Opinion : ആണുങ്ങളില്‍നിന്നും പെണ്ണുങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നത് എന്താണ്?

എനിക്കും ചിലത് പറയാനുണ്ട്. സ്ത്രീ ആഗ്രഹിക്കുന്നത് എന്ത്? പുരുഷന്മാര്‍ക്കായി ചില ചെറിയ ടിപ്‌സ്! ജയശ്രീ ജോണ്‍ എഴുതുന്നു

 

Speak Up what woman needs from a man by Jayasree John

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Speak Up what woman needs from a man by Jayasree John

Read more : ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

.........................................

യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്?

ഈ ചോദ്യത്തിന് ഉത്തരം ഇല്ല അല്ലെങ്കില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് പുരുഷന്മാരുടെ പൊതുവില്‍ ഉള്ള അഭിപ്രായം. അത് ശരിയാണെന്നു തോന്നുന്നോ?

അതിലേക്കു കടക്കും മുന്‍പ് ആര്‍തര്‍ രാജാവിന്റെ കഥ പറയാം. ഈ കഥ നേരത്തെ കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുക. കേട്ടിട്ടില്ലാത്തവര്‍, ഇതാ കേട്ടോളൂ. ഇപ്പോള്‍ പറഞ്ഞു തരാം.

ആര്‍തര്‍ രാജാവ് രാജ്യമൊക്കെ നല്ല രീതിയില്‍ ഭരിച്ചു വരുമ്പോഴാണ് അയല്‍രാജ്യത്തെ രാജാവ് ആര്‍തറിന്റെ രാജ്യം കീഴടക്കി അദ്ദേഹത്തെ ജയിലിലാക്കിയത്. പക്ഷെ, ആര്‍തറിന്റെ ആശയങ്ങളും സംസാരവും ഒക്കെ ഇഷ്ടപ്പെട്ട അയല്‍രാജാവ് ഒരു ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു. അദ്ദേഹം ചോദിക്കുന്ന ഒരു ചോദ്യത്തിനുത്തരം കണ്ടുപിടിച്ചാല്‍ ആര്‍തറെ കൊല്ലാതെ വിടും. എന്ന് മാത്രമല്ല രാജ്യവും തിരികെ കൊടുക്കും. ഉത്തരം കണ്ടു പിടിക്കാന്‍ ഒരു വര്‍ഷത്തെ സമയവും കൊടുത്തു.

ചോദ്യമെന്താണ് എന്നല്ലേ? അതില്‍ ഇനി കൂടുതല്‍ സസ്‌പെന്‍സ് വേണ്ടല്ലോ! ഇത് തന്നെ.

'യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്?' 

ആര്‍തര്‍ രാജ്യത്ത് മടങ്ങിയെത്തി. കാര്യമായി ആലോചിച്ചു. സ്വന്തം രാജ്യത്തെ, വിവരമുള്ളവര്‍ എന്ന് അദ്ദേഹം കരുതിയ ആളുകളെയെല്ലാം വിളിച്ച് വരുത്തി. എല്ലാവരും കൂടിയിരുന്നു ആലോചിച്ചു. പല ഉത്തരങ്ങളും പലരും പറഞ്ഞെങ്കിലും, തൃപ്തികരമായ ഒരുത്തരം കിട്ടിയില്ല. എങ്ങനെ കിട്ടാനാണ്? ആണുങ്ങളെ വിളിച്ചല്ലേ ചോദിച്ചത്? അവര്‍ക്കെങ്ങനെ അറിയും?

അങ്ങനെ ആലോചനകള്‍ നീണ്ടു നീണ്ടു ഒരു വര്‍ഷം തീരാറായി. അപ്പോഴാണ് അല്പം വിവരമുള്ള ആരോ പറഞ്ഞത്... 'ആ മന്ത്രവാദിനിയോട് ചോദിക്കാം. അവര്‍ക്കറിയാത്തതായി ഒന്നുമുണ്ടാവില്ല.'

ഒട്ടും സമയം കളയാതെ ആര്‍തര്‍ മന്ത്രവാദിനിയുടെ അടുത്ത് ഓടിച്ചെന്ന് കാര്യം പറഞ്ഞു. 

'ഇതൊക്കെ എത്ര നിസ്സാരം! ഉത്തരം ഇപ്പൊ പറഞ്ഞു തരാം. പക്ഷെ, പകരം ഞാന്‍ ചോദിക്കുന്നത് എനിക്ക് തരേണ്ടി വരും' വിരൂപയായ മന്ത്രവാദിനി പറഞ്ഞു.

സ്വന്തം ജീവന് പകരമായി എന്തും കൊടുക്കാന്‍ ആര്‍തര്‍ തയ്യാറാണല്ലോ. പക്ഷെ, കൂനുപിടിച്ച, വിരൂപയായ മന്ത്രവാദിനി ആവശ്യപ്പെട്ടത്, ആര്‍തറിന്റെ പ്രിയസുഹൃത്തായ ലാന്‍സ്ലോട്ട് തന്നെ വിവാഹം ചെയ്യണം എന്നായിരുന്നു. പാവം ആര്‍തര്‍, ചെകുത്താനും കടലിലും ഇടയിലായ അവസ്ഥ. പക്ഷെ, സുഹൃത്തിന്റെ ജീവന്‍, സ്വന്തം ജീവിതത്തേക്കാള്‍ വലുതായി കണ്ട ലാന്‍സ്ലോട്ട് ഈ വിവാഹത്തിന് സമ്മതിച്ചു. 

അങ്ങനെ മന്ത്രവാദിനി എല്ലാവരെയും കുഴക്കിയ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞു. 'സ്ത്രീക്ക് വേണ്ടത്, അവളുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരമാണ്'

കേട്ടവരെല്ലാം തല കുലുക്കി സമ്മതിച്ചു, ഇതാണ് ശരിയായ ഉത്തരം! ആര്‍തര്‍ ഉടന്‍ തന്നെ അയല്‍രാജ്യത്തെ രാജാവിനെ ഇതറിയിച്ച് മരണത്തില്‍ നിന്ന് രക്ഷപെട്ടു, രാജ്യവും തിരിച്ചു കിട്ടി. അപ്പോള്‍ എല്ലാം ശുഭം. 

അല്ലല്ലോ? പാവം ലാന്‍സ്ലോട്ട്. അദ്ദേഹത്തിന്റെ കാര്യം എന്തായി എന്നറിയണ്ടേ? 

വിവാഹം കഴിഞ്ഞു. മണിയറയിലെത്തിയ നവവരനെ അമ്പരപ്പിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. വിരൂപയായ മന്ത്രവാദിനിക്ക് പകരം ഒരു അഭൗമ സൗന്ദര്യധാമം. ഇതെങ്ങനെ സംഭവിച്ചു എന്ന് ആശ്ചര്യപ്പെട്ട ഭര്‍ത്താവിനോട് അവള്‍ പറഞ്ഞു, ഒരു ദിവസത്തില്‍ പകുതി അവള്‍ വിരൂപയായ മന്ത്രവാദിനി ആയിരിക്കും, ബാക്കി 12 മണിക്കൂര്‍ ലോകത്തിലെ ഏറ്റവും സുന്ദരിയും. ഏത് സമയം ഏത് വേണമെന്ന് അവന് തിരഞ്ഞെടുക്കാം.

നിങ്ങള്‍ക്ക് കാര്യം മനസ്സിലായോ? ഒന്നുകൂടി വിശദീകരിച്ചു പറയാം. പകല്‍ സമയത്ത് ലോകത്തിന് മുന്‍പില്‍ അഭിമാനിക്കാന്‍ സുന്ദരിയായ ഒരു ഭാര്യയും രാത്രിയില്‍ അവനൊഴിച്ച് മറ്റാരും കാണാത്തപ്പോള്‍ വിരൂപയും. അല്ലെങ്കില്‍, പകല്‍വെളിച്ചത്തില്‍ ഒരു ദുര്‍മന്ത്രവാദിനിയും രാത്രിയിലെ അവരുടെ സ്വകാര്യ നിമിഷങ്ങളില്‍ അതിസുന്ദരിയായ ഭാര്യയും. ഏതു വേണം?

ഇനി, ചോദ്യം ഇത് വായിച്ചുകൊണ്ടിരിക്കുന്നവരോടാണ്? നിങ്ങളാണ് ലാന്‍സ്ലോട്ടിന്റെ സ്ഥാനത്തെങ്കില്‍ ഏതു തിരഞ്ഞെടുക്കും?

കേള്‍ക്കട്ടെ നിങ്ങളുടെ തീരുമാനം.

അപ്പോള്‍ അതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക അല്ലേ? എന്നാല്‍ കേട്ടോളൂ. ലാന്‍സ്ലോട്ട് നിങ്ങളെപ്പോലെയല്ല. ആദ്യം അത്ര ബുദ്ധി ഇല്ലായിരുന്നെങ്കില്‍ കൂടി ഇപ്പോള്‍ മിടുക്കനായിട്ടുണ്ട്. (അത് പറയാന്‍ കാരണം, ആദ്യമേ ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ആര്‍തറിനെ കുഴപ്പിച്ച ചോദ്യത്തിന്റെ ഉത്തരം പറയുമായിരുന്നില്ലേ? എങ്കില്‍ പിന്നെ മന്ത്രവാദിനിയുടെ അടുത്ത് വരേണ്ട കാര്യം പോലുമില്ലായിരുന്നു.) 

മുന്‍പ് മന്ത്രവാദിനി 'യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നതെന്താണ്?' എന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരം നല്ല പോലെ ഓര്‍മ്മ ഉണ്ടായിരുന്ന ലാന്‍സ്ലോട്ട്, നിനക്ക് എന്താണ് വേണ്ടതെന്നു നീ സ്വയം തീരുമാനിച്ചുകൊള്ളാന്‍ പറയുകയും, അതിസന്തുഷ്ടയായി തീര്‍ന്ന മന്ത്രവാദിനി രാവും പകലും സുന്ദരിയായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാണ് കഥ.

കഥ ഇവിടെ തീരുന്നു. അപ്പോള്‍ പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍, അവളുടെ ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കാണെന്നാണ്. അനാവശ്യമായി സ്വന്തം തീരുമാനങ്ങള്‍ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതെ അവളെ സ്വാതന്ത്ര്യത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ ഒന്ന് വിട്ടു നോക്കൂ. അപ്പോള്‍ കാണാം അവളുടെ ജീവിതം സുന്ദരമാകുന്നത്, ഒപ്പം അതിലൂടെ പങ്കാളിയുടെയും. ഇപ്പോള്‍ കാര്യം മൊത്തത്തില്‍ മനസ്സിലായല്ലോ അല്ലേ?

ഇതുമാത്രമല്ല. ഇനിയുമുണ്ട് ചില കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍. ഇത് പുരുഷന്മാര്‍ക്കുള്ള ചില ചെറിയ ടിപ്‌സ് ആണ്. അതൊക്കെ ഞങ്ങള്‍ക്ക് അറിയാം എന്നുള്ളവര്‍ വായിക്കേണ്ട. അല്ലാത്ത ആണുങ്ങള്‍, പ്രത്യേകിച്ച് ഭര്‍ത്താക്കന്മാര്‍ ഒന്ന് വായിച്ചോളൂ. (മുന്‍കൂര്‍ ജാമ്യം: എല്ലാ പുരുഷന്മാരും സ്ത്രീകളെ മനസ്സിലാക്കാന്‍ ഒരു കഴിവും ഇല്ലാത്തവരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കൂടുതലും ആ ഗണത്തില്‍ ആണെന്ന് മാത്രം. )

സത്യത്തില്‍ വജ്രങ്ങളോ മറ്റു വിലകൂടിയ സമ്മാനങ്ങളോ ആണോ ഒരു സ്ത്രീ ആഗ്രഹിക്കുന്നത്? അങ്ങനെയുള്ളവരുണ്ടാവും, പക്ഷെ ഭൂരിപക്ഷം ആ വിഭാഗത്തിനാവില്ല എന്ന് ഉറപ്പിച്ച് പറയാം. കുഞ്ഞു കുഞ്ഞു സന്തോഷങ്ങളാണ് പെണ്ണിന്റെ മനസ്സ് നിറയ്ക്കുന്നതെന്ന് ആണുങ്ങള്‍ക്ക് മനസ്സിലാവാന്‍ എന്താ ഇത്രയ്ക്കും ബുദ്ധിമുട്ട്? ഇനിയും മനസ്സിലാവാത്തവര്‍ക്കായി പറയാം..

ഒരു ചെറിയ പ്രശംസ ആഗ്രഹിക്കാത്തതായി ആരാണ് ഉള്ളത്? പെണ്ണും അങ്ങനെ തന്നെ. ഒരു ചിലവുമില്ലാത്ത കാര്യമല്ലേ? എന്തിനാ അതില്‍ പിശുക്ക് കാട്ടുന്നത്? ഇടയ്‌ക്കൊക്കെ അവളുടെ കഴിവുകളെ, അവളെ പറ്റി ഒക്കെ നല്ല വാക്കുകള്‍ പറയൂ.

അവളുടെ കൈകളിലെ നീല ഞരമ്പുകളില്‍ കൂടി ഒന്ന് വിരലോടിക്കൂ. എന്നിട്ടവളുടെ മുഖത്തേക്കൊന്നു നോക്കൂ... ആ മുഖം തെളിയുന്നത് കണ്ടോ? ഇപ്പോള്‍ പിടികിട്ടിയില്ലേ ഞാന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന്..

ആളുകള്‍ നിറഞ്ഞ ആ മുറിയില്‍, ഊണുമേശയുടെ മറുവശത്ത് നില്‍ക്കുന്ന അവളോട് ഒരു നിമിഷം കണ്ണുകള്‍ കൊണ്ട് ഒന്ന് പുഞ്ചിരിച്ചു നോക്കൂ. നിങ്ങള്‍ക്ക് തിരിച്ചു കിട്ടാന്‍ പോകുന്നത് എന്താണെന്ന് കാണാം.

എന്നും എപ്പോഴും എന്തിനും കൂടെയുണ്ടാവും എന്ന ഉറപ്പ് കൊടുക്കൂ. ആ വിശ്വാസം തരുന്ന ധൈര്യം, അത് ആണിന് മനസ്സിലാവില്ല. പിന്നെ, ഒരു കാര്യം പറയാനുള്ളത് എന്താണെന്നു വച്ചാല്‍, ഇപ്പൊ പറഞ്ഞത് വാക്കുകളില്‍ മാത്രം പോരാ, പ്രവൃത്തിയിലും വേണം.

സത്യസന്ധമായി ഇടപെടൂ. നുണ പറയുന്നവരെ സ്ത്രീകള്‍ ഒരിക്കലും ഇഷ്ടപ്പെടുകയില്ല. സത്യം പറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ കൂടും എന്നതൊക്കെ വെറും മിഥ്യധാരണകള്‍ മാത്രം. സാമ്പത്തിക, സാമൂഹിക, വൈകാരിക പ്രശ്‌നങ്ങളെല്ലാം മനസ്സിലാക്കാനുള്ള കഴിവ് പെണ്ണിനുണ്ട്.

അവളെ കേള്‍ക്കൂ. നല്ലൊരു കേള്‍വിക്കാരന്‍/ കേള്‍വിക്കാരി ആവുക എന്നത് ജീവിതത്തില്‍ വളരെ പ്രധാനം. സ്ത്രീകള്‍ക്ക് ആ കഴിവ് ജന്മനാ കിട്ടിയിട്ടുണ്ട്. പുരുഷന്മാര്‍ക്കും ഒന്ന് ശ്രമിച്ചാല്‍, അല്പം ക്ഷമ കാണിച്ചാല്‍, അത് സാധ്യമാക്കാവുന്നതേയുള്ളൂ. അല്ലാതെ അവള്‍ സംസാരിക്കുമ്പോള്‍ മൊബൈലിലോ പുസ്തകത്തിലോ ടിവിയിലോ നോക്കിയിരുന്നു വെറുതെ മൂളിയിട്ടു കാര്യമില്ല. 

ഒരു കൂട്ടം ആളുകള്‍ (നിങ്ങളുടെ ബന്ധുക്കള്‍ ആവാം, അല്ലായിരിക്കാം) അവളെ വാക്കുകള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍, അവള്‍ അത് അര്‍ഹിക്കുന്നില്ലെങ്കില്‍ ഉറപ്പായും അവള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് നിങ്ങള്‍ തന്നെയാണ്. അല്ലാതെ, രാത്രിയില്‍ 'പോട്ടെ സാരമില്ല, നിനക്കറിയാമല്ലോ ഞാന്‍ നിന്റെ കൂടെയാണെന്ന്. അവിടെ വച്ച് ഞാന്‍ നിനക്കു വേണ്ടി സംസാരിച്ചാല്‍ ഞാന്‍ ഒരു പെണ്‍കോന്തനാണെന്നു അവര്‍ കരുതില്ലേ?' എന്നൊക്കെ പറയുന്നവരോട് പെണ്ണിന് പുച്ഛം മാത്രമേ തോന്നൂ. അതായത്, പറയേണ്ടത് പറയേണ്ട സമയത്ത് സ്ഥലത്ത് നട്ടെല്ല് വളയ്ക്കാതെ പറയണം എന്ന് സാരം.

ഇനി ഈ കുറിപ്പ് വായിച്ചിട്ടും പിടികിട്ടാത്തവര്‍ക്കായി:

അവളുടെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവളെ അനുവദിക്കൂ.. ഏതു വസ്ത്രം ധരിക്കണം എന്ന് സ്വയം തീരുമാനിക്കാന്‍, ജോലിക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍, സ്വന്തം വീട്ടില്‍ ഇഷ്ടമുള്ളപ്പോള്‍ ആരുടേയും അനുവാദം ചോദിക്കാതെ പോകാന്‍, കൂട്ടുകാരികളെ കാണാന്‍, യാത്ര പോകാന്‍, ഇഷ്ട ഭക്ഷണം കഴിക്കാന്‍ എല്ലാം. ഒന്നുമില്ലെങ്കിലും 18 വയസ്സ് കഴിഞ്ഞ പ്രായപൂര്‍ത്തിയായ വോട്ടവകാശമുള്ള ഒരു സ്ത്രീയെ അല്ലെ നിങ്ങള്‍ കല്യാണം കഴിച്ചത്? അപ്പോള്‍ ഈ 'പ്രായപൂര്‍ത്തിയായ' വ്യക്തിക്ക് സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവുമുണ്ടാകും. ആ സ്വാതന്ത്ര്യം ഉണ്ടാവണം.

ഇനിയുമുണ്ട് പലതും. തത്കാലം, നമുക്ക് ഇവിടെ നിര്‍ത്താം. അല്ല, മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ തുടങ്ങാം. നിങ്ങളുടെ പങ്കാളി സന്തുഷ്ടയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും എന്നതില്‍ സംശയം വേണ്ട.

പിന്‍കുറിപ്പുകള്‍ : 

1. ഇനി, സ്ത്രീകള്‍ പുരുഷന്മാരെ മനസ്സിലാക്കുണ്ടോ? അങ്ങനെയും വേണ്ടതല്ലേ എന്നൊക്കെ പറയുന്നവരോട്. സ്ത്രീകള്‍ക്ക് മറ്റുള്ളവരെ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് കൂടുതലാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ അങ്ങനെ അല്ലാത്തവരും ഉണ്ടാവും. ഇല്ലെന്നു പറയുന്നില്ല. നമുക്ക് 'ഭൂരിപക്ഷം' എന്നതില്‍ പിടിച്ച് മുന്നോട്ടു പോകാം. 

2. പിന്നെ ആണുങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണ് എന്നതിനെ പറ്റി എന്തുകൊണ്ട് എഴുതിയല്ല എന്ന് ചോദിക്കുന്നവരോട്. ഞാനിപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതി. നിങ്ങള്‍ ആരെങ്കിലും 'ആണുങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണ്' എന്ന് എഴുതൂ. നമുക്ക് വായിച്ച് ചര്‍ച്ച ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios