മറ്റുള്ളവരുടെ സ്വകാര്യതകള്‍ ഒളിഞ്ഞുനോക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശം?
എനിക്കും ചിലത് പറയാനുണ്ട്. വായനക്കാരുടെ നിലപാട് എഴുത്തുകള്‍. ഇന്ന് സ്വകാര്യതയെയും ഒളിഞ്ഞുനോട്ടത്തെയും കുറിച്ച് എം സുമേഷ് എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
ചില വാക്കുകള്‍ അല്ലെങ്കില്‍ ചില പ്രവൃത്തികള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അല്ലെങ്കില്‍ മറ്റുള്ളവരുടെ അകാരണമായ ഇടപെടലുകള്‍ നമ്മെ പലതരത്തില്‍ ബുദ്ധിമുട്ടിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ?
ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കാര്യമ ഉറപ്പാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ അനുവാദം കൂടാതെ കയറിചെല്ലുന്ന പ്രവണത സമൂഹത്തില്‍ ഇന്നും വ്യാപകമാണ്. സോഷ്യല്‍ മീഡിയ നോക്കൂ. സ്വകാര്യത എന്ന വാക്കിന് ഒരു വിലയും കല്‍പ്പിക്കാതെ എല്ലാവരിലും എത്തിനോക്കുന്ന ആളുകള്‍ എത്രയാണ് അതില്‍. അനുവാദമില്ലാതെ നമ്മുടെ കാര്യങ്ങളില്‍ ഇടപെടുന്ന, നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന, അങ്ങനെ സന്തോഷം കണ്ടെത്തുന്ന എത്രയോ ആളുകള്‍. അവരോട് ചോദിച്ചു നോക്കൂ, മറ്റുള്ളവരെ വിഷമിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നുണ്ടോ എന്ന്...
അവര്‍ക്ക് ഉത്തരം ഉണ്ടാവാനിടയില്ല. ഉണ്ടെങ്കില്‍ തന്നെ അത് ന്യായീകരണമോ ഒഴിഞ്ഞുമാറലോ ആവാനാണിട.
നോക്കൂ, എത്ര നോര്‍മലാണ് നമുക്കീ കാര്യം. മറ്റുള്ളവരുടെ ജീവിതത്തിന് വിലയിടല്‍. മറ്റുള്ളവരുടെ പെരുമാറ്റം ജഡ്ജ് ചെയ്യല്‍. മറ്റുള്ളവരുടെ അഭിപ്രായങ്ങളിലോ നിലപാടുകളിലോ കയറി ഇടപെട്ട് അവരെ തിരുത്താന്‍ ശ്രമിക്കല്‍. അതിനിപ്പോള്‍ പരിചയമൊന്നും വേണമെന്നില്ല. ആരായാലും നമ്മള്‍ ഇടപെട്ടിരിക്കും.
പലര്‍ക്കും തോന്നാം ഇതൊക്കെ അറിയാനുള്ള താല്പര്യം തങ്ങള്‍ക്ക് ഉണ്ടായതുകൊണ്ടല്ലേ ചോദിക്കുന്നതെന്ന്. പക്ഷെ തങ്ങള്‍ ചോദ്യം ചെയ്യുന്ന വ്യക്തിക്ക് തന്റെ കാര്യങ്ങള്‍ മറ്റുള്ളവരോട് പറയാന്‍ സമ്മതമാണോ എന്നുകൂടെ പരിഗണിക്കേണ്ടതുണ്ട്. അടുത്ത സുഹൃത്തുക്കളാകട്ടെ മാതാപിതാക്കളാകട്ടെ, എല്ലാവര്‍ക്കും അവരവരുടേതായ സ്വകാര്യതം ഉണ്ടായിരിക്കും. താല്‍പ്പര്യങ്ങളും അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവും.
'ജോലി ഒന്നും ആയില്ലേ?'
'കല്യാണം ആയില്ലേ?'
'കുട്ടികളൊന്നും ആയില്ലേ?'
ഇത് സര്‍വ്വസാധാരണം. ഇതൊന്നും കൂടാതെ ഇപ്പോള്‍ സിനിമാ താരങ്ങളോടും മറ്റും പല അഭിമുഖങ്ങളിലും ചോദിക്കുന്ന പലതരം ചോദ്യങ്ങള്‍ വേറെ കാണാം. മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന പല തരം ചോദ്യങ്ങള്‍. മറ്റുള്ളവര്‍ക്ക് പല വിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍ അറിയാനായി ആളുകള്‍ക്ക് എന്തോ ഭയങ്കര താല്പര്യമാണ്. അതുകൂടാതെയാണ് വീഡയോ ബ്ലോഗുകള്‍. മറ്റുള്ളവരുടെ നിലപാടുകളെ ചോദ്യം ചെയ്യലും പരിഹസിക്കലും പുച്ഛിക്കലുമാണ് പല വീഡിയോകളുടെയും വിജയരഹസ്യം.
സ്വകാര്യതയെ കുറിച്ച് സംസാരിക്കുമ്പോള്‍ അറിയേണ്ട ആദ്യത്തെ കാര്യം ഈ വാക്കിനെ ഭൂരിപക്ഷവും ഉള്‍ക്കൊണ്ടിരിക്കുന്നത് ശരിയായ അര്‍ത്ഥത്തിലല്ല എന്നതാണ്. അപമാനം, ലജ്ജ എന്നൊക്കെയുള്ള അര്‍ത്ഥങ്ങള്‍കൊണ്ട് ആശയക്കുഴപ്പത്തിലാക്കിയാണ് സ്വകാര്യതയെ ഭൂരിപക്ഷം ഇന്ത്യക്കാരും കാണുന്നത്.
ഏതൊരു വ്യക്തിയും തങ്ങളുടെ ജീവിതത്തില്‍ ചില പരിധികള്‍ നിശ്ചയിക്കാറുണ്ട്. വ്യക്തിപരമായ ഇടവും ശരീര ഇടവും സംരക്ഷിക്കാനുള്ള അതിരുകള്‍, തൊഴിലിടത്തിലെ പരിധികള്‍, ചിന്തകളും വികാരങ്ങളും സംരക്ഷിക്കാനുള്ള വൈകാരിക അതിരുകള്‍, അവരവരുടെ വിശ്വാസങ്ങളും മൂല്യ സങ്കല്‍പ്പങ്ങളും സംരക്ഷിക്കാനുള്ള ആത്മീയ അതിരുകള്‍, എന്തു പറയണം, പറയരുത് എന്ന് നിശ്ചയിക്കുന്ന വാക്കതിരുകള്‍, സ്വത്തും സമ്പാദ്യവും സംരക്ഷിക്കാനുള്ള സാമ്പത്തിക അതിരുകള്‍, സമയം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട സമയാതിരുകള്‍, ലൈംഗിക താല്‍പ്പര്യങ്ങളും മുന്‍ഗണനകളും സുരക്ഷയും സംരക്ഷിക്കാനുള്ള അതിരുകള്‍ എന്നിങ്ങനെയാണ് ആ പരിധികള്‍.
ഈ പരിധികള്‍ മനസ്സിലാക്കുകയോ അതിനെ വിലകല്‍പ്പിക്കുകയോ ചെയ്യാതെ ചുറ്റുമുള്ള മനുഷ്യരെ അവരെ അസ്വസ്ഥരാക്കുന്ന വിധം അവരുടെ സ്വകാര്യതാ അതിരുകളിലേക്ക് കടന്നുകയറുന്ന പ്രവണത നിര്‍ഭാഗ്യവശാല്‍ കൂടിക്കൊണ്ടിരിക്കുകയാണ്. മുമ്പെങ്ങോ നിലനിന്നിരുന്ന ജീര്‍ണ്ണാവസ്ഥ പിന്നേയും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതുപോലെ ആര്‍ക്കും തോന്നാം. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം കുത്തിച്ചികയല്‍ വര്‍ധിച്ചുവരികയാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതം എങ്ങനെയെന്ന് അറിയാനുള്ള കൗതുകം പലപ്പോഴും അതിരുകടക്കുന്നു. ഒരു നിമിഷത്തെ കൗതുകത്തിനുവേണ്ടിയോ ആരുടെയെങ്കിലും കൈയടികള്‍ക്കോ വേണ്ടി ചോദിക്കുന്ന ചോദ്യങ്ങളും പ്രവൃത്തികളും അപ്പുറത്തുനില്‍ക്കുന്ന മനുഷ്യന്റെ മനസ്സറിഞ്ഞിട്ടാകണം എന്നില്ല.
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെന്ന് പറയുമ്പോഴും, അവന്‍ എപ്പോഴും സമൂഹത്തിലേക്ക് തുറന്നുപിടിച്ച പുസ്തകമാണെന്ന് കരുതരുത്. അവിടെയും മറ്റുള്ളവര്‍ക്ക് വായിക്കാന്‍ അനുവാദമില്ലാത്ത പേജുകളും വരികളും ഉണ്ടാകാം. അത് മനസ്സിലാക്കി, സ്വകാര്യതയെ ബഹുമാനിച്ച് മുന്നോട്ടുപോകുമ്പോഴാണ് ഏതൊരു ബന്ധവും കൂടുതല്‍ ദൃഢമാകുന്നത്. ഏതൊരു മനുഷ്യനും മാനുഷികമൂല്യങ്ങളുണ്ടാകുന്നത്.