വാ കീറിയ ദൈവവും വായില്‍ കൊള്ളാത്ത ബര്‍ഗറും

'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് ബര്‍ഗറിന്റെ കഥ
 

strange story of Burger by Asha raja narayanan

വാ കീറിയ ദൈവം അന്നം തരും, അത് ബര്‍ഗര്‍ ആണെങ്കിലോ...? ഈ ദൈവം തന്നെയല്ലേ, ഇതു കണ്ടുപിടിച്ചത്. വാ കീറിയ ദൈവം വായില്‍ കൊള്ളാത്ത ഭക്ഷണം തരുമോ? 

 

strange story of Burger by Asha raja narayanan

Also Read : ആരാണ് എനിക്കീ പേരിട്ടത്; ഒരു പാവം കഞ്ഞിയുടെ ആത്മഗതം

Also Read : എന്ന്, ആരുടെയും ഇന്‍ ബോക്‌സില്‍ പോയി ഒലിപ്പിക്കാത്ത ഒരു പാവം കോഴി!

........................

 

'വാ കീറിയ ദൈവം ഇരയും കല്‍പ്പിക്കും ' എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് ഓര്‍മ്മവരിക? ദൈവം കുത്തിപ്പിടിച്ചിരുന്ന് വാ കീറുന്നതോ? അതോ പിള്ളേര് വായും തുറന്ന് അലമുറയിട്ട് കരയുന്നതോ? രണ്ടായാലും എനിക്ക് ആ പഴഞ്ചൊല്ല് കേള്‍ക്കുമ്പോള്‍ ഒരേയൊരു മൊതലിനെയാണ് ഓര്‍മ്മ വരാറ്, ബര്‍ഗര്‍! വാ കീറിയ ദൈവവും ബര്‍ഗറും തമ്മില്‍ എന്തു പിണ്ണാക്കാണ് ബ്രോ എന്നാണ് സംശയമെങ്കില്‍, ആ പിണ്ണാക്കിനെ കുറിച്ചു തന്നെയാണ് ബ്രോ എനിക്കും പറയാനുള്ളത്! 

സംഗതി ബര്‍ഗറാണ്. എന്താണ് അതിനിങ്ങനെ ഒരു ന്യൂജന്‍ ഇമേജ്? അത് കഴിക്കാന്‍ പോവുമ്പോള്‍ എന്താണ് ചെറ്യേ ഒരു പൊങ്ങച്ചം? എന്താണ് അതിന്റെ ഒരു രസം? അതു തിന്നുമ്പോള്‍ ഉണ്ടാവുന്ന രസമാണോ? അതോ അത് തിന്നാനുള്ള രസമോ? ആലോചിച്ചാല്‍ ഒരു എത്തും പിടിയും കിട്ടാത്ത ഈ വിഷയമാണ് ഇന്നത്തെ നമ്മുടെ തീറ്റാവിഷയം! 

ടിവിയിലാണ് മറ്റ് പലരെയും പോലെ ഞാനുമാദ്യം ആ മൊതലിനെ കണ്ടത്. ദേ, ഇതാണ് ബര്‍ഗര്‍ എന്ന മട്ടില്‍, സിനിമയില്‍ നായകന്റെ പഞ്ച് എന്‍ട്രി പോലെ ഒന്നായിരുന്നു അത്. ഇതിലിപ്പോ എന്താണ് എന്നാണ് അതു കണ്ടപ്പോള്‍ ആദ്യം തോന്നിയത്. രണ്ട് ബണ്ണ് ചേര്‍ന്നു നിന്നാല്‍, എന്താവാനാണ് എന്ന ചെറിയ ഒരു പുച്ഛവും കൂടെ ഉണ്ടായിരുന്നു. അങ്ങനെ കണ്ടും കേട്ടുമിരുന്ന ബര്‍ഗര്‍ പിന്നെ കുറേ കാലം കഴിഞ്ഞാണ് അടുത്തു വന്നത്.  അതും വീടിനടുത്തുള്ള കടയില്‍. കാത്തുകാത്തിരുന്ന കാമുകിയെ കാണാന്‍ പോകുന്ന കാമുകനെ പോലെ, ശകലം നാണത്തോടെ, ആത്മവിശ്വാസക്കുറവോടെ ഓടുകയായിരുന്നു ലവനെ ഒന്ന് സ്വന്തമാക്കാന്‍. 

എത്രയോ ചായക്കടകളില്‍ വയറും വിശന്ന് പോയിട്ടുണ്ട്. നാവില്‍ വെള്ളമൂറുന്ന കൊതിയോടെ ഹോട്ടലുകളിലും പോയിട്ടുണ്ട്. എന്നാല്‍, കൂട്ടരെ, അതുപോലൊന്നുമായിരുന്നില്ല ബര്‍ഗര്‍ വാങ്ങാനുള്ള പോക്ക്. ആകാംക്ഷയായിരുന്നു അതിന്റെ ത്രെഡ്. അവിടെ ഉള്ളവരെല്ലാം പച്ചപരിഷ്‌കാരികളായിരുന്നു. ഏറ്റവും പുതിയ ഫാഷനിലുള്ള ഡ്രസിട്ട്, കമനീയമായി ഒരുങ്ങി, മേക്കപ്പില്‍ കുളിച്ച്, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന, സണ്‍ ഗ്ലാസ് രാത്രിയിലും വെക്കുന്ന കുറേ ആളുകള്‍. അക്കൂട്ടത്തില്‍, ഞാനെന്ത് ചെയ്യും എന്റീശ്വരാ എന്ന് ഉള്ളുകാളി. 
എന്നിട്ടും ബര്‍ഗര്‍ ഞാന്‍ കഴിക്കുക തന്നെ ചെയ്തു. ഇതാണോ അത് എന്ന് അതിശയിച്ച് ഞാനിറങ്ങുകയും ചെയ്തു. 

ഏതാണ്ട് ഇതു തന്നെയാവണം നമ്മുടെ നാട്ടിലെ ബര്‍ഗറിന്റെ ജീവചരിത്രം. ആദ്യമൊക്കെ അതു പരിഷ്‌കാരികളുടെ എന്തോ ഏര്‍പ്പാടായാണ് എണ്ണിയിരുന്നത്. പിന്നെ, ബര്‍ഗര്‍ തിന്നുന്നവരെല്ലാം പരിഷ്‌കാരികള്‍ എന്ന മട്ടായി. അതു കഴിഞ്ഞ് മുമ്പ് കുറ്റം പറഞ്ഞ മുഴുവന്‍ ആളുകളും, കിട്ടിയാല്‍ അല്‍പ്പം പൊങ്ങച്ചം എന്ന മട്ടില്‍ ബര്‍ഗര്‍ കടയില്‍ നിരങ്ങിത്തുടങ്ങി. ഏതു പുതിയ സംഭവം വന്നാലും നമ്മുടെ നാട്ടില്‍ ഇതുതന്നെയാണല്ലോ അവസ്ഥ!  ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍. പണ്ടത് ചുരുക്കം പേരുടെ പൊങ്ങച്ചമായിരുന്നു. കാശുള്ളവരുടെ ഓരോ ഏര്‍പ്പാട് എന്ന മട്ടില്‍ മറ്റുള്ളവര്‍ പുച്ഛത്തോടെയാണ് അതു കണ്ടത്. കാലം പോകപ്പോകെ എല്ലാവരും മൊബൈല്‍ ഫോണ്‍ ഉടമകളായി. ഓരോരുത്തരുടെയും കൈയില്‍ രണ്ടും മൂന്നും ഫോണായി. പണ്ടു പുച്ഛിച്ച കാര്യങ്ങള്‍ ഇപ്പോള്‍ കൊണ്ടു നടക്കുമ്പോള്‍, ഒരല്‍പ്പം ചമ്മല്‍...ഏഹേ...അത് ഞങ്ങള്‍ക്ക് പറഞ്ഞതല്ല! 

....................

Also Read : ഇഷ്ഖിന്റെ മധുരം കാച്ചി കുറുക്കിയ ചായയുടെ മുഹബത്തിന്റെ കഥ!

Also Read : ആളു പാവമാണേലും അടപ്രഥമന്‍ ചിലപ്പോള്‍ ചെറിയൊരു സൈക്കോ!

 

strange story of Burger by Asha raja narayanan

 

ഒരു കുടുംബ കഥ

ബര്‍ഗറില്‍ തുടങ്ങി മൊബൈലില്‍ എത്തിയോ എന്ന് നെറ്റി ചുളിക്കണ്ട. നമുക്ക് ബര്‍ഗറിലേക്ക് തിരിച്ചുവരാം. അതിനായി, ആദ്യം ഒരു കുടുംബ കഥ പറയാം. ഈ കഥയില്‍ നല്ലവളായ ഒരമ്മയുണ്ട്. വാ കീറിയ ദൈവത്തിനെ ഭജിക്കുന്ന പാവം ഒരു മകനും. പിന്നെ കുടുംബശ്രീ ചേച്ചിമാര്‍, അവരുടെ മക്കള്‍ അങ്ങനെ പലരും. ഒപ്പം, നമ്മുടെ ബര്‍ഗറും. 

ആദ്യ സീനില്‍, നമ്മുടെ പയ്യന്‍ മാനം നോക്കി ഇരിക്കുകയാണ്. അപ്പോള്‍, അല്‍പ്പം അകലെ നിന്ന് അമ്മയുടെ അശരീരി മുഴങ്ങി. 'കപ്പയും കഞ്ഞി എടുത്ത് വച്ചിട്ടുണ്ട്, വന്ന് കഴിക്കെടാ.'

'എനിക്ക് വേണ്ടമ്മേ' എന്ന് മകന്റെ മറുപടി. 'ഈ കപ്പയും കഞ്ഞിയും  ഉണ്ടാക്കിയ നേരത്തു അമ്മയ്ക്ക് വല്ല ബര്‍ഗറും വാങ്ങി തന്നൂടെ' എന്നൊരു മറുചോദ്യവും! 

പെട്ടില്ലേ മാതൃസ്‌നേഹം! അന്തംവിട്ട് കുന്തം കുന്തം വിഴുങ്ങി നില്‍ക്കുന്ന അമ്മ ആലോചന തുടങ്ങി. എന്റെ മോന്‍ വലിയ പഠിത്തമൊക്കെയല്ലേ, വലിയ സ്‌കൂളില്‍ അല്ലെ, അതൊക്കെ കഴിച്ചാലേ അവന് നാലുപേരുടെ മുന്നില്‍ ഒരു വിലയൊക്കെ ഉണ്ടാവൂ എങ്കില്‍ അതല്ലേ വലുത്. 

അങ്ങനെ ലോണ്‍ അടയ്ക്കാന്‍ വെച്ച പൈസ എടുത്ത്, 'നീ നാളെ തന്നെ ബര്‍ഗര്‍ കഴിച്ചോ' എന്ന് പറയേണ്ടിവന്നു, മാതാജിക്ക്.  

അവിടെ തീര്‍ന്നില്ല, കഥ. വൈകിട്ട് അയല്‍ക്കൂട്ടത്തില്‍ പോവുമ്പോള്‍, അമ്മ വലിയ കാര്യത്തില്‍ ബര്‍ഗര്‍ കഥ ഒന്ന് കെട്ടഴിച്ചു. 'ഇപ്പോഴത്തെ പിള്ളേരുടെ കാര്യം! വീട്ടിലെ ചെക്കനും അവന്റെ കൂട്ടുകാരും ബര്‍ഗര്‍ ഒക്കെയാ ഇപ്പോ കഴിക്കുന്നത്!'

അപകടം മണത്ത ഏതോ ചേച്ചിമാര്‍ ഉടനെ അതിനു തടയിട്ടു. 'നീ അവനെ ഇങ്ങനെ കയറൂരി വിട്. കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൊടുത്തു വഷളാക്കിക്കോ' 

അപ്പോതന്നെ വന്നു അമ്മയുടെ പഞ്ച് ഡയലോഗ്! 'അതൊക്കെ വലിയ വീട്ടിലെ പിള്ളേര്‍ കഴിക്കുന്നതാണ്, നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല'.

അവള്‍ വലിയ പവറുകാരി, നമ്മള്‍ വിട്ടുകൊടുക്കാന്‍ പാടില്ലല്ലോ എന്ന് മനസ്സില്‍ ഉറപ്പിച്ച ചേച്ചിമാര്‍ സ്വന്തം മക്കളോട് 'എടാ മോനെ എന്താ ഈ ബര്‍ഗര്‍' എന്നൊരു ചോദ്യം ചോദിക്കാതെ ഇരിക്കില്ലെന്ന് അറിയാമല്ലോ. അടി കൊള്ളുമെന്നു ഉറപ്പുള്ളതുകൊണ്ട് ഇത്രകാലം ഈ ചോദ്യം ചോദിക്കാതിരുന്ന മക്കളെല്ലാം ഉഷാറായി ചാടി എണീറ്റ്, ഇത് ഒരു ലോട്ടറി ചോദ്യമായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അമ്മയോട്  കാമുകിയുടെ ഗുണഗണങ്ങള്‍ പറയുന്ന കാമുകന്റെ ലാഘവത്തോടെ ബര്‍ഗര്‍ വിലാസം കഥകളി തുടങ്ങി. 

''അമ്മയ്ക്ക് അറിയില്ലേ, ബര്‍ഗര്‍ വലിയ സംഭവമാണ്. ഇംഗ്ലീഷുകാര്‍ കഴിക്കുന്ന സൂപ്പര്‍ സാധനമാണ്. പിന്നെ രുചിയെക്കുറിച്ച് പറയേണ്ട, കിടു! നമ്മുടെ നാട്ടില്‍ ഇനി അമ്മയും ഞാനും മാത്രമേ ഇത് കഴിക്കാത്തതായി ഉണ്ടാവൂ...'

ഏതമ്മയും തകര്‍ന്നു പോവുന്ന അവസാന ഡയലോഗില്‍ ഉറപ്പായും അമ്മ വീണു. എന്നാല്‍ ഒന്ന് കഴിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് പല അമ്മമാരും ഇറങ്ങി പുറപ്പെട്ടു. അതിനിടയ്ക്ക് ഒരമ്മ മോനോട് ചോദിച്ചു, അല്ല മോനെ എത്രയാണ് ഇതിന്റെ വില? 

'അയ്യോ അമ്മേ, ആരെങ്കിലും ചോദിക്കുന്ന കാര്യമാണോ ഇത്. ബര്‍ഗറിന് വില നോക്കരുതെന്ന് അമ്മയ്ക്ക് അറിയില്ലേ..'

ശ്ശോ, ചോദിക്കണ്ടായിരുന്നു എന്നായിപ്പോയി അമ്മ. പിന്നൊന്നും നോക്കിയില്ല, രാഷ്ട്രപതിയെ കാണാന്‍ മഞ്ജു വാരിയര്‍ കഥാപാത്രം പോയ പോലെ ഉടുത്തൊരുങ്ങി കടയില്‍ എത്തി.

കണാരേട്ടന്റെ ചായക്കട പോലൊന്നുമല്ല, എസി റൂമില്‍ ഇരുന്നിട്ടാണ് ഇത് കഴിക്കുന്നത്. ആകെ ഒരു വിദേശിച്ചുവ. ഗമ വിടാതെ കാത്തിരിപ്പ് തുടങ്ങി. 'ചായക്കടയിലെതു പോലെ പറഞ്ഞ ഉടന്‍ പ്ലേറ്റില്‍ വെച്ച് തരില്ല, ഓര്‍ഡര്‍ കൊടുത്തു കാത്തിരിക്കണം...'-മോന്‍ ഓര്‍മ്മിപ്പിച്ചു. 

കാത്തിരിപ്പിന് ഒടുവില്‍ ബര്‍ഗര്‍ മുന്നിലെത്തി. കുട്ടികള്‍ ചാടി വന്നു ബര്‍ഗര്‍ കഴിക്കാനുള്ള പുറപ്പാടായി. അമ്മമാരോ, 'ജാങ്കോ, ഞാന്‍ പെട്ടു' എന്ന് അവസ്ഥയിലായി. അതിനുള്ള കാരണം നിങ്ങള്‍ അറിയണം. 

വലിപ്പം. അതാണ് പ്രശ്‌നം. ഇത്തിരിപ്പോന്ന വായയുടെ രണ്ടിരട്ടി വലിപ്പത്തില്‍ ഒരു സാധനം എങ്ങനെ അകത്തെത്തിക്കും! മുറിച്ച് കഴിക്കാന്‍ പാടില്ല എന്നാണത്രെ നിയമം. ശരിക്കും പെട്ടു.  വായ ഇത്രയും തുറന്ന് എങ്ങനെ ഇത് കഴിക്കും? ഈ ഭൂലോകത്തുള്ള മറ്റെല്ലാ ഭക്ഷണസാധനത്തിനും ഒരു മെച്ചമുണ്ട്. വായിലേക്ക് ചെലുത്തി കഴിക്കാനാവും. ഇതങ്ങനെയാണോ? വായ എത്ര തുറന്നാലാണ് ഇതിന്റെ ഒരറ്റം ഒന്ന് കടിക്കാന്‍ ആകുന്നത്! രണ്ടും കല്‍പ്പിച്ച് ബര്‍ഗര്‍ എടുത്ത് പറ്റുന്ന പോലെ വായ തുറന്ന് കടിച്ചു.

അയ്യേ, ഇത് നമ്മുടെ ബന്ന് അല്ലെ എന്നായി ചോദ്യം. അടുത്ത കടിയില്‍ സ്ഥലം മാറ്റിപ്പിടിച്ചു. എന്തൊക്കയോ വായിലേക്ക് ലാന്റ് ചെയ്തു. പച്ചയ്ക്ക് കുറച്ച് പച്ചക്കറികള്‍, പിന്നെ കട്‌ലെറ്റ് പോലെ ഒരു സാധനം. ചീസ് വെച്ച് ഒരു ലയര്‍. ആകെ മൊത്തം കഴിക്കുമ്പോള്‍ സാധനം കൊള്ളാം. പക്ഷേ ഈ വലിപ്പം! സഹിക്കാനാവില്ലെന്റെ സിവനേ...

ബില്ല് കണ്ട് ചെറുതായി ഒന്ന് തലചുറ്റി. എന്നാലും എന്തോ ഒരു വലിയ കാര്യം ചെയ്ത പോലെ അമ്മമാരും മക്കള്‍മാരും സംതൃപ്തിയോടെ വീട്ടിലേക്ക് പോയി! 

അങ്ങനെ ബര്‍ഗര്‍ ഒരു വിദൂരം സംഭവമായ സമയത്താണ് യൂട്യൂബ് വീട്ടിലെ ഒരു ഫര്‍ണിച്ചര്‍ പോലെ ആയി മാറുന്നത്. അന്യഗ്രഹ ജീവികളുടെ ഭക്ഷണം ഒഴിച്ച് ലോകത്തുള്ള എല്ലാ ഭക്ഷണവും യൂട്യൂബില്‍ നോക്കി ഉണ്ടാക്കിയെടുക്കാം എന്നു കൂടി ആയപ്പോള്‍ ശുഭം. 'അമ്മയ്ക്ക് യൂട്യൂബ് നോക്കി ആ ബര്‍ഗര്‍ വല്ലതും ഉണ്ടാക്കി കൂടെ എന്നായി ചോദ്യം..'

തകര്‍ന്നു പോയി അമ്മ. വര്‍ഷങ്ങളായിട്ട് രാപ്പകല്‍ ഭക്ഷണം ഉണ്ടാക്കുന്ന എന്നോടോ ബാല നിന്റെ വെല്ലുവിളി എന്ന മട്ടില്‍ അമ്മ നടത്തി ഒരു ശ്രമം. യൂ ട്യൂബ് ദൈവം തുണച്ചപ്പോള്‍ ബര്‍ഗര്‍ സംഭവിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. വൈകിട്ട് ചായയുടെ കൂടെ നല്ല അസ്സല്‍ ബര്‍ഗര്‍! അതും വീട്ടില്‍ തയ്യാറാക്കിയത്! ഒരു ബന്നും കുറച്ചു പച്ചക്കറിയും ഒരു ആലൂ ടിക്കിയും -അതായതു ഉരുളകിഴങ്ങു ചേര്‍ത്ത ഒരു കട്‌ലറ്റ് -ഇത്രയും മതി സംഭവം റെഡി എന്ന് അമ്മ!  പച്ചക്കറി കണ്ടാല്‍ സ്ഥലം വിടുന്ന മക്കള്‍ ആണ് തക്കാളിയും ഉള്ളിയും  ക്യാബേജുമൊക്കെ പച്ചയ്ക്ക് കഴിക്കുന്നത്! ഇതുകണ്ട് അടുത്ത വീട്ടിലെ പശു കൂടി അന്തം വിട്ടു പോയി!

 

..................................

Also Read : തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!

Also Read: പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!

 

strange story of Burger by Asha raja narayanan

 

വായില്‍ കൊള്ളാത്ത അന്നം

കഴിച്ച കഥ അവിടെ നില്‍ക്കട്ടെ, ആദ്യം പറഞ്ഞ പഴഞ്ചൊല്ലിന്റെ കാര്യം പറയാം. വാ കീറിയ ദൈവം ഇരയെ തരും എന്ന പഴഞ്ചൊല്ല്. വാ കീറിയ ദൈവം അന്നം തരും, അത് ബര്‍ഗര്‍ ആണെങ്കിലോ...? ഈ ദൈവം തന്നെയല്ലേ, ഇതു കണ്ടുപിടിച്ചത്. വാ കീറിയ ദൈവം വായില്‍ കൊള്ളാത്ത ഭക്ഷണം തരുമോ? 

അങ്ങനയെങ്കില്‍, ഒരു സാധ്യതയേയുള്ളൂ. കഠിനമായി അധ്വാനിച്ച്, ദൈവം ഇച്ചിരെ വിശ്രമിച്ച ദിവസം വല്ലതുമാവും ഈ ബര്‍ഗര്‍ കണ്ടു പിടിച്ചത്. ഇങ്ങനെ ഒരു സാധനം ഉണ്ടാക്കുന്ന വിവരം നേരത്തെ ആലോചിച്ചിരുന്നെങ്കില്‍, ഉറപ്പായും ദൈവം നമ്മുടെ വായ കുറച്ചു കൂടെ വലുതാക്കി തരുമായിരുന്നു!

ഇതിപ്പോള്‍, ബര്‍ഗര്‍ കണ്ട് ദൈവം പോലും അന്തം വിട്ടു കാണണം. എന്റെ ലിസ്റ്റില്‍ ഈ ഭക്ഷണം ഇല്ലാല്ലോ പിന്നിതെവിടുന്നു വന്നു എന്ന ഡൗട്ട്! 

Latest Videos
Follow Us:
Download App:
  • android
  • ios