെ ചങ്ങലക്കണികളിലേക്കാവാം.
എനിക്കപ്പോള്‍ എന്റെ മോളെ കാണണമെന്ന് തോന്നി. അവളെ നെഞ്ചിന്റെ ചൂടില്‍ നിന്നും ആരും കൊണ്ടുപോകാതിരിക്കാന്‍ ഒന്ന് പൊതിഞ്ഞു പിടിക്കണമെന്ന് തോന്നി. പിന്നെയോര്‍ത്തു, സ്വാര്‍ത്ഥതയാണിത്. സുരക്ഷിതത്വത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഇരുന്ന്, ചതിയില്‍ പെടുന്ന മക്കളെ നേരം വണ്ണം നോക്കാത്ത അമ്മമാരെ കുറ്റം പറയാന്‍ എനിക്കെന്തവകാശം! ഈ പെണ്‍കുട്ടിക്ക് പേരിന് ഒരമ്മയെങ്കിലും ഉണ്ട്. അത് പോലുമില്ലാതെ ഇരുണ്ടു പോകുന്ന ജീവിതവുമായി എത്രയോ കുട്ടികള്‍!
ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തയായി ചെരിഞ്ഞു കിടന്നുറങ്ങുന്ന ഈ പെണ്‍കുട്ടിയെ വിളിച്ചുണര്‍ത്തി ഇറുകെ ഒന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നുന്നു. അതോ ഏതെങ്കിലും ഇരുള്‍ക്കോണില്‍ പതുങ്ങിയിരുന്ന് ഒന്ന് കരഞ്ഞാലോ?
'എനിക്ക് വിശക്കുന്നു, ഇന്ന് ഒന്നും കഴിച്ചിട്ടില്ല'
പതിയെ കണ്ണ് തുറന്ന അവള്‍ പറഞ്ഞു. വീണ്ടും മനസ്സ് വീണ്ടും പിടി വിട്ടു പോവുകയാണ്.
'അമ്മേ ഇന്ന് മീന്‍കറി വെയ്ക്കാത്തതെന്താ' എന്ന് ഒരു കുഞ്ഞു സ്വരം കാതില്‍ ചോദിക്കുന്നു. മീന്‍കറി ഇല്ലെന്ന് അമ്മ ഒരു കുഞ്ഞു നുണ പറഞ്ഞതായിരിക്കും എന്ന് കരുതി ചട്ടികളും പാത്രങ്ങളുമൊക്കെ അവള്‍ പൊക്കിനോക്കും. 'നാളെ മീന്‍കറി വെയ്ക്കാം, ഇന്ന് നമുക്ക് വേറേ എന്തെങ്കിലും കഴിക്കാം' എന്ന് പറഞ്ഞ് കുഞ്ഞിയെ പൊതിഞ്ഞു പിടിക്കുന്ന നിമിഷങ്ങള്‍ ഓര്‍മ്മ വരുന്നു. കുഞ്ഞിക്കുറുമ്പ് തുടുപ്പിച്ച മുഖവുമായി അവളെന്നെ കൂര്‍പ്പിച്ച് നോക്കുന്നു. അമ്മയുടെ സങ്കടം അഭിനയിക്കുന്ന മുഖം കാണുമ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കും. പിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മയില്‍ അലിഞ്ഞു പോകുന്ന ശാഠ്യങ്ങള്‍. നനുത്ത കുഞ്ഞു മുത്തങ്ങള്‍ക്കൊപ്പം അവളുടെ കണ്ണില്‍വിരിയുന്ന നക്ഷത്രപ്പൂക്കള്‍.
എന്റെ മുന്‍പില്‍ പാതിമയക്കത്തില്‍ കിടക്കുന്ന ഈ പെണ്‍കുട്ടി ഒരിക്കലെങ്കിലും ഒരു കുഞ്ഞായിരുന്നിട്ടുണ്ടാവുമോ! നിലാവിനെയും നക്ഷത്രങ്ങളെയും കണ്ട് ഒരിക്കലെങ്കിലും അവളുടെ കണ്ണുകള്‍ തിളങ്ങിയിട്ടുണ്ടാവുമോ? കുഞ്ഞിന്റെ ജീവിതം ജീവിക്കാതെ തന്നെ അവള്‍ അമ്മ ആയിരിക്കുന്നു. മനസ്സിലൊരു നോവുണരുകയാണ്, ദേശഭേദമില്ലാതെ, പെണ്‍ശരീരം എന്ന് മാത്രമുള്ളൊരു ലേബലില്‍ ബാല്യം ഇറുത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍ത്ത്. എന്റെ മുന്‍പിലുള്ള ഈ മെക്‌സിക്കക്കാരി പെണ്‍കുട്ടി മുതല്‍ നാദിയമുറാദ് വരെ ആ നിര നീണ്ടു പോകുകയാണ്. ഒരു പെണ്‍കുട്ടിയും അവസാനത്തെ പെണ്‍കുട്ടിയാകാത്ത വിധം അതിര്‍ത്തികള്‍ കടന്ന് ആ നിര നീളുന്നു.
കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നനവിറ്റും എന്ന് പറഞ്ഞത് എഴുത്തു കൂട്ടുകാരി ലിനി പത്മ ആണ്. ഉവ്വ് എന്റെ മനസ്സിലും ഒരു നനവൂറുന്നുണ്ട്. ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ തോന്നുമ്പോലെ ഒരു നനവ്. എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ മുഖമാണ്, അവരെ കറുത്ത കൈകളാല്‍ തൊടുന്നവര്‍ക്കും. എങ്ങനെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓടിപ്പോകുന്ന ഈ കുഞ്ഞുങ്ങളെ എങ്ങനെ തൊടാന്‍ പറ്റുന്നു? അവരുടെ ഉടലിലേക്ക് ആസക്തിയോടെ എങ്ങനെ നോക്കാന്‍ കഴിയുന്നു?
ഓര്‍ത്തു പോകവേ മനസ്സില്‍ ഉയര്‍ന്നു വരുന്നത് ആധിയും അതില്‍ നിന്നുയരുന്ന വല്ലാത്തൊരു വെറുപ്പുമാണ്. ഒപ്പം മുള്ളുപോലെ പകയുടെ ചീന്തുകളും.
പക മനസ്സിലുണ്ടായാല്‍ ഗുരുകൃപകള്‍ വറ്റിപ്പോകുമെന്നൊരു മന്ത്രണം കാതോരം കേള്‍ക്കുന്നുണ്ട്. അതിനെ തീരെ അവഗണിക്കാനാണ് ഇപ്പോള്‍ എന്നിലെ അമ്മ മനസ്സ് കുതിച്ചു ചാടുന്നത്.
അമ്മയെക്കൂടാതെ ബാല്യത്തിലെ പോറ്റമ്മമാര്‍ എത്രയോ പേര്‍? ജോസ്മോന്റെ അമ്മ, ബീനയുടെ അമ്മ, അമ്മിണിച്ചേച്ചി....സംരക്ഷണത്തിന്റെ കരങ്ങള്‍ ചുറ്റുമുണ്ടായിരുന്നു.
'തന്നെ പോവണ്ട ട്ടോ, പിള്ളേരെ പിടുത്തക്കാര് വല്യ ചാക്കും കൊണ്ട് വരും. ന്നിട്ടേ, തന്നെ നടക്കുന്ന പിള്ളേരെപിടിച്ചോണ്ട് പോവും.'
ആരോ പറയുന്നു. ഉവ്വ്, ചാക്കുകള്‍. വലിയ കരിമ്പടങ്ങള്‍. വലക്കണ്ണികള്‍. ഉയര്‍ന്ന മതിലുകള്‍ക്കൊന്നും സംരക്ഷിക്കാന്‍ കഴിയാത്ത വിധം ലോകമെങ്ങും ബാല്യങ്ങള്‍ ചിതറിപ്പോവുകയാണ്.
ഞാന്‍ കൊടുത്ത ടര്‍ക്കി സാന്‍ഡ്വിച്ചും ഒരു പാക്കറ്റ് ചിപ്‌സും കഴിച്ച് അവള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു. അമ്മ അരികെ ഒരു കസേരയിലിരുന്ന് ഉറങ്ങുന്നുണ്ട്. രാവിലെ അവര്‍ക്ക് ജോലിക്ക് പോകണം.
വിളര്‍ത്തു മെലിഞ്ഞ് വാടിയൊരു പൂവ് പോലെ മുന്‍പില്‍ കിടക്കുന്ന ഈ പെണ്‍കുട്ടിയെ കാണുമ്പോള്‍ എന്റെയുള്ളില്‍ ഒരു കാളിയുണരുന്നു. അവളെ ഹിംസ നിറഞ്ഞ കൈകള്‍ കൊണ്ടും ദുഷിച്ച മനസ്സ് കൊണ്ടും തൊട്ട ഏതോ ഒരുവന്‍ ദാരികനാവുന്നു.
നിറമറ്റ ബാല്യത്തിലെ ദുരിത പര്‍വ്വങ്ങള്‍ താണ്ടി എന്നെങ്കിലും അവളൊരു നക്ഷത്രം കണ്ടെത്തുമോ! കണ്ടെത്തണേ എന്നൊരു പ്രാര്‍ത്ഥന മാത്രം ഈ അമ്മയുടെ മനസ്സില്‍ നിന്നും.