'എങ്ങനെ എനിക്ക് ഭക്ഷണം കഴിക്കാനും ഉറങ്ങാനുമാകും? ഞാന്‍ നൊന്തു പ്രസവിച്ചതാണ് അവനെ.'
അന്നു രാവിലെയും അതീവ സന്തോഷത്തോടെ അച്ഛനോടും അമ്മയോടും ഏറെനേരം ഫോണില്‍ സംസാരിച്ച മകന്‍. അതുകൊണ്ടുതന്നെ ഏകദേശം പത്തു മിനിറ്റിനു ശേഷം അവന്‍, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശം അവിശ്വസനീയവും അപ്രതീക്ഷിതവുമായിരുന്നു.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്
'എങ്ങനെ എനിക്ക് ഭക്ഷണം കഴിക്കാനും ഉറങ്ങാനുമാകും? ഞാന്‍ നൊന്തു പ്രസവിച്ചതാണ് അവനെ.'
ഒരു അമ്മയുടെ ഹൃദയം വീണുടഞ്ഞ നേര്‍ത്ത നിലവിളിയുടെ ശബ്ദം കാതില്‍ മുഴങ്ങുന്നുണ്ട്. ഒരു അച്ഛന്റെ കണ്ണീരു വറ്റിയ കണ്ണുകള്‍ ഉള്ളകം വല്ലാതെ പൊള്ളിക്കുന്നുണ്ട്. ഉറങ്ങി ഉണരുന്ന ദിനരാത്രങ്ങളില്‍ എവിടെ വെച്ചോ ഓര്‍മകളില്‍ നിന്ന് അവരൊന്ന് മാറി നില്‍ക്കുകയായിരുന്നു.
മസ്തിഷ്‌കമരണം സ്ഥിരീകരിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത ഹൃദയാലുക്കളായ മാതാവിനേയും പിതാവിനേയും കുറിച്ചുള്ള വാര്‍ത്തകളാണ് അവരെ ഓര്‍മയില്‍ എത്തിച്ചത്. സഹജീവികളിലൂടെ മകന്‍ അനശ്വരനായി ജീവിക്കുന്നതിനു കാരണക്കാരായ ആ മാതാപിതാക്കള്‍ തന്നെയാണ് ദൈവത്തിന് സമന്മാര്‍. ജീവിതോത്തേജകമായ തീരുമാനമെടുത്ത ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്കു മുന്‍പില്‍, വിധിയും രോഗവും മരണവും എത്ര നിഷ്പ്രഭമായി തോറ്റിരിക്കുന്നു!
ആശുപത്രി എന്നാല്‍ പലര്‍ക്കും വിവിധങ്ങളായ അനുഭവങ്ങളാവും സമ്മാനിച്ചിട്ടുണ്ടാവുക. രോഗം തളര്‍ത്തിയ നിസ്സഹായാവസ്ഥയുടെ ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കപ്പെട്ടവര്‍, ആശങ്കകള്‍ തളംകെട്ടിയ മൗനത്തിന്റെ ഭാഷകളില്‍ സംവദിച്ച് മോചനം പ്രതീക്ഷിച്ചിരിക്കുന്നിടം. പരിശോധന ഫലങ്ങള്‍ അറിഞ്ഞ് രോഗനിര്‍ണയം നടത്തേണ്ടവര്‍, വിട്ടുമാറാത്ത രോഗബാധിതര്‍, മനസ്സും ശരീരവും മുറിവേറ്റു തളര്‍ന്നവര്‍, പുതു ജന്മത്തെ വരവേല്‍ക്കാനായി കാത്തിരിക്കുന്നവര്‍, അങ്ങനെ ഡോക്ടര്‍മാരെ കാണാന്‍ കാത്തിരിക്കുന്ന
വിവിധ രാജ്യക്കാരുടെ നിര നീളുന്നു.
അവര്‍ക്കിടയില്‍ ഏറ്റവും പുറകിലെ കസേരകളില്‍ കലഹമാണോയെന്നു തോന്നുമാറ് അപ്രകാശിത മുഖഭാവങ്ങളുമായി രണ്ടുപേര്‍. അവരെ ശ്രദ്ധിക്കാനുണ്ടായ കാരണവും മറ്റൊന്നല്ല.
ഭാര്യയും ഭര്‍ത്താവുമെന്ന് ഊഹിച്ചു. ഡോക്ടര്‍മാരെ കണ്ടതിനു ശേഷം അവര്‍ നിര്‍ദ്ദേശിക്കുന്ന തുടര്‍ ചികിത്സകളുടെ ഭാഗമായാണ് രോഗികള്‍ ഞങ്ങളിലേക്ക് എത്താറ്. അതിനാല്‍ തന്നെ പുറത്തിരിക്കുന്നവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല.
പിന്നീടു് ജോലികളില്‍ മുഴുകി അക്കാര്യം മറന്നു. ഏറെനേരം കഴിഞ്ഞ് മറ്റൊരാളുടെ ഇ. സി. ജി എടുക്കാന്‍ അടുത്ത മുറിയിലേക്ക് പോയപ്പോഴും അവരിരുവരും അതേ സ്ഥാനത്ത് തന്നെയുണ്ട്.
'എന്തുപറ്റി?'
ചോദ്യം കേട്ട മാത്രയില്‍ സ്ത്രീയില്‍ നിന്ന് നിസ്സംഗത നിറഞ്ഞ നോട്ടമാണ് മറുപടിയായി വന്നത്. ചോദിച്ചത് ഇഷ്ടപ്പെടാഞ്ഞിട്ടാവുമോ? അതോ മലയാളികള്‍ ആയിരിക്കില്ലേ? പല സന്ദേഹങ്ങള്‍ ഉള്ളിലൂടെ മിന്നി മറഞ്ഞു.
ഭാര്യയുടെ ഷുഗറും പ്രഷറും പരിശോധിക്കാന്‍ വന്നതാണെന്ന ഭര്‍ത്താവിന്റെ മറുപടിയാണ് തെല്ല് ആശ്വാസമേകിയത്. ദമ്പതികളെന്ന ഊഹം ശരി തന്നെ. എന്നിട്ടും തികഞ്ഞ നിര്‍വികാരതയോടെ ഭാര്യ അതേ ഇരിപ്പു തുടര്‍ന്നൂ. അതെന്നില്‍ അമ്പരപ്പോടു കൂടിയ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും പുറത്തു കാണിച്ചില്ല. പ്രസരിപ്പ് നന്നേ ചോര്‍ന്നിരിക്കുന്നു. പേരു് ചോദിച്ചപ്പോഴെങ്കിലും അവരില്‍ നിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകുമെന്ന് വിചാരിച്ചു. ലേശം തലക്കനമുണ്ടോ എന്നു്‌പോലും ഒരു വേള സംശയിച്ചു.
പരിശോധനമുറിയില്‍ എത്തിച്ച് ഗ്ലൂക്കോമീറ്ററില്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചു. അതു് സാധാരണ നിലയിലാണ്. പക്ഷേ, രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. മരുന്നുകള്‍ എടുക്കുന്നുണ്ടാവുമെന്നും അത് കൃത്യമായി കഴിക്കുന്നുണ്ടാവില്ലെന്നും തീര്‍ച്ചപ്പെടുത്തി. അതാവും വൈദ്യശാസ്ത്രത്തില്‍ 'ഹൈപ്പര്‍ടെന്‍ഷന്‍'എന്ന് സാധാരണ പറയാറുള്ള രക്താദിമര്‍ദ്ദത്തിന് കാരണമെന്ന് വിചാരിക്കുകയും ചെയ്തു.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹത്തെക്കുറിച്ച് മുന്‍പ്് മനസ്സില്‍ ഉയര്‍ന്നുവന്ന സംശയവും മാഞ്ഞു പോയിട്ടില്ല.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിച്ചാല്‍ മാത്രമേ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകുവെന്നും അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അല്പം ഗൗരവത്തില്‍ പറയേണ്ടിവന്നു.
മരുന്നുകള്‍ കഴിച്ചാല്‍ പ്രഷര്‍ കുറയില്ലെന്നും ആര്‍ക്കുവേണ്ടിയാണ് ഇനി ജീവിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതുമെന്ന് നെടുതായി നിശ്വാസങ്ങളുതിര്‍ത്ത് കനംകെട്ടിയ മുഖത്തോടെ അവര്‍ പറഞ്ഞു.
കൊറോണയുടെ ആരംഭമായിരുന്നതിനാല്‍ 'പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മന്റ്' എന്ന സ്വയം സുരക്ഷാ കവചത്തിനുള്ളിലാണ് ഞങ്ങള്‍ ഓരോരുത്തരും. പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമായതിനാല്‍ അബദ്ധമല്ല പറഞ്ഞതെന്നും ഉറപ്പുണ്ട്.
നാട്ടില്‍ പോയാല്‍ മക്കളുടെ വിദ്യാഭ്യാസം നിലയ്ക്കുമെന്ന് അവര്‍ ഭയന്നു. ആഗ്രഹങ്ങളടക്കി കൊല്ലങ്ങളായുള്ള പ്രവാസജീവിതം തുടരാന്‍ പ്രേരിപ്പിച്ച ഘടകവും വേറൊന്നല്ല.
ആരോഗ്യവും രുചികരമായ ആഹാരവും ത്യജിച്ച്, ഉറുമ്പ് സ്വരുകൂട്ടും പോലെ അധ്വാനഫലം മക്കള്‍ക്കായി നീക്കി വെച്ചു. ഇന്നിന്റെ പെടാപ്പാടുകള്‍, നാട്ടില്‍ പഠിക്കുന്ന മക്കളിലൂടെ നാളെയില്‍ ഇറക്കി വയ്ക്കാന്‍ സാധിക്കുമെന്ന് സ്വപ്നങ്ങള്‍ കണ്ടു. തങ്ങളുടെ കഷ്ടപ്പാടുകള്‍ ആ സ്വപ്നങ്ങള്‍ക്ക് മീതെ ഇറക്കിവെച്ചു. പഠനത്തില്‍ അതിസമര്‍ത്ഥനായ മകന്‍ ഇനിയുള്ള കാലം കൈത്താങ്ങാവുമെന്ന പ്രതീക്ഷയോടെ ജീവിച്ചു. പഠനം പൂര്‍ത്തിയാക്കിയ മകന്‍, പുതിയ ജോലിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നുവെന്നത് ഇക്കാലമത്രയും താണ്ടിയ ദുരിതപര്‍വ്വങ്ങള്‍ക്ക് അറുതിയാകുമെന്ന് ഉറപ്പായും വിശ്വസിച്ചു.
നാട്ടില്‍ അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് മകനും മകളും. അന്നു രാവിലെയും അതീവ സന്തോഷത്തോടെ അച്ഛനോടും അമ്മയോടും ഏറെനേരം ഫോണില്‍ സംസാരിച്ച മകന്‍. അതുകൊണ്ടുതന്നെ ഏകദേശം പത്തു മിനിറ്റിനു ശേഷം അവന്‍, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശം അവിശ്വസനീയവും അപ്രതീക്ഷിതവുമായിരുന്നു. ഇടിത്തീ പോലെ വന്ന ദുരന്തവാര്‍ത്തയില്‍ നടുങ്ങി സത്യമാകല്ലേ എന്ന് പരമസാത്വികരായ മാതാവും പിതാവും സകല ദൈവങ്ങളെയും വിളിച്ച് മനമുരുകി പ്രാര്‍ത്ഥിച്ചു. വിറയലോടെ അറിയാവുന്നവരോടെല്ലാം അന്വേഷിച്ചു.
സകലതും തകിടം മറിഞ്ഞ ദിവസത്തിന്റെ ഓര്‍മയില്‍, തെല്ലിട നേരം ആ അമ്മ തളര്‍ച്ചയോടെ കട്ടിലില്‍ മുഖമമര്‍ത്തിയിരുന്നു.
'ഒരാള്‍ കൂട്ടു വിളിച്ചതു കൊണ്ട്, ഭക്ഷണം പോലും കഴിക്കാതെ, അയാളുടെ ബൈക്കിന്റെ പുറകിലിരുന്നു പോകുകയായിരുന്നു എന്റെ കുട്ടി. നിയന്ത്രണം വിട്ടു വന്ന ചരക്കുലോറി അവരുടെ ബൈക്കിനു പുറകില്‍ വന്നിടിച്ച് അതിനടിയില്‍ പെട്ടു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് എന്റെ മോന്‍...'
ഒരു പെറ്റമ്മയുടെ ആയുഷ്‌കാലം മുഴുവന്‍ ഉണങ്ങാത്ത അഗാധമായ ഉള്‍മുറിവിലെ സങ്കടച്ചോരയത്രയും നിലക്കാത്ത കണ്ണീരായി പുറത്തേക്ക് ഒഴുകി. ആരോടും പറയാതെ അടക്കിവച്ച, അനല്പമായ അന്തര്‍ സംഘര്‍ഷങ്ങളാവണം അവരെ അവിടെ കാണാനുണ്ടായ മുഖ്യകാരണങ്ങളില്‍ ഒന്ന്.
സ്വയം സുരക്ഷാ കവചത്തിനുള്ളില്‍ ആയിരുന്നതിനാല്‍ എന്റെ മുഖം അവര്‍ക്ക് അവ്യക്തമായിരുന്നു. മാതൃഭാഷയിലൂടെയാണ് തിരിച്ചറിഞ്ഞതും സങ്കടങ്ങള്‍ പങ്കുവെച്ചതും.
'എന്റെ പൊന്നു മോന്റെ മുഖം അവസാനമായി ഒന്നു കാണാന്‍ പറ്റിയില്ല. നൊന്തു പ്രസവിച്ച കുഞ്ഞിന് അന്ത്യചുംബനം കൊടുക്കാനോ, ഒന്നു തൊടാനോ പോലും പറ്റാത്ത ഭാഗ്യം കെട്ട അമ്മയാണു ഞാന്‍.'
വേരോട്ടമില്ലാതെ ഉണങ്ങി വീഴാറായ ചെടിപോലെ കനത്ത ദു:ഖാധിക്യത്താല്‍ തളര്‍ന്നിരുന്ന അവരെ പറ്റി അല്പം മുമ്പ് വരെ ചിന്തിച്ചു കൂട്ടിയതോര്‍ത്ത് ഉള്ളിലെ കുറ്റബോധം കനത്തു.
ഒരു വ്യക്തി ആരാണെന്നത് വ്യക്തമായി അടുത്തറിഞ്ഞാല്‍ മാത്രമേ നാം ചിന്തിക്കുന്നതോ ഊഹിക്കുന്നതോ സംശയിക്കുന്നതോ, അല്ലെങ്കില്‍ മറ്റൊരാള്‍ പറഞ്ഞു കേട്ടതോ അല്ല അയാളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യമെന്ന് തിരിച്ചറിയൂ.
ഒന്‍പതു വര്‍ഷത്തിനു ശേഷം സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് അവര്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങവേ, കൊവിഡ് പിടിമുറുക്കി. അതോടെ എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. നാട്ടിലേക്ക് പോകാനുള്ള സകല വഴികളും അടഞ്ഞു.
ഒരു വീഡിയോ കോളിന് അപ്പുറം, 'ഇവിടെയിരുന്ന് ഞങ്ങള്‍ നിന്നെ കാണുന്നുണ്ട് മോനേ' എന്നു പറയേണ്ടി വന്ന അവരുടെ നെഞ്ചു പിടഞ്ഞ ആത്മരോദനങ്ങള്‍ കടലുകള്‍ കടക്കാതെ എവിടെയോ അറ്റു വീണു.
അന്ന് നാടോ, വീടോ ചോദിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഇരുവരും. ഇത്തരം അനുഭവങ്ങളുടെ കരിങ്കല്‍ചീളുകള്‍ ഓര്‍മയില്‍ തറച്ച് ഇടയ്ക്കിടെ കുത്തി നോവിക്കാറുണ്ട്. കാരണം, ഔദ്യോഗിക ജീവിതത്തിനപ്പുറം ഭൗതികരായ വെറും മനുഷ്യര്‍ മാത്രമാണ് ഞങ്ങളും.
'അവന്‍ സ്വര്‍ഗ്ഗത്തില്‍ കാത്തിരിപ്പുണ്ടാവും.'
അത് പറഞ്ഞ്, കെടാതെ എരിയുന്ന പുത്രവിയോഗത്തിന്റെ നെരിപ്പോടില്‍ അവരിരുവരും മടങ്ങിയിട്ട് മൂന്നാണ്ടു പിന്നിടുന്നു.