നെഞ്ചില്‍ നിന്നും കുഞ്ഞു പറിച്ചെടുക്കപ്പെട്ട ഒരമ്മ

ട്രീസ ജോസഫ് എഴുതുന്നു: ആ അമ്മ തിരിഞ്ഞു നടന്നതും റൂമില്‍ ഞാനും ആ കുഞ്ഞും മാത്രമായി. പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഈ നിമിഷം എന്നെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. ഞാനാണ് ആ കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തിയതെന്ന് ഒരു കാരണവുമില്ലാതെ ചിന്തിച്ചു.

tale of adopted kids A nurses experiences by Theresa Joseph

ഒരു ദിവസം കെവിന്‍ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ വരും. അവനെ ദത്തെടുത്ത മാതാപിതാക്കളുംഅവന്റെ സഹോദരങ്ങളും കൂടെയുണ്ടാവും. ഒരു പക്ഷെ ഞാനന്ന് ജോലിയില്‍ നിന്ന് വിരമിക്കാറായ ജരാനരകള്‍ ബാധിച്ച ഒരാളായിരിക്കും. അവന്‍ എന്നോട് ചോദിക്കും 'എന്നെ ഓര്‍മ്മയുണ്ടോ?'

 

tale of adopted kids A nurses experiences by Theresa Joseph

 

ചില നേരങ്ങള്‍ അങ്ങനെയാണ്.ചില മനുഷ്യരും. ഒരു കാരണവുമില്ലാതെ വെറുതെ വന്ന് നോവിച്ചു കടന്ന് പോകും. എന്തിനെന്ന് പോലുമറിയാത്ത ചില കൂടിച്ചേരലുകള്‍ നൊമ്പരത്തീയിലേക്കാകും തള്ളിയിടുന്നത്.

എന്തിനാവും അവന്‍ എന്റെ മുന്നില്‍ തന്നെ വന്നു പെട്ടത്? എന്തിനാവും ഞാന്‍ തന്നെഅവനെ കൈയേല്‍ക്കുകയും കൈമാറുകയും ചെയ്യേണ്ടി വന്നത്?

ഉത്തരമില്ലാത്ത പല ചോദ്യങ്ങളുടെ നിരയിലേക്ക് ഒന്ന് കൂടി.

തെരുവില്‍ നിന്ന് വന്ന ആ അമ്മ കുഞ്ഞിനെ ദത്തു കൊടുക്കാന്‍ ഉറച്ചു തന്നെയായിരുന്നു. അപ്പന്‍ ആരെന്ന് കൃത്യമായി അവള്‍ക്ക് അറിയില്ല. തെരുവിന്റെ എല്ലാ ശൂന്യതയും അവളോടൊപ്പം ഉണ്ടായിരുന്നു.ശരീരത്തിന്റെയും മനസ്സിന്റെയും സമനില തകര്‍ക്കുന്ന മരുന്നുകള്‍, വെടിയുണ്ട തുളഞ്ഞു കയറിയ പാടുകള്‍, ശരീരം നിറയെ വിചിത്ര രൂപികളുടെ പച്ച കുത്തലുകള്‍ അങ്ങനെ പലതും. കുഞ്ഞു ജനിക്കുന്നതിന് മുന്‍പ് തന്നെ ദത്തെടുക്കാനുള്ള കുടുംബത്തെ തീരുമാനിച്ചിരുന്നു. ആദ്യ ദിവസം മുഴുവനും അവള്‍ വേദനയെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു. സ്ഥിരം കഴിച്ചു കൊണ്ടിരിക്കുന്ന മയക്ക് മരുന്നുകള്‍ കിട്ടാത്തതിനാല്‍ ശരീരം അവളോട് പ്രതികരിച്ചു കൊണ്ടിരുന്നു. കിടക്കാനോ ഉറങ്ങാനോ പോലും പറ്റാതെ അവള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പക്ഷേ ഏതോ ഒരു നിമിഷം അവള്‍ കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്തു.

കുഞ്ഞിനെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു തന്നെ അവള്‍ അഡോപ്ഷന്‍ പേപ്പറുകള്‍ ഒപ്പിട്ടു. കുഞ്ഞിന്റെ അപ്പനായിരിക്കും എന്ന് അവള്‍ കരുതിയ ആള്‍ രണ്ടാമത്തെ ദിവസം വന്നു. ഫോണില്‍ വിളിച്ചപ്പോള്‍ ഡി എന്‍ എ  പരിശോധന നടത്താനുള്ള സൗകര്യത്തെക്കുറിച്ചു ചോദിച്ചിരുന്നു അയാള്‍. പക്ഷേ അപ്പനാണെന്ന് തെളിഞ്ഞാല്‍പോലും അയാളും മയക്കു മരുന്ന് സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് കുഞ്ഞിനെ കൊണ്ടു പോകാന്‍ പറ്റില്ല. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസുകാര്‍, കേസ് മാനേജര്‍മാര്‍, അഡോപ്ഷന്‍ ഏജന്‍സി, അറ്റോര്‍ണിമാര്‍...ഞാനും തളര്‍ന്നു.

ഇടയ്ക്ക് ഞാന്‍ അമ്മയോട് ചോദിച്ചു, കുഞ്ഞിനെ തൊട്ടിലില്‍ കിടത്തണോ?

വേണ്ട എന്ന് പറഞ്ഞു അവള്‍ കുഞ്ഞിനെ ഒന്നു കൂടി നെഞ്ചിലേക്ക് ചേര്‍ത്തു പിടിച്ചു .ഇത് ഏറെ വൈകാരികനിമിഷങ്ങള്‍ നിറഞ്ഞതാവും- ഞാനോര്‍ത്തു. പേപ്പറുകള്‍ എല്ലാം ഒപ്പിട്ട ശേഷം അമ്മയോടും അവളുടെ കൂട്ടുകാരനോടും ഞാന്‍ പറഞ്ഞു. ഇനി നിങ്ങള്‍ പോകണം, കുഞ്ഞിനെ ദത്തെടുത്ത അപ്പനും അമ്മയും കാത്തിരിക്കുന്നു. അമ്മ പറഞ്ഞു എനിക്കൊന്നു കുളിക്കണം. നിഷേധിക്കാന്‍ ആവാത്ത ആവശ്യം. അവള്‍ കുളിക്കുന്ന സമയം അത്രയും കൂട്ടുകാരന്‍ കുഞ്ഞിനെ മാറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു.

ചില സമയത്തു നമുക്ക് തോന്നും എന്തോ കുഴപ്പമുണ്ട്. എന്താണ് എന്ന് കൃത്യമായി അറിയില്ല. പക്ഷേ എന്തോ ഒരുകുഴപ്പം, അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചേക്കും എന്ന മനസ്സിന്റെ മുന്നറിയിപ്പ്. വല്ലാത്ത ഒരവസ്ഥയാണ്അത്. അമ്മ കുളി കഴിഞ്ഞു അവളുടെ സാധനങ്ങള്‍ എല്ലാം ഒരു ചെറിയ ട്രോളിയില്‍ എടുത്ത് വച്ചു. പിന്നെഎന്നോട് പറഞ്ഞു എനിക്ക് കുറച്ചു വെളളം വേണം. പോകാതിരിക്കാന്‍ അവള്‍ വീണ്ടും ഓരോരോ കാരണങ്ങള്‍നോക്കുകയാണ്.

മനസ്സില്‍ നിന്നൊരു മുന്നറിയിപ്പ്, നീ ഇപ്പോള്‍ വെള്ളമെടുക്കാന്‍ പോകരുത്. പക്ഷെ ആ മുന്നറിയിപ്പ് വകവയ്ക്കാതെ ഞാന്‍ പോയി.

പകുതി വഴി എത്തിയില്ല അതിന് മുന്‍പ് എന്തോ തോന്നി വെളളം എടുക്കാതെ തന്നെ ഞാന്‍ തിരിച്ചു റൂമിലേക്ക് നടന്നു. നോക്കുമ്പോള്‍ കുഞ്ഞിനേയും കൊണ്ട് അവര്‍ പുറക് വശത്തെ വാതിലില്‍ കൂടി പോകാനൊരുങ്ങുന്നു. എന്നെ കണ്ടതും തളര്‍ന്നത് പോലെ ആ മനുഷ്യന്‍ ബെഡിലേക്ക് ഇരുന്നു. താനാണോ ആ കുഞ്ഞിന്റെ പിതാവ് എന്ന് അയാള്‍ക്ക് ഇനിയും ഉറപ്പില്ല. ആ കുഞ്ഞിനേയും കൊണ്ട് പോയാല്‍ അവനെ എങ്ങനെവളര്‍ത്തുമെന്നോ എവിടെ താമസിക്കുമെന്നോ ഒരു രൂപവും ഇല്ല. മുഷിഞ്ഞ ഒരു പാന്റ്‌സും ഷര്‍ട്ടുമാണ് ഇട്ടിരിക്കുന്നത്. സിഗരറ്റിന്റെ മടുപ്പിക്കുന്ന ഗന്ധം മുറിയില്‍ ആകെ നിറഞ്ഞിരിക്കുന്നു. ഇതൊക്കെ ആണെങ്കിലും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ അയാള്‍ ഒരു ജീവിതം സ്വപ്നം കണ്ടിരിക്കാം. ഒരു പിഞ്ചു ജീവനു മാത്രം നല്കാന്‍ കഴിയുന്ന ഒരു തരം പ്രചോദനം.

സെക്യൂരിറ്റിയെ വിളിക്കാതെ എനിക്ക് വേറേ മാര്‍ഗമുണ്ടായിരുന്നില്ല. അവര്‍ വന്ന് അയാളെ റൂമിന് വെളിയില്‍ഇറക്കി. എന്റെ കൈയിലേക്ക് കുഞ്ഞിനെ വച്ചിട്ട് അയാള്‍ സെക്യൂരിറ്റിയുടെ കൂടെ നടന്നു പോയി.അമ്മ പാതിവഴിയില്‍ തിരിച്ചു വന്നു. വീണ്ടും അവന്റെ നെറ്റിയില്‍ ഒരു ചുംബനം കൂടി. 

പിന്നെ എനിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരു കൈയില്‍ കുഞ്ഞിനെ പിടിച്ചു മറു കൈ കൊണ്ട് ഞാനാ അമ്മയെ ചേര്‍ത്തുപിടിച്ചു. മനസ്സിന്റെ ഒരു പാതി പറഞ്ഞു, സഹതാപത്തിന്റെ ആവശ്യം ഇല്ല. ഇത് ഇവളുടെ ഏഴാമത്തെ കുഞ്ഞാണ്. ഒരു കുഞ്ഞു പോലും കൂടെയില്ല. തിരിയെ പോകുന്നത് തെരുവിലേക്ക് .അവള്‍ ഇനിയും മയക്ക് മരുന്ന് ഉപയോഗിച്ചു കൊണ്ടേയിരിക്കും. ഇനിയും ഒരു പക്ഷേ കുഞ്ഞുങ്ങള്‍ ഉണ്ടാകും.

പക്ഷെ മറുപാതി പറഞ്ഞു, അരുത് വിധിക്കരുത്. അവള്‍ ഒരമ്മയാണ്. നെഞ്ചില്‍ നിന്നും കുഞ്ഞു പറിഞ്ഞു പോകുന്ന ഒരമ്മ. ആ ഒരൊറ്റ ഓര്‍മ്മയില്‍ ഞാനവളെ  ചേര്‍ത്ത് പിടിച്ചു. കൊറോണ കാലമാണ്, സാമൂഹ്യ അകലം വേണം. പക്ഷേ ഈ നിമിഷം ഒരമ്മയുടെ നെഞ്ചിലെ തേങ്ങലുകളും കണ്ണീരും മാത്രമേ എന്റെ മുന്‍പില്‍ഉള്ളു. ഇറുകെ അവളെ കെട്ടിപ്പിടിച്ചു ഞാന്‍ നിന്നു. രണ്ടു കൈയിലും രണ്ടു കുഞ്ഞുങ്ങള്‍!

ആ അമ്മ തിരിഞ്ഞു നടന്നതും റൂമില്‍ ഞാനും ആ കുഞ്ഞും മാത്രമായി. പിടിച്ചു നില്‍ക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഈ നിമിഷം എന്നെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. ഞാനാണ് ആ കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പെടുത്തിയതെന്ന് ഒരു കാരണവുമില്ലാതെ ചിന്തിച്ചു. ഈ നിമിഷം താണ്ടാന്‍ എനിക്ക് പറ്റുന്നില്ല. ഉച്ചത്തിലുള്ള എന്റെ കരച്ചില്‍ കേട്ട് ആരൊക്കെയോ ഓടി വന്നു. ഞാന്‍ ആരേയും നോക്കിയില്ല. ആപിഞ്ചു കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു വീണ്ടും വീണ്ടും ഉച്ചത്തില്‍ കരഞ്ഞു കൊണ്ടേയിരുന്നു. ആരോ ഒരു വീല്‍ചെയര്‍ കൊണ്ട് വന്ന് എന്നെ അതില്‍ ഇരുത്തി വേറൊരു റൂമിലേക്ക് മാറ്റി. കുഞ്ഞിനെ എടുത്തു മാറ്റാന്‍പോലും ആരും ശ്രമിച്ചില്ല. അവനെയും നെഞ്ചോട് ചേര്‍ത്തു തനിയെ ഞാനിരുന്നു. കുറച്ചു നിമിഷങ്ങള്‍ ഞാന്‍ അവന്റെ അമ്മ ആയതു പോലെ. ഒന്ന് ചിണുങ്ങുക പോലും ചെയ്യാതെ ആ പിഞ്ചു പൈതല്‍ എന്നില്‍ ചേര്‍ന്നിരിക്കുമ്പോഴും ഒരു നാണവുമില്ലാതെ കണ്ണുകള്‍ പെയ്തു കൊണ്ടേയിരുന്നു.

പിന്നെ ഞാന്‍ അവനെ കുളിപ്പിച്ചു. നേഴ്‌സറിയില്‍ നിന്ന് ഉടുപ്പും തൊപ്പിയും ഒക്കെ എടുത്ത് ഇടുവിച്ചു. ആരും ശല്യപ്പെടുത്തിയതേയില്ല. എന്റെ ബാക്കി രോഗികളെ ഒക്കെ കൂടെയുള്ളവര്‍ പങ്കിട്ടെടുത്തു. ഇനി തിരിച്ചുചെല്ലുമ്പോള്‍ വേണം അവരോട് ഒരു നന്ദി വാക്ക് പറയാന്‍. ദത്തെടുത്ത അപ്പനും അമ്മയും വന്നു. പേപ്പറുകള്‍ ഒപ്പുവെച്ച് അവര്‍ കുഞ്ഞിനെ ഏറ്റെടുത്തു. ആറും നാലും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് അവര്‍. കുഞ്ഞിനെ കൈയില്‍ പിടിച്ചു കൊണ്ട് അവര്‍ അവരുടെ കുഞ്ഞുങ്ങളെ ഫോണില്‍ വിളിച്ചു.നിങ്ങളുടെ സഹോദരന്‍ ഇതാ എന്ന് പറഞ്ഞാണ് അവര്‍ കുഞ്ഞാവയെ പരിചയപ്പെടുത്തിയത്. കുഞ്ഞുങ്ങള്‍ ആര്‍ത്തുചിരിക്കുന്ന ശബ്ദം കേള്‍ക്കാം.എന്റെ കണ്ണിലിപ്പോള്‍ സന്തോഷത്തിന്റെ കണ്ണു നീരാണ് .അറിഞ്ഞോ അറിയാതെയോ ഞാനും ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. പോറ്റമ്മക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു. ഇനിഡോക്ടറെ കാണേണ്ട ദിവസം, അടുത്ത ഫീഡിങ് സമയം അങ്ങനെ എല്ലാം. അവര്‍ വളരെ ശ്രദ്ധയോടെ എല്ലാം കേട്ടു. തൊട്ടിലില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ ഒക്കെ പായ്ക്ക് ചെയ്ത് ഏല്‍പ്പിച്ചു. എന്നിട്ടും മതിയാവാത്ത പോലെ ഒരു തോന്നല്‍.

അവരുടെ കൂടെ താഴെ പാര്‍ക്കിംഗ് ലോട്ടില്‍ വരെ പോയി. കാര്‍ സീറ്റില്‍ കുഞ്ഞിനെ ഫിക്‌സ് ചെയ്ത് ഒന്ന് കൂടി അവനെ തിരിഞ്ഞു നോക്കി. ദത്തെടുത്ത അപ്പന്‍ എന്റെ കൈയില്‍ പിടിച്ചു നിര്‍ത്തി, പിന്നെ പറഞ്ഞു 'നിങ്ങള്‍ അവനെ മിസ് ചെയ്യും എന്ന് ഞങ്ങള്‍ക്കറിയാം. നോക്കൂ ഇവനെ ഞങ്ങള്‍ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കും. അവന്‍ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഒപ്പം വളരും. അവന് നല്ല വിദ്യാഭ്യാസവും നല്ല ഒരു ജീവിതവും ഞങ്ങള്‍ ഉറപ്പാക്കും.' ഞാന്‍ അവരോട് പറഞ്ഞു 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' 

പിന്നെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു ഞാന്‍ തിരികെ നടന്നു.


തിരികെ നടക്കുമ്പോള്‍ ഞാനാലോചിച്ചു. ഈ കുഞ്ഞു ഭാഗ്യം ചെയ്തവനാണ്. അവന്റെ ജീവിതത്തിന്റെ ആദ്യദിനങ്ങള്‍ മുതല്‍ ഒരു നല്ല കുടുംബത്തില്‍ വളരാന്‍ അവന് പറ്റുന്നു. മനുഷ്യന് ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് കുടുംബത്തിന്റെ കെട്ടുറപ്പില്‍ ജീവിതം തുടങ്ങുക എന്നത്. പിന്നീടുള്ള അവന്റെ ജീവിതം മുഴുവനും ആദ്യ കാലങ്ങളിലെ അനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കും.

കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും എകദേശം ഒരു ലക്ഷത്തി അന്‍പതിനായിരം ദത്തെടുക്കലുകള്‍ ആണ് അമേരിക്കയില്‍ നടക്കുന്നത്. ഇതില്‍ അമ്പത്തഞ്ചു ശതമാനത്തോളം പിറന്ന ഉടനേ തന്നെ ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളാണ്. ഗവണ്മെന്റ് ഇടപെടാതെ തന്നെ, പ്രസവിച്ച അമ്മയും, ദത്തെടുക്കുന്നവരും അവരുടെ വക്കീലും ഉള്‍പ്പെടുന്ന ഒരു  പ്രോസസ്. ദത്തെടുക്കാന്‍ ആളില്ലാത്തതോ നിയമ പരമായി മറ്റെന്തെങ്കിലും പ്രശ്‌നമോ ഒക്കെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റര്‍ കെയറില്‍ വിടുന്നു. അത് വീടാകാം.  അല്ലെങ്കില്‍ ഗ്രൂപ്പ് ഹോം പോലെയുമാകാം. അവിടെ നിന്ന് ഗവണ്മെന്റ് ഇടപെട്ട് കുഞ്ഞുങ്ങള്‍ക്ക് ഒരു  കുടുംബത്തെ കണ്ടുപിടിക്കും. അമ്പതിനായിരത്തോളം അഡോപ്ഷന്‍സ് ഇങ്ങനെ ഓരോ വര്‍ഷവും നടക്കുന്നു. ആരേയും കിട്ടാത്ത കുഞ്ഞുങ്ങള്‍ പതിനെട്ടു വയസ്സ് വരെ അവിടെതന്നെ കഴിയുന്നു.

പല കാരണങ്ങളാല്‍ അഡോപ്ഷന്‍സ് നടക്കാറുണ്ട്. അമ്മ എതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണെങ്കില്‍, അല്ലെങ്കില്‍ അമ്മ മയക്കുമരുന്നുകള്‍ ഉപയൊഗിക്കുകയോ മദ്യപാനി ആയിരിക്കുകയോ ചെയ്യുന്ന അവസ്ഥ. കുഞ്ഞിന് സുരക്ഷിതമായ ചുറ്റുപാട് ഇല്ലെങ്കില്‍ മാതാപിതാക്കളുടെ ഒപ്പം കുഞ്ഞിനെ വീടില്ല.  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിന്റെ നിര്‍ദ്ദേശ പ്രകാരം മാത്രമെ കുഞ്ഞിനെ വീട്ടില്‍ വിടാന്‍ പറ്റുകയുള്ളു. ഉത്തരവാദിത്തമുള്ള ഒരു ബന്ധു അല്ലെങ്കില്‍ മറ്റാരെങ്കിലും കുഞ്ഞിനെ ഏറ്റെടുത്തില്ലെങ്കില്‍ കുഞ്ഞ് ഫോസ്റ്റര്‍ ഹോമില്‍ പോകും.

പതിനെട്ടു വയസ്സാവുന്നതോടെ 'പ്രായപൂര്‍ത്തിയായ' കുട്ടികള്‍ ഫോസ്റ്റര്‍ ഹോമുകളില്‍ നിന്ന് പുറത്തിറങ്ങുന്നു. പിന്നീട് അവര്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കാനും ആരുമില്ല. ചിലര്‍ക്ക്  ബന്ധുക്കള്‍ എന്ന് പറയാന്‍പോലും ആരും കാണില്ല .പതിനെട്ടു വയസ്സില്‍, കടലാസില്‍, പ്രായപൂര്‍ത്തി ആയെന്നല്ലാതെ ഈ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചു യാതൊന്നും അറിയില്ല. പലരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല. കുറേപ്പേര്‍ തെരുവിലേക്ക് പോകുന്നു. എന്തെങ്കിലുമൊക്കെ ജോലികള്‍ ചെയ്യുന്നു. വളരെ അപൂര്‍വ്വമായി മാത്രം ആരുടെയെങ്കിലും സഹായം കിട്ടി ചിലരൊക്കെ കോളേജില്‍പോകുന്നു. ചിലര്‍ ഓരോ ഗ്യാങ്ങുകളില്‍ കൂടി മയക്കു മരുന്ന് വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഒരിക്കല്‍ പോലീസിന്റെ പിടിയിലായാല്‍ ആ ക്രിമിനല്‍ റെക്കോര്‍ഡ് നില നില്‍ക്കുന്നിടത്തോളം വേറേ ജോലിയൊന്നും കിട്ടില്ല. ജീവിതം ചിതറി പോകുകയാണ്.

പലരും വളരെ നേരത്തെ അപ്പനും അമ്മയും ആകുന്നു. അവരുടെ കുഞ്ഞുങ്ങള്‍ വീണ്ടും ഫോസ്റ്റര്‍ ഹോമുകളിലേക്ക് പോകുന്നു.ചരിത്രം ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു.

ജീവിതത്തില്‍ അന്ധകാരം നിറക്കുന്ന ഒരു വലിയ ഘടകമാണ് അനാഥത്വം.മ നുഷ്യന്‍ എന്നും സമൂഹജീവിയാണ്. ബന്ധങ്ങളുടെയും കൂടിച്ചേരലുകളുടെയും സമൃദ്ധിയിലാണ് മനുഷ്യ ജീവിതം തളിരിടുന്നത്. നിറയെപൂക്കുകയും കായ്ക്കുകയും ചെയ്യുന്ന വന്മരമായി മനുഷ്യ ജീവിതം പടരണമെങ്കില്‍ കുടുംബം കൂടിയേതീരൂ. എങ്കിലും ചില മുത്തുകളുണ്ട്. എത്ര പ്രതികൂല സാഹചര്യങ്ങള്‍ ആണെങ്കിലും അവര്‍ പ്രകാശിച്ചുകൊണ്ടേയിരിക്കും. ഏത് ചേറിലാണെങ്കിലും അവര്‍ അതൊക്കെ കുടഞ്ഞെറിഞ്ഞു തിളങ്ങിത്തന്നെ നില്‍ക്കും.തനിയെ പ്രകാശിച്ചും മറ്റുള്ളവര്‍ക്ക് പ്രകാശം പകര്‍ന്നും.

തിരികെ യൂണിറ്റിലേക്ക് നടക്കുമ്പോള്‍ സ്വപ്നം പോലൊരു ചിന്ത മനസ്സിലേക്ക് കടന്നു വന്നു. ഒരു ദിവസം കെവിന്‍ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ വരും. അവനെ ദത്തെടുത്ത മാതാപിതാക്കളുംഅവന്റെ സഹോദരങ്ങളും കൂടെയുണ്ടാവും. ഒരു പക്ഷെ ഞാനന്ന് ജോലിയില്‍ നിന്ന് വിരമിക്കാറായ ജരാനരകള്‍ ബാധിച്ച ഒരാളായിരിക്കും. അവന്‍ എന്നോട് ചോദിക്കും 'എന്നെ ഓര്‍മ്മയുണ്ടോ? നമ്മള്‍ പരസ്പരം അറിയും. കുറേയേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ രണ്ടു മണിക്കൂറോളം എന്റെ അമ്മയായിരുന്നു. എനിക്ക് വേണ്ടി നിങ്ങള്‍ കരഞ്ഞു .ആരുമല്ലാത്ത എനിക്ക് വേണ്ടി നിങ്ങളുടെ ഹൃദയം നൊന്തു.' പിന്നെ അവന്‍ തല ഉയര്‍ത്തി പിടിച്ചു പറയും -'നോക്കൂ ഞാന്‍ വിജയിച്ചിരിക്കുന്നു'.

അപ്പോഴും അനുസരണയില്ലാത്ത എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകും. പിന്നെ നക്ഷത്രങ്ങള്‍ തിളങ്ങുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ പുഞ്ചിരിക്കും. വാക്കുകളൊന്നുമില്ലാത്ത ആ നിമിഷങ്ങളില്‍ സാക്ഷിയായി നൂലുപോലെ ഒരു നേര്‍ത്ത മഴ പെയ്യുന്നുണ്ടാവും.

Latest Videos
Follow Us:
Download App:
  • android
  • ios