Opinion: 'അവളെന്തിന് സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്യുന്നു,' എന്ന് കമന്റിടുന്ന എഫ് ബി വേട്ടക്കാര്‍ അറിയാന്‍...

എനിക്കും ചിലത് പറയാനുണ്ട്. പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒരു ഇരക്ക് ജീവിക്കുകയെന്നത് ഇന്നും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വന്തം വീട്ടുകാര്‍ മുതല്‍ സമൂഹമാധ്യമങ്ങളുടെ ഇരുവശത്തുമുള്ള ആളുകള്‍ വരെ ഇത്തരം ആളുകളെ വേട്ടയാടാനിറങ്ങും. സുമേഷ് എം എഴുതുന്നു 

Speak up  Sumesh M on how social media mob insult rape victims

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

Speak up  Sumesh M on how social media mob insult rape victims

Read more : ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

 

ലൈംഗിക അതിക്രമം നേരിട്ട ഒരു സ്ത്രീക്ക് ഒപ്പം നില്‍ക്കുകയെന്നത് മനുഷ്യത്വമാണ്. ഇര എന്ന പേരില്‍ അറിയപ്പെടാനല്ല മറിച്ച് അതിനെ അതിജീവിച്ചവള്‍ എന്നറിയപ്പെടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. സമൂഹം തനിക്കൊപ്പം ഏതു പരിതസ്ഥിതിയിലും നില്‍ക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ നമ്മുടെ സമൂഹം ഇരയ്‌ക്കൊപ്പം നില്‍ക്കാറുണ്ടോ? അതുപോട്ടെ, നിങ്ങള്‍ നില്‍ക്കാറുണ്ടോ?

ഒരു ലൈംഗികാതിക്രമം നടന്നാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയെകൂടി പരിഗണിച്ചാവും പലരും അവരുടെ നിലപാടുകള്‍ വ്യക്തമാക്കാറുള്ളത്. സമൂഹത്തില്‍ വലിയ പദവിയിലിരിക്കുന്ന വ്യക്തികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഈ രീതിയാണ് പിന്തുടരുന്നത്.

പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒരു ഇരക്ക് ജീവിക്കുകയെന്നത് ഇന്നും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വന്തം വീട്ടുകാര്‍ മുതല്‍ സമൂഹമാധ്യമങ്ങളുടെ ഇരുവശത്തുമുള്ള ആളുകള്‍ വരെ ഇത്തരം ആളുകളെ വേട്ടയാടാനിറങ്ങും. 

Victim blaming എന്ന വാക്ക് നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും. ഒരിക്കലെങ്കിലും അതിനെ അഭിമുഖീകരിക്കേണ്ട സാഹചര്യം നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ?

ഒരാള്‍ക്ക് മറ്റുള്ളവരാല്‍ അനുഭവിക്കേണ്ടിവന്ന അതിക്രമം അവരുടെതന്നെ പ്രവൃത്തിയുടെ ഫലമാണെന്ന് പറഞ്ഞ് അവര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെ വിലകുറച്ച് കണ്ട് പരോക്ഷമായി അക്രമിയുടെ പക്ഷത്തുനില്‍ക്കുന്നതിനെയാണ് victim blaming എന്നുപറയുന്നത്.

ഒരു ഇര തനിക്ക് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് സമൂഹത്തോട് തുറന്നുപറയുന്ന സാഹചര്യം ഉണ്ടായാല്‍ തല്‍ക്ഷണം അവള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടത്. അതിനുപകരം നിരവധി ചോദ്യങ്ങളും കളിയാക്കലുകളുമായി സാക്ഷര സമൂഹമെന്ന് അനുമാനിക്കുന്ന നാം അവളെ അപമാനിക്കുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്.

ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ വിടാതെ പിന്നെയും പിന്നെയും കുത്തിനോവിക്കുന്നതുപോലെ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പറയുകയാണ് നമ്മളില്‍ പലരും. മുന്നോട്ട് ജീവിക്കാന്‍ ഊര്‍ജ്ജം നല്‍കുന്നതിനുപകരം അവളെ /അവനെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയാണ്. പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്നവര്‍ നിയമവഴിയിലൂടെ അവരെ തളര്‍ത്തുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റുചിലര്‍ 'സോഷ്യല്‍ മീഡിയ'യിലൂടെ അവരെ അപമാനിക്കുന്നു. വീണ്ടും വീണ്ടും ക്രൂശിക്കപ്പെടേണ്ട അവസ്ഥയിലേക്ക് ഇരകള്‍ പതിക്കുന്നു. 

ദില്ലിയില്‍ 'നിര്‍ഭയ' കൊല്ലപ്പെട്ടപ്പോള്‍, ആ ക്രൂരത ചെയ്തവരെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണം എന്ന് ആ്‌വശ്യപ്പെടുന്നതിനേക്കാള്‍ 'അവളെന്തിന് അസമയത്ത് പുറത്തിറങ്ങി ' എന്നറിയാനുള്ള തിടുക്കമായിരുന്നു ജനങ്ങള്‍ക്ക്. രാത്രി പുറത്തിറങ്ങിയതുകാരണമാണ് അവള്‍ പീഡിപ്പിക്കപ്പെട്ടതെന്നും അതിനാല്‍ അവളത് അര്‍ഹിക്കുന്നു എന്നും വരെ ആളുകള്‍ പറഞ്ഞു. 

അതുപോലെ ഈയടുത്ത് ടാറ്റൂ സ്റ്റുഡിയോയില്‍ നടന്ന പീഡനവാര്‍ത്ത കേട്ട മലയാളികള്‍ 'അവളെന്തിന് സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യാന്‍ പോയി, സ്വകാര്യ ഭാഗത്താണ് ടാറ്റൂ കുത്താന്‍ വന്നത്, വന്ന ആള്‍ പോണ്‍ ആര്‍ട്ടിസ്റ്റാണ്, മാര്‍ക്കറ്റിങ്ങ് ആണ് ലക്ഷ്യം എന്നിങ്ങനെ ഇരയെ വീണ്ടും മുറിവേല്‍പ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ പരക്കെ കണ്ടതാണ്. 

നോക്കൂ, ഇന്ന് ഇന്ത്യയില്‍ സ്വതന്ത്രമായി ഒരു സ്ത്രീക്ക് രാത്രി യാത്രചെയ്യാന്‍ കഴിയില്ല. നീട്ടിയടിയ്ക്കുന്ന ചൂളം വിളികള്‍ക്കും, തുറിച്ചുനോട്ടങ്ങള്‍ക്കും ഇടയിലൂടെ വേണം അവള്‍ക്ക് നടക്കാന്‍. ഒറ്റക്ക് നടന്നാല്‍ മറ്റുള്ളവരെ കെണിയില്‍ വീഴ്ത്താനാണെന്നു പറയും. ആണ്‍ സുഹൃത്തുക്കളുടെ കൂടെ നടന്നാല്‍ അവള്‍ കുടുംബത്തിന് അപമാനമാണെന്നു പറയും. എന്നിട്ടോ അതേ ആളുകള്‍ ആളുകള്‍ തക്കം കിട്ടിയാല്‍ അവളുടെ ജീവിതത്തിന് വിലയിടുകയും മറ്റുള്ളവരുടെ മുന്നില്‍ അവരെ നാണം കെടുത്തുകയും ചെയ്യുന്നു.

വൈകുന്നേരത്തിന് ശേഷം പുറത്തിറങ്ങാതെ, ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കാതെ, പരിചയമില്ലാത്തവരോട് സംസാരിക്കാതെ, പ്രണയിക്കാതെ എന്തിനേറെ പറയുന്നു സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഫോട്ടോകള്‍ ഇടാന്‍ പോലും കഴിയാതെ നാലുചുവരുകള്‍ക്കുള്ളില്‍ അടിമയെപ്പോലെ ജീവിക്കേണ്ടിവരുന്ന മനുഷ്യ ജന്മങ്ങളാണ് സ്ത്രീകള്‍. എന്നിട്ടും അവരില്‍ പലരും ലൈംഗികമായി തന്നെ പീഡിപ്പിക്കപ്പെടുന്നുണ്ട്. പലപ്പോഴും ഉറ്റവരോ ബന്ധുക്കളോ ആവാം അതിനു പിന്നില്‍. ഗാര്‍ഹിക ലൈംഗികാതിക്രമങ്ങള്‍ അത്രയ്ക്ക് സാധാരണമായി കഴിഞ്ഞു. 

മുന്‍ കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ സമൂഹത്തില്‍ മുന്‍പന്തിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിലും സ്വയം പര്യാപ്തതയിലും അവര്‍ വ്യക്തമായ മുന്നേറ്റം നടത്തുന്നു. അതിന്റെ കൂടെ ഭാഗമായാണ് തങ്ങള്‍ക്ക് നേരിട്ട പല അതിക്രമങ്ങളും മീറ്റൂ പോലുള്ള മുന്നേറ്റങ്ങളുടെ ഭാഗമായി അവര്‍  തുറന്നുപറയുന്നത്. ഇരകള്‍ ആ നോവ് അനുഭവിച്ച് ഒറ്റപ്പെട്ട് ജീവിക്കാന്‍ താത്പര്യപ്പെടുന്നില്ല. അവര്‍ക്ക് നാം ഓരോരുത്തരുടെയും പിന്തുണ വളരെ വിലപ്പെട്ടതാണ്. 

ഓരോ വ്യക്തികളുടെയും ജീവിത സാഹചര്യങ്ങള്‍ വേറെയാണ്. പ്രത്യേകിച്ച് പുരുഷാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന സ്ത്രീകളുടേത്. ഒരാള്‍ക്ക് റേപ്പ് നേരിട്ടതുകൊണ്ട് അത് അവര്‍ക്ക് പെട്ടന്ന് പറയാന്‍ പറ്റിയെന്ന് വരില്ല. അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍, ജീവിത സാഹചര്യങ്ങള്‍, സാമൂഹിക നിലപാടുകള്‍, 

എന്നിങ്ങനെ പലതും അതിനെ ആശ്രയിച്ചിരിക്കുന്നു. പലരും താന്‍ ഇങ്ങനെ അതിക്രമത്തിന് ഇരയായെന്നുപോലും മനസ്സിലാക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലാവില്ല. അതുകൊണ്ട് തന്നെ 'എന്തുകൊണ്ട് അവര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് 'മീടൂ' ആരോപണവുമായി വരുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല.

ഇനിയെങ്കിലും ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെ കുറച്ചുകാണാതിരിക്കൂ. അവരുടെ വേഷവും ജീവിതവും തേടിപ്പോകുന്നതിനുമുന്‍പ് ഒരു നിമിഷം ചിന്തിച്ചു നോക്കൂ. ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും പുരുഷന്മാര്‍ തയ്യാറാവട്ടെ.  അത് അവര്‍ക്ക് പോരാടാനും തുടര്‍ന്ന് ജീവിക്കാനുമുള്ള കരുത്ത് പകരുമെന്നത് തീര്‍ച്ചയാണ്. ഞാനടക്കമുള്ള പുരുഷസമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ് മാറേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios