വിവാഹിതരാവാൻ പോവുന്ന എന്‍റെ പെണ്മക്കളേ... നിങ്ങളോട്,
നിങ്ങളെ രാജകുമാരിയാക്കാൻ ഒരാൾ വരും എന്ന് സ്വപ്നം കാണാതെ, നാളത്തെ സ്വപ്നങ്ങളിലേക്ക് നിങ്ങളുടെ ചായക്കൂട്ടുകളെ മാറ്റിവെക്കാതെ, ഇന്നുകളിൽ വർണ്ണം വിതറുക. ചിന്തകൾക്കൊപ്പം കണ്ണുകളും ഹൃദയവും തിളങ്ങട്ടെ....ഷാഫിയ ഷംസുദീൻ എഴുതുന്നു.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
നിങ്ങൾ മറ്റെല്ലാവരെക്കാളും നിങ്ങളെ സ്നേഹിക്കുക. നിങ്ങളെ സ്നേഹിക്കാൻ നിങ്ങളെ പോലെ മറ്റൊരാൾ ഇല്ല എന്ന് നിങ്ങൾ ഉറപ്പിക്കുക. അങ്ങനെയൊരാൾ ഇനി വരാൻ പോവുന്നില്ലെന്നും നിങ്ങൾ വിശ്വസിക്കുക.
ഇനിയൊരാൾ വന്നെങ്കിൽ തന്നെ ആ സ്നേഹത്തെ സ്വീകരിച്ച് ഇരട്ടിയായി നിങ്ങൾ തിരിച്ചു കൊടുക്കുമ്പോഴും, നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കുക.
നിങ്ങളെ നിങ്ങൾ മറ്റാർക്കും തീറെഴുതി കൊടുക്കാതിരിക്കുക.
സ്വയം മറന്ന് നിങ്ങൾ ആരെയും സ്നേഹിക്കാതിരിക്കുക.
കാരണം ഒരിക്കൽ നിങ്ങളുടെ സ്നേഹം അവർക്ക് അരോചകമാവുമ്പോൾ,
തന്ന സ്നേഹങ്ങൾ അവർ തിരിച്ചെടുത്ത് തുടങ്ങും. അന്നേരം നിങ്ങൾ തകർന്നു പോവാനിടയുണ്ട്.
'ഒരു പെണ്ണിന്‍റെ ജീവിതം അതോടെ തീർന്നു" എന്ന വിഡ്ഢിത്തത്തിനപ്പുറം, 'ഇനിയിവിടന്നുള്ളതാണ് എന്‍റെ ജീവിതം' എന്ന് നിങ്ങൾ നിങ്ങളോട് തന്നെ അപ്പോൾ ഉറക്കെയുറക്കെ പറയുക.
അതിനായി വേറെ ആരെക്കാളും നിങ്ങളെ സ്നേഹിക്കുന്ന നിങ്ങൾ തന്നെ ഉണ്ടാവണം നിങ്ങളുടെ മനസ്സിന് ധൈര്യം നൽകി കൂടെ നിൽക്കാൻ.
എന്നിട്ട്, നിങ്ങൾക്ക് ജീവിക്കാൻ ഊർജ്ജം നൽകി, മനസിനെ പുതിയ സന്തോഷങ്ങളിലേക്ക് ചാല് കീറി വിട്ട്, നിങ്ങൾ മതിയാവോളം നിങ്ങളെ സ്നേഹിച്ച് ജീവിതം ആസ്വദിക്കണം.
ആ ജീവിതത്തിന് പണം നിങ്ങൾക്കൊരു തടസമാവരുത്. അതുകൊണ്ട് തന്നെ നിങ്ങൾ മറ്റൊരാളെ സ്നേഹിച്ചു തുടങ്ങും മുൻപേ സ്വന്തമായൊരു വരുമാനമാർഗത്തെ സ്നേഹിക്കണം. അത് നേടാനുള്ള പ്രാപ്‌തിയുണ്ടാക്കണം.
നിങ്ങളെ ചൂഷണം ചെയ്യുന്നവർക്ക് മുൻപിൽ നിങ്ങൾ നിന്നു കൊടുക്കാതിരിക്കുക. നിങ്ങളുടെ വരുമാനത്തെ, ആരോഗ്യത്തെ, സ്നേഹത്തെയൊക്കെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് കരുതലോടിരിക്കുക.
നിങ്ങളുടെ അച്ഛനും അമ്മയും, അവരെന്നും നിങ്ങളുടേത് തന്നെയാണ്. നിങ്ങൾ മറ്റൊരാളുടെ വധു ആകുന്നതോടെ അതൊന്നും ഇല്ലാതാവുന്നില്ല. നിങ്ങളുടെ വീടും സഹോദരങ്ങളും ബന്ധുക്കളും നിങ്ങളുടേത് തന്നെയാണ്. നിങ്ങൾ ഭാര്യയായാലും അമ്മയായാലും അമ്മൂമ്മയായാലും അതൊക്കെ എന്നും നിങ്ങളുടേത് തന്നെയാണ്. അങ്ങനെയല്ലേ? അങ്ങനെയല്ലേ ആവേണ്ടത്?
"കെട്ടിച്ചു വിട്ടാൽ ഇവിടത്തെ ബന്ധം കഴിഞ്ഞു. പിന്നെ അവന്‍റെ വീടാണ് നിന്‍റെ വീട്. അതാണ് നിന്‍റെ കുടുംബം.." എന്ന് ഉപദേശിച്ചു വിടുന്ന നിങ്ങളുടെ വീട്ടുകാർ പറയുന്നത് നിങ്ങൾ കാര്യമാക്കണ്ട. നിങ്ങൾ നാടും വീടും മറന്ന് ഭർത്താവിനെയും വീട്ടുകാരെയും സേവിക്കുന്ന, സ്നേഹിക്കുന്ന നല്ല മകളാണെന്ന സൽപേരിനാൽ ഉന്മത്തരാകാൻ കൊതിക്കുന്നവരാണ് അവർ.
"ഇനി ഇതാണ് മോളെ നിന്‍റെ വീട്, ഞങ്ങൾ ആണ് നിന്‍റെ അച്ഛനും അമ്മയും" എന്ന് പറയുന്നവരെയും അപ്പാടെ വിശ്വസിക്കണ്ട. സാന്ദർഭികമായി പലരും പലതും പറയുമെന്ന് അപ്പോൾ ഓർത്താൽ മതി.
'നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനുവചനവും കേട്ട് നിങ്ങളെ എല്ലാ കാലത്തും സംരക്ഷിക്കാൻ ഓരോരുത്തരും ഉണ്ട് എന്ന വ്യാമോഹത്തിൽ നിങ്ങൾ അലസരാവണ്ട.
സംരക്ഷിക്കുന്നവർ സംരക്ഷിക്കട്ടെ. നിങ്ങൾ എതിര് നിൽക്കണ്ട. സംരക്ഷിക്കപ്പെടുമ്പോൾ നിങ്ങൾ നിന്നു കൊടുക്കുക, അതാസ്വദിക്കുക. അവർക്കു സംരക്ഷിച്ചു മതിയാവുമ്പോൾ നിങ്ങൾ തന്നെ നിങ്ങളെ സംരക്ഷിക്കുവാൻ തയ്യാറാവുക.
കാരണം "പിതാ രക്ഷതി കൗമാരേ" എന്ന് പറയുമ്പോൾ പിതാവിന് പുത്രികളെ മാത്രമല്ല പുത്രന്മാരെയും സംരക്ഷിക്കേണ്ടതുണ്ടല്ലോ.
"ഭർത്താ രക്ഷതി യൗവനേ" എന്നാകിലും ഭർത്താവ് ഇടയ്ക്കിടെ പറയുന്ന ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടാവും, "എനിക്ക് നിന്നെ മാത്രം സംരക്ഷിച്ചാൽ പോര, എന്‍റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും സംരക്ഷിക്കാൻ ഉള്ളതാണ്" പുള്ളിക്കാരൻ ഫ്രീ അല്ല എന്ന് ഓർക്കുക.
പിന്നെ "പുത്രോ രക്ഷതി വാർദ്ധക്യേ" അപ്പോ പുത്രൻ പറയും, "എനിക്കു മാത്രം ഇതു വലിയ നിർബന്ധമൊന്നുമില്ല, എന്നെപ്പോലെ വേറെയും പുത്രന്മാർ / പുത്രിമാർ ഉണ്ടല്ലോ? അവർക്ക് സംരക്ഷിച്ചാലെന്താ?"
ചുരുക്കി പറഞ്ഞാൽ ആരും നിങ്ങളെ വേണമെന്ന് വെച്ച് സംരക്ഷിക്കുന്നതല്ല എന്നോർക്കുക. ഔദാര്യമായി തരുന്ന സംരക്ഷണമാണ്. അല്ലെങ്കിൽ "എന്താ ചെയ്യാ? സംരക്ഷിക്കാതിരിക്കാൻ ആവില്ലല്ലോ?" എന്ന മനോഭാവത്തോടെ ചെയ്യുന്നതാണ്.
അതുകൊണ്ടൊക്കെത്തന്നെ ഞാൻ ആവർത്തിക്കുന്നു, നിങ്ങൾ നിങ്ങളെ സ്നേഹിക്കുക. നിങ്ങൾ മറ്റുള്ളർക്ക് വേണ്ടി ജീവിക്കാൻ തയ്യാറെടുക്കുമ്പോഴും ആ ജീവിതത്തിൽ നിങ്ങൾ നിങ്ങൾക്ക് തന്നെ മുൻഗണന നൽകുക.
അതിനോടൊപ്പം തന്നെ മറ്റു ചില കാര്യങ്ങൾ കൂടി പറയുന്നു. മറ്റുള്ളവരുടെ ജീവിതവും സന്തോഷങ്ങളും നഷ്ടപ്പെടുത്താൻ നിങ്ങൾ ഒരു കാരണമാവാതിരിക്കുക.
സ്നേഹത്തിന് വേണ്ടി കെഞ്ചിയും യാചിച്ചും തർക്കിച്ചും നിങ്ങൾ മറ്റുള്ളവരുടെ ജീവിത സമാധാനം നഷ്ടപ്പെടുത്താതിരിക്കുക. ആരുടെ ജീവിതത്തിലും നിങ്ങൾ ശല്യം ആവാതിരിക്കുക. സ്നേഹിക്കുന്നവരെ നിങ്ങൾ വെറുപ്പിക്കാതിരിക്കുക. നിങ്ങളുടെ സ്നേഹം ഒരിക്കലും സ്വാർത്ഥത നിറഞ്ഞതാവാതിരിക്കുക.
ഭരിക്കാതെയും ഭരിക്കപ്പെടാതെയും, പരസ്പരം ബഹുമാനിക്കാൻ പഠിക്കുക.
ആർക്കും കീഴടങ്ങാതെയും അടിമപ്പെടാതെയും ജീവിക്കുക എന്നതുപോലെ തന്നെ പ്രാധാന്യമാണ് ആരെയും കീഴടക്കി വയ്ക്കാതെയും അടിമപ്പെടുത്താതെയും ജീവിക്കുക എന്നുള്ളത്.
സ്നേഹം നിഷേധിക്കപ്പെടുമ്പോഴുള്ള നിങ്ങളുടെ വേദന നിങ്ങളെ നിത്യരോഗി ആക്കരുത്. മറ്റൊരാളുടെ സ്നേഹത്തിന് വേണ്ടി കെഞ്ചി കെഞ്ചി നിങ്ങൾ സ്വന്തം ജീവിതം അവസാനിപ്പിക്കുമ്പോൾ എല്ലാവർക്കും മുൻപിൽ നിങ്ങൾ ചെറുതായി ചെറുതായി ആ മരണം പോലും നിസാരവൽക്കരിക്കപ്പെടുന്നത് നിങ്ങൾ അറിയുന്നുണ്ടാവില്ല... അതുകൊണ്ടൊക്കെ തന്നെ ജീവിക്കുക, ആർക്കും വേണ്ട എങ്കിലും നിങ്ങൾക്ക് നിങ്ങളെ വേണം എന്ന വീണ്ടുവിചാരത്തോടെ...
നിങ്ങളെ രാജകുമാരിയാക്കാൻ ഒരാൾ വരും എന്ന് സ്വപ്നം കാണാതെ, നാളത്തെ സ്വപ്നങ്ങളിലേക്ക് നിങ്ങളുടെ ചായക്കൂട്ടുകളെ മാറ്റിവെക്കാതെ,
ഇന്നുകളിൽ വർണ്ണം വിതറുക. ചിന്തകൾക്കൊപ്പം കണ്ണുകളും ഹൃദയവും തിളങ്ങട്ടെ.